സരസ്വതീവിജയം
മലയാളത്തിലെ ആദ്യകാലനോവലുകളിൽ ഒന്നാണ് പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതീവിജയം. 1892 ജനുവരി 1-നാണ് ഇത് പ്രസിദ്ധീകരിച്ചത്. ജാതിനിർണ്ണയത്തിന്റെ ക്രൂരതകൾ എടുത്തുകാട്ടാനും അധസ്ഥിതവിഭാഗങ്ങളെ ആധുനികവിദ്യാഭ്യാസത്തിലൂടെ ഉദ്ധരിക്കാനും വേണ്ടിയാണ് അദ്ദേഹം ഈ നോവൽ എഴുതിയത്.
ഇതിവൃത്തം
[തിരുത്തുക]യാഥാസ്ഥിതികനും അതിസമ്പന്നനുമായ കനശേഖരയില്ലത്ത് കുബേരൻ നമ്പൂതിരി പാടത്തുനിന്ന് ശ്രുതിമധുരമായ ഗാനം കേട്ട് ആകൃഷ്ടനാകുകയും ഗായകനെ അന്വേഷിക്കാൻ കാര്യസ്ഥനായ രാമൻകുട്ടി നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. തന്റെ പറമ്പിലെ കുടികിടപ്പുകാരനായ മരത്തൻ എന്ന പുലയക്കുട്ടിയാണ് പാടിയതെന്നറിയുന്ന നമ്പൂതിരി കോപാന്ധനാകുന്നു. മരത്തനെ ചവിട്ടി ബോധംകെടുത്തിയ നമ്പ്യാരെ മനുസ്മൃതിയും രാമായണത്തിലെ ശംബൂകവധവും ഉദ്ധരിച്ച് അയാൾ പ്രശംസിക്കുകയും പാരിതോഷികം നൽകുകയും ചെയ്യുന്നു. മരത്തനെ ചവിട്ടിയിട്ടിടത്ത് ഒരു അജ്ഞാതജഡം കാണപ്പെട്ടതോടെ അത് മരത്തനാണെന്ന് ഉറയ്ക്കുകയും ആ പ്രദേശത്തെ മുസ്ലീങ്ങൾ അംശം അധികാരിക്ക് പരാതിനൽകുകയും ചെയ്യുന്നു. കുബേരൻ നമ്പൂതിരി ഇടപെട്ട് ആ പരാതി തമസ്കരിച്ചെങ്കിലും അവർ അഞ്ചരക്കണ്ടിയിലെ ജോസഫ് സായിപ്പു വഴി പരാതി സബ് ഇൻസ്പെക്ടർക്കും മജിസ്ത്രേട്ടിനും എത്തിക്കുന്നു. രാമൻകുട്ടി നമ്പ്യാർ 15 വർഷത്തെ തടവിന് വിധിക്കപ്പെടുകയും നമ്പൂതിരി വിശ്വസ്തഭൃത്യനായ കുപ്പൻ പട്ടരോടൊപ്പം ഒളിവിൽപ്പോവുകയും ചെയ്യുന്നു.
നമ്പൂതിരി ഒളിവിലായതോടെ ശത്രുവായ ഭവശർമ്മൻ നമ്പൂതിരി നമ്പൂതിരിയുടെ മകൾ സുഭദ്രയ്ക്ക് ജാരസംസർഗ്ഗമുണ്ടെന്ന് അപവാദം പരത്തുകയും കുമ്പയെന്ന വാല്യക്കാരിയുടെ മൊഴിയോടെ സ്മാർത്തവിചാരം നടത്തി അവളെ ഭ്രഷ്ടയാക്കുകയും ചെയ്യുന്നു. സുഭദ്രയെയും മക്കളെയും ബാസൽ മിഷൻകാർ കൂട്ടിക്കൊണ്ടുപോയി വിദ്യാഭ്യാസം നൽകി, സുഭദ്രയെ ഒരു വിദ്യാലയത്തിലെ ഉപാദ്ധ്യാപികയാക്കുന്നു. ബ്രാഹ്മണേതരസാഹചര്യങ്ങളിൽ പതിനഞ്ചുവർഷം ഒളിവിൽ കഴിഞ്ഞ കുബേരൻ നമ്പൂതിരി കാശിയിൽവെച്ച് അറസ്റ്റുചെയ്യപ്പെട്ട് തലശ്ശേരി സെഷൻ കോടതിയിൽ വിചാരണയ്ക്കു വിധേയനാകുന്നു. യേശുദാസൻ എന്ന ജഡ്ജിയാണ് നമ്പൂതിരിയെ വിചാരണ ചെയ്യുന്നത്. ഈ യേശുദാസൻ പഴയ മരത്തനായിരുന്നു. നാടുവിട്ട ശേഷം കോഴിക്കോട്ടുള്ള ഒരു പാതിരിയുടെ സഹായത്തോടെ ബീ.ഏ ജയിച്ച് പല ഉദ്യോഗങ്ങളിലിരുന്ന് ആ പദവിയിലെത്തിയതാണ്. സുഭദ്രയുടെ മകൾ സരസ്വതിയെ മരത്തൻ വിവാഹംകഴിക്കുകയും ചെയ്തിരുന്നു. കൊലക്കേസിന്റെ വിചാരണയിൽ യേശുദാസൻ നമ്പൂതിരിയെ മോചിപ്പിക്കുകയും രാമൻകുട്ടിയെ വിട്ടയയ്ക്കുകയും ചെയ്യുന്നു. സുഭദ്രയുടെ ഭർത്താവ് യജ്ഞൻ നമ്പൂതിരിക്ക് അവളെ തിരിച്ചുകിട്ടുന്നു; അയാൾ ക്രിസ്തുമതം സ്വീകരിക്കുന്നു. ദുഷ്ടതകൾ മറന്ന് കുബേരൻ നമ്പൂതിരി മുതല്പേർ ജാതിവിദ്വേഷം വെടിഞ്ഞ് സസന്തോഷം ജീവിക്കുകയും യേശുദാസൻ സരസ്വതിക്കൊപ്പം മദിരാശിക്കു പോകുകയുമാണ് കഥാന്ത്യത്തിൽ.