Jump to content

കഥക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kathak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഥക്

ഉത്തരേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ശാസ്ത്രീയനൃത്തരൂപമാണ് കഥക്. നവാബ് വാജിദ് അലി ഷാ, പണ്ഡിറ്റ് താക്കൂർ പ്രസാദ്ജി എന്നിവരാണ് കഥകിന്റെ ആധുനികരൂപത്തിന്റെ സ്രഷ്ടാക്കൾ. കഥകിന്റെ സംഗീതരചന നടത്തിയിരിക്കുന്നത് ഹിന്ദിയിലും വ്രജഭാഷയിലും ആണ്.. ബിജു മഹാരാജ്, ഉമാശർമ, ഗോപീകിഷൻ, കുമുദിനി ലാഖിയ, ദമയന്തി ജോഷി, ദുർഗാലാൽ, ദേവിലാൽ, സ്വസ്തിസെൻ തുടങ്ങിയവർ പ്രശസ്തരായ കഥക് നർത്തകരാണ്.

പേരിനു പിന്നിൽ

[തിരുത്തുക]

സംസ്കൃതത്തിലും ഇന്ത്യയിലെ മറ്റു പല ഭാഷകളിലേയും കഥ എന്ന വാക്കിൽ നിന്നാണ്‌ കഥക് എന്ന പേര്‌ ഉരുത്തിരിഞ്ഞത്[1]. കഥകളിയെ പോലെ കഥകൾ ആടുന്നത് കൊണ്ടാണ് കഥക് എന്ന പേരു കിട്ടിയത്.

ചരിത്രം

[തിരുത്തുക]

മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലും വളരെ പുരാതനകാലം മുതൽ നിലവിലുണ്ടായിരുന്ന കലാരൂപമാണ് കഥക്. ശ്രീകൃഷ്ണകഥകളാണ് കഥക് നർത്തകർ അവതരിപ്പിച്ചിരുന്നത്.

ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങളിൽ കഥകൾ അവതരിപ്പിച്ചിരുന്ന ഒരു ജാതിയാണ്‌ കഥക്. കൈമുദ്രകൾ കൊണ്ടും പാട്ടുകൾ പാടിയുമാണ് ഇവർ കഥകൾ അവതരിപ്പിച്ചിരുന്നത്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരത്തോടൊപ്പമാണ്‌ കഥക് ഒരു വ്യത്യസ്തമായ നൃത്തരൂപമായി വികാസം പ്രാപിച്ചത്. രാധയുടേയും ക്രൃഷ്ണന്റേയും ലീലകൾ അവതരിപ്പിക്കുന്ന രാസലീല എന്ന നാട്യരൂപവും കഥക് കഥാവതാരകരുടെ മുദ്രകൾ ഉൾക്കൊള്ളിച്ച നാടോടിനൃത്തവും സം‌യോജിപ്പിക്കപ്പെട്ടാണ്‌ ഈ നൃത്തരൂപം രൂപം കൊണ്ടത്. മുഗൾ ചക്രവർത്തിമാരുടെ കീഴിൽ കഥക് അവരുടെ സഭകളിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇക്കാലയളവിലാണ് ഈ നൃത്തരൂപം ഇന്നത്തെ രൂപത്തിലേക്ക് പരിണമിച്ചത്. തുടർന്ന് ജയ്‌പൂർ ശൈലി, ലക്നൗ ശൈലി എന്നിങ്ങനെ രണ്ടു ശൈലികൾ അഥവാ ഘരാനകൾ ഇതിൽ ഉടലെടുത്തു. അവാധിലെ അവസാനത്തെ നവാബായിരുന്ന വാജിദ് അലി ഷായുടെ കീഴിൽ കഥക് ഒരു പ്രധാന കലാരൂപമായി വളർന്നു. 1875-ഓടെ മേല്പ്പറഞ്ഞ രണ്ടു മേഖലകൾക്കു പുറമേ സമീപപ്രദേശങ്ങളിലേക്കും അതായത് ഇന്നത്തെ പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, ബിഹാർ, മദ്ധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലേക്കു കൂടി വ്യാപിച്ചു[1].

കഥകിനെ മുഗൾ ചക്രവർത്തിമാറുടെ അരമനയിലെയും,രാജസദസ്സിലെയും നാട്യമായിട്ടാണ് ഇന്നറിയുന്നത്. ശ്രീകൃഷ്ണകഥകൾ ആടുന്ന കഥക്,മുഗൾ അരമനയിൽ എത്തിയതാണ് അതിന് ഇന്നുണ്ടായ മാറ്റത്തിന് കാരണം. മുഹമ്മദ് ഗോറിയുടെയും, മുഹമ്മദ് ഗസ്നിയുടെയും പടയോട്ടക്കാലത്ത് ആക്രമണകാരികളെപ്പോലും കഥക് നൃത്തം ആകർഷിച്ചു[അവലംബം ആവശ്യമാണ്]. അങ്ങനെ അവർ കഥകിനെ കൊട്ടാരത്തിൽ എത്തിച്ചു. അക്ബർ പുതിയ രൂപഭാവങ്ങൾ നൽകി കഥകിനെ വളർത്തി. പിന്നീട് ഈ നൃത്തത്തിൽ പേർഷ്യൻ ഛായ കടന്നുകൂടി. നർത്തകരുടെ പ്രവേശനത്തിലെ രംഗനമസ്കാരത്തിനു പകരം സലാം ചെയ്യൽ അങ്ങനെ വന്നതാകാം. കഥകിൽ ഭാവാഭിനയത്തിനുള്ള സ്ഥാനവും അപ്രധാനമായിത്തീർന്നു. പകരം ചുവടുകൾക്ക് പ്രാധാന്യം വർദ്ധിക്കുകയും ചെയ്തു. കണങ്കാൽകൊണ്ടുള്ള ചുറ്റലും ചുറ്റിത്തിരിയലും, ചടുലങ്ങളായ അംഗവിക്ഷേപനങ്ങളും കഥകിന്റെ പരിഷ്കൃതരീതികളാണ്. ഈ മാറ്റങ്ങൾ മുഗൾസ്വാധീനത്തിൽ ഉണ്ടായതാണെന്ന് പ്രസിദ്ധ കഥക് നർത്തകിയായ മായാറാവു അഭിപ്രായപ്പെടുന്നു.

പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടുകളിൽ, മറ്റു പല കലാ-സാംസ്കാരികാചാരങ്ങളെയെന്ന പോലെ കഥകിനേയും മിക്ക ബ്രിട്ടീഷ് ഭരണാധികാരികളും‍ അപ്രിയമനോഭാവത്തോടെയാണ്‌ വീക്ഷിച്ചത്[1]. എങ്കിലും ഇതിനെയെല്ലാം അതിജീവിച്ച ഈ കലാരൂപം സ്വാതന്ത്ര്യാനന്തരം ഭാരതത്തിലെ ശാസ്ത്രീയനൃത്തരൂപങ്ങളിൽ ഒന്നായി സ്ഥാനം പിടിച്ചു.

വിവിധ ശൈലികൾ

[തിരുത്തുക]

കഥക്കിന് ഇന്നു പ്രഖ്യാതങ്ങളായ പല ശൈലികൾ(ഖരാനകൾ) ഉണ്ട്. അവയിൽ പ്രധാനപ്പെട്ടവ ലക്നൌ ഖരാനയും ജയ്പൂർഖരാനയും ആണ്. ഇന്നു രാജസ്ഥാൻ,ബനാറീസ് ഖരാനകളും പ്രസിദ്ധങ്ങളായി തീർന്നിട്ടുണ്ട്. ജയ്പൂർഖരാന ശിവഭക്തിയിൽ നിന്നു രൂപം കൊണ്ടതാണ്. ശിവനൃത്തം അഭ്യസിച്ച ഭാനുജിയാണ് ഈ ഖരാനക്ക് രൂപം കൊടുത്തത്. അദ്ദേഹത്തിന്റെ പുത്രന്മാരും പൌത്രനായ ഗിന്താജിയുമാണ് ജയ്പൂർ ഖരാനയെ ഇന്നത്തെ നിലയിൽ വളർത്തിയത്. അതോടുകൂടി കഥകിൽ ശ്രീകൃഷ്ണന്റെ ലാസ്യനൃത്തവും, ശിവന്റെ താണ്ഡവനൃത്തവും കൂടി സമ്മേളിച്ചു.

രംഗപ്രവേശം

[തിരുത്തുക]

വേദിയിൽ നർത്തകർ പ്രവേശിക്കുന്നത് “ആമദ്”(വന്ദനം) എന്ന ചടങ്ങോടെയാണ്. ഒരു കൈ ഉയർത്തിയും മറ്റേ കൈ അരയിൽ വച്ചും, കണ്ണുകൾ ഇരുഭാഗത്തേക്ക് ചലിപ്പിച്ചും, പുരികങ്ങൾ മാറി മാറി ഉയർത്തിയും, താഴ്ത്തിയും, കഴുത്തുവെട്ടിച്ചും ഉള്ളനില കഥകിന്റെ പ്രത്യേകതയാണ്. ഗണേശസ്തുതിയോടെയാണ് കഥക് ആരംഭിക്കുന്നത്. സമത്തിൽ നിന്ന് ദ്രുതത്തിലേയ്ക്കും, അതിദ്രുതത്തിലേയ്ക്കും ഉള്ള താളസംക്രമണം അകൃത്രിമമാക്കുന്നതിലാണ് കഥക് നർത്തകറുടെ സാമർത്ഥ്യം. കണങ്കാലിന്റെ അയത്നലളിതമായ ഭ്രമണം(ചുറ്റൽ) കഥകിന്റെ സവിശേഷതയാണ്.

അവതരണ ശൈലി

[തിരുത്തുക]

ശ്രീകൃഷ്ണന്റെ അത്ഭുതശക്തികളും അവതാരമഹിമയും ഭക്തിസാന്ദ്രമായ രീതിയിൽ ലക്നൌഖരാന അവതരിപ്പിക്കുന്നു. ബിർജൂമഹാരാജ് ലക്നൌഖരാനയിലെ ഒരു വിസ്മയമാണ്. ഭരതനാട്യത്തിലെ കരണങ്ങൾപോലെയാണ് കഥകിലെ “ഗട്ട്”(gait)കൾ. “റിഥ്മേറ്റിക് പാറ്റേണു”കളുടെ വൈവിദ്ധ്യമാണ് കഥകിന്റെ മൌലികസ്വഭാവം. ചുവടുകളുടെ താളാത്മകമായ ചലനഭംഗിയാണ് ഗട്ട്കൾ. ശ്രീകൃഷ്ണൻ മുരളിയൂതുന്നപോലെയുള്ള നിലയും ചലനങ്ങളുമാണ് “മുസ്തരഗട്ട്”. രാധാകൃഷ്ണലീലകൾ ഉൾക്കൊള്ളുന്നതാണ് “അഞ്ചൽ കീ ഗട്ട്”. പ്രേമഭക്തിയുടെ അത്യുൽകൃഷ്ണഭാവങ്ങളാണ് ഇവ. കഥകിലെ രാധാകൃഷ്ണസങ്കല്പത്തിലെ പ്രേമം വെറും മാംസനിബദ്ധമല്ല. ജീവാത്മാ-പരമാത്മാ സം‌യോഗമാണ്. കഥകിലെ പ്രേമസങ്കല്പം പരമാത്മാവായ ശ്രീകൃഷ്ണനിലണയാനുള്ള ജീവാത്മാവായ രാധയുടെ ഉൾപ്രേരണയാണ് രാധാകൃഷ്ണപ്രേമത്തിന്റെ അന്തസ്സത്ത.

കഥക്കിന്റെ മധുര താളം

[തിരുത്തുക]

താളവാദ്യങ്ങൾക്ക് ഏറ്റവും കൂടുതൽ സ്ഥാനം കഥകിലുണ്ട്. ചെണ്ട പോലുള്ള വാദ്യോപകരണവും തബലയും കഥകിനു ഉപയോഗിക്കുന്നു. വാദ്യക്കാരും, നർത്തകരും ചേർന്ന് നടത്തുന്ന ഓജസ്സും, ചുറുചുറുക്കുമുള്ള താളപ്രയോഗം കാണികളെ വിഭ്രമിപ്പിക്കുന്നു. താളക്കൊഴുപ്പുള്ള ഹിന്ദുസ്ഥാനിസ്സംഗീതം കഥക് നൃത്തത്തിന്റെ ദൃശ്യശോഭ വർദ്ധിപ്പിക്കുന്നു. കഥകിൽ സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്നു. മുമ്പ് നർത്തകർ തന്നെ പാടിയിരുന്നു. ഇപ്പോൾ പുറകിലെ പാട്ടിനൊത്ത് ഭരതനാട്യത്തെപ്പോലെ നർത്തകർ ചുണ്ടനക്കുക മാത്രം ചെയ്യുന്നു.

ഭരതനാട്യത്തെപ്പോലെ വർണ്ണശബളമല്ല കഥകിന്റെ വേഷം. ഇറക്കമുള്ള കമ്മീസും അരക്കെട്ടു വസ്ത്രവും ധരിച്ച് ഓരോ കാലിലും നൂറ്റിപ്പത്ത് ചിലങ്കകൾ ഉറപ്പുള്ള ചരടിൽ കോർത്തുകെട്ടുകയാൺ പതിവ്.

അവലംബം

[തിരുത്തുക]
  • മടവൂർ ഭാസിയുടെ “ലഘുഭരതം”
  1. 1.0 1.1 1.2 "9-Making of regional cultures". Social Science - Our Pasts-II. New Delhi: NCERT. 2007. p. 126. ISBN 81-7450-724-8. {{cite book}}: Cite has empty unknown parameter: |coauthors= (help)

മറ്റ് കണ്ണികൾ

[തിരുത്തുക]




"https://ml.wikipedia.org/w/index.php?title=കഥക്&oldid=4134156" എന്ന താളിൽനിന്ന് ശേഖരിച്ചത്