സൈറ്റോകൈൻ
കോശങ്ങൾ തമ്മിലുള്ള സന്ദേശ പ്രക്രിയയിൽ സന്ദേശവാഹകരായി വർത്തിക്കുന്ന മാംസ്യങ്ങളുടെ കുടുംബത്തിൽ പെട്ട, വ്യത്യസ്ത സ്വഭാവങ്ങളുള്ള ഒരുകൂട്ടം തന്മാത്രകളാണു സൈറ്റോകൈനുകൾ (Cytokine) ((Greek cyto-, cell; and -kinos, movement). പ്രതിരോധകോശങ്ങളുടെയും ഗ്ലീയൽ കോശങ്ങളുടെയും ഉൽപ്പന്നങ്ങളായിട്ടാണ് ഇവ മുഖ്യമായും കാണപ്പെടുന്നതെങ്കിലും ശരീരത്തിലെ കോശമർമ്മമുള്ള മിക്കവാറും എല്ലാ കോശങ്ങളും സൈറ്റോകൈനുകളെ ഉല്പാദിപ്പിക്കുന്നവയാണ്. കോശങ്ങളെ ചലിപ്പിക്കുന്നവ എന്ന അർത്ഥമുള്ള ഗ്രീക്ക് ധാതുക്കളിൽ (സൈറ്റോ – കോശം; കീനോസ് – ചലനം) നിന്നാണു സൈറ്റോകൈൻ എന്ന പദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രോഗപ്രതിരോധമോ കോശജ്വലനമോ സംബന്ധിച്ച രാസപ്രവർത്തനങ്ങളിൽ വ്യാപൃതമാകുന്ന ഒരു കൂട്ടം രാസാനുചലക മാംസ്യതന്മാത്രകളെ മറ്റു കോശങ്ങളുടെ വളർച്ചയും വികാസവും നിയന്ത്രിക്കുന്ന വളർച്ചാസഹായി ഘടകങ്ങളിൽ (Growth Factors) നിന്ന് വേർതിരിച്ച് അടയാളപ്പെടുത്താനാണു സൈറ്റോകൈനുകൾ എന്ന് ഇവയെ വിളിച്ചുതുടങ്ങിയതെങ്കിലും സൈറ്റോകൈനുകളെപ്പറ്റിയുള്ള സൂക്ഷ്മ അറിവുകൾ വർദ്ധിച്ചതോടെ ഈ വേർതിരിവ് ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട് എന്നുതന്നെ പറയാം.
പ്രതിരോധവ്യവസ്ഥയിലെ കോശങ്ങളുടെ വളർച്ചയും വികാസവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സൈറ്റോകൈനുകൾ കോശജ്വലന പ്രക്രിയയിലെ സന്ദേശവാഹകരും രാസാനുചാലകഘടകങ്ങളുമാണ്. സഹജപ്രതിരോധത്തിലും അനുവർത്തനപ്രതിരോധത്തിലും കരണപ്രതികരണങ്ങൾ കൃത്യമായി നടക്കാൻ ഇവയുടെ പ്രവർത്തനം സുപ്രധാനമാണ്. അനവധി സൈറ്റോകൈനുകൾക്ക് ഒരേ ജോലി നിർവഹിക്കാൻ പ്രാപ്തമായതിനാലും അനവധി കോശങ്ങളിൽ ഒരേ സമയം പ്രഭാവം ചെലുത്താൻ കഴിവുള്ളതിനാലും സൈറ്റോകൈനുകൾ ഉൾപ്പെട്ട രാസാനുചാലകഘടകങ്ങൾ മിക്കപ്പോഴും ഒരു ശൃംഖലാജാലമായി (network) പ്രവർത്തിക്കുന്നു.
സൈറ്റോകൈനുകളെപ്പറ്റിയുള്ള നമ്മുടെ അറിവു വർദ്ധിക്കുന്നതനുസരിച്ച് അവയ്ക്ക് ഹോർമോണുകളിൽ വ്യത്യാസങ്ങൾ കുറഞ്ഞുവരുന്നുണ്ട്. ഹോർമോണുകളെ സംബന്ധിച്ച വിശേഷണങ്ങൾ ആരോപിക്കുകയാണെങ്കിൽ സൈറ്റോകൈനുകൾ മൂന്ന് തരത്തിൽ പ്രവർത്തിക്കുന്നതായി കാണാം : ഉത്സർജ്ജിക്കപ്പെടുന്ന കോശത്തിനു മേൽ തന്നെ അതിന്റെ പ്രഭാവം ചെലുത്തുമ്പോൾ അതിനെ ഓട്ടോക്രൈൻ പ്രവർത്തനം എന്ന് പറയുന്നു; ഉത്സർജ്ജിക്കപ്പെടുന്ന കോശത്തിനു സമീപം തന്നെയുള്ള മറ്റ് കോശങ്ങളിൽ അതിന്റെ പ്രഭാവം ചെലുത്തുമ്പോൾ പാരാക്രൈൻ എന്ന് വിളിക്കാം; ഉത്സർജ്ജിക്കപ്പെടുന്ന ഭാഗത്തുനിന്നും വിദൂരസ്ഥമായ ശരീരഭാഗങ്ങളിലോ അല്ലെങ്കിൽ ശരീരം മുഴുവനുമോ സ്വാധീനം ചെലുത്തുന്ന തരം പ്രവർത്തനമാണു കാണുന്നതെങ്കിൽ അതിനെ എൻഡോക്രൈൻ പ്രവർത്തനമെന്നും പറയാം.
വർഗ്ഗീകരണം
[തിരുത്തുക]പൊതുവേ സൈറ്റോകൈനുകളെ മൂന്ന് വിശാലകുടുംബങ്ങളിലായി വർഗീകരിക്കാം :രക്തോല്പാദകഘടക കുടുംബം; അർബുദ ഊതക്ഷയ ഘടകം (TNF), ഇന്റർല്യൂക്കിൻ-1 (IL-1), പ്ലേറ്റ്ലെറ്റ്ദത്ത വളർച്ചാഘടകം (PDGF), രൂപാന്തരണ വളർച്ചാഘടകം-ബെയ്റ്റ (TGFβ) എന്നിവയടങ്ങിയ കുടുംബം; സിസ്റ്റൈൻ സൈറ്റോകൈനുകളായ സിഎക്സ്സി, സി-സി ഉപവർഗ്ഗത്തിലെ കീമോകൈൻ ഘടകങ്ങൾ ഉൾപ്പെട്ട കുടുംബം എന്നിവയാണ് ആ മൂന്നെണ്ണം.
എന്നാൽ രോഗചികിത്സയുമായി ബന്ധപ്പെട്ടും, പരീക്ഷണശാലയിലെ ഉപയോഗവുമായി ബന്ധപ്പെട്ടും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള പ്രായോഗികമായ ഒരു വർഗ്ഗീകരണം അനുസരിച്ച് രണ്ടായി സൈറ്റോകൈനുകളെ തിരിക്കാം. കോശമാധ്യസ്ഥപ്രതിരോധത്തെ (cell-mediated immunity) ഉത്തേജിപ്പിക്കുന്ന സൈറ്റോകൈനുകളെ എല്ലാം ഒന്നിച്ച് ടൈപ്പ് -1 സൈറ്റോകൈനുകൾ എന്നും പ്രതിദ്രവ്യമാധ്യസ്ഥമായ (antibody-mediated) പ്രതിരോധത്തെ ഉത്തേജിപ്പിക്കുന്നവയെ ടൈപ്പ്-2 സൈറ്റോകൈനുകൾ എന്നും ഇതിൽ വിളിക്കുന്നു.
നാമകരണം
[തിരുത്തുക]സൈറ്റോകൈനുകൾ അവയുടെ പ്രവർത്തനത്തിനു ലക്ഷ്യമിടുന്ന കലകൾ ഏതാണോ എന്നതിനനുസരിച്ചാണ് അവയുടെ ആദ്യകാല നാമകരണം നടത്തിയിരുന്നത്. ഇതനുസരിച്ച്, ശ്വേതരക്താണുക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സൈറ്റോകൈനുകളെ ഇന്റർല്യൂക്കിനുകൾ എന്നും (ഉദാ: IL-1, IL-2), അർബുദങ്ങളുടെ ഊതക്ഷയത്തിനു കാരണമാകുന്ന സൈറ്റോകൈനുകളെ അർബുദ ഊതക്ഷയ ഘടകങ്ങളെന്നും (TNF), ശ്വേതരക്താണുക്കളുടെ വളർച്ചയ്ക്കും വികാസത്തിനും പ്രേരകങ്ങളായി വർത്തിക്കുന്ന സൈറ്റോകൈനുകളെ ഗ്രാനുലോസൈറ്റ് കോളനി ഉല്പ്രേരക ഘടകങ്ങൾ (G-CSF) എന്നുമൊക്കെ വിളിച്ചിരുന്നു. സൈറ്റൊകൈനുകളുടെ പ്രവർത്തനമേഖലകളെപ്പറ്റി കൂടുതൽ വിശാലമായ കാഴ്ചപ്പാടാണ് ഇന്നുള്ളതെങ്കിലും അവയെ മിക്കതിനെയും കുറിക്കാൻ ഈ പേരുകൾ തന്നെ ഇന്നും ഉപയോഗിക്കുന്നു.