സ്വബ്‌റ-ശാത്തീല കൂട്ടക്കൊല
ലെബനനിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പുകളായിരുന്ന സ്വബ്റയിലും ശാത്തീലയിലും ഇസ്രായേൽ ഭരണകൂടത്തിൻറെ പിന്തുണയോടെ ഈലീ ഹുബൈഖയുടെ നേതൃത്വത്തിൽ മറോണൈറ്റ് ക്രിസ്ത്യൻ മിലീഷ്യകൾ നടത്തിയ കൂട്ടക്കൊലയാണ് സ്വബ്റ ശാത്തീല കൂട്ടക്കൊല എന്ന പേരിലറിയപ്പെടുന്നത്[1]. 1982 സെപ്തംബറിലെ ലെബനാൻ ആഭ്യന്തരയുദ്ധകാലത്ത് ഇസ്രായേലിൻറെ ബെയ്റുത്ത്-ലെബനൻ അധിനിവേശത്തിൻറെ കീഴിലായിരുന്ന അഭയാർത്ഥി ക്യാമ്പുകളായിരുന്നു സ്വബ്‌റയും ശാത്തീലയും. നിരായുധരായ വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമുൾപ്പെട്ട 3500-ഓളം മനുഷ്യജീവനുകൾ ഈ കൂട്ടക്കുരുതിയിൽ ഹനിക്കപ്പെടുകയുണ്ടായി. ഏരിയൽ ഷാരോണിൻറേയും റാഫാഈൽ അയ്താൻറേയും നേതൃത്വത്തിലുള്ള ഇസ്രയേലീ സൈന്യം വളഞ്ഞു കഴിഞ്ഞിരുന്ന ക്യാമ്പുകളിൽ കൂട്ടക്കുരുതി നടക്കുന്നതിന് കാർമികത്വം വഹിക്കുകയായിരുന്നു ഇസ്രായേൽ സേന എന്ന വിമർശമുയർന്നിരുന്നു.
ഇസ്രായേലിലെ പ്രതികരണങ്ങൾ
[തിരുത്തുക]കൂട്ടക്കൊലയിൽ ഇസ്രായേൽ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയർന്നതിനെത്തുടർന്ന് സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേൽ പൗരൻമാർ ടെൽ അവീവിൽ തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങൾ നടത്തി. കൂട്ടക്കൊലയിൽ സൈന്യത്തിൻറെ ഉത്തരവാദിത്തം പ്രാരംഭഘട്ടത്തിൽ ഇസ്രായേൽ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കഹാൻ കമ്മീഷനെ നിയമിക്കുകയുണ്ടായി.
1982 നവംബർ 1ന് ഇസ്രയേൽ ഭരണകൂടം സുപ്രീം കോടതിയോട് കൂട്ടക്കൊലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇസ്‌ഹാഖ് കഹാൻറെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമ്മീഷനെ ചീഫ് ജസ്റ്റിസ് നിയമിച്ചു. 1983 ഫെബ്രുവരി 7 ന് കഹാൻ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മനാഹെം ബെഗിനും പ്രതിരോധ മന്ത്രി ഏരിയൽ ഷാരോണും വിദേശകാര്യ മന്ത്രി ഇസ്‌ഹാഖ് ഷാമിറിനുമെതിരെ റിപ്പോർട്ടിൽ ശക്തമായ പരാമർശങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഏരിയൽ ഷാരോൺ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും രാജി വെക്കാൻ നിർബന്ധിതനായി.