Jump to content

അന്തർജാത-നിജാവർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Circadian rhythm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്തർജാത-നിജാവർത്തനം

നിശ്ചിത തോതിലും ദൈർഘ്യത്തിലുമുള്ള ശീതോഷ്ണം, വെളിച്ചം, ഇരുട്ട് തുടങ്ങിയ ബാഹ്യഘടകങ്ങൾക്കു വിധേയമായും അനുയോജ്യമായുമുള്ള ജീവരാശികളുടെ ആവർത്തനപരമായ സവിശേഷ പ്രവർത്തനമാണ് അന്തർജാത-നിജാവർത്തനം (ഇംഗ്ലീഷ്:Circadian rhythm). ബാഹ്യപ്രകൃതിയിലെ ശീതോഷ്ണം, ദിനരാത്രങ്ങൾ, ചാന്ദ്രമാസദൈർഘ്യത്തിന്റെ ഏറ്റക്കുറച്ചിലുകൾ എന്നീ ഘടകങ്ങൾക്ക് അനുസരണമായി ജീവജാലങ്ങളുടെ പ്രവർത്തനസമ്പ്രദായങ്ങളിൽ സമയപ്പൊരുത്തം കാണപ്പെടുന്നുണ്ട്. പ്രതിദിനവും പ്രതിവർഷവും ഏതാനും വർഷത്തിലൊരിക്കലും ക്ലുപ്തമായി ചില പ്രവർത്തന വിശേഷങ്ങൾ ആവർത്തിക്കപ്പെടുന്നു. ദിവസത്തിലൊരിക്കൽ കൃത്യമായി സായാഹ്നത്തിലോ പ്രഭാതത്തിലോ മാത്രം പൂവ് വിരിയുന്ന ചെടികൾ, പകൽ വിടർന്നു നില്ക്കുന്ന താമര, രാത്രിയിൽ വികസിക്കുന്ന ആമ്പൽ, പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന മുളംകാടുകൾ എന്നിവ ഈ ആവർത്തനശീലമുള്ള സസ്യങ്ങളാണ്. പകൽ സജീവമാകുകയും രാത്രിയിൽ വിശ്രമിക്കുകയും ചെയ്യുന്ന അനേകം ജീവികളുണ്ട്; നേരെ മറിച്ചുള്ളവയും. സമുദ്രത്തിന്റെ ഉപരിതലങ്ങളിൽ കഴിയുന്ന കോടാനുകോടി ചെറുജീവികൾ രാത്രിയിൽ നിത്യവും മുകളിലേക്കും, പകൽ താഴ്ന്നഭാഗങ്ങളിലേക്കും പ്രയാണം ചെയ്യുന്നു. സോമലത എന്ന ചെടിയുടെ വളർച്ചയും തളർച്ചയും ചാന്ദ്രമാസത്തിലെ പൂർവോത്തരാർധങ്ങളോടൊത്തു പോകുന്നു. സ്ത്രീകളുടെ ആർത്തവക്രമം ചാന്ദ്രമാസത്തോട് ബന്ധപ്പെട്ട ആവർത്തനമാണ്. കടൽ ജീവികളായ പാലോലോ ഇരകൾ ഒക്ടോബർ, നവംബർ മാസങ്ങളിലെ വെളുത്തവാവിനോടടുത്ത രണ്ടു ദിവസങ്ങളിൽ പ്രത്യുത്പാദനപ്രക്രിയക്കുവേണ്ടി നിശ്ചിത സ്ഥാനങ്ങളിൽ തടിച്ചുകൂടുന്നത് ഫിജി തീരങ്ങളിലെ ചില ഭാഗങ്ങളിൽ ആവർത്തിച്ചുകാണുന്ന ദൃശ്യമാണ്. പക്ഷികളുടെ അണ്ഡാശയ വളർച്ചയും അണ്ഡോത്സർഗത്തിനുള്ള ഒരുക്കവും പകൽവെളിച്ചത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഈ സമയബോധക്രമത്തിൽ കുറെയൊക്കെ വ്യതിയാനങ്ങളുണ്ടാക്കാൻ കൃത്രിമമായ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് കഴിയും. പ്രാവ്, കോഴി മുതലായ പക്ഷികളിൽ തദ്വിഷയകമായി സുപ്രധാന പഠനങ്ങൾ നടന്നിട്ടുണ്ട്. ആണ്ടുതോറും സമയക്ലുപ്തതയോടെ സഞ്ചരിക്കുന്ന പക്ഷികളുടെ ദേശാന്തരഗമനങ്ങൾക്ക് (migration) ബാഹ്യഘടകങ്ങളായ ശീതോഷ്ണസ്ഥിതി, പകൽ വെളിച്ചത്തിന്റെ ദൈർഘ്യം, അന്തരീക്ഷത്തിലെ വായുസമ്മർദം എന്നിങ്ങനെ പലതും ബാധകങ്ങളാണ്.

എന്താണ് ഈ സമയബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കാരണമെന്നത് പൂർണമായി അറിയപ്പെട്ടിട്ടില്ല. ഭൂമിയുടെ ആവർത്തനസ്വഭാവമുള്ള ഭൌതികഘടകങ്ങൾ പലതും ജീവിയുടെ ബാഹ്യപ്രവർത്തനങ്ങളിൽ ഈ സമയ ക്ലിപ്തത ഉണ്ടാക്കുന്നു. പ്രസ്തുത പ്രവർത്തനങ്ങൾ ആന്തരികപ്രവർത്തനമണ്ഡലത്തിൽ സ്വാധീനം ചെലുത്തുന്നതാകാം അന്തർജാത-നിജാവർത്തനത്തിനു കാരണം. പരിസര ഘടകങ്ങളുടെ പ്രേരണയ്ക്കു വിധേയമാകാതെ പാരമ്പര്യമായി ജീവിക്കു ലഭിക്കുന്ന ഒരാന്തരിക സമയബോധമാണ് ഈ പ്രതിഭാസത്തിനുള്ള മറ്റൊരു കാരണം. ആന്തരികഘടികാരം എന്ന് ഇതിനെ കരുതുന്നതിൽ തെറ്റില്ല.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തർജാത-നിജാവർത്തനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തർജാത-നിജാവർത്തനം&oldid=3771892" എന്ന താളിൽനിന്ന് ശേഖരിച്ചത്