Jump to content

നരവംശശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anthropology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യവംശത്തെ സംബന്ധിച്ചുള്ള പഠനം.അനന്തമായ അന്വേഷണ ത്വര മനുഷ്യന്റെ പ്രത്യേകതയാണ്. മനുഷ്യനെ കുറിച്ചുള്ള ശാസ്ത്രീയമായ ഏത് അന്വേഷണവും നരവംശ ശാസ്ത്രമാണ്. എന്നാൽ ചരിത്രം, രാഷ്ട്രമീമാംസ, തത്ത്വചിന്ത,സാഹിത്യം, ജീവശാസ്ത്രം തുടങ്ങി അനേകം വിഷയങ്ങൾ മനുഷ്യനെ കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിൽ എർപെടിരികുന്നു. എന്നാൽ ഇവയൊക്കെ മനുഷ്യനുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് മാത്രം പഠനം നടത്തുമ്പോൾ, നരവംശ ശാസ്ത്രം മനുഷ്യനെ സമഗ്രമായി കണ്ടു കൊണ്ട് പഠനം നടത്തുന്നു എന്നതാണ് നരവംശ ശാസ്ത്രത്തെ മറ്റു അന്വേഷണങ്ങളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്. അതുകൊണ്ട് തന്നെ നരവംശ ശാസ്ത്രം മനുഷ്യനെ ജീവശാസ്ത്രപരമായും(Biological/Physical Anthropology), സാമൂഹിക- സാംസ്കാരികമായും(Social/Cultural Anthropology), ഭാഷാശാസ്ത്രപരമായും (Linguistic Anthropology), പ്രാചീനചരിത്രപരമായുമൊക്കെ (Archaeological Anthropology) പഠനം നടത്തുന്നു. മനുഷ്യരാശിയുടെ ഉദ്ഭവം, സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ആവിർഭാവം എന്നിവ മുതൽ വിവിധ ചരിത്രഘട്ടങ്ങളിലൂടെയുള്ള വികാസപരിണാമമാണ് നരവംശശാസ്ത്രത്തിന്റെ വിഷയം. ആന്ത്രപ്പോളജി എന്ന പദം ഉണ്ടായത് ആന്ത്രോപ്പോസ് (മനുഷ്യന്)ലോഗോസ് (പഠനം) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. അരിസ്റ്റൊട്ടിൽ ആണ് ആദ്യമായി അന്ത്രോപോളജി എന്നാ വാക്ക് ഉപയോഗിച്ചത്.ഇന്ത്യൻ നരവംശ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് എസ് . സി . റോയി യെ ആണ്. ഡോ.എ. അയ്യപ്പൻ, എൽ. കെ . അനന്ത കൃഷ്ണ അയ്യർ ,ഡോ.പി.ആർ.ജി മാത്തൂർ,ഡോ.ബി.ആനന്ദഭാനു,ഡോ.വിനീതാ മേനോൻ തുടങ്ങിയവർ കേരളത്തിലെ അറിയപ്പെടുന്ന നരവംശശാസ്ത്രജ്ഞൻമാരാണ്.കേരളത്തിൽ, കണ്ണൂർ സർവ്വകലാശാലയിൽ നരവംശശാസ്ത്രം ബിരുദാനന്തര ബിരുദ തലത്തിലും, വിദൂര പഠന വിഭാഗത്തിൽ ബിരുദ തലത്തിലും കോഴ്സ് നിലവിലുണ്ട്.കൂടാതെ ഹയർ സെക്കണ്ടറി തലത്തിൽ ഹ്യുമനിറ്റീസ് വിഭാഗത്തിൽ നരവംശ ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട്. നരവംശ ശാസ്ത്രം എന്നതിന് പകരം മാനവ ശാസ്ത്രം എന്ന മലയാള പദം ഉപയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നരവംശ ശാസ്ത്ര വിശാരദന്മാർകിടയിൽ ഇന്ന് സജീവമായി നടക്കുകയാണ്.

മനുഷ്യന്റെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ പരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കപ്പെട്ട പത്തൊൻപതാം ശതകത്തിലാണ്, ഒരു വിജ്ഞാനശാഖയെന്നനിലയ്ക്ക് നരവംശശാസ്ത്രം വികസിക്കുന്നത്. യൂറോപ്യൻ കൊളോണിയൽ വികസനവുമായി ഈ വിജ്ഞാനശാഖയ്ക്ക് ഗാഢമായ ബന്ധമുണ്ട്. കാരണം, തങ്ങളുടെ കോളോണിയൽ സാമ്പത്തിക രാഷ്ട്രീയാധിനിവേശത്തിന്റെ ഭാഗമായി വിദൂരരാജ്യങ്ങളിലെത്തിച്ചേർന്ന യൂറോപ്യന്മാർക്ക് തികച്ചും അപരിചിതമായ ജനസമൂഹങ്ങളെയും ജീവിതരീതികളെയും സംസ്കാരങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നു. ഇങ്ങനെ അഭിമുഖീകരിക്കേണ്ടിവന്ന അന്യജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും യൂറോപ്യന്മാർ 'പ്രാകൃതസമൂഹങ്ങൾ', 'അപരിഷ്കൃതസമൂഹങ്ങൾ' എന്ന് നിർവചിക്കുകയാണുണ്ടായത്. യൂറോപ്പിന്റെ സംസ്കാരത്തെ മികച്ചതും ഉത്തമവുമായി കാണുന്ന ഒരു യൂറോകേന്ദ്രിതവാദമാണ് മിക്ക യൂറോപ്യൻ നിരീക്ഷകരെയും നയിച്ചത്. ഇത്തരമൊരു യൂറോകേന്ദ്രിത സമീപനത്തിലൂടെയാണ് ആദ്യകാല നരവംശ ഗവേഷകർ യൂറോപ്പിതര ജനങ്ങളെയും സംസ്കാരങ്ങളെയും അപഗ്രഥിക്കാൻ ശ്രമിച്ചത്. യൂറോപ്പിന്റെ പൂർവകാലം എങ്ങനെയായിരുന്നു, പ്രാകൃതവും ലളിതവുമായ സംസ്കാരങ്ങളിൽനിന്നു യൂറോപ്പിന്റേതുപോലെയുള്ള വികസിത സംസ്കാരങ്ങളിലേക്കുള്ള വികാസം എങ്ങനെയുണ്ടായി തുടങ്ങിയ കാര്യങ്ങളായിരുന്നു ഈ ആദ്യകാല നരവംശചിന്തകരെ ആകർഷിച്ചത്. പത്തൊൻപതാം ശതകത്തിലുണ്ടായ പുരാവസ്തുകണ്ടെത്തലുകൾ നരവംശശാസ്ത്രത്തിന്റെ വികാസത്തിനു പ്രചോദനമായിട്ടുണ്ട്. ഫോസിലുകൾ, പ്രാചീന ഉപകരണങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ ഖനനത്തിലൂടെ കണ്ടെത്തിയതോടെ, മനുഷ്യവംശത്തിന്റെ ആവിർഭാവചരിത്രത്തിന് ബൈബിളിലെ ഉത്പത്തികഥയെക്കാൾ പഴക്കമുണ്ടെന്ന് അംഗീകരിക്കപ്പെട്ടു. സാങ്കേതികവികാസത്തിന്റെ മൂന്നു അതിദീർഘ ഘട്ടങ്ങളിലൂടെ കടന്നിട്ടാണ് യൂറോപ്പിന്റെ ശാസ്ത്ര-സാങ്കേതികവികാസത്തിന്റെ വർത്തമാന യുഗത്തിലെത്തിയതാണെന്ന് 1836-ൽ ഡാനിഷ് പുരാവസ്തു ഗവേഷകനായ ക്രിസ്ത്യൻ തോംസൺ സിദ്ധാന്തിക്കുകയുണ്ടായി. ഈ മൂന്ന് സാങ്കേതിക യുഗങ്ങളെ അദ്ദേഹം ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്ന് നിർവചിച്ചു. സ്കോട്ടിഷ് ഭൌമശാസ്ത്രജ്ഞനായ സർ ചാൾസ് ലയലും (Sir Charles Lyell) ഈ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്ന കണ്ടെത്തലുകൾ ഇക്കാലത്ത് നടത്തുകയുണ്ടായി. ഭൂമിക്കു വളരെയേറെ പഴക്കമുണ്ടെന്നും ഇന്നത്തെ നിലയിലെത്തുന്നതിനുമുമ്പ് ഭൂമി അനവധിമാറ്റങ്ങൾക്കുവിധേയമായിട്ടുണ്ടെന്നും ലയൽ സിദ്ധാന്തിച്ചു.

'ആന്ത്രപ്പോസ്' (anthropos) എന്ന ഗ്രീക്കു പദത്തിന്റെ അർഥം മനുഷ്യൻ, 'മനുഷ്യവംശം' എന്നൊക്കെയാണ്. 'ലോഗോസ്' (logos) എന്ന വാക്കിന് പഠനം, ശാസ്ത്രം, വിജ്ഞാനീയം എന്നിവയാണർഥങ്ങൾ. ഒരു ജീവിവംശമെന്ന നിലയ്ക്ക് മനുഷ്യവംശം ഭൂമിയിൽ എവിടെ, എപ്പോൾ ആവിർഭവിച്ചു എന്നും ഇന്നത്തെ അവസ്ഥയിലെത്തുന്നതിനുമുമ്പ് ഏതൊക്കെ ഘട്ടങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ടെന്നുമാണ് ഈ വിജ്ഞാനശാഖ അന്വേഷിക്കുന്നത്. അതിപ്രാചീനമായ ജനവർഗങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഫോസിലുകൾ, പ്രാചീന ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ എന്നിവ ഉപാദാന സാമഗ്രികളാണ്. പഠനവിധേയമാക്കുന്ന ജനവർഗങ്ങളുമായും അവരുടെ സംസ്കാരങ്ങളുമായും നരവംശശാസ്ത്രജ്ഞർ നേരിട്ട് ഇടപഴകുകയും പലപ്പോഴും ദീർഘകാലം അവരോടൊപ്പം ജീവിക്കുകയും ചെയ്തുകൊണ്ടാണ് പ്രാഥമികമായ വിവരങ്ങൾ ശേഖരിക്കുന്നത്. ഈ പഠനരീതിക്ക് രംഗപഠനം അഥവാ രംഗനീരീക്ഷണം എന്നുപറയുന്നു. നരവംശശാസ്ത്രത്തിന്റെ ഒരവിഭാജ്യഭാഗമാണ് രംഗപഠനവും നിരീക്ഷണവും. ഭിന്ന ജനവിഭാഗങ്ങളുടെ സാമൂഹികമായ ജീവിതരീതികൾ, ദാമ്പത്യക്രമങ്ങൾ, ലൈംഗികബന്ധങ്ങൾ, സദാചാരക്രമങ്ങൾ, ദായക്രമങ്ങൾ എന്നിവ പഠിക്കുന്ന ശാഖയ്ക്ക് 'എത്ത്നോഗ്രഫി' (ethnography) എന്നു പറയുന്നു. ഇരുപതാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ ഏതെങ്കിലുമൊരു വിദൂരസ്ഥജനതയുടെ ആവാസകേന്ദ്രത്തിൽ ഒന്നോ രണ്ടോ വർഷം താമസിക്കുകയും ടേപ്പ്റിക്കാർഡർ, വീഡിയോ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രസ്തുത ജനതയുടെ ജീവിത വ്യാപാരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം വികസിക്കുകയുണ്ടായി. മാപ്പിങ് (mapping), സെൻസസ്, അഭിമുഖം തുടങ്ങിയവയൊക്കെ ഇന്ന് എത്ത്നോഗ്രാഫിയുടെ ഭാഗമായി മാറിയിട്ടുണ്ട്. ചുരുക്കത്തിൽ, ഇതര സാമൂഹികശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്, നരവംശശാസ്ത്രം ഒരു ബഹുവിഷയവിജ്ഞാനശാഖയായി വികസിച്ചിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]

മനുഷ്യപ്രകൃതത്തെയും സമൂഹത്തെയുംകുറിച്ചുള്ള ഗ്രീക്കുചിന്തയിൽനിന്നാണ് നരവംശശാസ്ത്രത്തിന്റെ ആദ്യകാല സങ്കല്പങ്ങൾ രൂപംകൊണ്ടിട്ടുള്ളത്. ബി.സി. നാലാം ശ.-ത്തിൽ ജീവിച്ചിരുന്ന ഗ്രീക്കുചരിത്രകാരനും ചിന്തകനുമായ ഹെറഡോട്ടസ് ആണ് ആദ്യമായി നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ആശയങ്ങൾ ആവിഷ്കരിച്ചത്. തന്റെ ചരിത്രം (ഹിസ്റ്ററി) എന്ന വിഖ്യാതഗ്രന്ഥത്തിൽ പേർഷ്യൻ സാമ്രാജ്യത്തെക്കുറിച്ചും അവിടത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെക്കുറിച്ചും ഗ്രീക്ക് അധിനിവേശത്തെക്കുറിച്ചും വിശദമായി പരാമർശിക്കുന്നുണ്ട്. ഗ്രീസും പേർഷ്യയും യഥാക്രമം പാശ്ചാത്യലോകത്തെയും പൗരസ്ത്യലോകത്തെയും പ്രമുഖസംസ്കാരങ്ങളാണെന്ന് ഹെറഡോട്ടസ് നിരീക്ഷിച്ചിട്ടുണ്ട്. മനുഷ്യരാശിയെ യൂറോപ്പിലെ വെളുത്തവംശജരെന്നും ഇതര ജനതകളെന്നുമുള്ള വിഭജനത്തിനു തുടക്കമിടുന്നത് ഹെറഡോട്ടസാണ്. വംശീയമായ ഈ മുൻവിധി നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

എ.ഡി. 14-ാം ശതകത്തിൽ ജീവിച്ചിരുന്ന അറബ് ചരിത്രകാരനായ ഇബ്നു ഖൽദുൻ (Ibn Khaldun), നരവംശശാസ്ത്രസംബന്ധിയായ ആശയങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്കാരങ്ങളുടെയും നാഗരികതകളുടെയും രൂപീകരണം, ഉയർച്ച, താഴ്ച്ച എന്നിവയ്ക്കാധാരമായ പാരിസ്ഥിതികവും സാമൂഹികവും മനഃശാസ്ത്രപരവും സാമ്പത്തികവുമായ ഘടകങ്ങളെക്കുറിച്ച് വിലപ്പെട്ട പല നിരീക്ഷണങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ സംസ്കാരങ്ങളെക്കുറിച്ച് ഹെറഡോട്ടസും ഇബ്നു ഖൽദുനും വസ്തുനിഷ്ഠവും അപഗ്രഥനാത്മകവുമായ ഒട്ടേറെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതരരാജ്യങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചും ഈ ചിന്തകർ ഗൗരവമായ ഗവേഷണപഠനങ്ങൾ നടത്തിയിരുന്നു. മധ്യകാലഘട്ടത്തിൽ, മനുഷ്യോത്പത്തിയെക്കുറിച്ചും സാംസ്കാരികവികാസത്തെക്കുറിച്ചുമുള്ള യൂറോപ്യൻ ചിന്തയെ നിർണയിച്ചിരുന്നത് ക്രൈസ്തവ പണ്ഡിതരായിരുന്നു. മനുഷ്യവംശത്തിന്റെ ആവിർഭാവ-വികാസങ്ങളെ ഇവർ മതവിശ്വാസവുമായി ബന്ധപ്പെടുത്തുകയും മനുഷ്യാസ്തിത്വവും സംസ്കാരങ്ങളിലെ വൈവിധ്യവും ദൈവസൃഷ്ടിയാണെന്ന് കരുതുകയും ചെയ്തു. എന്നാൽ 15-ാം ശ.-ത്തിന്റെ ആരംഭത്തിൽ സമ്പത്തിനുവേണ്ടി ഇതര ഭൂപ്രദേശങ്ങൾക്കുമേൽ അധിനിവേശമാരംഭിച്ച യൂറോപ്യന്മാർ പ്രസ്തുത ദേശങ്ങളെക്കുറിച്ച് വളരെയേറെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളുമായി പരിചയപ്പെട്ട യൂറോപ്യൻ അധിനിവേശകരുടെയും സഞ്ചാരികളുടെയും കുറിപ്പുകൾ ആധുനിക നരവംശശാസ്ത്രഗവേഷണത്തിലേക്കുള്ള ചവിട്ടുപടികളാണ്. തങ്ങളുടെ അധിനിവേശത്തിനിരയായ ജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും യൂറോപ്യന്മാർ നിർവചിച്ചത് അപരിഷ്കൃതവും പ്രാകൃതവുമെന്നാണ്.

വിവിധ വിജ്ഞാനശാഖകളിൽ ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തയ്ക്കു തുടക്കം കുറിക്കുന്നത് 17, 18 ശ.-ങ്ങളിലെ ജ്ഞാനോദയപ്രസ്ഥാനമാണ്. ഡേവിഡ് ഹ്യും, ജോൺലോക്ക്, റൂസ്സോ തുടങ്ങിയ പ്രമുഖരായ ജ്ഞാനോദയചിന്തകരുടെ ആശയങ്ങൾ, 'മാനവികതാവാദം' എന്നൊരു പുതിയ ചിന്താപദ്ധതിക്കു രൂപം നല്കുകയുണ്ടായി. മതപ്രാമാണികതയെ നിരാകരിച്ച ഈ ചിന്തകർ തങ്ങളുടെ അന്വേഷണങ്ങൾക്ക് ആസ്പദമാക്കിയത് താത്ത്വികമായ യുക്തിയെയും ശാസ്ത്രത്തെയുമാണ്. പ്രാചീന സമൂഹങ്ങളുടെ ധാർമിക സവിശേഷതകളെക്കുറിച്ച് അന്വേഷണം നടത്തിയ റൂസ്സോ മനുഷ്യർക്കിടയിലെ അസമത്വത്തിന്റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ പല നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. യൂറോപ്പിൽനിന്നുള്ള വിദേശ സഞ്ചാരികളുടെയും സൈനികരുടെയും മറ്റും കുറിപ്പുകളാണ് ഈ ചിന്തകർ തങ്ങളുടെ സൈദ്ധാന്തികാന്വേഷണങ്ങൾക്ക് ആസ്പദമായി സ്വീകരിച്ചത്. യൂറോപ്പിതര സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള തെറ്റായ പല വസ്തുതകളും ഈ ചിന്തകർക്ക് വിമർശനരഹിതമായി സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്.

കൊളോണിയലിസം. 18, 19 ശ.-ങ്ങളിൽ കൊളോണിയലിസവും സാമ്രാജ്യത്വവും ശക്തമായതോടെ യൂറോപ്പിനുപുറത്തുള്ള ജനവിഭാഗങ്ങളുമായുള്ള സമ്പർക്കം കൂടുതൽ ഗാഢമായി. ഇത് അപരസംസ്കാരങ്ങളെക്കുറിച്ച് കൂടുതൽ സൂക്ഷ്മമായി പഠിക്കുന്നതിന് പ്രചോദകമായിട്ടുണ്ട്. ബെൽജിയം, നെതർലൻഡ്, പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങളുടെ ഫലമായി ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും അസംഖ്യം രാജ്യങ്ങൾ ഇവരുടെ സാമ്പത്തിക രാഷ്ട്രീയാധിനിവേശത്തിനുവിധേയമായി. 19-ാം ശ.-ത്തിലെ യൂറോപ്യൻ വ്യവസായവത്കരണത്തിന്റെയും മുതലാളിത്ത-പണവ്യവസ്ഥയുടെ വികാസത്തിന്റെയും ഫലമായി യൂറോപ്പിനകത്തും പുറത്തും വമ്പിച്ച രാഷ്ട്രീയ-സാമ്പത്തികമാറ്റങ്ങളുണ്ടായി. യൂറോപ്പിലെ വ്യവസായികൾക്കും സമ്പന്നവർഗങ്ങൾക്കും ആഡംബരവസ്തുക്കളും വിലകുറഞ്ഞ അധ്വാനശക്തിയും ആവശ്യമായി വന്നു. മാത്രവുമല്ല, വ്യവസായവത്കരണത്തിന്റെ ഫലമായി പരമ്പരാഗതമായ ഉപജീവനമാർഗങ്ങൾ അടഞ്ഞുപോയ വലിയൊരു വിഭാഗം യൂറോപ്യന്മാരും പുതിയ തൊഴിലിനും ആവാസത്തിനുംവേണ്ടി പുതിയസ്ഥലങ്ങൾ അന്വേഷിക്കാൻ തുടങ്ങി. പ്രകൃതിവിഭവങ്ങൾക്കും അധ്വാനത്തിനുംവേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ഏഷ്യനാഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെത്തിച്ചേർന്ന യൂറോപ്യന്മാർ, ക്രമേണ ഈ നാടുകളുടെ ഭരണാധികാരികളാവുകയായിരുന്നു. ഭരണം സുഗമമായി നടത്തുന്നതിന് ഭരണീയരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആവശ്യമായിത്തീർന്നു. ഭരണീയരായ ജനതയുടെ മതവിശ്വാസങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, സാമ്പത്തികസ്ഥിതി, ജനസംഖ്യ, ഭൂമിശാസ്ത്ര പ്രത്യേകതകൾ എന്നിവയെക്കുറിച്ചൊക്കെ യൂറോപ്യൻ ഭരണാധികാരികൾ വിശദമായ അന്വേഷണ പഠനങ്ങൾ നടത്തുകയുണ്ടായി. യൂറോപ്പിന്റെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ മേധാവിത്വത്തെ ന്യായീകരിക്കുന്നതിനും അവർ ഇത്തരം പഠന ഗവേഷണങ്ങൾ ഉപയോഗപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും നരവംശശാസ്ത്രസംഘടനകൾ രൂപം കൊണ്ടത്. ഈ സംഘടനകളുടെയും ഗവേഷകരുടെയും ആദ്യകാല നിരീക്ഷണങ്ങളും ഗവേഷണപഠനങ്ങളുമാണ് ക്രമേണ പ്രൊഫഷണൽ നരവംശശാസ്ത്രശാഖയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.

കോളനികൾക്കു പുറമേ അതിവിദൂരസ്ഥലങ്ങളിലെ ജനവിഭാഗങ്ങളെക്കുറിച്ചും നരവംശശാസ്ത്രജ്ഞർ ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ഈ പ്രദേശങ്ങളിൽനിന്നുശേഖരിച്ച പുരാവസ്തുക്കളും മിഷണറിമാർ, കൊളോണിയൽ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നു ലഭിച്ച വിവരങ്ങളും സൂക്ഷിക്കുന്നതിനുവേണ്ടി പുരാവസ്തുശാസ്ത്രപരവും എത്ത്നോളജിക്കലുമായ മ്യൂസിയങ്ങൾ ആരംഭിച്ചു. ഭൌതിക നരവംശശാസ്ത്രാന്വേഷണത്തിലേർപ്പെട്ട ഡോക്ടർമാരും ജീവശാസ്ത്രജ്ഞരും വിവിധ സംസ്കാരങ്ങളിൽനിന്ന് ശേഖരിച്ച മനുഷ്യതലയോടുകൾ ശാസ്ത്രീയമായി അളക്കുകയും വ്യത്യസ്തജനവിഭാഗങ്ങളുടെ ശാരീരിക പ്രത്യേകതകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തുകയും ചെയ്തു. 19-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും മിക്ക യൂറോപ്യൻ സർവകലാശാലകളിലും നരവംശശാസ്ത്രപഠനവിഭാഗങ്ങൾ തന്നെ ആരംഭിച്ചു. അനൗദ്യോഗികമായ നരവംശശാസ്ത്രപഠനത്തിലേർപ്പെട്ടിരുന്ന പല പണ്ഡിതരും കോളജുകളിലും സർവകലാശാലകളിലും ചേരുകയുണ്ടായി. അങ്ങനെ പ്രൊഫഷണൽ നരവംശശാസ്ത്രത്തിന്റെ വികാസത്തിന് സർവകലാശാലകളും നരവംശശാസ്ത്രസംഘടനകളും ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്.

19-ാം ശ.-ത്തിൽ പരിണാമശാസ്ത്രം, ജീവശാസ്ത്രം, ഭൂവിജ്ഞാനീയം തുടങ്ങിയമേഖലകളിലുണ്ടായ പുതിയ ശാസ്ത്രീയകണ്ടെത്തലുകളാണ് ഒരു സ്വതന്ത്ര വിജ്ഞാനശാഖയെന്ന നിലയിൽ നരവംശശാസ്ത്രത്തിന്റെ വികാസത്തിന് പശ്ചാത്തലമൊരുക്കിയത്. 1859-ലാണ് ചാൾസ് ഡാർവിന്റെ പ്രശസ്തമായ ഒറിജിൻ ഒഫ് സ്പീഷീസ് എന്ന കൃതി പ്രകാശിതമായത്. 'പ്രകൃതിനിർധാരണം' എന്ന പ്രക്രിയയിലൂടെ പരിണമിച്ചതാണ് എല്ലാ ജീവിവർഗങ്ങളുമെന്ന് ഡാർവിൻ സമർഥിച്ചു. ഓരോ ജീവജാതിയിലും വ്യത്യസ്തമായ തരത്തിലാണ് പ്രകൃതി നിർധാരണം പ്രവർത്തിക്കുന്നത്. പ്രകൃതി നിർധാരണത്തിന്റെ ഫലമായി ചില ജീവിവർഗങ്ങൾ അതിജീവിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നു. മറ്റു ചില ജീവിവർഗങ്ങളാകട്ടെ, അതിജീവനശേഷി നഷ്ടപ്പെടുകയും വംശനാശത്തിനുവിധേയമാകുകയും ചെയ്യുന്നതായി ഡാർവിൻ സ്ഥാപിച്ചു. അങ്ങനെ ചില ജീവിജാതികൾ നിലനില്ക്കുമ്പോൾത്തന്നെ, പുതിയ ജീവിവർഗങ്ങൾ ആവിർഭവിക്കുന്നതായും അദ്ദേഹം വാദിച്ചു. 1850-കളിലും 1860-കളിലും ഗ്രിഗർമെൻഡൽ നടത്തിയ ജനിതകപഠനങ്ങൾ ഡാർവിന്റെ സിദ്ധാന്തങ്ങളെ ശാസ്ത്രീയമായി സാധൂകരിച്ചു. മെൻഡൽ ആവിഷ്കരിച്ച ജനിതകപാരമ്പര്യസിദ്ധാന്തം, ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് ശാസ്ത്രീയമായ നവമാനങ്ങൾ നല്കി. ജീവിവർഗങ്ങളെ ദൈവം സൃഷ്ടിച്ചതാണെന്നും ഉത്പത്തി മുതൽ അവയ്ക്കു യാതൊരു പരിവർത്തനുവുമുണ്ടായിട്ടില്ലെന്നുമായിരുന്നു ക്രൈസ്തവ സൃഷ്ടിവാദത്തിന്റെ നിലപാട്. എന്നാൽ ഡാർവിൻ ആവിഷ്കരിച്ച പരിണാമസിദ്ധാന്തം, ഈ ക്രൈസ്തവ സൃഷ്ടിവാദത്തിന്റെ അടിത്തറയിളക്കി. അങ്ങനെ ക്രൈസ്തവപൗരോഹിത്യാധിപത്യം പുതിയ ശാസ്ത്രസിദ്ധാന്തങ്ങളെ സംശയത്തോടെ നിരീക്ഷിക്കുകയും എതിർക്കുകയും ചെയ്തു.

19-ാം ശ.-ത്തിന്റെ മധ്യത്തിൽ ഇംഗ്ലീഷ് സാമൂഹികചിന്തകനായ ഹെർബർട്ട് സ്പെൻസർ, പരിണാമസിദ്ധാന്തത്തെ മനുഷ്യസമൂഹങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. പ്രകൃതി സാഹചര്യങ്ങൾക്കനുസൃതമായി അനുകൂലനം നടത്തുകയും അതിന് ശേഷിയില്ലാത്തവർ നശിക്കുകയും ചെയ്യുന്ന ജൈവവ്യവസ്ഥയ്ക്കു സമാനമാണ് മനുഷ്യസമൂഹങ്ങൾ എന്ന് ഹെർബർട്ട് സ്പെൻസർ സിദ്ധാന്തിച്ചു. ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നതിനുവേണ്ടി സ്പെൻസർ 'അർഹതയുള്ളവയുടെ അതിജീവനം' (Survival of the fittest) എന്ന സിദ്ധാന്തം ആവിഷ്കരിച്ചു. ജൈവശാസ്ത്രനിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് മനുഷ്യസമൂഹത്തിന്റെ വികാസ-പരിണാമ പ്രക്രിയയെ അപഗ്രഥിക്കാനാണ് സ്പെൻസർ ശ്രമിച്ചത്. സാമൂഹികശാസ്ത്രത്തിന്റെ രംഗത്ത് പരിണാമസിദ്ധാന്ത നിയമങ്ങൾ പ്രയോഗിക്കാൻ ശ്രമിച്ചത് സ്പെൻസറാണ്. ഈ സമീപനം സാമൂഹിക പരിണാമസിദ്ധാന്തം എന്നറിയപ്പെടുന്നു. സാംസ്കാരികമായ താഴ്ന്ന നിലവാരത്തിൽനിന്ന് മനുഷ്യസമൂഹം ഉയർന്ന തലത്തിലേക്ക് അനുക്രമമായി വികസിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് സ്പെൻസറുടെ സിദ്ധാന്തം. ഈ സിദ്ധാന്തം ഫലത്തിൽ യൂറോപ്യൻ കൊളോണിയലിസത്തെയും യൂറോപ്പിന്റെ സംസ്കാരികമേന്മവാദത്തെയും സാധൂകരിക്കുന്ന ഒരു യൂറോകേന്ദ്രിത വീക്ഷണമായി മാറുകയാണുണ്ടായത്.

19-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും ജൈവശാസ്ത്രപരവും സാമൂഹികവുമായ പരിണാമമാതൃകയ്ക്ക് നരവംശശാസ്ത്രമേഖലയിൽ ഗണ്യമായ സ്വാധീനം ലഭിച്ചുതുടങ്ങി. യൂറോപ്യൻ വംശജർ സാംസ്കാരികമായി മാത്രമല്ല, ജീവശാസ്ത്രപരമായും മറ്റെല്ലാ ജനവിഭാഗങ്ങളേക്കാൾ ശ്രേഷ്ഠമാണെന്ന് ഈ നരവംശശാസ്ത്ര ഗവേഷകർ വാദിച്ചു. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന ലൂയി ഹെന്റി മോർഗൻ 1877-ൽ ഏൻഷ്യന്റ് സൊസൈറ്റി എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു പഠനത്തിലാണ് യൂറോപ്പിന്റെ വംശീയ ശ്രേഷ്ഠതാ വാദം സമഗ്രമായി അവതരിപ്പിക്കുന്നത്. മനുഷ്യന്റെ പരിണാമമുന്നേറ്റത്തിന്റെ ഉച്ചസ്ഥായിയാണ് യൂറോപ്യൻ സംസ്കാരമെന്ന് മോർഗൻ വാദിച്ചു. മനുഷ്യവംശത്തിന്റെ ഏറ്റവും ഉന്നതമായ ജീവശാസ്ത്രപരവും ധാർമികവും സാങ്കേതികവുമായ നേട്ടങ്ങളെയാണ് യൂറോപ്യൻ സംസ്കാരം പ്രതിനിധീകരിക്കുന്നത്. പ്രാകൃതാവസ്ഥ പോലെയുള്ള അനവധി ഘട്ടങ്ങൾ പിന്നിട്ടിട്ടാണ് മനുഷ്യവംശം സംസ്കാരത്തിലേക്ക് പരിണമിച്ചതെന്നാണ് മോർഗന്റെ നിരീക്ഷണം. ഇത്തരം പ്രാകൃതയുഗങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് വാദിച്ച മോർഗൻ, അവയെ ഭൂമിശാസ്ത്രയുഗങ്ങളോടാണ് തുലനം ചെയ്തത്. എങ്കിലും മനുഷ്യന്റെ സാംസ്കാരിക പരിണാമത്തിന്റെ പ്രധാന പ്രേരകഘടകങ്ങൾ ധാർമികവും മാനസികവുമായ ഉയർച്ചയാണെന്ന് മോർഗൻ വിശ്വസിച്ചു. ആഹാരോത്പാദനരീതിയിലെ പുരോഗതിയും മസ്തിഷ്കത്തിന്റെ അളവിലുണ്ടാകുന്ന വലിപ്പവുമാണ് ധാർമികവും മാനസികവുമായ പുരോഗതിക്കാധാരമെന്നും മോർഗൻ സിദ്ധാന്തിച്ചു. സാംസ്കാരികവികാസത്തിന്റെ ഭൗതികാടിത്തറയെക്കുറിച്ച് മോർഗൻ ചർച്ചചെയ്യുന്നുണ്ട്. അതിപ്രാചീനവും പ്രാകൃതവുമായ യുഗങ്ങളിൽ കൂട്ടായ സ്വത്തവകാശമായിരുന്നു നിലനിന്നത്. ക്രമേണ ഭൂമിക്കും വിഭവങ്ങൾക്കുംമേലുള്ള സ്വകാര്യസ്വത്തവകാശം വികസിച്ചു. സംസ്കാരങ്ങളുടെയും ഭരണകൂടങ്ങളുടെയും രൂപീകരണം സ്വകാര്യസ്വത്തവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മോർഗന്റെ വാദം. ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുകയെന്നതായിരുന്നു, ആദ്യഘട്ടങ്ങളിൽ ഭരണകൂടങ്ങളുടെ മുഖ്യധർമം. ജർമൻ ചിന്തകരായിരുന്ന കാറൽ മാർക്സിനെയും ഫ്രെഡറിക് ഏംഗൽസിനെയും മോർഗന്റെ സിദ്ധാന്തങ്ങൾ ഗാഢമായി സ്വാധീനിക്കുകയുണ്ടായി. ഏംഗൽസിന്റെ വിഖ്യാതമായ കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിർഭാവം എന്ന കൃതി യഥാർഥത്തിൽ മോർഗന്റെ ആശയങ്ങളെയാണ് ആധാരമാക്കിയിട്ടുള്ളത്. മോർഗന്റെ സിദ്ധാന്തമാതൃകയെ പിൻതുടർന്ന മാർക്സും ഏംഗൽസും ഭരണകൂടാശ്രിതമായ മുതലാളിത്തവ്യവസ്ഥ തകരുമെന്നും സമത്വാധിഷ്ഠിതമായ കമ്യൂണിസത്തിലേക്ക് മനുഷ്യസമൂഹം പരിണമിക്കുമെന്നും പ്രവചിക്കുകയുണ്ടായി. മനുഷ്യവംശത്തിന്റെ വികാസ-പരിണാമ ശൃംഖലയിലെ ഏറ്റവും ഉയർന്ന ഘട്ടമായിട്ടാണ് മാർക്സും ഏംഗൽസും കമ്യൂണിസത്തെ നിർവചിച്ചത്.

ഇ . ബി . ടൈലർ , പത്തൊൻപതാം നൂറ്റാണ്ടിലെ നരവംശ ശാസ്ത്രഞ്ജൻ .

ബ്രിട്ടീഷ് നരവംശശാസ്ത്രശാഖയുടെ സ്ഥാപകനായ സർ എഡ്വേർഡ് ടെയ്ലർ സാംസ്കാരിക പരിണാമവാദത്തിന്റെ വക്താവാണ്. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനില്ക്കുന്ന സവിശേഷമായ ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും വികസന ചരിത്രത്തെ വിലയിരുത്താനാണ് ടെയ്ലർ ശ്രമിച്ചത്. മതത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗൗരവമായി പഠിച്ച ടെയ്ലർ, പ്രകൃതിവാദം, ബഹുദൈവവിശ്വാസം, ഏകദൈവവിശ്വാസം എന്നിങ്ങനെയുള്ള ഒരു അനുക്രമവികാസത്തിന്റെ ചിത്രമാണ് രേഖപ്പെടുത്തുന്നത്. 'ജ്ഞാനം, വിശ്വാസം, കല, ധാർമികത, ആചാരം എന്നിവയും ഒരു സമൂഹജീവിയെന്ന നിലയ്ക്ക് മനുഷ്യൻ ആർജിക്കുന്ന ശേഷികളും ശീലങ്ങളുമെല്ലാമടങ്ങിയ ഒരു സങ്കീർണ സാകല്യമാണ് സംസ്കാരം' എന്നാണ് ടെയ്ലർ ആവിഷ്കരിച്ച നിർവചനം. ടെയ്ലറുടെ സംക്ഷിപ്തമായ ഈ നിർവചനം ആധുനിക നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായി മാറുകയുണ്ടായി.

സാംസ്കാരിക പരിണാമത്തെക്കുറിച്ചുള്ള ഇത്തരം വംശീയസിദ്ധാന്തങ്ങൾ യൂറോപ്പിന്റെ കൊളോണിയൽ ആധിപത്യത്തെ സാധൂകരിക്കുന്നതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. കൊളോണിയൽ ആധിപത്യത്തിനു വിധേയമാക്കപ്പെട്ട ജനതകളെ 'അവികസിത'വും 'പിന്നോക്ക'വുമെന്ന് ചിത്രീകരിക്കുകയും അവരെ സംസ്കാരത്തിലേക്ക് നയിക്കുകയെന്ന ചരിത്രദൗത്യമാണ് കൊളോണിയലിസത്തിലൂടെ നിർമ്മിക്കപ്പെടുന്നതെന്നുമുള്ള വാദത്തിന് നരവംശശാസ്ത്രപരമായ സാധൂകരണം ലഭിച്ചു. കൊളോണിയലിസത്തിലന്തർലീനമായ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ചൂഷണവും അടിച്ചമർത്തലും മറയ്ക്കപ്പെടുകയും കൊളോണിയലിസം ഒരു സംസ്കരണ പ്രക്രിയയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. സംസ്കാരത്തിന്റെയും നാഗരികതയുടെയും സാർവലൗകികമായ ഉത്തമമാതൃകയായി സ്വയം വിശേഷിപ്പിച്ച യൂറോപ്യന്മാർ, മറ്റെല്ലാ ജനവിഭാഗങ്ങളും അവരെ അനുകരിക്കുകയാണ് വേണ്ടതെന്ന് പ്രചരിപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ മേധാവിത്വത്തിനുവേണ്ടി, പരിണാമസിദ്ധാന്തത്തെ ഉപയോഗപ്പെടുത്തുന്ന ഈ സമീപനം സാമൂഹിക ഡാർവിനിസം (social Darwinism) എന്നാണറിയപ്പെടുന്നത്. 19-ാം ശ.-ത്തിലെ സാംസ്കാരിക പരിണാമസിദ്ധാന്തം ചെറിയസമൂഹങ്ങളുടെ വിജയത്തെയോ അവയുടെ ദീർഘകാല അനുകൂലന പ്രാപ്തിയെയോ കണക്കിലെടുക്കാൻ സന്നദ്ധമായില്ല. അതുപോലെതന്നെ, 19-ാം ശ.-ത്തിലെ യൂറോപ്യൻ സംസ്കാരത്തിന്റെ ന്യൂനതകളും ഇവർക്ക് ഗൗരവമായ പ്രമേയങ്ങളായിരുന്നില്ല. കുറ്റകൃത്യങ്ങൾ, [[]ദാരിദ്ര്യം]], തൊഴിലില്ലായ്മ, ചേരിവത്കരണം തുടങ്ങിയവയൊന്നും യൂറോപ്യൻ നരവംശശാസ്ത്രജ്ഞരെ കാര്യമായി ആകർഷിച്ചില്ല. ചെറുതും ലളിതവുമായ ജനസമൂഹങ്ങൾ യൂറോപ്യൻവംശജരെക്കാൾ ശ്രേഷ്ഠത കുറഞ്ഞവരാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാംസ്കാരിക പരിണാമവാദികൾക്കോ സാമൂഹികഡാർവിനിസ്റ്റുകൾക്കോ കഴിഞ്ഞിട്ടില്ല. എന്നാൽ, തുടക്കത്തിൽത്തന്നെ ഇത്തരം വംശീയവാദ സങ്കല്പങ്ങളെ നരവംശശാസ്ത്രജ്ഞരിൽ ഒരു വിഭാഗം ശക്തിയായി വിമർശിച്ചിരുന്നു. പരിണാമവാദ സങ്കല്പങ്ങൾ സാമൂഹിക-നരവംശശാസ്ത്രമേഖലയിൽ പ്രയോഗിക്കുന്ന സമീപനത്തെ പൂർണമായി നിരാകരിക്കുന്ന നരവംശശാസ്ത്രജ്ഞരുമുണ്ടായിരുന്നു. എങ്കിലും, ഡാർവിന്റെയും മെൻഡലിന്റെയും പരിണാമ ജനിതകസിദ്ധാന്തങ്ങൾ വ്യാപകമായ തോതിൽ ദുരുപയോഗം ചെയ്യപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. സാമൂഹികശാസ്ത്രത്തിന്റെയും ചരിത്രവിജ്ഞാനീയത്തിന്റെയും മറ്റും രംഗങ്ങളിലുണ്ടായ പുതിയ കണ്ടെത്തലുകളെത്തുടർന്നാണ്, ജീവശാസ്ത്രസിദ്ധാന്തങ്ങൾ സാമൂഹിക വിജ്ഞാനീയമേഖലയിൽ പ്രയോഗിക്കുന്ന രീതിശാസ്ത്രം തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. ജൈവമേഖലയും സാമൂഹികമേഖലയും അടിസ്ഥാനപരമായിത്തന്നെ വിഭിന്നമാണെന്നും ഭിന്നമായനിയമങ്ങളും ഗതീയതയുമാണ് രണ്ടുമേഖലകൾക്കുമുള്ളതെന്നും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, പരിണാമ-ജീവശാസ്ത്രരംഗത്തുണ്ടാകുന്ന സിദ്ധാന്തങ്ങൾ സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഉപയോഗിക്കുന്നത് അശാസ്ത്രീയമാണ്. ഭിന്നപ്രതിഭാസങ്ങൾക്ക് ഭിന്നമായ രീതിശാസ്ത്രവും സമീപന രീതികളുമാവശ്യമാണെന്ന് ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഉപശാഖകൾ

[തിരുത്തുക]

മനുഷ്യവംശത്തിന്റെ പൊതുവായ സാമൂഹികവും സാംസ്കാരികവുമായ വികാസപരിണാമങ്ങളാണ് നരവംശശാസ്ത്രത്തിന്റെ അന്വേഷണവിഷയം. എങ്കിലും വിശേഷവത്കരണത്തിന്റെ ഫലമായി നരവംശശാസ്ത്രത്തെ മൂന്ന് പ്രധാന ശാഖകളായി വിഭജിക്കുന്നു. ഒന്ന്, ജൈവനരവംശശാസ്ത്രം അഥവാ ഭൗതികനരവംശശാസ്ത്രം; രണ്ട്, സാംസ്കാരിക നരവംശശാസ്ത്രം; മൂന്ന്, പുരാവസ്തുശാസ്ത്രം എന്നിവയാണ് ഈ മൂന്ന് ഉപശാഖകൾ. ഇതിൽ ഓരോ ശാഖയും അന്വേഷണവിഷയത്തിന്റെ പ്രത്യേകതയനുസരിച്ച് കൂടുതൽ ശാഖകളായി പിരിഞ്ഞിട്ടുണ്ട്. വിശേഷവത്കരണം വർധിക്കുന്തോറും പുതിയപുതിയ വിജ്ഞാനശാഖകൾ ആവിർഭവിക്കുകയും കൂടുതൽ സൂക്ഷ്മമായ ഘടകങ്ങളെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾക്ക് ആഴത്തിലുള്ള സ്വഭാവം ലഭിക്കുകയും ചെയ്യുന്നു. സാംസ്കാരിക നരവംശശാസ്ത്രത്തിന്റെ ഭാഗമായിട്ടാണ് സാമൂഹിക നരവംശശാസ്ത്രം വികസിച്ചിട്ടുള്ളത്.

ഓരോ ശാഖയ്ക്കും ആന്തരികമായ ഉപശാഖകളുണ്ട്. സാംസ്കാരികനരവംശശാസ്ത്രത്തിന്റെ ഭാഗമായി സാമൂഹിക നരവംശശാസ്ത്രവും നരവംശഭാഷാശാസ്ത്രവും വികസിച്ചിട്ടുണ്ട്. ഭൌതികനരവംശശാസ്ത്രത്തിന്റെ ഭാഗമായി ജന്തുശാസ്ത്രം, പാല്യന്റോളജി, ഭൂവിജ്ഞാനീയം എന്നീ ശാസ്ത്രശാഖകളിലെ സിദ്ധാന്തങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. സാംസ്കാരികവും സാമൂഹികവുമായ നരവംശശാസ്ത്രത്തിന്റെ ഭാഗമായി നിയമനരവംശശാസ്ത്രം, സാമ്പത്തികനരവംശശാസ്ത്രം, രാഷ്ട്രീയനരവംശശാസ്ത്രം, മനോനരവംശശാസ്ത്രം, പ്രതീകാത്മക നരവംശശാസ്ത്രം, ജ്ഞാനസമ്പാദനനരവംശശാസ്ത്രം, പരിസ്ഥിതിനരവംശശാസ്ത്രം തുടങ്ങിയ അസംഖ്യം ശാഖകൾ ആധുനികകാലത്ത് ആവിർഭവിച്ചിട്ടുണ്ട്. രോഗത്തിന്റെയും ആരോഗ്യത്തിന്റെയും നരവംശ സവിശേഷതകൾ പഠിക്കുന്ന വൈദ്യനരവംശശാസ്ത്രമാണ് സമകാലീനമായി വികസിച്ചിട്ടുള്ള മറ്റൊരുധാര.

ഭൗതിക നരവംശശാസ്ത്രം

[തിരുത്തുക]

ജൈവ/ഭൗതിക നരവംശശാസ്ത്രം. ഒരു ജീവിവർഗമെന്ന നിലയ്ക്ക് മനുഷ്യവംശത്തിന്റെ ഉത്പത്തി-പരിണാമങ്ങൾ, സ്വഭാവവൈജാത്യങ്ങൾ, ശാരീരികഘടന, പ്രത്യേകതകൾ എന്നിവയാണ് ജൈവനരവംശശാസ്ത്രത്തിന്റെ അന്വേഷണ മേഖലകൾ. സംസ്കാരം, സാമൂഹികജീവിതം, ഭാഷ തുടങ്ങിയവയെക്കുറിച്ച് ജൈവനരവംശശാസ്ത്രം പഠിക്കുന്നില്ല. ഈ വിജ്ഞാനശാഖ ഹ്യുമൻ പാല്യന്റോളജി, പാല്യൻത്രോപോളജി (Human Paleontology/Paleanthropolgy) എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇന്നു ഭൂമിയുടെ വിവിധഭാഗങ്ങളിൽ അധിവസിക്കുന്ന മനുഷ്യർക്കിടയ്ക്കുള്ള ശാരീരികവ്യത്യാസങ്ങൾ എങ്ങനെ ആവിർഭവിച്ചു, അവ എങ്ങനെ വികസിച്ചു എന്നത് ഈ മേഖലയുടെ മുഖ്യപ്രമേയമാണ്. ഫോസിലുകൾ, എല്ലുകൾ, പല്ലുകൾ എന്നിവയുടെ അവശിഷ്ടങ്ങൾ പരിശോധിച്ചുകൊണ്ടാണ് ജൈവനരവംശശാസ്ത്രജ്ഞർ ജൈവവ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്നത്. കിഴക്കനാഫ്രിക്കയിൽനിന്നും 30 ലക്ഷം വർഷങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന മനുഷ്യപൂർവികരുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. ഫോസിൽ പഠനത്തിനുപുറമേ കാലാവസ്ഥ, പരിസ്ഥിതി, ആഹാരലഭ്യത, സസ്തന ജീവികളിൽ കുരങ്ങുകളുടെ പരിണാമത്തെക്കുറിച്ചുള്ള പഠനം എന്നിവയും ജൈവനരവംശശാസ്ത്രജ്ഞർ ഉപയോഗിക്കുന്നുണ്ട്. പ്രൈമേറ്റ്സിനെക്കുറിച്ചും ചിമ്പാൻസിയെക്കുറിച്ചുമുള്ള സവിശേഷപഠനങ്ങളും ഈ വിജ്ഞാനശാഖയുടെ ഭാഗമായി നടക്കുന്നുണ്ട്. പ്രൈമേറ്റ്സിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനത്തിലൂടെ മനുഷ്യരുടെ സവിശേഷമായ സ്വഭാവവിശേഷങ്ങൾ അപഗ്രഥിക്കാൻ കഴിയുന്നു. ഇത്തരം വിവരങ്ങളെ ഫോസിൽ റിക്കാർഡുമായി ഒത്തുനോക്കിക്കൊണ്ടാണ് പഠനത്തിന്റെ ശാസ്ത്രീയത തെളിയിക്കുന്നത്. വ്യത്യസ്തപ്രദേശങ്ങളിൽ അധിവസിക്കുന്ന മനുഷ്യരുടെ നിറം, ഉയരം, പാരിസ്ഥിതിക അനുകൂലനത്തിനുള്ള ശേഷിയിലെ ഭിന്നത എന്നിവ പ്രത്യേകമായ അപഗ്രഥനത്തിനുവിധേയമാക്കുന്നു. ജനിതകശാസ്ത്രം, ജനസംഖ്യാജീവശാസ്ത്രം, പാരിസ്ഥിതികസ്വാധീനം, ഭിന്നസമൂഹങ്ങളിൽ രോഗങ്ങളുടെ സ്വാധീനം ഭിന്നമായിരിക്കുന്നതെന്തുകൊണ്ട് (epidemiology) തുടങ്ങിയ വിവരങ്ങളും ജൈവനരവംശശാസ്ത്ര പഠനങ്ങൾക്കുപയോഗപ്പെടുത്തുന്നു.

ആധുനികകാലത്ത് ജൈവനരവംശശാസ്ത്രത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. മനുഷ്യന്റെ ജൈവശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഇന്ന് ഈ വിജ്ഞാനമേഖലയിൽ വളരെയേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. എന്നാൽ സംസ്കാരത്തിന്റെ രൂപീകരണ വികാസത്തെക്കാൾ ഇവർ പ്രാമുഖ്യം നല്കുന്നത് ശരീരശാസ്ത്രത്തിന്റെ മേഖലയ്ക്കാണ്. [മസ്തിഷ്കം |മസ്തിഷ്കത്തിന്റെ]] പരിണാമം, പ്രത്യേകിച്ചും ഭാഷയും ചിന്തയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളുടെ പരിണാമം, നിവർന്നുനില്ക്കുന്ന ഘടനയുടെ വികാസം, ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കൈകളുടെ കഴിവ് എന്നിവ പ്രധാന അന്വേഷണ വിഷയങ്ങളാണ്. മനുഷ്യർ പ്രൈമേറ്റുകളാണെന്ന വിശ്വാസത്തിൽനിന്നാണ് ജൈവനരവംശശാസ്ത്രം അതിന്റെ അന്വേഷണമാരംഭിക്കുന്നത്. മനുഷ്യേതര പ്രൈമേറ്റുകളുടെ ശരീരശാസ്ത്രം, സ്വഭാവവിശേഷങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന പ്രൈമറ്റോളജി, ജൈവനരവംശശാസ്ത്രത്തിന്റെ രംഗത്തെ വിശേഷാവഗാഹമേഖലയായി മാറിയിട്ടുണ്ട്. ചില ജൈവനരവംശശാസ്ത്രജ്ഞർ ഫോറൻസിക് ശാസ്ത്രത്തിൽ വിശേഷവിജ്ഞാനം ആർജിക്കുന്നുണ്ട്. മനുഷ്യന്റെ ശാരീരികഘടനയെക്കുറിച്ച് വിശേഷാവഗാഹം നേടിയിട്ടുള്ള ഫോറൻസിക് നരവംശശാസ്ത്രജ്ഞരുടെ സേവനം കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനുപയോഗപ്പെടുത്താറുണ്ട്. വംശഹത്യ, യുദ്ധങ്ങളിലെ കൂട്ടക്കൊലകൾ എന്നിവ നടന്ന സ്ഥലങ്ങളിലെ ശ്മശാനങ്ങൾ ഉത്ഖനനം ചെയ്തു തെളിവുകൾ ശേഖരിക്കുന്നതിനും ഫോറൻസിക് നരവംശശാസ്ത്രജ്ഞരുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കാറുണ്ട്. യുദ്ധക്കുറ്റവാളികളുടെ വിചാരണയിൽ നരവംശശാസ്ത്രജ്ഞരുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സാംസ്കാരിക നരവംശശാസ്ത്രം

[തിരുത്തുക]

സാംസ്കാരിക നരവംശശാസ്ത്രം.സമകാലീന-സമൂഹങ്ങളുടെ ജീവിതരീതികൾ, വിശ്വാസസമ്പ്രദായങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയാണ് സാംസ്കാരിക നരവംശശാസ്ത്രത്തിന്റെ പ്രമേയങ്ങൾ. മനുഷ്യരുടെ ജീവസന്ധാരണ രീതികൾ, പരസ്പരസമ്പർക്കങ്ങൾ, വിശ്വാസസമ്പ്രദായങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ് മനുഷ്യസമൂഹത്തിന്റെ സാംസ്കാരിക സവിശേഷതകളെക്കുറിച്ചുള്ള ശാസ്ത്രീയമായ നിഗമനങ്ങളിലെത്തുന്നത്. തങ്ങൾ പഠിക്കുന്ന ജനവിഭാഗങ്ങളോടൊത്ത് സാംസ്കാരിക നരവംശശാസ്ത്രജ്ഞർ മാസങ്ങളോ കൊല്ലങ്ങളോ ചിലപ്പോൾ ഒരുമിച്ച് താമസിക്കാറുണ്ട്. രംഗനിരീക്ഷണത്തിലൂടെ അഥവാ അത്തരം ഫീൽഡ്വർക്കിലൂടെ ചില നരവംശശാസ്ത്രജ്ഞർക്ക് ചില അലിഖിതഭാഷകൾ സ്വായത്തമാക്കാൻ കഴിഞ്ഞേക്കും. അതിനാൽ, നരവംശശാസ്ത്രജ്ഞർ ഭാഷാശാസ്ത്രത്തിൽ അവഗാഹം നേടേണ്ടതാവശ്യമാണ്. ഇങ്ങനെ ഫീൽഡ് വർക്കിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുന്ന പ്രബന്ധങ്ങൾ 'എത്ത്നോഗ്രാഫി' എന്നാണറിയപ്പെടുന്നത് നരവംശ ഭാഷാശാസ്ത്രം. ഓരോ സംസ്കാരത്തിലും ജനങ്ങൾ എങ്ങനെ ഭാഷ ഉപയോഗിക്കുന്നു എന്നതാണ് നരവംശ ഭാഷാശാസ്ത്രത്തിന്റെ മുഖ്യപ്രമേയം. ഭാഷാശാസ്ത്രത്തിൽ വിശേഷാവഗാഹവും പരിശീലനവും ഈ വിജ്ഞാനശാഖയിലെ ഗവേഷണ പഠനങ്ങൾക്കാവശ്യമാണ്. വാമൊഴികൾ മാത്രമുപയോഗിക്കുന്ന ജനവിഭാഗങ്ങളുമൊത്ത് താമസിച്ചുകൊണ്ടുമാത്രമേ നരവംശ ഭാഷാശാസ്ത്രപഠനങ്ങൾ നടത്താൻ കഴിയുകയുള്ളു. വാമൊഴി രൂപത്തിൽ പ്രചരിക്കുന്ന ഭാഷകൾക്ക് ലിഖിത രൂപം കൈവരുന്നത് ആർജിതജ്ഞാനം അനന്തര തലമുറയിലേക്ക് സംക്രമിപ്പിക്കുന്നതിനുവേണ്ടിയാണ്. പ്രചാരലുബ്ധമായിത്തീർന്ന ഭാഷകൾ അഥവാ മൃതഭാഷകൾ പുനഃസൃഷ്ടിക്കാനും അവയ്ക്ക് ജൈവഭാഷകളുമായുള്ള ബന്ധം അപഗ്രഥിക്കാനും ചില നരവംശശാസ്ത്രജ്ഞർ ശ്രമിക്കാറുണ്ട്. ഇത്തരം പഠനങ്ങൾ ചരിത്രപരമായ ഭാഷാശാസ്ത്രം എന്നും അറിയപ്പെടുന്നു.

പുരാവസ്തു ഗവേഷണം

[തിരുത്തുക]

പുരാവസ്തു വിജ്ഞാനീയം.' ഭൂതകാല സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചാണ് പുരാവസ്തു വിജ്ഞാനീയം പഠിക്കുന്നത്. മൺമറഞ്ഞുപോയ ജനവിഭാഗങ്ങൾ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, പാത്രങ്ങൾ, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാനമായും പുരാവസ്തുവിദഗ്ദ്ധർ പഠനവിധേയമാക്കുന്നത്. കൂടാതെ ഫോസിലുകളെക്കുറിച്ചും പഠിക്കുന്നുണ്ട്. ഭൂതകാലത്തിലെ പരിസ്ഥിതി, കാലാവസ്ഥ, ആഹാരലഭ്യത എന്നിവ സംസ്കാരവികാസത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അപഗ്രഥിക്കുന്നു. എഴുത്ത് വികസിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തെ പ്രാക് ചരിത്രമെന്നാണ് പറയുന്നത്. ചില പുരാവസ്തു വിദഗ്ദ്ധർ പ്രാക്ചരിത്രത്തിലാണ് ഗവേഷണം നടത്തുന്നത്. 10,000 കൊല്ലങ്ങൾക്കുമുമ്പ് കൃഷി വികസിക്കുന്നതിനുമുമ്പുള്ള സമൂഹങ്ങളെക്കുറിച്ച് പഠിക്കുന്നശാഖ പാലിയാൻത്രോപോളജി എന്നാണറിയപ്പെടുന്നത്. ലിഖിതരേഖകൾ പരിശോധിക്കുന്ന ശാഖ ചരിത്രപരമായ പുരാവസ്തുവിജ്ഞാനീയം എന്നറിയപ്പെടുന്നു.

സമകാലികസിദ്ധാന്തങ്ങൾ

[തിരുത്തുക]
ഫ്രാൻസ്ബോസ്, ആധുനിക നരവംശശാസ്ത്രജ്ഞരിൽ പ്രമുഖൻ , അമേരിക്കൻ നരവംശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
റൂത്ത് ബെന്ഡിക് 1937 ഇൽ

1920-കൾക്കും 30-കൾക്കുമിടയിലാണ് നരവംശശാസ്ത്രം ഇന്നത്തെ നിലയിലേക്കു വികസിച്ചത്. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന ഫ്രാൻസ്ബോസ് (Franz Boas) ആണ് ആധുനിക നരവംശശാസ്ത്രത്തിന്റെ വികാസത്തിന് ഏറ്റവുമധികം സംഭാവന നല്കിയത്. അതിനെ ലക്ഷണമൊത്ത ഒരു ശാസ്ത്രശാഖയാക്കാനാണ് ബോസ് ആഗ്രഹിച്ചത്. നരവംശശാസ്ത്രത്തിന്റെ എല്ലാമേഖലകളിലും ബോസിനു താത്പര്യമുണ്ടായിരുന്നു. പുരാവസ്തുവിജ്ഞാനീയമൊഴിച്ചുള്ള എല്ലാമേഖലകളിലും ഇദ്ദേഹം ഫീൽഡ്വർക്ക് നടത്തിയിട്ടുണ്ട്. 1899 മുതൽ 1937 വരെ ബോസ് കൊളംബിയ സർവകലാശാലയിൽ പ്രൊഫസറായിരുന്നു. ആധുനികനരവംശശാസ്ത്രത്തെ നിർവചിച്ചത് ഫ്രാൻസ് ബോസാണെന്നു പറയാം. 20-ാം ശ.-ത്തിലെ പ്രശസ്തമായ മിക്കവാറുമെല്ലാ അമേരിക്കൻ നരവംശശാസ്ത്രജ്ഞരും ഇദ്ദേഹത്തിന്റെ വിദ്യാർഥികളാണ്. ആൽഫ്രഡ് ക്രോബർ (Alfred Kroeber), റൂത്ത് ബെന്ഡിക് (Ruth Bendeict), മാർഗരറ്റ് മീഡ് (Margaret Mead) തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു. വംശീയവും പരിണാമവാദപരവുമായ സിദ്ധാന്തങ്ങളെ ബോസ് നിരാകരിച്ചു. മനുഷ്യർക്കിടയിലെ ജനിതകവ്യത്യാസങ്ങളുപയോഗിച്ചുകൊണ്ട് സാംസ്കാരിക വ്യത്യാസങ്ങളെ വിശദീകരിക്കാനാവില്ലെന്ന് ബോസ് സിദ്ധാന്തിച്ചു. മൊത്തം മനുഷ്യർക്കും ബാധകമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനുപകരം സവിശേഷസമൂഹങ്ങളുടെ ചരിത്രവും സംസ്കാരവും അപഗ്രഥിക്കാനാണ് ബോസ് ശ്രമിച്ചത്. ബോസിന്റെ സൈദ്ധാന്തികസമീപനം ചരിത്രപരമായ സവിശേഷവാദം എന്നറിയപ്പെടുന്നു. പില്ക്കാലത്ത് വികസിച്ച സാംസ്കാരിക ആപേക്ഷികതാവാദ(Cultural relativism)ത്തിന് പ്രേരകമായത് ഈ സമീപനമാണ്.

എമിലി ദുർക്കൈം

ബോസിന്റെ സമകാലികരായിരുന്ന മിക്ക യൂറോപ്യൻ നരവംശശാസ്ത്രജ്ഞരും ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ എമിലി ദുർക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു ആസ്പദമാക്കിയിരുന്നത്. ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായിരുന്ന ബ്രോനിസ്ലാവ് മലിനോവ്സ്കിയും (Broni-slaw Malinowski) എ.ആർ. റാഡ്ക്ളിഫ് ബ്രൗണും (A.R.Radcliff Brown) മുഖ്യമായും ആശ്രയിച്ചത് ദുർക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു. ഈ സമീപനമാണ് ഘടനാപരമായ പ്രയോജനവാദം അഥവാ പ്രയോജനവാദം എന്നറിയപ്പെടുന്നത്. 1950-കളിൽ ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനായ [[]ക്ളോഡ് ലെവി-സ്ട്രോസ്] വികസിപ്പിച്ച സിദ്ധാന്തം ഘടനാവാദം എന്നറിയപ്പെടുന്നു. ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ ദുർക്കൈമിന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനും നരവംശശാസ്ത്രജ്ഞനുമായിരുന്ന മാർസൽ മോസി(Marcel Mauss)ന്റെയും ആശയങ്ങൾ ലെവിസ്ട്രോസിനെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. മിത്തുകൾ, അനുഷ്ഠാനം, ഭാഷ എന്നിവയിലന്തർലീനമായ സാംസ്കാരികമാതൃകകൾ, മനുഷ്യമനസ്സിന്റെ അടിസ്ഥാനഘടനകളിൽ മുദ്രിതമാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിച്ചു. വസ്തുക്കളെ ദ്വന്ദ്വങ്ങളായി വിഭജിക്കുകയെന്നത് മനുഷ്യമനസ്സിന്റെ സാർവത്രിക പ്രവണതയാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിക്കുന്നു. പകൽ/രാത്രി, കറുപ്പ്/വെളുപ്പ്, സ്ത്രീ/പുരുഷൻ എന്നിങ്ങനെയാണ് ദ്വന്ദ്വങ്ങൾ. ഇത്തരം അടിസ്ഥാന പരികല്പനാമാതൃകകൾ സംസ്കാരങ്ങളിലൂടെ കൂടുതൽ വിശദമാക്കപ്പെടുകയാണ് ചെയ്യുന്നത്. പല സമൂഹങ്ങളും പരസ്പരവിരുദ്ധവും പരസ്പരപൂരകവുമായ സംഘങ്ങളായി സങ്കല്പിക്കുകയും ഓരോ സംഘത്തിനും ഒരു പൊതുപൂർവികനുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഈ സംഘങ്ങൾ പല ആചാരങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

സാംസ്കാരിക ഭൗതികവാദം/സാംസ്കാരിക പരിസ്ഥിതിവാദം. 1960-കളിൽ അമേരിക്കൻ നരവംശശാസ്ത്രജ്ഞരായ ജൂലിയൻ സ്റ്റിവാർഡും റോയിറാപ്പപോർട്ടും (Roy Rappaport) മാർവിൻ ഹാരിസും (Marvin Harris) സംസ്കാരവും സാമൂഹിക സംഘടനകളും ജനതയുടെ സാങ്കേതികവിദ്യ, സമ്പദ്ശാസ്ത്രം, പരിസ്ഥിതി എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന പഠനങ്ങൾ ആവിഷ്കരിച്ചു. സംസ്കാരത്തെയും സമൂഹത്തെയും മനസ്സിലാക്കുന്നതിന് സാമ്പത്തിക-പാരിസ്ഥിതിക സിദ്ധാന്തങ്ങൾ പ്രയോഗിക്കുന്ന രീതിയെയാണ് സാംസ്കാരിക ഭൗതികവാദം അഥവാ സാംസ്കാരിക-പരിസ്ഥിതിവാദം എന്നു പറയുന്നത്. പശുവിനെ 'പവിത്ര'മായി കാണുന്ന ഇന്ത്യയിലെ മതസമീപനത്തെക്കുറിച്ച് വിശദമായി പഠിച്ച മാർവിൻ ഹാരീസിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

1970-കളിൽ അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ ക്ലിഫോർഡ് ഗീർട്ടസും ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ വിക്ടർ ടേർണറും സാമ്പത്തികവും പാരിസ്ഥിതികവുമായ വിശദീകരണങ്ങളെ നിരാകരിച്ചു. ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ സവിശേഷതകളെ സാമ്പത്തിക-പാരിസ്ഥിതികഘടകങ്ങളിലൂടെ മനസ്സിലാക്കാനാവില്ലെന്ന് ഇവർ വാദിച്ചു. സവിശേഷമായ സാംസ്കാരിക പ്രതീകങ്ങൾക്കും ആചാരങ്ങൾക്കും നിർദിഷ്ട സംസ്കാരങ്ങളിലുള്ള അർഥമെന്താണെന്നാണ് ഇവർ അന്വേഷിച്ചത്. ഈ രീതി പ്രതീകാത്മക നരവംശശാസ്ത്രം എന്നാണറിയപ്പെടുന്നത്. സമൂഹത്തിലെ ഏതെങ്കിലുമൊരു പ്രധാന ആചാരത്തെയോ പ്രതീകത്തെയോ വിശദമായി പഠനവിധേയമാക്കുന്ന രീതിയാണിവരുടേത്. ഒരു പ്രതീകം അഥവാ ആചാരം മുഴുവൻ സംസ്കാരത്തെയും എങ്ങനെ പ്രതീഫലിപ്പിക്കുന്നു എന്നാണിവർ സിദ്ധാന്തിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിജനതയുടെ പരമ്പരാഗത ആചാരമായ കോഴിപ്പോരിനെക്കുറിച്ചുള്ള പഠനത്തിലൂടെ ബാലിജനതയുടെ സംസ്കാരത്തെ അപഗ്രഥിക്കാമെന്നാണ് ക്ലിഫോർഡ് ഗീർട്ട്സ് സിദ്ധാന്തിക്കുന്നത്.

1990-കളോടെ നരവംശശാസ്ത്രം അതിവിപുലമായ ഒരു വിജ്ഞാനമേഖലയായി വികസിച്ചു. ബോധപഠന വിദ്യാഭ്യാസം, പരിസ്ഥിതി, ഫെമിനിസം, സിനിമ, ഫോട്ടോഗ്രാഫി, മ്യൂസിയം, പോഷകാഹാരം, കൃഷി, രാഷ്ട്രീയം, നിയമം, മനശ്ശാസ്ത്രം, നാഗരിക പ്രശ്നങ്ങൾ, തൊഴിൽ എന്നിങ്ങനെ അസംഖ്യം വിഷയങ്ങളെ നരവംശശാസ്ത്രത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ അമേരിക്കൻ ആന്ത്രോപ്പോളജിക്കൽ അസ്സോസിയേഷൻ തയ്യാറായിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നരവംശശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നരവംശശാസ്ത്രം&oldid=4069993" എന്ന താളിൽനിന്ന് ശേഖരിച്ചത്