പത്മനാഭപുരം കൊട്ടാരം

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം-കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നു. തമിഴ് നാട്ടിലെ വല്ലി നദി കൊട്ടാരത്തിന്റെ സമീപത്തുകൂടി കടന്നു പോകുന്നു.[3] കൊട്ടാരത്തിന്റെ ഭരണകാര്യങ്ങൾ നോക്കി നടത്തുന്നത് കേരളാ സർക്കാരിന്റെ പുരാവസ്തു വകുപ്പാണ്. 1741-ൽ കുളച്ചൽ യുദ്ധത്തിനു ശേഷമാണ് മാർത്താണ്ഡവർമ്മ രാജാവ് ഇന്നു കാണുന്ന രീതിയിൽ കൊട്ടാരം പുതുക്കി പണിതത്. അതുപോലെ തന്നെ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്തുള്ള കുറ്റാലം കൊട്ടാരവും കേരളത്തിന്റെ കൈവശമാണ് (കന്യകുമാരി ജില്ല കുടാതെ സംസ്ഥാന പുനസംഘടനയ്ക്ക് മുൻപ് കേരളത്തിലെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു ചെങ്കോട്ട താലൂക്കും തെങ്കാശി താലൂക്കിലെ കുറ്റാലം ഉൾപ്പെടുന്ന പ്രദേശം).
മന്ദിരങ്ങൾ
[തിരുത്തുക]

പത്മനാഭപുരം കൊട്ടാരസമുച്ചയത്തിനുള്ളിൽ അനവധി അനുബന്ധമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധകാലങ്ങളിലായി വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വിവിധരാജാക്കന്മാരാൽ പണികഴിക്കപ്പെട്ടവയാണ്. ഒറ്റപ്പെട്ട മന്ദിരങ്ങൾ, അവയോട് ചേർന്നുള്ള വെട്ടിത്തൊടുത്തുകൾ, വികസനങ്ങൾ, പരിഷ്കാരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവയാണ് ഈ പണികൾ. കെട്ടിടങ്ങളുടെ പരസ്പരബന്ധം, നിർമ്മാണഘടന, സന്ദർശകന്റെ സഞ്ചാരപഥം എന്നിവയെ അടിസ്ഥാനപ്പെടുത്തി പത്മനാഭപുരം കൊട്ടാരസമുച്ചയത്തിൽ ഉൾപ്പെട്ട മന്ദിരങ്ങളെ താഴെപറയും വിധം തരം തിരിച്ചിരിക്കുന്നു.
- നടമാളിക
- പൂമുഖമാളിക
- പ്ലാമൂട്ടിൽ ചാവടി
- വേപ്പിൻമൂട് കൊട്ടാരം
- തായ്‌കൊട്ടാരം
- വലിയ ഊട്ടുപുര
- ഹോമപ്പുര
- പുത്തൻ കൊട്ടാരം
- ഉപ്പിരിക്കമാളിക
- ആയുധശാല
- തെക്കെത്തെരുവു മാളിക
- പന്തടിക്കളം മാളിക
- അമ്പാരി മുഖപ്പ്
- ചന്ദ്രവിലാസം
- ഇന്ദ്രവിലാസം
- ചമയപ്പുര
- നവരാത്രി മണ്ഡപം
- കൊച്ചുമടപ്പള്ളി
- കമ്മട്ടം
- തേവാരക്കെട്ടു ദേവസ്വം
- ആലമ്പാറ ദേവസ്വം
- തെക്കേ കൊട്ടാരം
പൂമുഖമാളിക
[തിരുത്തുക]നടമാളികയിലെ നടവാതിലിലൂടെ അകത്തുകടന്നാൽ കാണുന്നതാണ് പൂമുഖമാളിക. ദീർഘചതുരാകൃതിയിലുള്ള നടയ്ക്ക് പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന മുഖപ്പോടുകൂടിയ ഈ ഇരുനിലകെട്ടിടത്തിൽ പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നീ ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
പൂമുഖം
[തിരുത്തുക]
പത്മനാഭപുരം കൊട്ടാരത്തിലെത്തുന്ന അതിഥികളെ മഹാരാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം. കേരളീയ വാസ്തുശില്പശൈലിയിൽ നിമ്മിച്ച ഈ മന്ദിരത്തിന് ത്രികോണാകൃതിയിലുള്ള കവാടമാണുള്ളത്. മനോഹരമായി കൊത്തുപണികൾ ചെയ്ത, തടി കൊണ്ടുണ്ടാക്കിയ മേൽത്തട്ടിൽ വ്യത്യസ്തങ്ങളായ 90 പൂക്കൾ കൊത്തിവച്ചിരിക്കുന്നു. അത്യപൂർവ്വമായ കുതിരക്കാരൻ വിളക്കും, ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിർമ്മിച്ച കട്ടിലും, ചീനക്കാർ മഹാരാജാവിന് സമ്മാനിച്ച ചീനകസേരയും ഇവിടെയുണ്ട്. പൂമുഖത്തിന്റെ മുൻവശത്തായി, ദാരുശിൽപ്പങ്ങൾ കൊത്തിവയ്ക്കപ്പെട്ട മൂന്നു മുഖപ്പുകളുണ്ട്. തടിയിൽ കടഞ്ഞെടുത്ത അശ്വാരൂഢരായ രണ്ട് രാജവിഗ്രഹങ്ങൾ സന്ദർശകർക്ക് സ്വാഗതമോതുന്നു. ഇതിനുപുറമേ, പൂമുഖത്തിന്റെ മറ്റൊരു കരിങ്കൽത്തൂണിൽ ഒരു വൃദ്ധന്റെ രൂപം കൊത്തിവച്ചിരിക്കുന്നു.
നാടകശാല
[തിരുത്തുക]പൂമുഖത്തിന്റെ കിഴക്കേ ചായ്പ്പാണ് നാടകശാല എന്നറിയപ്പെടുന്നത്. പൂമുഖത്തിൽ നിന്നും കിഴക്കോട്ടുള്ള വാതിലും, അവിടെ നിന്നും തെക്കോട്ട് ഇറങ്ങുന്ന പടിക്കെട്ടും കഴിഞ്ഞാൽ വിശാലമായ നാടകശാലയിലെത്തുന്നു. എന്നാൽ പൂമുഖത്ത് കാണുന്നതുപോലെ ചിത്രപ്പണികളോ, ശിൽപ്പങ്ങളോ നാടകശാലയിലില്ല.

മന്ത്രശാല
[തിരുത്തുക]പൂമുഖത്തിന്റെ മുകലിലത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. ഇവിടെ മന്ത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രാജ്യഭരണത്തെയാണ്. മഹാരാജാവ് ഭരണപരമായ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് എടുത്തിരുന്നത് ഇവിടെ വച്ചാണ്. ദാരു ശിൽപ്പകലാ വൈഭവത്തിൽ മുന്നിട്ടുനിൽക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ പാളികളിൽ വിവിധ വർണ്ണങ്ങളിലുള്ള അഭ്രപാളികൾ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയിൽ പണിതിട്ടുള്ള ഇരിപ്പിടങ്ങൾ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മണിമാളിക
[തിരുത്തുക]മന്ത്രശാലയുടെ വടക്കുഭാഗത്തായാണ് മണിമാളിക സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തിൽ സമയമറിയാനാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. മണിമേടയുടെ മുൻവശത്ത് കമനീയമായ ഒരു മുഖപ്പ് ഉറപ്പിച്ചിട്ടുണ്ട്. മണിമേടയുടെ പുരോഭാഗം കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉയരമുള്ള മണിമാളികയിൽ ഭാരത്തിന്റെ ശക്തിയിൽ പ്രവർത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു കൊല്ലനാണ് നിർമ്മിച്ചത്. ഇതിന്റെ മണിനാദം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വരെ കേൾക്കാം
പ്ലാമൂട്ടിൽ ചാവടി
[തിരുത്തുക]
പൂമുഖമാളികയുടെ പടിഞ്ഞാറ് ഭാഗത്തായി L ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഇരുനിലകെട്ടിടമാണ് പ്ലാമൂട്ടിൽ ചാവടി. പൂമുഖമാളികയുടെ രണ്ടാം നിലയുടെ തറനിരപ്പിനേക്കാൾ താഴ്ന്ന തരനിരപ്പുള്ളതാണ് ഈ മന്ദിരം. പൂമുഖത്തിന്റെ രണ്ടാം നിലയിൽ നിന്ന് പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിലേക്ക് കടക്കുവാനായി ഒരു പാലം നിർമ്മിക്കപ്പെട്ടിരിക്കുന്നു. പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിൽ ഒരു ചെറിയ മുറിയും, രണ്ട് വലിയ മുറികളുമാണ് ഉള്ളത്.
വേപ്പിൻമൂട് കൊട്ടാരം
[തിരുത്തുക]പ്ലാമൂട്ടിൽ ചാവടിക്ക് വടക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിചിതെയ്യുന്ന L ആകൃതിയിലുള്ള ഇരുനിലകെട്ടിടമാണ് വേപ്പിൻമൂട് കൊട്ടാരം. ഇതിൽ പള്ളിയറയും, അതോടനുബന്ധിച്ച് കരിങ്കല്ലു കൊണ്ടുള്ള ശൗചാലയവും ഉണ്ട്. മണിമേടയുടെ വടക്കേ അരിക് മുതൽ ഉപ്പിരിക്കമാളികയ്ക്ക് സമാന്തരമായി തായ്‌കൊട്ടാരത്തിന്റെ പടിഞ്ഞാറേ അരിക് വരെ വ്യാപിച്ചുകിടക്കുന്ന വേപ്പിന്മൂട് കൊട്ടാരത്തിൽനിന്നും ഉപ്പിരിക്കമാളികയിലേക്ക് മൂന്നു വാതിലുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു.
തായ്‌കൊട്ടാരം
[തിരുത്തുക]
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ് ദർഭക്കുളങ്ങര കൊട്ടാരം എന്നുകൂടി പേരുള്ള തായ്‌കൊട്ടാരം. എ. ഡി. 1592 മുതൽ എ. ഡി. 1610 വരെ വേണാട് ഭരണാധികാരിയായിരുന്ന രവിവർമ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. നാലുകെട്ട് മാതൃകയിൽ പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഏകാന്തമണ്ഡപത്തിന് നിരവധി സവിശേഷതകളുണ്ട്. മനോഹരമായ കൊത്തുപണികളോടെ, വരിക്കപ്ലാവിൽ തടിയിൽ നിർമ്മിച്ച കന്നിത്തൂൺ ഇവിടെ കാണാം. ഒറ്റത്തടിയിൽ കൊത്തിയിരിക്കുന്ന ശില്പ്പങ്ങളും, തൊങ്ങലുകളും, വളയങ്ങളും കേരളീയ ദാരുശില്പ വൈഭവം വിളിച്ചോതുന്നു. ദേവീ പ്രീതിക്കായി കളമെഴുത്തും പാട്ടും ഈ ഏകാന്തമണ്ഡപത്തിൽ വച്ചാണ് നടത്തിയിരുന്നത്. ആപൽഘട്ടങ്ങളിൽ രക്ഷാമാർഗ്ഗമായി ഉപയോഗിക്കുന്നതിനായി തായ്‌കൊട്ടാരത്തിന്റെ നടുമുറ്റത്തോട് നടുമുറ്റത്തിൽ നിന്നാരംഭിക്കുന്ന തുരങ്കപ്പാത ഇവിടെനിന്നും ഒരു കിലോമീറ്ററിലധികം അകലെയുള്ള ചാരോട് കൊട്ടാരം വരെ എത്തുന്നു.
മറ്റു വിവരങ്ങൾ
[തിരുത്തുക]- പല ചലച്ചിത്രരംഗങ്ങൾക്കും ഈ കൊട്ടാരസമുച്ചയം അവതരണപശ്ചാത്തലമൊരുക്കിയിട്ടുണ്ടു്. ഉദാഹരണത്തിനു് മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ സമാപനഘട്ടത്തിൽ ശോഭന അവതരിപ്പിക്കുന്ന പ്രശസ്തമായ നൃത്തത്തിന്റെ ഛായാഗ്രഹണം ഇവിടെയാണു് നിർവ്വഹിച്ചതു്.
- കേരളത്തിനുപുറത്തു് കേരളസർക്കാരിന്റെ നേരിട്ടുള്ള അധീനതയിലുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണു് ഈ കൊട്ടാരസമുച്ചയം.
അവലംബം
[തിരുത്തുക]- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ iloveindia.com http://www.iloveindia.com/indian-monuments/padmanabhapuram-palace.html Padmanabhapuram Palace