Jump to content

ഹഖീഖത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹഖീഖത്ത്‌ എന്ന അറബി പദത്തിൻറെ അർത്ഥം പരമസത്യം എന്നാണ്. മുസ്ലിങ്ങളിലെ അദ്ധ്യാത്മ വാദികളായ സൂഫികളുമായി ബന്ധപ്പെട്ടാണ് ഈ വാചകം ഉപയോഗിക്കപ്പെടാറുള്ളത്. ശരീഅത്ത് എന്ന നിയമാവലിയിലൂടെ ത്വരീഖത്ത് എന്ന അദ്ധ്യാത്മ വഴികളിലേക്ക് പ്രവേശിക്കുന്ന യാത്രികന് വിവിധ ഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരും. ഇത്തരം പടവുകൾക്കൊടുവിൽ പ്രപഞ്ച സ്രഷ്ടാവിൻറെ പരമ സത്യം നുകരുന്ന അവസ്ഥ സംജാതമാകും. ഹഖുൽ യഖീൻ എന്ന ഈ അവസ്ഥയെയാണ് ഹഖീഖത്ത് എന്ന് സൂഫികൾ വിശേഷിപ്പിക്കുന്നത്. [1]

ഇസ്‌ലാമിക നിയമ വ്യവസ്ഥയായ ശരീഅത്ത് മുറുകെ പിടിച്ചു ഫിഖ്ഹ് എന്ന മത നിയമങ്ങളിൽ അറിവാർജ്ജിച്ചു ആധ്യാത്മിക വഴിയായ ത്വരീഖത്ത് സ്വീകരിക്കുന്നതോടെയാണ് ഒരാൾ സൂഫി പാതയിൽ പ്രവേശിക്കുന്നത്. (ഫിഖ്ഹിൽ അറിവ് ആർജ്ജിക്കാതെയും ത്വരീഖത്ത് സ്വീകരിക്കാനാകും). ഫിഖ്ഹിലും ത്വരീഖത്തിലും അറിവാർജ്ജിച്ച പഥികർ ഫഖീഹായ ആരിഫ്, അല്ലെങ്കിൽ ഫഖീഹായ മുതസ്വവ്വിഫ് എന്ന് അറിയപ്പെടുന്നു. ത്വരീഖത്ത് സ്വീകരിച്ചു ആധ്യാത്മികൻ നടത്തുന്ന സഞ്ചാരങ്ങളിലെ അവസാനയിടമായി വിശേഷിപ്പിക്കുന്ന ആത്മീയ ഘട്ടമാണ് ഹഖീഖത്ത്.[2]

ഓരോ ഘട്ടങ്ങളും പിന്നിടുന്നതോടെ നിരവധി ഹാലുകൾക്ക് പഥികൻ പാത്രമാവേണ്ടി വരും. ഹഖീഖത്തിൽ ചെന്നെത്തുമ്പോൾ ചില ഉന്മാദങ്ങൾക്ക് വിധേയപ്പെടുന്ന അവസ്ഥ ഭൂരിഭാഗം പേരെയും ബാധിക്കും. നിയമ വ്യവസ്ഥയായ ശരീഅത്തിന് വിധേയമാക്കപ്പെടാത്ത രീതിയിൽ പോലും ഉന്മാദം ബാധിക്കുന്നവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഭൂരിഭാഗം പേരും ഈ അവസ്ഥ പിന്നിട്ട് ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്തും. എന്നാൽ ചിലർ മതിഭ്രമത്തിൽ തന്നെ അഭിരമിക്കും. ഇത്തരക്കാർ സക്റാൻ , മജാദിബ് എന്നൊക്കെ വിളിക്കപ്പെടുന്നു. ഹഖീഖത്തിന്റെ പദവിയിൽ ചെന്നെത്തിയ ആധ്യാത്മികനെ ‘വാസ്വിൽ’ ( واصل-ചെന്ന് ചേർന്നവൻ) എന്നാണ് സൂഫി സംജകകളിൽ വിശേഷിപ്പിക്കുക. ഹഖീഖത്തിൽ നിന്ന് മഅ്‌രിഫത്ത് എന്ന അത്യുന്നത അവസ്ഥയിലേക്ക് വരെ ഉയരുന്നതോടെ മഖാമുകൾ (പടവുകൾ) ഇല്ലാത്ത, അറ്റമില്ലാത്ത യാത്ര സംജാതമാകും.

വിവക്ഷ

[തിരുത്തുക]

“ശരീഅത്ത് മനുഷ്യൻറെ ബാഹ്യ ഭാഗങ്ങളെ നന്നാക്കുന്നു ദൈവം കൽപ്പിച്ച കാര്യങ്ങൾ വിരോധിക്കലും സ്വീകരിക്കലുമാണവ, ആന്തരിക ദുർഗുണങ്ങളെ ഉന്മൂലനം ചെയ്ത് സൽഗുണങ്ങൾ നിറക്കുക വഴി ത്വരീഖത്ത് മനുഷ്യ ഹൃദയത്തെ സംസ്കരിക്കുന്നു. ഹഖീഖത്ത് ആത്മാവിനെ സ്ഫുടം ചെയ്തെടുക്കലാണ് (സ്രഷ്ടാവിനോടുള്ള ) വിധേയത്വത്തിലൂടെയാണ് അത് സംഭവിക്കുക” [3]

“പരമ സത്യവാന്മാരുടെ ഹൃദയങ്ങളിലേക്ക് ദൈവിക പ്രകാശം കടന്ന് വരുന്ന ഘട്ടമാണ് ഹഖീഖത്ത് ”[4]

  • ഇമാം സ്വാവി

“ത്വരീഖത്തിന്റെ ഫലമായി പരമ സത്യവാന്മാരുടെ ഹൃദയങ്ങളിൽ ദൈവിക പ്രകാശം പ്രകടമാക്കലാണ്‌ ഹഖീഖത്ത്‌.” A[5]

“ഹഖീഖത്ത് എന്നാൽ ദൈവിക മാർഗ്ഗത്തിൽ പ്രവേശിക്കുന്നവൻ ലക്ഷ്യസ്ഥാനത്തെത്തലും, ഈശ്വരൻറെ ദിവ്യദീപ്തി (നൂറുത്തജല്ലി) വ്യക്തമായി ദർശിക്കലുമാണ്.”[6]

അവലംബം

[തിരുത്തുക]
  1. shyakh Ahmad Zayni Dahlan taqrib al-usul li tashil al-wusul page :26
  2. dr: Anab Whitehouse, An Introduction to the Sufi Path,chapter 60
  3. Īqāẓ al-himam fī sharḥ al-ḥikam page 31
  4. mafatih al-Ghayb(al-Tafsir al-Kabir)vol:17,page 93-94
  5. ḥmad ibn Muḥammad Ṣāwī, Hashiyat al-Sawi 'ala tafsir al-Jalalayn, vol 2, page 193
  6. (كتاب الأذْكِيَاء) وَحَقِيقَةٌ لَوُصُولُهُ لِلْمَقْصِدِ وَمُشَاهَدٌ نُورُ التَّجَلِّي بِانْجِلَ
"https://ml.wikipedia.org/w/index.php?title=ഹഖീഖത്ത്&oldid=4119844" എന്ന താളിൽനിന്ന് ശേഖരിച്ചത്