സ്റ്റെപാനവൻ
സ്റ്റെപാനവൻ | ||
---|---|---|
Coordinates: 41°00′34.65″N 44°23′2.71″E / 41.0096250°N 44.3840861°E | ||
Country | അർമേനിയ | |
Marz | Lori | |
Founded | 1810 | |
വിസ്തീർണ്ണം | ||
• ആകെ | 14 ച.കി.മീ. (5 ച മൈ) | |
ഉയരം | 1,375 മീ (4,511 അടി) | |
ജനസംഖ്യ (2011 census) | ||
• ആകെ | 13,086 | |
• ജനസാന്ദ്രത | 930/ച.കി.മീ. (2,400/ച മൈ) | |
സമയമേഖല | UTC+4 (GMT +4) | |
വെബ്സൈറ്റ് | Official website | |
Sources: Population[1] |
സ്റ്റെപാനവൻ (അർമേനിയൻ: Ստեփանավան), അർമേനിയയിലെ ലോറി പ്രവിശ്യയിലെ ഒരു പട്ടണവും മുനിസിപ്പൽ സമൂഹവുമാണ്. തലസ്ഥാന നഗരിയായ യെറിവാനിൽ നിന്ന് 139 കിലോമീറ്റർ വടക്കുഭാഗത്തായും പ്രവിശ്യാ കേന്ദ്രമായ വനാഡ്‌സറിന് 24 കിലോമീറ്റർ വടക്കുമായി യെറിവാൻ-ടിബിലിസി ഹൈവേയുടെ മധ്യത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 13,086 ആയിരുന്നു. നിലവിൽ, 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം നഗരത്തിൽ ഏകദേശം 10,800 ജനസംഖ്യയുണ്ട്. ലോറി പീഠഭൂമിയുടെയും ബാസും മലനിരകളിലെയും വനങ്ങൾക്കിടയിൽ ഡ്സോറാഗെറ്റ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ, വടക്കൻ അർമേനിയയിലെ ഒരു റിസോർട്ട് പട്ടണമായി സ്റ്റെപാനവൻ കണക്കാക്കപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ബിസി നാലാം സഹസ്രാബ്ദത്തിലാണ് ആധുനിക സ്റ്റെപാനവൻ പ്രദേശം ആദ്യമായി ഒരു സ്ഥിരതാമസകേന്ദ്രമാക്കപ്പെട്ടത്. ബിസി മൂന്നാം സഹസ്രാബ്ദത്തോളം പഴക്കമുള്ള ഒരു പുരാതന കോട്ടയുടെ അവശിഷ്ടങ്ങൾ പട്ടണത്തിന്റെ പടിഞ്ഞാറൻ അറ്റത്തായി കാണപ്പെടുന്നു. പിന്നീട്, ബിസി എട്ടാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ ഇത് ഉറാർട്ടു രാജ്യത്തിന്റെ ഭാഗമായി. അക്കീമെനിഡ് അധിനിവേശത്തിനുശേഷം, ബിസി ആറാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലുള്ള കാഘട്ടത്തിൽ ഈ പ്രദേശം അർമേനിയയുടെ സട്രാപിയുടെ ഭാഗമായി. ബിസി 331-ൽ അർമേനിയ രാജ്യം സ്ഥാപിതമായതോടെ ഈ പ്രദേശം ഗ്രേറ്റർ അർമേനിയയുടെ 13-ാമത്തെ പ്രവിശ്യയായിരുന്ന ഗുഗാർക്കിലെ താഷിർ കന്റോണിന്റെ ഭാഗമായി.
387-ൽ അർമേനിയ ബൈസന്റൈൻ സാമ്രാജ്യത്തിനും സസാനിഡ് പേർഷ്യയ്ക്കുമിടയിൽ വിഭജിക്കപ്പെട്ടതിനു ശേഷം 428-ൽ അർസാസിഡ് അർമേനിയ തകർച്ചയെ നേരിട്ടതിനേത്തുടർന്ന് താഷിർ പ്രദേശം ഉൾപ്പെടെയുള്ള കിഴക്കൻ അർമേനിയ സസാനിഡ് പേർഷ്യയുടെ ഭരണത്തിൻ കീഴിലായി. എന്നിരുന്നാലും, ആധുനിക സ്റ്റെപാനവനിലെ മനുഷ്യവാസത്തെക്കുറിച്ചുള്ള ആദ്യകാല രേഖകൾ വിശുദ്ധ ദൈവമാതാവിന്റെ ബസിലിക്ക (1930-കളിൽ സോവിയറ്റുകൾ നശിപ്പിച്ചു) ഡ്സോറാഗെറ്റ് നദിയുടെ തീരത്ത് നിർമ്മിച്ച 5-ആം നൂറ്റാണ്ടിലേതാണ്.
ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അറബ് ആക്രമണകാരികൾ അർമേനിയ കീഴടക്കി. 9-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ, താഷിർ പുതുതായി സ്ഥാപിതമായ അർമേനിയയിലെ ബഗ്രാറ്റിഡ് രാജ്യത്തിന്റെ ഭാഗമായി. 979-ൽ, കിയുറികെ ഒന്നാമൻ രാജാവ്, അർമേനിയയിലെ ബഗ്രാറ്റിഡ് രാജാക്കന്മാരുടെ രക്ഷാധികാരിത്വത്തിന് കീഴിൽ കിയുറിയൻ രാജവംശത്തിനു കീഴിലുള്ള താഷിർ-ഡ്സോറാഗെറ്റ് (ലോറി രാജ്യം എന്നും അറിയപ്പെടുന്നു) രാജ്യം സ്ഥാപിച്ചു. 1118-ൽ താഷിർ-ഡ്സോറാഗെറ്റ് ജോർജിയ രാജ്യത്തിന്റെ ഭാഗമാകുന്നതുവരെ കിയുറിയൻ രാജവംശം ഈ പ്രദേശം ഭരിച്ചു.
12-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സെൽജൂക്കുകൾ ഈ പ്രദേശം ആക്രമിച്ചുവെങ്കിലും അവരുടെ ഭരണം ഏറെനാൾ നീണ്ടുനിന്നില്ല. 1118-1122-ൽ ജോർജിയൻ രാജാവായിരുന്ന ഡേവിഡ് ദ ബിൽഡർ ലോറി പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുകയു ജോർജിയൻ-അർമേനിയൻ ഓർബെലിയൻ രാജവംശത്തിന് ഇതിൻറെ ഭരണം നൽകുകയും ചെയ്തു. 1177-ൽ ഓർബെലിയൻ വംശം നടത്തിയ കലാപം പരാജയപ്പെട്ടതിനുശേഷം ഖുബസാരി എന്നു പേരായ ഒരു കിപ്ചാക്കിനെ ലോറി പ്രദേശത്തിൻറെ സ്പസലാരിയായി നിയമിച്ചു. പിന്നീട് 1185-ൽ ജോർജിയയിലെ താമർ രാജ്ഞി സക്കാറിദ് രാജകുമാരനായ സർക്കിസിനെ ഇവിടെ ഗവർണറായി നിയമിച്ചതിന് ശേഷം പ്രവിശ്യ സക്കാറിയൻ രാജവംശത്തിന്റെ ഭരണത്തിൻകീഴിലായി.[2] പതിമൂന്നാം നൂറ്റാണ്ടിലെ ഹോളി സേവിയർ പള്ളി ആധുനിക സ്റ്റെപാനവന്റെ മധ്യഭാഗത്തായി ഇപ്പോഴും കാണപ്പെടുന്നു. എന്നിരുന്നാലും, 1236-ലെ ചഗതായ് ഖാന്റെ നേതൃത്വത്തിലുള്ള മംഗോളിയൻ അധിനിവേശത്തിൽ ഈ പ്രദേശം നശിപ്പിക്കപ്പെടുകയും പതിനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സക്കറിയൻ രാജവംശം ക്ഷയിക്കുകയും ചെയ്തു.
ഭൂമിശാസ്ത്രം
[തിരുത്തുക]ബാസും പർവതനിരകളുടെ വടക്കുഭാഗത്ത് ലോറി പീഠഭൂമിയിൽ, സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1375 മീറ്റർ ഉയരത്തിൽ ഡ്സോറാഗെറ്റ് നദിയോരത്ത് ഏകദേശം 17 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സ്റ്റെപാനവൻ പട്ടണം സ്ഥിതി ചെയ്യുന്നത്. ഡ്സോറാഗെറ്റ് നദിയിലെ ആഴമുള്ള മലയിടുക്ക് സ്റ്റെപാനവനെ വടക്കൻ, തെക്കൻ തീരങ്ങളായി വിഭജിക്കുന്നു. ഇടതൂർന്ന വനപ്രദേശങ്ങളാലും ആൽപൈൻ പുൽമേടുകളാലും ചുറ്റപ്പെട്ട് താരതമ്യേന ഈർപ്പമുള്ള കാലാവസ്ഥയുള്ള സ്റ്റെപാനവൻ പട്ടണത്തിലെ ശരാശരി വാർഷിക താപനില 6.6 C ആണ്. ജനുവരിയിലെ ശരാശരി താപനില -4.2 C ആയിരിക്കുമ്പോൽ ജൂലൈയിൽ ഇത് +16.7 C ആണ്. 683 മി.മീ. വാർഷിക മഴയുള്ള ഈ പ്രദേശത്ത് മഞ്ഞുവീഴ്ചയുള്ള ശൈത്യകാലമാണ് അനുഭവപ്പെടാറുള്ളത്.[3] വടക്കൻ വ്യാപാര പാതയിൽ സ്ഥിതി ചെയ്യുന്ന താഷിർ പ്രദേശം മധ്യകാല അർമേനിയയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Lori
- ↑ Matevossian, R. (1978). "Լոռի [Lori]". In Hambardzumyan, Viktor (ed.). Soviet Armenian Encyclopedia (in അർമേനിയൻ). Vol. 4. Yerevan: Armenian Encyclopedia. pp. 663–64.
- ↑ "Stepanavan history". Archived from the original on 2017-03-27. Retrieved 2021-11-16.