Jump to content

ഹൈരാപ്പൊലിസിലെ പപ്പിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ പപ്പിയാസ്
ഹൈരാപ്പൊലിസിലെ മെത്രാൻ, രക്തസാക്ഷി, ശ്ലൈഹിക (അപ്പസ്തോലിക) പിതാവ്
ന്യൂറംബർഗ് ക്രോണിക്കിളിൽ നിന്നുള്ള ഒരു ചിത്രീകരണം
വ്യക്തി വിവരങ്ങൾ
ജനനംക്രി.വ.70-നു മുൻപ്,
മരണംക്രി.വ.155-നടുത്ത്
സ്മിർണാ
വിശുദ്ധപദവി
തിരുനാൾ ദിനം22 ഫെബ്രുവരി
വണങ്ങുന്നത്കത്തോലിക്കാ സഭ, കിഴക്കൻ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, കിഴക്കിന്റെ സഭ
വിശുദ്ധപദവി പ്രഖ്യാപനംആദിമകാലത്ത്

ആദ്യകാല ക്രിസ്തീയസഭയിൽ അപ്പസ്തോലിക യുഗത്തിനു തൊട്ടു പിന്നാലെ വന്ന നേതാക്കന്മാരിൽ ഒരാളും ക്രിസ്തീയലേഖകനും ആയിരുന്നു പപ്പിയാസ് (Papias of Hierapolis) (ജനനം: ക്രി.വ.70-നടുത്ത്; മരണം ക്രി.വ. 155-നടുത്ത്). സഭാചരിത്രകാരനായ യൂസീബിയസിന്റെ സാക്ഷ്യം പിന്തുടർന്നാൽ, ആധുനിക തുർക്കിയിലെ പാമുക്കലെയുടെ സ്ഥാനത്തുണ്ടായിരുന്ന പുരാതന ഹൈരാപ്പൊലിസിലെ മെത്രാനായിരുന്നു പപ്പിയാസ്. ഏഷ്യമൈനറിൽ ഫ്രിജിയായിലെ ലൈക്കസ് നദീതടത്തിലുള്ള ഹൈരാപ്പൊലിസ്, ലവുദിക്യായിൽ നിന്ന് 22 മൈൽ അകലെയും കൊളോസോസിനടുത്തും ആയിരുന്നു.

'ലോഗിയാ' എന്നു വിളിക്കപ്പെട്ട വിശുദ്ധ വചനങ്ങൾക്ക് അഞ്ചു വാല്യങ്ങളായി പേപ്പിയസ് എഴുതിയ വ്യഖ്യാനം ലഭ്യമായിരുന്നെങ്കിൽ, യേശുവചനങ്ങളുടെ ആദിമവ്യാഖ്യാനത്തിന്റെ മൗലികസ്രോതസ്സാകുമായിരുന്നു. ഇന്ന്, സഭാപിതാവായ ഐറേനിയസിന്റേയും ആദിമസഭയുടെ ചരിത്രകാരനായ കേസറിയായിലെ യൂസീബിയസിന്റെ സഭാചരിത്രത്തിലേയും ഉദ്ധരണികളിലുള്ള ശകലങ്ങളിൽ മാത്രമാണ് പേപ്പിയസിന്റെ കൃതി അവശേഷിക്കുന്നത്. പേപ്പിയസിന്റെ രചനയ്ക്കു വിഷയമായ യേശുവചനങ്ങളിൽ ചിലതൊക്കെ മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളുടെ ഭാഗമാണ്.

'ലോഗിയാ' സമാഹരണം

[തിരുത്തുക]

എഴുത്തുകാരനെന്ന നിലയിൽ പേപ്പിയസ് പിന്തുടർന്ന വിവരസമാഹരണ രീതി, അദ്ദേഹത്തിന്റെ കൃതിയുടെ ആമുഖത്തിൽ നിന്നു യൂസീബിയസിന്റെ സഭാചരിത്രത്തിൽ ഉദ്ധരിച്ചു ചേർത്തിട്ടുള്ള ഈ ശകലത്തിൽ നിന്നു മനസ്സിലാക്കാം:

മൂപ്പന്മാരിൽ നിന്ന് ശ്രദ്ധയോടെ പഠിച്ച് ഓർമ്മയിൽ സുക്ഷിച്ച കാര്യങ്ങൾ കൂടി നിങ്ങളുടെ പ്രയോജനത്തിനായി എന്റെ വ്യാഖ്യാനത്തോടു ചേർക്കാനും അവയുടെ പരമാർത്ഥം സാക്ഷ്യപ്പെടുത്താനും എനിക്കു മടിയില്ല. എന്തെന്നാൽ, മറ്റു പലരും ചെയ്യാറുള്ളതുപോലെ ഏറെ കാര്യങ്ങൾ പറയുന്നവരുമായോ വിശ്വാസബാഹ്യമായ കാര്യങ്ങൾ പറയുന്നവരുമായൊ അല്ല, വിശ്വാസത്തിനു കർത്താവിൽ നിന്നു ലഭിച്ചവയും സാക്ഷാൽ സത്യത്തിൽ നിന്നു തന്നെ വന്നവയുമായുള്ള കാര്യങ്ങൾ പറയുന്നവരുമായുള്ള സംസർഗത്തിലാണ് ഞാൻ ആനന്ദിച്ചിരുന്നത്. മൂപ്പന്മാരിൽ ആരുടേയെങ്കിലും അനുയായികളെ കാണാൻ ഇടയായാൽ മൂപ്പന്മാരുടെ വാക്കുകളെക്കുറിച്ച് ഞാൻ അവരോട് അന്വേഷിച്ചിരുന്നു: അന്ത്രയോസ് എന്തു പറഞ്ഞു, പത്രോസ് എന്തു പറഞ്ഞു, പീലിപ്പൊസോ തോമായോ യാക്കോബോ യോഹന്നാനോ മത്തായിയോ കർത്താവിന്റെ മറ്റു ശിഷ്യന്മാരിൽ ആരെങ്കിലുമോ എന്തു പറഞ്ഞു എന്നും അരിസ്റ്റനോ യോഹന്നാൻ മൂപ്പനോ[ക] മറ്റു ക്രിസ്തു ശിഷ്യന്മാരോ ഇപ്പോഴും എന്തു പറയുന്നുവെന്നും ഞാൻ അന്വേഷിച്ചിരുന്നു. ഇന്നും ജീവിക്കുകയും നിലനിൽക്കുകയും ചെയ്യുന്നവരുടെ മൊഴികളിൽ നിന്നു കേൾക്കുന്നവയോളം ഗുണപ്രദമായവ പുസ്തകങ്ങളിൽ കണ്ടെത്താനാവില്ലെന്ന് ഞാൻ കരുതി.[1]

മൂപ്പന്മാരിൽ നിന്ന് വാമോഴിയായി കിട്ടിയ അലിഖിതമായ യേശുവചനങ്ങളുടെ ഒരു 'ലോഗിയാ' പാരമ്പര്യമാണ് താൻ രേഖപ്പെടുത്തിയതെന്നാണ് മേലുദ്ധരിച്ച ശകലത്തിൽ പേപ്പിയസ് പറയുന്നത്. ഈ പാരമ്പര്യത്തിന്റെ നിലവിലുള്ളതിൽ ഏറ്റവും പഴയ സാക്ഷിയെന്ന് പണ്ഡിതനായ ഹെൽമുറ്റ് കോസ്റ്റർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.[2]

സുവിശേഷങ്ങളെക്കുറിച്ച്

[തിരുത്തുക]

പുതിയനിയമത്തിലെ ആദ്യത്തെ രണ്ടു സുവിശേഷങ്ങളുടെ ഉത്പത്തിയെക്കുറിച്ച് പേപ്പിയസ് ഈ വിധം രേഖപ്പെടുത്തിയതായി യൂസീബിയസ് പറയുന്നു:

മൂപ്പൻ ഇങ്ങനേയും പറഞ്ഞു: "പത്രോസിന്റെ ദ്വിഭാഷി ആയി പ്രവർത്തിച്ചിരുന്ന മർക്കോസ് തന്റെ ഓർമ്മയിൽ നിന്നതെല്ലാം കൃത്യമായി കുറിച്ചു വച്ചു. എന്നാൽ യേശുവിന്റെ വചനങ്ങളും പ്രവർത്തനങ്ങളും കൃത്യമായ ക്രമത്തിലല്ല അദ്ദേഹം എഴുതിയത്. കാരണം അദ്ദേഹം കർത്താവിനെ ശ്രവിക്കുകയോ അനുഗമിക്കുകയോ ചെയ്തിരുന്നില്ല. ഞാൻ നേരത്തേ പറഞ്ഞതു പൊലെ, അദ്ദേഹം പിന്നീട് പത്രോസിനെ അനുഗമിച്ചു; പത്രോസ് കർത്താവിന്റെ വചനങ്ങൾ ക്രമായി പറയുക എന്ന ലക്ഷ്യത്തോടെയല്ലാതെ, തന്റെ ശ്രോതാക്കളുടെ ആവശ്യാനുസരണം വിവരിച്ചു. അതിനാൽ, താൻ ഓർമ്മിച്ചവിധം അവയെ മർക്കോസ് രേഖപ്പെടുത്തിയതിൽ തെറ്റില്ല. താൻ കേട്ടതൊന്നും വിട്ടുകളയാതിരിക്കാനും അവയോട് ഒന്നും കൂട്ടിച്ചേർക്കാതിരിക്കാനും മർക്കോസ് പ്രത്യേകം ശ്രദ്ധിച്ചു. കർത്താവിന്റെ അരുളപ്പാടുകൾ മത്തായി എബ്രായഭാഷയിൽ സമാഹരിച്ചു. ഓരോരുത്തരും അവയെ തനിക്കാവും വിധം വ്യാഖ്യാനിച്ചു".[1]

മത്തായിയുടെ സുവിശേഷത്തിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടതെന്നാണോ പേപ്പിയസ് പറയുന്നതെന്നു വ്യക്തമല്ല. "എബ്രായഭാഷയിൽ" എന്നതിന് ഗ്രീക്കു ഭാഷയുടെ തന്നെ എബ്രായർക്കിടയിൽ പ്രചാരത്തിലിരുന്ന കൊയ്നേ വകഭേദം എന്ന അർത്ഥമാണുള്ളതെന്നു വാദിക്കപ്പെട്ടിട്ടുണ്ട്. മർക്കോസിന്റേയും മത്തായിയുടേയും സുവിശേഷങ്ങളായി പേപ്പിയസ് അറിഞ്ഞിരുന്ന ലിഖിതങ്ങൾ ആ പേരുകളിൽ ഇന്നറിയപ്പെടുന്ന കാനോനികസുവിശേഷങ്ങൾ തന്നെയോ എന്നും വ്യക്തമല്ല: ഇപ്പോഴുള്ള മത്തായിയുടെ സുവിശേഷം വ്യാഖ്യാനത്തോടു കൂടിയ ഒരു വചനഗ്രന്ഥമല്ല, ജീവിതാഖ്യാനമാണ്.[3]

വിമർശനം

[തിരുത്തുക]

പേപ്പിയസിന്റെ ധിഷണയിൽ യൂസീബിയസിന് വലിയ മതിപ്പൊന്നുമില്ലായിരുന്നു. ഐറേനിയസിനെപ്പോലുള്ളവരെ ഏറെ സ്വാധീനിച്ച തന്റെ രചന വഴി, ഭൂമിയിൽ യേശുവിന്റെ സഹസ്രാബ്ധവാഴ്ചയുടെ സുവർണ്ണയുഗം ആസന്നമാണെന്ന വിശ്വാസം പരത്തുന്നതിൽ പേപ്പിയസ് വഹിച്ച പങ്ക് യൂസീബിയസിന്റെ വിമർശനത്തിനു വിഷയമായി. അപ്പസ്തോലികപാരമ്പര്യത്തിന്റെ പ്രതീകാത്മകഭാഷ മനസ്സിലാക്കാനാവാതെ അതിനെ അക്ഷരാർത്ഥത്തിലെടുത്ത അല്പബുദ്ധിയെന്നു യൂസീബിയസ് പേപ്പിയസിനെ വിളിച്ചു.[1][ഖ]യൂസീബിയസിന്റെ ഈ വിലയിരുത്തലിന്റെ പരമാർത്ഥം അറിയാൻ, പേപ്പിയസിന്റെ കൃതിയുടെ ലഭ്യമായ ശകലങ്ങൾ അപര്യാപ്തമാണ്. ഏതായാലും പേപ്പിയസ് പിന്തുടർന്ന സഹസ്രാബ്ധവാഴ്ചാവാദത്തിന് (millennialism) അപ്പസ്തോലാനന്തരകാലത്ത് പടിഞ്ഞാറൻ അനാതോലിയായിലേയും മറ്റും സഭകളിൽ അക്കാലത്ത് നിലനിന്നിരുന്ന വിശ്വാസത്തിന്റെ ചൈതന്യവുമായി യൂസീബിയസ് കരുതിയിരുന്നതിലും അധികം യോജിപ്പുണ്ടായിരുന്നെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4]

അപ്പസ്തോലിക പാരമ്പര്യത്തെ സ്പർശിച്ചു നിൽക്കുന്ന ഈ സഭാപിതാവിന്റെ വിലപ്പെട്ട രചന പരിരക്ഷിക്കപ്പെടാതിരിക്കാൻ ഇടവരുത്തിയത് അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ ഭാഗമായി കരുതപ്പെടുന്ന സഹസ്രാബ്ധവാഴ്ചാവീക്ഷണമാണെന്ന് (chiliastic view; millennialism) കത്തോലിക്കാവിജ്ഞാനകോശം പറയുന്നു.[5]

കുറിപ്പുകൾ

[തിരുത്തുക]

^ പേപ്പിയസ് ഈ ശകലത്തിൽ രണ്ടു യോഹന്നാന്മാരുടെ കാര്യം പറയുന്നത്, യോഹന്നാന്റെ സുവിശേഷവും വെളിപാടു പുസ്തകവും വ്യത്യസ്തവ്യക്തികളുടെ രചനകളാണെന്ന വാദത്തിനു ബലം നൽകുന്നതായി യൂസെബിയസ് കരുതി.[1]

^ "ബുദ്ധികുറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹമെന്നാണ് പുസ്തകങ്ങളിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്. ഏതായാലും (സഹസ്രാബ്ധവാഴ്ചയുടെ കാര്യത്തിൽ) ഇതേ നിലപാടു പിന്തുടർന്ന ഐറേനിയസ് ഉൾപ്പെടെയുള്ള സഭാംഗങ്ങളെ സ്വാധീനിച്ചത് അദ്ദേഹമായിരുന്നു."[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 കേസറിയായിലെ യൂസീബിയസ്, "ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം" മൂന്നാം പുസ്തകം, 39, ജി.എ. വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ (ഡോർസെറ്റ് പ്രസാധനം, (പുറങ്ങൾ 149-53)
  2. Ancient Christian Gospels (Harrisburg: Trinity Press, 1990), pp. 32f
  3. റെയ്മണ്ട് ഇ ബ്രൗൺ, പുതിയനിയമത്തിന് ഒരാമുഖം (New York: Doubleday, 1997), പുറം 158
  4. See Funk, fragments 6 and 7; translated by Michael W. Holmes in The Apostolic Fathers in English (Grand Rapids: Baker Academic, 2006), p. 314.
  5. "The cause of the loss of this precious work of an Apostolic Father was the chiliastic view which he taught, like St. Justin and St. Irenæus." കത്തോലിക്കാവിജ്ഞാനകോശം, വിശുദ്ധ പേപ്പിയസ്