Jump to content

ഹാറൂൺ അൽ റഷീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാറൂൺ അൽ റഷീദ്
هَارُون الرَشِيد

[[Image:|210px|alt=|ഹാറൂൺ അൽ റഷീദിന്റെ സ്വർണ്ണ ദിനാർ (787-788 CE)]]
ഹാറൂൺ അൽ റഷീദിന്റെ സ്വർണ്ണ ദിനാർ (787-788 CE)
അബ്ബാസിയ ഖിലാഫത്തിലെ അഞ്ചാമത്തെ ഖലീഫ
ഭരണകാലം 14 സെപ്റ്റംബർ 786 – 24 മാർച്ച് 809
മുൻഗാമി അൽ ഹാദി
പിൻഗാമി അൽ അമീൻ
പേര്
ഹാറൂൺ അൽ റഷീദ് ഇബ്ൻ മുഹമ്മദ് അൽ മഹ്ദി
Dynasty അബ്ബാസി കുടുംബം
പിതാവ് അൽ മഹ്ദി
മാതാവ് അൽ ഖൈസുറാൻ
മതം ഇസ്‌ലാം

അബ്ബാസി ഖിലാഫത്തിലെ അഞ്ചാമത്തെ ഭരണാധികാരിയായിരുന്നു ഹാറൂൺ അൽ റഷീദ് (അറബി: هَارُون الرَشِيد)[1]. ജനനം 763-ലാണെന്നും 766-ലാണെന്നും വ്യത്യസ്തമായ റിപ്പോർട്ടുകൾ കാണപ്പെടുന്നുണ്ട്. പേരിനൊപ്പമുള്ള അൽ റഷീദ് എന്ന വിശേഷണം സച്ചരിതൻ എന്ന അർത്ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. 786 മുതൽ 809 വരെയുള്ള കാലഘട്ടത്തിലാണ് ഹാറൂൺ അൽ റഷീദ് അധികാരത്തിലുണ്ടായിരുന്നത്. ഇസ്‌ലാമിക സുവർണ്ണയുഗത്തിന്റെ തുടക്കമായി ഇദ്ദേഹത്തിന്റെ ഭരണകാലം കണക്കാക്കപ്പെടുന്നു.

ജീവിതരേഖ

[തിരുത്തുക]

മൂന്നാം അബ്ബാസി ഖലീഫയായിരുന്ന അൽ മഹ്ദിയുടെയും ഭാര്യ അൽ ഖൈസുറാന്റെയും മകനായി ഇന്നത്തെ ഇറാനിലെ ടെഹ്റാനിനടുത്താണ് ഹാറൂൺ അൽ റഷീദിന്റെ ജനനം. ഖുർആൻ, ഹദീഥ്, ചരിത്രം, ഭൂമിശാസ്ത്രം, സംഗീതം, കവിത, സാമ്പത്തിക ശാസ്ത്രം തുടങ്ങി വിവിധങ്ങളായ പഠനത്തോടൊപ്പം ആയുധകലകളും അഭ്യസിച്ചുകൊണ്ടാണ് ഹാറൂൺ വളർന്നു വന്നത്.[2]

അധികാരമേൽക്കുന്നതിന് മുൻപായി 780-ലും 782-ലും പരമ്പരാഗത എതിരാളികളായ കിഴക്കൻ റോമൻ സാമ്രാജ്യത്തിനെതിരെ സൈനിക നീക്കങ്ങൾക്ക് ഹാറൂൺ അൽ റഷീദ് നേതൃത്വം നൽകിയിരുന്നു. രണ്ടാമത്തെ സൈനിക നീക്കത്തിൽ വൻ വിജയം നേടിയ സൈന്യം കോൺസ്റ്റാന്റിനോപ്പിളിന്റെ ഏഷ്യൻ ഭാഗങ്ങൾ വരെ മുന്നേറ്റം നടത്തി. മുസ്‌ലിം ചരിത്രകാരനായ അൽ ത്വബരിയുടെ റിപ്പോർട്ട് പ്രകാരം ബൈസാന്റിയൻ സൈന്യത്തിന് പതിനായിരക്കണക്കിന് ആൾനാശം സംഭവിച്ചു. പിടിച്ചടക്കിയ സമ്പത്ത് കൊണ്ടുപോകാനായി 20000 കഴുതകളെ ഹാറൂൺ അൽ റഷീദ് ഉപയോഗിച്ചു. അതെല്ലാം അബ്ബാസിയാ സാമ്രാജ്യത്തിലെത്തിയതോടെ ആയുധങ്ങളുടെയും കുതിരകളുടെയും വില കുത്തനെ ഇടിഞ്ഞു എന്നും അൽ ത്വബരി പറയുന്നുണ്ട്[3].

ഈ സൈനിക വിജയങ്ങളോടെയാണ് അൽ റഷീദ് എന്ന വിശേഷണം ഹാറൂണിന് ലഭിക്കുന്നത്. തുടർന്ന് കിരീടാവകാശിയായി നിയമിക്കപ്പെടുകയും സിറിയ മുതൽ അസർബൈജാൻ വരെയുള്ള പടിഞ്ഞാറൻ മേഖലയുടെ ഉത്തരവാദിത്തം ലഭിക്കുകയും ചെയ്തു.[4]

അധികാരത്തിൽ

[തിരുത്തുക]
അബ്ബാസി ഖിലാഫത്തിന്റെയും പ്രവിശ്യകളുടെയും ഭൂപടം 788-ൽ

786 -ൽ തന്റെ ഇരുപതാം വയസ്സിലാണ് ഹാറൂൺ അൽ റഷീദ് അധികാരമേറ്റത്[5]. മക്കളായ അൽ-മാമുനും അൽ-അമീനും ഹാറൂൺ റഷീദ് അധികാരമേറ്റ അതേ ദിവസമാണ് ജനിച്ചത്. കഴിവുള്ള മന്ത്രിമാരെ നിശ്ചയിച്ചുകൊണ്ട് ഭരണകൂടത്തെ പരിഷ്കരിച്ചുകൊണ്ടാണ് അദ്ദേഹം ഭരണം തുടങ്ങിയത്[6]. ജനങ്ങളിൽ നിന്ന് അനുസരണ പ്രതിജ്ഞ നേറ്റിയ അദ്ദേഹം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി[7][8].

അവലംബം

[തിരുത്തുക]
  1. Assuyuti, Tarikh Al Khulafa
  2. Bobrick 2012, p. 38.
  3. Bobrick 2012, p. 25.
  4. Bobrick 2012, p. 24.
  5. Bobrick 2012, p. 37.
  6. New Arabian nights' entertainments, Volume 3
  7. Bobrick 2012, p. 36.
  8. Bobrick 2012, p. 39.
"https://ml.wikipedia.org/w/index.php?title=ഹാറൂൺ_അൽ_റഷീദ്&oldid=4120613" എന്ന താളിൽനിന്ന് ശേഖരിച്ചത്