Jump to content

വിജയനഗര സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vijayanagara empire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹമ്പിയിലെ വിരൂപാക്ഷക്ഷേത്രത്തിന്റെ പ്രധാന ഗോപുരം
1446-1520 കാലഘട്ടത്തിൽ വിജയനഗരസാമ്രാജ്യത്തിന്റെ വ്യാപനം
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യം (കന്നഡ: ವಿಜಯನಗರ ಸಾಮ್ರಾಜ್ಯ, തെലുഗു: విజయనగర సామ్రాజ్యము). വിജയനഗര എന്നത് തലസ്ഥാനനഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ഹംപി ഇന്ന് യുണെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണു്). ശിലാലിഖിതങ്ങൾ[1], ഡൊമിംഗോ പയസ്[2], ഫെർണോ നുനെസ്[3] നിക്കൊളോ ഡ കോണ്ടി[4], അബ്ദുർ റസ്സാക്[4]ഇബ്നു ബത്തൂത്ത[5] തുടങ്ങിയവരുടെ യാത്രക്കുറിപ്പുകളിൽ നിന്നും,ഫരിഷ്തയുടെ [6]ചരിത്രക്കുറിപ്പുകളിൽ നിന്നും, തദ്ദേശീയരുടെ കഥകളിൽ നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഹംപിയിലെ പുരാവസ്തു ഖനനങ്ങൾ സാമ്രാജ്യത്തിന്റെ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

1336-ൽ ഹരിഹരൻ I, സഹോദരനായ ബുക്കരായൻ I എന്നിവരാണ് വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്. 1336ൽ ഹരിഹരൻ ഒന്നാമൻ സ്ഥാപിച്ച വിജയനഗര സാമ്രാജ്യം 1485 വരെ സംഗമ വംശവും 1486 മുതൽ 1504 വരെ സാലുവ വംശവും 1505 മുതൽ 1542 വരെ തുളുവ വംശവും 1542 മുതൽ 1649 വരെ അരവിഡു വംശവുമാണ് ഭരിച്ചിരുന്നത്.[7][1] 1565-ലെ തളിക്കോട്ട യുദ്ധത്തിൽ ഡെക്കാൻ സുൽത്താനൈറ്റുകളുടെ സംഘടിത സൈന്യം വിജയനഗരസാമ്രാജ്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. അതോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.

പശ്ചാത്തലം

[തിരുത്തുക]

പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ ദക്ഷിണേന്ത്യയിൽ മൂന്നു സാമ്രാജ്യങ്ങളാണ് നിലനിന്നിരുന്നത്. ദേവഗിരി (ദൗലത്താബാദ്) കേന്ദ്രമാക്കിയുളള യാദവ സാമ്രാജ്യം, വാറങ്കൽ കേന്ദ്രമാക്കി കാകതീയ രാജ്യം, ദ്വാരസമുദ്രം (ഇന്നത്തെ ഹളേബീഡു) കേന്ദ്രമാക്കി ഹൊയ്സാല സാമ്രാജ്യം. പിന്നെ കമ്പിലി എന്ന കൊച്ചു സ്വതന്ത്ര പ്രവിശ്യ. തെക്കേയറ്റത്ത് പാണ്ഡ്യരാജ്യം(മാബാർ അഥവാ മധുര) കുടുംബവഴക്കുകളാൽ ഏതാണ്ട് നാമാവശേഷമായിത്തീർന്നിരുന്നു.[8] എ.ഡി. 1309-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യാധിപൻ മാലിക് കഫൂർ ഡക്കാൻ ആക്രമിച്ചു. ദക്ഷിണേന്ത്യ ആദ്യമായി മുസ്ലീം ആക്രമണത്തിനു വിധേയയായി.[9][8] ഇടവിട്ടുളള യുദ്ധങ്ങളിലൂടെ ദേവഗിരി, വാരങ്കൽ, ദ്വാരസമുദ്രം, തെലങ്കാന എന്നീ പ്രദേശങ്ങൾ ദില്ലി സുൽത്താനത്ത് കീഴ്പെടുത്തി[10] പക്ഷേ ഈ പ്രദേശങ്ങളെല്ലാം മുസ്ലീം ആധിപത്യത്തിനെതിരായി നിരന്തരം ചെറുത്തുനിന്നു. പാണ്ഡ്യ രാജാക്കൻമാരുടെ കുടുംബവഴക്കുകൾ ഒതുക്കിത്തീർക്കാൻ 1311-ൽ മാലിക് കഫൂർ മധുരയിലേക്ക് ക്ഷണിക്കപ്പെട്ടതായും നഗരം അമ്പേ കൊളളയടിച്ചതായും രേഖകളുണ്ട്[9][11]. പിന്നീട് മുഹമ്മദ് തുഗ്ലക് ഡെക്കാൻ മുഴുവനും ആധിപത്യം സ്ഥാപിച്ച് ഭരണസൗകര്യാർഥം ദേവഗിരി, ദ്വാരസമുദ്രം, മാബാർ, തെലിങ്കാന, കമ്പിലി എന്നിങ്ങനെ അഞ്ചു പ്രവിശ്യകളായി വിഭജിച്ചു.[9] 1329-ൽ തുഗ്ലക്ക് തലസ്ഥാനം ദൗലതാബാദിൽ നിന്ന് പുനഃ ദൽഹിയിലേക്കു മാറ്റിയതോടെ ഡക്കാൻ പ്രവിശ്യകൾ സ്വതന്ത്രരാവാനുളള ശക്തമായ ശ്രമങ്ങൾ തുടങ്ങി. മതപരമായ (ലിംഗായത്, ആരാധ്യ പ്രസ്ഥാനങ്ങൾ) പുനരുഥാനങ്ങളും ഇതിനു പ്രചോദകമായെന്നു പറയപ്പെടുന്നു.1335-ൽ മധുരയിലെ ഭരണാധികാരി ജലാലുദ്ദീൻ അഹ്സാൻ ഖാൻ ദില്ലി സുൽത്തനത്തിൽ നിന്ന് വിഘടിച്ച് സ്വംയംഭരണ പ്രദേശമായി. പിന്നീട് വിജയനഗരത്തിനു കീഴ്പെടുന്നതു വരെ മധുര മുസ്ലീം ഭരണത്തിലായിരുന്നു.[12][9]

പ്രാരംഭം

[തിരുത്തുക]

കൃഷ്ണാ നദിക്കു തെക്കുളള മറ്റു ഹിന്ദു രാജ്യങ്ങൾ സംഘം ചേർന്ന് ദൽഹി സുൽത്തനത്തിനെതിരെ ചെറുത്തു നില്പിന് തയ്യാറായി. ആനെഗുണ്ടി എന്ന കൊച്ചു രാജ്യത്തിന്റെ ഭരണാധിപനു കീഴിൽ അവരെല്ലാം അണി നിരന്നു. 1330-കളുടെ അവസാനത്തിൽ തുഗ്ലക് ആനെഗുണ്ടി കൈവശപ്പെടുത്തി, രാജാവിനേയും സകല കുടുംബാംഗങ്ങളേയും വധിച്ചു. ഫെരിഷ്തയുടേയും ഇബ്നുബത്തൂത്തയുടേയും നുനെസിന്റേയും രേഖകളിൽ ആനെഗുണ്ടിയുടെ പതനത്തെപ്പറ്റി പരാമർശമുണ്ട്. തുഗ്ലക്കിനെതിരായി ശബ്ദമുയർത്തിയ വ്യക്തികൾക്ക് ആനെഗുണ്ടി അഭയം നല്കിയതാണ് കാരണമെന്നും പറയപ്പെടുന്നു. [6]. യുദ്ധാനന്തരം തുഗ്ളക് ഭരണകാര്യങ്ങൾ തന്റെ പ്രതിനിധിയായ മാലിക് നൈബിനെ ഏല്പിച്ചെങ്കിലും കാര്യങ്ങൾ വേണ്ട പോലെ നടന്നില്ല. പിന്നീട് ആനെഗുണ്ടിയിലെ മുൻ മന്ത്രി ദേവരായനെ (ഹരിഹര ദേവ ഒന്നാമൻ) തുഗ്ലക് ഭരണാധികാരിയായി പ്രഖ്യാപിച്ചു. അവസരം മുതലെടുത്ത് ഹരിഹര, സഹോദരൻ ബുക്കന്റെ സഹായത്തോടെ വിജയഗരസാമ്രാജ്യത്തിന് അടിത്തറയിട്ടു. മാധവാചാര്യ വിദ്യാരണ്യാ എന്ന മതാചാര്യന്റെ സഹായവും സ്വാധീനവും ഉണ്ടായിരുന്നതായി നൂനെസ് രേഖപ്പെടുത്തുന്നു. [13].

മറ്റൊരു കഥ സംഗമയുടെ പുത്രന്മാരായിരുന്ന ഹരിഹരനും സഹോദരൻ ബുക്കനും വാരങ്കലിലെ പടയാളികളായിരുന്നെന്നും വാരങ്കൽ അധീനപ്പെട്ട ശേഷം ഇസ്ലാം മതം സ്വീകരിച്ച് കഫൂറിന്റെ സൈന്യത്തിൽ സേവിക്കാൻ നിർബന്ധിതരായതാണെന്നും ഹൊയ്സാല ആക്രമണ സമയത്ത് അതിൽ നിന്ന് രക്ഷപ്പെട്ട് ആനെഗുണ്ടി മലകളിൽ അഭയം തേടിയെന്നും അവിടെ വെച്ചാണ് മതാചാര്യൻ മാധവ വിദ്യാരണ്യയെ കണ്ടുമുട്ടി, വീണ്ടും ഹിന്ദുമതത്തിലേക്കു മാറിയതെന്നും ആചാര്യന്റെ ശിക്ഷണവും സഹായവും നേടി വിജയനഗരം സ്താപിച്ചതെന്നും പറയപ്പെടുന്നു. [13]

ബഹ്മനി സുൽത്താനത്ത് രൂപം കൊളളുന്നതിന് ഏഴെട്ടു കൊല്ലം മുമ്പ് 1336- ലാണ് വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്[8]. ഏതാണ്ട് അതേ സമയത്ത് കപായ നായക, തെലിങ്കാനയിലെ മുസ്ലീം ഗവർണർ മാലിക് മക്ബൂലിനെ തോല്പിച്ച് ഭരണം കൈയേറി. പിന്നീട് കപയ നായകയും ബല്ലാള മൂന്നാമനും ചേർന്ന് തൊണ്ടൈമണ്ടലത്തു നിന്ന് മുസ്ലിം അധികാരികളെ തുരത്തിയോടിച്ചു. അതോടെ കൊപ്പുല വംശജരുടെ കീഴിൽ പിതാപുരം, റെഡ്ഡികളുടെ കീഴിൽ കൊണ്ട വീട്, വെലാമകളുടെ കീഴിൽ രാജകൊണ്ട എന്നീ ഹിന്ദു രാജ്യങ്ങൾ നിലവിൽ വന്നു. മധുര അപ്പോഴും മുസ്ലീം അധികാരികളുടെ കൈവശമായിരുന്നു. 1344-ൽ ബുക്കൻ ഹൊയ്സാല രാജ്യവും, പടിഞ്ഞാറ് തുളുനാടും കീഴ്പെടുത്തി. മൂന്നു വർഷത്തിനു ശേഷം ഹരിഹരനും ബുക്കനും അവരുടെ മറ്റു മൂന്നു സഹോദരരും(കമ്പ, മാരപ്പ, മുദ്ധപ്പ) ശൃംഗേരി മഠാധിപതി സമക്ഷം വിജയാഘോഷം നടത്തി, വിജയനഗരിക്കും വിജയനഗരസാമ്രാജ്യത്തിനും അടിത്തറ പാകി.[1],[13],[8]. ഇവർ സംഗമയുടെ പുത്രൻമാരായതിനാൽ വംശത്തിന് സംഗമ എന്ന പേരു വീണു.

ദക്ഷിണേന്ത്യ 1400-ൽ

സംഗമ വംശം(1334-1486 )

[തിരുത്തുക]
സംഗമ വംശം[1]

ബഹ്മനി സുൽത്താൻ അലാവുദ്ദീന്റെ ആക്രമണങ്ങളെ ഹരിഹരനും(1336-56) ബുക്കനും(1356-77) ചെറുത്തു നിന്നു. ബുക്കൻറേയും പിന്നീടു സിംഹാസനത്തിലിരുന്ന പുത്രൻ ഹരിഹര രണ്ടാമന്റേയും(1377-1404) വാഴ്ചക്കാലത്ത് വിജയനഗര സാമ്രാജ്യം അതി വിസ്തൃതമായി . മധുരയിലെ മുസ്ളീം ഭരണം അവസാനിപ്പിക്കപ്പെട്ടു(1371). ഗോവ, ദബോൾ എന്നീ സ്ഥലങ്ങളും കൊണ്ടവീടു രാജ്യത്തിന്റെ ഫല ഭാഗങ്ങളും (കുർണൂൽ, നെല്ലൂർ, ഗുണ്ടൂർ) വിജയനഗരത്തിന്റെ ഭാഗമായി. സിലോണും സാമൂതിരിയും വിജയനഗരത്തിന് കപ്പം കൊടുക്കാൻ സമ്മതിച്ചു. പക്ഷേ പതിനാലാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ ബഹ്മനി സുത്തനത്തുമായി അതിഘോരമായ യുദ്ധത്തിൽ വിജയനഗര സാമ്രാജ്യത്തിന് ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചു. [8]

1406 മുതൽ 1422 വരെ ഭരിച്ച ബുക്കൻ രണ്ടാമന്റെ ഭരണകാലത്താണ് സഹോദരൻ ദേവരായ ഒന്നാമൻ തുംഗഭദ്രാനദിയിൽ വലിയൊരു അണക്കെട്ടു പണിത് നഗരത്തിലേക്ക് വെളളച്ചാലുകൾ കൊണ്ടു വന്നത്. [3],[8]. ദേവരായ ഒന്നാമന്റെ പുത്രിയെ സമാധാന ഉടമ്പടി പ്രകാരം ഫിറൂസ്ഷാക്ക് വിവാഹം ചെയ്തു കൊടുത്തിരുന്നെങ്കിലും അത് സ്പർദ്ധകൾക്ക് അറുതി വരുത്തിയില്ല. കൊണ്ട വീട്ടു റെഡ്ഡിമാർ ബഹ്മനി സുൽത്താനമാരുമായി കൂട്ടുകൂടി വിജയനഗരത്തെ ആക്രമിച്ചു. 1420-ൽ ദേവരായ റെഡ്ഡിമാരെ വകവരുത്തുകയും കൊണ്ടവീടു പ്രദേശങ്ങളും ബഹ്മനിയുടെ ഭാഗമായ പണുഗലും പിടിച്ചെടുക്കുകയും ചെയ്തു. ദേവരായ 1422 -ൽ നിര്യാതനായി. പിന്നീടു വന്ന വിജയരാജ ദുർബലനായിരുന്നു.

വിജയരായന്റെ മരണശേഷം ദേവരായ രണ്ടാമൻ കിരീടമണിഞ്ഞത് 1426-ലാണ്. കൊണ്ടവീടരുടെ പ്രക്ഷോഭം പരിപൂർണമായും അവസാനിപ്പിച്ചു.കേരളത്തിലേക്കു കടന്ന് കൊല്ലം രാജാവിനെ കീഴടക്കി. ദേവരായൻ രണ്ടാമന്റെ സാമ്രാജ്യം തെക്ക് സിലോൺ മുതൽ വടക്ക് ഗുൽബർഗ വരേയും കിഴക്ക് ഒറീസ മുതൽ പടിഞ്ഞാറ് മലബാർ വരേയും വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു.[8] സിലോൺ, പുലിക്കാട്ട്, തെന്നസരിം, പെഗു എന്നിവടങ്ങളിലെ ഭരണാധികാരികൾ വിജയനഗര സമ്രാട്ടിന് കപ്പം കൊടുത്തിരുന്നതായി നുനിസ് രേഖപ്പെടുത്തുന്നു.[3],[8]

ദേവരായ രണ്ടാമന്റെ പുത്രൻ മല്ലികാർജുനന്റെ വാഴ്ചക്കാലത്താണ് അലാവുദ്ദീൻ രണ്ടാമനും കപിലേശ്വര ഗജപതിയും വിജയനഗരത്തെ തുടരെത്തുടരെ ആക്രമിച്ചത്. സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ശാലുവ നരസിംഹനും തുളുവ ഈശ്വരയേയും പോലുളള ശക്തരായ ഭരണാധികാരികളുണ്ടായിരുന്നു. മല്ലികാർജുന 1465 -ൽ നിര്യാതനായപ്പോൾ പുത്രൻ കൊച്ചു കുഞ്ഞായിരുന്നു. അതിനാൽ അധികാരം വിരൂപാക്ഷനിൽ നിക്ഷിപ്തമായി. പക്ഷേ സുഖലോലുപനായ വിരൂപാക്ഷന് രാജ്യകാര്യങ്ങളിൽ ശ്രദ്ധയില്ലായിരുന്നു. ഗോവ, ദബോൾ, ചൗൾ ഇവയെല്കലാം ബഹ്മനി സുൽത്തനത്ത് കൈവശപ്പെടുത്തി. കപിലേശ്വര ഗജപതിയും അവസരം മുതലാക്കി പല പ്രവിശ്യകളും കൈക്കലാക്കി. ദുർബലനായ വിരൂപാക്ഷനെ അധികാരസ്ഥാനത്തു നിന്ന് നീക്കി 1486-ൽ ശലുവ നരസിംഹ സിംഹാസനമേറി.[3],[8],[13]

സംഗമ വംശത്തിന്റെ അവസാനവർഷങ്ങളിലാണ് ബഹ്മനി സുൽത്താനത്ത് വിഘടിച്ച് ഡെക്കാൻ സുൽത്താനത്തുകൾ രൂപം കൊണ്ടത്. ഈ സമയത്തുതന്നേയാണ് പശ്ചിമതീരത്ത് വാസ്കോ ഡ ഗാമ വന്നെത്തിയത്.

ശലുവ വംശം(1486-1504)

[തിരുത്തുക]

അധികാരം തട്ടിയെടുത്തതിൽ ശലുവ നരംസിംഹക്ക് എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷെ സമർഥനായ ഭരണാധികാരിയായിരുന്നതിനാൽ നരസിംഹക്ക് അവയൊക്കെ അതിജീവിക്കാനായി. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലെ അധികാരം പുനഃസ്ഥാപിച്ചെടുത്തു. കുതിരകളെ ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു. തമിഴ് പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. 1491 -ൽ രണ്ടു പുത്രന്മാരുടെ ചുമതല തുളുവ ഈശ്വരയുടെ പുത്രൻ നരസ നായകയെ ഏല്പിച്ച് നരസിംഹ നിര്യാതനായി. ഇളയ പുത്രൻ ശലുവ ഇമ്മഡി നരസിംഹ രാജപദവിയേറ്റു. പക്ഷെ യഥാർഥത്തിൽ അധികാരം കൈകാര്യം ചെയ്തത് നരസ നായക ആയിരുന്നു.

നരസ നായക റെയിച്ചൂർ തുരുത്ത് വീണ്ടെടുത്തു. ശലുവ നരസിംഹ തുടങ്ങിവെച്ചിരുന്ന പല കാര്യങ്ങളും നരസ നായക പൂർത്തിയാക്കി. പശ്ചിമതീരത്ത് ഗോകർണം വരേയുളള പ്രദേശങ്ങൾ വിജയനഗര സാമ്രാജ്യത്തിന്റെ അധീനതയിൽ കൊണ്ടു വന്നു. സാമ്രാജ്യത്തിലൂടനീളം യാത്രചെയ്ത് ശാന്തിയും സമാധാനവും ഉറപ്പു വരുത്തി. 1503-ൽ നരസ നായക അന്തരിച്ചു. മൂത്ത പുത്രൻ വീര നരസിംഹ മന്ത്രിസ്ഥാനമേറ്റു.

1505-ൽ ശലുവ ഇമ്മഡി നരസിംഹ നായക കൊല്ലപ്പെട്ടു. വീര നരസിംഹ സ്വയം രാജാവായി പ്രഖ്യാപിച്ചു. അതോടെ തുളുവ വംശത്തിന്റെ വാഴ്ചക്ക് തുടക്കം കുറിക്കപ്പെട്ടു.

തുളുവ വംശം(1505-1542)

[തിരുത്തുക]
തുളുവ വംശം[1]

നരസ നായകക്ക് നാലു പുത്രന്മാർ ഉണ്ടായിരുന്നു. തിപ്പമ്മയിൽ വീര നരസിംഹയും, നാഗമാംബയിൽ കൃഷ്ണദേവരായരും, ഒബമാംബയിൽ അച്യുതരായരും രംഗനും.[1] മൂത്ത പുത്രൻ വീര നരസിംഹ നാലു വർഷം ഭരിച്ചു.ഇക്കാലത്ത് പോർത്തുഗീസുകാരുമായി സഖ്യം ചെയ്തു. പശ്ചിമതീരത്ത് താവളങ്ങൾ സ്ഥാപിക്കാനുളള അനുമതി നല്കി, അതിനു പകരമെന്നോണം, വിജയനഗര സൈന്യത്തിന് പരിശീലനം നല്കാമെന്ന് പോർത്തുഗീസുകാർ സമ്മതിച്ചു. 1509-ൽ വീര നരസിംഹ മരണമടഞ്ഞു. സഹോദരൻ കൃഷ്ണദേവരായ കിരീടമണിഞ്ഞു.

കൃഷ്ണദേവരായർ

[തിരുത്തുക]

രാജപദവിയേൽക്കുമ്പോൾ കൃഷ്ണദേവരായർക്ക് ഇരുപത്തഞ്ചു വയസ്സ് തികഞ്ഞിരുന്നില്ല. പ്രഗൽഭനായ ഭരണാധികാരിയായിരുന്നു കൃഷ്ണദേവരായർ. ബീദാർ, പെണുഗോണ്ട, ശിവസമുദ്രം, ഉദയഗിരി എന്നിവ ആക്രമിച്ചു കീഴ്പെടുത്തി. കലിംഗദേശത്തേക്ക് പടയെടുത്ത് സിംഹാദ്രിയിൽ വിജയസ്തംഭം നാട്ടി. പോർത്തുഗീസ് സഹായത്തോടെ ബഹ്മനി ആക്രമണങ്ങളെ ചെറുത്തു നിന്നു. ദക്ഷിണേന്ത്യ മുഴുവനും ഒരു കുടക്കീഴിൽ കൊണ്ടു വന്നത് കൃഷ്ണദേവരായരാണ്. വിജയനഗരം റോമിനേക്കാൾ മഹനീയമാണെന്നും കൃഷ്ണദേവരായർ കുറ്റമറ്റ ചക്രവർത്തിയാണെന്നും പോർത്തുഗീസ് സഞ്ചാരി ഡൊമിംഗോ പയസ് അഭിപ്രായപ്പെട്ടിട്ടുണ്ട്[14], [2]' എട്ടു വയസ്സുകാരനായ പുത്രനെ കൃഷ്ണദേവരായർ കിരീടാവകാശിയായി പ്രഖ്യാപിച്ചത് മന്ത്രി ശലുവ തിമ്മയെ പ്രകോപിപ്പിച്ചു, കുട്ടിക്ക് വിഷം നല്കി. [13],[8]. വിവരമറിഞ്ഞ കൃഷ്ണദേവരായർ തിമ്മയെ സകുടുംബം തുറുങ്കിലടച്ചു.അവരുടെ കണ്ണുകൾ ചൂഴ്നെനടുത്തതായി സെവൽ രേഖപ്പെടുത്തുന്നു[13]. സഹോദരൻ അച്യുതരായരെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. 1529-ൽ, കൃഷ്ണദേവരായർ നിര്യാതനായി.

അച്യുത രായർ

[തിരുത്തുക]

കുടുംബവഴക്കുകൾ മൂലം തുളുവവംശത്തിന് തളർച്ച സംഭവിച്ചു. കൃഷ്ണദേവരായരുടെ മകളുടെ ഭർത്താവ് ആയിരുന്ന അരവിഡു(അളിയ) രാമരായർ അച്യുതരായർക്കെതിരായി പല ഗൂഢാലോചനകളും നടത്തി. ഇത് ഡെക്കാൻ സുൽത്തനത്തുകൾക്ക് വിജയനഗര സാമ്രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവസരം നല്കി. ബീജാപ്പൂർ സൈനികരുടെ സഹായത്തോടെ രാമരായ അച്യുതരായരെ തടവിലാക്കി, സദാശിവയുടെ പേരിൽ ഭരണം നടത്താൻ ശ്രമിച്ചു. അധികാരത്തർക്കം ഒത്തുതീർപ്പാക്കാൻ എത്തിയത് ബീജാപ്പൂർ സുൽത്താനാണ്. അച്യുത രായർക്ക് രാജപദവിയും രാമരായർക്ക് സ്വന്തം പ്രവിശ്യകളിൽ സ്വയംഭരണവും എന്നു തീരുമാനിക്കപ്പെട്ടു. 1542-ൽ അച്യുത രായരുടെ മരണം വരെ ഈ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായില്ല.

സദാശിവ

[തിരുത്തുക]

അച്യുത രായരുടെ മരണശേഷം പ്രായപൂർത്തിയാകാത്ത പുത്രൻ ചിന്ന വെങ്കിട (വെങ്കിട ഒന്നാമൻ) സിംഹാസനാരൂഢനായി, അമ്മാവൻ സലകം തിമ്മ( ബോജ തിരുമല എന്ന് ഫരിഷ്തയുടെ രേഖകളിൽ) റീജെൻറും. സലകം തിമ്മയുടെ ഉദ്ദേശശുദ്ധിയിൽ സംശയാലുവായ രാജമാതാവു് ബീജാപ്പൂർ സുൽത്താൻ അദിൽ ഖാന്റെ സഹായം തേടി. ഏതാണ്ട് അതേ സമയത്ത് സദാശിവയുടെ (അച്യുത രായരുടെ സഹോദരൻ രംഗയുടെ പുത്രൻ) അവകാശത്തിന് മുൻതൂക്കം നല്കണമെന്ന ആവശ്യത്തോടെ അളിയരാമരായരും ബിജാപ്പൂർ സുൽത്താനെ സമീപിച്ചു.അതല്ല സലകം തിമ്മതന്നേയാണ് ബീജാപ്പൂർ സുൽത്താനെ വരുത്തിയതെന്നും മറ്റൊരഭിപ്രായമുണ്ട്. അവസരം പാഴാക്കാതെ സുൽത്താൻ വിജയനഗരം ആക്രമിച്ചു. തുടർന്നുണ്ടായ രാഷ്ട്രീയക്കുഴപ്പത്തിൽ പൊതുജനം ആകെ ഇളകി വശായി.വെങ്കിട ഒന്നാമനും മറ്റു രാജകുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. സലകം തിമ്മയെ രാജാവായി അംഗീകരിച്ച് ജനങ്ങൾ ബീജാപ്പൂർ സുൽത്താനെ തുരത്തിയോടിച്ചു. സലകം തിമ്മക്ക് പക്ഷേ അധികനാൾ സിംഹാസനത്തിൽ തുടരാനായില്ല. ദുർഭരണം നടത്തിയ സലകം തിമ്മയെ വധിച്ച് അളിയരാമരായർ സദാശിവയെ രാജാവായി വാഴിച്ചു. പക്ഷേ ശരിയായ അധികാരം രാമരായരുടെ കൈകളിലായിരുന്നു. [1] [13],[8].

റെയിച്ചൂർ തുരുത്തിന്റെ പ്രാധാന്യം

[തിരുത്തുക]
റെയിച്ചൂരിന്റെ കിടപ്പ്

വിജയനഗര സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലെ രണ്ടു നദികൾ കൃഷ്ണയും പോഷകനദിയായ തുംഗഭദ്രയും സാമ്രാജ്യത്തിന്റെ സുരക്ഷാകവചങ്ങളായിരുന്നു. അതുകൊണ്ടു ഈ നദികൾക്കിടയിലെ റെയിച്ചൂർ തുരുത്ത് (doab) അത്യന്തം തന്ത്രപ്രാധാന്യമുളള സ്ഥലമായി ഭവിച്ചു. റെയിച്ചുരിന്റെ ആധിപത്യത്തിനുവേണ്ടി വിജയനഗരരാജാക്കൻമാരും ബാഹ്മനി- ഡക്കാൻ സുൽത്തനത്തുകളും തമ്മിൽ നിരന്തരം സംഘർഷങ്ങളുണ്ടായി. റെയിച്ചുർ തുരുത്ത് വീണ്ടടുക്കാൻ കൃഷ്ണദേവരായർ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങൾ ഫെരിഷ്തയും[6] നുനെസും[3] നല്കുന്നുണ്ട്.

വിജയനഗരം: തലസ്ഥാന നഗരി

[തിരുത്തുക]
ഹംപിയിലെ ചരിത്രാവശിഷ്ടങ്ങൾ 1868-ൽ

അതി വിശാലമായ തലസ്ഥാന നഗരി വിജയനഗരത്തെപ്പറ്റി 1336-ൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ പരാമർശമുണ്ട്[8].കർണാടകയിലെ ഹംപിയിലും പരിസര പ്രദേശങ്ങളിലും ഈ നഗരിയുടെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു. 1378-ൽത്തന്നെ നഗരി അത്യന്തം പൊലിമയുളളതായിരുന്നുവെന്ന് ഫെരിഷ്ത പറയുന്നു[6]. തുംഗഭദ്രാതീരത്ത് ഹേമകുണ്ഡ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നഗരിയുടെ ചുറ്റളവ് അറുപതു മൈലാണെന്ന് 1420-21-ൽ വിജയനഗരം സന്ദർശിച്ച കോണ്ടിയും [4] ഇരുപത്തിനാലു മൈലാണെന്ന് ഫ്രഡറിക്കും[15] രേഖപ്പെടുത്തുന്നു.

ഹംപിയിലെ ശിലാരഥം

.

1440-കളിലെത്തിയ റസ്സാക്ക് കൂടുതൽ വിശദാംശങ്ങൾ നല്കുന്നു.നഗരത്തിനു ചുറ്റും ഏഴു കന്മതിലുകളുണ്ട് ഏഴാം കോട്ടക്കകത്താണ് രാജകൊട്ടാര സമുച്ചയം. ഒന്നാം കോട്ടയുടെ തെക്കും വടക്കുളള വാതിലുകൾ തമ്മിലുളള ദൂരം രണ്ടു പർസാങ് (ഏട്ടുമൈൽ[13] ) ആണ്.ഒന്നും രണ്ടും മൂന്നും കോട്ടമതിലുകൾക്കിടയിലുളള സ്ഥലങ്ങളിൽ കൃഷിയും വീടും തോട്ടങ്ങളുമുണ്ട്. മൂന്നുമുതൽ ഏഴുവരേയുളള കോട്ടമതിലുകൾക്കിടയിൽ കടകളും ബാസാറുകളു വസതികളുമുണ്ട്. ഏഴാം മതിലിനകത്ത് രാജകൊട്ടാരത്തിനു ചുറ്റുമായി സ്വർണവും രത്നങ്ങളും വിൽക്കുന്ന നാലു വലിയ മാർക്കറ്റുകളുണ്ട്. റോസാപ്പൂക്കൾ സുലഭമായിരുന്നത്രെ. ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന ദസ്സറ ആഘോഷത്തെപ്പറ്റിയും റസ്സാക്ക് പറയുന്നുണ്ട്.[4]

കൃഷ്ണദേവരായരുടെ വാഴ്ചക്കാലത്ത്, വിജയനഗരം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നപ്പോൾ സന്ദർശകനായെത്തിയ ഡൊമിംഗോ പയസും,പതിമൂന്നു വർഷങ്ങൾക്കുശേഷം വന്നെത്തിയ നുനിസും[3] തടാകങ്ങളേയുംയും നീർച്ചാലുകളേയും ഉദ്യാനങ്ങളേയും പറ്റി വിശദമായി എഴുതുന്നു.

ഭരണ സംവിധാനം

[തിരുത്തുക]

വിജയനഗര സാമ്രാജ്യത്തിൽ വംശാധിഷ്ഠിതമായ രാജഭരണമാണ് നിലവിലിരുന്നത്. അധികാരം രാജാവിൽ കേന്ദ്രീകൃതമായിരുന്നു. പക്ഷേ ഇടക്കിടെ രാജവംശങ്ങൾ മാറിക്കൊണ്ടിരുന്നു. ദുർബലരായ ഭരണകർത്താക്കൾക്ക് സ്ഥാനഭൃംശം സംഭവിച്ചു. സംഗമ വംശത്തിനും തുടർന്നു വന്ന ശാലുവ തുളുവ വംശജർക്കും ആഭ്യന്തര കലാപങ്ങൾ നിരന്തരം നേരിടേണ്ടി വന്നു. സാമ്രാജ്യം പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു. ഓരോ പ്രവിശ്യയുടെ ഉന്നതാധികാരി യുവരാജാക്കൻമാരോ രാജാവിന് ഏറ്റവും വിശ്വസ്തരായ സൈനിക മേധാവികളോ പ്രഭുക്കൻമാരോ ആയിരുന്നു. പ്രവിശ്യകൾ വീണ്ടും ഉപപ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു.ഇവയുടെ ഭരണകർത്താക്കൾ നായക എന്നറിയപ്പെട്ടു. ഭരണ സംവിധാനത്തിലെ ഏറ്റവും ചെറിയ ഘടകം ഗ്രാമമായിരുന്നു. നുനെസ് ഭരണസംവിധാനത്തെക്കുറിച്ച് വിവരങ്ങൾ തരുന്നുണ്ട്. രേഖാമൂലം ഉത്തരവുകൾ നല്കിയിരുന്നില്ലയെന്നും, കൊട്ടാര ഗുമസ്ഥന്റെ രേഖകളിൽ ആദേശങ്ങൾ എഴുതിച്ചേർക്കുകയായിരുന്നു രീതിയെന്നും നുനെസ് രേഖപ്പെടുത്തുന്നു. [3]. ശിലാലിഖിതങ്ങളിൽ പ്രധാനി, ഉപ പ്രധാനി, ശിരപ്രധാനി എന്ന് ഉദ്യോഗസ്ഥർ പല ശ്രേണികളിലായി തരം തിരിക്കപ്പെട്ടിരുന്നതായി കാണുന്നു.[16]

സൈന്യം

[തിരുത്തുക]

ഭരണ സംവിധാനത്തിൽ സൈന്യം ഒരു മുഖ്യ ഘടകമായിരുന്നു. കാരണം ആഭ്യന്തര കലാപങ്ങളും ബഹ്മനി സുൽത്തന്മാരുടേയും പിന്നീട് ഡെക്കാൻ സുൽത്തനത്തുകളുടേയും ആക്രമണങ്ങളും നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. വിജയനഗരം സന്ദർശിച്ച എല്ലാ വിദേശ സഞ്ചാരികളുടേയും വിവരണങ്ങളിൽ അതിവിപുലമായ സൈന്യശേഖരത്തെക്കുറിച്ചുളള പരാമർശങ്ങൾ ഉണ്ട്.[3] ഇതു കൂടാതെ രാജകീയാവശ്യങ്ങൾക്കായി സൈന്യങ്ങൾ പരിശീലിപ്പിച്ച് തയ്യാറാക്കി നിർത്തിയിരുന്ന ഇടപ്രഭുക്കൻമാരും ഉണ്ടായിരുന്നു. [16],[4]

സാമ്പത്തികം

[തിരുത്തുക]

ഭൂനികുതിയായിരുന്നു ഖജാനയിലേക്കുളള ഏറ്റവും വലിയ വരുമാനം. ശിലാലിഖിതങ്ങളിൽ പലതരം നികുതികളെപ്പറ്റിയും സൂചനകളുണ്ട്. കൃഷിക്കാർ അമിത നികുതിക്കെതിരെ പ്രക്ഷോഭം കൂട്ടിയതായും കാണുന്നു.[8]. എന്നിരിക്കിലും വിദേശികളുടെ യാത്രാവിവരണങ്ങളിൽ രാജ്യത്തെ സമ്പൽസമൃദ്ധിയെപ്പറ്റി വിശദമായ വിവരണങ്ങളുണ്ട്.[4]

കലാസാംസ്കാരിക മേഖലകൾ

[തിരുത്തുക]

വിജയനഗര രാജാക്കൻമാർ വിദ്യാസമ്പന്നരും കലാസാഹിത്യങ്ങളിൽ അഭിരുചിയുളളവരായിരുന്നു. സംസ്കൃതത്തിനും തെലുങ്കിനുമായിരുന്നു മുൻതൂക്കം.കൃഷ്ണദേവരായരുടെ ആമുക്തമാല്യദ [17],[18] എന്ന കാവ്യം രാജധർമത്തേയും ഭരണതന്ത്രത്തേയും കുറിച്ചു പ്രതിപാദിക്കുന്നു. ഹരിഹര രായരുടെ മന്ത്രിയായിരുന്ന സായണ്ണ വേദപണ്ഡിതനായിരുന്നു. ശൃംഗേരി മഠത്തിലെ മതാചാര്യന്മാരും മറ്റു പണ്ഡിതന്മാരും രാജദർബാറിൽ ബഹുമതികൾക്കും പുരസ്കാരങ്ങൾക്കും അർഹരായി. അരവിഡു രാജാക്കന്മാരും ഈ സമ്പ്രദായം നിലലിർത്തി. വിജയനഗര വാസ്തുകല തനതായ രീതിയിൽ വളർന്നു വികസിച്ചത് ഇക്കാലത്താണ്. . ക്ഷേത്രത്തോടു ചേർന്നുളള കല്യാണമണ്ഡപങ്ങളും, ഗോപുരകവാടങ്ങളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. മറ്റൊന്ന് കൽത്തൂണുകളിലുളള വിവിധതരം ചിത്രപ്പണികളാണ്. ഹംപിയിലെ വിഠല ക്ഷേത്രം ഇതിന് ഉത്തമോദാഹരണമാണ്. ദേവരായ രണ്ടാമന്റെ കാലത്ത് ആരംഭിച്ച ഈ ക്ഷേത്ര നിർമ്മാണം അച്യുതരായരുടെ വാഴ്ചക്കാലത്തും തുടർന്നു കൊണ്ടു പോയിരു്നനതായി കാണുന്നു.

സദാശിവയുടെ പേരിൽ ഭരണം നടത്തിയ അളിയ രാമരായരും സ്വേച്ഛാധിപതിയും കുടിലബുദ്ധിയുമായിരുന്നു. സ്വാർഥതാത്പര്യങ്ങൾ മുൻനിർത്തി ഡെക്കാൻ സുൽത്തനത്തുകളെ പരസ്പരം തമ്മിലടിപ്പിക്കാൻ രാമരായർ ശ്രമിച്ചു. ഒരളവോളം അത് സാധിച്ചെടുക്കാനായെങ്കിലും ഒടുവിൽ അത് വലിയ വിനയായി ഭവിച്ചു. ഡെക്കാൻ സുൽത്തനത്തുകൾ പരസ്പരമുളള ഭിന്നതകൾ ഒതുക്കി, ഏകോപിച്ച് വിജയനഗരത്തിനെതിരെ ആക്രമണം നടത്തി. തളിക്കോട്ടയുദ്ധത്തിൽ വിജയനഗരത്തെ അമ്പേ പരാജയപ്പെടുത്തി. [6], [1], [13],[8]

തളിക്കോട്ടയുദ്ധം

[തിരുത്തുക]
പ്രധാന ലേഖനം: തളിക്കോട്ട യുദ്ധം

ഡെക്കാൻ സുൽത്തനത്തുകളുടെ സഖ്യത്തിൽ ബേരാർ ഉണ്ടായിരുന്നെന്നും ഇല്ലെന്നും രണ്ടു പക്ഷമുണ്ട്[8]. സൈന്യസമേതം സുൽത്താന്മാർ 1564 ഡിസംബർ 26-ന് തളിക്കോട്ടയിൽ താവളമടിച്ചു. തളിക്കോട്ടയിൽ നിന്ന് മുപ്പതു മൈലകലെ കൃഷ്ണാനദിയുടെ തെക്കേക്കരയിൽ രക്ഷസി-തങ്കഡി ഗ്രാമങ്ങൾക്കിടക്കുളള സ്ഥലത്ത് വിജയനഗര സൈന്യവും. ഇവിടെ വെച്ചാണ് യുദ്ധം നടന്നത്. സൈനികമായ തയ്യാറെടുപ്പുകൾ നടത്തുന്നതു മറച്ചു വെച്ച് സുൽത്താൻമാർ സന്ധിസംഭാഷണമാരംഭിച്ചു. വിജയനഗര സാമ്രാജ്യത്തിന്റെ രണ്ടു പ്രധാന മുസ്ലീം സേനാപതികളെ വശീകരിച്ചെടുത്തതോടെ വിജയനഗരത്തിന്റെ പരാജയം ഉറപ്പാക്കപ്പെട്ടു. [1] [13],[8]. [15]നാലു മണിക്കൂറിനുളളിൽ യുദ്ധം അവസാനിച്ചു. . ലക്ഷക്കണക്കിനു പടയാളികൾ മരിച്ചു വീണു. രാമരായരുടെ ശിരസ്സ് നിസാം ഷാ ഛേദിച്ചെടുത്ത് പ്രദർശന വസ്തുവാക്കി [13],[8],[6]

നാശ നഷ്ടങ്ങൾ

[തിരുത്തുക]

ശത്രുസൈന്യം തലസ്ഥാനമാകെ കൊളളയടിച്ചു.തീവെച്ചും, ഇടിച്ചുമാറ്റിയും സംഹാരപ്രവർത്തനങ്ങൾ ആരംഭിച്ചു. അതിമനോഹരമായ നഗരം പാടേ തകർക്കപ്പെട്ടു.[6], [13], [8],[15]

അരവിഡു വംശം

[തിരുത്തുക]
അരവിഡു വംശം[1]

തളിക്കോട്ടയിലെ പരാജയത്തെപ്പറ്റിയും അരവിഡു അളിയരാമരായരുടെ മരണത്തെപ്പറ്റിയും വാർത്ത കിട്ടിയ ഉടൻ സഹോദരൻ അരവിഡു തിരുമല, നാമമാത്രരാജാവ് സദാശിവയേയും മറ്റു രാജകുടുംബങ്ങളേയും കൂട്ടി, എടുക്കാവുന്നത്ര ധനവുമായി പെണുഗുണ്ടയിലേക്ക് ഓടി രക്ഷപ്പെട്ടു[1] [13],[8]. പിന്നീട് ആറു വർഷങ്ങളോളം രാജ്യത്ത് രാഷ്ട്രിയ അനിശ്ചിതത്വവും അശാന്തിയും നടമാടി. മധുര, തഞ്ചാവൂർ, ജിഞ്ചി എന്നിവടങ്ങളിലെ നായകർ. സ്വതന്ത്രഭരണം നടത്താൻ ആരംഭിച്ചു. സദാശിവയുടെ പേരിൽ അരവിഡു തിരുമല അവരുടെ സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുത്തു. മൈസൂരിലെ വോഡയാറും, കേളഡിയിലേയും വെല്ലൂറിലേയും നായകരും സദാശിവയുടെ മേൽക്കോയ്മ സ്വീകരിച്ചു. അളിയരാമരായരുടെ പുത്രൻ, അദിൽഷായുടെ സഹായത്തോടെ ഇളയച്ഛനെതിരായി വിഫലമായ നീക്കങ്ങൾ നടത്തി.

1570-ൽ തിരുമല സ്വയം രാജാവായി പ്രഖ്യാപിച്ചതോടെ അരവിഡു വംശജരുടെ[19]ഭരണമാരംഭിച്ചു സദാശിവക്ക് എന്തു പറ്റിയെന്ന് വ്യക്തമല്ല, 1576 വരേയുളള ശിലാലിഖിതങ്ങളിൽ സദാശിവയുടെ പേരുണ്ട്. [8]. തിരുമലയുടെ നിര്യാണശേഷം മൂത്തപുത്രൻ ശ്രീരംഗയും അതിനുശേഷം ഇളയപുത്രൻ വെങ്കട ഒന്നാമനും രാജപദവിയേറ്റു. [1] [13],[8]. അരവിഡു വംശത്തിലെ എട്ടു പേർ രാജസിംഹാസനത്തിലിരുന്നു. ഇരുപത്തെട്ടു കൊല്ലം ഭരിച്ച ആറാമത്തെ രാജാവ് വെങ്കട രണ്ടാമൻ(പെദ്ദ വെങ്കട) കാര്യശേഷിയുളള ഭരണാധികാരിയാണെന്നു പറയപ്പെടുന്നു. [19],[1] [13],[8] 1614-ൽ മരണമടഞ്ഞു. പിന്നീടു വന്ന ശ്രീരംഗ ദുർബലനായിരുന്നു. രാജ്യത്ത് ആഭ്യന്തരസമരം പൊട്ടിപ്പുറപ്പെട്ടു. കർണാടക മുഴുവനും ജിഞ്ചിയും തഞ്ചാവൂരും ബീജാപ്പൂർ സുൽത്താൻ കൈയടക്കി.1674 ൽ ശ്രീരംഗയുടെ മരണത്തോടെ വിജയനഗര സാമ്രാജ്യം പൂർണമായും അസ്തമിച്ചു.

വിദേശി സന്ദർശകർ

[തിരുത്തുക]

സമ്പൽസമൃദ്ധമായ വിജയനഗരം ദേശവിദേശങ്ങളിൽ നിന്നുളള സഞ്ചാരികളെ ആകർഷിച്ചു. വിദേശി സന്ദർശകരുടെ യാത്രക്കുറിപ്പുകളിൽ വിജയനഗരത്തെ സംബന്ധിച്ച ചരിത്ര വസ്തുതകളും കൗതുകവാർത്തകളും അടങ്ങിയിരിക്കുന്നു.

സന്ദർശകൻ
സ്വദേശം സന്ദർശന കാലം വിജയനഗര രാജാവ് യാത്രാരേഖകൾ
നിക്കൊളോ കോണ്ടി ഇറ്റലി 1419-1444 ദേവരായ I ഭാഗ്യവിപര്യയങ്ങൾ ഭാഗം 4 [20],[4]
അബ്ദുർ റസ്സാക് പേർഷ്യ 1443 ദേവരായ II മത്ല ഉസ് സദൈൻ വാ മജ്മാ ഉൽ ബഹറീൻ[4]
അഥനാഷിയസ് നികിതിൻ റഷ്യ 1468-74 വിരൂപാക്ഷ II അഥനാഷിയസ് നികിതിന്റെ യാത്രകൾ[4]
ലുഡോവികോ വർതെമാ ഇറ്റലി 1502-1507 കൃഷ്ണദേവരായർ ലുഡോവികോ വർതമയുടെ യാത്രകൾ[21]
ദുവാർതെ ബർബോസ പോർത്തുഗൽ 1504-1514 കൃഷ്ണദേവരായർ ദുവാർതെ ബർബോസയുടെ പുസ്തകം [22]
ഡൊമിംഗോ പയസ് പോർത്തുഗൽ 1520 കൃഷ്ണദേവരായർ പയസിന്റെ യാത്രക്കുറിപ്പുകൾ[2]
ഗാർസിയാ ഡ ഒർത പോർത്തുഗൽ 1534 അച്യുതരായ ഇന്ത്യയിലെ ലഘുഔഷധികളെപ്പറ്റി[23]
ഫെർണോ നുനെസ് പോർത്തുഗൽ 1536-37 അച്യുതരായ ഫെർണോ നുനെസിന്റെ യാത്രക്കുറിപ്പുകൾ [3]
സീസറോ ഫ്രഡെറികോ ഇറ്റലി 1567 സദാശിവ ഫ്രെഡറിസിയുടെ യാത്രകൾ[15]
പിട്രോ ഡെല്ല വെല്ലി ഇറ്റലി 1623 രാമദേവരായ II പീട്രോ ഡെലാ വല്ലെയുടെ യാത്രകൾ [24]

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 വിജയനഗര സാമ്രാജ്യം- ചരിത്രസ്രോതസ്സുകൾ അയ്യങ്കാർ (1919)
  2. 2.0 2.1 2.2 പയസിന്റെ യാത്രാവിവരണങ്ങൾ(പരിഭാഷ സെവെൽ)
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 നുനെസിന്റെ യാത്രക്കുറിപ്പുകൾ (പരിഭാഷ- സെവെൽ)
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 ഇന്ത്യ പതിനഞ്ചാം ശതകത്തിൽ അബ്ദുർ റസാക്, നിക്കോളോ കോണ്ടി, അഥനാഷ്യസ് നികിതിൻ, സാൻറോ സ്റ്റെഫാനോ എന്നിവരുടെ യാത്രാവിവരണങ്ങൾ
  5. ഇബ്നു ബത്തൂത്തയുടെ യാത്രകൾ
  6. 6.0 6.1 6.2 6.3 6.4 6.5 6.6 ഡക്കാന്റെ ചരിത്രം-ഫരിഷ്ത
  7. തുളുവ വംശം - സർവ്വവിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]
  8. 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 8.11 8.12 8.13 8.14 8.15 8.16 8.17 8.18 8.19 8.20 8.21 Nilakanta Sastri (1970). An advanced Histroy of India. Allied Publishers.
  9. 9.0 9.1 9.2 9.3 ദക്ഷിണേന്ത്യയിലെ മുസ്ളീം ആക്രമണങ്ങൾ എസ്.കെ അയ്യങ്കാർ 1921
  10. താരിഖ് ഇ-അലായ്-അമീർ ഖുസ്രോ
  11. മധുരയുടെ ചരിത്രം
  12. "മധുരാ വിജയം". Archived from the original on 2012-10-24. Retrieved 2021-08-18.
  13. 13.00 13.01 13.02 13.03 13.04 13.05 13.06 13.07 13.08 13.09 13.10 13.11 13.12 13.13 13.14 വിജയ നഗരം- ഒരു വിസ്മൃത സാമ്രാജ്യം: സെവെൽ 1900
  14. Azhikode, Sukumar (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 28. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  15. 15.0 15.1 15.2 15.3 ഇന്ത്യായാത്രകൾ ഫെഡെറിസി 1537
  16. 16.0 16.1 T. V. Mahalingam (1975). Administration and Social Life Under Vijayanagar. University of Madras edition=2. {{cite book}}: Missing pipe in: |publisher= (help)
  17. ആമുക്തമാല്യദ
  18. The Giver of the Worn Garland KRISHNADEVARAYA'S AMUKTAMALYADA. Penguin Books. 1967. ISBN 9788184753059.
  19. 19.0 19.1 അരവിഡു വംശം
  20. "ഭാഗ്യവിപര്യയങ്ങൾ ഭാഗം 4" (PDF). Archived from the original (PDF) on 2016-03-03. Retrieved 2014-10-02.
  21. ലുഡോവികോ വർതമയുടെ യാത്രകൾ
  22. ബർബോസയുടെ പുസ്തകം
  23. ഇന്ത്യയിലെ ലഘുഔഷധികളെപ്പറ്റി
  24. പീട്രോ ഡെലാ വല്ലെയുടെ യാത്രകൾ
"https://ml.wikipedia.org/w/index.php?title=വിജയനഗര_സാമ്രാജ്യം&oldid=3811497" എന്ന താളിൽനിന്ന് ശേഖരിച്ചത്