മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്
മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് | |
---|---|
Founder(s) | മൈസൂരുവിലെ രാജാവായിരുന്ന നാൽവടി കൃഷ്ണരാജ വാടിയാർ |
സ്ഥാപിച്ചത് | 1937 |
Mission | ഇന്ത്യയിലെയും മറ്റു ചില വിദേശരാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകൾക്കായി വോട്ടിംഗ് മഷി തയ്യാറാക്കുക. |
Owner | കർണാടക സർക്കാർ |
Formerly called | മൈസൂർ ലാക് ആൻഡ് പെയിന്റ്സ് ലിമിറ്റഡ് |
സ്ഥാനം | മൈസൂരു, കർണാടക, ഇന്ത്യ |
വെബ്സൈറ്റ് | mysorepaints |
വോട്ടിംഗ് മഷി കൂടാതെ പെയിന്റുകളും മറ്റും ഉല്പാദിപ്പിക്കുന്നുണ്ട്. |
മൈസൂരുവിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് (Mysore Paints and Varnish Limited, MPVL). ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വോട്ടറുടെ കൈയ്യിൽ പുരട്ടുന്ന മഷി നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുള്ള ഏക സ്ഥാപനമാണിത്.[1][2][3] കർണാടകാ സർക്കാരിന്റെ ഉടമസ്ഥതയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.
ചരിത്രം
[തിരുത്തുക]1937-ൽ മൈസൂരുവിലെ രാജാവായിരുന്ന നാൽവടി കൃഷ്ണരാജ വാടിയാർ പെയിന്റ് നിർമ്മാണത്തിനായി 'മൈസൂർ ലാക് ആൻഡ് പെയിന്റ്സ് ലിമിറ്റഡ്'(Mysore Lac and Paints Limited) എന്ന പേരിൽ ഒരു കമ്പനി സ്ഥാപിച്ചു.[3] 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ തന്നെ ഇതിനെ ഒരു പൊതുമേഖലാ സ്ഥാപനമായി അംഗീകരിച്ചിരുന്നു. 1989-ൽ കമ്പനിയുടെ പേര് 'മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്' എന്നാക്കി മാറ്റി.
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സമ്മതിദായകന്റെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടുന്നതിനുപയോഗിക്കുന്ന ഇൻഡെലിബിൾ ഇങ്ക് (തെരഞ്ഞെടുപ്പ് മഷി) ആദ്യമായി നിർമ്മിക്കപ്പെട്ടത് ഈ സ്ഥാപനത്തിൽ വച്ചായിരുന്നു. 1962-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മഷി ആദ്യമായി ഉപയോഗിക്കുകയും ചെയ്തു. അതിനുശേഷം ഇന്ത്യയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ കമ്പനിയുടെ മഷി തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.[1]
ന്യൂഡെൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയാണ് ഈ മഷി വികസിപ്പിച്ചെടുത്തത്. മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിനായിലുന്നു വ്യാവസായികോല്പ്പാദനത്തിനുള്ള അനുമതി ലഭിച്ചത്. നാഷണൽ റിസെർച്ച് ഡെവലപ്മെന്റ് കോർപ്പറേഷനാണ് ലൈസൻസ് നൽകിയത്. ഏറെ സുരക്ഷാ ക്രമീകരണങ്ങൾക്കു നടുവിൽ അതീവ രഹസ്യമായാണ് മഷിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഉല്പ്പന്നങ്ങൾ
[തിരുത്തുക]തെരഞ്ഞെടുപ്പ് മഷി
[തിരുത്തുക]ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾക്കു വേണ്ടി വോട്ടിംഗ് മഷി (Indelible ink) തയ്യാറാക്കുക എന്നതായിരുന്നു കമ്പനിയുടെ പ്രാരംഭ ലക്ഷ്യം. സമ്മതിദായകന്റെ വിരലിലും നഖത്തിലുമായി പെട്ടെന്നു മായ്ക്കാൻ കഴിയാത്ത വിധത്തിൽ ഒരു അടയാളം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മഷി ഉപയോഗിക്കുന്നത്. ഇരുപത് ദിവസത്തോളമെങ്കിലും ഈ അടയാളം മായാതെ നിൽക്കും. ചിലപ്പോൾ ഏതാനും മാസങ്ങളോളം ഈ അടയാളം മായാതെ നിൽക്കാറുണ്ട്. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ തടയുന്നതിൽ വോട്ടിംഗ് മഷി ഒരു പ്രധാന പങ്ക് വഹിക്കുന്നു.[1]
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് കമ്പനിയിൽ നിന്ന് വൻതോതിൽ മഷി വാങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമ്മതിദായകരുടെ എണ്ണത്തിനനുസരിച്ച് ആവശ്യമുള്ള മഷിക്ക് ഓർഡർ നൽകുന്നു. കമ്പനി തയ്യാറാക്കുന്ന മഷി ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കൈമാറുന്നു. അവർ അത് വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നു.[2]
5 മില്ലി ലിറ്റർ, 7.5 മില്ലി, 20 മില്ലി, 50 മില്ലി , 80 മില്ലി എന്നീ അളവുകളിലുള്ള ചെറിയ കുപ്പികളിലായാണ് മഷി വിതരണം ചെയ്യുന്നത്. മുന്നൂറ് വോട്ടർമാരുടെ ഉപയോഗത്തിന് 5 മില്ലി ലിറ്ററിന്റെ കുപ്പി പര്യാപ്തമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടുകൾക്കുള്ളിൽ ഏതാണ്ട് 6000 ദശലക്ഷം വോട്ടർമാരിൽ ഈ മഷി പുരട്ടിയതായി കണക്കാക്കപ്പെടുന്നു.[2] തായ്‌ലാൻഡ്, സിങ്കപ്പൂർ, നൈജീരിയ, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കും മഷി കയറ്റുമതി ചെയ്യുന്നുണ്ട്.[1] കൂടുതൽ സൗകര്യപ്രദമായ ഉപയോഗത്തിനായി മഷി നിറച്ച മാർക്കർ പേനകളും കമ്പനി നിർമ്മിക്കുന്നുണ്ട്. അഫ്ഗാനിസ്താനിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇവ ഉപയോഗിച്ചിരുന്നു.[3] 2012-ൽ കമ്പോഡിയയിൽ നടന്ന തെരഞ്ഞെടുപ്പിലും കമ്പനിയിലെ മഷിയാണ് ഉപയോഗിച്ചിരുന്നത്.[4]
വേറെ ഉല്പ്പന്നങ്ങൾ
[തിരുത്തുക]തെരഞ്ഞെടുപ്പ് മഷി കൂടാതെ നിരവധി ഉല്പ്പന്നങ്ങൾ കമ്പനി നിർമ്മിക്കുന്നുണ്ട്. ഇനാമലുകൾ, പ്രൈമേഴ്സ്, ഡിസ്ടെമ്പേഴ്സ്, സീലിംഗ് വാക്സ്,പോളിഷെസ് തുടങ്ങിവയാണ് മറ്റ് ഉല്പ്പന്നങ്ങൾ.[5] ആദ്യ കാലങ്ങളിൽ ബാലറ്റു പെട്ടികൾ സീൽ ചെയ്യുന്നതിനായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ചിരുന്നത് ഈ കമ്പനിയിലെ സീലിംഗ് വാക്സ് ആയിരുന്നു. ഇന്ത്യൻ തപാൽ വകുപ്പും ഈ സീലിംഗ് വാക്സ് ഉപയോഗിക്കുന്നുണ്ട്. [4]
വ്യാപാരം
[തിരുത്തുക]ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്താണ് കമ്പനിയുടെ വ്യാപാരം നല്ല രീതിയിൽ നടക്കുന്നത്. വരുമാനത്തിൽ വൻതോതിലുള്ള വർദ്ധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്താറുള്ളത്.[6] 2006-07 സാമ്പത്തിക വർഷത്തിൽ 1.80 കോടി രൂപ ($450K)യുടെ ലാഭമാണ് കമ്പനി നേടിയത്.[7] 2004-ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ 4 കോടി രുപയുടെ വ്യാപാരമാണ് നടന്നത്. 2008-ൽ കമ്പോഡിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ മഷി വിതരണത്തിലൂടെ മാത്രം 1.28 കോടി രൂപയുടെ ലാഭമാണ് കമ്പനി സ്വന്തമാക്കിയത്.[8]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 R. Krishna Kumar (2004-03-17). "The business of `black-marking' voters". Online Edition of The Hindu, dated 2004-03-17. Chennai, India. Archived from the original on 2004-04-12. Retrieved 2007-09-17.
- ↑ 2.0 2.1 2.2 "An 'indelible' contribution". Online Edition of The Hindu, dated 2007-09-11. Chennai, India. 2007-09-11. Archived from the original on 2007-09-14. Retrieved 2007-09-17.
- ↑ 3.0 3.1 3.2 Sunil Raman (2004-10-12). "India link to Afghan ink stink". Online webpage of the BBC,dated 2004-10-12. Retrieved 2007-09-17.
- ↑ 4.0 4.1 Jayaraman, Pavitra (13 August 2012). "1937 Mysore Paints and Varnish । The ink of democracy". LiveMint. Retrieved Apr 17, 2014.
- ↑ "Profile". Online Webpage of the Mysore Paints and Varnish Limited. Archived from the original on 2008-01-10. Retrieved 2007-09-17.
- ↑ M B Maramkal (2004-01-16). "Poll time 'blues'". Online Edition of The Times of India, dated 2004-01-16. Retrieved 2007-09-17.
- ↑ "State keen on expanding Paints & Varnishes Ltd". Online Edition of The Hindu, dated 2007-07-05. Chennai, India. 2007-07-05. Archived from the original on 2013-01-25. Retrieved 2007-09-17.
- ↑ "Indelible ink shipped to Cambodia". Online Edition of The Hindu, dated 2007-03-10. Chennai, India. 2007-03-10. Archived from the original on 2007-12-13. Retrieved 2007-09-17.