തക്കാളി
തക്കാളി | |
---|---|
തക്കാളിയുടെ പഴം. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Subkingdom: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | L. esculentum
|
Binomial name | |
Lycopersicon esculentum Mill.
| |
Synonyms | |
|
Solanaceae സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമാണ്. ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം (Lycopersicon esculentum). തക്കാളി (Tomato). തെക്ക്, വടക്ക് അമേരിക്കൻ വൻകരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം. മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസികൾ ചരിത്രാതീതകാലം മുതൽക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്പെയിനിൽ നിന്നു വന്നുചേർന്ന സഞ്ചാരികളാണ് യൂറോപ്പിൽ ആദ്യമായി തക്കാളി പ്രചരിപ്പിച്ചത്. യൂറോപ്പിൽ നിന്ന് അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും കുടിയേറിപ്പാർത്തവർ തങ്ങളുടെ പുതിയ ആവാസ സ്ഥാനങ്ങളിൽ തക്കാളിക്കൃഷിയും ആരംഭിച്ചു എന്നു കരുതാം. ഇന്ത്യയിലാദ്യമായി തക്കാളി കൊണ്ടുവന്നതും പ്രചരിപ്പിച്ചതും പോർച്ചുഗീസുകാരായിരുന്നു. തക്കാളിയുടെ ഫലം (തക്കാളിപ്പഴം) ലോകമെങ്ങും പ്രചാരത്തിലുള്ള ഭക്ഷ്യവിഭവമാണ്. ചൈന, യു.എസ്.എ., ടർക്കി, ഇന്ത്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് തക്കാളിയുത്പാദനത്തിൽ മുന്നിട്ടു നിൽക്കുന്നത്.
പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാൻ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാനും ഇത് പ്രയോജനപ്പെടുന്നുണ്ട്.
പത്തു മുതൽ 25 സെന്റീമീറ്റർ വരെ നീളമുള്ള ഇലത്തണ്ടുകളാണ് തക്കാളിയുടേത്. ഒരു തണ്ടിൽ എട്ടു സെ.മീ വരെ നീളമുള്ള ഇലകളുണ്ടാകും. ഇലകളിലും തണ്ടുകളിലും രോമം പോലെ വെളുത്തു നനുനനുത്ത ആവരണമുണ്ട്. രണ്ടു സെ.മീ. വരെ നീളമുള്ള മഞ്ഞ പൂക്കളാണ് തക്കാളിയുടേത്. നിറത്തിലും രൂപത്തിലും വ്യത്യസ്തമായ മുപ്പതിലേറെ ഇനം തക്കാളികൾ കൃഷി ചെയ്യപ്പെടുന്നുണ്ട്. വളരെ വലിപ്പം കുറഞ്ഞ ഒരിനം തക്കാളി പീരുമേട് താലൂക്കിൽ പലയിടത്തും കണ്ടു വരുന്നു. കറിയ്ക്ക് ഉപയോഗിക്കുന്ന, കുട്ടിത്തക്കാളി എന്നറിയപ്പെടുന്ന ഈയിനം എന്നാൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നില്ല.
ചരിത്രവും വ്യാപനവും
[തിരുത്തുക]തക്കാളി ഏതുകാലം മുതൽ ഭക്ഷ്യവിഭവമായി കൃഷിചെയ്യപ്പെട്ടിരുന്നു എന്നതിന് വിവിധ അഭിപ്രായങ്ങളുണ്ട്. ആൻഡ്രൂ സ്മിത്തിന്റെ ദ റ്റൊമേറ്റോ ഇൻ അമേരിക്ക എന്ന പുസ്തകമനുസരിച്ച് തക്കാളിയുടെ ജന്മദേശം തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളാണ്. എന്നാൽ സ്പെയിൻകാർ തെക്കേ അമേരിക്കയിൽ വരുന്നതിനുമുൻപ് തക്കാളി കൃഷിചെയ്യപ്പെടുകയോ ഭക്ഷിക്കപ്പെടുകയോ ചെയ്തിരുന്നില്ലെന്നും സ്മിത്ത് വാദിക്കുന്നു. എന്നാൽ ചില ഗവേഷകർ ഈ വാദം അംഗീകരിക്കുന്നില്ല. പെറു പോലെയുള്ള രാജ്യങ്ങളിൽ സ്പാനിഷ് അധിനിവേശത്തിനു മുൻപുണ്ടായിരുന്ന കാർഷികവിഭവങ്ങളെപ്പറ്റി ചരിത്രരേഖകളില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മെക്സിക്കോയാണ് തക്കാളിയുടെ ജന്മദേശമെന്നും പ്രബലമായ അഭിപ്രായമുണ്ട്. റ്റുമേറ്റോ എന്ന പദം മെക്സിക്കൻ നാട്ടുഭാഷയായ നാവറ്റിൽ നിന്നുള്ളതാണ്.
അമേരിക്കൻ വൻകരകളിൽ നിന്നും സ്പെയിൻകാർ തക്കാളിയെ അവരുടെ കോളനികളായ കരീബിയൻ ദ്വീപുസമൂഹങ്ങളിലെത്തിച്ചു. ഫിലിപ്പൈൻസ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും സ്പാനിഷ് അധിനിവേശത്തോടൊപ്പം തക്കാളിയുമെത്തി. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്പിലും തക്കാളിക്കൃഷി ആരംഭിച്ചു. മധ്യധരണ്യാഴിയുടെ തീരപ്രദേശങ്ങളിലായിരുന്നു തക്കാളി കൂടുതലും കൃഷിചെയ്യപ്പെട്ടത്. തക്കാളി ഉപയോഗിച്ചുള്ള പാചകവിധികൾ കാണപ്പെടുന്ന ഏറ്റവും പഴക്കമേറിയ ഗ്രന്ഥം ഇറ്റലിയിലെ നേപ്പിൾസിൽ 1692-ൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
16, 18 നൂറ്റാണ്ടുകൾക്കിടയിൽ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും തക്കാളിക്കൃഷി പ്രചരിച്ചു. വടക്കേ അമേരിക്കയുൾപ്പെടെ ഇവരുടെ കോളനികളിലും പിന്നീട് തക്കാളിക്കൃഷി വ്യാപകമായി.
തക്കാളി കൃഷി
[തിരുത്തുക]തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്.
തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്. ഇനഭേദമനുസരിച്ച് തക്കാളിയുടെ തണ്ടിന്റെ സ്വഭാവവും വ്യത്യാസപ്പെടുന്നു. നല്ല ബലമുള്ള കുറുകിയ തണ്ടോടുകൂടിയതും നിവർന്നു വളരാൻ പ്രാപ്തവുമായ ഇനവും, നേർത്ത് ബലം കുറഞ്ഞ നീണ്ട തണ്ടോടുകൂടിയ അർധ ആരോഹി ഇനവും ഉണ്ടാകാറുണ്ട്. ബലം കുറഞ്ഞ അർധ ആരോഹി ഇനത്തിൽ നിന്നാണ് കൂടുതൽ വിളവു ലഭിക്കുക. ഇതിന്റെ തണ്ടിന് താങ്ങുകൾ (ഊന്നുകൾ) നല്കി നിവർത്തി നിറുത്തുകയാണു പതിവ്. ഇതിന്റെ തണ്ടിലാകമാനം തിളക്കമുള്ള ചുവപ്പുകലർന്ന മഞ്ഞനിറത്തിലുള്ള ഗ്രന്ഥീയരോമങ്ങളും ഗ്രന്ഥീയമല്ലാത്ത കൂർത്ത രോമങ്ങളുമുണ്ടായിരിക്കും.
തണ്ടിൽ ഇലകൾ ക്രമീകരിച്ചിരിക്കുന്നത് ഏകാന്തരന്യാസത്തിലാണ്. ഇലകൾക്ക് സമപിച്ഛകാകൃതിയാണുള്ളത്. തണ്ടിൽ ഇലകൾക്കെതിരേ അല്പം മുകളിലോ താഴെയോ ആയി ചെറിയ അസീമാക്ഷ(racemose)പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. തക്കാളിയുടെ ശാഖനരീതിക്ക് ചില സവിശേഷതകളുണ്ട്. തണ്ടിന്റെ ചുവടുഭാഗത്ത് ഏകാക്ഷശാഖന (monopodial) രീതിയും അഗ്രത്തിലേക്കു പോകുന്തോറും യുക്തശാഖന (sympodial) രീതിയുമാണുള്ളത്. പുഷ്പമഞ്ജരി അഗ്രമുകുളത്തിൽ നിന്നു രൂപപ്പെടുകയും കക്ഷീയമുകുളം വളർന്ന് പ്രധാന ശാഖയായി തുടരുകയും ചെയ്യുന്നു. പുഷ്പവൃന്ദം കുറുകിയതും മധ്യഭാഗം സങ്കോചനത്തോടു കൂടിയതുമാണ്. പുഷ്പത്തിന്റെ വികാസദശയിലെ ഏതു ഘട്ടത്തിലും പുഷ്പങ്ങൾ കൊഴിഞ്ഞു പോകാമെങ്കിലും പുഷ്പങ്ങൾ വിരിഞ്ഞ് 2-3 ദിവസങ്ങൾക്കുള്ളി ലാണ് സാധാരണ ഇതു സംഭവിക്കാറുള്ളത്.
പുഷ്പങ്ങൾക്ക് ബാഹ്യദളങ്ങളും ദളങ്ങളും ആറെണ്ണം വീതമുണ്ടായിരിക്കും. ബാഹ്യദളങ്ങൾ ചിരസ്ഥായിയായി ഫലത്തോടൊപ്പം വളരുന്നു. ബാഹ്യദളപുടത്തിൽ ഗ്രന്ഥികളുള്ളതും ഇല്ലാത്തതുമായ ധാരാളം രോമങ്ങളുണ്ട്. മഞ്ഞ നിറത്തിലുള്ള ദളങ്ങളുടെ പുറഭാഗം രോമിലമാണ്. ദളങ്ങൾ സംയോജിച്ച് ഒരു ദളപുടനാളിയായി രൂപപ്പെടുന്നു. ആറു കേസരങ്ങളും ദളപുട നാളിയിൽ ഒട്ടിച്ചേർന്നിരിക്കും. കേസരങ്ങൾക്ക് കുറുകിയ തന്തുവും നീണ്ടു വർണശബളമായ പരാഗകോശങ്ങളുമുണ്ട്. പരാഗകോശത്തിന്റെ അഗ്രഭാഗം വളഞ്ഞിരിക്കും. പരാഗകോശം നെടുനീളത്തിൽ പൊട്ടിയാണ് പരാഗങ്ങൾ സ്വതന്ത്രമായി പരാഗണം നടത്തുന്നത്. തക്കാളി പുഷ്പങ്ങളിൽ സ്വപരാഗണവും പരപരാഗണവും നടക്കാറുണ്ട്. അണ്ഡാശയം ഊർധ്വവർത്തിയാണ്. ആറോ അതിലധികമോ അറകളുള്ള അണ്ഡാശയത്തിൽ നിരവധി അണ്ഡങ്ങളുണ്ടായിരിക്കും. വലിപ്പം കൂടിയ മാംസളമായ പ്ലാസെന്റയിൽ അക്ഷീയ വിന്യാസരീതിയിലാണ് അണ്ഡങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദ്രാക്ഷായിത (berry) ഫലമാണ് തക്കാളിയുടേത്. വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും കാണപ്പെടുന്ന തക്കാളിപ്പഴത്തിന് കടുംചുവപ്പോ മഞ്ഞയോ നിറവും മിനുസമുള്ള പുറംതൊലിയുമുണ്ടായിരിക്കും. ഇനഭേദമനുസരിച്ച് ഫലത്തിന്റെ വികാസവും പുറം തൊലിയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.
തക്കാളിപ്പഴത്തിന് വർണഭേദം നല്കുന്നത് കരോട്ടിൻ, ലൈക്കോപെർസിഡിൻ എന്നീ വർണകങ്ങളുടെ വ്യത്യസ്ത സാന്ദ്രതയിലുള്ള സാന്നിധ്യമാണ്. വിത്തുകൾ പരന്നതും ഇളം തവിട്ടുനിറമുള്ളതും ആണ്.
മണലും കളിമണ്ണും കലർന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാൻ അനുയോജ്യം. വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കുന്നു. ശരത്-വർഷകാല വിളകൾക്കായി ജൂൺ-ജൂലൈ മാസങ്ങളിലും, വസന്തകാല-വേനൽക്കാല വിളകൾക്കായി ന. മാസത്തിലും വിത്തുവിതയ്ക്കുന്നു. ഒരു ഹെ. സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് ആവശ്യമാണ്. ഒരു ഗ്രാം വിത്തിൽ ഏതാണ്ട് 300 വിത്തുകളുണ്ടായിരിക്കും. തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ. തൈകൾ അന്തരീക്ഷാവസ്ഥയിൽ തുറസ്സായി വളർത്തുകയും ഇടയ്ക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താൽ തണ്ട് ബലമുള്ളതായിത്തീരും. തൈകൾ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങൾ നല്കണം. നൈട്രജൻ, ഫോസ്ഫറസ് വളങ്ങൾ മണ്ണിൽ ചേർക്കുന്നതും നേർത്ത ലായനി ഇലകളിൽ തളിക്കുന്നതും തൈകൾക്ക് ഗുണകരമാണ്. ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകൾ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വർദ്ധിക്കുന്നതിനും മണ്ണിൽ വയ്ക്കോലോ അതുപോലുള്ള പദാർഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.
മുൻകാലങ്ങളിൽ കൃഷിചെയ്തിരുന്ന ഇനങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ് ഇക്കാലത്തെ കൃഷിയിൽ നിന്നു ലഭിക്കുന്ന ഫല ങ്ങൾ. വലിപ്പം കൂടിയതും ഗുണമേന്മയുള്ളതുമായ ഫലങ്ങൾ ഉത്പാദിപ്പിക്കുവാൻ പുതിയ കൃഷിയിലൂടെ സാധിക്കുന്നുണ്ട്. പൂസ റൂബി, മംഗള, പൂസ 120, എച്ച്.എസ്.102, എസ് 12, സി.ഒ.1 എന്നിവയാണ് ഇന്നു കൃഷി ചെയ്തുവരുന്ന പ്രധാന ഇനങ്ങൾ.
തക്കാളികൃഷിയെ ബാധിക്കുന്ന രോഗങ്ങൾ
[തിരുത്തുക]ഉഷ്ണമേഖലാപ്രദേശങ്ങളിൽ തക്കാളിക്കൃഷിയ്ക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് ഇലച്ചുരുൾ രോഗമാണ്. വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. തക്കാളി സസ്യത്തിന് ബാക്ടീരിയ മൂലമുള്ള ബാക്ടീരിയൽ വാട്ടവും (wilt) ബാക്ടീരിയൽ കാങ്കർ (canker) എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കുന്നു.
പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുൾ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്.
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
തക്കാളി
-
തക്കാളിത്തോട്ടം
-
തക്കാളി ചെടി
-
തക്കാളി പൂവും തണ്ടും
-
പൂവ്
-
തക്കാളി പൂവ്
-
തക്കാളികൾ
-
തക്കാളി പൂവ്
ഇതരലിങ്കുകൾ
[തിരുത്തുക]- The On-line Tomato Vine (Keith Mueller)
- "I say tomayto, you say tomahto" (Sam Cox) Archived 2008-05-28 at the Wayback Machine.
- Tomato Study and History Archived 2008-06-26 at the Wayback Machine.
- Tomato Pests
- Tomato Genome Sequencing Project
- Tomatoes in Macedonia Archived 2007-10-17 at the Wayback Machine.
- Love Apples, Wolf Peaches, Catsup & Ketchup: 500 Years of Silliness - Informative but non-scholarly essay on the history of the Tomato.
- Solanum lycopersicum L. on Solanaceae Source - Images, specimens and a full list of scientific synonyms previously used to refer to the tomato.