Jump to content

തായ്ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thai Language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തായ്ഭാഷ
Siamese
ภาษาไทย phasa thai
ഉച്ചാരണം[pʰāːsǎː tʰāj]
ഉത്ഭവിച്ച ദേശം Thailand
 Laos (diplomatic language)
 Vietnam (Northwest Ministry)
 Cambodia
 Burma
 United States
സംസാരിക്കുന്ന നരവംശംThai
മാതൃഭാഷയായി സംസാരിക്കുന്നവർ
20 million (2000)[1]
Total: 60 million (2001)
Tai–Kadai
Thai script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Thailand
Regulated byThe Royal Institute
ഭാഷാ കോഡുകൾ
ISO 639-1th
ISO 639-2tha
ISO 639-3tha
Linguasphere47-AAA-b

തായ്-കഡായ് ഭാഷാകുടുംബത്തിലെ തായ് ഉപവിഭാഗത്തിൽപ്പെടുന്ന ഒരു ഭാഷയാണ് തായ് ഭാഷ. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു ഭാഷയാണ് ലാവോ. ചുവാങ്, പുയി, തുങ്, നുങ്, ഷാൻ എന്നീ അവികസിത ഭാഷകളും ഈ വിഭാഗത്തിലുണ്ട്. തായ്‌ലൻഡിലെ ജനങ്ങളാണ് പ്രധാനമായും തായ്ഭാഷ സംസാരിക്കുന്നത്. ലാവോസ്, ദക്ഷിണ ചൈന, ഉത്തരവിയറ്റ്നാം, ഉത്തരപൂർവ മ്യാൻമർ എന്നിവിടങ്ങളിലും ഈ ഭാഷ പ്രചരിച്ചിരിക്കുന്നു. ഏകദേശം നാലരക്കോടി ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.

ഭാഷാവിഭജനം

[തിരുത്തുക]

തായ്ഭാഷകളിൽ പ്രധാനപ്പെട്ടവ:

  • തായ്ലാൻഡ്, ലാവോസ് എന്നിവിടങ്ങളിൽ പ്രചാരത്തിലിരിക്കുന്ന തായ് (സിയാമീസ്)
  • മ്യാൻമറിൽ ഉപയോഗിക്കുന്ന ഷാൻ
  • ക്വാൻഗ്സിലെ ഛുവാങ് എന്നിവയാണ്. ക്വെയ്ഛോ പ്രോവിൻസ്, ചൈന (പീപ്പിൾസ് റിപ്പബ്ളിക്) എന്നിവിടങ്ങളിൽ പ്രചാരത്തിലിരിക്കുന്ന തുങ്-ഷൂയി (Tung-shui)
  • ഹൈയ്താൻ ഉപദ്വീപ്, ചൈന (പീപ്പിൾസ് റിപ്പബ്ളിക്) എന്നിവിടങ്ങളിലെ ലി ഭാഷ
  • പഠനവിധേയമാകാത്ത മറ്റനേകം ഭാഷകൾ എന്നിവ തായ്വിഭാഗത്തിൽപ്പെടുന്നതായി അഭിപ്രായമുണ്ട്.

ഭാഷാഭേദങ്ങൾ

[തിരുത്തുക]

തായ്ഭാഷകളെ ഉത്തര-മധ്യ-ദക്ഷിണ വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഉത്തര ഛുവാങ് ഭാഷാഭേദങ്ങളും ക്വെയ്ഛോവിലെ പുയി ഭാഷയും ഉത്തര വിഭാഗത്തിലും ദക്ഷിണ ഛുവാങ് ഭാഷാഭേദവും ഉത്തരവിയറ്റ്നാമിലെ തായ്, നുവാങ് എന്നീ ജനങ്ങളുടെ ഭാഷയും മധ്യവിഭാഗത്തിലും മറ്റു ഭാഷകൾ ദക്ഷിണ വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. തായ് സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഷയായ തായ് (സിയാമീസ്) തായ്ലൻഡിലെ ഔദ്യോഗിക ഭാഷയും ഖോൻ ജനവർഗങ്ങളുടെ ഭാഷയുമാണ്. സാഹിത്യപരമായ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ തായ്-സിയാമീസ് ഭാഷയ്ക്കും പല ഭാഷാഭേദങ്ങൾ ഉണ്ടെന്നുകാണാം.

തായ്ഭാഷകളുടെ പ്രാദേശിക രൂപങ്ങൾ തമ്മിൽ സ്വനങ്ങളിലും വാക്കുകളിലും ചില ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. പദാംഗീയ (syllabic) ഘടനയുള്ള ഈ ഭാഷകളിലെ വാക്കുകളുടെ ധാതുരൂപം മിക്കവാറും ഏകാക്ഷരങ്ങളാണ്. ഇവയ്ക്ക് സ്ഥിരമായ പദഘടനയും ഉണ്ട്. വാക്കുകളുടെ അർഥവ്യത്യാസം സൂചിപ്പിക്കുന്നത് ആറ് താനഭേദങ്ങളിലൂടെയാണ്. ഇവയിൽ നാല് താനഭേദങ്ങൾ വ്യഞ്ജനങ്ങൾക്കു മുകളിലാണ് അടയാളപ്പെടുത്തുന്നത്. പദങ്ങൾ വിഭക്തിപ്രത്യയങ്ങൾ സ്വീകരിക്കാറില്ല. ഒരു വാചകത്തിലെ പദബന്ധം പദക്രമത്തിലൂടെയും സമുച്ചയത്തിലൂടെയുമാണ് മനസ്സിലാക്കുന്നത്. ആഖ്യാതത്തെ തുടർന്ന് ആഖ്യ, കർമത്തിനുശേഷം ക്രിയ, പദത്തെ തുടർന്ന് പദവിശേഷണം എന്നിങ്ങനെയാണ് ഈ ഭാഷയിലെ പദക്രമം.

സ്വരങ്ങളും വ്യഞ്ജനങ്ങളും

[തിരുത്തുക]

22 വ്യഞ്ജനങ്ങളും 18 സ്വരങ്ങളും 6 സംയുക്താക്ഷരങ്ങളും ഈ ഭാഷയിലുണ്ട്. ഈ വ്യഞ്ജനങ്ങളുടെ മുൻപും പിൻപും മേലും കീഴും ചേർക്കാവുന്ന 32 ചിഹ്നങ്ങളുണ്ട്. സംയുക്തമായി സ്വരാക്ഷരങ്ങൾ പ്രയോഗിച്ച് ദീർഘസ്വരങ്ങളേയും പദങ്ങളുടെ സംയുക്തമായ പ്രയോഗം സംയുക്ത പദരൂപീകരണത്തേയും സൂചിപ്പിക്കുന്നു. വ്യാകരണപരമായ സവിശേഷത കണക്കിലെടുക്കുമ്പോൾ തായ് ഒരു അപഗ്രഥനാത്മക ഭാഷയാണ്. പദങ്ങളുടെ വ്യാകരണപരമായ അർഥം സഹായ ക്രിയകളിലൂടെയാണ് വ്യക്തമാക്കുന്നത്. സ്വരൂപവിജ്ഞാന(typology)പരമായി നോക്കുമ്പോൾ ഒരു അയോഗാത്മക ഭാഷ (isolating language)യാണ് തായ്.

ചൈന (പീപ്പിൾസ് റിപ്പബ്ളിക്)യിലെ തായ്ഭാഷയിൽ ധാരാളം ചൈനീസ് പദങ്ങളും ലാവോസിലെ തായ്ഭാഷയിൽ പാലി, ഖ്മർ എന്നീ ഭാഷകളിലെ ധാരാളം പദങ്ങളും പ്രയോഗത്തിലുണ്ട്. ദേവനാഗരി ലിപിയുമായി സാദൃശ്യമുള്ള ലിപിയാണ് ഈ ഭാഷയിൽ ഉപയോഗിക്കുന്നത്. ദക്ഷിണ-പശ്ചിമ വിഭാഗത്തിലെ ലിഖിത ഭാഷ ഇന്ത്യൻ ഭാഷകളിൽ നിന്ന് (ഖ്മർ) ഉരുത്തിരിഞ്ഞതായി കരുതുന്നു. ഏറ്റവും പ്രാചീന ലിഖിത തായ് രൂപം 13-നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. മലയോ-പോളിനേഷ്യൻ, ചൈനീസ്, ഖ്മർ എന്നീ ഭാഷകളിൽ നിന്നു പദങ്ങൾ കടമെടുത്തിട്ടുള്ള തായ് ഭാഷ സാങ്കേതിക പദസൃഷ്ടിക്കായി സംസ്കൃതഭാഷയെയും ആശ്രയിച്ചിട്ടുണ്ട്. ഉദാഹരണം തായ്ഭാഷയിൽ ടെലിഫോണിന് തുരശബ എന്ന് പറയുന്നു. വിയറ്റ്നാം, ചൈന, അസം തുടങ്ങിയ പ്രദേശങ്ങളുടെ അതിർത്തികളിൽ തായ്ഭാഷയോ അതിന്റെ ഏതെങ്കിലും ദേശ്യഭേദങ്ങളോ ഉപയോഗിക്കുന്ന ജനവിഭാഗങ്ങളുണ്ട്.

അവലംബം

[തിരുത്തുക]
  1. തായ്ഭാഷ at Ethnologue (16th ed., 2009)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തായ്ഭാഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തായ്ഭാഷ&oldid=3780487" എന്ന താളിൽനിന്ന് ശേഖരിച്ചത്