സ്ട്രാൻഡ്-1
ബ്രിട്ടണിലെ സറേ സർവകലാശാലയിലെ ഗവേഷകരും സറേ സാറ്റലൈറ്റ് ടെക്നോളജിയും ചേർന്ന് വികസിപ്പിച്ച് 2013 ഫെബ്രുവരി 25-നു വിക്ഷേപിച്ച ഉപഗ്രഹമാണ് സ്ട്രാൻഡ്-1 (ആംഗലേയം :STRaND-1 [Surrey Training, Research and Nanosatellite Demonstrator 1]). [1] ഇത് ആദ്യത്തെ സ്മാർട്ട്‌ഫോൺ നിയന്ത്രിത ഉപഗ്രഹമാണ്. ആദ്യ ബ്രിട്ടിഷ് ക്യൂബ്സാറ്റ് ഉപഗ്രഹവും കൂടിയായ ഇതിനെ ഭൂഭ്രമണപഥത്തിൽ എത്തിച്ചത് ഇന്ത്യയുടെ പി.എസ്.എൽ.വി സി-20 റോക്കറ്റാണ്. [1]
ഘടനയും പ്രവർത്തനവും
[തിരുത്തുക]4.3 കിലോഗ്രാം ഭാരമുള്ള ഈ ക്യൂബ്സാറ്റിന് 10 സെന്റിമീറ്റർ വീതിയും 30 സെന്റിമീറ്റർ നീളവുമുണ്ട്. ലിനക്സ് അധിഷ്ഠിത അതിവേഗ പ്രോസസറുപയോഗുച്ച് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഗൂഗിൾ നെക്സസ് വൺ എന്ന സ്മാർട്ട് ഫോണാണ് ഇതിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്നത്. [1] ഇതിന് ആറുമാസത്തെ പ്രവർത്തന പരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ പ്രവർത്തനം രണ്ടു ഘട്ടമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതിൽ ഒന്നാം ഘട്ടത്തിൽ ലിനക്സ് അധിഷ്ഠിത ക്യൂബ്സാറ്റ് കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും, രണ്ടാം ഘട്ടത്തിൽ സ്മാർട്ട്‌ഫോൺ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. [1] '360 ആപ്പ്' എന്ന ആപ്ലിക്കേഷനുപയോഗിച്ച് ഭൂമിയുടെ 5 മെഗാപിക്സെൽ വലിപ്പമുള്ള ചിത്രങ്ങളെടുത്ത്, അതുപയോഗിച്ച് സ്ഥാനം നിലനിർത്താനുള്ള സാങ്കേതിക വിദ്യയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു.[1]
ലക്ഷ്യങ്ങൾ
[തിരുത്തുക]ഇതിന്റെ പ്രധാന ലക്ഷ്യങ്ങളായി താഴെ കൊടുത്തിരിക്കുന്നവയെ കരുതാം
- രണ്ടു പുതിയ പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ പരീക്ഷണം.[1]
- വ്രാപ്പ് ഡ്രൈവ് (Warp Driveþ Water Alcohol Resisto-jet Propulsion De-orbit Re-entry Velocity Experiment) : ജലവും ആൽക്കഹോളും ചേർന്ന മിശ്രിതം ചീറ്റിച്ച് മുന്നോട്ട് നീങ്ങാൻ കഴിയുമോ എന്ന് പരീക്ഷിക്കുക.[1]
- പൾസ്ഡ് പ്ലാസ്മ ട്രസ്റ്റേഴ്‌സ് (pulsed plasma thrusters) : ഇലക്ട്രിക് പ്രവാഹം ഉപയോഗിച്ച് ഒരു വസ്തുവിനെ ചൂടാക്കി ബാഷ്പീകരിച്ച് ചാർജുള്ള വാതകമുണ്ടാക്കി, ആ വാതകം ഒരു കാന്തികമണ്ഡലത്തിലൂടെ കടത്തിവിട്ട് ഉപഗ്രഹത്തെ മറുവശത്തേക്ക് നീക്കാൻ കഴിയുമോ എന്നറിയാനുള്ള പരീക്ഷണം.[1]
- സ്മാർട്ട്‌ഫോണിലുള്ള ഐടെസ (iTesa) എന്ന ആപ്ലിക്കേഷനുപയോഗിച്ച്, ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോൾ ഫോണിനുചുറ്റുമുണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ ശക്തി അളക്കുക.[1]
- സ്മാർട്ട്‌ഫോൺ സാറ്റിന് ആറുമാസം ഭൂമിയുടെ ഭ്രമണപഥത്തിൽ നിൽക്കാനാകുമോ എന്ന് പരിശോധിക്കുക.[1]