സിഖ് സാമ്രാജ്യം
സിഖ് സാമ്രാജ്യം സർക്കാർ ഖൽസ | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1799–1849 | |||||||||||||||||
ദേശീയ ഗാനം: ദേഗ് ഓ തേഗ് ഓ ഫത്തേ | |||||||||||||||||
ചുവന്ന അതിരിനുള്ളിൽ രഞ്ജിത് സിങ്ങിന്റെ സിഖ് സാമ്രാജ്യം | |||||||||||||||||
തലസ്ഥാനം | ഗുജ്രൻവാല (1799-1802) ലാഹോർ (1802-1849) | ||||||||||||||||
പൊതുവായ ഭാഷകൾ | പേർഷ്യൻ (ഔദ്യോഗികം),[1] പഞ്ചാബി | ||||||||||||||||
ഗവൺമെൻ്റ് | ഫെഡറൽ രാജാധിപത്യം | ||||||||||||||||
• 1733-1735 | നവാബ് കപൂർ സിങ് | ||||||||||||||||
• 1762-1783 | ജസ്സ സിങ് അലൂവാലിയ | ||||||||||||||||
• 1801-1839 | രഞ്ജിത് സിങ് | ||||||||||||||||
• 1839 | ഖഡക് സിങ് | ||||||||||||||||
• 1839-1840 | നാവു നിഹാൽ സിങ് | ||||||||||||||||
• 1841-1843 | ഷേർ സിങ് | ||||||||||||||||
• 1843–1849 | ദലീപ് സിങ് | ||||||||||||||||
മഹാരാജാവ്² | |||||||||||||||||
ചരിത്രം | |||||||||||||||||
• ജനറൽ ബാബ ബന്ദ സിങ് ബഹാദൂറിന്റെ മരണം | 1799 | ||||||||||||||||
1849 | |||||||||||||||||
വിസ്തീർണ്ണം | |||||||||||||||||
[convert: invalid number] | |||||||||||||||||
Population | |||||||||||||||||
• 1849 estimate | 30 ലക്ഷം[2] | ||||||||||||||||
നാണയവ്യവസ്ഥ | നാനക്ശാഹി | ||||||||||||||||
| |||||||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | ചൈന ഇന്ത്യ പാകിസ്താൻ |
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന ശക്തമായ സാമ്രാജ്യമായിരുന്നു സിഖ് സാമ്രാജ്യം. ഇന്നത്തെ പഞ്ചാബ്, കശ്മീർ എന്നിവ ഈ സാമ്രാജ്യത്തിന് കീഴിലായിരുന്നു. 1799-ൽ ലാഹോറിന്റെ നിയന്ത്രണമേറ്റ രഞ്ജിത് സിങ്ങിനു കീഴിൽ ഉദയംകൊണ്ട ഈ സാമ്രാജ്യം പഞ്ചാബ് മേഖലയും ചുറ്റുവട്ടവും 1849 വരെയുള്ള അരനൂറ്റാണ്ടുകാലം അടക്കിഭരിച്ചു. മിസ്ലുകൾ എന്നറിയപ്പെട്ട, സ്വതന്ത്രമായ പഞ്ചാബി ജനവിഭാഗങ്ങളുടെ സംഘമായ ഖൽസയാണ് ഈ സാമ്രാജ്യത്തിന്റെ അടിസ്ഥാനശിലയായത്. [3][4] പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത്, അത് പടിഞ്ഞാറ് ഖൈബർ ചുരം വരെയും വടക്കോട്ട് കശ്മീർ വരെയും തെക്കുവശത്ത് സിന്ധ് വരെയും കിഴക്ക് തിബറ്റ് വരെയും വ്യാപിച്ചു.
സിഖ് സാമ്രാജ്യത്തിന്റെ രൂപീകരണത്തിന്റെ ആദ്യഘട്ടം, 1707-ൽ മുഗൾ ചക്രവത്തിയായ ഔറംഗസേബിന്റെ മരണവും ഒപ്പം ആ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെയും ആരംഭിക്കുന്നു. ഇത്, ഗുരു ഗോബിന്ദ് സിങ് രൂപം നൽകിയ സിഖ് ഖൽസ സൈന്യത്തിന്റെ പിൽക്കാലരൂപമായ ദൽ ഖൽസ സൈന്യത്തിന് മുഗളർക്കെതിരെയും പടിഞ്ഞാറ് പഷ്തൂണുകൾക്കെതിരെയും നേട്ടങ്ങളുണ്ടാക്കാൻ വൻ സാധ്യതയൊരുക്കി. ഇക്കാലത്ത്, മിസ്ലുകൾ എന്നറിയപ്പെട്ട വിവിധ സംഘങ്ങളായിത്തിരിഞ്ഞിരുന്ന സിഖുകാർ സൈനികശക്തിയാർജ്ജിച്ച് മേഖലയിലെ വിവിധ നഗരങ്ങളുടെ മേൽ അധികാരം സ്ഥാപിച്ചിരുന്നു. 1799-ഓടെ ഇത്തരത്തിലുള്ള ഒരു മിസ്ലിന്റെ നേതാവായിരുന്ന രഞ്ജിത് സിങ്, എല്ലാ മിസ്ലുകളെയും ഏകീകരിക്കുകയും സ്വന്തം ഭരണത്തിനുകീഴിലാക്കുകയും ചെയ്തതോടെ സിഖ് സാമ്രാജ്യത്തിന് ഔദ്യോഗികമായ രൂപീകരണമായി. സിഖ് സാമ്രാജ്യം നാല് പ്രവിശ്യകളായി തിരിച്ചിരുന്നു. ലാഹോർ, മുൾത്താൻ, പെഷവാർ, കശ്മീർ എന്നിവയായിരുന്നു ഇവ.
പഞ്ചാബിന്റെ മഹാരാജാവായി പ്രഖ്യാപിച്ച രഞ്ജിത് സിങ്, തന്റെ സൈന്യത്തെ ആധുനികവൽക്കരിക്കുകയും യൂറോപ്യൻ മാതൃകകളെ അനുകരിച്ച് ഏറ്റവും മികച്ച പരിശീലവും ആയുധങ്ങളും നൽകുകയും ചെയ്തു. രഞ്ജിത് സിങ്ങിന്റെ മരണത്തിനുശേഷം ശക്തനായ ഒരു പിൻഗാമിയുടെ അഭാവത്തിൽ സാമ്രാജ്യം രാഷ്ട്രീയപ്രതിസന്ധിയിലായി. 1840-കളുടെ രണ്ടാം പകുതിയിൽ നടന്ന ആംഗ്ലോ-സിഖ് യുദ്ധങ്ങൾ എന്നറിയപ്പെടുന്ന രണ്ട് യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാർ സിഖ് സാമ്രാജ്യത്തിന് അന്ത്യം കുറിക്കുകയും പഞ്ചാബിനെ തങ്ങളുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലാക്കുകയും ചെയ്തു.
ചരിത്രം
[തിരുത്തുക]രഞ്ജിത് സിങ്
[തിരുത്തുക]സിഖ് സാമ്രാജ്യത്തിന്റെ ഏറ്റവും ശക്തനായ രാജാവായിരുന്നു രഞ്ജിത് സിങ്. ഗുജ്രൻവാലയിലെ ഒരു സിഖ് മിസ്ലിന്റെ നേതാവായിരുന്ന രഞ്ജിത്തിനെ ദുറാനികളുടെ പ്രതിനിധിയായി 1799 ഫെബ്രുവരിയിൽ സമാൻ ഷാ ദുറാനി ലാഹോറിൽ നിയമിക്കുകയായിരുന്നു. ദുറാനികളുടെ ശക്തിക്ഷയം മുതലെടുത്ത രഞ്ജിത് പഞ്ചാബിലെ മറ്റു സിഖ് വിഭാഗങ്ങളെ ഒന്നിപ്പിച്ച് ശക്തിപ്രാപിക്കുകയും സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.[5][6] 1839 വരെയുള്ള തന്റെ നാലുപതിറ്റാണ്ട് ഭരണകാലത്ത് സാമ്രാജ്യത്തെ 5 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലെത്തിക്കാൻ രഞ്ജിത്തിനായി.[7] യൂറോപ്യൻ ഉദ്യോഗസ്ഥരെ തന്റെ കീഴിൽ നിയമിച്ച് അവരുടെ മേൽനോട്ടത്തിൽ സൈന്യത്തെ യൂറോപ്യൻ മാതൃകയിൽ പരിഷ്കരിക്കുകയും ചെയ്തു. ഈ സൈന്യം ഇന്ത്യയിലെ ബ്രിട്ടീഷ് നേതൃത്വത്തെപ്പോലും ഭയപ്പാടിലാക്കിയിരുന്നു.
അധികാരവടംവലി
[തിരുത്തുക]1839-ൽ രഞ്ജിത് സിങ് മരണമടഞ്ഞതിനുശേഷം സാമ്രാജ്യത്തിൽ അധികാരവടംവലി രൂക്ഷമായി. രഞ്ജിത് സിങ്ങിന്റെ മക്കൾ, സഭാംഗങ്ങളിൽ ചിലർ, രണ്ട് റാണിമാർ, ഖൽസ സൈന്യം എന്നിവയായിരുന്നു ഈ വടംവലിയിലെ പ്രധാനകക്ഷികൾ. അലസനും അഴിമതിക്കാരനുമായിരുന്ന മൂത്തമകൻ ഖഡക് സിങ്, അദ്ദേഹം മാത്രമാണ് രഞ്ജിത് സിങ്ങിന്റെ ആദ്യഭാര്യയിലെ ന്യായപ്രകാരമുള്ള ഒരേയൊരു പുത്രനെന്ന് അവകാശപ്പെട്ടു. രജ്ഞിത് സിങ്ങിന് ഏറ്റവും പ്രിയപ്പെട്ട പുത്രനായിരുന്ന ഷേർ സിങ്, ഖഡക് സിങ്ങിന്റെ പുത്രനായ നാവോ നിഹാൽ സിങ് എന്നിവരായിരുന്നു രാജസ്ഥാനത്തിനുള്ള മറ്റു അവകാശികൾ. രഞ്ജിത്തിന്റെ ആദ്യഭാര്യയിലുള്ള പുത്രൻ എന്ന അനുകൂലഘടകം ഷേർസിങ്ങിനുണ്ടായിരുന്നപ്പോൾ, ബുദ്ധിമാനും പുരോഗമനവാദിയുമായിരുന്നു നാവോ നിഹാൽ സിങ് എന്ന് വിലയിരുത്തപ്പെടുന്നു.
ഡോഗ്ര ഹിന്ദു സഹോദരന്മാരായിരുന്ന ഗുലാബ് സിങ്, ധിയാൻ സിങ്, സുചേത് സിങ് എന്നിവരും ധിയാൻ സിങ്ങിന്റെ പുത്രനായ ഹീരാസിങ്ങും സഭാംഗങ്ങളിൽ പ്രമുഖരായിരുന്നു. രഞ്ജിത് സിങ്ങിന്റെ മരണാനന്തരം ഗുലാബ് സിങ് തന്റെ തട്ടകം ജമ്മുവിലേക്ക് മാറ്റുകയും അവിടെ സ്വതന്ത്രമായി ഒരു ഡോഗ്ര സാമ്രാജ്യത്തിന്റെ ഭരണമാരംഭിക്കുകയും ചെയ്തു. മറ്റുള്ളവർ ലാഹോറിൽ അധികാരത്തിൽത്തുടർന്നു. സിഖ് പ്രഭുകുടുംബാംഗങ്ങളായ സന്ധാവാലിയകൾ, അട്ടാരിവാലകൾ, മജീഠിയകൾ എന്നിവർ മറ്റൊരു സമ്മർദ്ദവിഭാമായിരുന്നു. ഹിന്ദു ഡോഗ്രകളും ഖൽസ സിഖുകാരും തമ്മിലുള്ള മതപരമായ സ്പർദ്ധകളും ഈ വടംവലിയിലെ പ്രധാനഘടകമായിരുന്നു.
ഒരു സംഘവുമായും കൂറില്ലാതെ ദർബാറിനോട് വിധേയത്വം പുലർത്തിയിരുന്നു ഒരു ശക്തമായ സംഘം കൂടിയുണ്ടായിരുന്നു. ഈ സംഘത്തിലെ പ്രധാനിയായിരുന്നു വിദേശകാര്യങ്ങളുടെ ചുമതലക്കാരനായിരുന്ന ഫക്കീർ അസീസുദ്ദീൻ. അദ്ദേഹത്തിന്റെ സഹോദരനും നികുതി കാര്യങ്ങളുടെ ചുമതലക്കാരനുമായ ഫക്കീർ നൂറുദ്ദീൻ, ധനകാര്യമന്ത്രിയായിരുന്ന കശ്മീരി ബ്രാഹ്മണൻ ദിവാൻ ദിനനാഥ്,[8] സേനാനായകന്മാരിലൊരാളായ തേജ് സിങ്[9] ഇവരെല്ലാം ഈ കൂട്ടത്തിൽപ്പെടുന്നു.
ഇക്കാലത്ത് അതൃപ്തരായ സൈന്യവും ഈ അധികാരവടംവലിയിലെ പ്രധാനകണ്ണിയായി മാറി. 1822-ൽ സൈന്യത്തെ അധുനികവൽക്കരിച്ചതിനുശേഷം, രഞ്ജിത് സിങ്ങിന് സൈനികർക്കുള്ള വേതനം പലപ്പോഴും കൃത്യമായി നൽകാനാവുന്നുണ്ടായിരുന്നില്ല. സൈനികരിലെ അതൃപ്തിയും അനുസരണക്കേടും താഴേക്കിടയിലെ സൈനികരിൽ വളർന്നുവന്നു. രഞ്ജിത്തിന്രെ മരണശേഷമുള്ള ഭരണ-സാമ്പത്തികരംഗങ്ങളിലെ പിടിപ്പുകേട് ഗുരുതരമായതിനെത്തുടർന്ന് സൈന്യം, തങ്ങളുടെ വേതനത്തിനായി കൊള്ളയടി ആരംഭിച്ചു. മാത്രമല്ല അധികാരകേന്ദ്രങ്ങളിൽ, തങ്ങൾക്ക് കൂടുതൽ പണം നൽകുന്ന വിഭാഗത്തോട് കൂറ് കാണിക്കുകയും ചെയ്തു. സൈനികർ അനുസരണക്കേട് കാണിക്കുകയും തഹ്ങളുടെ മേലുദ്യോഗസ്ഥരെ വധിക്കുകയും വിവിധ നേധാക്കളുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ രൂപീകരിച്ച് വിലപേശുകയും ചെയ്തു. ദർബാറിലെ വിദേശ ഉദ്യോഗസ്ഥർ മിക്കവാറും നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവർക്ക് ഭീഷണികൾ ഉണ്ടാകുകയും ആക്രമിക്കപ്പെടുകയും ചെയ്തു.
സൈന്യത്തിനുമേലുള്ള കേന്ദ്രീകൃതനിയന്ത്രണം അയഞ്ഞതോടെ പ്രവിശ്യകളിലെ ഭരണാധികാരികൾ സ്വതന്ത്രരാവാനും തുടങ്ങി. ഹസാരക്ക് ചുറ്റുമുള്ള യൂസഫ്സായ്, ഝെലത്തിനും സിന്ധുവിനും ഇടയിലുള്ള ബലൂചികൾ തുടങ്ങിയ ഗോത്രവർഗ്ഗക്കാർ കലാപങ്ങളുയർത്തി. 1839 മുതൽ 1846 വരെ ഈ അധികാരവടംവലി രക്തരൂഷിതമായി തുടർന്നു. ഇന്ത്യയിൽ ഭരണത്തിലിരുന്ന ബ്രിട്ടീഷുകാർ, ഇത് പഞ്ചാബിനെ അവരുടെ സാമ്രാജ്യത്തേട് കൂട്ടിചേർക്കാനുള്ള അവസരമായും കരുതി.[8]
രഞ്ജിത് സിങ്ങിന്റെ പിൻഗാമികൾ
[തിരുത്തുക]രഞ്ജിത് സിങ്ങിനെ മരണത്തിന് തൊട്ടുപിന്നാലെ മൂത്ത പുത്രൻ ഖഡക് സിങ് അധികാരം ഏറ്റെടുത്തിരുന്നു. എന്നാൽ അൽപ്പകാലത്തിനുള്ളിൽ ഖഡക്കിന്റെ മകൻ നാവോ നിഹാൽ സിങ്, ഡോഗ്ര സഹോദരൻമാരുടെ പിന്തുണയോടെ അദ്ദേഹത്തെ പുറത്താക്കി അധികാരത്തിലെത്തി. രഞ്ജിത്തിന്റെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യനെന്ന് തെളിയിച്ച നാവോ നിഹാൽ സിങ് 1840 അവസാനം ഒരു കെട്ടിടം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ടു. തുടർന്ന് ഖഡക് സിങ്ങിന്റെ ഭാര്യയും നാവോ നിഹാൽ സിങ്ങിന്റെ അമ്മയുമായ ചാന്ദ് കൗർ, ദർബാറിലെ പ്രമുഖരായിരുന്ന രണ്ട് സന്ധാവാലിയ സർദാർമാരുടെ പിന്തുണയിൽ ലാഹോറിന്രെ നിയന്ത്രണമേൽക്കുകയും നാവോ നിഹാലിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പ്രതിനിധിയായി ഭരണത്തിലെത്തുകയും ചെയ്തു. എന്നാൽ സൈന്യത്തിന്റെ പിന്തുണയാർജ്ജിക്കാൻ ചാന്ദ് കൗറിനായില്ല. സൈന്യത്തിന്റെ ഭൂരിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന ഷേർ സിങ് 1841-ൽ ലാഹോർ പിടിച്ചെടുത്ത് ചാന്ദ് കൗറിനെ പുറത്താക്കി. 1842-ൽ ചാന്ദ് കൗർ കൊല്ലപ്പെടുകയും ചെയ്തു.[8][10]
രാജ്യകാര്യങ്ങളേക്കാളും വേഷഭൂഷാദികളിൽ ശ്രദ്ധചെലുത്തിയിരുന്നയാളായിരുന്നു ഷേർസിങ് എന്നാണ് വിലയിരുത്തപ്പെടുന്നത്.[11] എന്നിരുന്നാലും ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധകാലത്തെ സഹകരണത്തിന്റെ പേരിൽ ബ്രിട്ടീഷുകാർക്ക് അദ്ദേഹം പ്രിയപ്പെട്ടവനായി.
1843-ൽ ഒരു സൈന്യപരിശോധനക്കിടയിൽ ജീത് സിങ് സന്ധാവാലിയ, ഷേർ സിങ്ങിനെ കൊലപ്പെടുത്തി. ദർബാറിലെ ബ്രിട്ടീഷ് അനുകൂല, ഡോഗ്ര വിരുദ്ധരായിരുന്നു സന്ധാവാലിയകൾ. ഇക്കാലത്ത് ധിയാൻ സിങ് ഡോഗ്രയും കൊല്ലപ്പെട്ടു. ഇതിനെത്തുടർന്ന് സൈന്യം അധികാരത്തിൽ ഇടപെടുകയും സന്ധാവാലിയകളെ ലാഹോറിൽനിന്നും തുരത്തുകയും ചെയ്തു. രഞ്ജിത് സിങ്ങിന്റെ പ്രായപൂർത്തിയാവാത്ത പുത്രനായ ദലീപ് സിങ്ങിനെ മഹാരാജാവായും ഹീരാ സിങ് ഡോഗ്രയെ മുഖ്യമന്ത്രിയായും പ്രഖ്യാപിച്ചു. ഫലത്തിൽ യഥാർത്ഥ അധികാരം കൊട്ടാരത്തിൽ നിന്ന്, സൈന്യത്തിന്റെ കൈവശമെത്തി. ദലീപിന് 5 വയസ്സുമാത്രം പ്രായമായിരുന്നതിനാൽ അമ്മയായ ജിന്ദൻ കൗർ ആണ് റീജന്റായി ഭരണം നടത്തിയിരുന്നത്. ഇക്കാലത്ത് കൊട്ടാരത്തിലെ ഉപജാപവൃത്തികൾ സജീവമാവുകയും ഭരണം താറുമാറാവുകയും ചെയ്തു. ഇതിനിടെ ബ്രിട്ടീഷുകാർ സത്ലുജിനടുത്തേക്ക് പടനീക്കം ആരംഭിച്ചു. ഇത് സൈന്യത്തിന്റെ പ്രാധാന്യം വീണ്ടും വർദ്ധിപ്പിക്കാൻ കാരണമായി. സത്ലജിനിപ്പുറത്തുള്ള കസൂറിൽ പടയൊരുക്കം ശക്തമാക്കാനായി ഹീരാസിങ്ങും ഉത്തരവിട്ടു. 1844-ൽ ഹീരാ സിങ്ങും കൊല്ലപ്പെട്ടതോടെ മഹാറാണി ജിന്ദൻ സഭയുടെ നിയന്ത്രണമേറ്റു. ജിന്ദന്റെ സഹോദരൻ ജവഹർ സിങ് ഉപദേഷ്ടാവായി. ജിന്ദന്റെ കാമുകൻ രാജാ ലാൽ സിങ്, മംഗള എന്ന ദാസി എന്നിവർ ജിന്ദന്റെ സമീപവൃന്ദത്തിലെ അംഗങ്ങളായിരുന്നു. ഇവർ ഭരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തി.
ഇക്കാലത്ത് രഞ്ജിത് സിങ്ങിന്റെ പുത്രൻ മാരിലൊരാളായ പെഷവാർ സിങ്, ജിന്ദനെതിരെ പടനീക്കം നടത്തിയെങ്കിലും കൊല്ലപ്പെട്ടു. ഈ കൊലപാതം ജവഹർ സിങ്ങാണ് നടത്തിയതെന്ന് സൈന്യം കരുതുകയും 1845 സെപ്റ്റംബറിൽ ജവഹർ സിങ് കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യപഞ്ചായത്ത് ഏറ്റെടുക്കുകയും ഖൽസ പന്ത് (വിശുദ്ധസമൂഹം) എന്ന പേരിൽ ഭരണം നടത്തുകയും ചെയ്തു. ദിവാൻ ദിനനാഥ് അതിന്റെ വക്താവുമായി.[8]
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം
[തിരുത്തുക]പഞ്ചാബിലെ വഷളായ സ്ഥിതിഗതികൾ അവിടെ ആധിപത്യമുറപ്പിക്കാനുള്ള അവസരമായി ഇന്ത്യയിലെ ബ്രിട്ടീഷ് നേതൃത്വം കരുതി. 1845 അവസാനമായപ്പോഴേക്കും 40,000 സൈനികരും 94 വെടിക്കോപ്പുകളും അടങ്ങിയ ഒരു വൻസേനയെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഹാഡിഞ്ച് പ്രഭൂ പഞ്ചാബ് അതിർത്തിയിലുടനീളം വിന്യസിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. സിഖുകാരുടെ പ്രതിരോധശ്രമങ്ങളെ കടന്നുകയറ്റമായി വ്യാഖ്യാനിച്ച് 1845 ഡിസംബർ 13-ന് ഹാർഡിഞ്ച് യുദ്ധം പ്രഖ്യാപിച്ചു. തൊട്ടടുത്തവർഷം ഫെബ്രുവരി മാസത്തിന്റെ തുടക്കം വരെ ഈ യുദ്ധം നീണ്ടുനിന്നു. സിഖ് സേന മികച്ചതായിരുന്നെങ്കിലും വ്യക്തിതാൽപര്യങ്ങൾക്ക് പ്രാധാനം നൽകിയിരുന്ന വിവിധ നേതാക്കളുടെ കീഴിൽ വിഘടിച്ചുനിന്നിരുന്നതിനാൽ ബ്രിട്ടീഷുകാർ യുദ്ധം വിജയിച്ചു.
1846 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പട്ടാളം സിഖ് തലസ്ഥാനമായ ലാഹോറിൽ കടന്ന് ആധിപത്യം സ്ഥാപിച്ചു. 1846 മാർച്ച് 9-ന് ഒപ്പുവക്കപ്പെട്ട ലാഹോർ സമാധാനസന്ധി പ്രകാരം പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യയുടെ ആശ്രിതരാജ്യമായി. പഞ്ചാബിന്റെ കിഴക്കൻ പ്രദേശങ്ങൾ ഈ കരാറിന്റെ ഭാഗമായും പിന്നീട്, യുദ്ധത്തിന്റെ നഷ്ടപരിഹാരമായും ബ്രിട്ടീഷുകാർക്ക് കൈമാറേണ്ടിവന്നു. സിഖ് സാമ്രാജ്യവും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള അതിർത്തി, സത്ലുജ് നദിയിൽ നിന്ന് ബിയാസ് നദിയിലേക്ക് നീങ്ങി. ലാഹോറിൽ ബ്രിട്ടീഷ് റെസിഡന്റിന്റെ നിയമനവും 1846 മുഴുവൻ ബ്രിട്ടീഷ് സൈന്യത്തിന്റെ സാന്നിദ്ധ്യവും അനുവദിക്കേണ്ടിവന്നു. ഹെൻറി ലോറൻസ് ലാഹോറിലെ ബ്രിട്ടീഷ് റെസിഡന്റായി സ്ഥാനമേറ്റു.
രഞ്ജിത് സിങ്ങിന്റെ മരണശേഷം ജമ്മുവിൽ പിടിയുറപ്പിച്ച് സ്വതന്ത്രഭരണം ആരംഭിച്ച ഗുലാബ് സിങ്, ബ്രിട്ടീഷുകാരുമായി ചങ്ങാത്തത്തിലേർപ്പെട്ട്, യുദ്ധാനന്തരം ബ്രിട്ടീഷുകാർക്ക് കൈമാറപ്പെട്ട കശ്മീരടക്കമുള്ള മലമ്പ്രദേശങ്ങൾ അവരിൽനിന്ന് 75 ലക്ഷം രൂപക്ക് വാങ്ങുകയും ഗുലാബ് സിങ്ങിനെ ജമ്മുവിന്റെയും കശ്മീരിന്റെയും രാജാവായി ബ്രിട്ടീഷുകാർ അംഗീകരിക്കുകയും ചെയ്തു.[8] അമൃത്സർ കരാർ പ്രകാരമാണ് ഈ കൈമാറ്റം നടന്നത്.
ബ്രിട്ടീഷ് നിയന്ത്രണത്തിനുകീഴിൽ
[തിരുത്തുക]യുദ്ധാനന്തരം ദലീപ് സിങ്ങിനെ പഞ്ചാബ് രാജാവായും റാണി ജിന്ദൻ കൗറിനെ പ്രായപൂർത്തിയാകാത്ത ദലീപിന്റെ റീജന്റായിത്തുടരാനും ലാൽ സിങ്ങിനെ അവരുടെ മന്ത്രിയായും ബ്രിട്ടീഷുകാർ അംഗീകരിച്ചെങ്കിലും, ഭരണതീരുമാനങ്ങൾ ബ്രിട്ടീഷ് റെസിഡന്റിന്റെ ഉപദേശപ്രകാരം മാത്രം കൈക്കൊള്ളണമെന്ന് വ്യവസ്ഥയായി. ഹസാരയുൾപ്പടെയുള്ള ചില പ്രദേശങ്ങളുടെ ഭരണം ബ്രിട്ടീഷ് പ്രതിനിധികൾ നേരിട്ട് നടത്തി.[8]
ലാഹോർ കരാർ പ്രകാരം 1846-നുശേഷം ബ്രിട്ടീഷ് സൈന്യം പഞ്ചാബിൽ നിന്ന് പിൻമാറാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ സിഖ് ദർബാറിന് പ്രത്യേകിച്ച് ലാൽ സിങ്ങിന് സിഖ് സൈന്യത്തിനുമേൽ കാര്യക്ഷമമായ നിയന്ത്രണമില്ലാതിരുന്നതിനാൽ ലാഹോർ കരാറിന്റെ വ്യവസ്ഥകൾ പ്രകാരം ബ്രിട്ടീഷ് സൈന്യം തുടർന്നും നിലനിർത്തണമെന്നായിരുന്നു ലാൽ സിങ്ങിന്റെയും ജിന്ദൻ കൗറിന്റെയും താൽപര്യം. ലാൽ സിങ്ങിന്റെ ഭരണരീതികൾ ബ്രിട്ടീഷുകാർക്കോ, സൈന്യത്തിനോ, പ്രവിശ്യകളിലെ ഭരണാധികാരികൾക്കോ തൃപ്തമായ രീതിയിലായിരുന്നില്ല. മാത്രമല്ല, അമൃത്സർ കരാറനുസരിച്ച് കശ്മീരിന്റെ നിയന്ത്രണം ഗുലാബ് സിങ്ങിന് കൈമാറാൻ, കശ്മീരിലെ ഷേഖ് ഇമാമുദ്ദീൻ വിസമ്മതിച്ചതിനു പിന്നിൽ ലാൽ സിങ്ങാണ് കാരണക്കാരൻ എന്ന് കണ്ടെത്തുകയും ചെയ്തു. വിമതപ്രവർത്തനം നടത്തിയതിന്റെ പേരിൽ ലാൽ സിങ്ങിനെ 1846 ഡിസംബറിൽ വിചാരണ ചെയ്ത് നാടുകടത്തുകയും ചെയ്തു. ഇതിനുശേഷം തേജ് സിങ്, ദിവാൻ ദിനനാഥ്, ഫക്കീർ നൂറുദ്ദീൻ, ഷേർ സിങ് അട്ടാരിവാല എന്നീ നാലുപേരടങ്ങുന്ന സമിതിയായിരുന്നു സർക്കാറിനെ നിയന്ത്രിച്ചിരുന്നത്.
ലാഹോറിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ബ്രിട്ടീഷ് ഗവർണർ ജനറലായ ഹാർഡിഞ്ചിനും താൽപര്യമുണ്ടായിരുന്നില്ല. ഒന്നുകിൽ പഞ്ചാബിലേക്ക് ബ്രിട്ടീഷ് ഭരണം വ്യാപിപ്പിക്കുക അല്ലെങ്കിൽ പരോക്ഷഭരണം തുടരുക എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. ബ്രിട്ടീഷ് സേനയെ പിൻവലിക്കുന്നത് അവിടെ അരാജകത്വം സൃഷ്ടിക്കപ്പെടാൻ കാരണമാകുന്ന് അദ്ദേഹം കരുതി. ഭരണത്തിൽ കൂടുതൽ ഇടപെടലിന് അവസരം തരുന്ന പുതിയ കരാറനുസരിച്ച് സൈന്യത്തെ തുടർന്നും നിലനിർത്തുക എന്നതായിരുന്നു ഹാർഡിഞ്ചിന്റെ താൽപര്യം. രാജാവ് ദലീപ് സിങ് പ്രായപൂർത്തിയാകുംവരെ ദലീപിന്റെ സംരക്ഷണമേറ്റെടുത്ത് ബ്രിട്ടീഷുകാർ ലാഹോറിൽ ഭരണം തുടരാമെന്നും അത് ഒരു ബ്രിട്ടീഷ് മന്ത്രിയുടെ നേതൃത്വത്തിൽ കഴിവുറ്റ തദ്ദേശീയരുടെ ഒരു സമിതിയുടെ സഹായത്തോടെയാകുമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിലവിലുള്ള സ്ഥിതി തുടരാനും റാണി ജിന്ദനെത്തന്നെ രാജ്യത്തിന്റെ ഭരണാധികാരിയായി നിലനിർത്താനും ദിവാൻ ദിനനാഥിന്റെ നേതൃത്വത്തിൽ സിഖ് ദർബാർ ഒരു ശ്രമം നടത്തിയെങ്കിലും സേനാധിപനായിരുന്ന തേജ് സിങ്ങും, ദലീപ് സിങ്ങിന്റെ ഭാവി മച്ചുന്നനായ ഷേർ സിങ് അട്ടാരിവാലയും ഈ നടപടിയെ അനുകൂലിച്ചില്ല. ഹാർഡിഞ്ചും ദിനനാഥിന്റെ അഭ്യർത്ഥന കൈക്കൊണ്ടില്ല. ദലീപ് സിങ്ങിന്റെ സംരക്ഷണം ഏറ്റെടുത്ത് ബ്രിട്ടീഷുകാർ റീജന്റ് ഭരണം നടത്തുന്നതായിരുന്നു ഷേർസിങ് അടക്കമുള്ള പല സർദാർമാർക്കും താൽപര്യം.[9]
ഭൈരോവൽ കരാർ
[തിരുത്തുക]1846 ഡിസംബർ 15-ന് ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ വിദേശകാര്യ സെക്രട്ടറിയായ ഫ്രെഡറിക് ക്യൂറിയുടെ അദ്ധ്യക്ഷതയിൽ സിഖ് ദർബാറിലെ പ്രമുഖരുടെയെല്ലാം വിളിച്ചുചേർത്ത ഒരു യോഗത്തിൽ 1854-ൽ ദലീപ് സിങ്ങിന് പ്രായപൂർത്തിയാകുംവരെ ഭരണത്തിന്റെ എല്ലാ മേഖലകളിലും ബ്രീട്ടീഷ് റെസിഡന്റ് പൂർണ്ണനിയന്ത്രണം ഏറ്റെടുക്കുമെന്ന് തീരുമാനിക്കപ്പെട്ടു. റാണിയുമായി ചർച്ചചെയ്യണമെന്ന് അഭിപ്രായത്തിൽ ദിനനാഥ് ഇതിനോട് വിയോജിച്ചെങ്കിലും സർദാർമാർ ചർച്ച ചെയ്ത് ഈ നിർദ്ദേശം അംഗീകരിച്ചു. ബ്രിട്ടീഷ് സൈന്യം നിലനിർത്തുന്നതിനുള്ള ചെലവായി വർഷം തോറും 22 ലക്ഷം രൂപ നൽകണമെന്നും നിശ്ചയിച്ചു. ഡിസംബർ 16-ന് ഈ കരാർ ഒപ്പുവക്കപ്പെട്ടു. 1846 ഡിസംബർ 26-ന് ദലീപ് സിങ്, ഭൈരോവലിലെ ഗവർണർ ജനറലിന്റെ ക്യാമ്പിലെത്തി ഈ കരാറിന്റെ സ്ഥിരീകരണം നടത്തിയതിനാൽ ഇത് ഭൈരോവൽ കരാർ എന്നറിയപ്പെടുന്നു.[9]
ലാഹോർ കരാറിൽ ബ്രിട്ടീഷുകാർ പഞ്ചാബിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഭൈരോവാൽ കരാറിലൂടെ ബ്രിട്ടീഷ് റെസിഡന്റിന് രാജ്യത്തിന്റെ സമ്പൂർണ്ണനിയന്ത്രണം കൈവന്നു. ഭരണത്തിന്റെ താഴേത്തട്ടിൽ തദ്ദേശീയരായ ഉദ്യോഗസ്ഥരായിരുന്നെങ്കിലും അവർ റീജൻസി സമിതി (കൗൺസിൽ ഓഫ് റീജൻസി) എന്ന എട്ടംഗങ്ങളടങ്ങിയ റെസിഡന്റിന്റെ നിയന്ത്രണത്തിലുള്ള സമിതിക്ക് കീഴിലായിരുന്നു. സമിതിയിലെ അഞ്ചംഗങ്ങൾ പഞ്ചാബി പ്രഭുക്കളായിരുന്നു. ഷേർസിങ് അട്ടാരിവാല, രഞ്ജോർ സിങ് മജീഥിയ, ശംഷീർ സിങ് സിന്ധാൻവാല, ഉത്തുർ സിങ് കാലേവാലാ, ഭായി നിധാൻ സിങ് എന്നിവരായിരുന്നു ഇവർ. രഞ്ജിത് സിങ്ങിന്റെ ദർബാർ അംഗങ്ങളായിരുന്ന തേജ് സിങ്, ദിനനാഥ്, ഫക്കീർ നൂറുദ്ദീൻ എന്നിവരായിരുന്നു ബാക്കി മൂന്നുപേർ. ജിന്ദൻ റാണിയെ അധികാരത്തിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി. ബ്രിട്ടീഷ് പട്ടാളത്തിനെ പഞ്ചാബിലെവിടെവേണമെങ്കിലും വിന്യസിക്കാനുള്ള അധികാരമായി. ദലീപ് സിങ്ങിന് 16 വയസാകുന്ന 1854 സെപ്റ്റംബർ 4 വരെയായിരുന്നു ഈ കരാറിന്റെ കാലാവധി. ഫലത്തിൽ ഈ കരാർ പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തതിന് തുല്യമായിരുന്നു.
സ്ഥാനഭ്രഷ്ടയായ റാണി ജിന്ദൻ കൗർ തുടർന്നും മകനെ സ്വാധീനിച്ച് അധികാരത്തിലിടപെടാൻ പരോക്ഷമായി ശ്രമിച്ചത് ബ്രിട്ടീഷുകാർക്ക് തലവേദനയായി. റാണിയുടെ നടപടികൾ ക്രമാതീതമായപ്പോൾ 1847 ഓഗസ്റ്റ് 19-ന് ബ്രിട്ടീഷുകാർ അവരെ മകനിൽ നിന്നും അകറ്റിനിർത്തുകയും തുടർന്ന് നാടുകടത്തുകയും ചെയ്തു. ദലീപിന്റെ സംരക്ഷണം പൂർണ്ണമായും ബ്രിട്ടീഷുകാർ ഏറ്റെടുത്തു.[12]
ബ്രിട്ടീഷ് സ്വാധീനം വർദ്ധിക്കുന്നു
[തിരുത്തുക]ഭരണം നടത്തുന്നതിന് തദ്ദേശീയരുടെ റീജൻസി സമിതി നിലവിലുണ്ടായിരുന്നെങ്കിലും ഈ സമിതി ബ്രിട്ടീഷ് റെസിഡന്റിന്റെ കീഴിലായിരുന്നു. തന്റെ സഹപ്രവർത്തകർക്കും തദ്ദേശീയപ്രതിനിധിഭരണാധികാരികൾക്കും പരമാവധി സ്വാതന്ത്ര്യം നൽകി ഭരണം നടത്തിയിരുന്ന റെസിഡന്റ് ഹെൻറി ലോറൻസ് 1847 ഓഗസ്റ്റിൽ അസുഖം മൂലം ഇംഗ്ലണ്ടിലേക്കു മടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സഹോദരനും ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണറുമായിരുന്ന ജോൺ ലോറൻസ് പകരം ലാഹോറിൽ റെസിഡന്റായി ചുമതലയേറ്റു. തദ്ദേശീയരുടെ ഭരണരീതികൾ അഴിമതി നിറഞ്ഞതാണെന്നും അവർക്ക് കാര്യപ്രാപ്തിയോ ആത്മാർത്ഥതയോ ഇല്ലെന്ന വിശ്വാസം പുലർത്തിയിരുന്ന ജോൺ, കരംപിരിവ്, ചെലവുകളടക്കമുള്ള സാമ്പത്തികകാര്യങ്ങൾ, ദർബാറിലെ അനാവശ്യാചാരങ്ങളെ നിയന്ത്രിക്കൽ, സിവിൽ ക്രിമിനൽ നിയമങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലേക്കും ബ്രിട്ടീഷ് നിയന്ത്രണം വ്യാപിച്ചിച്ചു. രാജാവായിരുന്ന ദലീപ് സിങ്ങിന്റെ വിദ്യാഭ്യാസകാര്യങ്ങളും ദർബാറിൽ സംബന്ധിക്കുന്നതും വ്യായാമകാര്യങ്ങളും ജോൺ ക്രമപ്പെടുത്തിയതിൽ ദലീപ് പോലും പ്രതിഷേധിച്ചിരുന്നു.
1848 മാർച്ച് വരെ ജോൺ ലാഹോറിലെ റെസിഡന്റായിരുന്നു. ഇതിനിടയിൽ പഞ്ചാബിലെ ഭരണരീതി അടിമുടി മാറുകയും ഭരണത്തിന്റെ എല്ലാ മേഖലകളിലും റെസിഡെന്റിന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും സ്വാധീനം നേരിട്ടെത്തിച്ചേരുകയും ചെയ്തു. ജോണിന്റെ പരിഷ്കാരങ്ങൾ പുതിയതായി എത്തിയ ഗവർണർ ജനറൽ ഡൽഹൗസി പ്രഭുവും, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർമാരും അംഗീകരിച്ചു. പഞ്ചാബിലെ ബ്രിട്ടീഷ് നിയന്ത്രണം എത്ര അധികമായാലും അത്രയും ഗുണകരമായിരിക്കുമെന്നായിരുന്നു അവരുടെ പക്ഷം. 1848 മാർച്ചിൽ ഫ്രെഡറിക് ക്യൂറി, ജോണിനു പകരം ലാഹോറിലെ റെസിഡന്റായി.[13]
രണ്ടാം ആംഗ്ലോ-സിഖ് യുദ്ധവും സാമ്രാജ്യത്തിന്റെ അന്ത്യവും
[തിരുത്തുക]ബ്രിട്ടീഷ് റെസിഡന്റുമായുള്ള ധാരണപ്രകാരം 1848-ൽ സിഖ് പ്രവിശ്യയായ മുൽത്താനിലെ ഭരണാധികാരിയായിരുന്ന ദിവാൻ മൂൽരാജ് അധികാരമൊഴിയാനും പകരം കഹാൻ സിങ് മാൻ അവിടത്തെ ഭരണാധികാരിയായി ചുമതലയേൽക്കുകയും വേണമായിരുന്നു. എന്നാൽ 1848 ഏപ്രിൽ മാസം നടന്ന അധികാരക്കൈമാറ്റസമയത്ത് മൂൽരാജിന്റെ നേതൃത്വത്തിൽ സൈനികർ കലാപമുയർത്തുകയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്തു. ഈ സംഭവം വ്യാപകമായ ഒരു കലാപമായി മാറുകയും അത് രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.
ഹസാരയിലെ സിഖ് പ്രതിനിധിയായിരുന്ന ഛത്തർ സിങ് അട്ടാരിവാല, അദ്ദേഹത്തിന്റെ പുത്രനും ലാഹോറിലെ ഭരണസമിതിയിലെ അംഗവുമായിരുന്ന ഷേർ സിങ് അട്ടാരിവാല എന്നിവരുടെ നേതൃത്വത്തിലും ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടങ്ങൾ നടന്നു. ബ്രിട്ടീഷുകാരുമായി പോരാടുന്നതിന് അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാന്റെ സഹായവും അട്ടാരിവാലകൾക്ക് ലഭിച്ചിരുന്നു. 1849 മാർച്ചോടെ യുദ്ധം ബ്രിട്ടീഷുകാർ വിജയിക്കുകയും പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിലാകുകയും ചെയ്തു.
ദിവാൻ ദിനനാഥ്, തേജ് സിങ് തുടങ്ങിയ സിഖ് ദർബാർ അംഗങ്ങൾ വിമതപ്രവർത്തനത്തെ പിന്തുണച്ചിരുന്നില്ലെങ്കിലും, സിഖ് സാമ്രാജ്യം മൊത്തത്തിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധത്തിലായിരുന്നു എന്നാണ് ഗവർണർ ജനറൽ ഡൽഹൗസി വ്യാഖ്യാനിച്ചത്. 1849 മാർച്ച് 28-ന് ഡൽഹൗസിയുടെ വിദേശകാര്യസെക്രട്ടറിയായിരുന്ന ഹെൻറി എലിയറ്റ്, ലാഹോറിലെത്തി പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുന്നതായും രഞ്ജിത് സിങ്ങിന്റെ സാമ്രാജ്യത്തിന് അന്ത്യമായെന്നുമുള്ള പ്രഖ്യാപനമറിയിച്ചു. സ്തംബ്ദരായ ദർബാർ അംഗങ്ങൾ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചെങ്കിലും ഡൽഹൗസിയുടെ തീരുമാനം അംഗീകരിക്കുകയല്ലാതെ മറ്റു വഴിയൊന്നും അവർക്കുണ്ടായിരുന്നില്ല. ദലീപ് സിങ്ങിനെ രാജാവാക്കി നിലനിർത്തണമെന്ന് ദിവാൻ ദിനനാഥ് ഒരിക്കൽക്കൂടി വാദിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇത്ര കർക്കശമായ രീതിയിൽ കാര്യങ്ങൾ നടപ്പാക്കിയതിൽ ലാഹോറിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന ഹെൻറി ലോറൻസിനും വിയോജിപ്പുണ്ടായിരുന്നു. മൊത്തം ദർബാറംഗങ്ങളും വിമതരാണെന്ന ഗവർണർ ജനറലിന്റെ അനുമാനത്തെയും അദ്ദേഹം എതിർത്തു. മുൽത്താനിലെ വിമതനീക്കം സമയത്തിന് അടിച്ചമർത്തിയിരുന്നെങ്കിൽ ഒരു പ്രശ്നവുമുണ്ടാവുമായിരുന്നില്ലെന്നും തെറ്റ് അന്നത്തെ റെസിഡന്റായിരുന്ന ഫ്രെഡറിക് ക്യൂറിയുടെയും സൈന്യത്തിന്റേതും ആണെന്ന് ഹെൻറി വിലയിരുത്തി. ഇക്കാര്യങ്ങൾ ഡൽഹൗസിയെ ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടായില്ല. ഹെൻറി വിഭാവനം ചെയ്ത, യൂറോപ്യന്മാരും തദ്ദേശീയരുമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭരണവ്യവസ്ഥയെയും ഡൽഹൗസി തള്ളിക്കളഞ്ഞു.
1849 മാർച്ച് 29-ന് ലാഹോർ കൊട്ടാരത്തിൽ നടന്ന മഹാദർബാറിൽ അവസാനമായി ദലീപ് സിങ് തന്റെ സിംഹാസനത്തിലിരുന്നു. പഞ്ചാബിന്റെ എല്ലാ പ്രദേശങ്ങളും, കോഹിനൂർ രത്നമടക്കമുള്ള എല്ലാ സ്വത്തുവകകളും ബ്രിട്ടീഷുകാർക്ക് കൈമാറിക്കൊണ്ടുള്ള രേഖയിൽ ദലീപിന് ഒപ്പുവക്കേണ്ടിവന്നു. അദ്ദേഹത്തിന് വർഷാവർഷം 4 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിൽ തുക പെൻഷൻ നൽകാനും, അയാൾ ഗവർണർ ജനറൽ നിശ്ചയിക്കുന്നയിടത്ത് വസിക്കണമെന്നും നിശ്ചയിക്കപ്പെട്ടു.[14] തുടർന്ന് പഞ്ചാബിന്റെ ഭരണം മൂന്നംഗങ്ങളടങ്ങിയ പഞ്ചാബ് ഭരണബോർഡ് ഏറ്റെടുത്തു.
അവലംബം
[തിരുത്തുക]- ↑ മാലിക്, ഇഫ്തിഖാർ ഹൈദർ (2006). കൾച്ചർ ആൻഡ് കസ്റ്റംസ് ഓഫ് പാകിസ്താൻ. ഗ്രീൻവുഡ് പ്രെസ്. ISBN 0-313-33126-X.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Heath2005
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Encyclopædia Britannica Eleventh Edition, (Edition: Volume V22, Date: 1910-1911), Page 892.
- ↑ Grewal, J. S. (1990). "Chapter 6: The Sikh empire (1799–1849)". The Sikh empire (1799–1849). The New Cambridge History of India. Vol. The Sikhs of the Punjab. Cambridge University Press. Archived from the original on 2012-02-16. Retrieved 2013-01-22.
- ↑ വില്ലെം വോഗെൽസാങ് (2002). "15-ദ സാദോസായ് ഡൈനാസ്റ്റി (The Sadozay Dynasty)". ദ അഫ്ഗാൻസ് (The Afghans). ലണ്ടൻ: വില്ലി-ബ്ലാക്ക്‌വെൽ, ജോൺ വില്ലി & സൺസ് ലിമിറ്റെഡ്, യു.കെ. pp. 237–238. ISBN 978-1-4051-8243-0.
- ↑ William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter III - THe rise of Muhammadzais, Dost Muhammad (1818 - 1838)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 70-71.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "3 - പ്രൊമോഷൻ ആൻഡ് റെക്കഗ്നിഷൻ (Promotion and Recognition), 1840-1843". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 69. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 8.0 8.1 8.2 8.3 8.4 8.5 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 133–144. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 9.0 9.1 9.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "6 - സ്റ്റേയിങ് ഓൺ ഇൻ 1846 - ലാഹോർ, കശ്മീർ ആൻഡ് ബൈരോവാൾ (Staying on in 1846 - Lahore, Kashmir and Byrowal)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 165, 174. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ "മഹാറാണി ചാന്ദ് കൗർ". സിഖ്‌വിക്കി.ഓർഗ്. Retrieved 31 ജനുവരി 2013.
- ↑ ഖുശ്വന്ത് സിങ് - ഹിസ്റ്ററി ഓഫ് സിഖ്സ് - വോള്യം 2, പേജ് 19
- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "7 - ദ റെസിഡെൻസി ആഫ്റ്റർ ഭൈരോവൽ, ജനുവരി - ഓഗസ്റ്റ് 1847 (The Residency after Bhyrowal, January - August 1847)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 191–203. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "8 - എന്റൈർ ഇന്റെർഫെറൻസ് - ദ റെസിഡെൻസി ട്രാൻസ്ഫോംഡ്, ഓഗസ്റ്റ് 1847 - മേയ് 1848 (Entire Interference - The Residency Transformed, August 1847 - May 1848)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 208–225. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 242–244. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link)