വി.സി. ശ്രീജൻ
മലയാളത്തിലെ പ്രമുഖനായ നിരൂപകനും താത്ത്വികലേഖകനുമാണ് വി.സി. ശ്രീജൻ. കേരള സർക്കാർ സർവ്വീസിൽ കോളേജ് അദ്ധ്യാപകനായിരുന്നു. തലശ്ശേരിയിലെ ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് വിഭാഗം റീഡറായി സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തു. മലയാളത്തിൽ 100-ഓളം ലേഖനങ്ങളും 11 പുസ്തകങ്ങളും ഇംഗ്ലീഷിൽ 5 പ്രബന്ധങ്ങളും വി.സി. ശ്രീജൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1951-ൽ ജനനം. വടകരയിലും മടപ്പള്ളി ഗവ. കോളേജിലും പഠനം. കാലിക്കറ്റ് സർവ്വകലാശാലയുടെ തലശ്ശേരി സെന്ററിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും പിന്നീട് ഡോക്ടറേറ്റും. കോളേജ് വിദ്യാർത്ഥിയായിരിക്കെ തന്നെ സാഹിത്യത്തിലും അതോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി പ്രവർത്തിച്ചു. സി.പി.ഐ(എം.എൽ)ന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായിരുന്നു. അടിയന്തരാവസ്ഥയുടെ തൊട്ട് മുമ്പ് പ്രസിദ്ധീകരിച്ച യെനാൻ മാസികയുടെ പത്രാധിപരായിരുന്നു. മാസിക നിരോധിക്കപ്പെടുകയും ശ്രീജൻ ഉൾപ്പെടെ പത്രാധിപസമിതിഅംഗങ്ങൾ എല്ലാവരും അടിയന്തരാവസ്ഥാകാലത്ത് അറസ്റ്റ് ചെയ്ത് തടവിലാക്കപ്പെടുകയും ചെയ്തു. എങ്കിലും വൈകാതെ സ്വതന്ത്രനാക്കപ്പെട്ടു.
ആദ്യകാല നിരൂപണങ്ങൾ
[തിരുത്തുക]മാർക്സിസം-ലെനിനിസത്തിന്റെ സ്വാധീനത്തിലാണ് സാഹിത്യ നിരൂപകനായി വി.സി. ശ്രീജൻ രംഗപ്രവേശം ചെയ്യുന്നത്. അസ്തിത്വവാദാത്മകമായ ആധുനികതയുടെ വിമർശനമായി ദേശാഭിമാനി വാരികയിൽ എഴുതിയ ലേഖനമാണ് ശ്രദ്ധേയമായ ആദ്യനിരൂപണം.{തെളിവ്}}. ഈ ലേഖനം ശ്രീജന്റെ പിൽക്കാല കൃതികളിലൊന്നും എടുത്തു ചേർത്തിട്ടില്ല.
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ വിമർശസംഗ്രഹം
[തിരുത്തുക]യാ ദേവീ സർവ്വഭൂതേഷുവിനു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന രചന വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദവിമർശസംഗ്രഹം ആയിരുന്നു. മാർക്സിസത്തിന്റെ അടിസ്ഥാന പരികല്പനകൾ വിമർശനവിധേയമാക്കുന്ന ഈ പഠനം വിജ്ഞാനകൈരളി മാസികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കകയായിരുന്നു.
കൃതികൾ
[തിരുത്തുക]മലയാളം കൃതികൾ
[തിരുത്തുക]- യാ ദേവീ സർവ്വഭൂതേഷു
- ചിന്തയിലെ രൂപകങ്ങൾ (1991)
- പ്രവാചകന്റെ മരണം (1993)
- കഥയും പ്രത്യയശാസ്ത്രവും (1993)
- വാക്കും വാക്കും (1996)
- അർത്ഥാന്തരന്യാസം (1999)
- ആധുനികോത്തരം: വിമർശനവും വിശകലനവും (1999)
- വിമർശനാത്മക സിദ്ധാന്തം (1999)
- നോവൽവായനകൾ (2003)
- പ്രതിവാദങ്ങൾ (2004)
- അർത്ഥവാദങ്ങൾ (2006)
- മഞ്ജരി (വി.ടി. കുമാരന്റെ ഉപന്ന്യാസങ്ങൾ; സമാഹരണം, ആമുഖത്തോടെ)
ഇംഗ്ലീഷ് ലേഖനങ്ങൾ
[തിരുത്തുക]- ഒബ്സ്ക്യൂർ കാമെറാസ്: ദ അൺകോൺഷ്യസ്, ഐഡിയോളജി ആന്റ് മെറ്റാഫോർ. JICPR വാല്യം.XVI.നമ്പ്ര 2.
- ഫീൽഡ്സ്, മാട്രിസെസ് ആന്റ് ഓർസ്-റ്റെക്സ്റ്റ് CURJ ഏപ്രിൽ 2000
- സാൻസ്ക്രിറ്റ്, ഇന്ദുലേഖ ആന്റ് ഇംഗ്ലീഷ്. ദ ഏർളി നോവൽസ് ഇൻ ദ സൌത്ത് ഇന്ത്യൻ ലാങ്ഗ്വജസ്. എഡിറ്റർ: ശങ്കരൻ രവീന്ദ്രൻ. കോഴിക്കോട് സർവ്വകലാശാല 2000.
- സൈൻസ് ടേക്കൺ ഫോർ സിഗ്നിഫൈയേർസ്. ഹരിതം 13(2001).
- രസ: ദ് കൺസ്പ്റ്റ് ആന്റ് ഫിഗർ. CURJ Feb. 2003.
അപ്രകാശിത കൃതി
[തിരുത്തുക]- ഏസ്തെറ്റിക്സ് ആന്റ് മെറ്റഫോർ. പ്രസിദ്ധീകരിക്കാത്ത പി.എച്.ഡി. പ്രബന്ധം. കോഴിക്കോട് സർവ്വകലാശാല 1993.
പുരസ്കാരങ്ങൾ
[തിരുത്തുക]- സി.ബി. കുമാർ എൻഡോവ്മെന്റ് (2003), കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ നിരൂപണത്തിനുള്ള പുരസ്കാരം (2005)[1][2] എന്നിവ ലഭിച്ചെങ്കിലും നിരസിച്ചു.
- നിരൂപകനും ചലച്ചിത്രനടനുമായ നരേന്ദ്രപ്രസാദിന്റെ ഓർമ്മയ്ക്ക് സ്ഥാപിച്ച നരേന്ദ്രപ്രസാദ് പുരസ്കാരം സാഹിത്യനിരൂപണത്തിന് 2007 ൽ.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.