ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി
ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി | |
---|---|
കലാകാരൻ | സാൽവദോർ ഡാലി |
വർഷം | 1931 |
തരം | ഓയിൽ പെയിന്റിംഗ് |
അളവുകൾ | 24 cm × 33 cm (9.5 in × 13 in) |
സ്ഥാനം | മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ന്യൂയോർക്ക് |
ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി (The Persistence of Memory; (La persistencia de la memoria) സ്‌പെയിനിലെ സർറിയലിസ്റ്റ് ചിത്രകാരനായ സാൽവദോർ ദാലി (Salvador Dalí) 1931-ൽ വരച്ച ചിത്രമാണ്.
1932-ൽ ഈ ചിത്രം ന്യൂയോർക്കിലെ ജൂലിയൻ ലെവി ഗാലറിയിലാണ് ഉണ്ടായിരുന്നത്. 1934 ൽ ഈ ചിത്രം ന്യൂയോർക്ക് ന്യൂയോർക്കിൽ ഉള്ള മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലേക്കു മാറ്റി.
ചിത്രത്തിന്റെ പ്രത്യേകതകൾ
[തിരുത്തുക]പതുക്കെപ്പതുക്കെ ഉരുകിയൊലിക്കുന്ന അവസ്ഥയിലുള്ള ഘടികാരങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. 1930-കളിൽ രൂപംകൊണ്ട, യുക്തിരഹിതമായ ബോധത്തെ ചിത്രീകരിക്കുന്ന, വിചിത്രമായ സർറിയലിസ പ്രസ്ഥാനത്തിന്റെ സാക്ഷ്യപത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ കാണാം.
ആർദ്രതയും കാഠിന്യവും സമന്വയിക്കുമ്പോൾ എന്തു സംഭവിക്കും എന്ന് വരച്ചു കാട്ടുകയാണ് ഡാലി. പ്രപഞ്ചത്തിൽ സ്ഥായിയായ ക്രമങ്ങളുണ്ട് എന്ന് കരുതുന്ന മനസ്സ് കാഠിന്യത്തെ സൂചിപ്പിക്കുന്നുവെന്ന് സങ്കൽപ്പിക്കാമെങ്കിൽ, ആ ക്രമം ഉരുകിയൊലിക്കുന്നത് ആർദ്രതയെ സൂചിപ്പിക്കുന്നുവെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
തകർന്നു പോയി പൂഴിമണ്ണിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ഒരു മനുഷ്യരൂപത്തെയും കാണാം. ഡാലിയുടെ പല ചിത്രങ്ങളിലും ഈ രൂപം പ്രത്യക്ഷപ്പെടാറുണ്ട്. ഇത് പൊതുവേ മാനവരാശിയെ പ്രതിനിധാനം ചെയ്യുന്ന രൂപമാണെന്നും, പ്രത്യകിച്ച് തന്നെത്തന്നെ ചൂണ്ടിക്കാണിക്കുന്ന പ്രതീകമാണെന്നും ദാലി തന്നെ വിശദീകരിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കാണുന്ന മലനിരകൾ മാത്രമാണ് തുടർച്ചയുള്ള ഒരേ ഒരു രൂപം എന്നു കാണാം. മറ്റു രൂപങ്ങളെല്ലാം തന്നെ ഞെളിപിരി കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
നാം സ്വപ്‌നം കാണുന്ന സമയത്തും യഥാർത്ഥ സമയം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നുവെന്നും, ഓർമ്മയെ കാലദൈർഘ്യമെന്നു വിവക്ഷിക്കാമെങ്കിൽ, വളഞ്ഞു പുളഞ്ഞു കൊണ്ടു മുന്നോട്ടു പോകുന്ന ഓർമ്മകളും ചിരസ്ഥായിയായ കാലമാണെന്നും സൂചിപ്പിക്കുകയാണ് ഡാലി എന്നും ഇതെക്കുറിച്ച് പരാമർശം[1] ഉണ്ട്.