Jump to content

കുഞ്ചൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kunchan Nambiar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ചൻ നമ്പ്യാർ
ജനനംമേയ് 5,1705
പാലക്കാട്, കേരളം, ഇന്ത്യ
മരണംc.1770
അമ്പലപ്പുഴ
തൊഴിൽകവി, ആക്ഷേപഹാസ്യം
ഭാഷമലയാളം
ദേശീയത ഇന്ത്യ
പ്രാചീന കവിത്രയം

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

കുഞ്ചൻ സ്മാരകം,അമ്പലപ്പുഴ,ആലപ്പുഴ

ജീവിതരേഖ

പാലക്കാട്‌, ലക്കിടി കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനം.

ചന്ദ്രികാവീഥി, ലീലാവതീവീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ‍ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.

നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.[1] ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-

1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.

എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.

കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ്-അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത്

തുള്ളൽ

അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.

എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് നമ്പ്യാർ പറഞ്ഞിട്ടുണ്ട്:-

ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികൾ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റേതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് താഴെപ്പറയുന്ന നാല്പത് തുള്ളലുകളാണ്[2]:-

കൃതികൾ

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:കുഞ്ചൻ നമ്പ്യാർ എന്ന താളിലുണ്ട്.

ഓട്ടൻ തുള്ളലുകൾ

  • സ്യമന്തകം
  • കിരാതം വഞ്ചിപ്പാട്ട്
  • കാർത്തവീര്യാർജ്ജുനവിജയം
  • രുഗ്മിണീസ്വയം‌വരം
  • പ്രദോഷമാഹാത്മ്യം
  • രാമാനുജചരിതം
  • ബാണയുദ്ധം
  • പാത്രചരിതം
  • സീതാസ്വയം‌വരം
  • ലീലാവതീചരിതം
  • അഹല്യാമോഷം
  • രാവണോത്ഭവം
  • ചന്ദ്രാംഗദചരിതം
  • നിവാതകവചവധം
  • ബകവധം
  • സന്താനഗോപാലം
  • ബാലിവിജയം
  • സത്യാസ്വയം‌വരം
  • ഹിഡിംബവധം
  • ഗോവർദ്ധനചരിതം
  • ഘോഷയാത്ര

ശീതങ്കൻ തുള്ളലുകൾ

  • കല്യാണസൗഗന്ധികം
  • പൗണ്ഡ്രകവധം
  • ഹനുമദുത്ഭവം
  • ധ്രുവചരിതം
  • ഹരിണീസ്വയം‌വരം
  • കൃഷ്ണലീല
  • ഗണപതിപ്രാതൽ
  • ബാല്യുത്ഭവം

പറയൻ തുള്ളലുകൾ

  • സഭാപ്രവേശം
  • പുളിന്ദീമോഷം
  • ദക്ഷയാഗം
  • കീചകവധം
  • സുന്ദോപസുന്ദോപാഖ്യാനം
  • നാളായണീചരിതം
  • ത്രിപുരദഹനം
  • കുംഭകർണ്ണവധം
  • ഹരിശ്ചന്ദ്രചരിതം

ഇതരകൃതികൾ

തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്‌. താഴെപ്പറയുന്നവ അവയിൽ ചിലതാണ്:-

കൃതികളുടെ പ്രത്യേകതകൾ

സമൂഹവിമർശനം, നിശിതമായ ഫലിതപരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകർ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ രചനകളുടെ ഈ പ്രത്യേകതകൾ കവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ജനകീയ കവി എന്ന് നമ്പ്യാർ വിശേഷിക്കപ്പെടാറുണ്ട്.

ഫലിതം

"ഇദ്ദേഹം ചിരിപ്പിച്ചു ദീർഘായുസാക്കീട്ടുള്ളവരും ഇനിയും ആക്കുന്നവരും ആയ ജനങ്ങളുടെ സംഖ്യ നിർണ്ണയിക്കാൻ പാടുള്ളതല്ല."
1926-ലെ മലയാളം പാഠപുസ്തകം കുഞ്ചൻ നമ്പ്യാരെക്കുറിച്ച്[3]

പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളൽ കൃതികളും എങ്കിലും അവയിൽ കഴിയുന്നത്ര നർമ്മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു. നളചരിതത്തിൽ, സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകൾ വർണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്.

കല്യാണസൗഗന്ധികത്തിൽ പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികപ്പൂ തേടിപ്പോകുന്ന ഭീമൻ, ഒരു വൃദ്ധവാനരനെന്ന മട്ടിൽ വഴിമുടക്കി കിടന്ന ഹനുമാനോട് കയർക്കുന്ന ഭാഗം രസകരമാണ്:-

തന്റെ അവശസ്ഥിതി അറിഞ്ഞ് വഴിമാറിപ്പോകാൻ ആവശ്യപ്പെടുന്ന ഹനുമാനോട് ഭീമൻ പിന്നെയും ഇടയുന്നു:-

ഈ വീമ്പിന് മറുപടികൊടുത്ത ഹനുമാൻ, നാലഞ്ചു ഭർത്താക്കന്മാർ ഒരു പെണ്ണിന് എന്നത് നാലുജാതിക്കും വിധിച്ചതല്ല എന്ന് ഭീമനെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, ദുശ്ശാസനൻ പണ്ട് കൗരവസഭയിൽ വച്ച് പാഞ്ചാലിയോട് അതിക്രമം ചെയ്തത് കണ്ണും മിഴിച്ച് കണ്ട് നിന്നപ്പോൾ പൊണ്ണത്തടിയനായ ഭീമന്റെ പരാക്രമം കാശിക്കു പോയിരിക്കുകയായിരുന്നോ എന്നും നമ്പ്യാർ ഹനുമാനെക്കൊണ്ട് ചോദിപ്പിക്കുന്നുണ്ട്.

കേരളീയത

പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.[4]

തുള്ളൽക്കവിതകളിൽ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാർ കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങൾക്ക് അദ്ദേഹം മലയാളിത്തം കല്പിച്ചുകൊടുക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവേന്ദ്രൻ , ദമയന്തി, ദ്രൗപദി, സീത, പാർവ്വതി തുടങ്ങിയ കഥാപാത്രങ്ങൾ കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പകർച്ചയോടുകൂടി മാത്രമേ തുള്ളലുകളിൽ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂ-സ്വർഗ്ഗ-പാതാളങ്ങൾ നമ്പ്യാരുടെ ഭാവനയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയോദ്ധ്യയിലും, അളകാപുരിയിലും, സ്വർഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയർ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടങ്ങളിൽ ഉണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂതിരിമാരും ഇല്ലാത്ത പ്രദേശങ്ങൾ ഇല്ല. സന്താനഗോപാലത്തിലെ അർജുനൻ, യമപുരിയിൽ ചെന്നപ്പോൾ "കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു" വത്രെ. ദുര്യോധനന്റെ വനത്തിലേക്കുള്ള ഘോഷയാത്രയിൽ അമ്പും വില്ലും ധരിച്ച നായന്മാരെ കൂടാതെ, "പട്ടാണികൾ പല ചെട്ടികളും കോമട്ടികളും പല പട്ടന്മാരും" ഒക്കെ ഉണ്ടായിരുന്നു. ഘോഷയാത്രക്ക് മുൻപ് സേനകൾക്ക് നലകിയ സദ്യയും തികച്ചും കേരളീയമായിരുന്നു:-

കാർത്തവീരാർജ്ജുനവിജയത്തിൽ രാവണൻ ചിത്രയോധിയെ അയച്ച് കാർത്തവീരാർജ്ജുനന്റെ അടുത്ത് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാഹചര്യങ്ങളും കേരളീയമാണ്:-

സമൂഹവിമർശനം

സമൂഹത്തിലെ തിന്മകളെ തന്റെ ഫലിതം കലർന്ന ശൈലിയിൽ നമ്പ്യാർ വിമർശിക്കുന്നത് പലയിടത്തും കാണാം.

എന്ന ഹരിണീസ്വയം‌വരത്തിലെ വിമർശനം ഭരണാധികാരികളേയും ഉദ്യോഗസ്ഥവൃന്ദത്തേയും ആയിരിക്കണം ലക്ഷ്യമാക്കിയത്.

എന്ന് ധനമോഹികളായ വൈദ്യന്മാരെ വിമർശിക്കുന്ന ധൃവചരിതത്തിലെ ഭാഗം പ്രസിദ്ധമാണ്.

ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാൻ ചിലപ്പോഴൊക്കെ, അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാർ ഹരിണീസ്വയം‌വരത്തിൽ സൂചിപ്പിക്കുന്നതിങ്ങനെയാണ്:-

കാര്യമായൊരു ജോലിയും ചെയ്യാതെ, ഊണും ഉറക്കവും, പരദൂഷണവും മറ്റുമായി നടക്കുന്നവരെ നമ്പ്യാർ പാത്രചരിതത്തിൽ വരച്ചുകാട്ടുന്നതിങ്ങനെയാണ്:-

ലോകോക്തികൾ

വിക്കിചൊല്ലുകളിലെ കുഞ്ചൻ നമ്പ്യാർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാർക്കവിതയിൽ നിന്ന് വന്നവയാണ്:-

  • നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തൊടങ്ങൊലാ.
  • കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം.
  • കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ?

തുടങ്ങിയവയുടെ ഉറവിടം കല്യാണസൗഗന്ധികമാണെങ്കിൽ, താഴെപ്പറയുന്നവ കിരാതത്തിൽ നിന്നാണ്.

  • മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
  • കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.
  • തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.
  • വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
  • ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.
  • എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.

നമ്പ്യാർ നിരൂപണം

പഴയ തിരുവിതാംകൂർ രാജ്യത്ത് 1926-ൽ അച്ചടിച്ച മലയാളം മൂന്നാം പാഠപുസ്തകത്തിൽ കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള പാഠം സമാപിക്കുന്നത്[3] നിർല്ലോഭമായ പ്രശംസയിൽ ഈ വിധമാണ്:

അതേസമയം, എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാർ കവിത ശക്തമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. നമ്പ്യാരുടെ 'സംസ്കാരലോപത്തെ'-പ്പറ്റി ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മലയാള സാഹിത്യവിമർശകനായിരുന്ന കുട്ടികൃഷ്ണമാരാരും, പി.കെ.ബാലകൃഷ്ണനും പരാതിപ്പെട്ടിട്ടുണ്ട്.[5] ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കേരളീയസാഹചര്യങ്ങളിൽ ഫലിതത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാഗ്‌വ്യഭിചാരമായാണ് മാരാർ വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ 'ഭീമ-ഹനൂമൽസംവാദ' ത്തിന്റെ നിശിതമായ വിമർശനം മാരാരുടെ 'ഭാരതപര്യടനം' എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാർ ഹനുമാനെ 'അങ്ങാടിക്കൂളനും' ഭീമസേനനെ 'മേനിക്കണ്ടപ്പനും' ആയി തരംതാഴ്ത്തിയെന്ന് മാരാർ ആക്ഷേപിക്കുന്നു:-

നമ്പ്യാരുടെ കാലദർശനത്തെ അപഗ്രഥിക്കുന്ന ഒരു പ്രബന്ധത്തിൽ മലയാളത്തിലെ മറ്റൊരു പ്രസിദ്ധനിരുപകനായ കെ.പി. അപ്പൻ ഈ വിമർശനത്തിനു മറുപടി പറയുന്നതിനൊപ്പം നമ്പ്യാരെ "ഉന്നതജ്ഞാനിയായ....കോമിക് ജീനിയസ്", "ജ്ഞാനിയായ വിദൂഷകൻ", എന്നൊക്കെ വിശേഷിപ്പിക്കുന്നു:-

സാധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാർ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്തലത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാൽ നമ്പ്യാരുടെ കവിത പോലും നായന്മാർ വരെയുള്ള ജനവിഭാഗങ്ങളെ മാത്രമേ കണക്കിലെടുത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകൾ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ വിരളമാണെന്നുമാണ് വിമർശനം.[7]

സ്മാരകങ്ങൾ

കുഞ്ചൻ നമ്പ്യാർ സ്മാരകം, അമ്പലപ്പുഴ

കുഞ്ചൻ നമ്പ്യാർ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലും തൃശ്ശൂർജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻ നമ്പ്യാരുടെ ഓർമ്മയ്ക്കായി കുഞ്ചൻ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെയാണ്.

കുഞ്ചൻ സ്മൃതി വനം, ചൂലനൂർ

നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകൾ

നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.

  • ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ "കരി കലക്കിയ കുളം" എന്നും നമ്പ്യാർ "കളഭം കലക്കിയ കുളം" എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.
  • കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ "കാതിലോല?" (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ "നല്ലതാളി" (നല്ലത് ആളി - തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.
  • ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ളോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:-
  • കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനം‌പ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-

ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.

അവലംബം

  1. ഐതിഹ്യമാല, അദ്ധ്യായം:കുഞ്ചൻനമ്പ്യാരുടെ ഉൽഭവം
  2. ഭാഷാസാഹിത്യചരിത്രം - സി.ജെ. മണ്ണുമ്മൂട്
  3. 3.0 3.1 മലയാളം മൂന്നാം പാഠപുസ്തകം, പാഠം 14, കുഞ്ചൻ നമ്പ്യാർ (പുറങ്ങൾ 35-37) - The Director of Public Instruction, Travancore, വർഷം 1926, പ്രസാധകർ Macmillan & Co. Limited, വിക്കിഗ്രന്ഥശാലയെ ആശ്രയിച്ച്
  4. ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ); നാട്ടറിവുകൾ; ഡി സി ബുക്സ്, കോട്ടയം ISBN 978-81-264-2060-5
  5. 5.0 5.1 കെ.പി. അപ്പൻ, സമയപ്രവാഹവും സാഹിത്യകലയും എന്ന പുസ്തകത്തിലെ "യുദ്ധക്കലികൊണ്ട കാലദർശനം" എന്ന ലേഖനം(പുറങ്ങൾ 58-64)
  6. വ്യാസന്റെ ചിരി - ഭാരതപര്യടനം - കുട്ടികൃഷ്ണമാരാര്
  7. പി.കെ. ബാലകൃഷ്ണൻ, എഡിറ്റു ചെയ്ത "നാരായണഗുരു" എന്ന ഗ്രന്ഥം(പുറം 20)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കുഞ്ചൻ_നമ്പ്യാർ&oldid=4101776" എന്ന താളിൽനിന്ന് ശേഖരിച്ചത്