സാംക്രമികരോഗവിജ്ഞാനീയം
പരമ്പര |
ശാസ്ത്രം |
---|
സാംക്രമികരോഗവിജ്ഞാനീയം. ജനസമൂഹത്തെ വ്യാപകമായി ബാധിക്കുന്ന രോഗാവസ്ഥകളെ എപ്പിഡെമിക് (Epidemic) എന്നാണ് പറയുന്നത്. ഒരു രോഗം എല്ലാവിധത്തിലും സാമ്യത്തോടെ സമൂഹത്തിൽ സാധാരണ നിലവാരത്തിലും കവിഞ്ഞു വ്യാപിക്കുമ്പോൾ ആ രോഗാവസ്ഥയെയാണ് എപ്പിഡെമിക് എന്നു വിശേഷിപ്പിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് (ബി. സി. 460-377) തന്റെ ഗ്രന്ഥത്തിൽ ഇത്തരം രോഗാവസ്ഥകളെ കുറിച്ച് വിവരിച്ചിട്ടുണ്ട്. ഗ്രീക്കുഭാഷയിലെ പദമായ എപ്പിഡമിക് എന്നതിന് ജനസമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന അവസ്ഥ (Epi = upon; Demos = people) എന്നാണർഥം. ജനങ്ങൾക്കിടയിൽ വ്യാപകമായി പടർന്നു പിടിച്ചിരുന്ന രോഗങ്ങളിൽ ആദ്യകാലത്തു ശ്രദ്ധയാകർഷിച്ചത് കോളറ, വസൂരി തുടങ്ങിയ പർച്ചവ്യാധികളിൽ ആയിരുന്നു. അത്തരം വ്യാധികളുടെ പടർന്നു പിടിക്കലിന് എപ്പിഡെമിക് എന്നും അത്തരം രോഗങ്ങളെ എപ്പിഡെമിക് രോഗങ്ങളെന്നും വിളിച്ചിരുന്നു. എപ്പിഡമിക് രോഗങ്ങളുടെ പഠനമാണ് എപ്പിഡെമിയോളജി അഥവാ സാംക്രമികരോഗവിജ്ഞാനീയം.[1]
ജോൺ സ്നോ എന്ന ബ്രിട്ടീഷ് ഭിഷഗ്വരൻ 19-ം നൂറ്റാണ്ടിൽ ലണ്ടനിൽ ഉണ്ടായ കോളറയെപ്പറ്റി നടത്തിയ പഠനങ്ങൾ വഴി ആ രോഗം വെള്ളത്തിലൂടെയാണ് പകരുന്നതെന്നു തെളിയിച്ചു. രോഗാണുക്കളെക്കുറിച്ചോ അവയ്ക്കും ഓരോ രോഗത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ ശാസ്ത്രജ്ഞന്മാർക്ക് ഒരറിവുമില്ലാതിരുന്ന ആ കാലത്ത് കോളറയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഫലപ്രദമായ നിഗമനങ്ങളിൽ എത്തിച്ചേരുവാൻ സാധിച്ച ജോൺ സ്നോവിനെ ബ്രിട്ടീഷ് ഗവണ്മെന്റ് സർ സ്ഥാനം നൽകി ബഹുമാനിക്കുകയുണ്ടായി. സ്നോ തന്റെ പഠനങ്ങൾക്ക് ഉപയോഗിച്ച തത്ത്വങ്ങൾ തന്നെയാണ് ഇന്നും ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ എന്നതുകൊണ്ട് സ്നോവിനെ എപ്പിഡമിയോളജിയുടെ പിതാവായി ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നു.[2]
രോഗങ്ങളും രോഗാണുക്കളും തമ്മിലുള്ള ബന്ധത്തെ ലൂയീ പാസ്ചർ (1822-95) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ സ്ഥാപിച്ചതോടെയാണ് സാംക്രമികരോഗശാസ്ത്രം വിപുലമായിത്തുടങ്ങിയത്. ജോൺസ്നോവിന്റെ തത്ത്വങ്ങൾ ഉപയോഗിച്ചും പസ്റ്ററുടെ നിഗമനങ്ങൾ പ്രയോജനപ്പെടുത്തിയും ഈ ശാസ്ത്രരംഗത്തിലെ പ്രവർത്തകന്മാർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. രോഗാണുക്കൾ കൊണ്ടു മാത്രം രോഗമുണ്ടാകാൻ വഴിയില്ലെന്നും മറ്റു പല സാഹചര്യങ്ങളും ഉണ്ടായാൽ മാത്രമേ ശരീരത്തിൽ രോഗലക്ഷണങ്ങൾ ദൃശ്യമാവുകയുള്ളു എന്നും ആ പഠനങ്ങൾ തെളിയിച്ചു. രോഗം ഏതായാലും അതിന്റെ തുടക്കത്തിനും വളർച്ചയ്ക്കും പ്രസ്തുതതത്വം ബാധകമാണെന്നു മനസ്സിലായി. ബഹുഘടകസിദ്ധാന്തം (multiple factor theory) എന്ന പേരിലാണ് എപ്പിഡെമിയോളജിയിൽ ഈ വസ്തുത അറിയപ്പെടുന്നത്.[3]
20-ം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര പുരോഗതിക്കു സഹായകമായിത്തീർന്ന എപ്പിഡെമിയോളജി തത്ത്വങ്ങൾ സാംക്രമികരോഗങ്ങളെ സാമാന്യമായി ചെറുക്കുന്നതിനും ചിലപ്പോൾ നിർമാർജ്ജനം ചെയ്യുന്നതിനു തന്നെയും സഹായകമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനു ശേഷം എപ്പിഡെമിയോളജിയുടെ തത്ത്വങ്ങൾക്ക് വളരെ വിപുലമായ അംഗീകാരവും പ്രയോഗരംഗങ്ങളും ഉണ്ടായി. അർബുദം (cancer), ഹൃദ്‌രോഗങ്ങൾ, മാനസികരോഗങ്ങൾ, പ്രമേഹം, ജനസമൂഹത്തിലെ പകർച്ചവ്യാധികൾ എന്നല്ല, മനുഷ്യാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതു വിനയേയും സങ്കീർണമായും സൂക്ഷ്മമായും പഠിക്കുന്നതിന് ആ തത്ത്വങ്ങൾ ഉപയോഗിക്കണമെന്നും അങ്ങനെ ലഭിക്കുന്ന അറിവ് ആ രോഗങ്ങളുടെ നിവാരണ മാർഗങ്ങൾ കണ്ടുപിടിക്കുവാനായി ഉപയോഗിക്കണമെന്നും തീരുമാനിക്കപ്പെട്ടു. മനുഷ്യവർഗത്തിന്റെ ആരോഗ്യസ്ഥിതി പഠിച്ചു മനസ്സിലാക്കുവാൻ ഉപകരിക്കുന്ന ഒരു ശാസ്ത്രവിഭാഗമായിട്ടാണ് എപ്പിഡെമിയോളജിയെ ഇന്നു വീക്ഷിച്ചു പോരുന്നത്. ഒരു വ്യക്തിയുടെ രോഗനിർണയത്തിന് ഡോക്ടർ എപ്രകാരം ഒരു സ്റ്റെതസ്കോപ്പും മറ്റുപകരണങ്ങളും ഉപയോഗിക്കുന്നുവോ അതുപോലെയാണ് സമൂഹത്തിലെ ആരോഗ്യ-അനാരോഗ്യ നിർണയത്തിനുള്ള ഉപാധിയായി എപ്പിഡെമിയോളജിയെ പ്രയോജനപ്പെടുത്തിവരുന്നത്.[4]
ആധുനികവീക്ഷണം
[തിരുത്തുക]രോഗങ്ങളുടെ ഉദ്ഭവത്തിനുള്ള കാരണങ്ങൾ അറിയാമെങ്കിൽ പ്രതിരോധത്തിനും നിവാരണത്തിനും നിർമാർജ്ജനത്തിനുമുള്ള വഴികൾ മനസ്സിലാക്കാൻ സാധ്യമാണ്. എല്ലാ രോഗങ്ങളുടെയും കാരണങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ സമൂഹത്തിൽ കാണുന്ന രോഗങ്ങളുടെ സമ്പൂർണ വിവരം ലഭിക്കുകയാണെങ്കിൽ അതിൽനിന്നു രോഗകാരണങ്ങളെ തേടിപ്പിടിക്കുവാൻ സാധിച്ചെന്നു വരും. അതിനെതുടർന്ന് ഈ രോഗകാരണങ്ങളെ ജീവിതത്തിൽ നിന്ന് അകറ്റി സമൂഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുവാനും സാധിക്കും. ആകയാൽ മനുഷ്യ സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളുടെയും അനാരോഗ്യത്തിന്റെയും സമ്പൂർണ വിവരങ്ങൾ കിട്ടുന്നതിനും അതുവഴി അവയുടെ ഉദ്ഭവത്തിനുള്ള കാരണങ്ങളെ കണ്ടുപിടിക്കുന്നതിനും വേണ്ടിയുള്ള ഒരു ശാസ്ത്രവിഭാഗമായിട്ടാണ് ഇന്നത്തെ ശാസ്ത്രജ്ഞന്മാർ എപ്പിഡമിയോളജിയെ കാണുന്നത്.
വൈദ്യശാസ്ത്രരംഗത്തു സാധാരണയായി ആശുപത്രികളിലും മറ്റും ഒരു വ്യക്തിയുടേയോ അല്ലെങ്കിൽ ഏതാനും വ്യക്തികളുടെയോ രോഗാവസ്ഥയെ മാത്രമേ പഠനവിഷയമാക്കാറുള്ളു എങ്കിൽ എപ്പിഡെമിയോളജിയുടെ പരിധിയിൽ സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പല രാഷ്ട്രങ്ങളുടെ തന്നെയോ ഉള്ള നിലവാരത്തിൽ ആരോഗ്യ-അനാരോഗ്യ അവസ്ഥകളുടെ പഠനവും സാമൂഹാരോഗ്യ-ഉന്നമനത്തിലുള്ള ഉപാധികളുടെ ഗവേഷണവും പെടുന്നു.[5]
രോഗവിവരണപഠനം
[തിരുത്തുക]എപ്പിഡെമിയോളജിയുടെ ആദ്യകർത്താവും രോഗവിവരണപഠന (Descriptive Epidemiology) മാണ്.[6] രോഗം ആർക്ക്, എവിടെ, എപ്പോൾ എന്നീ ചോദ്യങ്ങൾക്കുത്തരം ലഭ്യമാകണമെങ്കിൽ രോഗാവസ്ഥയുടെ ശരിയായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിരിക്കണം. സമൂഹത്തിൽ ഉണ്ടാകുന്ന രോഗങ്ങളെ പറ്റിയും രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളെ പറ്റിയുമുള്ള കണക്കുകളിൽ നിന്ന് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയേക്കാം. ജനനമരണ രജിസ്ട്രേഷൻ ശരിയായി നടക്കുന്ന സ്ഥലങ്ങളിൽ മരണത്തെപറ്റി വിവരം ലഭ്യമാണെങ്കിലും പലസ്ഥലങ്ങളിലും രജിസ്റ്ററിൽ ചേർക്കാത്ത മരണങ്ങളും ഉണ്ടായേക്കാം. രജിസ്ട്രേഷൻ ഉള്ള സ്ഥലങ്ങളിൽ തന്നെ മരണങ്ങളുടെ കാരണം സത്യസന്ധമായി പലപ്പോഴും ചേർത്തെന്നു വരില്ല. പലയിടങ്ങളിലും രജിസ്ട്രേഷനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിൽ മരണകാരണം കാണിക്കുന്നത് അംഗീകൃത രീതിയിലായിരിക്കാൻ വേണ്ടി അന്താരാഷ്ട്ര സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇതു തൃപ്തികരമായി പല ദിക്കിലും പ്രാവർത്തികമായിട്ടില്ല. രോഗങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഇതിലും ചുരുക്കമാണു നിഷ്കർഷ. ചില സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ മാത്രമേ പലയിടത്തും ശ്രദ്ധിക്കാറുള്ളു. എല്ലാരോഗികളും ആശുപത്രികളിൽ പോകാത്തവരാകയാൽ അത്തരം സ്ഥാപനങ്ങളിൽ നിന്നു കിട്ടുന്ന രോഗവിവരങ്ങളും തൃപ്തികരമായിരിക്കയില്ല. വസ്തുത ഇതായിരിക്കെ സമൂഹത്തിലുള്ള രോഗങ്ങളുടെ കണക്കു ശരിക്കും ലഭിക്കണമെങ്കിൽ അതിനുമാത്രമായുള്ള പഠനസംവിധാനം ആവശ്യമാണ്. ചിലപ്പോൾ ഈ പഠനം ഒരു ചെറിയ സ്ഥലത്തുമാത്രം ഒതുങ്ങി നിൽക്കുന്നതാണെങ്കിൽ മറ്റുചിലപ്പോൾ രാജ്യവ്യാപകമായ തോതിലുമാവാം. ഏതായാലും ഇത്തരം പ്രത്യേകപഠനം വഴി ലഭ്യമാകുന്ന രോഗവിവരക്കണക്കുകൾ നോക്കുമ്പോൾ മുൻപറഞ്ഞ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ കിട്ടുന്നതാണ്.[7]
രോഗബാധിതരിൽ കുട്ടികളോ പ്രായംചെന്നവരോ ഏതെങ്കിലും പ്രത്യേക തൊഴിലിൽ ഏർപ്പെട്ടവരോ പുരുഷന്മാരോ സ്ത്രീകളോ ആരാണു കൂടുതൽ എന്നറിയുന്നതിലാണ് രോഗം ആർക്ക് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കിടക്കുന്നത്. രോഗം ഏതെങ്കിലും പ്രത്യേക സ്ഥലത്താണോ, ഗ്രാമപ്രദേശത്തോ അതോ പട്ടണങ്ങളിലോ പട്ടണത്തിൽത്തന്നെ ചേരിപ്രദേശങ്ങളിലോ അതോ മറ്റു പ്രദേശങ്ങളിലോ കൂടുതലായിട്ടുള്ളത്? ഏതെങ്കിലും പ്രത്യേകരാജ്യത്താണോ? ആണെങ്കിൽ വല്ല പ്രത്യേകസ്ഥലത്താണോ? ഇവയ്ക്കുള്ള ഉത്തരങ്ങൾ ശേഖരിക്കുകയാണ് രോഗം എവിടെ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രോഗം ആദ്യമായി കാണുവാൻ തുടങ്ങിയതെപ്പോൾ? മുൻകാലത്തുള്ളതിൽ വ്യത്യസ്തമായ രീതിയിലാണോ? പിടിപെട്ടാൽ ആ രോഗം ഒരു സമൂഹത്തിൽ എത്രകാലം നീണ്ടുനിൽക്കും? സമൂഹത്തിൽ ഈ രോഗാവസ്ഥ കാണാറുണ്ടോ? പ്രത്യേകകാലാവസ്ഥ ഈ രോഗത്തിന് അനുകൂലമാണോ? രോഗികളുടെ സംഖ്യ എത്ര വർഷം കൂടുമ്പോഴാണ് വർദ്ധിച്ചുകാണുന്നത്? ഇവയ്ക്കുള്ള ഉത്തരങ്ങളാണ് രോഗം എപ്പോൾ എന്ന ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത്.[8]
മേൽപ്പറഞ്ഞ ചോദ്യങ്ങൾ എല്ലാരോഗങ്ങളുടെയും പഠനങ്ങൾക്കു പറ്റിയതാണെന്ന് താഴെപറയുന്ന ചില സംഗതികൾ വ്യക്തമാക്കുന്നു. സാംക്രമികരോഗങ്ങളിൽ പലതും ശിശുക്കളെയും കൗമാരപ്രായത്തിൽ ഉള്ളവരെയും ബാധിച്ചു കാണുന്നു. പ്രമേഹം, അർബുദം, ഹൃദ്‌രോഗങ്ങൾ മുതലായവ 35 വയസ്സിനു മുകളിൽ ഉള്ളവരെ കൂടുതലായി ആക്രമിക്കുന്നു. ഹൃദ്‌രോഗങ്ങൾ പുരുഷന്മാരിൽ 50 വയസ്സുവരെ കൂടുതലായി കണ്ടുവരുന്നു. ഗ്രാമ പ്രദേശങ്ങളിലുള്ള രോഗാവസ്ഥകൾ പട്ടണങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ്. ചില രോഗങ്ങൾ (ഉദാഹരണം വായിലെ അർബുദം) ദക്ഷിണഭാരതത്തിലാണ് അധികം കഴിഞ്ഞ 50 വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ ശ്വസകോശാർബുദം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഭാരതത്തിൽ പലേടത്തും കോളറ, പിള്ളവാതം, വിഷജ്വരം (Typhoid), മഞ്ഞപ്പിത്തം (infective hepatitis) മുതലായ രോഗങ്ങൾ സമൂഹത്തിൽ എല്ലാ മാസങ്ങളിലും കാണാവുന്നതാണ്. വർഷംതോറും പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന കോളറാ കുറേക്കാലമായി കേരളത്തിൽ ഉണ്ടായിട്ടില്ല. എങ്കിലും 1965 നു ശേഷം അതുപിന്നെയും ഇവിടെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇമ്മാതിരിയുള്ള അറിവുകൾ മേല്പ്റഞ്ഞ പഠനങ്ങളുടെ ഫലങ്ങളാണ്.[9]
സംശയാസ്പദമായ അനുമാനങ്ങൾ
[തിരുത്തുക]സ്ഥിതിവിവര കണക്കുകളിൽ നിന്ന് രോഗം ആർക്ക് എവിടെ എപ്പോൾ എന്നീചോദ്യങ്ങൾക്ക് കിട്ടുന്ന ഉത്തരങ്ങളെ സൂക്ഷ്മ പരിശോധന കഴിച്ചാൽ ചില സംശയങ്ങൾ ന്യായമായുണ്ടാകാം. ചിലതരം ആളുകളിലോ, സ്ഥലത്തോ, ഏതെങ്കിലും സമയത്തോ രോഗാവസ്ഥ കാണുന്നത് ഈ ഘടകങ്ങൾക്ക് രോഗാവസ്ഥയുമായി വല്ല ബന്ധവും ഉള്ളതുകൊണ്ടാണോ? ഉണ്ടെങ്കിൽ അത് എപ്രകാരമായിരിക്കാം? ഈ വഴിക്കു ചിന്തിച്ചുണ്ടാകുന്ന സംശയാസ്പദമായ അനുമാനങ്ങൾ വഴി രോഗാവസ്ഥയുമായി ബന്ധപ്പെട്ട ഘടകങ്ങളെ ശരിയായും വേർതിരിക്കാൻ സാധിച്ചെന്നുവരാം. പിന്നീട് അവയെ ശാസ്ത്രീയമായി തെളിയിച്ചതിനു ശേഷം മാത്രമേ രോഗഹേതുക്കളെപ്പറ്റിയുള്ള വസ്തുത നിശ്ചയിക്കാവു.
അപഗ്രഥനാത്മകമായ പഠനം
[തിരുത്തുക]സംശയിക്കപ്പെടുന്ന രോഗകാരണങ്ങളും രോഗാവസ്ഥയും തമ്മിൽ യഥാർത്ഥത്തിൽ ബന്ധമുണ്ടോ ഇല്ലയോ എന്നു തീർച്ചപ്പെടുത്താനായി നടത്തുന്ന ശാസ്ത്രീയ പഠനത്തിനാണ് അപഗ്രഥനാത്മക - എപ്പിഡെമിയോളജി എന്നുപറയുന്നത്. രണ്ടുവിധത്തിലാണ് ഇത്തരം പഠനങ്ങൾ:
- രോഗികളിൽ നിന്നു തുടങ്ങുന്നത് (Case history study).
- ഒരു സമൂഹത്തിൽ ആരെല്ലാം രോഗബാധിതരാകുന്നു എന്ന പഠനം (cohort study).
രോഗികളിൽ നിന്നുള്ള പഠനം
[തിരുത്തുക]രോഗമുള്ള വ്യക്തികളെയും രോഗമൊഴിച്ച് ബാക്കിയെല്ലാവിധത്തിലും സാമ്യമുള്ള രോഗമില്ലാത്ത വ്യക്തികളെയും താരതമ്യേന പഠനം നടത്തി രോഗഹേതുവെന്നു സംശയിക്കപ്പെടുന്ന ഘടകങ്ങൾ രോഗിയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുന്നതാണ് കേസ് ഹിസ്റ്ററി. പഠനത്തിന്റെ ആന്തരതത്വം പ്രസ്തുത ഘടകങ്ങൾ രോഗികളിൽ കൂടുതലായും അല്ലാത്തവരിൽ കുറവായും ബന്ധപ്പെട്ടുകണ്ടാൽ രോഗവുമായി അവയ്ക്കു ബന്ധമുണ്ടെന്നു കണക്കാക്കാം. ഇപ്രകാരം ഒരു പഠനം നടത്തിയാണ് 1848-ൽ ജോൺസ്നോ കോളറാ രോഗം വെള്ളത്തിലൂടെ ആണ് സംക്രമിക്കുന്നതെന്നു തെളിയിച്ചത്. രോഗികൾ ഒരു പ്രത്യേക കുഴൽക്കിണറ്റിലെ ജലം ഉപയോഗിച്ചിരുന്നവരാണെന്നും ആ ജലം ഉപയോഗിക്കാത്തവർ അരോഗികളായിത്തന്നെ കഴിയുന്നു എന്നും മനസ്സിലാക്കിയ അദ്ദേഹം കണക്കുകൾ ഉദ്ധരിച്ച് തന്റെ സിദ്ധാന്തം സമർഥിക്കുകയുണ്ടായി. ബാക്കി എല്ലാകാര്യങ്ങളിലും ജീവിതരീതിയിലും സാമ്യമുള്ള ലണ്ടൻ പട്ടണത്തിലെ ഒരു വീഥിയിൽ ഇരുവശം താമസിക്കുന്ന ജനങ്ങൾക്കു തമ്മിലുള്ള ഏക വ്യത്യാസം അവർ കുടിക്കാനുപയോഗിക്കുന്ന വെള്ളം മാത്രമാണെന്നും ആകയാൽ രോഗികൾ ഉപയോഗിച്ച കുഴൽ കിണറ്റിലെ വെള്ളത്തിൽ രോഗകാരണമായ വിഷാംശം ഉണ്ടെന്നുമായിരുന്നു ആ സൂക്ഷ്മബുദ്ധിയുടെ അനുമാനം. രോഗികളെ രോഗമില്ലാത്തവരിൽ നിന്നു തിരിച്ചറിയാൻ എളുപ്പമുള്ളതുകൊണ്ടും കുറഞ്ഞകാലയളവിൽ രോഗം അധികം പേർക്കും പടർന്നു പിടിക്കുന്നതുകോണ്ടും രോഗികളിൽ പലർക്കും പെട്ടെന്നു മരണം സംഭവിക്കുന്നതുകൊണ്ടും സാംക്രമികരോഗങ്ങൾ ഉണ്ടാകുമ്പോൾ സാധാരണഗതിയിൽ ശ്രദ്ധിക്കപ്പെടുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം കേസ് ഹിസ്റ്ററി പഠനങ്ങൾ പല രോഗങ്ങളുടെയും കാരണങ്ങൾ കണ്ടുപിടിക്കുവാൻ സാധിച്ചിട്ടുണ്ട്.[10]
കാലപ്പഴക്കത്തിൽ വന്നുചേരുന്നതും ആരംഭത്തിൽ രോഗനിർണയം ആയാസമുള്ളതുമായ രോഗാവസ്ഥകളുടെ കാര്യത്തിൽ--സാംക്രമിത്വമില്ലാത്തവരുടെ കാര്യത്തിൽ, ഈ ദൃശ്യപഠനം പ്രയോജനപ്പെടുത്തിയിരുന്നു. എങ്കിലും തദ്വാരാ ലഭ്യമായ വിവരങ്ങളിൽ വൈകല്യങ്ങൾ ഉണ്ടാകുവാനിടയുണ്ട്. ആദ്യദിശയിലുള്ള രോഗികൾ പഠനത്തിനു വഴങ്ങികൊടുത്തെന്നു വരില്ല. പഠനത്തിനു മുമ്പുതന്നെ ചില രോഗികൾ മരിച്ചുപോകാനുമിടയുണ്ട്. ഇക്കാരണങ്ങളാൽ കേസ് ഹിസ്റ്ററി പഠനം ഇത്തരം രോഗങ്ങളിൽ പൂർണമായതോതിൽ ഫലപ്രദമാവുകയില്ല.
രോഗകാരണങ്ങൾ കണ്ടുപിടിക്കാനുള്ള പഠനം
[തിരുത്തുക]രോഗികളെ കണ്ടുപിടിച്ച ശേഷം അവരുടെ ഭൂതകാല ജീവിതത്തിൽ ഉണ്ടായിരിക്കാവുന്ന രോഗഹേതുക്കളുമായുള്ള ബന്ധം സ്ഥാപിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടു നടത്തുന്ന പഠനങ്ങളാണ് മുൻവിസ്തരിച്ചവ. എന്നാൽ രോഗകാരണങ്ങൾ കണ്ടുപിടിക്കാനായി ഒരുകൂട്ടം വ്യക്തികളെയോ ഒരു സമൂഹത്തെ തന്നെയോ സവിസ്തരം പഠിച്ച് സംശയാസ്പദമായ രോഗഹേതുക്കൾ അവരിലെല്ലാം ഉണ്ടെന്നു ആദ്യം നിർണയിച്ച് അവരെ എല്ലാവരെയും പ്രത്യേക ശ്രദ്ധയ്ക്കു വിധേയമാക്കി അവരിൽ ആരിലെല്ലാം രോഗാവസ്ഥ ഭാവിയിൽ കണ്ടുവരുന്നു എന്നുള്ള പഠനത്തെയാണ് കൊഹോർട് സ്റ്റഡി എന്നു പറയുന്നത്. ഇതിനെ പ്രോസ്പക്റ്റീവ് സ്റ്റഡി (prospective study) എന്നും പറയാറുണ്ട്.[11]
സാംക്രമികരോഗങ്ങളാണെങ്കിൽ രോഗികളെ കുറച്ചുകാലത്തേക്കു മാത്രം പ്രത്യേകശ്രദ്ധയ്ക്കു വിധേയരാക്കിയാൽ മതിയാകും. എന്നാൽ മറ്റുചില രോഗങ്ങളുടെ കാര്യത്തിൽ ഈ ശ്രദ്ധ വർഷങ്ങളോളം വേണ്ടിവരും. ജീവിതരീതിയിൽ രോഗഹേതുക്കൾ കുറവായതോ ഇല്ലാത്തതോ ആയ വ്യക്തികളേയും അവ താരതമ്യേന കൂടുതൽ കാണുന്ന വ്യക്തികളെയും കുറേകാലത്തേക്കു ശ്രദ്ധിച്ചു നിരീക്ഷിച്ചശേഷം രണ്ടാമത്തെ കൂട്ടരിൽ പിൽക്കാലത്ത് രോഗാവസ്ഥ കൂടുതലാണെന്നു തെളിയിച്ചാൽ സംശയിക്കപ്പെടുന്ന രോഗഹേതുക്കളും രോഗാവസ്ഥയും തമ്മിൽ ന്യായമായും ബന്ധപ്പെടുത്താം. ഉദാഹരണമായി പുകവലിക്കാരെയും അല്ലാത്തവരെയും ദീർഘകാല നിരീക്ഷണത്തിനു വിധേയരാക്കി അവരിലുണ്ടായിട്ടുള്ള ശ്വാസകോശാർബുദത്തിന്റെ കണക്കുകൾ പഠിച്ച് പുകവലിയും ശ്വാസകോശാർബുദവും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെടുവാൻ കഴിഞ്ഞിട്ടുണ്ട്. ദീർഘകാലത്തേക്കു നീണ്ടുനിൽക്കുന്ന ഇത്തരം കൊഹോർട് സ്റ്റഡിക്ക് അതിന്റേതായ പ്രയാസങ്ങളും തന്മൂലം പരിമിതികളും ഉള്ളതിനാൽ മുൻപറഞ്ഞ കേസ് സ്റ്റഡിക്കാണ് കൂടുതൽ പ്രചാരം
സംശയാസ്പദമായ രോഗഹേതുക്കളും രോഗാവസ്ഥകളുമായി ബന്ധം തെളിയിക്കുന്നതിന് പരീക്ഷണ ശാലകളിൽ ജന്തുക്കളിലും മറ്റും പഠനങ്ങൾ നടത്താറുണ്ട്. ഇത്തരം പഠനങ്ങൾ മനുഷ്യ സമൂഹത്തിനിടയിൽ സാധ്യമല്ല. യുദ്ധത്തടവുകാരിലും മറ്റും ഇമ്മാതിരി പഠനങ്ങൾ നടത്തിയതായി രേഖകളുണ്ട്. എക്സ്പരിമെന്റൽ എപ്പിഡെമിയോളജി എന്നാണ് ഈ പഠനശാഖയ്ക്കു പേരിട്ടിട്ടുള്ളത്. വാക്സിനുകളുടെയും മറ്റുമരുന്നുകളുടെയും ഗുണധർമങ്ങൾ അറിയുന്നതിനു വേണ്ടിയാണ് ഈ പഠന ശാഖ പ്രവർത്തിച്ചുപോരുന്നത്.[12]
രോഗങ്ങളെ സംബന്ധിച്ചിടത്തോളം എന്നപോലെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളവും എപ്പിഡെമിയോളജിക്കു പ്രാധാന്യം കൈവന്നിട്ടുള്ളതിനാൽ എപ്പിഡമിയോളജി ഒഫ് ഹെൽത്ത് എന്ന പുതിയ ആശയം തന്നെ പ്രചാരത്തിൽ എത്തിയിരിക്കുന്നു എന്നാണ് ആധുനിക വീക്ഷണത്തിൽ നിന്നു വ്യക്തമാകുന്നത്. ആധുനിക എപ്പിഡെമിയോളജിയുടെ ആരംഭം ലൂയീപാസ്റ്ററുടെ കണ്ടുപിടിത്തങ്ങൾ മുതൽക്കാണെങ്കിലും അതിനു മുമ്പായിതന്നെ ജോൺ സ്നോ കോളറയുടെ ബാഹ്യകാരണം തെളിയിച്ചിട്ടുണ്ടെങ്കിലും ഈ ശാസ്ത്രശാഖയ്ക്ക് അതിലും എത്രയോ വളരെ പഴക്കമുണ്ടെന്നുള്ള കാര്യവും വിസ്മരിച്ചുകൂട. പകരുന്ന രോഗങ്ങളായ വസൂരിയും, പ്ലേഗും ചൈനക്കാർക്കും ഇന്ത്യക്കാർക്കും ക്രിസ്തുവിന് 1000 കൊല്ലങ്ങൾക്കു മുമ്പേ പരിചിതങ്ങളായിരുന്നു; അവർക്കിടയിൽ ചില ചികിത്സാപദ്ധതികളും നടപ്പിലുണ്ടായിരുന്നു. ഒരുതരം കുത്തിവൈപ്പ് മസൂരിക്കെതിരായി ചൈനയിൽ അക്കാലത്തു നടപ്പുണ്ടായിരുന്നു. എലിയിൽ നിന്നും പകരുന്ന ഒന്നാണ് പ്ലേഗ് എന്ന് ഇന്ത്യാക്കാർക്ക് അറിയാമായിരുന്നു. ബി. സി. 460-377 കാലത്തു ജീവിച്ചിരുന്ന ഹിപ്പോക്രിറ്റസ്, ബി.സി. 100-ൽ ജീവിച്ചിരുന്ന ലൂക്രിഷ്യസ് എന്നിവർ പകർച്ചവ്യാധികളെ കുറിച്ച് പ്രബന്ധങ്ങൾ എഴുതിയിരുന്നു. എ. ഡി. 14-15 നൂറ്റാണ്ടുകളിൽ പ്ലേഗ്, മസൂരി, ടൈഫസ്പനി എന്നിവയെക്കുറിച്ച് ഫ്രകാസ്ട്രോ എന്ന ശാസ്ത്രജ്ഞനും, 16-ം സിഡെൻ ഹാം എന്ന വൈജ്ഞാനികനും പകർച്ച വ്യാധികളെക്കുറിച്ചു പഠനം നടത്തിയിരുന്നു. ക്വാരടൈൻ അവധി 16-ം നൂറ്റാണ്ടിൽ തന്നെ ഏർപ്പെടുത്തിയിട്ടുള്ളതായി രേഖകളുണ്ട്. ജെന്നർ (1749-1823) ആണ് മസൂരിക്കെതിരായുള്ള ശാസ്ത്രീയമായ കുത്തിവൈപ്പ് ആദ്യമായി നടപ്പിലാക്കിയത്. ഭൂതപ്രേതപിശാചികളുടെ ബാധമൂലവും ദൈവകോപം മൂലവുമാണ് പകർച്ചവ്യാധികളുണ്ടാവുന്നതെന്നു പ്രാകൃതപ്രതിരോധ രീതികൾ പ്രാവർത്തികമാക്കിയിരുന്ന ആ പ്രാചീനകാലത്തുനിന്ന് ഇപ്രകാരം അനുക്രമം പുരോഗമിച്ചു വന്ന് രോഗവസ്ഥയുടെയും ആരോഗ്യത്തിന്റെയും പഠനങ്ങൾക്ക് തുല്യപ്രാധാന്യം കൊടുത്തുകൊണ്ടു വളർന്നുവന്നിരിക്കുന്ന സാക്രമികരോഗവിജ്ഞാനം ഇന്ന് എല്ലാ രാഷ്ട്രങ്ങളിലും അത്യന്തം ഗണിക്കപ്പെടുന്ന ഒരു ആരോഗ്യശാസ്ത്ര ശാഖയായി തീർന്നിരിക്കുന്നു.[13]
കടപ്പാട്
[തിരുത്തുക]- മലയാളം സർവവിജ്ഞാനകോശം വാല്യം-5 പേജ്-179-182.
അവലംബം
[തിരുത്തുക]- ↑ [1][പ്രവർത്തിക്കാത്ത കണ്ണി] Top Websites for What Is Epidemiology
- ↑ [2] This site is devoted to the life and times of Dr. John Snow (1813-1858), a legendary figure in the history of public health, epidemiology and anesthesiology.
- ↑ http://www.accessexcellence.org/RC/AB/BC/Louis_Pasteur.php Louis Pasteur (1822-1895)
- ↑ http://www.swintons.net/jonathan/Academic/glossary.html Archived 2010-04-09 at the Wayback Machine A Dictionary of (Ecological) Epidemiology
- ↑ http://www.answers.com/topic/epidemiology Study of disease distribution in populations
- ↑ http://www.wisegeek.com/what-is-descriptive-epidemiology.htm What is Descriptive Epidemiology?
- ↑ [3] Archived 2012-11-13 at the Wayback Machine DESCRIPTIVE EPIDEMIOLOGY: PERSON, PLACE AND TIME
- ↑ http://www.swintons.net/jonathan/Academic/glossary.html Archived 2010-04-09 at the Wayback Machine A Dictionary of (Ecological) Epidemiology
- ↑ http://www.answers.com/topic/epidemiology Epidemiology
- ↑ http://www.ph.ucla.edu/epi/snow.html This site is devoted to the life and times of Dr. John Snow (1813-1858), a legendary figure in the history of public health, epidemiology and anesthesiology.
- ↑ http://www.niehs.nih.gov/research/atniehs/labs/epi/index.cfm Epidemiology Branch
- ↑ http://www.lshtm.ac.uk/prospectus/short/siidma.html Archived 2010-02-13 at the Wayback Machine Introduction to Infectious Disease Modelling & Its Applications
- ↑ Malayalam Encyclopedia Vol V Page 182 Published by State institute of encyclopedic publications Thiruvanathapuram
പുറംകണ്ണികൾ
[തിരുത്തുക]- http://www.cdc.gov/excite/classroom/intro_epi.htm
- http://www.oralcancerfoundation.org/cdc/cdc_chapter1.htm Archived 2010-06-13 at the Wayback Machine
- http://neuro-oncology.oxfordjournals.org/cgi/content/full/8/1/1
- http://www.who.int/dracunculiasis/epidemiology/en/
- http://www.brown.edu/Courses/Bio_160/Projects2000/Anthrax/epidemiology.html Archived 2010-06-19 at the Wayback Machine
- http://www.brown.edu/Courses/Bio_160/Projects2004/rotavirus/Epidemiology.htm Archived 2010-12-01 at the Wayback Machine