ഹെസക്കിയായുടെ തുരങ്കം
ബിസി 701-നടുത്ത് യൂദയായിലെ ഹെസക്കിയാരാജാവിന്റെ കാലത്ത് യെരുശലേമിൽ ദാവീദിന്റെ നഗരത്തിനടിയിലൂടെ 533 മീറ്റർ നീളത്തിൽ നിർമ്മിക്കപ്പെട്ട്, ഇന്നോളം നിലനിൽക്കുന്ന തുരങ്കമാണ് ഹെസക്കിയായുടെ തുരങ്കം അഥവാ സീലോഹാ തുരങ്കം. യെരുശലേം നഗരത്തിന്റെ മുഖ്യജലശ്രോതസ്സായിരുന്ന ഗിഹോൺ അരുവിയിലെ വെള്ളം കെന്ദ്രോൻ സമതലത്തിൽ നിന്ന് ദാവീദിന്റെ നഗരത്തിനുള്ളിലെ സീലോഹാക്കുളത്തിൽ എത്തിച്ച് ഉപരോധാവസരങ്ങളിൽ നഗരത്തിലെ ജലലഭ്യത ഉറപ്പാക്കാൻ വേണ്ടിയായിരുന്നു ഇതു നിർമ്മിച്ചത്.
എബ്രായബൈബിൾ രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ ഈ തുരങ്കം പരാമർശിക്കപ്പെടുന്നു.[1] യെരുശലേമിന്റെ മേൽ അസീറിയയുടെ ആക്രമണം ആസന്നമാണെന്നു കരുതിയ ഹെസക്കിയാ ഗിഹോൺ അരുവിയിലെ വെള്ളം തടഞ്ഞുനിർത്തി പടിഞ്ഞാറ് ദാവീദിന്റെ നഗരത്തിലെത്തിച്ചതായി ബൈബിളിലെ ദിനവൃത്താന്തം രണ്ടാം പുസ്തകത്തിലും പറയുന്നു.[2]
1880-ൽ തുരങ്കത്തിലൂടെ നടന്ന കുട്ടികൾ പ്രാചീന എബ്രായലിപിയിൽ എഴുതപ്പെട്ട ഒരു ലിഖിതം, അതിന്റെ ഭിത്തിയിൽ കണ്ടെത്തി. ഭിത്തിയിൽ നിന്നു വേർപെടുത്തി കടത്തിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ പിന്നീട് പൊട്ടിപ്പോയ ലിഖിതം[3] ഒടുവിൽ തുർക്കിയിലെ ഇസ്താംബുൾ നഗരത്തിൽ എത്തിപ്പെട്ടു. ഇസ്താംബുളിലെ മ്യൂസിയത്തിൽ ഇപ്പോൾ അതു സൂക്ഷിക്കപ്പെട്ടിരിക്കുന്നു. തുരങ്കനിർമ്മിതി അവസാനഘട്ടത്തിന്റെ വിവരണമാണ് ലിഖിതത്തിന്റെ ഉള്ളടക്കം. വിപരീതദിശകളിൽ പാറ തുരന്നു മുന്നേറിയ പണിക്കാർ പണിയുടെ പൂർത്തിയിൽ പരസ്പരം സന്ധിക്കുന്നതിന്റെ ചിത്രമാണത്.
കേടുപാടുകൾ മൂലം വായന എളുപ്പമല്ലാതായിരിക്കുന്ന ലിഖിതത്തിന്റെ ഏകദേശവായന ഈവിധമാണ്:-
“ | തുളക്കലിന്റെ പൂർത്തിയാകൽ: തുളക്കലിന്റെ കഥ ഇതാണ്. കല്ലുപൊട്ടിക്കുന്നവർ അവരുടെ കോടാലികൾ, ഒരോരുത്തനും എതിർദിശയിൽ വീശിക്കൊണ്ടിരുന്നു. തുളച്ചുകയറാൻ മൂന്നു മുഴം മാത്രം ബാക്കി നിൽക്കെ, ഒരാൾ അപരനെ വിളിക്കുന്ന സ്വരം കേട്ടു. എന്തെന്നാൽ വലതുവശത്ത് ഒരു വിടവ് ഉണ്ടായിക്കഴിഞ്ഞിരുന്നു. അങ്ങനെ തുളക്കൽ പൂർത്തിയായ ദിവസം കല്ലുപൊട്ടിച്ചിരുന്ന ഓരോരുത്തനും സ്വന്തം കൂട്ടാളിയേയും, കോടാലി കോടാലിയേയും ചെന്നുമുട്ടി. അപ്പൊൾ അരുവിയിലെ വെള്ളം കുളത്തിലേക്ക് 1200 മുഴം ദൂരം ഒഴുകിയെത്തി. കല്ലുപണിക്കാരുടെ തലക്കു മുകളിൽ പാറയുടെ ഉയരം 100 മുഴമായിരുന്നു[4] | ” |
തുരങ്കത്തിനുള്ളിലെ ലിഖിതത്തിന്റേയും ഭിത്തിയുടെ മിനുക്കലിൽ കാണപ്പെട്ട ജൈവപദാർത്ഥങ്ങളുടേയും സഹായത്തോടെ തുരങ്കത്തിന്റെ കാലം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.[5]
അവലംബം
[തിരുത്തുക]- ↑ രാജാക്കന്മാരുടെ രണ്ടാം പുസ്തകം 20:20
- ↑ ബൈബിൾ: 2 ദിനവൃത്താന്തം 32-ആം അദ്ധ്യായം
- ↑ Siloam Inscription, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം
- ↑ Ancient Israel, A Short History from Abraham to the Roman Destruction of the Temple (പുറങ്ങൾ 133-34)
- ↑ Frumkin, Amos; Shimron, Aryeh (2006). "Tunnel engineering in the Iron Age: Geoarchaeology of the Siloam Tunnel, Jerusalem". Journal of Archaeological Science. 33 (2): 227–237. doi:10.1016/j.jas.2005.07.018.