ക്രിസ്റ്റഫർ മാർലോ
ക്രിസ്റ്റഫർ മാർലോ | |
---|---|
![]() കോർപസ് ക്രിസ്റ്റി കോളജിലെ ഈ ചിത്രം മാർലോവിന്റെതാണ് എന്ന് കരുതപ്പെടുന്നു | |
തൊഴിൽ | നാടകകൃത്ത്, കവി |
ദേശീയത | ഇംഗ്ലിഷ് |
കാലഘട്ടം | 1586 മുതൽ 93 |
സാഹിത്യ പ്രസ്ഥാനം | ആംഗലേയ നവോത്ഥാന നാടകവേദി |
കയ്യൊപ്പ് | ![]() |
എലിസബത്തിയൻ കാലഘട്ടത്തിലെ പ്രശസ്തനായ ആംഗലേയ നാടകകൃത്തും കവിയും പരിഭാഷകനുമായിരുന്നു ക്രിസ്റ്റഫർ മാർലോ.(ജനനം: 26 ഫെബ്രുവരി 1564; മരണം: 30 മേയ് 1593) ഷേക്സ്പിയർ കഴിഞ്ഞാൽ എലിസബത്തൻ കാലത്തെ ഏറ്റവും പ്രശസ്തനായ നാടകകൃത്തായി കണക്കാക്കപ്പെടുന്ന മാർലോയെ, അദ്ദേഹം പിന്തുടർന്ന ബ്ലാങ്ക് വെഴ്സ് (blank verse) രചനാശൈലിയും, ദുരൂഹസാഹചര്യങ്ങളിലുള്ള മരണവും കൂടുതൽ ശ്രദ്ധേയനാക്കി.
1593 മേയ് പതിനെട്ടാം തിയതി അദ്ദേഹത്തിനെതിരെ ഒരു കാരണമില്ല വാറണ്ട് പുറപ്പെടുവിക്കുകയും, മേയ് ഇരുപതാം തിയതി പ്രിവി കൌൺസിലിന് മുൻപാകെ അദ്ദേഹത്തെ കൊണ്ടുവരികയും ചെയ്തു. അതിനുശേഷം എല്ലാ ദിവസവും കൌൺസിലിന് മുൻപാകെ ഹാജരാകണമെന്ന ഉത്തരവ് കൌൺസിൽ പുറപ്പെടുവിക്കുകയും ചെയ്തു. മതവിരുദ്ധമായ ഒരു രചന അദ്ദേഹം നടത്തി എന്നാരോപിച്ചാണ് ഈ അറസ്റ്റ് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഈ സംഭവത്തിന് പത്ത് ദിവസത്തിന് ശേഷം മാർലോവിനെ, ഇൻഗ്രാം ഫ്രിസർ എന്നയാൾ കുത്തിക്കൊല്ലുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കൊലപാതകവും അറസ്റ്റും തമ്മിൽ ബന്ധമുണ്ടെന്നും ഇല്ലെന്നും വാദമുണ്ട്.
ജീവിതരേഖ
[തിരുത്തുക]ആദ്യകാലം
[തിരുത്തുക]
കാന്റർബറിയിലെ ചെരുപ്പു നിർമ്മാതാവായിരുന്ന ജോൺ മാർലോവിന്റെയും ഭാര്യ കാതറിന്റെയും മകനായാണ് മാർലോ ജനിച്ചത്. അദ്ദേഹത്തിന്റെ കൃത്യമായ ജനനത്തിയതി ലഭ്യമല്ല എങ്കിലും അദ്ദേഹത്തെ മാമ്മോദീസ മുക്കിയത് 1564 ഫെബ്രുവരി ഇരുപത്തിയാറിനായതിനാൽ, അതിന് ഏതാനും ദിവസം മുൻപായിരിക്കണം അദ്ദേഹം ജനിച്ചത്. ആയതിനാൽ 1564 ഏപ്രിൽ ഇരുപത്തിയാറിന് മാമ്മോദ്ദീസ മുക്കപ്പെട്ട ഷേയ്ക്സ്പിയറിനേക്കാൾ രണ്ട് മാസം മാത്രം പ്രായക്കൂടുതലുള്ള ആളാണ് മാർലോ. കാന്റർബറിയിലെ, കിങ്സ് സ്കൂളിലാണ് മാർലോ പഠിച്ചത്. അതിന് ശേഷം സ്കോളർഷിപ്പോടെ കേംബ്രിഡ്ജിലെ കോർപസ് ക്രിസ്റ്റി കോളേജിൽ നിന്ന് ആയിരത്തിഅഞ്ഞൂടി എൺപത്തിനാലിൽ ബിരുദം നേടി. എന്നാൽ മാർലോ കത്തോലിക്ക വിശ്വാസിത്തിൽ ചേർന്നുവെന്നും റെയിംസിലെ ഇംഗ്ലിഷ് കോളെജിൽ ചേർന്ന് വൈദികനാവാൻ പഠിക്കാൻ പോവുകയാണ് എന്നുമുള്ള ശ്രുതി പരന്നതിനാൽ1587-ൽ മാർലൊവിന് ബിരുദാന്തര ബിരുദം നൽകാൻ യൂണിവേഴ്സിറ്റി മടിച്ചു. എന്നാൽ രാജ്ഞിക്ക് മാർലോ ചെയ്ത നല്ല സേവനങ്ങൾക്കും വിശ്വാസ്യതക്കും പ്രതിഫലമായി പ്രിവി കൌൺസിൽ ഇടപെട്ട്‍, പറഞ്ഞ സമയത്തു തന്നെ അദ്ദേഹത്തിന് ബിരുദാനന്തര ബിരുദം ലഭിച്ചു. എന്ത് സേവനമാണ് മാർലോ ചെയ്തത് എന്ന് വ്യക്തമല്ലായിരുന്നതിനാൽ പല അഭ്യൂഹങ്ങളും അദ്ദേഹത്തെക്കുറിച്ച് പരന്നു. പ്രത്യേകിച്ചും സർ ഫ്രാൻസിസ് വാത്സിങ്ഹാമിന്റെ രഹസ്യാന്വേഷണ സംഘാംഗമായിരുന്നു അദ്ദേഹമെന്ന വാദം. ഈ വാദത്തിന് കൃത്യമായ തെളിവുകളില്ലെങ്കിലും കൌൺസിലിന്റെ കത്തിൽ പറയുന്നത് അദ്ദേഹം സർക്കാരിനേ ഏതോ രീതിയിൽ സേവിച്ചിരുന്നു എന്നു തന്നെയാണ്.
സാഹിത്യ ജീവിതം
[തിരുത്തുക]
ഡിഡൊ, ക്വീൻ ഒഫ് കാർത്തെജ് ആയിരുന്നു മാർലോവിന്റെ ആദ്യ നാടകം. എന്നാൽ ആദ്യം അവതരിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നാടകം ടാമ്പർറ്റേയ്ൻ (1587) ആണ്. ആട്ടിടയനിൽ നിന്നും യോദ്ധാവിലെക്കുള്ള ടിമുറിനെക്കുറിച്ചായിരുന്നു ആ നാടകം. ബ്ലാങ്ക് വേഴ്സ് ഉപയോഗിച്ചിട്ടുൾല ആദ്യ നാടകങ്ങളിൽ ഒന്നാണ് ഇത്. ടാമ്പർലെയ്ൻ തോമസ് കിഡിന്റെ ദ സ്പാനിഷ് ട്രാജഡി എന്ന നാടകവുമാണ് എലിസബത്തിയൻ നാടകവേദിയുടെ പക്വകാലഘട്ടത്തിന്റെ തുടക്കമായി കരുതുന്നത്. ടാമ്പർറ്റേയ്ൻ ഒരു വിജയമായിരുന്നതിനാൽ, അതിന് ഒരു രണ്ടാം ഭാഗവുമുണ്ടായിരുന്നു( ടാമ്പർലെയ്ൻ II). ഇദ്ദേഹത്തിന്റെ നാടകങ്ങളുടെ അനുക്രമം അജ്ഞാതമാണ് എങ്കിലും ഇവയെല്ലാം വിവാദപരമായ വിഷയങ്ങളെ സംബന്ധിച്ചായിരുന്നു.
പട്ടണാധികാരികൾക്കെതിരെ ഒരു യഹൂദന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ദ ജ്യൂ ഒഫ് മാൾറ്റ എന്ന നാടകത്തിന്റെ പുരോവചനം പറയുന്നത് മാക്യവെല്ലിയെ പ്രതിനിധാനം ചെയ്യുന്ന ഒരു കഥാപാത്രമാണ്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഏഡ്വർഡ് രണ്ടാമന്റെ സ്ഥാനനഷ്ടത്തെക്കുറിച്ചും രാജാവിന് പ്രിയരായ ആളുകൾക്ക് രാജസദസ്സിൽ അമിത പ്രാധാന്യം നൽകുന്നു എന്ന കാരണത്താൽ അദ്ദേഹത്തെ പുറത്താക്കിയ അദ്ദേഹത്തിന്റെ രാജ്ഞിയെയും. മാടമ്പിമാരെയും(ബാരൺ) കുറിച്ച് മാർലോ എഴുതിയ നാടകമാണ് ഏഡ്വർഡ് ദ സെക്കന്റ്.
സെയ്ന്റ് ബർത്തലോമിയോ ദിനത്തിലെ കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള, ദ മാസക്കർ അറ്റ് പാരിസ് എന്ന ചെറുതും കരാളത്വം നിറഞ്ഞതുമായ കൃതി, മൂലകൃതിയെ ഓർമ്മയിൽ നിന്ന് പുനസൃഷ്ടിച്ചതാണ് എന്ന് കരുതപ്പെടുന്നു. ആ കൃതിയിലെ നിശ്ശബ്ദനായ 'ഇംഗ്ലിഷ് ഏജന്റ്' എന്ന കഥാപാത്രം, മാർലോ തന്നെയാണെന്നും അദ്ദേഹത്തിന്റെ രഹസ്യാന്വേഷണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അനന്തര പാരമ്പര്യങ്ങൾ പറയുന്നു. ദ ട്രാജിക്കൽ ഹിസ്റ്ററി ഒഫ് ഡോക്ടർ ഫോസ്റ്റസ് എന്ന കൃതിയും ഈ കൃതിയുമാണ് മാർലോവിന്റെ ഏറ്റവും അപകടകരമായ നാടകമായി കരുതുന്നത്. കാരണം ലണ്ടനിലെ സമരക്കാൾ ഈ നാടകത്തിന്റെ ആശയമുയർത്തിപ്പിടിച്ച് അഭയാർത്ഥികളെ കൊല്ലുവാൻ ആഹ്വാനം ചെയ്യുമെന്ന് നാടകത്ത്തിന്റെ അവസാനം എലിസബത്ത് രാജ്ഞിക്ക് താക്കീത് നൽകുകയും, അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
ദ ട്രാജിക്കൽ ഹിസ്റ്ററി ഒഫ് ഡോക്ടർ ഫോസ്റ്റസ് എന്ന കൃതി, ഫോസ്റ്റ്ബക് എന്ന ജെർമൻ പുസ്തകത്തിലെ ഫോസ്റ്റ് എന്ന ചെകുത്താനുമായി ബന്ധപ്പെടുന്ന പണ്ഡിതനെക്കുറിച്ചാണ്. ചെകുത്താനുമായി ഉടമ്പടി ഉണ്ടാക്കുന്ന ആളുകളെക്കുറിച്ചുള്ള കഥകൾ നാലാം നൂറ്റാണ്ടു മുതൽ പ്രചാരത്തിലുണ്ടെങ്കിലും, മാർലോവിന്റെ ഫോസ് എന്ന കഥാപാത്രം തന്റെ പുസ്തകങ്ങൾ കത്തിക്കുവാൻ ആവാത്തവനും, ചെകുത്താനുമായുള്ള ഉടമ്പടി റദ്ദാക്കാനും അതുവഴി തന്റെ രക്ഷക്കായി ദൈവത്തോട് പശ്ചാത്തപിക്കുവാൻ തയ്യാറാവാത്തവനും ആണ്. നാടകത്തിന്റെ അന്ത്യത്തിൽ ഫോസ്‌റ്റിനെ ചെകുത്താന്മാർ വലിച്ചു കീറുകയും നരകത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. ഈ നാടകത്തിന്റെ രണ്ട് ഭാഷ്യങ്ങളുണ്ട്. 1604 ക്വാർട്ടോ എന്ന ഏ കൃതിയും, 1616 ക്വാർട്ടോ എന്ന ബ് കൃതിയും ആണ് അവ. പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 1604 ക്വാർട്ടോ മാർലോയുടെ മൂലകൃതി. കാരണം ആ ക്വാർട്ടോയിൽ കഥാപാത്രങ്ങൾക്ക് പല പേരുകളും വ്യക്തിപരമായ ചില അക്ഷരപ്പിശകുകളും ഉണ്ട്. ഇവയൊക്കെ ഈ കൃതി എഴുത്തുകാരന്റെ കൈയ്യെഴുത്തു പ്രതിയിൽ നിന്ന് നേരിട്ട് പകർത്തിയതാണ് എന്നതിന്റെ തെളിവുകളാണ്.
മാർലോവിന്റെ നാടകങ്ങൾ വളരെ വിജയകരമായിരുന്നു. ഇതിന് ഒരു കാരണം എഡ്വർഡ് അല്ലെൻ എന്ന ഇംഗ്ലിഷ് നടന്റെ സാന്നിധ്യം കൂടിക്കൊണ്ടായിരുന്നു. അസാധാരണ ഉയരമുണ്ടായിരുന്ന അല്ലെനുവേണ്ടിയാവണം ധിക്കാരഭാവമുണ്ടായിരുന്ന ടമ്പർറ്റെയ്ൻ, ഫോസ്റ്റസ്, ബറാബസ് മുതലായ കഥാപാത്രങ്ങൾ എഴുതപ്പെട്ടത്. അഡ്മിറെൽസ് മെൻ എന്ന അല്ലെന്റെ നാടകക്കമ്പനിയുടെ ആയിരത്തിഅഞ്ഞൂറ്റിത്തൊണ്ണൂറുകളിൽ കളിച്ച നാടകങ്ങൾക്ക് അടിസ്ഥാനമായത് മാർലോയുടെ നാടകങ്ങളാണ്.
പ്രശസ്തമായ ദ പാഷനെറ്റ് ഷെപ്പെർഡ് റ്റു ഹിസ് ലവ്, ഓവിഡിന്റെ ആമോറെസിന്റെ പരിഭാഷ, ലുകന്റെ ഫർസാലിയയുടെ ആദ്യ ഭാഗം, ഹീറൊ ആന്റ് ലിയാണ്ടർ, എന്നീ രചനകളും മാർലോവിന്റേതാണ്. ടാമ്പർലെയ്ന്റെ രണ്ടു ഭാഗങ്ങളും 1590-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ മറ്റ് രചനകൾ അദ്ദേഹത്തിന്റെ മരണശേഷമാണ് ഇറങ്ങിയത്. നിന്ദ്യമായ ഉള്ളടക്കമുണ്ട് എന്ന കാരണത്താൽ ആർച്ച്ബിഷപ്പ് വിറ്റ്ഗിഫ്റ്റ് അത്തരത്തിലുള്ള മറ്റ് രചനകളോടൊപ്പം 1599-ൽ മാർലോവിന്റെ ഒവിദ് എന്ന രചനയുടെ പരിഭാഷ നിരോധിക്കുകയും പരസ്യമായി കത്തിക്കുകയും ചെയ്തു.
ഐതിഹ്യങ്ങൾ
[തിരുത്തുക]
എലിസബത്തിയൻ കാലഘട്ടത്തിലെ മറ്റ് എഴുത്തുകാരെപ്പോലെ തന്നെ മാർലോവിനെപ്പറ്റിയും അധികം വിവരങ്ങൾ ലഭ്യമായിട്ടില്ല. പഴയകാലത്തെ നിയമ രേഖകളിൽ നിന്നും മറ്റ് ഔദ്യോഗിക രേഖകളിൽ നിന്നുമുള്ള കുറച്ച് വിവരങ്ങൾ മാത്രമേ മാർലോവിനേക്കുറിച്ച് അറിയുകയുള്ള. എന്നാൽ ഇതൊന്നും മാർലോവിന്റെ ജീവിതത്തെയും സ്വഭാവത്തെയും കുറിച്ചുള്ള ഊഹാപോഹങ്ങൾ കുറച്ചിട്ടില്ല. മാർലോവിനെ ഒരു ചാരനായും, ബഹളക്കാരനായും വേദവിപരീതിയായും സ്വവർഗാനുരാഗിയായും അതേപോലെ തന്നെ ഒരു മാന്ത്രികനായും ദ്വന്ദ്വയുദ്ധയോദ്ധാവായും പുകയില ഉപയോഗിക്കുന്ന ആളായും കള്ളനായും അധാർമ്മികനായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വാദങ്ങൾക്കൊന്നും വേണ്ടത്ര തെളിവുകളില്ല. പല എഴുത്തുകാരുടെയും എലിസബത്തിയൻ അധോലോകത്തെക്കുറിച്ചുള്ള കപോലകല്പനമായ കഥകളുടെ ഭാഗമായിരുന്നു മാർലോവിന്റെ ജീവിതം. എന്നാൽ ജെ.ബി. സ്റ്റീൻ ഒരിക്കൽ പറയുകയുണ്ടായി, "മാർലോവിനെക്കുറിച്ചുള്ള എലിസബത്തിയൻ കിംവദന്തികളും ആരോപണങ്ങളും എല്ലാം പൂർണ്ണമായി തള്ളിക്കളയുന്നത് യുക്തിഹീനമായിരിക്കും."
ചാരൻ
[തിരുത്തുക]ഒരു ഗവണ്മെന്റ് ചാരൻ ആയിരുന്നു മാർലോ എന്നൊരു വാദമുണ്ട്. എഴുത്തുകാരനായ നിക്കോളിന്റെ വാദപ്രകാരം, മാർലോവിനെ ഒരു ചാരനായി തിരഞ്ഞെടുക്കപ്പെട്ടത് കാംബ്രിഡ്ജിൽ വച്ചാണ്. 1584-85 അക്കാദമിക വർഷം മുതൽ കോളേജധികൃതർ സാധാരണ അനുവദിക്കുന്നതിലും കൂടുതൽ കാലം കോലെജിൽ ഇല്ലാതിരുന്നു മാർലോ എന്ന് കോളജ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കോളജിലെ ഭക്ഷണശാലയിലെ രേഖകൾ പ്രകാരം അദ്ദേഹം ഭക്ഷണത്തിനും പാനിയങ്ങൾക്കുമായി തന്റെ സ്കോളർഷിപ്പ് തുകയിലൊതുങ്ങത്ത വിധം ചെലവ് ചെയ്തിരുന്നു എന്നതും ഈ വാദത്തിന് ശക്തിയേകുന്നു.
മുൻപ് പറഞ്ഞത് പോലെ, റെയിംസിലെ ഇംഗ്ലിഷ് കാത്തലിക് കോളജിൽ ചേരുവാൻ പോകുന്നു എന്ന കാരണത്താൽ, മാർലോവിന് കേംബ്രിഡ്ജ് നൽകാതിരുന്ന ബിരുദാനന്തര ബിരുദം 1587-ൽ പ്രിവി കൗൺസിലിന്റെ ശിപാർശയോടെയാണ് അദ്ദേഹത്തിന് കിട്ടിയത്. അതിന് കാരണമായി 29 ജൂൺ 1587-ലെ ആക്റ്റ്സ് ഒഫ് പ്രിവി കൗൺസിൽ എന്ന രേഖ രാജ്യനന്മക്കുതകുന്നതായ കാര്യങ്ങളിൽ മാർലോ ഏർപ്പെട്ടിരുന്നു എന്നാണ്.