സർവേ ഓഫ് ഇന്ത്യ
ഭൂപടരചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയസമിതിയാണ് സർവേ ഓഫ് ഇന്ത്യ. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂണിലാണ് ഇതിന്റെ ആസ്ഥാനം. 1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ കണക്കെടുക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണിത്. ഇന്ത്യാഗവണ്മെന്റിന്റെ കീഴിലുള്ള ഏറ്റവും പഴയ സാങ്കേതികവിഭാഗങ്ങളിലൊന്നുമാണിത്.
ചരിത്രം
[തിരുത്തുക]ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ശാസ്ത്രീയമായ രീതിയിൽ സർവേ നടത്തുകയും ഭൂപടങ്ങൾ നിർമ്മിക്കാനാരംഭിക്കുകയും ചെയ്തത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്താണ്. ക്യാപ്റ്റൻ ജെയിംസ് റെന്നെൽ, വില്ല്യം ലാംബ്റ്റൺ തുടങ്ങിയ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥരായിരുന്നു ഈ രംഗത്തെ അതികായർ. ആദ്യകാല തദ്ദേശഭരണാധികാരികൾ അവരുടെ ഭരണപ്രദേശങ്ങളിലെ ഭൂപടങ്ങൾ തയ്യാറാക്കിയിരുന്നെങ്കിലും അവ സമഗ്രമായിരുന്നില്ല. നികുതി കണക്കാക്കുന്നതിനായി പാതകളുടെയും കൃഷിയിടങ്ങളുടേയും വിവരങ്ങൾ മാത്രമേ ഇതിൽ ഉൾക്കൊണ്ടിരുന്നുള്ളൂ.
ഇന്ത്യയുടെ കടൽത്തീരങ്ങളുടെ വിശദമായ ഭൂപടങ്ങൾ സമുദ്രസഞ്ചാരികൾ തയ്യാറാക്കിയിരുന്നെങ്കിലും ഉൾനാടുകളെക്കുറീച്ചുള്ള അറിവ് കൃത്യതയില്ലാത്ത ഭൂപടങ്ങളിലും ലിഖിതരേഖകളിലും മാത്രമായി ഒതുങ്ങി. ബംഗാൾ, ബ്രിട്ടീഷുകാരുടെ അധീനതയിലായതിനു ശേഷമാണ് ഇന്ത്യയുടെ ഭൂപടനിർമ്മാനത്തിനുള്ള ആദ്യത്തെ പ്രധാന നടപടിയുണ്ടായത്. 1767-ൽ ബംഗാളിലെ ഗവർണറായിരുന്ന റോബർട്ട് ക്ലൈവ്, മേഖലയിലെ ബ്രിട്ടീഷ് അധികാരപ്രദേശത്തിന്റെ ഭൂപടം നിർമ്മിക്കുന്നതിന് ക്യാപ്റ്റൻ ജെയിംസ് റെന്നലിനെ ബംഗാളിലെ സർവേയർ ജനറൽ ആയി നിയമിച്ചു. പത്തു വർഷമെടുത്ത് സർവേ നടത്തി ബംഗാളിന്റെ ആദ്യ ഭൂപടം റെന്നൽ പുറത്തിറക്കി. സർവേ ഉപകരണങ്ങളുമായി നേരിട്ട് സർവേ നടത്തുന്നതിനു പുറമേ പര്യടനങ്ങൾക്കായി പോകുന്ന സൈനികരിൽ നിന്നും അവർ സഞ്ചരിച്ച പാതകളുടേ ദൂരവും ദിശയും അന്വേഷിച്ചെടുത്തുമാണ് ഈ ഭൂപടം റെന്നൽ പൂർത്തിയാക്കിയത്.
1801-ൽ ഇന്ത്യയുടേ ഒരു സമ്പൂർണ സർവേക്ക് പദ്ധതിയിടുകയും മറ്റൊരു സൈനികോദ്യോഗസ്ഥനായിരുന്ന വില്ല്യം ലാംബ്റ്റണിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. മദ്രാസിൽ നിന്ന് ആരംഭിച്ച ഈ തിയോഡലൈറ്റ് സർവേ ദക്ഷിണേന്ത്യയുടേയും മദ്ധ്യേന്ത്യയുടേയും ഭൂരിഭാഗവും പൂർത്തിയാക്കി. 1823-ൽ ഈ സർവേ പുരോഗമിച്ചുകൊണ്ടിരിക്കവേ ലാംബ്റ്റൺ മരണമടഞ്ഞു. ലാംബ്റ്റണിന്റെ പിൻഗാമിയായി വന്ന ജോർജ്ജ് എവറസ്റ്റ് (ഇദ്ദേഹത്തിന്റെ പേരാണ് എവറസ്റ്റ് കൊടുമുടിക്ക് നൽകിയിരിക്കുന്നത്) ഈ പദ്ധതി തുടർന്നു. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ സമ്പൂർണമായ ഭൂപടനിർമ്മാണം പൂർത്തിയായി. (Great Triangulation Survey). ഇന്ത്യക്കാരായ നിരവധി പ്ലേൻ ടേബ്ലിങ് സംഘങ്ങളുടെ സഹായത്തോടെയാണ് ഈ ഭൂപടനിർമ്മാണം പൂർത്തിയായത്[1].
1860-ഓടേ ഇന്ത്യയിലെ ഭൂപടനിർമ്മാണം ഏതാണ്ട് പൂർത്തിയാകാറായി. ഈ കാലയളവിൽ സർവേ ഓഫ് ഇന്ത്യ രൂപവത്കരിക്കപ്പെട്ടു (1867). ഇതിനു ശേഷം ഇന്ത്യയുടെ അതിരിനു പുറത്തെ പ്രദേശങ്ങളിലും ഭൂപടങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചൈനയുടേ വിലക്ക് മറീകടന്ന് തിബറ്റിന്റെ ഭൂപടം നിർമ്മിക്കുന്നതിന് പണ്ഡിറ്റ് നയിൻ സിങ് എന്നും എ. കുമയുൻ എന്നും വിളിക്കുന്ന ഒരു അദ്ധ്യാപകനെ ബുദ്ധസന്യാസിയായി വേഷം കെട്ടിച്ച് തിബറ്റിലേക്കയച്ചു. പലവട്ടം ഇദ്ദേഹം ഇന്ത്യയിൽ നിന്ന് ലാസയിലേക്ക് സഞ്ചരിക്കുകയും ഓരോ സഞ്ചാരവേളയിലും ദൂരവും ദിശയും കുറിച്ച് സർവേ നടത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ലാമാ പ്രാർത്ഥനാ ചക്രത്തിൽ സാധാരണയുണ്ടാകേണ്ട പ്രാർത്ഥനാചുരുളൂകൾക്കു പകരം വടക്കുനോക്കിയന്ത്രമാണ് ഉണ്ടായിരുന്നത്. അതുപോലെ പ്രാർത്ഥനാമാലയിൽ 108 മുത്തുകൾക്കു പകരം യാത്രയുടെ വേഗതയും മറ്റും എണ്ണിത്തിട്ടപ്പെടുത്തുന്നതിന് 100 മുത്തുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പണ്ഡിറ്റ് നയിൻ സിങ്ങിന്റെ ഈ യാത്രകൾ മൂലം തിബറ്റിന്റെ ഏകദേശം കൃത്യമായ ഭൂപടം തയ്യാറാക്കാൻ സർവേ ഓഫ് ഇന്ത്യക്ക് കഴിഞ്ഞു. ഇതിനുശേഷം പലരേയും ഇത്തരം ചാരസർവേക്കായി അയച്ചിരുന്നു (പണ്ഡിറ്റ് എന്നായിരുന്നു ഇത്തരക്കാരെ എല്ലാവരേയും വിളിച്ചിരുന്നത്). ഇതിൽ ചിലരൊന്നും തിരിച്ചെത്തിയില്ല.
വടക്കുപടീഞ്ഞാറൻ അതിർത്തിപ്രദേശങ്ങളുടെ ഭൂപടനിർമ്മാണവും വളരെ വിഷമം പിടിച്ചതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മാത്രമാണ് പഠാണികളുടെ ആവാസമേഖലയുടെ സാമാന്യം കൃത്യതയുള്ള ഭൂപടം നിർമ്മിക്കപ്പെട്ടത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വടക്കുപടീഞ്ഞാറൻ ആദിവാസിമേഖലയുടെ ഭൂപടം നിർമ്മിക്കുന്നതിനായി ചിരാഗ് ഷാ പുറപ്പെട്ടു. ഇദ്ദേഹത്തിന്റെ ആദ്യത്തെ ക്യാമ്പ് ഗിരിനിവാസികൾ തീവച്ചു നശിപ്പിച്ചെങ്കിലും ഒരു പഠാൻ തലവൻറ്റെ സംരക്ഷണം അദ്ദേഹത്തിന് പിന്നീട് ലഭിക്കുകയും ചെയ്തു.
1905 മുതൽ 1939 വരെയുള്ള കാലയളവിൽ പ്ലേൻ ടേബ്ലിങ് രീതിയിൽ നിന്നും മാറി വിമാനങ്ങളിൽ നിന്നുള്ള ചിത്രങ്ങളെ ഭൂപടനിർമ്മാണത്തിന് ആശ്രയിക്കാൻ തുടങ്ങി. ഒന്നാം ലോകമഹായുദ്ധകാലത്തുതന്നെയാണ് ദുർഘടമായ വനമേഖലകളുടേയും മറ്റും ഭൂപടങ്ങൾ നിർമ്മിക്കുന്നതിന് ഈ രിതി അവലംബിക്കാൻ തുടങ്ങിയത്[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 16–19.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)