Jump to content

സി.ജെ. ഡെന്നിസ്

Coordinates: 37°49′21″S 145°8′8″E / 37.82250°S 145.13556°E / -37.82250; 145.13556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ജെ. ഡെന്നിസ്
ജനനം
ക്ലാരൻസ് മൈക്കൽ ജെയിംസ് ഡെന്നിസ്

(1876-09-07)7 സെപ്റ്റംബർ 1876
മരണം22 ജൂൺ 1938(1938-06-22) (പ്രായം 61)
മെൽബൺ, വിക്ടോറിയ, ഓസ്‌ട്രേലിയ
Burial Placeബോക്സ് ഹിൽ സെമിത്തേരി
37°49′21″S 145°8′8″E / 37.82250°S 145.13556°E / -37.82250; 145.13556
തൊഴിൽഎഴുത്തുകാരൻ
അറിയപ്പെടുന്ന കൃതി
ദ സോങ്സ് ഓഫ് എ സെൻറിമെൻറൽ ബ്ലോക്ക്
മാതാപിതാക്ക(ൾ)ജെയിംസ് ഡെന്നിസ്
കേറ്റ് ഫ്രാൻസിസ് ഡെന്നിസ് (മുമ്പ്, ടോബൻ)
C. J. Dennis, taken during the 1890s.

ഓസ്ട്രേലിയൻ കവിയും പത്രപ്രവർത്തകനുമാണ് സി.ജെ. ഡെന്നിസ്. (പൂർണനാമം: ക്ലാരൻസ് മൈക്കേൽ ജയിംസ് ഡെന്നിസ് / 7 സെപ്റ്റംബർ 1876 - 22 ജൂൺ 1938).

ജീവിതരേഖ[തിരുത്തുക]

1876-ൽ ദക്ഷിണ ഓസ്ട്രേലിയയിലെ ഓബേണിൽ ജനിച്ചു. കുറച്ചുകാലം ഒരു വക്കീൽ ഗുമസ്തനായി ജോലി ചെയ്തശേഷം ആഡലെയ്ഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ക്രിട്ടിക് എന്ന വാരികയിൽ ചേർന്ന ഇദ്ദേഹം പില്ക്കാലത്ത് അതിന്റെ എഡിറ്ററായി. 1906-ൽ ഗാഡ് ഫ്ലൈ എന്ന ആനുകാലികം സ്വന്തമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1908-ൽ തടിവ്യാപാരകേന്ദ്രമായ ടൂലാംഗിയിലേക്കു പോയ ഡെന്നിസ് സാഹിത്യരചനയിൽ മുഴുകി.1913-ൽ ഡെന്നിസിന്റെ ആദ്യകവിതാസമാഹാരം പുറത്തുവന്നു- ബാക് ബ്ലോക് ബാലഡ്സ് ആൻഡ് അദർ വേഴ്സസ്. പ്രതീക്ഷയ്ക്കൊത്ത വിജയം കൈവരിക്കാനാകാതെ സിഡ്നിയിലെത്തിയ ഇദ്ദേഹം ലേബർ കാൾ എന്ന ആനുകാലികത്തിൽ കുറച്ചുകാലം ജോലിചെയ്തു.ബാക് ബ്ലോക് ബാലഡ്സിലെ 'ദ് സെന്റിമെന്റൽ ബ്ലോക്' എന്ന കവിതയുടെ കഥയെ വിപുലീകരിച്ച് ഒരു കവിതാപരമ്പര രചിക്കുക എന്ന ആശയം 1915-ൽ ഗ്രന്ഥരൂപം പ്രാപിച്ചതാണ് ദ് സോംഗ്സ് ഒഫ് എ സെന്റിമെന്റൽ ബ്ളോക്ക്. ബിൽ എന്ന യുവാവ് തന്റെ ഹൃദയം കവർന്ന ഡോറീനുമൊത്തു അനുരാഗസ്വർഗം പങ്കിടുന്ന കഥ വായനക്കാരെ ഹഠാദകർഷിക്കുകയും പ്രശസ്തിയും ഒപ്പം പണവും ഡെന്നിസിനെ തേടിയെത്തുകയും ചെയ്തു.

ബില്ലിന്റെ സുഹൃത്തായ ജിഞ്ചർ മിക്കിന്റെ സാഹസികകൃത്യങ്ങളെ വിഷയമാക്കി രചിച്ച ദ് മൂഡ്സ് ഒഫ് ജിഞ്ചർ മിക്ക് എന്ന കാവ്യം അടുത്ത വർഷം തന്നെ പ്രസിദ്ധീകരിക്കാൻ ഇതു പ്രചോദനം നൽകി. വിദേശരാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഓസ്ട്രേലിയൻ സൈനികരുടെ ഹരമായിത്തീർന്നു ജിഞ്ചർ മിക്ക്; പ്രസ്തുത കാവ്യത്തിന്റെ 'പോക്കറ്റ് പതിപ്പ്' അതിവേഗം വിറ്റഴിഞ്ഞു. 1917-ൽ ഡെന്നിസ് ഒലിവ് ഹെറനെ വിവാഹം കഴിച്ചു; തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒരു കൃതിയുടെ പ്രസിദ്ധീകരണത്തിനും ആ വർഷം സാക്ഷ്യം വഹിച്ചു-മേയർമാർ, കൗൺസിലർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെ പരിഹസിച്ചു കൊണ്ടുള്ള ദ് ഗ്ളഗ്സ് ഒഫ് ഗോഷ് എന്ന കൃതി. ബില്ലിന്റെയും ഡോറീന്റെയും കഥ ഡെന്നിസിനെ നിഴൽ പോലെ പിന്തുടർന്നു. ദ് സെന്റിമെന്റൽ ബ്ലോക്കിലെ കമിതാക്കളായ ബില്ലും ഡോറീനും ദാമ്പത്യത്തിലേക്കു കാലൂന്നുന്നതിനെ വിഷയമാക്കി രചിച്ച ഡോറീൻ എന്ന കാവ്യം 1917-ൽ പ്രകാശനം ചെയ്തു. ജിഞ്ചർ മിക്കിന്റെ സുഹൃത്തായ സ്മിത്തിന്റെ വീരസാഹസങ്ങളായിരുന്നു 1918-ലെ ഡിഗ്ഗർ സ്മിത്തിലെ പ്രതിപാദ്യം.ഓസ്ട്രേലിയയ്സ് (1908) എന്ന പ്രയാണഗീതം (marching song), ജിം ഒഫ് ദ് ഹിൽസ് (1919) എന്ന ആഖ്യാനകാവ്യം, കവിതകൾക്കു പുറമേ ചില ഗദ്യരചനകൾകൂടി ഉൾക്കൊള്ളുന്ന എ ബുക്ക് ഫോർ കിഡ്സ് (1921), ടൂലാംഗിയുടെ പ്രകൃതി സൗന്ദര്യം ആവാഹിക്കുന്ന ദ് സിംഗിംഗ് ഗാർഡൻ (1935) എന്നിവ ഡെന്നിസിന്റെ മറ്റു കൃതികളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു.

1922 മുതൽ മരണം വരെ മെൽബണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഹെറാൾഡിന്റെ 'സ്റ്റാഫ് കവി' ആയിരുന്നു ഡെന്നിസ്. 1938-ൽ 62-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. മരണശേഷം ഓസ്ട്രേലിയയുടെ ദേശീയ കവിയായി ഡെന്നിസ് വാഴ്ത്തപ്പെട്ടു. 'ഓസ്ട്രേലിയയുടെ റോബി ബേൺസ്' എന്നാണ് പ്രധാനമന്ത്രിയായ ജോസഫ് ലിയോൺസ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സി.ജെ. ഡെന്നിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.ജെ._ഡെന്നിസ്&oldid=4092389" എന്ന താളിൽനിന്ന് ശേഖരിച്ചത്