Jump to content

സ്വർണ്ണപ്പണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Goldsmith എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത്തരം ആഭരണമുണ്ടാക്കാൻ സ്വർണ്ണപ്പണിക്കാർ ഒരു ഫുട്ബാൾ ഗ്രൗണ്ടിനോളം നീളമുള്ള സ്വർണ്ണനൂൽ ഉപയോഗിക്കും. ജർമനിയിൽ നിർമിച്ചതാണിത്. [1]

സ്വർണ്ണം കൊണ്ട് ആഭണങ്ങളും മറ്റും ഉണ്ടാക്കുന്ന തൊഴിലാണ് സ്വർണ്ണപ്പണി. കേരളത്തിൽ വിശ്വകർമ്മർ എന്ന ജാതിവിഭാഗത്തിൽപ്പെടുന്ന പൊന്നാശാരി അഥവാ തട്ടാൻ ഉപജാതിക്കാരുടെ കുലത്തൊഴിലാണിത്. ഏറെ ക്ഷമയും ശ്രദ്ധയും ആവശ്യമുള്ള ഒരു കൈവേലയാണ് സ്വർണ്ണപ്പണി.

ആഭരണനിർമ്മാണം തന്നെയാണ് സ്വർണപ്പണിയിൽ പ്രധാനം. ഒപ്പം വെള്ളിയാഭരണങ്ങൾ നിർമ്മിക്കുന്നവരും തട്ടാന്മാർക്കിടയിലുണ്ട്. മുമ്പെല്ലാം കേരളത്തിൽ തട്ടാൻമാർ മാത്രം ചെയ്തിരുന്ന ഈ തൊഴിൽ പിന്നീട് മറ്റു ജാതിമതങ്ങളിൽ പെടുന്നവരും ചെയ്തു തുടങ്ങി. ആഭരണങ്ങൾ കൂടാതെ പാത്രങ്ങളും കരകൗശലവസ്തുക്കളും മതവുമായി ബന്ധപ്പെട്ട അലങ്കാരവസ്തുക്കളും മറ്റും സ്വർണ്ണപ്പണിക്കാർ ചെയ്യാറുണ്ട്.

സ്വർണ്ണം

[തിരുത്തുക]

മറ്റു ലോഹങ്ങളെ അപേക്ഷിച്ച് സ്വർണ്ണം അപൂർവ്വവും അടിച്ചു പരത്താവുന്നതും (malleable), വലിച്ചുനീട്ടാവുന്നതുമാണ് (ductile). മഞ്ഞനിറമുള്ള ഒരേയൊരു ലോഹ മൂലകവുമാണ് സ്വർണ്ണം. സ്വർണ്ണത്തെ ഉരുക്കാനും വിളക്കിച്ചേർക്കാനും മൂശയിൽ രൂപപ്പെടുത്താനും എളുപ്പമാണ്. രണ്ട് സ്വർണ്ണക്കഷണങ്ങളെ ഉരുക്കാതെ തന്നെ കൂടം കൊണ്ടടിച്ച് ഒന്നാക്കാനും സാധിക്കും (pressure weld). തുരുമ്പിക്കുകയോ സാധാരണഗതിയിൽ മറ്റു മിക്ക മൂലകങ്ങളോടും രാസപ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്യാത്ത കുലീന മൂലകമാണ് സ്വർണ്ണം. ഇക്കാരണം കൊണ്ട് മൂലക രൂപത്തിൽ തന്നെ സ്വർണ്ണം പ്രകൃതിയിൽ കാണപ്പെടുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ സ്വർണ്ണത്തെ ആഭരണമുണ്ടാക്കാനുള്ള ഉപയോഗത്തിന് അനുയോജ്യമാക്കുന്നു. കിട്ടാനുള്ള ബുദ്ധിമുട്ട് സ്വത്തെന്ന നിലയിൽ ശേഖരിക്കാനും നാണയങ്ങളായി വിനിമയം ചെയ്യാനും കാരണങ്ങളാണ്.

ചരിത്രം

[തിരുത്തുക]
പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലെ സ്വർണ്ണപ്പണി

വികാസം പ്രാപിച്ച മനുഷ്യസംസ്കാരങ്ങളെല്ലാം തന്നെ സ്വർണ്ണം രൂപപ്പെടുത്തി ആഭരണങ്ങളോ അലങ്കാരവസ്തുക്കളോ ആക്കുന്ന സാങ്കേതിക വിദ്യ സ്വായത്തമാക്കിയിരുന്നു. ഖനനത്തിലൂടെയോ വ്യാപാരത്തിലൂടെയോ സ്വർണ്ണം സ്വായത്തമാക്കാനുള്ള ശ്രമവും പണ്ടു മുതൽ തന്നെയുണ്ട്. സ്വർണ്ണം കൊണ്ടുണ്ടാക്കിയ വളരെ മനോഹരമായ വസ്തുക്കൾ ഇന്ത്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും യൂറോപ്പിലെയും മറ്റും ഉദ്ഘനനങ്ങളിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്.

രാജഭരണവും ജന്മിവാഴ്ചയും നിലനിന്നിരുന്ന കാലത്ത് കേരളത്തിൽ ആവശ്യക്കാർ തട്ടാന്മാരെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി താമസിപ്പിച്ചാണ് ആഭരണങ്ങൾ പണിതീർപ്പിച്ചിരുന്നത്. എന്നാൽ കാലം മാറിയതോടെ തട്ടാൻമാർ സ്വന്തം വീട്ടിലോ കടകളിലോ ഇരുന്ന് പണിയെടുക്കുന്ന രീതിയുമുണ്ടായി.

മുമ്പ് പുരുഷന്മാർമാത്രം ചെയ്തിരുന്ന ഈ തൊഴിലിൽ പിന്നീട് ചില സ്ത്രീകളും കഴിവുതെളിയിച്ചിരുന്നു. മുൻകാലങ്ങളിൽ സ്വർണപ്പണി ജീവിതമാർഗ്ഗമായ കുടുംബങ്ങളിൽ ആഭരണനിർമ്മാണത്തിൻറെ വിവിധ പടികളിൽ സ്ത്രീകൾ പുരുഷന്മാരെ സഹായിച്ചിരുന്നു. പൊന്ന് ഉരുക്കാൻവേണ്ട ഉമി തയ്യാറാക്കുന്നതും ചിരട്ടക്കനൽ തയ്യാറാക്കുന്നതിനുമെല്ലാം സ്ത്രീകളായിരുന്നു.

സ്വർണത്തിന്റെ പരിശുദ്ധി അറിയാൻ പലതരം മാർഗങ്ങൾ ഉണ്ട്. ഉരച്ചു നോക്കുന്നതും നൈട്രിക് ആസിഡ് ഉപയോഗിക്കുന്നതും ഇവയിൽ പെടുന്നു, സ്വർണപ്പണിക്കാർ സ്വർണത്തിന്റെ പരിശുദ്ധി അറിയുന്നതിലും പ്രാവീണ്യം നേടിയവരാണ്.[2] അതിനാൽ തന്നെ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും നിക്ഷേപത്തിനും വായ്പയ്ക്കും കൊണ്ടുവരുന്ന സ്വർണത്തിന്റെ പരിശുദ്ധി അറിയാൻ പരമ്പരാഗത സ്വർണപ്പണിക്കാരെയാണ് അപ്രൈസർമാരായി നിയമിക്കുന്നത്. ദേശസാൽകൃതവും അല്ലാത്തതുമായ ബാങ്കുകളിൽ ഇത്തരത്തിൽ സ്വർണപ്പണിക്കാർ, അഥവാ അവരുടെ സമുദായത്തിൽ/കുടുംബത്തിൽ പെടുന്നവർ, ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഈ ജോലി കരാർ അടിസ്ഥാനത്തിൽ ഉള്ളതാണ്. സ്ഥിരനിയമനം ആയിരിക്കുകയില്ല. അറിവുകൾ പരമ്പരാഗതമായി കൈമാറപ്പെടുന്നതിന്റെ ഒരു ആധുനിക ഉദാഹരണമായി ഇതിനെ കാണാവുന്നതാണ്.

നിർമ്മാണ രീതികൾ

[തിരുത്തുക]

ആഭരണങ്ങൾ ഉണ്ടാക്കാൻ ദിവസങ്ങൾ മുതൽ മാസങ്ങൾവരെ തുടർച്ചയായ അധ്വാനം വേണ്ടതുണ്ട്. മാലകളും മറ്റുമുണ്ടാക്കാനായി ചെറിയ സ്വർണക്കണ്ണികൾ കൂട്ടിക്കൊരുത്ത് വിളക്കിയെടുക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. ഇതിലെല്ലാം പിന്നീട് യന്ത്രസംവിധാനങ്ങൾ വന്നുചേർന്നു.

മുമ്പെല്ലാം സ്വർണക്കട്ടി ഉരുക്കി അടിച്ച് പരുവപ്പെടുത്തി ഡൈയിൽ ആവശ്യത്തിനനുസരിച്ചുള്ള കട്ടിയിലുള്ള കമ്പികളാക്കിയെടുത്ത് അവ പ്രത്യേകതരം കത്രികകൊണ്ട് മുറിച്ച് വേണ്ട ആകൃതിയിൽ വളച്ചെടുത്ത് കൊരുത്തി വിളക്കിച്ചേർത്താണ് സ്വർണമാലകൾ ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് വിപണിയിൽ ഇത്തരം സ്വർണക്കണ്ണികൾ പലതരത്തിലുള്ള ആഭരണങ്ങൾക്ക് വേണ്ടവ റെഡിമെയ്ഡ് ആയി ലഭ്യമാണ്. സ്വർണ്ണപ്പണിക്കാരുടെ അധ്വാനം കുറയുമെങ്കിലും ജോലിസാധ്യത കുറയുകയാണ് യഥാർത്ഥത്തിൽ ഇത്തരം യന്ത്രവൽക്കരണം കൊണ്ടുണ്ടായത്.

പണിയുടെ വ്യത്യസ്തമേഖലകളിൽ വൈദഗ്ദ്ധ്യം നേടുക സ്വർണ്ണപണിക്കാർക്കിടയിൽ പതിവാണ്. ചിലർ മാലനിർമ്മാണത്തിലും അതിൽത്തന്നെ പലതരം മാലകൾ നിർമ്മിക്കുന്നതിലും വൈദഗ്ദ്ധ്യം നേടുമ്പോൾ ചിലർ കമ്മൽ പോലുള്ള ആഭരണങ്ങൾ നിർമ്മിക്കുന്നതിൽ മികവു നേടുന്നു. ചിലരാകട്ടെ കല്ലുപതിച്ചയാഭരണങ്ങൾ മാത്രം പണിയുന്നവരായിരിക്കും. മറ്റു ചിലർ കൈകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ ചെറിയതരം ഉളികൾ ഉപയോഗിച്ച് ചെത്തി ഭംഗിവരുത്തുന്ന ജോലിയാണ് സ്ഥിരമായി ചെയ്യുക.

കേരളത്തിൽ ഇന്നത്തെ സാഹചര്യം

[തിരുത്തുക]

ഏറെ പ്രാഗൽഭ്യം വേണ്ടുന്നതും അതിനാൽത്തന്നെ ലാഭമേറെ നൽകുന്നതുമായിരുന്നു ഒരുകാലത്ത് സ്വർണ്ണപ്പണി. എന്നാൽ യന്ത്രവൽക്കരണം വന്നതോടെ ഈ തൊഴിൽ ഒട്ടും ലാഭമില്ലാത്തതായി മാറി. പ്രഗൽഭരായ പണിക്കാർക്കുപോലും ജോലിയില്ലാതായി. ജ്വല്ലറികൾ കൂടുതലായി വന്നതും അവർ നൽകുന്ന പണിക്കൂലി ഇളവുകൾപോലുള്ള വാഗ്ദാനങ്ങളും സ്വർണാഭരണങ്ങളുടെ ആവശ്യക്കാരെ അങ്ങോട്ട് ആകർഷിച്ചു. മാത്രമല്ല ഇപ്പോൾ പലജ്വല്ലറികളിലും തവണവ്യവസ്ഥയിൽ പണം നൽകി ആഭരണം വാങ്ങാവുന്ന രീതിപോലുമുണ്ട്. ഇതെല്ലാം ചേർന്ന് കേരളത്തിലെ സ്വർണപ്പണിമേഖലയെ മുരടിപ്പിച്ചിട്ടുണ്ട്.

ജ്വല്ലറികൾ വന്നുതുടങ്ങിയപ്പോൾ ഒരുകാലത്ത് സ്വർണപ്പണിക്കാർക്ക് നല്ലകാലമുണ്ടായിരുന്നു. ജ്വല്ലറിക്കാർ നൽകുന്ന സ്വർണമുപയോഗിച്ച് അവർ ആവശ്യപ്പെടുന്ന ആഭരണങ്ങൾ പണിതുകൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ പിന്നീട് കേരളത്തിലെ ജ്വല്ലറികളിലേയ്ക്ക് ഉത്തരേന്ത്യൻ മാർക്കറ്റുകളിൽ നിന്നും തുച്ഛമായ ചെലവിൽ വൻതോതിൽ സ്വർണാഭരണങ്ങൾ എത്തിച്ചുനൽകുന്നരീതി വന്നതോടെ ഇതും പതുക്കെ കുറഞ്ഞു.

നാട്ടിൽപണികുറഞ്ഞപ്പോൾ ഗൾഫിൽ ജോലിതേടിപ്പോയവരും കുലത്തൊഴിലായ സ്വർണപ്പണികൊണ്ട് ജീവിക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ വാർക്കപ്പണിയും കല്ലുവെട്ടലുമുൾപ്പെടെയുള്ള തൊഴിലുകളിലേയ്ക്ക് മാറിയ തട്ടാൻമാരും കുറവല്ല. കേരളത്തിലെ പല നഗരങ്ങളിലും സ്വർണത്തൊഴിലാളികൾ പണിയെടുക്കുന്ന കടകൾ നിരന്നുനിൽക്കുന്ന തെരുവുകളുമുണ്ട്. കോഴിക്കോട്ടെ കമ്മത്ത് ലൈൻ ഇത്തരത്തിലൊന്നാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ സ്വർണപ്പണി ചെയ്യുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Frankfurter Allgemeine Zeitung: „Ein zehnmal gespaltenes Haar in Gold“ (german, A ten times split hair in gold) (accessed last 19th February 2012)
  2. How to test the purity of gold
"https://ml.wikipedia.org/w/index.php?title=സ്വർണ്ണപ്പണി&oldid=4142390" എന്ന താളിൽനിന്ന് ശേഖരിച്ചത്