സേവാഗ്രാം ഗ്രാമകേന്ദ്രം
താഴേതട്ടിലെ വികസനം, എല്ലാവരുടെയും ക്ഷേമം, ഗ്രാമസ്വരാജ് തുടങ്ങിയ ഗാന്ധിയൻ സങ്കല്‌പങ്ങൾ അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കുന്നതിനാണ് വാർധയിലെ ഗാന്ധി ആശ്രമത്തിലെ ഗ്രാമപഠന പരിശീലന സേവനകേന്ദ്രമായ സേവാഗ്രാമിന്റെ പേരിൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ (വാർഡ്‌കേന്ദ്രം) തുടങ്ങാൻ 2014 ജൂൺ മാസത്തിൽ കേരളസർക്കാർ ഉത്തരവായി. [1] 2015 ജനുവരി 26-ന് മുൻപ് എല്ലാ വാർഡുകളിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ തുടങ്ങണമെന്നാണ് സർക്കാർ ഉത്തരവിൽ.
ലക്ഷ്യം
[തിരുത്തുക]ഓരോ ഗ്രാമപഞ്ചായത്ത് വാർഡുകളിലും സ്ഥാപിക്കുന്ന സേവാഗ്രാം ഗ്രാമകേന്ദ്രം ഗ്രാമസഭയുടെ ആസ്ഥാനമെന്ന നിലയിൽ വാർഡിൽ നടക്കുന്ന ഭരണ, വികസന, ക്ഷേമ, സേവന, സാംസ്കാരിക, സാമൂഹ്യ പ്രവർത്തനങ്ങൾ കൂട്ടായ ചർച്ചചെയ്യുന്നതിനും വിലയിരുത്തുന്നതിനും ക്രോഡീകരിക്കുന്നതിനും മോണിറ്റർ ചെയ്യുന്നതിനും അവ നടപ്പിലാക്കാൻ വാർഡ് വികസന സമിതിയെ സഹായിക്കുന്നതിനും വേണ്ടിയുള്ള വികേന്ദ്രീകരണ ഭരണ-സേവന കേന്ദ്രമായാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വാർഡ് വികസന സമിതി കൂടാതെ കുടുംബശ്രീ എ.ഡി.എസ്, ജാഗ്രതാസമിതി, ആരോഗ്യശുചിത്വ സമിതി, പെയിൻ ആൻറ് പാലിയേറ്റീവ് കെയർ തുടങ്ങി പഞ്ചായത്തിന് കീഴിലുള്ള എല്ലാ വാർഡ്തല/ പ്രാദേശിക ജനകീയ സമിതികളുടെ ആസ്ഥാനമായിരിക്കും ഗ്രാമകേന്ദ്രം. വാർഡിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം വിവിധ സേവനങ്ങളുടെ എക്സ്റ്റൻഷൻ കേന്ദ്രവുമായും ഇത് പ്രവർത്തിക്കും. ഫീൽഡുതല ഉദ്യോഗസ്ഥരായ കൃഷി അസിസ്റ്റൻറ്, ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ്, ഗ്രാമസേവകൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, സാക്ഷരാ പ്രേരക്, എസ്.സി/ എസ്.ടി പ്രമോട്ടർ, ഫിഷറീസ് ഇൻസ്പെക്ടർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എന്നിവരുടെ വാർഡ് തല പ്രവർത്തന കേന്ദ്രമായിരിക്കണം ഗ്രാമകേന്ദ്രം. ചുരുക്കത്തിൽ പഞ്ചായത്തിൻറെ വാർഡുതല ഇൻഫർമേഷൻ സെൻററും ജനസേവന കേന്ദ്രവും ആയി മാറണം.
കെട്ടിടവും പ്രവർത്തനസമയവും
[തിരുത്തുക]വാർഡിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിൻറെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങൾ (അംഗൻവാടി, ഫാമിലി വെൽഫയർ സെൻറർ, കമ്മ്യൂണിറ്റി ഹാൾ, മറ്റു ഘടകസ്ഥാപനങ്ങൾ) ഇവയിലേതെങ്കിലും ഗ്രാമ കേന്ദ്രത്തിൻറെ ഓഫീസ് ആയി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെയുള്ള യാതൊരു സൌകര്യവും ലഭ്യമല്ലാത്ത വാർഡുകളിൽ 25 ച. മീറ്റർ തറ വിസ്തീർണ്ണമുള്ള എൽ.എസ്., ജി.ഡി.എൻജിനിയർ നിശ്‌ചയിക്കുന്ന വാടകയ്‌ക്ക് കെട്ടിടം ഉപയോഗിക്കാം. പ്രവർത്തനങ്ങൾക്ക് തനതുഫണ്ട് വികസനഫണ്ടിൽനിന്ന് 50,000 രൂപ വകകൊള്ളിക്കേണ്ടതുമാണ്. [2]
പ്രവർത്തനസമയം
[തിരുത്തുക]ആഴ്ചയിൽ 5 ദിവസം ഉച്ചക്ക് ശേഷം 3 മുതൽ 7 മണി വരെയാണ് പ്രവർത്തന സമയം. സന്നദ്ധപ്രവർത്തനത്തിലൂടെയാണ് കേന്ദ്രം പ്രവർത്തിപ്പിക്കേണ്ടത്. മുഖ്യപ്രവർത്തന ചുമതല വാർഡ് മെന്പർക്കാണ്. അദ്ദേഹത്തെ സഹായിക്കാൻ പഞ്ചായത്തിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെ ഭരണസമിതി നിശ്ചയിച്ചുനൽകും. [3]
ഗ്രാമകേന്ദ്രത്തിൽ ലഭ്യമാക്കേണ്ടവ
[തിരുത്തുക]ഗ്രാമസഭ വാർത്താബോർഡ്, പൊതു നോട്ടീസ് ബോർഡ് എന്നിവ അവിടെ ഉണ്ടായിരിക്കണം. പഞ്ചായത്തിൻറെ പൌരാവകാശ രേഖ, വാർഡുതല സ്ഥിതിവിവരങ്ങൾ, മാപ്പുകൾ, പഞ്ചായത്തു തീരുമാനങ്ങൾ, ഉത്തരവുകൾ, വിജ്ഞാപനങ്ങൾ, വാർഡുതല ഗുണഭോക്തൃ പട്ടികകൾ, ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ ലിസ്റ്റ്, ബി.പി.എൽ ലിസ്റ്റ് മുതലായവ അവിടെ ലഭ്യമായിരിക്കണം.
പരിശീലനം
[തിരുത്തുക]കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ (കില) നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെ അംഗങ്ങൾക്കും ഉദ്യോഗസ്‌ഥർക്കും സന്നദ്ധ പ്രവർത്തകർക്കും സേവാഗ്രാം ഗ്രാമകേന്ദ്രവുമായി ബദ്ധപ്പെട്ട് പരിശീലനം കൊടുക്കുന്നുണ്ട് [4]