Jump to content

ടെറിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Terrier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിബറ്റൻ ടെറിയർ

ഒരിനം വളർത്തുനായയാണ് ടെറിയർ. കാനിഡെ (Canidae) കുടുംബത്തിൽപ്പെടുന്നു. മാളം എന്നർഥം വരുന്ന ടെറാ (terra) എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ടെറിയർ എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. മാളങ്ങളിൽ ജീവിക്കുന്ന ജന്തുക്കളെ ആക്രമിച്ചു കീഴ്പ്പെടുത്തി കൊല്ലുകയാണ് ഇവയുടെ പതിവ്. ഇവ എലികൾ, കുറുക്കൻ, ചെറുസസ്തനികൾ എന്നിവയെ ഭൂമിക്കടിയിലെ മാളങ്ങളിൽ വച്ചുതന്നെ പിടികൂടുന്നു. അതിനാൽ ടെറിയറുകളെ വേട്ടപ്പട്ടികളായി ഉപയോഗിച്ചുവരുന്നു.

പ്രത്യേകതകൾ

[തിരുത്തുക]

ടെറിയറുകൾക്ക് തോളറ്റം വരെ 48 സെ.മീ. ഉയരം വരും; 23 കി.ഗ്രാം വരെ തൂക്കവും. നോർവിച്ച് ടെറിയറുകൾ 25 സെ.മീ. വരെ ഉയരവും അഞ്ചു കി.ഗ്രാം തൂക്കവും ഉള്ളവയാണ്. ഇനഭേദമനുസരിച്ച് രോമങ്ങൾ പരുപരുത്തതോ മൃദുലമോ ആയിരിക്കും. തല നീളം കൂടിയതും ദൃഢവുമാണ്. കണ്ണുകൾ വളരെ ചെറുതാണ്. ബലവും കട്ടിയും ഉള്ള വലിപ്പം കൂടിയ പല്ലുകൾ ആണിവയ്ക്കുള്ളത്. കാലുകൾ ബലമുള്ളവയാണ്. ഇനഭേദമനുസരിച്ച് ചെവികൾ നിവർന്നതോ, മടങ്ങിയതോ, ബട്ടൻ പോലെ വളരെച്ചെറുതോ ആയിരിക്കും.

ഇനങ്ങൾ

[തിരുത്തുക]

നീർനായ്ക്കൾ മുതൽ മാളങ്ങളിൽ ജീവിക്കുന്ന ചെറുജീവികൾ വരെയുള്ള ഏതിനേയും ആക്രമിച്ചു കീഴ്പ്പെടുത്താൻ വൈദഗ്ദ്ധ്യമുള്ള വേട്ടപ്പട്ടി വർഗത്തിൽ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തവയാണ് ടെറിയറുകൾ. 1359-ൽ പ്രസിദ്ധീകരിച്ച ഫ്രഞ്ചു കവിതയിൽ ടെറിയർ ഇനത്തേയും ഇതിന്റെ പ്രയോജനങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാലം മുതൽ ടെറിയറുകൾക്കുണ്ടായിരുന്ന പ്രാധാന്യം ഇതു വെളിപ്പെടുത്തുന്നു. 1800 മുതൽ സ്ക്കോട്ട്‌ലണ്ടിലെയും ഇംഗ്ലണ്ടിലെയും ടെറിയറുകളെ തലമുറകളായി പ്രജനനം നടത്തി സൃഷ്ടിക്കപ്പെട്ടവയാണ് ഇന്നത്തെ ടെറിയറുകളുടെ പൂർവികർ എന്നു കരുതപ്പെടുന്നു. ഉയരം കുറഞ്ഞ് നീളം കൂടിയ ശരീരവും പരുപരുത്ത രോമവുമുള്ള സ്കോട്ടിഷ് ടെറിയറുകളിൽ നിന്ന് ഡാൻഡി ഡയമണ്ട്, സ്കൈയ്, വെസ്റ്റ് ഹൈലാൻഡ് എന്നീ വെളുത്ത നിറമുള്ള ഇനങ്ങളുണ്ടായി. പല നിറത്തിലുള്ള പരുപരുത്തതും മൃദുലവുമായ രോമങ്ങളുള്ളവയാണ് ഇംഗ്ലീഷ് ടെറിയറുകൾ. വലിപ്പം കുറഞ്ഞയിനം വേട്ടപ്പട്ടികളും ബുൾനായ്ക്കളും ഇംഗ്ലീഷ് ടെറിയറുകളുമായി സങ്കരണം നടത്തിയുണ്ടായതാണ് ഫോക്സ് ടെറിയറുകൾ. എയർഡേൽ നായ്ക്കൾ ഒട്ടർ ഹൌണ്ടുകളുടെ സങ്കരയിനമാണ്.

ഇതുകൂടികാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെറിയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെറിയർ&oldid=3797408" എന്ന താളിൽനിന്ന് ശേഖരിച്ചത്