ഹബക്കുക്കിന്റെ പുസ്തകം
എബ്രായ ബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ഹബക്കുക്കിന്റെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവാചകഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ എട്ടാമത്തേതായാണ് ഇതു മിക്കവാറും ബൈബിൾ സംഹിതകളിൽ കാണാറ്.[1] യെരുശലേമിലെ യഹൂദരുടെ ഒന്നാം ദേവാലയത്തിന്റെ നശീകരണത്തിനു ഏതാനും വർഷം മുൻപ് ക്രി.മു. 610-600 കാലത്തെ രചനയായി ഇതു കരുതപ്പെടുന്നു.[2]"നീതിമാൻ വിശ്വാസം കൊണ്ടു ജീവിക്കും" എന്ന ഈ കൃതിയിലെ കേന്ദ്രസന്ദേശം പിൽക്കാലത്തു ക്രിസ്തീയചിന്തയെ ഗണ്യമായി സ്വാധീനിച്ചു. ആ പ്രഖ്യാപനം, പുതിയനിയമത്തിലെ റോമാക്കാർക്കെഴുതിയ ലേഖനം (1:17) ഗലാത്തിയർക്കുള്ള ലേഖനം( 3:11), എബ്രായർക്കുള്ള ലേഖനം (10:38) എന്നിവയിൽ വിശ്വാസത്തിന്റെ പ്രാരംഭസങ്കല്പമായി അവതരിപ്പിക്കപ്പെടുന്നു.[1]
ഉള്ളടക്കം
[തിരുത്തുക]സംഭാഷണം
[തിരുത്തുക]അകെ 3 അദ്ധ്യായങ്ങൾ അടങ്ങിയ ഈ പുസ്തകത്തിന്റെ ആദ്യത്തെ 2 അദ്ധ്യായങ്ങൾ യഹോവയും പ്രവാചകനും തമ്മിലുള്ള സംഭാഷണമാണ്. ലോകത്തിലെ അനീതികളെക്കുറിച്ചുള്ള പ്രവാചകന്റെ പരാതിയിലാണ് ഒന്നാം അദ്ധ്യായം തുടങ്ങുന്നത്. ദൈവത്തിന്റെ മറുപടിയിൽ തൃപ്തനാകാതിരുന്ന അദ്ദേഹം തന്റെ പരാതിയിൽ ഉറച്ചുനിൽക്കുന്നതോടെ ഒന്നാമദ്ധ്യായം സമാപിക്കുന്നു. രണ്ടാമദ്ധ്യായത്തിന്റെ ആരംഭത്തിൽ തന്റെ പരാതിക്ക് മറുപടിയായി ദൈവം എന്തു സന്ദേശമാണു തരുകയെന്നറിയാൻ പ്രവാചകൻ അദ്ദേഹത്തിന്റെ "കാവൽഗോപുരത്തിൽ" (watch tower) കയറുന്നു. തന്റെ മറുപടി എളുപ്പം വായിക്കത്തക്കവണ്ണം ഫലകത്തിൽ എഴുതിവയ്ക്കാൻ ദൈവം പ്രവാചകനോടാവശ്യപ്പെടുന്നു. അധർമ്മികളെ കാത്തിരിക്കുന്ന വിനാശത്തിന്റെ വെളിപ്പെടുത്തലായിരുന്നു ആ സന്ദേശം. ബൈബിളിലെ ഏറ്റവും ശ്രദ്ധേയമായ വിശ്വാസപ്രഖ്യാപനമായി കണക്കാക്കപ്പെടുന്ന "നീതിമാൻ വിശ്വാസം കൊണ്ടു ജീവിക്കുന്നു" എന്ന വാക്യം ഈ അദ്ധ്യായത്തിലാണ്.[3]
പ്രാർത്ഥനാഗീതം
[തിരുത്തുക]ഹബക്കൂക്കിന്റെ പുസ്തകത്തിലെ മൂന്നാമദ്ധ്യായം സ്വതന്ത്രമായി എഴുതി പിൽക്കാലത്ത് ഇതിനോടു ചേർക്കപ്പട്ട ഒരു പ്രാർത്ഥനാഗീതം ആയിരിക്കാം. അതു മറ്റൊരാൾ എഴുതിയതാണെന്നു കരുതന്നവരുണ്ട്.[4]
കുമ്രാൻ ചുരുൾ
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ചാവുകടൽ തീരത്തു കണ്ടു കിട്ടിയ പുരാതനലിഖിതങ്ങളുടെ കുമ്രാൻ ശേഖരത്തിൽ ഉൾപ്പെട്ട ഹബക്കുക്ക് വ്യാഖ്യാനച്ചുരുളിൽ(ഹബക്കുക്ക് പെഷർ) ഹബക്കുക്കിന്റെ പുസ്തകത്തിലെ ആദ്യത്തെ 2 അദ്ധ്യായങ്ങളുടെ പാഠവും ഉണ്ടായിരുന്നു. എബ്രായബൈബിളിന്റെ പ്രഖ്യാതമായ മസോറട്ടിക് പാഠത്തിന്റേതിൽ നിന്നു വ്യത്യസ്തമായ ഒരു പാരമ്പര്യത്തിൽ പെട്ടതായിരുന്നു ഈ പാഠം. ബൈബിൾ പാഠപാരമ്പര്യങ്ങളുടെ താരതമ്യത്തിൽ ഈ കണ്ടെത്തൽ നിർണ്ണായകമായി. ഹബക്കുക്കിന്റെ കുമ്രാൻ പാഠം അതിന്റെ മസോറട്ടിക് പാഠത്തിൽ നിന്നു 135 ഇടങ്ങളിൽ വ്യത്യസ്തത കാട്ടുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഹബക്കുക്കിന്റെ മൂന്നാം അദ്ധ്യായം ഈ ചുരുളിൽ ഉണ്ടായിരുന്നില്ല. കുമ്രാൻ ചുരുൾ എഴുതപ്പെട്ട കാലത്ത് ആ അദ്ധ്യായം നിലവിലില്ലാതിരുന്നതു കൊണ്ടോ, കുമ്രാൻ വ്യഖ്യാതാക്കൾ ആ അദ്ധ്യായത്തെ വ്യാഖ്യാനിക്കാതെ വിട്ടതു കൊണ്ടോ ഇതു സംഭവിച്ചതെന്നു വ്യക്തമല്ല.[5]