Jump to content

സൂസൻ ഗ്ലാസ്പെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂസൻ ഗ്ലാസ്പെൽ
Susan Glaspell graduation portrait, 1894.
Susan Glaspell graduation portrait, 1894.
ജനനംസൂസൻ കീറ്റിംഗ് ഗ്ലാസ്പെൽ
(1876-07-01)ജൂലൈ 1, 1876
ഡാവൻപോർട്ട്, ഐയവ
മരണംജൂലൈ 28, 1948(1948-07-28) (പ്രായം 72)
പ്രോവിൻസ്‍ടൌൺ, മസാച്യുസെറ്റ്സ്
വിദ്യാഭ്യാസംഡാവൻപോർട്ട് ഹൈസ്ക്കൂൾ
പഠിച്ച വിദ്യാലയംഡ്രേക്ക് യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ
ശ്രദ്ധേയമായ രചന(കൾ)Alison's House
Trifles ("A Jury of Her Peers")
അവാർഡുകൾPulitzer Prize for Drama (1931)
പങ്കാളിGeorge Cram Cook (1913–24†)
companion, Norman Matson (1924–32)
കയ്യൊപ്പ്
ഗ്ലാസ്പെൽ ഉദ്ദേശം 1883 ൽ.
ഗ്ലാസ്പെലും ഭർത്താവ് ജോർജ്ജ് ക്രാം കുക്കും 1917 ൽ
യഥാർ‌ത്ഥ പ്രൊവിൻസ്ടൌൺ തീയേറ്റർ

സൂസൻ കീറ്റിംഗ് ഗ്ലാസ്പെൽ (ജീവിതകാലം: ജൂലൈ 1, 1876 - ജൂലൈ 28, 1948) ഒരു അമേരിക്കൻ നാടകകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തക, അഭിനേത്രി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. അവർ ഭർത്താവ് ജോർജ്ജ് ക്രാം കുക്കിനോടൊപ്പംചേർ‌ന്ന് ആദ്യത്തെ ആധുനിക അമേരിക്കൻ നാടക കമ്പനിയായ പ്രൊവിൻ‌ടൌൺ പ്ലേയേഴ്സ് സ്ഥാപിച്ചു.[1][2] ആദ്യം ചെറുകഥകളുടെപേരിൽ അറിയപ്പെട്ട (അമ്പത് കഥകൾ പ്രസിദ്ധീകരിച്ചു) ഗ്ലാസ്‌പെൽ ഒമ്പത് നോവലുകൾ, പതിനഞ്ച് നാടകങ്ങൾ, ഒരു ജീവചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്.[3] മിക്കപ്പോഴും അവളുടെ ജന്മദേശമായ മിഡ്‌വെസ്റ്റ് പശ്ചാത്തലമാക്കിയ ഈ അർദ്ധ-ആത്മകഥാപരമായ കഥകൾ സമകാലിക സാമൂഹിക പ്രശ്‌നങ്ങളായ ലിംഗഭേദം, ധാർമ്മികത, ഭിന്നാഭിപ്രായം എന്നിവയിലേയ്ക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നവയും അതേസമയം തത്ത്വചിന്താപരമായ നിലപാടുകൾ സ്വീകരിക്കുന്ന തീവ്രമായ, സഹാനുഭൂതി നിറഞ്ഞ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതായിരുന്നു. 1930-ലെ അവളുടെ നാടകമായ അലിസൺസ് ഹൌസ് നാടകത്തിനുള്ള പുലിറ്റ്‌സർ പുരസ്കാരം നേടിയിരുന്നു.[4]

ഗ്രീസിൽവച്ച് ഭർത്താവ് മരണമടഞ്ഞശേഷം കുട്ടികളോടൊപ്പം അവർ അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു മടങ്ങി. മഹാമാന്ദ്യത്തിനിടെ, അവർ ഷിക്കാഗോയിൽ വർക്ക്സ് പ്രോഗ്രസ് അഡ്മിനിസ്ട്രേഷനുവേണ്ടി ജോലി ചെയ്യുകയും അവിടെ ഫെഡറൽ തിയറ്റർ പ്രോജക്റ്റിന്റെ മിഡ്‌വെസ്റ്റ് ബ്യൂറോ ഡയറക്ടറുടെ ചുമതല നിർവ്വഹിക്കുകയും ചെയ്തു. ജീവിതകാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ എഴുത്തുകാരിയായിരുന്നെങ്കിലും മരണശേഷം ഗ്ലാസ്പെൽ രചിച്ച പുസ്തകങ്ങളോടുള്ള താൽപര്യം കുറയപ്പെടുകയും അവളുടെ അച്ചടിച്ച പുസ്തകങ്ങൾ ലഭ്യമല്ലാതാവുകയും ചെയ്തു. നാടകകൃത്ത് യൂജിൻ ഓ നീലിനെ കണ്ടെത്തിയതിന്റെ പേരിലും അവർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, സ്ത്രീകളുടെ സംഭാവനകളെ വിമർശനാത്മകമായി വിലയിരുത്തിയത് അവരുടെ സാഹിത്യജീവിതത്തോടുള്ള താൽപര്യം പുനരാരംഭിക്കുന്നതിനും പ്രശസ്തിയുടെ പുനരുജ്ജീവനത്തിനും കാരണമായി.[5] ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗ്ലാസ്‌പെലിനെ ഒരു മുൻ‌നിര ഫെമിനിസ്റ്റ് എഴുത്തുകാരിയായും അമേരിക്കയിലെ ആദ്യത്തെ ആധുനിക വനിതാ നാടകകൃത്തായും അംഗീകരിച്ചു.[6] അമേരിക്കൻ നാടകവേദിയിലെ ഏറ്റവും മികച്ച രചനകളിലൊന്നാണ് ട്രിഫിൽസ് (1916) എന്ന അവരുടെ ഏകാംഗനാടകം.[7]

ആദ്യകാലം

[തിരുത്തുക]

1876 ൽ ഐയവയിൽ പുല്ല് കൃഷിക്കാരനായ എൽമർ ഗ്ലാസ്പെലിന്റെയും പൊതുവിദ്യാലയത്തിലെ അദ്ധ്യാപികയായ പത്നി ആലീസ് കീറ്റിംഗിന്റെയും പുത്രിയായി സൂസൻ ഗ്ലാസ്പെൽ ജനിച്ചു. ഗ്ലാസ്പെലിന് റെയ്മണ്ട് എന്ന പേരിൽ ഒരു മൂത്ത സഹോദരനും ഫ്രാങ്ക് എന്ന പേരിൽ ഒരു ഇളയ സഹോദരനുമുണ്ടായിരുന്നു. ഐയവയിലെ ഡാവൻ‌പോർട്ടിന്റെ പടിഞ്ഞാറെ അറ്റത്തുള്ള മിസിസിപ്പി നദിയുടെ ചെങ്കുത്തായ പ്രദേശത്തിനു തൊട്ടുതാഴെ സ്ഥിതിചെയ്തിരുന്ന ഒരു ഗ്രാമീണ കുടുംബത്തിലാണ് അവർ വളർന്നത്. ബ്ലാക്ക് ഹോക്ക് പർച്ചേസിനെ തുടർന്ന് ഫെഡറൽ ഗവൺമെന്റിൽ നിന്ന് അവളുടെ പ്രപിതാമഹനായിരുന്ന ജെയിംസ് ഗ്ലാസ്പെലാണ് ഈ സ്വത്ത് വാങ്ങിയിരുന്നത്.[8] കുടുംബ കൃഷിസ്ഥലം പാർപ്പിട വികസനത്താൽ വലയം ചെയ്യപ്പെട്ടപ്പോൾ, ഗ്ലാസ്‌പെലിന്റെ ലോകവീക്ഷണം മുത്തശ്ശിയുടെ ആദ്യകാല കഥകളാൽ രൂപപ്പെടുത്തപ്പെട്ടു. അയോവയ്ക്ക് സംസ്ഥാനപദവി ലഭിക്കുന്നതിനു മുമ്പുള്ള വർഷങ്ങളിൽ ഇന്ത്യൻ വംശജർ പതിവായി ഫാമിലേക്ക് പോയിരുന്നതായി അവർ പറഞ്ഞു.[9] ബ്ലാക്ക് ഹോക്കിന്റെ പൂർവ്വിക ഗ്രാമത്തിൽ നിന്ന് നേരിട്ട് നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന ഒരു സ്ഥലത്തു വളർന്ന ഗ്ലാസ്പെലിനെ അമേരിക്കക്കാർ ഭൂമിയുടെ യോഗ്യരായ അവകാശികളായിരിക്കണം എന്നെഴുതിയ സൌക്ക് നേതാവിന്റെ ആത്മകഥയും സ്വാധീനിച്ചിരുന്നു.[10] 1893 ലെ മഹാമാന്ദ്യകാലത്ത്, പിതാവ് ഫാം വിൽക്കുകയും കുടുംബം ഡേവൻപോർട്ടിലേക്ക് മാറുകയും ചെയ്തു.[11]

നഗരത്തിലെ പബ്ലിക് സ്കൂളുകളിലെ സമർത്ഥയായ ഒരു വിദ്യാർത്ഥിനിയായിരുന്ന ഗ്ലാസ്പെൽ, ഒരു നൂതനമായ പഠന കോഴ്സ് തെരഞ്ഞെടുക്കുകയും 1894 ലെ ബിരുദദാനച്ചടങ്ങിൽ ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.[12] പതിനെട്ടാം വയസ്സിൽ ഒരു പ്രാദേശിക പത്രത്തിന്റെ ലേഖികകയെന്ന നിലയിൽ അവൾ സ്ഥിരമായി ശമ്പളം കൈപ്പറ്റിയിരുന്നു. ഇരുപത് ആകുമ്പോഴേക്കും അവൾ ഒരു പ്രതിവാര 'സാമൂഹ്യ' കോളം എഴുതുകയും, അതിലൂടെ ഉന്നതവർഗ്ഗത്തെ പരിഹസിക്കുകയും ചെയ്തു.[13]

കോളേജ് വിദ്യാഭ്യാസം സ്ത്രീകളെ വിവാഹത്തിന് അയോഗ്യരാക്കുമെന്ന പ്രാദേശിക വിശ്വാസത്തിനെതിരെ തന്റെ ഇരുപത്തിയൊന്നാമത്തെ വയസിൽ ഗ്ലാസ്പെൽ ഡ്രേക്ക് സർവകലാശാലയിൽ പഠനത്തിനു ചേർന്നു.[14] ഫിലോസഫി ഐഛികവിഷമായി പഠനം ആരംഭിച്ച അവർ, പുരുഷ മേധാവിത്വമുള്ള സംവാദ മത്സരങ്ങളിൽ മികവ് പുലർത്തുകയും സർവ്വകലാശാലയിലെ തന്റെ മുന്തിയ വർഷത്തിൽ സംസ്ഥാന ഡിബേറ്റ് ടൂർണമെന്റിനെ പ്രതിനിധീകരിക്കുന്നതിനുള്ള അവകാശം നേടിയെടുക്കുകയും ചെയ്തു.[15] അവരുടെ ബിരുദദാനച്ചടങ്ങു സംബന്ധമായി ഡെസ് മൊയ്‌ൻസ് ഡെയ്‌ലി ന്യൂസ്  പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ ഗ്ലാസ്‌പെലിനെ "സർവ്വകലാശാലയുടെ സാമൂഹികവും ബൌദ്ധികവുമായ കാലത്തെ ഒരു നേതാവായി" ഉദ്ധരിച്ചിരുന്നു.[16]

ബിരുദം നേടിയതിന്റെ പിറ്റേ ദിവസംതന്നെ, ഗ്ലാസ്‌പെൽ ഡെസ് മൊയ്‌ൻസ് പത്രത്തിനായി ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്യപൂർവ സ്ഥാനമായ ഒരു മുഴുവൻ സമയ ലേഖികയായി പ്രവർത്തിക്കാൻ തുടങ്ങുകയും പ്രത്യേകിച്ച് സംസ്ഥാന നിയമസഭ, കൊലപാതക കേസുകൾ തുടങ്ങിയവയ സംബന്ധമായി ലേഖനങ്ങൾക്കായി അവരെ നിയോഗിക്കപ്പെടുകയും ചെയ്തു.[17] ആഭാസനായ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട ഒരു സ്ത്രീയുടെ ശിക്ഷാവിധി പ്രസിദ്ധപ്പെടുത്തിയശേഷം ഗ്ലാസ്‌പെൽ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ അവിടെനിന്ന് പെട്ടെന്ന് രാജിവച്ചു.

ഫിക്ഷൻ സംബന്ധമായ രചനകൾ നിർവ്വഹിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അവർ ഡാവൻപോർട്ടിലേക്ക് മടങ്ങിപ്പോയി. [18] പല പുതിയ എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായി, ഹാർപേർസ്, മൻ‌സെയ്സ്, ലേഡീസ് ഹോം ജേർണൽ, വുമൺസ് ഹോം കമ്പാനിയൻ എന്നിവയുൾപ്പെടെ അക്കാലത്ത് ഏറ്റവും വ്യാപകമായി വായിക്കപ്പെട്ടിരുന്ന ആനുകാലികങ്ങളിൽ അവരുടെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടു.[19] ചെറുകഥകളുടെ സുവർണ്ണകാലമായിരുന്നു അത്. ഒരു ചെറുകഥാ മാസികയിൽ നിന്നു പണമായി ലഭിച്ച വലിയ സമ്മാനം ഷിക്കാഗോയിലേയ്ക്കുള്ള തന്റെ സ്ഥാനമാറ്റത്തിന് ഉപയോഗിക്കുകയും അവിടെവച്ച് തന്റെ ആദ്യനോവലായ ദി ഗ്ലോറി ഓഫ് ദി കൺക്വറഡ് രചിക്കുകയും 1909-ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കൃതിയാണെന്ന് ന്യൂയോർക്ക് ടൈംസ് പ്രഖ്യാപിച്ചിരുന്നു.

ഗ്ലാസ്‌പെൽ തന്റെ രണ്ടാമത്തെ നോവലായ ദി വിഷനിംഗ്  1911-ൽ പ്രസിദ്ധീകരിച്ചു. ന്യൂയോർക്ക് ടൈംസ് ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞത് "മിസ് ഗ്ലാസ്‌പെലിന്റെ ഈ രംഗത്തെ നിലനിൽപ്പിന്റെ ശക്തിയെ ഇത് തെളിയിക്കുന്നു, അവളുടെ കഴിവുകൾ അമേരിക്കൻ കഥാകാരന്മാരുടെയിടയിൽ അത്യുന്നതസ്ഥാനത്ത് അവളെ എത്തിച്ചു"  എന്നായിരുന്നു.[20] അവരുടെ മൂന്നാമത്തെ നോവലായ ഫിഡെലിറ്റി 1915 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ന്യൂയോർക്ക് ടൈംസ് ഇതിനെ "അമേരിക്കൻ നോവലുകൾക്കുള്ള ബൃഹത്തായതും യഥാർത്ഥവുമായ ഒരു സംഭാവന" എന്നാണ് വിശേഷിപ്പിച്ചത്.[21]

തീയേറ്റർ

[തിരുത്തുക]

ഡാവൻ‌പോർ‌ട്ടിലായിരിക്കുമ്പോൾ‌, ഗ്ലാസ്‌പെൽ‌ മറ്റ് പ്രാദേശിക എഴുത്തുകാരുമായിച്ചേർന്ന് ഡാവൻ‌പോർ‌ട്ട് ഗ്രൂപ്പ് രൂപീകരിച്ചു. ഐയവ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചുകൊണ്ടിരുന്ന ജോർജ്ജ് ക്രാം കുക്കും അക്കൂട്ടത്തിലൊരാളായിരുന്നു. ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള അദ്ദേഹം മാന്യനായ ഒരു കർഷകനുംകൂടിയായിരുന്നു. അദ്ദേഹം ഇതിനകം തന്റെ രണ്ടാമത്തെ, തകർന്ന വിവാഹബന്ധത്തിലായിരുന്നുവെങ്കിലും, ഗ്ലാസ്പെൽ അദ്ദേഹത്തിൽ അനുരക്തയായി. അദ്ദേഹം വിവാഹമോചനം നേടിയശേഷം അവർ 1913 ൽ വിവാഹിതരായി.

ഡാവൻ‌പോർട്ടിലെ അസ്വാരസ്യമുണ്ടാക്കുന്ന അപവാദങ്ങളിൽനിന്ന് രക്ഷപ്പെടാനും ബൃഹത്തും കലാപരവുമായി മികച്ചതുമായ പുതിയൊരു ലോകം കണ്ടെത്താനുമായി ഗ്ലാസ്‌പെലും കുക്കും ന്യൂയോർക്ക് നഗരത്തിലെ ഗ്രീൻ‌വിച്ച് വില്ലേജിലേക്ക് താമസം മാറി. അവിടെ അവർ അമേരിക്കയിലെ ആദ്യ അവന്റ്-ഗാർഡെ കലാപ്രസ്ഥാനത്തിന്റെ പ്രധാന പങ്കാളികളായിത്തീരുകയും ഒപ്പം ആപ്റ്റൺ സിൻക്ലെയർ, എമ്മ ഗോൾഡ്മാൻ, ജോൺ റീഡ് എന്നിവരുൾപ്പെടെയുള്ള അക്കാലഘട്ടത്തിലെ ഏറ്റവും അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താക്കളുമായും കർമ്മോന്മുഖരുമായും ബന്ധപ്പെടുകയും ചെയ്തു. പ്രമുഖ വനിതാവകാശ പോരാളികൾ ഉൾപ്പെടുന്ന ആദ്യകാല ഫെമിനിസ്റ്റ് സംവാദ ഗ്രൂപ്പായ ഹെറ്ററോഡോക്സിയിലെ ഒരു പ്രധാന അംഗവുംകൂടിയായിരുന്നു ഗ്ലാസ്പെൽ. നിരവധി ഗർഭമലസലുകൾക്ക് ശേഷം, ഫൈബ്രോയിഡ് ട്യൂമർ നീക്കം ചെയ്യുന്നതിനായി ഇതിനിടെ അവർ ഒരു ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു.

അവരുടെ കലാവൃത്തങ്ങളിൽപ്പെട്ട മറ്റു പലരോടുമൊത്ത്, ഗ്ലാസ്‌പെലും ജോർജ്ജ് ക്രാം കുക്കും 1915 ലെ വേനൽക്കാലത്ത് കേപ് കോഡിലെ മസാച്യുസെറ്റ്സിലെ പ്രൊവിൻ‌ടൌണിലേക്ക് പോകുകയും അവിടെ അവർ ഒരു കോട്ടേജ് വാടകയ്ക്കെടുക്കുകയും ചെയ്തു. ശസ്ത്രക്രിയയുടെ ഫലമായുള്ള ദുർബലത അവഗണിച്ചുകൊണ്ട് ഗ്ലാസ്‌പെൽ കുക്കിനോടും സുഹൃത്തുക്കളോടുമൊപ്പം ഒരു കൂട്ടായ സർഗ്ഗാത്മക പരീക്ഷണാത്മക നാടക കമ്പനി ആരംഭിക്കാൻ പ്രവർത്തിച്ചു. അവരുടെ ഈ കൂട്ടായ്മയിലെ മറ്റൊരംഗം ക്രമീകരിച്ച ഒരു പുതുക്കിയ ഫിഷിംഗ് വാർഫിലാണ് ആദ്യ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടത്.  പ്രൊവിൻ‌ടൗൺ പ്ലേ ഹൌസ് എന്നറിയപ്പെട്ടിരുന്ന ഇവിടം സമകാലീന അമേരിക്കൻ പ്രശ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായുള്ള കലാപരമായ നാടകങ്ങൾ സൃഷ്ടിക്കുന്നതിനും നിർമ്മിക്കുന്നതിനും വേണ്ടി നീക്കിവയ്ക്കപ്പെട്ടിരുന്നു. ബ്രോഡ്‌വേയിൽ നിർമ്മിച്ച കൂടുതൽ വാണിജ്യപരവും ഭ്രമാത്മകവും അതിഭാവുകത്വം നിറഞ്ഞതുമായ നാടകങ്ങൾ അവതരിപ്പിക്കുന്നതിൽ കലാകാരന്മാർ വിമുഖത കാണിച്ചിരുന്നു.

മുൻകാലത്തെ ഫിക്ഷൻ കൃതികളുടെ വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, അടുത്ത ഏഴു വർഷത്തിനുള്ളിൽ കമ്പനിക്ക് സമർപ്പിച്ച പന്ത്രണ്ട് നാടകങ്ങൾ ഗ്ലാസ്‌പെലിനെ ജനങ്ങളുടെയിടയിൽ കൂടുതൽ ഓർമ്മിപ്പിക്കുന്നതായിരുന്നു. ഡെസ് മൊയ്‌നസിലെ ഒരു യുവ റിപ്പോർട്ടറായിരുന്ന കാലത്ത് അവർ നടത്തിയ കൊലപാതക വിചാരണയുടെ റിപ്പോർട്ടിംഗിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അവരുടെ ആദ്യ നാടകമായ ട്രിഫിൽസ് (1916). ഇന്ന് ഒരു ആദ്യകാല ഫെമിനിസ്റ്റ് ശ്രേഷ്‌ഠകൃതിയായി കണക്കാക്കപ്പെടുന്നതും ഒരു തൽക്ഷണ വിജയമായിരുന്ന ഇതിലെ നീതിയെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചുമുള്ള ധീരമായ കാഴ്ചപ്പാടുകൾ പ്രേക്ഷകരെ ആകർഷിച്ചിരുന്നു. 1921 ൽ അവർ ഇൻഹെറിറ്റേഴ്സ് പൂർത്തിയാക്കി; ഒരു ആദ്യകാല കുടിയേറ്റ കുടുംബത്തിന്റെ മൂന്ന് തലമുറകളെ പിന്തുടരുന്ന ഇത്, ഒരുപക്ഷേ അമേരിക്കയുടെ ആദ്യത്തെ ആധുനിക ചരിത്ര നാടകമായിരിക്കാം. അതേ വർഷം തന്നെ എക്സ്പ്രഷനിസ്റ്റ് കലയിലെ ആദ്യകാല അമേരിക്കൻ കൃതികളിലൊന്നായ ദി വെർജും അവർ പൂർത്തിയാക്കി.

ഒരു അമേച്വർ സ്റ്റാഫിനെ വിശ്വാസത്തിലെടുക്കുന്നത് പുതുമ വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നു വിശ്വസിച്ച പ്രൊവിൻ‌ടൌൺ നാടകകൃത്തുക്കൾ പലപ്പോഴും അവരുടെ സ്വന്തം നാടകങ്ങളുടെ നിർമ്മാണത്തിൽ നേരിട്ട് പങ്കെടുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും ഒരു നടിയെന്ന നിലയിൽ ഗ്ലാസ്‌പെലിന് കൂടുതൽ പ്രശംസ ലഭിച്ചിരുന്നു. ഗ്രൂപ്പിലെ ആദ്യകാല അംഗമായ വില്യം സോറാച്ച് "അവൾ വേദിയിൽ ആഗതയാകുക മാത്രംമതി, നാടകവും പ്രേക്ഷകരും സജീവമായി" എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിഹാസ ഫ്രഞ്ച് നാടക സംവിധായകനും നിരൂപകനുമായ ജാക്ക് കോപിയോ ഗ്ലാസ്‌പെലിന്റെ ഒരു പ്രകടനത്തിൽ കണ്ണുനീരൊഴുക്കിയിരുന്നു. "സത്യമായും ഒരു മികച്ച നടി" എന്നാണ് അദ്ദേഹം അവരെ വിശേഷിപ്പിച്ചത്.[22]

പുതിയ നാടകങ്ങൾ നിർമ്മിക്കുന്നതിനിടയിൽ ഗ്ലാസ്പെൽ യൂജിൻ ഓ നീലിനെ കണ്ടെത്തുകയും, ഒടുവിൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച നാടകകൃത്തുക്കളിൽ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെടുകയും ചെയ്തു. എഡ്ന സെന്റ് വിൻസെന്റ് മില്ലെ, തിയോഡോർ ഡ്രെയ്‌സർ, ഡേവൻപോർട്ട് ഗ്രൂപ്പിലെ ഗ്ലാസ്‌പെലിന്റെ സുഹൃത്ത് ഫ്ലോയ്ഡ് ഡെൽ എന്നിവരും ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു മറ്റ് ശ്രദ്ധേയരാണ്.

പ്രൊവിൻ‌ടൌണിലെ അവരുടെ ആദ്യ രണ്ട് ഘട്ടങ്ങൾക്കു ശേഷം കളിക്കാർ‌ അവരുടെ തിയേറ്റർ‌ ന്യൂയോർക്ക് നഗരത്തിലേക്ക് മാറ്റി. കമ്പനി കൂടുതൽ വിജയകരമാകവേ നാടകകൃത്തുക്കൾ ഇത് മറ്റ് വാണിജ്യ നാടകവേദികൾക്കുകൂടി അവസരം നൽകുന്നതിനുള്ള ഒരു മാർഗമായി കാണാൻ തുടങ്ങി, ഇത് ഗ്രൂപ്പിന്റെ യഥാർത്ഥ ഉദ്ദേശ്യത്തിന്റെ ലംഘനമാകുകയും ചെയ്തു.

വളരെ വിജയകര'മായി മാറിയ തങ്ങൾ സ്ഥാപിച്ച കമ്പനി വിടാൻ കുക്കും ഗ്ലാസ്പെലും തീരുമാനിച്ചു. ഗ്ലാസ്‌പെൽ അപ്പോൾ നാടകവേദിയിൽ തന്റെ പ്രശസ്തിയുടെ ഔന്നത്യത്തിലെത്തുകയും, അവരുടെ ഏറ്റവും പുതിയ നാടകമായിരുന്ന ദി വെർജ്, ഏറ്റവും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. 1922 ൽ ഗ്ലാസ്പെലും കുക്കും ഗ്രീസിലെ ഡെൽഫിയിലേക്ക് താമസം മാറി. 1924 ൽ കുക്ക് തന്റെ നായയിൽ നിന്ന് പിടിപെട്ട ഒരു സാംക്രമികരോഗത്തെത്തുടർന്ന് മരണമടഞ്ഞു.

തുടക്കം മുതൽക്കുതന്നെ ഗ്ലാസ്‌പെലിന്റെ നാടകങ്ങൾ അച്ചടി രൂപത്തിലും പ്രസിദ്ധീകരിക്കപ്പെടുകയും ന്യൂയോർക്കിലെ ഏറ്റവും അഭിമാനകരമായ ആനുകാലികങ്ങളിൽനിന്നുള്ള പ്രശംസനീയമായ അവലോകനങ്ങൾ ഇവയ്ക്കു ലഭിക്കുകയും ചെയ്തിരുന്നു. 1918 ആയപ്പോഴേക്കും ഗ്ലാസ്‌പെൽ അമേരിക്കയിലെ ഏറ്റവും പ്രധാന്യമുള്ള പുതു നാടകകൃത്തുക്കളിൽ ഒരാളായി കണക്കാക്കപ്പെട്ടു. 1920-ൽ അവരുടെ നാടകങ്ങൾ ഇംഗ്ലണ്ടിൽ സുപ്രസിദ്ധ ബ്രിട്ടീഷ് പ്രസാധകനായ സ്മാൾ & മെയ്‌നാർഡ് അച്ചടിക്കാൻ തുടങ്ങി. അവർക്ക് അവിടെ കൂടുതൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇംഗ്ലീഷ് വിമർശകർ അവളെ ഒരു പ്രതിഭയെന്നു പ്രശംസിക്കുകയും ഓ'നീലിന് മുകളിൽ പ്രതിഷ്ടിക്കുകയും ചെയ്തു. ഷേക്സ്പിയറിനുശേഷം ഏറ്റവും പ്രധാനപ്പെട്ട നാടകകൃത്ത് എന്ന നിലയിൽ സ്ഥാനം നേടിയിരുന്ന ഹെൻറിക് ഇബ്സനുമായി ഇംഗ്ലീഷുകാർ അവരെ ഉപമിച്ചു. ഗ്ലാസ്‌പെലിന്റെ രചനകളുടെ ആവശ്യകത നിറവേറ്റുന്നതിനായി, ഫിഡിലിറ്റി എന്ന നോവലിന്റെ ബ്രിട്ടീഷ് പതിപ്പ് പ്രസിദ്ധീകരിക്കപ്പെടുകയും അഞ്ച് ആഴ്ചകളിലായി അഞ്ച് പതിപ്പുകളിലൂടെ അതു മുന്നേറുകയും ചെയ്തു. 1925 ൽ ഇംഗ്ലണ്ടിലേയ്ക്കുവേണ്ടി ഇൻഹെറിറ്റേഴ്സ് നിർമ്മിക്കപ്പെട്ടപ്പോൾ, എല്ലാ പ്രമുഖ പത്രങ്ങളും സാഹിത്യ മാസികകളും വിപുലമായ ഒരു അവലോകനം പ്രസിദ്ധീകരിക്കുകയും ഇത് അവരുടെ പ്രശംസയിലെ ഏറ്റവും ഐക്യകണ്ഠേനയുള്ളതായിത്തീരുകയും ചെയ്തു. ആവേശഭരിതനായ ഒരു നിരൂപകൻ, "ലിവർപൂൾ ഒരു കുപ്പക്കൂനയാകുമ്പോഴും ഈ നാടകം ജീവിക്കും" എന്നവകാകാശപ്പെട്ടു.

എന്നിരുന്നാലും, ഗ്ലാസ്പെലിന്റെ നാടകങ്ങളുടെ സ്വാധീനവും നിരൂപണ വിജയവും അവരെ സാമ്പത്തിക നേട്ടത്തിലേക്ക് നയിച്ചില്ല. നാടകവേദിയിൽ സജീവമായിരുന്ന വർഷങ്ങളിൽ തന്നെയും ഭർത്താവിനെയും പിന്തുണയ്ക്കുന്നതിനായി ഗ്ലാസ്‌പെൽ പ്രധാന ആനുകാലികങ്ങളിൽ ചെറുകഥകൾ പ്രസിദ്ധീകരണത്തിനു സമർപ്പിക്കുന്നത് തുടർന്നിരുന്നു. ഈ കാലഘട്ടത്തിലെ അവരുടെ കഥകൾ ഏറ്റവും മികച്ചവയായിരുന്നുവെന്ന് സാഹിത്യ പണ്ഡിതന്മാർ കരുതുന്നു. ഒരു നാടകകൃത്ത് എന്ന നിലയിലുള്ള അവളുടെ സമൃദ്ധമായ രചനകളുടെ കാലത്ത് ഗ്ലാസ്പെൽ "ആധുനിക അമേരിക്കൻ ചെറുകഥയുടെ വികാസത്തിലെ ഒരു പ്രധാന വ്യക്തി"യായി സ്വയം സ്ഥാപിച്ചു.

അവലംബം

[തിരുത്തുക]
  1. Ben-Zvi, Linda. "Preface." Preface. Susan Glaspell: Her Life and Times. Oxford University Press, 2005. Ix.
  2. Sarlós, Robert K. (1984). "The Provincetown Players' Genesis or Non-Commercial Theatre on Commercial Streets", Journal of American Culture, Vol. 7, Issue 3 (Fall 1984), pp. 65–70
  3. Ben-Zvi, Linda. "Preface." Preface. Susan Glaspell: Her Life and Times, Oxford University Press, 2005. X.
  4. Alison's House at the Internet Broadway Database
  5. Smith, Dinitia. "Rediscovering a Playwright Lost to Time.", New York Times, June 30, 2005. Theater page. Print.
  6. Ben-Zvi, Linda (2005). Susan Glaspell: Her Life and Times. Oxford University Press, second cover
  7. Carpentier, Martha C. (2008). "Susan Glaspell: New Directions in Critical Inquiry." Cambridge Scholars Publishing, pp. 3
  8. Ben-Zvi, Linda (2005). Susan Glaspell: Her Life and Times. Oxford University Press, pp. 13
  9. Ben-Zvi, p. 5.
  10. Ben-Zvi, p. 5.
  11. Ben-Zvi, p. 17.
  12. Ben-Zvi, p. 25.
  13. Ben-Zvi, p. 30.
  14. Ben-Zvi, p. 35.
  15. Ben-Zvi, p. 37.
  16. Ben-Zvi, p. 28.
  17. Ben-Zvi, p. 38.
  18. Ben-Zvi, p. 47.
  19. Ben-Zvi, p. 51.
  20. Ben-Zvi, p. 113.
  21. Ben-Zvi, p. 159.
  22. Helen Deutsch and Stella Hanau, The Provincetown: A Story of the Theatre (New York: Farrar & Rinehart, 1931), pp. 24-25.
"https://ml.wikipedia.org/w/index.php?title=സൂസൻ_ഗ്ലാസ്പെൽ&oldid=3733037" എന്ന താളിൽനിന്ന് ശേഖരിച്ചത്