Jump to content

അഗത സാങ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agatha Sangma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗത സാങ്മ
ലോക്സഭാംഗം
ഓഫീസിൽ
2019, 2009, 2008-2009
മണ്ഡലംടൂറ
സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി(ഗ്രാമവികസനം)
ഓഫീസിൽ
2009-2012
പ്രധാനമന്ത്രിഡോ. മൻമോഹൻ സിംഗ്
പിൻഗാമിസൂര്യകാന്ത പാട്ടീൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1980-07-24) 24 ജൂലൈ 1980  (44 വയസ്സ്)
വെസ്റ്റ് ഗാരോ ഹിൽസ്, മേഘാലയ
രാഷ്ട്രീയ കക്ഷി
  • നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടി (2012-തുടരുന്നു)
  • എൻ.സി.പി (2012-വരെ)
പങ്കാളിഡോ.പാട്രിക് റോംഗ്മ മറക്
As of 12 ജൂലൈ, 2023
ഉറവിടം: ഇലക്ഷൻസ്.ഇൻ

2019 മുതൽ 2024 വരെ മേഘാലയിലെ ടൂറ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു അഗത സാംഗ്മ. മുതിർന്ന എൻ.പി.പി നേതാവും മുൻ ലോക്സഭ സ്പീക്കറുമായിരുന്ന പി.എ.സാംഗ്മയുടെ മകളും മേഘാലയ മുഖ്യമന്ത്രിയായി തുടരുന്ന കോൺറാഡ് സാംഗ്മയുടെ സഹോദരിയുമാണ് അഗത സാംഗ്മ.(ജനനം : 24 ജൂലൈ 1980) മൻമോഹൻ സിംഗ് നയിച്ച 2009-ലെ രണ്ടാം യു.പി.എ സർക്കാരിൽ 29-മത്തെ വയസിൽ ആദ്യമായി കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അഗത ഈ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ്.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

മുൻ ലോക്സഭ സ്പീക്കറായിരുന്ന പി.എ.സാംഗ്മയുടേയും സോറാദിനിയുടേയും മകളായി 1980 ജൂലൈ 24ന് മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൂനൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി പഠനം പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

2008-ൽ ലോക്സഭാംഗമായിരുന്ന പിതാവ് പി.എ.സാംഗ്മ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ലോക്സഭാംഗത്വം രാജിവച്ചതിനെ തുടർന്ന് നടന്ന ഉപ-തിരഞ്ഞെടുപ്പിൽ ടൂറ മണ്ഡലത്തിൽ ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വീണ്ടും ടൂറയിൽ നിന്ന് തന്നെ മത്സരിച്ചു വിജയിച്ചു. 2009-ൽ 29-മത്തെ വയസിൽ ആദ്യമായി സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വടക്കു കിഴക്കൻ സംസ്ഥാനത്ത് നിന്ന് കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ് അഗത. ആസാമിൽ നിന്നുള്ള രേണുകദേവി ബർകടകിയാണ് ആദ്യമായി ഈ സ്ഥാനത്ത് എത്തിയത്.

2012-ൽ നടന്ന കേന്ദ്രമന്ത്രിസഭ പുന:സംഘടനയിൽ ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് എൻ.സി.പി വിട്ടു. 2012-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ സമ്മതമില്ലാതെ വിമത സ്ഥാനാർത്ഥിയായ പിതാവ് പി.എ.സാംഗ്മയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് അഗത എൻ.സി.പിയിൽ നിന്ന് വിമർശനം നേരിട്ടു. ഒടുവിൽ മുതിർന്ന എൻ.സി.പി നേതാവ് ശരദ് പവാർ സാംഗ്മയെയും മകളെയും എൻ.സി.പിയിൽ നിന്ന് പുറത്താക്കി. 2012-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ യു.പി.എ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രണബ് മുഖർജിയാണ് വിജയിച്ചത്. എൻ.സി.പി അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും പ്രണബിന് അനുകൂലമായി.

2012-ൽ പി.എ.സാംഗ്മ നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടി അഥവാ എൻ.പി.പി രൂപീകരിച്ചു. 2017-ലെ മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.പി.പി ടിക്കറ്റിൽ നിന്നും സൗത്ത് ടൂറ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായെങ്കിലും സഹോദരനായ കോൺറാഡ് സാംഗ്മയ്ക്ക് ഉപ-തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി നിയമസഭാംഗത്വം രാജിവച്ചു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ടൂറ മണ്ഡലത്തിൽ നിന്ന് വിജയിച്ച് മൂന്നാം തവണയും ലോക്സഭയിലെത്തി.[5]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഗത_സാങ്മ&oldid=4089908" എന്ന താളിൽനിന്ന് ശേഖരിച്ചത്