Jump to content

അമാൽഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amalgam (chemistry) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമാൽഗം പരീക്ഷണം

രസം (mercury) പ്രധാനഘടകമായുള്ള മിശ്രലോഹത്തെയാണ് അമാൽഗം എന്നുപരയുന്നത്. സിൽവർ അമാൽഗം, ഗോൾഡ് അമാൽഗം, സോഡിയം അമാൽഗം എന്നിവ ഉദാഹരണങ്ങൾ. വെള്ളിയുടെയും സ്വർണത്തിന്റെയും അമാൽഗങ്ങൾ ചെറിയ തോതിൽ പ്രകൃതിയിൽ സ്ഥിതിചെയ്യുന്നുണ്ട്. ബവേറിയയിലെ ചില രസഖനികളിൽ 36 ശതമാനം വെള്ളിയും 46 ശതമാനം രസവും അടങ്ങുന്ന ക്രിസ്റ്റലാകൃതിയുള്ള സിൽവർ അമാൽഗം കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലെ പ്ലാറ്റിനം മേഖലകളിൽ ഗോൾഡ് അമാൽഗം കണ്ടുകിട്ടിയിട്ടുണ്ട്. അമാൽഗങ്ങളെ കൃത്രിമമായി നിർമ്മിക്കാൻ നാലു പ്രധാന മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

  1. ലോഹത്തെയും രസത്തെയും ഗാഡസമ്പർക്കത്തിനു വിധേയമാക്കുക. സ്വർണം, വെള്ളി, ആർസനിക്, കാഡ്മിയം, സോഡിയം എന്നീ ലോഹങ്ങളുടെ അമാൽഗം ഇങ്ങനെ ലഭ്യമാക്കാം.
  2. ലോഹത്തെ മെർക്കുറി ലവണലായനിയിൽ മുക്കിയിടുക. ചെമ്പ്, സ്വർണം, പ്ളാറ്റിനം എന്നിവയുടെ അമാൽഗം ഇപ്രകാരം നിർമ്മിക്കാം.
  3. ലോഹത്തെ കാഥോഡ് ആക്കിവച്ച് മെർക്കുറി ലവണലായനിയെ വൈദ്യുത വിശ്ളേഷണ വിധേയമാക്കുക.
  4. ലോഹലവണലായനിയെ രസവുമായി സമ്പർക്കത്തിലാക്കിവയ്ക്കുക.

അമാൽഗങ്ങൾ ഉണ്ടാകുമ്പോൾ സാമാന്യേന താപീയവ്യതിയാനങ്ങൾ ഗണ്യമായ തോതിലുണ്ടാവുകയില്ല. എങ്കിലും സോഡിയം, പൊട്ടാസ്യം എന്നിവയുടെ അമാൽഗങ്ങൾ ഉണ്ടാകുമ്പോൾ താപം ഉൻമുക്തമാകുന്നു; ബിസ്മത്ത്, ലെഡ് എന്നിങ്ങനെ ചില ലോഹങ്ങളുടെ കാര്യത്തിൽ താപം അവശോഷിത (absorbed)മാകുന്നു. താപം വർധിപ്പിച്ചും മർദനത്തിനു വിധേയമാക്കിയും അമാൽഗങ്ങളിൽനിന്നും മെർക്കുറി നീക്കം ചെയ്യാം.

രസത്തിന് സ്വർണത്തോടും വെള്ളിയോടും ബന്ധുത (affinity) കൂടുതലാണ്. ആകയാൽ അവയുടെ അമാൽഗങ്ങൾ എളുപ്പത്തിൽ ഉണ്ടാകുന്നു. ഈ സവിശേഷതയുപയോഗിച്ച് ചരൽ, ശിലാശകലങ്ങൾ എന്നിവയിൽനിന്ന് സ്വർണം എളുപ്പത്തിൽ വീണ്ടെടുക്കാവുന്നതാണ്. സ്വർണനിഷ്കർഷണ വിദ്യകളിൽ അമാൽഗന പ്രക്രിയയും ഉൾപ്പെടുന്നു. സ്വർണത്തിന്റെ അമാൽഗം സ്വർണം പൂശലിനും വെള്ളിയുടെ അമാൽഗം വെള്ളി പൂശലിനും ഉപയോഗിക്കാം. കണ്ണാടിയിൽ രസം പൂശുന്നതിന് വെള്ളി അമാൽഗം പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്നു. കേടുവന്ന പല്ലുകളുടെ പോട് അടയ്ക്കുന്നതിന് സിൽവർ, ടിൻ എന്നിവയുടെ അമാൽഗങ്ങൾ ഉപയോഗിക്കാറുണ്ട്.

മാംഗനീസ്, ചെമ്പ്, സിങ്ക് എന്നിവയൊഴിച്ചുള്ള ആദ്യവരി സംക്രമണമൂലകങ്ങളുടെ രസത്തിലെ ലേയത്വം വളരെ കുറവാണ്. ടാന്റലം, പ്ലാറ്റിനം എന്നീ ലോഹങ്ങളുടെ ലേയത്വവും താരതമ്യേന കുറവാണ്. രസത്തിലെ ലേയത്വം വളരെ കുറവും, താപനിലക്കനുസരിച്ച് ലേയത്വത്തിനു വ്യതിയാനം വരാതെയുമുള്ള മൂലകമാണ് ഇരുമ്പ്. അതുകൊണ്ടുതന്നെ പഴയകാലം മുതൽക്കേ ഇരുമ്പുകുപ്പികളിലാണ് രസത്തിന്റെ ക്രയവിക്രയം നടത്താറ്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമാൽഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമാൽഗം&oldid=3518947" എന്ന താളിൽനിന്ന് ശേഖരിച്ചത്