Jump to content

അഭിനവഗുപ്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abhinavagupta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഭിനവഗുപ്തൻ
ജനനംശങ്കരൻ
ക്രി.വ. 950 ഏകദേശം
കശ്മീർ, ഇന്ത്യ
മരണംക്രി.വ. 1020 ഏകദേശം
മൻഗം, കാശ്മീർ, ഇന്ത്യ
അംഗീകാരമുദ്രകൾകശ്മീര-ശൈവമതത്തില അദ്വൈത ചിന്താധാരയുടെ ഏറ്റവും പ്രധാന വക്താവ്
ഗുരുŚambhunātha, Lakṣmasṇagupta, Bhūtirāja, see masters section
തത്വസംഹിതകശ്മീർ ശൈവമതം

മധ്യകാല ഭാരതത്തിൽ ജീവിച്ചിരുന്ന; താന്ത്രികൻ‍, കവി, ആലങ്കാരികൻ, ദാർശനികനികൻ എന്ന നിലകളിൽ പ്രസിദ്ധനായിരുന്ന ആചാര്യനായിരുന്നു അഭിനവഗുപ്തൻ. ഇദ്ദേഹത്തെ അഭിനവഗുപ്തപാദാചാര്യർ എന്ന് മമ്മടഭട്ടനും അഭിനവഗുപ്താചാര്യപാദർ എന്ന് ജഗന്നാഥനും സ്മരിച്ചിട്ടുണ്ട്. അന്യാദൃശമായ ശൈവമതാവഗാഹത്താൽ മഹാമഹേശ്വരാചാര്യാഭിനവഗുപ്തൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. അഭിനവഗുപ്തൻ എന്നത് ഗുരുക്കന്മാർ നല്കിയ പേരാണ്; യഥാർഥനാമം എന്തെന്ന് നിശ്ചയമില്ല. ബാലവലഭീഭുജംഗം എന്നൊരു ബിരുദം ആചാര്യന്മാർ ഇദ്ദേഹത്തിനു നല്കിയിരുന്നുവെന്നും അഭിനവഗുപ്തപാദൻ എന്നത് അതിന്റെ ഒരു പര്യായമാണെന്നുമുള്ള ഐതിഹ്യം ക്ഷോദക്ഷമമായി തോന്നുന്നില്ല.

പൂർവികർ

[തിരുത്തുക]

അഭിനവഗുപ്തൻ തന്റെ പൂർവികരെയും മാതാപിതാക്കളെയും ബന്ധുക്കളെയും ഗുരുക്കന്മാരെയും സംബന്ധിച്ച് ധാരാളം വിവരങ്ങൾ പല ഗ്രന്ഥങ്ങളിലായി നല്കിയിട്ടുണ്ട്. പരാത്രിംശികാവ്യാഖ്യയുടെയും ഈശ്വരപ്രത്യഭിജ്ഞാവിവൃതിവിമർശനിയുടെയും അവസാനത്തിൽ പൂർവികന്മാരെപ്പറ്റി സംക്ഷിപ്തമായ ഒരു വിവരണം കാണാം. അറിവിൽപ്പെട്ടിട്ടുള്ള ഏറ്റവും അകന്ന പൂർവികനായ അത്രിഗുപ്തൻ, ഗംഗയ്ക്കും യമുനയ്ക്കും ഇടയ്ക്കുള്ള അന്തർവേദി എന്ന സ്ഥലത്ത്, കന്യാകുബ്ജരാജാവായ യശോവർമന്റെ കാലത്തു താമസിച്ചിരുന്നു. മഹാപണ്ഡിതനായിരുന്ന അത്രിഗുപ്തൻ കാശ്മീരരാജാവായ ലളിതാദിത്യന്റെ ക്ഷണം സ്വീകരിച്ച് കാശ്മിരത്തേക്കു പോകുകയും അവിടെ പാർപ്പുറപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ വംശത്തിൽ ജനിച്ച വരാഹഗുപ്തന്റെ പുത്രനായ ചുഖലനാണ് അഭിനവഗുപ്തന്റെ പിതാവ്. നരസിംഹഗുപ്തൻ എന്നായിരുന്നു ചുഖലന്റെ ശരിയായ പേര്. തന്ത്രാലോകത്തിലെ വിമലകലാശ്രയാഭിനവസൃഷ്ടി മഹോഭരിതതനുശ്ച ജനനീ പഞ്ചമുഖഗുപ്തരുചിർ ജനകം എന്ന വാക്യത്തിലെ വിമലകലാജനനീ, പഞ്ചമുഖഗുപ്തജനകഃ എന്നീ വാക്കുകളുടെ ശ്ലീഷ്ടാർഥത്തെ ആശ്രയിച്ചുകൊണ്ട് തന്ത്രാലോക കർത്താവായ ജയരഥൻ അഭിപ്രായപ്പെടുന്നത് അഭിനവഗുപ്തന്റെ മാതൃനാമം വിമല അഥവാ വിമലകല എന്നും പിതൃനാമം നരസിംഹഗുപ്തൻ എന്നും ആയിരുന്നു എന്നാണ്. അഭിനവഗുപ്തന് മനോരഥഗുപ്തൻ എന്നു പേരുള്ള ഒരു കനിഷ്ഠസഹോദരൻ ഉണ്ടായിരുന്നു. താൻ പരാത്രിംശികയ്ക്ക് വ്യാഖ്യാനം എഴുതിയത് ഈ സഹോദരനും കാശ്മീരരാജസചിവനായ വല്ലഭന്റെ പുത്രൻ കർണനും തർക്കവ്യാകരണമീമാംസാനിഷ്ണാതനായ ഒരു രാമദേവനും വേണ്ടിയാണെന്ന് അഭിനവഗുപ്തൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹം കർണൻ, മന്ദ്രൻ എന്നീ ശിഷ്യന്മാരുടെ നിരന്തരാഭ്യർഥന നിമിത്തമാണ് മാലിനീവിജയവാർത്തികം എഴുതിയത്. ഇദ്ദേഹത്തിന്റെ അഭിനവഭാരതി എന്ന കൃതിയിൽ വാമനഗുപ്തൻ എന്നൊരു മാതുലനെയും യശോരാഗൻ എന്ന പേരിൽ പിതാവിന്റെ മാതാമഹനായ ഒരു പണ്ഡിതനെയും പറ്റി പ്രസ്താവിക്കുന്നുണ്ട്.

കുശാഗ്രബുദ്ധിയും സർവജ്ഞനുമായ ഒരു അസാധാരണ വ്യക്തിയായിരുന്നു അഭിനവഗുപ്തൻ. ഇദ്ദേഹം ആജീവനാന്തം ബ്രഹ്മചാരിയും ശിവഭക്തനും ആയിരുന്നു; അനേകം ഗുരുക്കന്മാരുടെ അടുക്കൽനിന്നും നാനാവിഷയങ്ങളിൽ വിജ്ഞാനം നേടിയിരുന്നു. ഈശ്വരപ്രത്യഭിജ്ഞാവിവൃതി വിമർശനിയിലെ

എന്ന പ്രസ്താവന നോക്കുക. തനിക്ക് വിജ്ഞാനദാനം ചെയ്ത ഇരുപതോളം ആചാര്യന്മാരെ ഇദ്ദേഹം സ്മരിച്ചിട്ടുണ്ട്. അവരിൽ നരസിംഹഗുപ്തൻ വ്യാകരണവും വ്യോമനാഥർ ദ്വൈതാദ്വൈതവേദാന്തവും ഭൂതിരാജൻ ബ്രഹ്മവിദ്യയും ഭൂതിരാജതനയൻ ദ്വൈതവേദാന്തവും ലക്ഷ്മണഗുപ്തൻ പ്രത്യഭിജ്ഞാദർശനവും, ഇന്ദുരാജൻ ധ്വനിസിദ്ധാന്തവും ഭട്ടതൌതൻ നാട്യശാസ്ത്രവും പഠിപ്പിച്ചവരാണ്.

നാലു വിഭാഗങ്ങളിലായി നാല്പതോളം ഗ്രന്ഥങ്ങൾ

[തിരുത്തുക]

വിവിധ വിഷയകമായി നാല്പതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് അഭിനവഗുപ്തൻ. പ്രധാനമായി നാലു വിഭാഗത്തിൽ അവയെ ഉൾപ്പെടുത്താം.

തന്ത്രം

[തിരുത്തുക]

തന്ത്രാലോകം ആണ് ഈ വിഭാഗത്തിലെ ഏറ്റവും ബൃഹത്തായ കൃതി. മാലിനീവിജയവാർത്തികം, പരാത്രിംശികാവിവരണം, തന്ത്രാലോകസാരം എന്നിവയാണ് എണ്ണപ്പെട്ട മറ്റു സംഭാവനകൾ.

സ്തോത്രം

[തിരുത്തുക]

ഭൈരവസ്തവം, ക്രമസ്തോത്രം, ബോധപഞ്ചദശിക എന്നിവ ഈ വകുപ്പിൽ പ്രത്യേകം പ്രസ്താവം അർഹിക്കുന്നു.

അലങ്കാരശാസ്ത്രവും നാട്യശാസ്ത്രവും

[തിരുത്തുക]

ഇവയിൽ ആദ്യത്തെ ശാഖയിൽ ലോചനവും രണ്ടാമത്തെ ശാഖയിൽ അഭിനവഭാരതിയും പ്രാതഃസ്മരണീയങ്ങളായ കൃതികളാണ്. നിരൂപണപരമായ അന്തർദൃഷ്ടിയുടെയും സാഹിത്യചാരുതയുടെയും ശൈലീസൌഭാഗ്യത്തിന്റെയും ശാശ്വതസ്മാരകങ്ങളാണ് ഇവ. മഹിമഭട്ടനൊഴികെ ഈ വിഷയങ്ങളെ അധികരിച്ച് പില്ക്കാലം എഴുതിയ ആലങ്കാരികന്മാരെല്ലാം അഭിനവഗുപ്തന്റെ ചുവടുപിടിച്ചുപോയിട്ടേ ഉള്ളൂ.

രസാസ്വാദനത്തിലെ മാനസികപ്രക്രിയകളെ സസൂക്ഷ്മം വിശകലനം ചെയ്ത്, രസധ്വനികളെ യഥോചിതം ഉദ്ഗ്രഥിച്ച് ഔചിത്യസിദ്ധാന്തവുമായി സംയോജിപ്പിച്ചു എന്നതാണ് സംസ്കൃത നിരൂപണരംഗത്ത് ഇദ്ദേഹം ചെയ്ത പ്രധാന സംഭാവന. കാവ്യനാടകാദികളുടെ ധ്വനന ശക്തിയാണ് ഇദ്ദേഹത്തിന്റെ രസസിദ്ധാന്തത്തിനാധാരം. നാട്യശാസ്ത്രം അഭിനവഗുപ്തൻ വ്യാഖ്യാനിച്ചിരുന്നില്ലെങ്കിൽ പ്രസ്തുത കലയെ സംബന്ധിച്ചുള്ള ഭാരതീയ സിദ്ധാന്തങ്ങൾ അപ്രചരിതങ്ങളായി അവശേഷിച്ചേനേ.

പ്രത്യഭിജ്ഞാശാസ്ത്രം

[തിരുത്തുക]

കാശ്മീരത്തെ അദ്വൈതമതദർശനത്തെ സംബന്ധിക്കുന്ന ഈ വിഭാഗത്തിൽ ഈശ്വരപ്രത്യഭിജ്ഞാവിമർശനി (ലഘുവൃത്തി), ഈശ്വരപ്രത്യഭിജ്ഞാവിവൃതി എന്നിവ ഇദ്ദേഹത്തിന്റെ അനശ്വരങ്ങളായ സംഭാവനകളാണ്. ഉല്പലദേവന്റെ പ്രത്യഭിജ്ഞാകാരികയുടെ വിമർശനമാണ് ആദ്യത്തേത്; രണ്ടാമത്തേത് ഇദ്ദേഹം തന്നെ പ്രത്യഭിജ്ഞാകാരികയ്ക്കെഴുതിയ ടീകയുടെ വിമർശനവും. ഈശ്വരപ്രത്യഭിജ്ഞാവിമർശനിയിൽ തന്റെ ദാർശനിക ഗുരുപരമ്പരയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു: ത്രയബകനാണ്, ഈ ദർശനത്തിന്റെ സ്ഥാപകൻ. ഇദ്ദേഹത്തിന്റെ വംശജനായ സോമാനന്ദനാഥൻ, തന്റെ ദർശനപദ്ധതിയെ ശിവദൃഷ്ടി എന്ന പേരിൽ പ്രകാശിപ്പിച്ചു. സോമാനന്ദശിഷ്യനായ ഉല്പലൻ പ്രത്യഭിജ്ഞാസൂത്രം 190 കാരികകളിൽ നിർമിച്ചു; ഇദ്ദേഹം തന്നെ അതിന് വൃത്തിയും ടീകയും എഴുതി. ഉല്പലന്റെ ശിഷ്യനായ ലക്ഷ്മണഗുപ്തനാണ് അഭിനവഗുപ്തന്റെ ഗുരു. മാലിനീവിജയവാർത്തികത്തിൽ അഭിനവഗുപ്തൻ തന്റെ ഗുരുവിനെ,

എന്നിങ്ങനെ ശ്ളാഘിച്ചിരിക്കുന്നു.

തന്റെ അതിവ്യഗ്രമായ ജ്ഞാനാന്വേഷണത്തിൽ താർക്കികൻമാരെയും ശ്രൌതന്മാരെയും ആർഹതന്മാരെയും ബൌദ്ധന്മാരെയും വൈഷ്ണവൻമാരെയും ഇദ്ദേഹം ആശ്രയിക്കുകയുണ്ടായി.

എന്ന തന്ത്രാലോകപ്രസ്താവം നോക്കുക. യോഗാനുഷ്ഠാനംകൊണ്ട് ഇദ്ദേഹം ശിവനെ സാക്ഷാത്കരിച്ചിരിക്കുന്നുവത്രേ. ശിവസ്മൃതികൃതാർഥനായശേഷവും തന്റെ ദർശനത്തെ പ്രകാശിപ്പിക്കാൻ ഒരുങ്ങിയത് പരോപകാരാർഥമാണ്. സുഗമവും നവീനവുമായ തന്റെ മാർഗ്ഗത്തിൽ കാലൂന്നുന്നവൻ ദോഷനിർമുക്തനായി ശിവൈക്യം പ്രാപിക്കുമെന്ന് പ്രത്യഭിജ്ഞാവിവൃതിവിമർശനിയിൽ പറഞ്ഞിരിക്കുന്നു:

ആധ്യാത്മികമായ ഔന്നത്യത്തിൽ എത്തിയ ഒരാൾക്ക് അഭിനവഗുപ്തന്റെ അഭിപ്രായത്തിൽ അഞ്ചു ലക്ഷണങ്ങളുണ്ട്:

  1. സുനിശ്ചലമായ രുദ്രഭക്തി,
  2. മന്ത്രസിദ്ധി,
  3. സർവതത്ത്വവശിത്വം,
  4. കൃത്യസമ്പത്ത് (അതായത് പ്രാരബ്ധകാര്യ നിഷ്പത്തി),
  5. കവിത്വവും സർവശാസ്ത്രാർഥവേത്തൃത്വവും.

ഈ അഞ്ചു ലക്ഷണങ്ങളും ഇദ്ദേഹത്തിൽതന്നെ സമഞ്ജസമായി സമ്മേളിച്ചിരുന്നു. താൻ വെളിപ്പെടുത്തിയ പ്രത്യഭിജ്ഞാദർശനം ജാതിയുടെയോ അതുപോലെ മറ്റെന്തിന്റെയെങ്കിലുമോ അപേക്ഷ കൂടാതെ സകല മനുഷ്യരുടെയും നന്മയെ ഉദ്ദേശിച്ചുള്ളതാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. യസ്യകസ്യചിജ്ജന്തോരിതിനാത്ര ജാത്യാദ്യപേക്ഷാ കാചിൽ ഇതി സർവോപകാരിത്വമുക്തം (ഈശ്വരപ്രത്യഭിജ്ഞാവിവൃതി).

പ്രധാനകൃതികൾ

[തിരുത്തുക]

അഭിനവഗുപ്തന്റെ പ്രധാനപ്പെട്ട കൃതികളിലധികവും വ്യാഖ്യാനരൂപത്തിലുള്ളവയാണ്. നാട്യശാസ്ത്രം, ധ്വന്യാലോകം, ഈശ്വരപ്രത്യഭിജ്ഞാവിവൃതി എന്നീ പ്രൌഢഗ്രന്ഥങ്ങളുടെ അന്തസ്സാരം ശരിക്കു മനസ്സിലാക്കാൻ അഭിനവഗുപ്തന്റെ വ്യാഖ്യാനങ്ങളെ ശരണം പ്രാപിക്കാതെ നിവൃത്തിയില്ല. ഘടകർപ്പരകാവ്യത്തിന് ഘടകർപ്പരകളകവിവൃതി എന്നൊരു വ്യാഖ്യാനവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

അഭിനവഗുപ്തന്റെ ചരമഗീതിയെപ്പറ്റി കാശ്മീരത്തിൽ പ്രചാരമുള്ള ഒരു ഐതിഹ്യം, ഇദ്ദേഹം 1200 ശിഷ്യന്മാരോടൊന്നിച്ച് ശ്രീനഗറിനു 13 മൈൽ തെക്കുപടിഞ്ഞാറുള്ള ഒരു ഭൈരവഗുഹയിൽ ഭൈരവസ്തോത്രം ചൊല്ലിക്കൊണ്ടു പ്രവേശിക്കയും അവിടെ സമാധിയടയുകയും ചെയ്തു എന്നാണ്.

കാലനിർണയം

[തിരുത്തുക]

ഈ മഹാപുരുഷന്റെ കാലനിർണയനത്തിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. ഈശ്വരപ്രത്യഭിജ്ഞാവിവൃതിവിമർശനിയിൽ അതു നിർമിച്ച ആണ്ട് ലൌകികവർഷം 90 (എ.ഡി. 1014-15) എന്നു സൂചനയുണ്ട്. ഇതുപോലെ ഭൈരവസ്തവത്തിന്റെ നിർമിതി ലൌകികവർഷം 68-ൽ (എ.ഡി. 992-3) ആണെന്നും ക്രമസ്തോത്രത്തിന്റെ നിർമിതി ലൌകികവർഷം 66-ൽ (എ.ഡി. 990-91) ആണെന്നും അതതു ഗ്രന്ഥങ്ങളിൽ സൂചനകാണാം. ഈ മൂന്നു തീയതികളും എ.ഡി. 990-91 മുതൽ 1014-15 വരെ വ്യാപിച്ചുകിടക്കുന്നു. ലോചനത്തിനുമുൻപും പിൻപുമായി ബൃഹത്പരിമാണങ്ങളായ തന്ത്രാലോകം, അഭിനവഭാരതി എന്നീ ഗ്രന്ഥങ്ങൾക്കു പുറമേ വേറെയും പല ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാഹിത്യശ്രമങ്ങൾ 35 മുതൽ 40 വരെ വർഷങ്ങൾ നീണ്ടുനിന്നിരുന്നുവെന്നു വിചാരിക്കാം; അതായത് 980 മുതൽ 1020 വരെ. ആദ്യകൃതികൾ (തന്ത്രാലോകം ഉൾപ്പെടെ) 30 വയസ്സായശേഷം നിർമിച്ചവയാണെന്നു സങ്കല്പിക്കാമെങ്കിൽ ഇദ്ദേഹത്തിന്റെ ജനനം എ.ഡി. 950-നോടടുപ്പിച്ചാവണം. ഈ അനുമാനത്തെ സ്ഥിരീകരിക്കുന്ന തെളിവുകൾ വേറെയുണ്ട്. എ.ഡി. 948-ൽ മരിച്ച യശസ്കരന്റെ മന്ത്രിയുടെ പുത്രനായ കർണനുവേണ്ടിയാണ് അഭിനവഗുപ്തൻ പരാത്രിംശികയ്ക്ക് വ്യാഖ്യാനം എഴുതിയത്. തന്ത്രസിദ്ധാന്തം ഗ്രഹിക്കുവാൻ കർണന് അക്കാലത്തു 25-30 വയസ്സ് പ്രായം കാണണം.

കർണന്റെ ജനനം 960-നോടടുപ്പിച്ചാണെന്നു ന്യായമായി അനുമാനിക്കാം. അപ്പോൾ പരാത്രിംശികാവിവരണത്തിന്റെ നിർമിതി എ.ഡി. 980-നോടടുപ്പിച്ചാണെന്ന് സിദ്ധിക്കും. ക്ഷേമേന്ദ്രൻ തന്റെ ബൃഹത്കഥാമഞ്ജരിയുടെ അവസാനം പറയുന്നുണ്ട്, താൻ സാഹിത്യം പഠിച്ചത് അഭിനവഗുപ്തനിൽ നിന്നാണെന്ന്:

ക്ഷേമേന്ദ്രന്റെ സാഹിത്യപ്രവർത്തനം എ.ഡി. 1030-നും 1070-നും ഇടയ്ക്കാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇദ്ദേഹം അഭിനവഗുപ്തനുമായി സമ്പർക്കത്തിൽ വരുന്നത് അഭിനവഗുപ്തന്റെ അന്ത്യകാലത്തോടടുപ്പിച്ചാവണം. ആകെക്കൂടി നോക്കിയാൽ അഭിനവഗുപ്തന്റെ ജീവിതകാലം സാമാന്യമായി എ.ഡി. 950-നും 1020-നും ഇടയ്ക്കാണെന്ന് അനുമാനിക്കുന്നതിൽ അപാകതയില്ല.

സ്രോതസ്സുകൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിനവഗുപ്തൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിനവഗുപ്തൻ&oldid=3623358" എന്ന താളിൽനിന്ന് ശേഖരിച്ചത്