സുദീപ് കുമാർ
സുദീപ് കുമാർ | |
---|---|
ഒരു മലയാളചലച്ചിത്രപിന്നണിഗായകനാണ് സുദീപ് കുമാർ. 2011-ലെ മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[1]. 1998-ൽ താലോലം എന്ന ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പാടിയത്.
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ പുന്നപ്ര സ്വദേശിയായ സുദീപ് കുമാർ എഴുത്തുകാരനായ കൈനകരി സുരേന്ദ്രന്റേയും കെ.എം. രാജമ്മയുടേയും രണ്ട് ആൺമക്കളിൽ മൂത്തവനായി ജനിച്ചു. ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്ന സുദീപ് സ്‌കൂൾതലത്തിൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആലപ്പുഴ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ലളിതഗാനം, ശാസ്ത്രീയസംഗീതം, മിമിക്രി, മോണോആക്ട് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും ആ വർഷത്തെ കലാപ്രതിഭയാകുകയും ചെയ്തു. ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോളെജിലെ ഗായക സംഘത്തിലും പുറത്തുള്ള ചെറിയ ട്രൂപ്പുകളിലും ചലച്ചിത്രഗാനങ്ങൾ പാടിത്തുടങ്ങി. പ്രീഡിഗ്രി പരീക്ഷയ്ക്കു ശേഷം പ്രൊഫഷണൽ ഗാനമേള ട്രൂപ്പിൽ പ്രവേശിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഉൾപ്പെടെയുള്ള ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്നു.
തിരുവനന്തപുരം സചേതനയുടെ നാടകത്തിനു വേണ്ടി കലവൂർ ബാലൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനമാണ് സുദീപിന്റെ ശബ്ദത്തിൽ ആദ്യമായി റെക്കോർഡ് ചെയ്തത്. എസ്.ഡി. കോളേജിൽ തന്നെ ഡിഗ്രി വിദ്യാഭ്യാസം നടത്തിയ സുദീപ് വിദ്യാർഥി രാഷ്ട്രീയത്തിലും സജീവമായി പ്രവർത്തിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായി തിരഞ്ഞെടുക്കപ്പെട്ടു. ബി.എ. മലയാളം വിജയിച്ച ശേഷം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എൽ.എൽ.ബി. പഠനത്തിനായി പ്രവേശിച്ചു. ഈ സമയത്തും ഗാനമേള ട്രൂപ്പുകളിൽ സജീവമായിരുന്നു. അതോടൊപ്പം പി. ജയചന്ദ്രൻ, ഉണ്ണിമേനോൻ, എ.ജി. ശ്രീകുമാർ എന്നിവരുടെ ഭക്തിഗാന കാസറ്റുകൾക്ക് ട്രാക്ക് പാടിയിരുന്നു.
1998 ജനുവരി 6-ന് തിരുവനന്തപുരം എസ്.എസ്. സ്റ്റുഡിയോയിൽ ഒരു ലളിതഗാന കാസറ്റിനുവേണ്ടി ട്രാക്ക് പാടിയ അവസരത്തിൽ ജോണി സാഗരികയുടെ പ്രൊഡ്യൂസർ സുദീപിന്റെ ഗാനം കേൾക്കുകയും സംഗീതസംവിധായകർക്ക് പരിചയപ്പെടുത്തിക്കൊടുക്കാമെന്ന് വാക്കു നൽകുകയും ചെയ്തു. സുദീപിന്റെ ഗാനങ്ങൾ രവീന്ദ്രൻ മാസ്റ്ററേയും കൈതപ്രത്തേയും അദ്ദേഹം കേൾപ്പിച്ചു. ഒരു മാസത്തിനു ശേഷം ജോണി സാഗരിക സുദീപിനെ കൊച്ചിയിലേക്കു വിളിപ്പിക്കുകയും അവിടെ നിന്നും കോഴിക്കോട് എത്തി കൈതപ്രം രചനയും സംഗീതവും നൽകുന്ന താലോലം എന്ന ചിത്രത്തിൽ പാടാൻ അവസരം നൽകുകയും ചെയ്തു. താലോലത്തിൽ തേൻനിലാവിലെൻ എന്ന സി.ഡി. ഫില്ലർ ഗാനം സുദീപ് ആലപിച്ചു. തുടർന്നാണ് ദയ എന്ന ചിത്രത്തിന്റെ കാസറ്റിൽ ഫില്ലർ ഗാനം പാടാൻ അവസരം ലഭിച്ചത്. തുടർന്ന് രണ്ടു വർഷത്തോളം ഇത്തരത്തിലുള്ള ഗാനങ്ങൾ പാടാൻ അവസരങ്ങൾ തുടർച്ചയായി ലഭിച്ചു. ഇത് ഗാനമേളകളിൽ സുദീപിന്റെ പ്രതിഫലം ഉയർത്താൻ ഉപകരിച്ചിരുന്നു.[2]
1999-ൽ സുദീപ് സംഗീതസംവിധായകൻ ദേവരാജനെ വീട്ടിൽ സന്ദർശിച്ചു. പിന്നീട് അദ്ദേഹം അവിടെ നിത്യസന്ദർശകനായിരുന്നു. എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയ സുദീപ് ഒരു വർഷം വക്കീലായി പ്രാക്ടീസ് ചെയ്തു. ഈ സമയത്താണ് ചലച്ചിത്രസംവിധായകനായ വിനയനെ സുദീപ് പരിചയപ്പെടുന്നത്. അങ്ങനെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ പാടാൻ സുദീപിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അധരം സഖീ എന്ന ഗാനമാണ് സുദീപ് ആദ്യമായി പാടി ചലച്ചിത്രത്തിൽ വന്നത്. തുടർന്ന് വിനയന്റെ തന്നെ കാട്ടുചെമ്പക'ത്തിലും 'വെള്ളിനക്ഷത്ര'ത്തിലും സുദീപിന് അവസരങ്ങൾ ലഭിച്ചു. പിന്നീട് എം. ജയചന്ദ്രന്റെ സംഗീതസംവിധാനത്തിൽ നിരവധി ഗാനങ്ങൾ ജനപ്രിയമായി മാറി.
പാടിയ ചിത്രങ്ങൾ
[തിരുത്തുക]- താലോലം (1998)
- കന്മദം (1998)
- രക്തസാക്ഷികൾ സിന്ദാബാദ് (1998)
- ദയ (1998)
- ചിത്രശലഭം (1998)
- സൂര്യപുത്രൻ (1998)
- സ്നേഹം (1998)
- ആകാശഗംഗ (1999)
- ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ (2002)
- കാട്ടുചെമ്പകം (2002)
- മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും (2003)
- കളിയോടം (2003)
- വെള്ളിനക്ഷത്രം (2004)
- വെക്കേഷൻ (2005)
- നോട്ട്ബുക്ക് (2006)
- ബോസ് ഐ ലവ് യു (2006)
- കെ.കെ. റോഡ് (2006)
- നിവേദ്യം (2007)
- അന്തിപ്പൊൻവെട്ടം (2008)
- മാടമ്പി (2008)
- ഓർക്കുക വല്ലപ്പോഴും (2009)
- ബനാറസ് (2009)
- ഹെയ്ലസ (2009)
- മോസ് & ക്യാറ്റ് (2009)
- ഉത്തരാസ്വയംവരം (2009)
- കെമിസ്ട്രി (2009)
- തത്ത്വമസി (2009)
- പതിനൊന്നിൽ വ്യാഴം (2010)
- പ്രമാണി (2010)
- ശിക്കാർ (2010)
- ധീര (2011)
- ലിവിംഗ് ടുഗതർ (2011)
- ജനപ്രിയൻ (2011)
- അറബീം ഒട്ടകോം പി. മാധവൻ നായരും (2011)
- രതിനിർവ്വേദം (2011)
- നന്ദ്യാർവട്ടം (0000)
- ഇന്നാണ് ആ കല്യാണം (2011)
- വാദ്ധ്യാർ (2011)
- ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് (2012)
- കില്ലാടിരാമൻ (2011)
- വീണ്ടും കണ്ണൂർ (2011)
- തിരുവമ്പാടി തമ്പാൻ (2012)
അവലംബം
[തിരുത്തുക]- ↑ "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
- ↑ "ഒരു അഭിഭാഷകന്റെ സംഗീതയാത്ര". Archived from the original on 2012-06-17. Retrieved 2012-07-20.