ഗ്രാമം
മനുഷ്യ സമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണു ഗ്രാമം. ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം നൂറുമുതൽ ഏതാനും ആയിരങ്ങൾ വരെ ആവാം (ചിലപ്പോൾ പതിനായിരത്തോളം). ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്ന് കാണാം. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ആ ഗ്രാമങ്ങൾ പട്ടണങ്ങളായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻസാധിക്കും.
പരമ്പരാഗത ഗ്രാമങ്ങൾ
[തിരുത്തുക]വിവിധ തരത്തിലുള്ള ഗ്രാമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒരു സാധാരണ ഗ്രാമം ചെറുതും ഏതാണ്ട് 3 മുതൽ 30 വരെ കുടുംബങ്ങൾ വസിക്കുന്നവയും ആകുന്നു. ഇത്തരം ഗ്രാമങ്ങളിൽ വീടുകൾ സാധാരണയായി അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. ഇത് ഒരു സമൂഹം എന്നതിന്റെ ഭാഗമായും പ്രതിരോധപരമായ കാരണങ്ങളാലും ആയിരുന്നു. വീടുകളുടെ പരിസര പ്രദേശങ്ങൾ കാർഷിക വൃത്തിക്ക് ഉപയോഗിച്ചു പോരുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് കേരളത്തിൽ പൊതുവെ ഗ്രാമം എന്ന സങ്കല്പം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിൽ നഗരവൽക്കരണം നടക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിട്ടുണ്ട്. എങ്കിലും ചില വിദൂര മേഖലകളിൽ പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ ഗ്രാമ സംസ്ക്കാരം ഇപ്പോഴും നിലനിൽക്കുന്നു.
നമ്പൂതിരി ഗ്രാമം
[തിരുത്തുക]കേരളത്തിലെ ബ്രാഹ്മണരായ നമ്പൂതിരിമാർ 64 ഗ്രാമങ്ങളിലായിട്ടാണ് താമസിക്കുന്നത്. പെരിഞ്ചെല്ലൂർ, കരിക്കാട്, ശുകപുരം, പന്നിയൂർ, പെരുമനം, ഇരിഞ്ഞാലക്കുട, തൃശ്ശൂർ, തുടങ്ങിയവ പ്രസിദ്ധം.