ക്രോസ്-മാച്ചിംഗ്
ക്രോസ്-മാച്ചിംഗ് | |
---|---|
MeSH | D001788 |
രക്തപ്പകർച്ചയ്ക്ക് മുമ്പ് രക്തം സ്വീകർത്താവിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമാണോ എന്ന് അറിയുന്നതിനായി നടത്തുന്ന പരിശോധനകളിൽ ഉൾപ്പെടുന്ന ഒരു പരിശോധനയാണ് ക്രോസ്-മാച്ചിംഗ് അല്ലെങ്കിൽ ക്രോസ്മാച്ചിംഗ് എന്നത്. സാധാരണയായി, ദാതാവിന്റെ ചുവന്ന രക്താണുക്കളുടെ സാമ്പിളിലേക്ക് സ്വീകർത്താവിന്റെ രക്ത പ്ലാസ്മ ചേർക്കുന്നു. രക്തം പൊരുത്തമില്ലാത്തതാണെങ്കിൽ, സ്വീകർത്താവിന്റെ പ്ലാസ്മയിലെ ആന്റിബോഡികൾ ദാതാവിന്റെ ചുവന്ന രക്താണുക്കളുടെ ആന്റിജനുകളുമായി ബന്ധിപ്പിക്കും. ഈ ആൻറിബോഡി-ആന്റിജൻ പ്രതിപ്രവർത്തനം ചുവന്ന രക്താണുക്കൾ കട്ടപിടിക്കുന്നതിലൂടെയോ നശിപ്പിക്കുന്നതിലൂടെയോ അല്ലെങ്കിൽ ആൻ്റി ഹ്യൂമൻ ഗ്ലോബുലിനുമായുള്ള പ്രതിപ്രവർത്തനത്തിലൂടെയോ കണ്ടെത്താനാകും. ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തം ടൈപ്പ് ചെയ്യൽ, അപ്രതീക്ഷിതമായ രക്തഗ്രൂപ്പ് ആന്റിബോഡികൾക്കായി സ്ക്രീനിംഗ് എന്നിവയ്‌ക്കൊപ്പം, രക്തപ്പകർച്ചയ്‌ക്ക് മുമ്പുള്ള പരിശോധനയിലെ ഒരു ഘട്ടമാണ് ക്രോസ്-മാച്ചിംഗ്. ചില സാഹചര്യങ്ങളിൽ, സ്വീകർത്താവിന്റെ എബിഒ, ആർഎച്ച് രേഖകൾ ദാതാവിന്റെ സാമ്പിളുമായി താരതമ്യം ചെയ്തുകൊണ്ട് ഒരു ഇലക്ട്രോണിക് ക്രോസ്-മാച്ച് നടത്താം.[1] :600−3 അടിയന്തര സാഹചര്യങ്ങളിൽ, ക്രോസ്-മാച്ചിംഗ് പൂർത്തിയാകുന്നതിന് മുമ്പ് രക്തം നൽകാം.[2] :263അവയവമാറ്റ ശസ്ത്രക്രിയയിൽ ദാതാവും സ്വീകർത്താവും തമ്മിലുള്ള അവയവ മാറ്റ അനുയോജ്യത നിർണ്ണയിക്കാനും ക്രോസ്-മാച്ചിംഗ് ഉപയോഗിക്കുന്നു.[3]
തരങ്ങൾ
[തിരുത്തുക]ഇമ്മീഡിയേറ്റ് സ്പിൻ ക്രോസ് മാച്ചിംഗ്
[തിരുത്തുക]ഇമ്മീഡിയറ്റ്-സ്പിൻ ക്രോസ്-മാച്ചിംഗ് (ഐഎസ്സിഎം) എന്നത് ക്രോസ്-മാച്ചിംഗിന്റെ ഒരു സംക്ഷിപ്ത രൂപമാണ്, അത് വേഗതയേറിയതും എന്നാൽ സെൻസിറ്റിവിറ്റി കുറഞ്ഞതുമാണ്; എബിഒ രക്തഗ്രൂപ്പുകൾ തമ്മിലുള്ള പൊരുത്തക്കേട് കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രാഥമിക ഉപയോഗം. സാധാരണ ഊഷ്മാവിൽ രോഗിയുടെ സീറവും ദാതാവിന്റെ ചുവന്ന രക്താണുക്കളും സംയോജിപ്പിച്ച് തുടർന്നുള്ള അഗ്ലൂട്ടിനേഷൻ അല്ലെങ്കിൽ ഹീമോലിസിസ് നിരീക്ഷിക്കുന്നത് ഉൾപ്പെടുന്ന അടിയന്തര പരിശോധനയാണിത്. അഗ്ലൂട്ടിനേഷൻ്റെയോ ഹീമോലിസിസിന്റെയോ അഭാവം ഒരു നെഗറ്റീവ് ടെസ്റ്റ് പ്രതികരണത്തെ അല്ലെങ്കിൽ അനുയോജ്യമായ പൊരുത്തത്തെ സൂചിപ്പിക്കുന്നു.[1]: 603 : 603 എല്ലാ സാഹചര്യങ്ങളിലും ഐഎസ്സിഎം ഉചിതമല്ല; സ്വീകർത്താവിന്റെ ആന്റിബോഡി സ്‌ക്രീൻ പോസിറ്റീവ് ആണെങ്കിൽ, അല്ലെങ്കിൽ അവർക്ക് മുമ്പ് പോസിറ്റീവ് ആന്റിബോഡി സ്‌ക്രീൻ ഉണ്ടായിരുന്നെങ്കിൽ, ഇതിന് പകരം ഒരു ഫുൾ ക്രോസ്മാച്ച് നടത്തുന്നു. [2]: 261 : 261
ആന്റി-ഹ്യൂമൺ ഗ്ലോബുലിൻ ക്രോസ്-മാച്ചിംഗ്
[തിരുത്തുക]ആന്റി-ഹ്യൂമൺ ഗ്ലോബുലിൻ ക്രോസ്-മാച്ചിംഗ് ചെയ്യുന്നതിന് ദാതാവിന്റെ ചുവന്ന രക്താണുക്കളുമായി സ്വീകർത്താവിന്റെ സീറം / പ്ലാസ്മ ഇൻകുബേറ്റ് ചെയ്യുകയും ആന്റി-ഹ്യൂമൺ ഗ്ലോബുലിൻ ചേർക്കുകയും ചെയ്യുന്നു. ഇത് അടിസ്ഥാനപരമായി ഒരു പരോക്ഷ കൂമ്പ്സ് ടെസ്റ്റ് ആണ്. ഇതിനെ "ഫുൾ ക്രോസ്-മാച്ചിംഗ്", "ഐഎടി ക്രോസ്-മാച്ചിംഗ്", "കൂമ്പ്സ് ക്രോസ്-മാച്ചിംഗ്" എന്നും വിളിക്കുന്നു.[4]
ഇലക്ട്രോണിക് ക്രോസ്-മാച്ചിംഗ്
[തിരുത്തുക]ദാതാവിന്റെ യൂണിറ്റിൽ നിന്നുള്ള ഡാറ്റയും (ദാനത്തിന് മുമ്പ് ദാതാവിന്റെ രക്തം പരിശോധിക്കുന്നതും) ഉദ്ദേശിച്ച സ്വീകർത്താവിൽ നിന്നുള്ള രക്ത സാമ്പിളുകളിൽ നിന്നുള്ള ഡാറ്റയും ഉപയോഗിച്ച് കമ്പ്യൂട്ടർ സഹായത്തോടെ നടത്തുന്ന വിശകലനമാണ് ഇലക്ട്രോണിക് ക്രോസ്-മാച്ചിംഗ് എന്നത്. യൂണിറ്റിന്റെയും സ്വീകർത്താവിന്റെയും എബിഒ / ആർഎച്ച് ടൈപ്പിംഗും സ്വീകർത്താവിന്റെ ആന്റിബോഡി സ്‌ക്രീനും ഇതിൽ ഉൾപ്പെടുന്നു. ഒരു രോഗിക്ക് നെഗറ്റീവ് ആന്റിബോഡി സ്‌ക്രീൻ ഉണ്ടെങ്കിൽ മാത്രമേ ഇലക്ട്രോണിക് ക്രോസ്-മാച്ചിംഗ് ഉപയോഗിക്കാൻ കഴിയൂ, അതിനർത്ഥം അവർക്ക് സജീവമായ ചുവന്ന രക്താണുക്കളുടെ വിഭിന്നമായ ആന്റിബോഡികൾ ഇല്ല അല്ലെങ്കിൽ അവ നിലവിലുള്ള പരിശോധനാ രീതികളുടെ കണ്ടെത്താവുന്ന നിലവാരത്തിന് താഴെയാണ് എന്നാണ്. നൽകിയ എല്ലാ ഡാറ്റയും അനുയോജ്യമാണെങ്കിൽ, യൂണിറ്റ് ട്രാൻസ്ഫ്യൂസ് ചെയ്യാൻ സുരക്ഷിതമാണെന്ന് പ്രസ്താവിക്കുന്ന ഒരു ലേബൽ കമ്പ്യൂട്ടർ പ്രിന്റ് ചെയ്യും.
മേജറും മൈനറും
[തിരുത്തുക]- മേജർ ക്രോസ്-മാച്ച്: ഇതിൽ ദാതാവിന്റെ കോശങ്ങളിലെ ഏതെങ്കിലും ആന്റിജനുകൾക്കെതിരെ സ്വീകർത്താവിന് മുൻകൂട്ടി തയ്യാറാക്കിയ ആന്റിബോഡികൾ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ ദാതാവിന്റെ പായ്ക്ക് ചെയ്ത സെല്ലുകൾക്കെതിരെ സ്വീകർത്താവിന്റെ സീറം പരിശോധിക്കുന്നു. രക്തബാങ്കിൽ നിന്ന് ഒരു യൂണിറ്റ് പാക്ക്ഡ് സെല്ല് റിലീസ് ചെയ്യുന്നതിന് മുമ്പായി ആവശ്യമായ ക്രോസ്-മാച്ച് ആണിത്.
- മൈനർ ക്രോസ്-മാച്ച്: ഇവിടെ രോഗിയുടെ ആന്റിജനുകൾക്ക് നേരെയുള്ള ഡോണർ ആന്റിബോഡികൾ കണ്ടെത്തുന്നതിന് സ്വീകർത്താവിന്റെ ചുവന്ന രക്താണുക്കൾ ഡോണർ സീറമിനെതിരെ പരിശോധിക്കുന്നു. ഇത് ഇനി ആവശ്യമില്ല. പായ്ക്ക് ചെയ്ത സെല്ലുകളുടെ ഒരു യൂണിറ്റിൽ അവശേഷിക്കുന്ന ചെറിയ അളവിലുള്ള ഡോണർ സീറവും ആന്റിബോഡികളും ഒരു സ്വീകർത്താവിൽ ലയിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.
അടിയന്തരസാഹചര്യങ്ങൾ
[തിരുത്തുക]സമ്പൂർണ്ണ ക്രോസ്-മാച്ചിംഗ് പ്രക്രിയയ്ക്ക് ഏകദേശം 1 മണിക്കൂർ എടുക്കുന്നതിനാൽ, അത് അടിയന്തര സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും ഉപയോഗിക്കില്ല.
അടിയന്തര സാഹചര്യങ്ങളിൽ, സ്വീകർത്താവിന് ആന്റിബോഡികൾ ഇല്ലാത്ത തരം രക്തം അഭ്യർത്ഥിക്കാം. ആൻറിബോഡി-മീഡിയേറ്റഡ് രക്തപ്പകർച്ച പ്രതികരണത്തിന്റെ ഏത് അപകടസാധ്യതയേക്കാളും ഈ ജീവൻരക്ഷാ നടപടി കൂടുതൽ പ്രയോജനകരമാണെന്ന് കരുതപ്പെടുന്നു. ഇത്തരത്തിലുള്ള രക്തത്തിന് ഗുരുതരമായ ട്രാൻസ്ഫ്യൂഷൻ പ്രതികരണത്തിനുള്ള സാധ്യത കുറവാണ്, കാരണം ഇത് എബിഒ അനുയോജ്യവും റിസസ് (ആർഎച്ച്)-അനുയോജ്യവുമാണ്.
അടിയന്തര ഘട്ടങ്ങളിൽ സംഭവിക്കാവുന്നതുപോലെ, സ്വീകർത്താവിന്റെ രക്തഗ്രൂപ്പ് അറിയില്ലെങ്കിൽ, യൂണിവേഴ്സൽ ഡോണർ ബ്ലഡ് ടൈപ്പ് ആയ ഒ നെഗറ്റീവ് നൽകാവുന്നതാണ്. പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീ രോഗികൾക്ക് മാത്രമായി ഒ-രക്തം റിസർവ് ചെയ്യുന്നത് ചില സ്ഥാപനങ്ങളുടെ നയമാണ്. ഇത് രണ്ട് ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. ഒന്നാമതായി, ഇത് ഒ നെഗറ്റീവ് രക്തത്തിന്റെ താഴ്ന്ന സ്റ്റോക്ക് സംരക്ഷിക്കുന്നു, രണ്ടാമതായി, ഒ നെഗറ്റീവ് അമ്മമാർക്ക് ഒ പോസറ്റീവ് രക്തത്തിലേക്ക് എക്സ്പോഷർ വരുന്നതിൽ നിന്ന് സംഭവിക്കുന്ന ആന്റി-ഡി (Rh) ആന്റിബോഡികൾ ഉണ്ടാക്കുന്നതിനുള്ള സാധ്യത ഇത് ഇല്ലാതാക്കുന്നു. ഡി (ആർഎച്ച്) പോസിറ്റീവ് ആണെങ്കിൽ ഗർഭാവസ്ഥയിൽ ആന്റി-ഡി (ആർഎച്ച്) മറുപിള്ളയെ മറികടക്കുകയും ഗർഭസ്ഥ ശിശുവിന്റെ ആർബിസിയെ ആക്രമിക്കുകയും നവജാതശിശുവിന് ഹീമോലിറ്റിക് രോഗത്തിന് കാരണമാകുകയും ചെയ്യും.
അടിയന്തര സാഹചര്യങ്ങളിൽ, പരിശീലനം ലഭിച്ച സാങ്കേതിക ജീവനക്കാർക്ക്, ലബോറട്ടറികളിൽ, ഗ്ലാസ് സ്ലൈഡുകളിൽ രക്തം പുരട്ടി, അനുയോജ്യമായ റിയേജന്റുകളുപയോഗിച്ച് 2 അല്ലെങ്കിൽ 3 മിനിറ്റിനുള്ളിൽ എളുപ്പത്തിലും വേഗത്തിലും രക്തഗ്രൂപ്പ് നിർണ്ണയിക്കാൻ കഴിയും. ഈ രീതി അഗ്ലൂറ്റിനേഷന്റെ (ചുവന്ന രക്താണുക്കളുടെ കൂട്ടംകൂടൽ) സാന്നിധ്യം അല്ലെങ്കിൽ അഭാവത്തെ ആശ്രയിച്ചിരിക്കുന്നു, ഇത് സാധാരണയായി നേരിട്ട് കാണാൻ കഴിയും. എന്നിരുന്നാലും വ്യക്തമായ കാഴ്ചയ്ക്ക് ചിലപ്പോൾ ഒരു ലൈറ്റ് മൈക്രോസ്കോപ്പ് ആവശ്യമായി വന്നേക്കാം. അഗ്ലൂറ്റിനേഷന്റെ സാന്നിധ്യം പൊരുത്തക്കേടിനെ സൂചിപ്പിക്കുന്നു. ലബോറട്ടറി സേവനങ്ങൾ ലഭ്യമല്ലെങ്കിൽ, രക്തഗ്രൂപ്പിന്റെ ബെഡ്സൈഡ് കാർഡ് രീതി ഉപയോഗിക്കാവുന്നതാണ്, ഇതിൽ ഉദ്ദേശിച്ച സ്വീകർത്താക്കളുടെ രക്തത്തിന്റെ ഒരു തുള്ളി തയ്യാറാക്കിയ കാർഡിലെ റിയാക്ടറുകളിലേക്ക് ചേർക്കുന്നു. എന്നിരുന്നാലും ഈ രീതി ലബോറട്ടറി രീതികൾ പോലെ വിശ്വസനീയമായിരിക്കില്ല,.
ഇതും കാണുക
[തിരുത്തുക]- രക്ത അനുയോജ്യത പരിശോധന
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Turgeon, ML (2016). Linné & Ringsrud's Clinical Laboratory Science: Concepts, Procedures, and Clinical Applications (7 ed.). Elsevier Mosby. ISBN 978-0-323-22545-8.
- ↑ 2.0 2.1 Denise M Harmening (30 November 2018). Modern Blood Banking & Transfusion Practices. F.A. Davis. ISBN 978-0-8036-9462-0.
- ↑ "Understanding crossmatch testing in organ transplantation: A case-based guide for the general nephrologist". Nephrology. 16 (2): 125–133. 2011. doi:10.1111/j.1440-1797.2010.01414.x. PMID 21272123. Retrieved 13 September 2020.
- ↑ "AHG Crossmatch". bbguy.org. Retrieved 2021-01-07.