വ്യഞ്ജനം
സ്വനനാളത്തിലൂടെയുള്ള വായുപ്രവാഹം പൂർണ്ണമോ ഭാഗികമോ ആയി തടയപ്പെട്ട് ഉച്ചരിക്കുന്ന ഭാഷണശബ്ദങ്ങളെയാണ് സ്വനവിജ്ഞാനത്തിൽ വ്യഞ്ജനങ്ങൾ (Consonants) എന്ന് വിളിക്കുന്നത്. സ്വനനാളത്തിന്റെ ഉപരിഭാഗത്തുവെച്ചാണ് വായുപ്രവാഹം തടയപ്പെടുന്നത്. വായുപ്രവാഹത്തിനു ഒട്ടും തടസ്സമില്ലാതെ ഉച്ചരിക്കുന്നവയാണ് സ്വരങ്ങൾ. സ്വരങ്ങളും വ്യഞ്ജനങ്ങളും ഭാഷണശബ്ദങ്ങളുടെ പ്രാഥമികവും സുപ്രധാനവുമായ വിഭാഗങ്ങളാണ്.
സ്വരങ്ങളുടെ സഹായമില്ലാതെ വ്യഞ്ജനങ്ങൾ സ്പഷ്ടമാകില്ലെങ്കിലും വ്യഞ്ജനോച്ചാരണത്തിന് സ്വരസഹായം ഒഴിച്ചുകൂടാത്തതല്ല. വായുപ്രവാഹത്തിന്റെ തടസ്സം കുറയുന്നതിനനുസരിച്ച് വ്യഞ്ജനങ്ങൾക്ക് സ്വരത്വം കൂടിവരുന്നു. മുഖരവ്യഞ്ജനങ്ങൾ ഇവ്വിധം സ്വരങ്ങളുടെ സ്വഭാവം കാണിക്കുന്നവയാണ്.
വ്യഞ്ജനങ്ങളുടെ വർഗ്ഗീകരണം
[തിരുത്തുക]വ്യാവർത്തകഗുണങ്ങളനുസരിച്ച് വ്യഞ്ജനങ്ങളെ പലവിധത്തിൽ വർഗ്ഗീകരിക്കാം.(വ്യാവർത്തകഗുണങ്ങളെ സംബന്ധിച്ച കേരളപാണിനിയുടെ സമാനാശയങ്ങൾ വലയത്തിൽ)
- ഉച്ചാരണരീതി(അനുപ്രദാനം): വായുപ്രവാഹത്തിനു വരുന്ന തടസ്സത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് സ്പർശങ്ങൾ, ഘർഷങ്ങൾ, മദ്ധ്യമങ്ങൾ എന്ന് മൂന്നു വിഭാഗം. മൗഖികസ്പർശങ്ങൾക്ക്(Oral Stops) സ്ഫോടകങ്ങൾ എന്നു പേർ(മറു വിഭാഗം: അനുനാസികസ്പർശങ്ങൾ). സ്ഫോടകമല്ലാത്ത മൗഖികസ്പർശമുണ്ട്; സ്പർശത്തിനു(വായുപ്രവാഹത്തിന്റെ പൂർണ്ണരോധം) ശേഷം ഘർഷണത്തോടെ പുറത്തുവരുന്ന ഇവയെ സ്പർശഘർഷികൾ എന്നുവിളിക്കുന്നു. ഘർഷങ്ങൾ ഊഷ്മാക്കൾ എന്നും ഘോഷിയെന്നും രണ്ട്. മദ്ധ്യമങ്ങൾക്ക് പ്രവാഹികൾ, കമ്പിതങ്ങൾ, ഉൽക്ഷിപ്തങ്ങൾ, പാർശ്വികങ്ങൾ എന്ന് നാലു വർഗ്ഗങ്ങൾ (പാർശ്വികങ്ങളിൽ ഘർഷങ്ങളുണ്ടെങ്കിലും മിക്കവാറും പാർശ്വികങ്ങൾ പ്രവാഹികളാണ്). പ്രവാഹികളുടെ ഉച്ചാരണം സ്വരങ്ങളോടടുത്തുനിൽക്കുന്നതിനാൽ ഇവ ഉപസ്വനങ്ങളായും അറിയപ്പെടുന്നു. ഉച്ചാരണരീതിയിലെ വിവിധ സവിശേഷതകൾവെച്ച് വർണ്ണങ്ങളെ മറ്റു ചില വിഭാഗങ്ങളായി തിരിക്കാറുണ്ട്: സ്പർശങ്ങളും ഘർഷങ്ങളും ചേർന്ന വിഭാഗത്തെ പ്രതിബദ്ധങ്ങൾഎന്നു വിളിക്കുന്നു. ഇവയ്ക്കെതിരാണ് മുഖരങ്ങൾ. സ്പർശങ്ങൾ ഒഴികെയുള്ള എല്ലാ സ്വരവ്യഞ്ജനങ്ങളുടെയും സമൂഹമാണ് അഭ്യാഗമികൾ.
- വായുപ്രവാഹമാർഗ്ഗം(മാർഗ്ഗഭേദം): സ്വനനത്തിനു ശേഷം വായു വായിലൂടെയോ മൂക്കിലൂടെയോ പുറത്തുകടക്കുന്നത് എന്നതനുസരിച്ച് അനുനാസികം, അനനുനാസികം എന്ന് വ്യഞ്ജനങ്ങളെ രണ്ടായിത്തിരിക്കാം. ഈ ഗുണത്തെ ഉച്ചാരണരീതിയിൽത്തന്നെ സാധാരണ പരിഗണിച്ചുവരുന്നു. ശുദ്ധമായ അനുനാസികങ്ങൾ സ്പർശങ്ങളിലേ ഉള്ളൂ. മറ്റുള്ളവ നാസിക്യരഞ്ജിതങ്ങളാണ്.
- ഉച്ചാരണസ്ഥാനം(സ്ഥാനഭേദം): വ്യഞ്ജനങ്ങൾക്ക് സ്വനനാളത്തിന്റെ ഏതു സ്ഥാനത്തുവെച്ചാണ് തടസ്സം സംഭവിക്കുന്നത് എന്നും ഏത് അവയവമാണ് അതിൽ പങ്കുകൊള്ളുന്നതെന്നും അനുസരിച്ച് വ്യഞ്ജനങ്ങളെ വർഗ്ഗീകരിക്കുന്നു. ഓഷ്ഠ്യം, ദന്ത്യം, വർത്സ്യം, മൂർദ്ധന്യം, താലവ്യം, മൃദുതാലവ്യം, പ്രജിഹ്വീയം, ഗളീയം, ശ്വാസദ്വാരീയം എന്നിങ്ങനെ സ്ഥാനമനുസരിച്ച് തിരിച്ചിരിക്കുന്നു. ചലകരണമായ നാവിന്റെ മൂന്നു ഭാഗങ്ങൾ -ശീർഷം, മദ്ധ്യം, മൂലം - എങ്ങനെ സന്ധാനത്തിൽ ഏർപ്പെടുന്നു എന്നതനുസരിച്ച് ജിഹ്വാശീർഷവ്യഞ്ജനങ്ങൾ, ജിഹ്വാമദ്ധ്യവ്യഞ്ജനങ്ങൾ, ജിഹ്വാമൂലവ്യഞ്ജനങ്ങൾ എന്നും. ശീർഷവ്യഞ്ജനങ്ങളെ അഗ്രവ്യഞ്ജനങ്ങൾ എന്നും ദളീയവ്യഞ്ജനങ്ങൾ എന്നും വീണ്ടും തിരിച്ചിരിക്കുന്നു. ഇവയ്ക്കിടയിലുള്ള സന്ധാനസ്ഥാനങളും ദ്വിതീയസന്ധാനങ്ങളുമായി ഉല്പാദിപ്പിക്കാവുന്ന വ്യത്യസ്തസ്വനങ്ങൾ നിരവധിയാണ്.
- സ്വനനം(കരണവിഭ്രമം): സ്വനനഭേദമനുസരിച്ച് നാദീയവ്യഞ്ജനങ്ങൾ, ശ്വാസീയവ്യഞ്ജനങ്ങൾ എന്ന് വ്യഞ്ജനങ്ങൾ രണ്ടുവിധം.
- കമ്പനപ്രാരംഭവേള(VOT)(സംസർഗ്ഗം): രോധത്തിനുശേഷം തുടർന്നുവരുന്ന സ്വരത്തിനോ മുഖരത്തിനോ മുൻപ് സ്വനതന്തുക്കൾ ശ്വാസിസ്ഥിതിയിൽ തുടരുകയോ നിശ്ചലാവസ്ഥപ്രാപിക്കുകയോ ചെയ്യാം. ഈ ഇടവേളയാണ് വി.ഒ.ടി. മഹാപ്രാണസ്പർശങ്ങളുടെ ഉല്പാദനത്തിൽ ഈ ഘടകം പങ്കുവഹിക്കുന്നു.
- വായുപ്രവാഹവ്യവസ്ഥ: സ്വനനാളത്തിലെ വായുപ്രവാഹത്തിന് ശക്തിനൽകി ഉച്ചാരണം സാധ്യമാക്കുന്ന പ്രാരംഭകസ്ഥനങ്ങൾ(Initiator) മൂന്നാണ് - ശ്വാസകോശം, ശ്വാസദ്വാരം, വായ. പ്രവാഹം അകത്തേക്കും പുറത്തേക്കും സംഭവിക്കാം. ഈ മൂന്നു വായുപ്രവാഹവ്യവസ്ഥകളിൽ ശ്വാസകോശീയബഹിർഗാമിയായ വ്യഞ്ജനങ്ങളാണ് ഭൂരിപക്ഷം ഭാഷകളിലും സ്വാഭാവികം. ഹിക്കിതങ്ങൾ, അന്തസ്ഫോടങ്ങൾ, കളകങ്ങൾ എന്നിവയാണ് മറ്റു രണ്ട് പ്രവാഹങ്ങളിലൂടെ ഉല്പന്നമാകുന്ന വിരളമായ വ്യഞ്ജനങ്ങൾ.
- ദൈർഘ്യം(പരിമാണം): വ്യഞ്ജനത്തിനു സംഭവിക്കുന്ന ദ്വിത്വം തന്നെയാണിത്. വ്യഞ്ജനദൈർഘ്യം ഇംഗ്ലീഷ് പോലുള്ള ഭാഷകളിൽ വിരളമായ പ്രതിഭാസമാണ്. ദ്രാവിഡഭാഷകളുടെ ശ്രദ്ധേയമായ സവിശേഷതയാണ് ഇരട്ടിപ്പ്. ജപ്പാനീസ്, ഇറ്റാലിയൻ, ഫിന്നിഷ് ഭാഷകളിൽ ഒറ്റയും ഇരട്ടയും വ്യഞ്ജനങ്ങൾ മാത്രമാണെങ്കിൽ എസ്റ്റോണിയൻ, സാമി ഭാഷകളിൽ മൂന്ന് സ്വനിമദൈർഘ്യങ്ങളുണ്ട്: ഹ്രസ്വം, ദ്വിത്വം, ദീർഘദ്വിതം.
മേൽപ്പറഞ്ഞ ഗുണങ്ങളെ ഇടകലർത്തി ഒട്ടെല്ലാ ഭാഷകളിലെയും സ്വനിമങ്ങളെ നിർണ്ണയിക്കാം. ഉദാഹരണം:/t/ = ശ്വാസീയ വർത്സ്യസ്ഫോടകം. സ്വനനം, സന്ധാനസ്ഥാനം, വായുപ്രവാഹമാർഗ്ഗം, സന്ധാനരീതി എന്നീ സവിശേഷതകളാണ് ഈ സ്വനത്തെ വ്യത്യസ്തമാക്കുന്നത്. മഹാപ്രാണീകരണത്തെക്കുറിച്ച് ഇതിൽ സൂചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അല്പപ്രണമായിരിക്കും ഈ സ്വനിമം. പ്രസ്തുതഭാഷയിൽ പ്രസ്തുതസ്വനിമത്തിന് മഹാപ്രാണീകരണം അർത്ഥപരമായ ഭേദമുണ്ടാക്കാത്തതുകൊണ്ടാണ് അതുസൂചിപ്പിക്കാത്തതെന്നും വരാം. ഇരട്ടിപ്പും ഇവ്വിധംതന്നെ. വായുപ്രവാഹം ശ്വാസകോശീയമാണെന്നത് അന്തർനിഹിതമായ വസ്തുതയാണ്. എന്നാൽ, ഭാഷണത്തിൽ കടന്നുവരുന്ന സ്വനസവിശേഷതകളെ പൂർണ്ണമായി വിശകലനം ചെയ്യുക അസാദ്ധ്യമാണ് (കൂടുതൽ വ്യാവർത്തകഗുണങ്ങളെക്കുറിച്ചറിയാൻ വ്യാവർത്തകഗുണങ്ങൾ കാണുക).