Jump to content

ബൊവാഡിസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boudica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വജനങ്ങളെ റോമിനെതിരെ കലാപത്തിനു പ്രേരിപ്പിക്കുന്ന ബൊവാഡിസിയ, ജോൺ ഓപീയുടെ ചിത്രം

പൊതുവർഷം ഒന്നാം നൂറ്റാണ്ടിൽ, റോമൻ ആധിപത്യത്തിനെതിരെ ബ്രിട്ടണിലെ ഐസീനി ജനത നടത്തിയ കലാപത്തിനു നേതൃത്വം നൽകിയ അവരുടെ രാജ്ഞി ആയിരുന്നു ബോവാഡിസിയ (മരണം പൊതുവർഷം 60-62-നടുത്ത്). പൊർതുവർഷം 43-ൽ ക്ലോഡിയസിന്റെ ആക്രമണത്തെ തുടർന്ന് ബ്രിട്ടൺ റോമൻ കോളണി ആയി രണ്ടു ദശാബ്ദത്തിനുള്ളിലാണ് ഈ കലാപം നടന്നത്.

റോമൻ ആധിപത്യത്തിൻ കീഴിൽ നാമമാത്രഭരണാധികാരിയായി ഐസിനികളെ ഭരിച്ചിരുന്ന പ്രസുത്താഗസിന്റെ പത്നി ആയിരുന്നു ബൊവാഡിസിയ. പ്രസുത്താഗസ് ഓസ്യത്തിൽ തന്റെ രണ്ടു പെണ്മക്കളേയും റോമിനേയും രാജ്യത്തിന്റെ സംയുക്ത അവകാശികളാക്കിയിരുന്നു. എങ്കിലും അയാൾ മരിച്ചപ്പോൾ, ഓസ്യത്ത് അവഗണിച്ച് റോം ഐസീനി രാജ്യത്തെ പൂർണ്ണമായി അധീനപ്പെടുത്തുകയും ബൊവാഡിസിയയെ മർദ്ദിക്കുകയും ചെയ്തു. റോമൻ ഉദ്യോഗസ്ഥന്മാർ തന്റെ പെണ്മക്കളെ മാനഭംഗപ്പെടുത്തുകയും, രാജ്യം കൊള്ളയടിക്കുകയും പൗരന്മാരെ അടിമകളായി വിൽക്കുകയും ചെയ്തെന്നു ബൊവാഡിസിയ ആരോപിച്ചു. പലിശക്കാരിൽ നിന്ന് പ്രസുത്താഗസ് കടംവാങ്ങിയിരുന്ന പണം, ആ വിഷമസന്ധിയിൽ അവർ പിൻവലിക്കുക കുടി ചെയ്തപ്പോൾ പ്രതിസന്ധി തീവ്രമായി.

തുടർന്ന് റോമൻ ഗവർണ്ണർ ഗൈയസ് പൗളീനൂസ് വെയിൽസിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് സൈനികനീക്കത്തിൽ ഏർപ്പെട്ടിരുന്ന തക്കം നോക്കി ബോവാഡിസിയയുടെ നേതൃത്വത്തിലും പ്രേരണയിലും ഐസീനി ജനത റോമിനെതിരെ കലാപമുയർത്തി. ഒട്ടേറെ റോമൻ സൈനികത്താവളങ്ങൾ നശിപ്പിച്ച അവർ, ക്ലോഡിയസ് ചക്രവർത്തിയെ ആരാധിക്കാൻ നാട്ടുകാരുടെ ചെലവിൽ റോമൻ ഭരണകൂടം നിർമ്മിച്ചു നിലനിർത്തിയിരുന്ന ക്ഷേത്രവും നിലംപരിശാക്കി. കലാപം അടിച്ചമർത്താനായി റോം പുതുതായി അയച്ച സേനാവ്യൂഹത്തേയും അവർ തുരത്തി. തുടർന്ന് ലൊണ്ടിനിയം എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഇന്നത്തെ ലണ്ടനിലേക്കു മുന്നേറിയ കലാപകാരികൾ അവിടേയും അടുത്തുള്ള വെറുലേമിയം നഗരത്തിലും ഉണ്ടായിരുന്ന റോമാക്കാരേയും റോമിന്റെ സഹയാത്രികളായ നാട്ടുകാരേയും കൊന്നു. എഴുപതിനായിരത്തോളം (70,000) പേർ അങ്ങനെ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. ഇതിനകം തിരികെ എത്തിയ പൗളീനൂസിന്റെ നേതൃത്വത്തിൽ ഒടുവിൽ റോമൻ സൈന്യം ഐസീൻ സൈന്യത്തെ പരാജയപ്പെടുത്തി. പെണ്മക്കളോടൊപ്പം രഥത്തിൽ നിന്ന് യുദ്ധം നയിച്ച ബൊവാഡിസിയ, പരാജയം ഉറപ്പായപ്പൊൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തുടർന്ന് എൺപതിനായിരത്തോളം നാട്ടുകാരെ റോമൻ സൈന്യം വധിച്ചു.[1]

ബൊവാഡിസിയയുടെ കലാപത്തിന്റെ വിസ്മരിക്കപ്പെട്ടിരുന്ന കഥക്ക് ഇംഗ്ലീഷ് നവോത്ഥാനയുഗത്തിൽ പുനർജ്ജന്മം കിട്ടി. സമകാലീനമായ ബ്രിട്ടീഷ് രേഖകളുടെ അഭാവത്തിൽ, ടാസിറ്റസിനേയും ഡിയോയേയും പോലുള്ള റോമൻ ചരിത്രകാരന്മാരെ ആശ്രയിച്ചായിരുന്നു ഈ പുനർജ്ജനി. പത്തൊൻപതാം നൂറ്റാണ്ടിൽ വിക്ടോറിയ രാജ്ഞിയുടെ വാഴ്ചക്കാലത്ത് വിക്ടോറിയയെ ബ്രിട്ടീഷ് സ്വാതന്ത്ര്യവാഞ്ഛയുടെ പ്രതീകമായ ബൊബാഡിസിയയോട് താരതമ്യപ്പെടുത്തുക പതിവായിരുന്നു. അക്കാലത്ത്, വിഖ്യാത ഇംഗ്ലീഷ് കവി ടെനിസൻ ബൊവാഡിസിയയെക്കുറിച്ച് ഒരു കവിതയും എഴുതി.[2] ബൊവാഡിസിയ ഇന്നും ബ്രിട്ടണിൽ ഒരു സാംസ്കാരികബിംബമായി നിലനിൽക്കുന്നു.

അവലംബം

[തിരുത്തുക]
  1. വിൽ ഡുറാന്റ്, "സീസറും ക്രിസ്തുവും", സംസ്കാരത്തിന്റെ കഥ, മൂന്നാം ഭാഗം (പുറം 476)
  2. ആൽഫ്രെഡ് ലോഡ് ടെനിസന്റെ കവിത ബൊവാഡിസിയ
"https://ml.wikipedia.org/w/index.php?title=ബൊവാഡിസിയ&oldid=3092244" എന്ന താളിൽനിന്ന് ശേഖരിച്ചത്