സെലൂക്യാ-ക്ടെസിഫോൺ പാത്രിയാർക്കൽ പ്രവിശ്യ
കിഴക്കിന്റെ സഭയുടെ ആസ്ഥാന സഭാ പ്രവിശ്യയായിരുന്നു സെലൂക്യാ-ക്ടെസിഫോൺ പാത്രിയർക്കൽ പ്രവിശ്യ അഥവാ ബേഥ് അരമായേ. മൂന്നാം നൂറ്റാണ്ടുമുതൽ സെലൂക്യാ-ക്ടെസിഫോൺ ആസ്ഥാനമായി വ്യവസ്ഥാപിതമായ രൂപത നിലവിൽ ഉണ്ടായിരുന്നെങ്കിലും സഭാ പ്രവിശ്യ രൂപീകരിക്കപ്പെട്ടത് കിഴക്കിന്റെ സഭയിൽ എല്ലായിടത്തും എന്നപോലെ 410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസോടെയാണ്. ഇത് ആദ്യം മുതലേ സഭയുടെ പരമാദ്ധ്യക്ഷനായ കിഴക്കിന്റെ കാതോലിക്കാ-പാത്രിയർക്കീസിന്റെ മെത്രാപ്പോലീത്തൻ പ്രവിശ്യ ആയിരുന്നു.[1]
സെലൂക്യാ-ക്ടെസിഫോൺ പാത്രിയർക്കൽ പ്രവിശ്യ | |
---|---|
സ്ഥാനം | |
പ്രവിശ്യ | സെലൂക്യാ-ക്ടെസിഫോൺ, സസ്സാനിദ് സാമ്രാജ്യം |
വിവരണം | |
സഭാശാഖ | കിഴക്കിന്റെ സഭ |
ആചാരക്രമം | പൗരസ്ത്യ സുറിയാനി ആചാരക്രമം |
സ്ഥാപിതം | 410 |
ഭദ്രാസനപ്പള്ളി | കോഖെയിലെ ഭദ്രാസനപ്പള്ളി |
ഭരണം | |
അദ്ധ്യക്ഷൻ | കിഴക്കിന്റെ കാതോലിക്കോസ് |
ചരിത്രവും പശ്ചാത്തലവും
[തിരുത്തുക]സെലൂക്യാ-ക്ടെസിഫോണിൽ ആസ്ഥാനം
[തിരുത്തുക]ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്തുവിന്റെ ശിഷ്യനായ മാർത്തോമാ ശ്ലീഹായുടെയും മാർ അദ്ദായിയുടെയും കാലം മുതലുള്ള പാരമ്പര്യം അവകാശപ്പെടുന്ന സ്ഥാനമാണ് കിഴക്കിന്റെ സഭയുടെ കാതോലിക്കാ പാത്രിയർക്കീസിന്റേത്. പ്രത്യേകിച്ച് സെലൂക്യാ-ക്ടെസിഫോണിലെ സഭ മാർ അദ്ദായിയുടെ ശിഷ്യനായ മാർ മാറിയുടെ പേരിൽ അറിയപ്പെടുന്നു. എന്നാൽ മൂന്നാം നൂറ്റാണ്ടിലെ മാർ പാപ്പ ബർ അഗ്ഗായിയാണ് സെലൂക്യാ-ക്ടെസിഫോണിലെ ചരിത്രപരമായി രേഖപ്പെടുത്തപ്പെട്ട ആദ്യ മേൽപ്പട്ടക്കാരൻ. 410ൽ മാർ ഇസഹാഖിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസിൽ സഭയെ വിവിധ മെത്രാപ്പോലീത്തൻ പ്രവിശ്യകളായി തിരിച്ചിരുന്നു. അതിൽ ആസ്ഥാന നഗരമായ സെലൂക്യാ-ക്ടെസിഫോണും അതിന്റെ സമീപത്തുള്ള കഷ്കർ, ഹിർത, സാബെ, ദസ്ഖാർതാ ദ്‌മല്ക തുടങ്ങിയ രൂപതകളും പാത്രിയർക്കീസിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലുള്ള മെത്രാപ്പോലീത്തൻ പ്രവിശ്യയായി. ഇതുകൂടാതെ ബേഥ് ഹൂസായേ, നിസിബിസ്, മയിഷാൻ, അദിയാബേനെ, ബേഥ് ഗർമായി എന്നിവയും മെത്രാപ്പോലീത്തൻ പ്രവിശ്യകളായി മാറി. ഫാർസ്, മേദിയ, തബറിസ്ഥാൻ, ഖൊറാസാൻ, തുടങ്ങിയ അകലെയുള്ള രൂപതകൾക്കും ഇത്തരം പദവി ഈ സൂനഹദോസിന്റെ 21ാം കാനോൻ അനുവദിച്ചു കൊടുത്തിരുന്നു.[2] 420ൽ പാത്രിയർക്കീസ് യാഹ്ബല്ലഹാ 1ാമന്റെ സൂനഹദോസിൽ നേരിട്ടുള്ള മേൽനോട്ടത്തിൽ സ്ഥാപിച്ചിരുന്ന ബസ്റയ്ക്കും കിർകുക്കിനും ഇടയിലുള്ള ബേഥ് അരമായെ മേഖലയിലെ നിരവധി രൂപതകൾ പാത്രിയർക്കൽ പ്രവിശ്യയിൽ ഉൾപ്പെടുത്തപ്പെട്ടു.[3] പാത്രിയർക്കീസുമാരുടെ ദീർഘകാല ആസ്ഥാനവും കിഴക്കിന്റെ സഭയുടെ കളിത്തൊട്ടിലുമായ കോഹെയിലെ ഭദ്രാസനപ്പള്ളി സെലൂക്യാ-ക്ടെസിഫോണിൽ നിലനിന്നിരുന്നു. ഇതിന്റെ ചില അവശേഷിപ്പുകൾ നഗരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കാണാനാകും.[4][5]
സാമന്ത രൂപതകൾ
[തിരുത്തുക]ദമാസ്കസിലെ ഏലിയാ എന്ന സഭാപണ്ഡിതൻ വിവരിക്കുന്നതനുസരിച്ച്, 893-ൽ പാത്രിയാർക്കീസിന്റെ പ്രവിശ്യയിൽ പതിമൂന്ന് രൂപതകൾ ഉണ്ടായിരുന്നു. കഷ്കർ, അൽ-തിർഹാൻ (തിർഹാൻ), ദൈർ ഹസ്ഖൽ (സാബെ രൂപതയിലെ പ്രധാന പട്ടണമായ അൽ-നുമാനിയയുടെ മറ്റൊരു പേര്), അൽ-ഹിറ (ഹിർത), അൽ-അൻബർ (പിറോസ് ഷാബുർ), അൽ-സിൻ (ഷെന്ന ദ്ബെത്ത് റമ്മാൻ), ഉക്ബറ, അൽ-റദ്ദാൻ, നിഫ്ർ, അൽ-ഖസ്റ, ബാ ദരായ ആൻഡ് ബ കുസയ (ബേഥ് ദരായേ), അബ്ദാസി (നഹർഗൂർ), അൽ-ബുവാസിഖ് (കോനിഷാബർ അല്ലെങ്കിൽ ബേഥ് വാസിഖ്) എന്നിവയാണ് അവ. ഇതിൽ എട്ട് രൂപതകൾ സസാനിയൻ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്നു. എന്നാൽ ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ബേഥ് വാസിഖ് രൂപത ആദ്യമായി പരാമർശിക്കപ്പെടുന്നത്. ഉക്ബറ, അൽ റദ്ദാൻ, നിഫ്ർ, ഖസ്റ രൂപതകൾ സ്ഥാപിതമായത് ഒമ്പതാം നൂറ്റാണ്ടിലാണ്. സസാനിയൻ കാലഘട്ടത്തിൽ നഹർഗൂർ രൂപത ബേഥ്-മൈഷാൻ പ്രവിശ്യയിലായിരുന്നു. അത് പാത്രിയാർക്കൽ രൂപതയിലേക്ക് മാറ്റിയത് എന്നാണെന്നോ എന്തിനാണെന്നോ വ്യക്തമല്ല. 870നടുത്ത് പാത്രിയാർക്കീസ് സർഗ്ഗീസാണ് ഉക്ബറയിലെ പ്രഥമ ബിഷപ്പായിരുന്ന ഹക്കിമയെ അഭിഷേകം ചെയ്തത്. പത്താം നൂറ്റാണ്ടിലാണ് ഖസ്റ, റദ്ദാൻ, നിഫ്ർ എന്നിവിടങ്ങളിലേ ബിഷപ്പുമാരെ ആദ്യമായി പരാമർശിക്കുന്നത്. 963-ൽ കാസർ-നഹ്‌റവാനിലെ ഒരു അപ്പിസ്കോപ്പ പാത്രിയർക്കീസായി. തുടർന്ന് റദ്ദാനും നിഫ്‌റിനും നിലിനും ബിഷപ്പുമാർ നിയമിക്കപ്പെട്ടു. പത്താം നൂറ്റാണ്ടിൽ ബേഥ് അരമായയിലെ പൗരസ്ത്യ സുറിയാനി സമൂഹങ്ങൾ ഏറ്റവും ശക്തമായിരുന്നുവെന്ന് ഇത് സ്ഥിരീകരിക്കുന്നു.
900ൽ പാത്രിയാർക്കീസ് യോഹന്നാൻ നാലാമന്റെ മെത്രാഭിഷേകത്തിൽ പങ്കെടുത്ത മെത്രാന്മാരുടെ ഒരു ഭാഗിക പട്ടികയിൽ, പാത്രിയാർക്കൽ പ്രവിശ്യയിൽ നിന്നുള്ള നിരവധി ബിഷപ്പുമാരും ഉൾപ്പെടുന്നുണ്ട്. അതിൽ സാബെ, ബെത്ത് ദാരായെ എന്നിവിടങ്ങളിലെ ബിഷപ്പുമാരും ഗുബിയൻമാരുടെ ബിഷപ്പായ ഈശോ സ്ഖ, ഡെലാസറിലെ ഹ്നാനിഷോ, മെസ്‌കെനെയിലെ കുര്യാക്കോസ്, യഹൂദന്മാരുടെ യോഹന്നാനും ഉൾപ്പെടുന്നു. അവസാനത്തെ നാല് രൂപതകൾ മറ്റെവിടെയും പരാമർശിച്ചിട്ടില്ല, അതുകൊണ്ട് അവയെ തൃപ്തികരമായി തിരിച്ചറിയാൻ സാധ്യമല്ല.[3]
ബാഗ്ദാദിൽ ആസ്ഥാനം
[തിരുത്തുക]മെസപ്പൊട്ടാമിയയിലെയും പേർഷ്യയിലെയും അറബ് അധിനിവേശത്തിനും സസ്സാനിദ് സാമ്രാജ്യത്തിന്റെ പതനത്തിനും ശേഷം സെലൂക്യാ-ക്ടെസിഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ എത്തിച്ചേർന്നു. വർഷങ്ങളോളം കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസുമാർ വിവിധ പ്രദേശങ്ങളിൽ ആസ്ഥാനമുറപ്പിച്ച് പ്രവർത്തിച്ചുവന്നു. അതേസമയം സെലൂക്യാ-ക്ടെസിഫോണിൽ നിന്ന് രാഷ്ട്രീയ ആസ്ഥാനം 33 മൈൽ അകലെ ബാഗ്ദാദ് എന്ന പുതിയ പട്ടണത്തിലേക്ക് മാറ്റപ്പെട്ടിരുന്നു. എട്ടാം നൂറ്റാണ്ടോടെ അബ്ബാസിദ് ഖിലാഫത്തിന്റെ തലസ്ഥാനമായ ബാഗ്ദാദ് പൗരസ്ത്യ സുറിയാനി പാത്രിയർക്കീസുമാരുടെ ഇരിപ്പിടമായിത്തീർന്നു.[6] പാത്രിയർക്കീസുമാരുടെ തിരഞ്ഞെടുപ്പുകൾ, സ്ഥാനാരോഹണങ്ങൾ, കബറടക്കങ്ങൾ എന്നിവയ്ക്ക് ബാഗ്ദാദ് വേദിയായി. വിവിധ കാലഘട്ടങ്ങളിൽ പൗരസ്ത്യ സുറിയാനി പാത്രിയർക്കീസുമാർ വസതികളായി ഉപയോഗിച്ചിരുന്ന ബാഗ്ദാദിലെയും പ്രന്തപ്രദേശങ്ങളിലെയും നിരവധി പൗരസ്ത്യ സുറിയാനി ആശ്രമങ്ങളെയും പള്ളികളെയും പറ്റി നിരവധി രേഖകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പാത്രിയർക്കീസ് തിമോത്തി 1ാമന്റെയും (780-823) ഒമ്പതാം നൂറ്റാണ്ടിലെ നിരവധി പിൻഗാമികളുടെയും വസതിയും കബറിടവുമായിരുന്ന 'പാത്രിയാർക്കൽ ആശ്രമം' (ദയർ അൽ-ജതാലിഖ്) എന്ന ക്ലിലീഷോ ആശ്രമം, പാത്രിയർക്കീസ് സബ്രീശോ 2ാമന്റെ (831–5) ആസ്ഥാനമായിരുന്ന മാർ പെതിയോൺ ആശ്രമം, പാത്രിയർക്കീസ് യോഹന്നാൻ 2ാമൻ ബർ നർസായിയുടെ (884–91) ആസ്ഥാനവും കബറിടവുമായ അൽ-ഷമ്മാസിയ ഭാഗത്തെ അസ്ബാഗിലെ പള്ളി എന്നിവ പാത്രിയർക്കൽ ആസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. അസ്ബാഗിലെ പള്ളിക്ക് അടത്തുള്ള 'ഗ്രീക്ക് കൊട്ടാരം' (ഡാർട്ട ദ്‌റോമായേ, ദാർ അൽ-റും) യോഹന്നാൻ 3ാമൻ (893–9) മുതൽ എലിയാ 2ാമൻ (1111–32) വരെയുള്ള പതിനേഴു പാത്രിയർക്കീസുമാരിൽ പതിനാറു പേരുടെയും ആസ്ഥാനവും കബറിടവും ആയിരുന്നു. പാത്രിയർക്കീസ് അബ്രഹാം 3ാമന്റെ (906-37) കബറിടമായ 'ബാഗ്ദാദിന്റെ വടക്ക് ഭാഗത്തുള്ള അബ്ദോനിന്റെ ആശ്രമം', പാത്രിയർക്കീസുമാരായ ബർസൗമയുടെയും (1134–6) ഈശോയാബ് 5ാമന്റെയും (1149–75), ഏലിയാ 3ാമന്റെയും (1176–90) കബറിടം സ്ഥിതിചെയ്യുന്ന സൂഖ് അൽ-തലാത്ത പ്രദേശത്തെ മാർ സാബ്രീശോയുടെ പള്ളി, പാത്രിയർക്കീസുമാരായ യാഹ്ബല്ലാഹാ 2ാമന്റെയും (1190-1222) സബ്രീശോ 4ാമന്റെയും (1222-4), സബ്രീശോ 5ാമന്റെയും (1226-56) ആസ്ഥാനവും കബറിടവുമായിരുന്ന കാർഖിലെ മർഥ് മറിയത്തിന്റെ പള്ളി, മക്കീഖാ 2ാമന്റെയും (1257–65) ദെന്‌ഹാ 1ാമന്റെയും (1265–81) കബറിടസ്ഥലമായ ദുവൈദാർ അല അൽ-ദീനിലെ കൊട്ടാരം എന്നിവയും ബാഗ്ദാദിൽ സ്ഥിതിചെയ്തിരുന്നു. 1295ൽ കറാമ്ലെശിൽ വെച്ച് എഴുതപ്പെട്ട ഒരു കവിതയിൽ അടുത്ത പാത്രിയർക്കീസായ യാഹബല്ലാഹാ 3ാമൻ ഗ്രീക്ക് കൊട്ടാരം എന്നുകൂടി അറിയപ്പെട്ട ഇതിലെ പള്ളികളും താമസസ്ഥലങ്ങളും പുനഃസ്ഥാപിച്ചുവെന്ന് പരാമർശിക്കുന്നു. ക്രൈസ്തവരോട് അനുഭാവം പുലർത്തിയിരുന്ന മംഗോളിയൻ ഭരണാധികാരി അർഘുൻ ഖാന്റെ കാലത്തായിരിക്കാം ഈ പുനരുദ്ധാരണം നടന്നത്.
ബാഗ്ദാദിൽ സ്ഥിരമായ ആസ്ഥാനം നിലനിർത്തിയ അവസാന പൗരസ്ത്യ സുറിയാനി പാത്രിയർക്കീസ് മക്കീഖാ 2ാമനാണ്. 1259ൽ മംഗോളിയന്മാർ നഗരം അബ്ബാസിദുകളിൽനിന്ന് പിടിച്ചടക്കുകയും കൊള്ളയടിക്കുകയും ചെയ്തപ്പോൾ അവിടെയുള്ള ക്രൈസ്തവരെ വെറുതെവിട്ടിരുന്നു. ബുദ്ധമതവിശ്വാസികളായ മംഗോളിയർ ക്രൈസ്തവരോട് അനുഭാവം പുലർത്തിയിരുന്നു. 1261ൽ ഐൻ ജലൂട്ടിൽ മംഗോളിയന്മാർ പരാജയപ്പെട്ടതോടെ പ്രദേശത്തെ ക്രിസ്ത്യാനികൾക്കെതിരെ മതപീഡനങ്ങളും പുനരാരംഭിച്ചു. 1268ലും 1269ലും ബാഗ്ദാദിൽ അക്രമാസക്തമായ മുസ്ലീം കലാപങ്ങൾ അരങ്ങേറി. 1265ൽ ബാഗ്ദാദിൽ വെച്ച് വാഴിക്കപ്പെട്ട പാത്രിയർക്കീസ് ദെന്‌ഹാ 1ാമൻ ഇതിനേത്തുടർന്ന് ആദ്യം എർബിലിലേക്കും ഒടുവിൽ എഷ്‌നൂക്കിലേക്കും മാറി താമസിക്കാൻ നിർബന്ധിതനായി. 1281ൽ ബാഗ്ദാദിൽ വെച്ച്, പതിനാറ് വർഷത്തിനിടെ നഗരത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിനിടെ, അദ്ദേഹം തികച്ചും യാദൃശ്ചികമായി മരിച്ചു. അങ്ങനെ അവിടെ കബറടക്കം ചെയ്യപ്പെട്ട അവസാനത്തെ പൗരസ്ത്യ സുറിയാനി പാത്രിയർക്കീസായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ പിൻഗാമിയായ യാഹ്ബല്ലാഹാ 3ാമനും 1281ൽ ബാഗ്ദാദിൽ വെച്ച് വാഴിക്കപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഭൂരിഭാഗവും കാലവും ചിലവഴിക്കപ്പെട്ടത് ആദ്യം എഷ്നൂക്കിലും പിന്നീട് മറാഘയിലും ആയിരുന്നു. ബുദ്ധമതത്തിൽനിന്ന് ഇസ്ലാം മതം സ്വീകരിച്ച ഗസാൻ ഖാൻ 1295ൽ ബാഗ്ദാദിൽ അധികാരമേറ്റെടുത്തതോടെ ബാഗ്ദാദിലും മറ്റ് നിരവധി നഗരങ്ങളിലും ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയും നിരവധി പള്ളികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. ബാഗ്ദാദിലെ മിക്ക പള്ളികളും കൈക്കൂലിക്ക് പകരമായി ക്രൈസ്തവ സമൂഹത്തിന് തിരിച്ചു കൊടുത്തെങ്കിലും മക്കീഖാ 2ാമൻ നിർമ്മിച്ച ഒരു പുതിയ പള്ളി കണ്ടുകെട്ടി ഒരു മോസ്ക്കാക്കി മംഗോളിയർ മാറ്റി. അബ്ബാസിദ് പേർഷ്യ കീഴടക്കിയ ആദ്യ മംഗോളിയൻ ഭരണാധികാരി ഹുലഗു ഖാൻ ക്രൈസ്തവർക്ക് കൊടുത്ത ദുവൈദാർ അലാ അൽ-ദീനിന്റെ കൊട്ടാരവും അക്കാലത്ത് മുസ്ലീങ്ങൾ പിടിച്ചെടുത്തു. ഇതിനേത്തുടർന്ന് പൗരസ്ത്യ സുറിയാനിക്കാർ പാത്രിയർക്കീസ് മക്കീഖാ 2ാമന്റെയും ദെന്‌ഹ 1ാമന്റെയും മറ്റ് പ്രമുഖ പുരോഹിതന്മാരുടെയും സന്യാസിമാരുടെയും ഭൗതികശേഷിപ്പുകൾ അവിടെ നിന്നും മാറ്റാൻ നിർബന്ധിതരായി. ഈ സംഭവങ്ങൾക്കെല്ലാം ശേഷം പാത്രിയർക്കീസ് യാഹ്ബല്ലാഹാ 3ാമൻ ബാഗ്ദാദ് സന്ദർശിക്കാൻ പിന്നീട് താത്പര്യം കാണിച്ചില്ല. അദ്ദേഹത്തിന്റെ പിൻഗാമിയായി 1336ൽ സ്ഥാനമേറ്റ ദെന്‌ഹാ 2ാമൻ കറാമ്ലേശ് എന്ന ക്രൈസ്തവ ഗ്രാമത്തിലേക്ക് തന്റെ ആസ്ഥാനം മാറ്റി. അടുത്ത നൂറ്റാണ്ടിൽ മൊസൂൾ സഭയുടെ ആസ്ഥാനമാകുന്നതുവരെ കറാമ്ലേശ് ഈ പദവി വഹിച്ചു.[3]
പതനവും പരിണാമവും
[തിരുത്തുക]പതിനൊന്നാം നൂറ്റാണ്ടിൽ പ്രവിശ്യയുടെ തകർച്ച ആരംഭിച്ചു. ഹിർത (അൽ-ഹിറ) രൂപത ഇല്ലാതായി, നിഫ്റു അൽ-നിലും സാബെയോട് ലയിപ്പിക്കപ്പെട്ടു (അൽ-സവാബിയും അൽ-നുമാനിയയും). ബേഥ് വാസിഖ് (അൽ-ബുവാസിഖ്) ഷെന്ന ദ്‌ബേഥ് റമ്മാനോടും (അൽ-സിൻ) ചേർക്കപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിൽ മൂന്ന് രൂപതകൾ കൂടി ഇല്ലാതായി. പിറോസ് ഷാബൂർ (അൽ-അൻബർ), കസ്റും നഹ്‌റവാനും എന്നീ രൂപതകൾ 1111ലും പൗരാണികമായ കഷ്‌കർ രൂപത 1176ലും ആണ് അവസാനമായി പരാമർശിക്കപ്പെടുന്നത്. കഷ്കർ രൂപതയുടെ പൗരാണികത കണക്കിലെടുത്ത് അഞ്ചാം നൂറ്റാണ്ടുമുതൽ അതിന്റെ ബിഷപ്പിന് നതർ കുർസ്യാ (സിംഹാസനത്തിന്റെ കാവൽക്കാരൻ) എന്ന സ്ഥാനവും അനുവദിച്ചു കൊടുത്തിരുന്നു. പാത്രിയർക്കീസിന്റെ അഭാവത്തിൽ സഭയുടെ ചുമതല നതർ കുർസ്യായ്ക്ക് ആയിരുന്നു. 1139ൽ പാത്രിയാർക്കീസ് അബ്ദീശോ 3ാമന്റെ സ്ഥാനാരോഹണസമയത്ത് പാത്രിയർക്കീസിന്റെ പേര് പ്രഖ്യാപിച്ചത് നിസിബിസ് പ്രവിശ്യയിൽ നിന്നുള്ള ഒരു ബിഷപ്പായിരുന്നു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തപോലെ പ്രധാന പ്രവിശ്യയായ സെലൂക്യാ-ക്ടെസിഫോണിലെ (ബേഥ് അരമായേ) എല്ലാ ബിഷപ്പുമാരും അതിനോടകം മരിക്കുകയും അവരുടെ ഭദ്രാസനങ്ങൾ ഒഴിഞ്ഞുകിടക്കുകയും ചെയ്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലും ഇതേ പ്രവണത തുടർന്നു. പാത്രിയർക്കീസ് യഹ്ബല്ലാഹ രണ്ടാമന്റെ (1190–1222) ഭരണകാലത്ത് സാബെയുടെയും നിലിന്റെയും രൂപതതയും 1222ൽ ഉക്ബറ രൂപത അവസാനമായി പരാമർശിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ബേഥ് വാസിഖ്-ഷെന്ന, ബേഥ് ദാരോൻ, തിർഹാൻ എന്നീ മൂന്ന് രൂപതകൾ മാത്രമേ പ്രവിശ്യയിൽ അവശേഷിച്ചിരുന്നുള്ളു. എന്നിരുന്നാലും, അവിടങ്ങളിൽ സഭാസമൂഹങ്ങൾ നിലനിന്നിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ നിന്നും പാത്രിയർക്കീസ് ആസ്ഥാനം മാറുന്നതിന് നിർബന്ധിതനായി. പതിനാഞ്ചാം നൂറ്റാണ്ടോടെ മൊസൂൾ സഭയുടെ ആസ്ഥാനമായി മാറി. മൊസൂളിനടുത്തുള്ള അൽഖോഷിലെ റമ്പാൻ ഹോർമിസ്ദ് ആശ്രമം ഇക്കാലത്താണ് പാത്രിയർക്കീസുമാരുടെ ആസ്ഥാനമായത്. സഭയുടെ പാത്രിയർക്കൽ പിന്തുടർച്ച കുടുംബപരമായത് ഇക്കാലത്താണ്. തങ്ങളുടെ പിൻഗാമികളായി അനന്തരവനെയോ അടുത്ത ബന്ധുവിനെയോ തിരഞ്ഞെടുത്ത് അവരെ നതർ കുർസ്യാ ആയി പ്രഖ്യാപിക്കുന്ന രീതിയും ആരംഭിച്ചു. ഇക്കാലമത്രയും സെലൂക്യാ-ക്ടെസിഫോണിന്റെ മെത്രാപ്പോലീത്ത എന്ന പദവി തങ്ങളുടെ ഔദ്യോഗിക ശീർഷകത്തിൽ പാത്രിയർക്കീസുമാർ നിലനിർത്തിവന്നു. മൊസൂളിലെ മെത്രാപ്പോലീത്ത എന്ന പദവി നതർ കുർസ്യായ്ക്കുള്ളതായി. കുടുംബാധിപത്യത്തോടുള്ള എതിർപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കാരണം 1552ൽ സഭയിൽ ഒരു വലിയ ഭിന്നത ഉണ്ടാവുകയും അതിലൂടെ കൽദായ കത്തോലിക്കാ സഭ രൂപപ്പെടുകയും ചെയ്തു. റോമിലെ മാർപ്പാപ്പയുടെ ആധിപത്യം അംഗീകരിച്ചിരുന്ന യോഹന്നാൻ സൂലാഖ മുതലായ കൽദായ പാത്രിയർക്കീസുമാർ സെലൂക്യാ-ക്ടെസിഫോണിന്റെ മെത്രാപ്പോലീത്ത എന്ന പേരിന് പകരം മൊസൂളിന്റെ മെത്രാപ്പോലീത്ത എന്ന ശീർഷകം ഉപയോഗിക്കാൻ ആരംഭിച്ചു. ഇതിനുപുറമെ ബാബിലോണിന്റെ പാത്രിയർക്കീസ് എന്ന ഔദ്യോഗിക ശീർഷകം ഈ സഭയുടെ അദ്ധ്യക്ഷന്മാർ ഉപയോഗിച്ചുവന്നു.[3][7]
അവലംബം
[തിരുത്തുക]- ↑ Baumer, Christoph (2016). The Church of the East: An Illustrated History of Assyrian Christianity. United Kingdom: Bloomsbury Publishing. ISBN 9781838609344.
- ↑ Chabot, Jean-Baptiste (1902). Synodicon orientale ou recueil de synodes nestoriens (PDF). Paris: Imprimerie Nationale. p. 273.
- ↑ 3.0 3.1 3.2 3.3 Wilmshurst, David (2011). The Martyred Church: A History of the Church of the East. East & West Publishing Limited. ISBN 9781907318047.
- ↑ Cassis, Marica. "KOKHE, CRADLE OF THE CHURCH OF THE EAST: AN ARCHAEOLOGICAL AND COMPARATIVE STUDY" Journal of the Canadian Society for Syriac Studies, vol. 2, no. 1, 2009, pp. 62-78. https://doi.org/10.31826/jcsss-2009-020108
- ↑ Winkler, Dietmar W; Baum, Wilhelm (2003). The Church of the East: A Concise History. Taylor & Francis. ISBN 9781134430185.
- ↑ Vine, Aubrey R. (1937). The Nestorian Churches. London: Independent Press, p: 104
- ↑ Wilmshurst, David (2000). The ecclesiastical organisation of the Church of the East, 1318-1913. Belgium: Peeters. ISBN 9789042908765.