Jump to content

അഖിലേന്ത്യയുടെ മെത്രാപ്പോലീത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിഴക്കിന്റെ സഭയുടെ ഇന്ത്യാ മെത്രാസനത്തിന്റെ അദ്ധ്യക്ഷസ്ഥാനമാണ് അഖിലേന്ത്യയുടെ മെത്രാപ്പോലീത്ത. ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയും കവാടവും എന്നായിരുന്നു ഈ സ്ഥാനത്തിന്റെ മുഴുവൻ ശീർഷകം.[1][2][3][4][5]

ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയും വാതിലും
സ്ഥാനം
പ്രവിശ്യഇന്ത്യയും ചൈനയും ദ്വീപുസമൂഹങ്ങളും
മെത്രാസനംഇന്ത്യ
അർക്കദ്യാക്കോൻഅഖിലേന്ത്യയുടെ അർക്കദിയാക്കോൻ
വിവരണം
സഭാശാഖകിഴക്കിന്റെ സഭ
ആചാരക്രമംകൽദായ ആചാരക്രമം

ഇന്ത്യയുടെ മെത്രാപ്പോലീത്തമാർ

[തിരുത്തുക]

ബസ്റയിലെ മാർ ദാവീദ് (ക്രി. വ. 298)

[തിരുത്തുക]

സീർട്ടിന്റെ നാളാഗമത്തിൽ പരാമർശിക്കപ്പെടുന്ന ഒരു സഭാധ്യക്ഷനാണ് ബസ്റയിലെ മാർ ദാവീദ് അഥവാ മാർ ദുദി. ശാഹ്‌ലൂഫയുടെയും പാപ്പായുടെയും ഭരണകാലത്ത് ബസ്റയിലെ മെത്രാപ്പോലീത്ത ആയിരുന്ന ഇദ്ദേഹം ഇന്ത്യയിലേക്ക് വന്ന് മതപ്രചരണം നടത്തുകയും നിരവധിപ്പേരെ അനുയായികൾ ആക്കുകയും ചെയ്തതായി മേൽപ്പറഞ്ഞ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു.

ക്നായി തോമാ

[തിരുത്തുക]

ക്രി. വ. 345ൽ കേരളത്തിലേക്ക് വന്നു എന്ന് കരുതപ്പെടുന്ന ഒരു ക്രൈസ്തവ വർത്തക പ്രമാണിയാണ് ക്നായി തോമാ. എട്ടാം നൂറ്റാണ്ടിലോ അല്ലെങ്കിൽ അതിന് ശേഷമോ ആണ് ഇദ്ദേഹം വന്നത് എന്ന് മറ്റ് ചില ഭാഷ്യങ്ങൾ നിലവിലുണ്ട്. ചരിത്രകാരന്മാർ പലരും ഈ അനുമാനം ശരിവയ്ക്കുന്നു. ഇദ്ദേഹം യഥാർത്ഥത്തിൽ ഒരു ബിഷപ്പായിരുന്നു എന്ന് കരുതുന്നവരുണ്ട്. ക്നായി തോമായ്ക്ക് കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാളിൽ നിന്ന് ലഭിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന രാജകീയ അവകാശങ്ങൾ അടങ്ങിയ ചെമ്പ് പട്ടയങ്ങൾ അഥവാ ക്നായിത്തൊമ്മൻ ചെപ്പേടുകൾ നിലവിലില്ല. നഷ്ടപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ ചെമ്പ് ശാസനത്തിന്റെ അവ്യക്തമായ ഒരു പോർച്ചുഗീസ് തർജ്ജമ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ട് ക്നായി തോമായെ ഒരു ഐതിഹാസിക വ്യക്തിത്വമായി, ഒരു സാങ്കൽപ്പിക കഥാപാത്രമായി പോലും, കണക്കാക്കുന്നവരുടെ എണ്ണം ചെറുതല്ല.

മാർ സാബോർ, മാർ അഫ്രോത്ത്

[തിരുത്തുക]

കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ വിശുദ്ധന്മാരായി ഗണിക്കപ്പെടുന്ന രണ്ട് മെത്രാന്മാരാണ് മാർ സാബോർ, മാർ അഫ്രോത്ത് എന്നിവർ. 823ലാണ് ഇവർ കേരളത്തിൽ എത്തിച്ചേർന്നത് എന്ന് കരുതപ്പെടുന്നു. കൊല്ലം തുടങ്ങി കേരളത്തിലെ നിരവധി ക്രൈസ്തവ പള്ളികൾ സ്ഥാപിച്ചതും ബലപ്പെടുത്തിയതും ഇവരാണെന്ന് വിശ്വസിക്കപ്പെടുന്നു. കൊല്ലം പട്ടണം, അവിടെയുണ്ടായിരുന്ന തരിസാപ്പള്ളി, കൊല്ലം പട്ടണത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട കൊല്ലവർഷം എന്നിവയുടെ സ്ഥാപകൻ തരിസാപ്പള്ളി ശാസനത്തിൽ രേഖപ്പെടുത്തപ്പെട്ട ഈശോ ദ് താപിർ അല്ലെങ്കിൽ ശാസനം ഏറ്റുവാങ്ങിയ മറുവാൻ സാപിർ ഈശോ എന്ന മേൽപ്പറഞ്ഞ മാർ സാബോർ ആണെന്ന് വിശ്വസിക്കപ്പെടുന്നു.[6][7] തരീസാപ്പള്ളി ശാസനത്തിലെ പാഹ്ലവി കൈയ്യൊപ്പുകളിൽ ഒന്ന് മാർ അപ്രോത്തിന്റേതാകാം. ദക്ഷിണേന്ത്യയിൽ നിന്ന് ലഭിച്ചിട്ടുള്ള മാർത്തോമാ സ്ലീവാകളിൽ അഥവാ പാഹ്ലവി ആലേഖിത കൽക്കുരിശുകളിൽ എഴുതപ്പെട്ടിരിക്കുന്ന പാഹ്ലവി ലിഖിതത്തിന്റെ വിവിധ വ്യാഖ്യാനങ്ങളിൽ സാപോർ, അപ്രോത്ത് തുടങ്ങിയ പേരുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.[8]

മാർ യോഹന്നാൻ (880)

[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് എഴുത്തുകാരിൽ ഒരാളായ ഡിയോഗോ ഡോ കൂട്ടോ രേഖപ്പെടുത്തുന്നത് അനുസരിച്ച്, സാപോർ, അഫ്രോത്ത് പിതാക്കന്മാരുടെ കാലശേഷം ഇന്ത്യയിൽ നിന്ന് മെസൊപ്പൊട്ടേമിയയിലേക്ക് സഭയുടെ ഒരു പ്രതിനിധി സംഘം പോയി. അക്കാലത്ത് സഭയിൽ പൗരോഹിത്യ ശ്രേണിയിൽ അവശേഷിച്ചത് ഒരു മ്ശംശാന മാത്രമായിരുന്നു. വൈദിക പട്ടം ഏറ്റവരുടെ അഭാവം മൂലം കുർബാന അടക്കമുള്ള കൂദാശകൾ അദ്ദേഹം തന്നെ പരികർമ്മം ചെയ്തുവന്നു. സഭയ്ക്കായി പുതിയ മെത്രാപ്പോലീത്തയെ തേടുന്നതിനാണ് പ്രതിനിധിസംഘം അവിടേക്ക് പോയത്. തുടർന്ന് കാതോലിക്കോസ് ഇന്ത്യയ്ക്കായി യോഹന്നാൻ എന്ന മെത്രാപ്പോലീത്തയെ അഭിഷേകം ചെയ്ത് അയച്ചു. അദ്ദേഹത്തോടൊപ്പം മാർ ദുവാ, മാർ തോമാ എന്നീ രണ്ട് ബിഷപ്പുമാരെയും അയച്ചു. നിയമനം അനുസരിച്ച് അവരിൽ മാർ ദുവാ സോകോത്ര ദ്വീപിലേക്കും മാർ തോമാ ദക്ഷിണ ചൈന അഥവാ 'മാസിൻ' എന്നിവിടങ്ങളിലേക്ക് പോയി. യോഹന്നാൻ കൊടുങ്ങല്ലൂരിനെ തന്റെ മെത്രാസനത്തിന്റെ ആസ്ഥാനമാക്കി. കാതോലിക്കോസ് ഏനോഷിന്റെ കാലത്താകാം ഇത് സംഭവിച്ചത്.

മാർ യോഹന്നാൻ (1122)

[തിരുത്തുക]
പ്രെസ്റ്റർ ജോൺ, ഒരു ചിത്രീകരണം

1122-ൽ, ഇന്ത്യയുടെ മെത്രാപ്പോലീത്ത ആയിരുന്നു മാർ യോഹന്നാൻ. ഇദ്ദേഹം തന്റെ സാമന്ത ബിഷപ്പുമാരോടൊപ്പം കോൺസ്റ്റാന്റിനോപ്പിളിലേക്കും അവിടെ നിന്ന് റോമിലേക്കും പോയി, കാലിക്സ്റ്റസ് രണ്ടാമൻ മാർപ്പാപ്പയിൽ നിന്ന് പാലിയം സ്വീകരിച്ചതായും മൈലാപ്പൂരിലെ മാർ തോമാ ശ്ലീഹായുടെ കബറിടത്തിൽ നടന്ന അത്ഭുതങ്ങൾ അദ്ദേഹം മാർപ്പാപ്പയോടും കർദ്ദിനാൾമാരോടും വിവരിച്ചതായും പറയപ്പെടുന്നു.[9][10] ഇതിന്റെ ചരിത്രപരത സ്ഥിരീകരിക്കാവുന്ന പ്രാഥമിക ചരിത്ര രേഖകൾ ലഭ്യമല്ലെങ്കിലും പല പിൽക്കാല രേഖകൾ ഈ പാരമ്പര്യം പരാമർശിക്കുന്നുണ്ട്. പ്രെസ്റ്റർ ജോൺ എന്നപേരിൽ യൂറോപ്പിൽ പ്രസിദ്ധനായ ഇന്ത്യൻ ക്രൈസ്തവ പുരോഹിതൻ ഇദ്ദേഹമാണെന്ന് ഗണിക്കപ്പെടുന്നു. 1160കളിൽ പ്രെസ്റ്റർ ജോണിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു കത്ത് പ്രത്യക്ഷപ്പെട്ടു. അടുത്ത ഏതാനും നൂറ്റാണ്ടുകളിൽ ഈ കത്തിന്റെ നൂറിലധികം വ്യത്യസ്ത പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. മിക്കപ്പോഴും, കത്ത് റോമിലെ ബൈസന്റൈൻ ചക്രവർത്തിയായ ഇമ്മാനുവൽ ഒന്നാമനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. മറ്റ് ചിലത് മാർപ്പാപ്പയെയോ ഫ്രാൻസിലെ രാജാവിനെയോ അഭിസംബോധന ചെയ്യുന്നവയും.[11]

ഈ കത്തുകളിൽ നിരവധി തവണ ഇന്ത്യയെ കുറിച്ച് പരാമർശം ഉണ്ട്. പൗരാണിക കാലത്ത് ഇന്ത്യ എന്ന് നിരവധി വ്യത്യസ്ത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും കത്തുകളിൽ ഒന്നിൽ കാലിക്കറ്റ് പരാമർശിച്ചിരിക്കുന്നു. മലബാർ തീരത്തെ തുറമുഖമായ കോഴിക്കോടാണ് ഇത് എന്ന് അനുമാനിക്കപ്പെടുന്നു. ഇന്ത്യയിലാണ് മാർത്തോമാ ശ്ലീഹായുടെ കബറിടം എന്നും കത്തുകളിൽ ചിലതിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഇതിൽനിന്ന് ആധുനിക ഇന്ത്യ പ്രത്യേകിച്ച് അതിൻറെ തെക്കൻ മേഖല ആണ് കത്തിൽ പരാമർശിക്കപ്പെടുന്ന ഇന്ത്യ എന്ന് കണക്കാക്കപ്പെടുന്നു. കത്തുകളിൽ ചിലതിൽ ഇന്ത്യയിൽ മാർത്തോമായുടെ ഓർമ്മ ദിനം പെരുന്നാൾ ആയി ആചരിക്കപ്പെടുന്നു എന്നും പരാമർശം ഉണ്ട് കേരളത്തിലെ മാർത്തോമാ നസ്രാണികൾ ആചരിക്കുന്ന ദുക്റാന പെരുന്നാളാണ് ഇത് എന്ന് അനുമാനിക്കപ്പെടുന്നു ഇതിനു പുറമേ കുരുമുളക് കൃഷിയെക്കുറിച്ചും കത്തുകളിൽ പലയിടത്തും പരാമർശിക്കപ്പെടുന്നു അക്കാലത്ത് കുരുമുളകിൻറെ പ്രധാന ഉൽപാദന കേന്ദ്രം മലബാർ തീരം ആയിരുന്നു എന്ന വസ്തുതയും ഈ വാദഗതിയെ സാധൂകരിക്കുന്നു.[12]

മാർ യാക്കോവ് (1301)

[തിരുത്തുക]

1301ൽ ഇന്ത്യയിൽ വെച്ച് എഴുതപ്പെട്ട ഒരു ചരിത്രരേഖയിൽ പരാമർശിക്കപ്പെടുന്ന സഭാധ്യക്ഷനാണ് മാർ യാക്കോവ്. വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളുടെ സുറിയാനിയിലുള്ള ഒരു വായനാപുസ്കതമാണ് മേൽപ്പറഞ്ഞ ചരിത്രരേഖ. രാജനഗരമായ ശെംഗലയിലെ മാർ കുര്യാക്കോസ് സഹാദായുടെ പള്ളിയിൽ വെച്ച് എഴുതപ്പെട്ടതാണ് ഇത് എന്ന് പുസ്തകത്തിന്റെ മുഖവുരയിൽ പരാമർശിക്കപ്പെടുന്നു. കൊടുങ്ങല്ലൂർ ആണ് ശെംഗല എന്ന് അനുമാനിക്കപ്പെടുന്നു. പൗരസ്ത്യ കാതോലിക്കോസ് പാത്രിയർക്കീസ് തുർക്കി വംശജനായ മാർ യാഹ്ബാലാഹായുടെയും അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലുമായ മാർ യാക്കോവിന്റെയും കാലത്താണ് ഇത് എഴുതപ്പെട്ടത് എന്നും പുസ്തകത്തിന്റെ പകർത്തിയെഴുത്തുകാരനായ സഖറിയാ ബർ യൗസേപ്പ് ബർ സഖറിയാ രേഖപ്പെടുത്തിയിരിക്കുന്നു.[13]

മാർ യോഹന്നാൻ, മാർ തോമാ (1490)

[തിരുത്തുക]

1490ൽ മലബാറിലെ മാർത്തോമാ നസ്രാണികൾ താങ്കളുടെ പ്രതിനിധികളായി മൂന്ന് പേർ മെസൊപ്പൊട്ടാമിയയിലേക്ക് അയച്ചു. ഗീവർഗീസ്, മഥ്യാസ്, യൗസേപ്പ് എന്നിവരായിരുന്നു അവർ. ഇവർ പൗരസ്ത്യ കാതോലിക്കോസിനെ കണ്ട് ഇന്ത്യയിലേക്ക് മെത്രാന്മാരെ തേടാൻ മെസൊപ്പൊട്ടാമിയയിലെ ഗസ്സാർതയിൽ എത്തിച്ചേർന്നു. കാതോലിക്കോസ് ശിമയോൻ നാലാമൻ അവരെ വൈദികരായി അഭിഷേകം ചെയ്യുകയും അവരുടെ അപേക്ഷ സ്വീകരിച്ച് രണ്ട് റമ്പാന്മാരെ തിരഞ്ഞെടുത്ത് മാർ യോഹന്നാൻ, മാർ തോമാ എന്നീ പേരുകളിൽ ബിഷപ്പുമാരായി വാഴിച്ച് അവരോടൊപ്പം ഇന്ത്യയിലേക്ക് അയച്ചു. രണ്ടുപേരുടെയും ആദ്യത്തെ പേര് യൗസേപ്പ് എന്നായിരുന്നു. മാർ ഔഗേൻ ആശ്രമത്തിലെ രണ്ട് സന്യാസിമാർ ആയിരുന്നു അവർ. ഇവരിൽ മാർ യോഹന്നാൻ ഇന്ത്യയിൽ തന്നെ തുടർന്ന് സഭാഭരണം ഏറ്റെടുത്തു. മെസപ്പൊട്ടാമിയയിലേക്ക് യാത്ര ചെയ്ത മൂന്നു വൈദികരിൽ ഒരാളും പകലോമറ്റം കുടുംബാംഗവുമായ ഗീവർഗീസിനെ തന്റെ അർക്കദിയാക്കോനായി അദ്ദേഹം നിയമിച്ചു. അതേസമയം മാർ തോമാ യൗസേപ്പ് എന്ന വൈദികനോടൊപ്പം കാതോലിക്കോസിന്റെ അടുക്കലേക്ക് തിരിച്ചു പോയി. ഈ വൈദികനാണ് പ്രസിദ്ധനായ ഇന്ത്യക്കാരൻ യൗസേപ്പ്. കാതോലിക്കോസിന്റെ കാലശേഷമാണ് മാർ തോമാ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.[14] മാർ യോഹന്നാന്റെ കാലം മാർത്തോമാ നസ്രാണികൾക്ക് വളരെ നിർണായകമായിരുന്നു. കൊടുങ്ങല്ലൂരിൽ ആസ്ഥാനം നിലനിർത്താൻ ശ്രമിച്ച അദ്ദേഹത്തിന് അവിടെ വലിയ പ്രതിസന്ധികൾ നേരിട്ടു. പ്രാദേശിക രാജാവിന്റെ പിന്തുണയോടെ വടക്ക് നിന്നുള്ള മുസ്ലിമുങ്ങൾ കൊടുങ്ങല്ലൂർ ആക്രമിക്കുകയും ക്രൈസ്തവ പള്ളികൾ ആക്രമിച്ച് നശിപ്പിച്ചും വൈദികരെ കൊലപ്പെടുത്തിയും ഇദ്ദേഹത്തിന്റെ അവിടത്തെ ഭരണകാലം കഠിനമാക്കുകയും ചെയ്തു.[15] ഇതിനേത്തുടർന്ന് നസ്രാണികൾ പ്രാദേശികമായി പോർച്ചുഗീസുകാരുമായി സഖ്യത്തിൽ എത്തിച്ചേർന്നു.[16][17] 1502ൽ കിഴക്കിന്റെ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാർ ഏലിയ അഞ്ചാമനെ മാർ തോമാ സന്ദർശിച്ചു. ഇദ്ദേഹം മലബാറിലേക്ക് തിരിച്ചു വന്നപ്പോൾ ഏലിയാ അഞ്ചാമൻ ഇന്ത്യക്കുവേണ്ടി തിരഞ്ഞെടുത്തു വാഴിച്ച മൂന്നു ബിഷപ്പുമാർ കൂടി ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.[18][14]

മാർ യാഹ്ബാലാഹാ (1504)

[തിരുത്തുക]

1502ൽ പൗരസ്ത്യ കാതോലിക്കോസ് സ്ഥാനത്ത് ആരോഹിതനായ മാർ ഏലിയാ അഞ്ചാമൻ ഇന്ത്യയിലേക്ക് മൂന്ന് ബിഷപ്പുമാരെ നിയമിച്ച് അയച്ചു. മാർ യാഹ്ബാലാഹാ, മാർ യാക്കോവ്, മാർ ദനഹാ എന്നിവരായിരുന്നു അവർ. അവരോടൊപ്പം മാർ തോമായും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. മലബാറിൽ എത്തിയ ഇവരെ നസ്രാണികൾ വിശുദ്ധ പിതാക്കന്മാർ എന്ന അർത്ഥം വരുന്ന മാറാബ്ബാന്മാർ എന്ന് വിളിച്ചു.[19] മാർ യാഹ്ബാലാഹാ ആണ് മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടത്. റമ്പാൻ ദാവീദ് അറീഖ എന്നാണ് ഇദ്ദേഹം ഇതിനുമുമ്പ് അറിയപ്പെട്ടിരുന്നത്. ഇവർ കേരളത്തിൽ എത്തിയപ്പോൾ മാർ യോഹന്നാനെ കണ്ടുമുട്ടിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മാർ യാഹ്ബാലാഹാ, മാർ തോമാ, മാർ യാക്കോവ്, മാർ ദനഹാ എന്നിവർ കാതോലിക്കോസിനെ അഭിസംബോധന ചെയ്ത് എഴുതി അയച്ച കത്ത് അക്കാലത്തെ കേരളത്തെക്കുറിച്ചും നസ്രാണികളുടെയും വിവരണം നൽകുന്ന സുപ്രധാന രേഖയാണ്.[20]

മാർ യാക്കോവ് ആവൂനാ

[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന പൗരസ്ത്യ സുറിയാനി ബിഷപ്പാണ് മാർ യാക്കോബ്. കിഴക്കിന്റെ സഭയുടെ പരമാധ്യക്ഷൻ ആയിരുന്ന ഏലിയ അഞ്ചാമൻ ഇന്ത്യയിലേക്ക് നിമിച്ച് അയച്ച മെത്രാന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. റമ്പാൻ മസൂദ് എന്നായിരുന്നു ഇതിനുമുമ്പ് ഇദ്ദേഹത്തിൻറെ പേര്. പോർച്ചുഗീസ് മിഷണറിമാർ സുറിയാനി നസ്രാണികളുടെ സഭാഭരണത്തിൽ ഇടപെടാൻ തുടങ്ങിയത് ഇദ്ദേഹത്തിൻറെ കാലത്താണ്. ചില പോർച്ചുഗീസ് രേഖകളിൽ ആവൂനാ എന്ന പേരിലും ഇദ്ദേഹം വിളിക്കപ്പെടുന്നു. 1524ലെ മുസ്ലിങ്ങളുടെ കൊടുങ്ങല്ലൂർ ആക്രമണത്തിൽ കൊടുങ്ങല്ലൂരിലെ സുറിയാനി ക്രിസ്ത്യാനികളും യഹൂദരും കൊല്ലപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തതോടെ പോർച്ചുഗീസുകാരുമായി സഹകരണത്തിൽ കഴിയാൻ ഇദ്ദേഹം നിർബന്ധിതനായി.[21] തന്റെ അവസാനകാലത്ത് പോർച്ചുഗീസ് ഫ്രാൻസിസ്കൻ മിഷണറിമാരുടെ ആശ്രിതനായി ആണ് ഇദ്ദേഹം ജീവിച്ചത്.[22] ഇദ്ദേഹത്തോടൊപ്പം നിയമിക്കപ്പെട്ട് അയയ്ക്കപ്പെട്ട മാർ ദെനഹ അതേസമയം ഉൾനാടൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോർച്ചുഗീസുകാരെയും മാർ യാക്കോവിന്റെ നയങ്ങളെയും എതിർത്തുകൊണ്ട് നസ്രാണികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്നു.[23][24]

മുട്ടുച്ചിറ പള്ളിയിലെ ശിലാലിഖിതം. ഇതിൽ മാർ ആവൂ (യാക്കോവ് ആവൂനാ), മാർ താന (മാർ ദെനഹാ) എന്നീ മെത്രാന്മാർ ചേർന്ന് പള്ളിയിൽ കുരിശ് സ്ഥാപിച്ചത് വിവരിച്ചിരിക്കുന്നു.

മാർ ദെനഹാ

[തിരുത്തുക]

കിഴക്കിന്റെ കാതോലിക്കോസ് മാർ ഏലിയാ അഞ്ചാമൻ ഇന്ത്യയിലേക്ക് അയച്ച മൂന്ന് ബിഷപ്പുമാരിൽ ഏറ്റവും ഇളയ ആളായിരുന്നു മാർ ദെനഹാ. മെത്രാഭിഷേകത്തിനു മുമ്പ് ഇദ്ദേഹത്തിൻറെ പേര് റമ്പാൻ ഗീവർഗീസ് എന്നായിരുന്നു. മാർ യാക്കോവ് ആവൂന കൊടുങ്ങല്ലൂർ ആസ്ഥാനമാക്കിയപ്പോൾ ഇദ്ദേഹം കൊല്ലം പട്ടണം തന്റെ ആസ്ഥാനമാക്കി പ്രവർത്തിച്ചു. പോർച്ചുഗീസുകാർ മാർത്തോമാ നസ്രാണികളുടെ ഇടയിൽ നടത്തുന്ന ഇടപെടലുകളെയും അവരെ കത്തോലിക്കാ സഭയിൽ ചേർക്കാനുള്ള പരിശ്രമങ്ങളെയും ഇദ്ദേഹം ശക്തമായി പ്രതിരോധിച്ചിരുന്നു. ഇതുകൊണ്ട് പോർച്ചുഗീസുകാർ തന്നെ തടവിലാക്കുമോ എന്ന ഭയം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻറെ ഈ ആശങ്ക യാഥാർത്ഥ്യമാവുകയും പോർച്ചുഗീസുകാർ അദ്ദേഹത്തെ പിടികൂടി ഗോവയിൽ തടങ്കലിൽ ആക്കുകയും ചെയ്തു.[25] കുറച്ചു കാലം മാർ ദെനഹാ ഗോവയിൽ തടവിൽ കഴിഞ്ഞു. അതിനുശേഷം അവിടെ നിന്ന് രക്ഷപ്പെട്ട് മലബാറിൽ എത്തി. കൊല്ലത്തും കൊടുങ്ങല്ലൂരും പോർച്ചുഗീസുകാർ സ്വാധീനമുറപ്പിച്ചതാനാൽ നസ്രാണികൾ അധികമുള്ള ഉൾനാടൻ പ്രദേശങ്ങളിലേക്ക് ഇദ്ദേഹം താമസം മാറ്റി. യാക്കോവ് ആവൂന പോർച്ചുഗീസുകാരുമായി സൗഹാർദ്ദത്തിൽ എത്തിച്ചേർന്നത് ഇദ്ദേഹം എതിർത്തു. ഇത് രണ്ട് മെത്രാന്മാരും തമ്മിലുള്ള ഭിന്നതയിലേക്ക് നയിച്ചു.[22][26][25] കുറെയധികം കാലം കടമറ്റം പള്ളി കേന്ദ്രീകരിച്ചാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. അവിടെ വലിയ ജനകീയ പിന്തുണ ആർജ്ജിച്ച അദ്ദേഹം ചില വൈദികരെയും മറ്റും പേർഷ്യൻ വൈദ്യം, മന്ത്രവാദം, ഭൂതോച്ചാടനം എന്നിവ അഭ്യസിപ്പിച്ചിരുന്നു.[27] മാർ ദെനഹായുടെ മരണാനന്തരം കടമറ്റം പള്ളിയിൽ ഭൗതികദേഹം കബറടക്കപ്പെട്ടു.[28][29][30]

കടമറ്റം പള്ളിയുടെ മദ്ബഹയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന മാർ ദെനഹയുടെ കല്ലറ.[31] പ്രാദേശിക ക്രൈസ്തവരുടെ ഇടയിൽ ഇത് കടമറ്റത്ത് കത്തനാരുടേതാണെന്നും[32] മാർത്തോമാ ഒൻപതാമന്റേതാണെന്നും[33] രണ്ട് വാദങ്ങളുണ്ട്

മാർ യൗസേപ്പ് സൂലാഖ

[തിരുത്തുക]

കൽദായ കത്തോലിക്കാ സഭയിൽ നിന്ന് കേരളത്തിൽ എത്തിയ ആദ്യ മെത്രാപ്പോലീത്തയാണ് മാർ യൗസേപ്പ്. 1552ൽ സഭയുടെ സ്ഥാപക പാത്രിയർക്കീസ് ആയിത്തീർന്ന ശിമയോൻ എട്ടാമൻ യോഹന്നാൻ സൂലാഖയുടെ സഹോദരനായിരുന്നു ഇദ്ദേഹം.[34] 1555നുശേഷം പാത്രിയർക്കീസ് അബ്ദീശോ നാലാമനാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നിയമിച്ച് അയച്ചത്. പാത്രിയർക്കീസിന്റെ പ്രതിനിധിയായി മാർ ഏലിയ എന്ന മറ്റൊരു മെത്രാപ്പോലീത്തയോടും രണ്ട് ലത്തീൻ കത്തോലിക്കാ ഡൊമിനിക്കൻ സന്യാസികളോടും ഒപ്പമാണ് ഇദ്ദേഹത്തെ അയച്ചത്. എന്നാൽ ഇന്ത്യയിലെത്തിയ യൗസേപ്പിനെയും സഹചാരികളെയും പോർട്ടുഗീസ് മിഷനറിമാർ തടഞ്ഞു.[35] ഇന്ത്യയിലെ മുഴുവൻ ക്രിസ്ത്യാനികളും പോർട്ടുഗീസ് രാജാവ് നിയമിക്കുന്ന ഗോവാ മെത്രാപ്പോലീത്തയുടെ അധികാരത്തിൻ കീഴിൽ ആണ് എന്നാണ് മിഷനറിമാർ അവകാശപ്പെട്ടിരുന്നത്. സുറിയാനി മെത്രാന്മാർ തങ്ങളുടെ നിയമപരമായ അധികാരമേഖലയിൽ അതിക്രമിച്ചുകയറാൻ ശ്രമിക്കുന്നു എന്ന് അവർ വാദിച്ചു. അവർ യൗസേപ്പിനെയും മറ്റ് മൂന്നുപേരെയും ഗോവയിൽവച്ച് പിടികൂടി തടവിലാക്കി. മാർ അബ്രാഹം എന്ന സ്വതന്ത്ര പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തയുടെ മലബാറിലെ ഇടപെടലുകൾ തടയാൻ പോർട്ടുഗീസുകാർ മാർ യൗസേപ്പിനെ മലബാറിലേക്ക് അയക്കാൻ തീരുമാനിച്ചു. അങ്ങനെ തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട് മാർ യൗസേപ്പും മാർ ഏലിയായും മലബാറിൽ എത്തിച്ചേർന്നു. മലബാറിലെ സുറിയാനി പള്ളികളിലെ സന്ദർശനത്തിന് ശേഷം പാത്രിയർക്കീസിനുള്ള നസ്രാണികളുടെ സമ്മാനങ്ങളുമായി മാർ ഏലിയാ അസ്സീറിയയിലേക്ക് തിരിച്ചു പോവുകയും പാത്രിയർക്കീസിനെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും പിന്നീട് മാർപ്പാപ്പയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അധികം വൈകാതെ മാർ അബ്രാഹം തടവിലാക്കപ്പെട്ടു. കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞ അദ്ദേഹത്തെ മിഷനറിമാർ അസ്സീറിയയിലേക്ക് മടക്കിയയച്ചു. അതേസമയം മാർ യൗസേപ്പിന്റെമേൽ നെസ്തോറിയൻ പാഷണ്ഡത ആരോപിച്ച് ഇദ്ദേഹത്തെ ഗോവയിലെ മതവിചാരണക്കോടതിയിൽ ഹാജരാക്കി. അവിടെ നിന്നും ലിസ്ബണിലേക്ക് അയയ്ക്കപ്പെട്ട ഇദ്ദേഹത്തിന് പോൾ നാലാമൻ മാർപ്പാപ്പയുടെ അനുകൂലമായ ഒരു കത്ത് ലഭിച്ചു. ഇതനുസരിച്ച് 1564ഓടെ മാർ യൗസേപ്പ് മലബാറിൽ മടങ്ങിയെത്തി. മലബാറിൽ സഭാഭരണം ഏറ്റെടുത്ത മാർ യൗസേപ്പ് പള്ളികൾ സ്ഥാപിക്കുകയും ആരാധനാകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. മിഷനറിമാരുടെ സമ്മർദ്ധത്തേടുർന്ന് മാർത്തോമാ നസ്രാണികളുടെ ആരാധനാക്രമത്തിൽ റോമൻ വൽക്കരണങ്ങൾ ആരംഭിച്ചത് ഇദ്ദേഹത്തിൻറെ കാലത്താണ്. എന്നിരുന്നാലും സുറിയാനി ഭാഷ അഭ്യസിക്കാതെ ലത്തീൻ മിഷണറിമാരുടെ സെമിനാരികളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ വൈദികരായി നിയമിക്കാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. പോൾ നാലാമൻ മാർപ്പാപ്പയുടെ കാലശേഷം മിഷനറിമാർ യൗസേപ്പിന്റെമേൽ നെസ്തോറിയൻ പാഷണ്ഡത വീണ്ടും ആരോപിച്ചു തുടങ്ങുകയും 1567ഓടെ ഇദ്ദേഹത്തെ വീണ്ടും തടവിലാക്കുകയും ചെയ്തു. ലിസ്ബണിലേക്കും റോമിലേക്കും അയയ്ക്കപ്പെട്ട ഇദ്ദേഹം റോമിലെ അന്തിമ വിചാരണയിൽ ഒരിക്കൽ കൂടി നിരപരാധനായി പ്രഖ്യാപിക്കപ്പെട്ടു. ഇതിനിടയിൽ 1569ൽ റോമിൽ വെച്ച് ഇദ്ദേഹം മരണപ്പെട്ടു. ഇദ്ദേഹത്തെ റോമിൽത്തന്നെ കബറടക്കി.[36][37][38][39]

വടക്കൻ പറവൂർ മാർ തോമാ ചെറിയപള്ളിയിലെ ശിലാലിഖിതം. മാർ യൗസേപ്പ് സുലാഖ സ്ഥാപിച്ച പള്ളികളിൽ ഒന്നാണിത്

മാർ അബ്രാഹം

[തിരുത്തുക]
കടുത്തുരുത്തി വലിയപള്ളിയിലെ ശിലാലിഖിതം. മാർ അബ്രാഹം മെത്രാപ്പോലീത്ത പള്ളിയുടെ തറക്കല്ലിട്ടത് രേഖപ്പെടുത്തിയിരിക്കുന്നു

മാർ ശിമയോൻ (1567)

[തിരുത്തുക]
മുട്ടുച്ചിറ പള്ളിയിലെ ശിലാലിഖിതം. ഇതിൽ മാർ ശിമയോനും യാക്കോവ് കത്തനാരും ചേർന്ന് പള്ളിയിൽ ചില നവീകരണങ്ങൾ നടത്തിയത് രേഖപ്പെടുത്തിയിരിക്കുന്നു.

പതിനേഴാം നൂറ്റാണ്ട്

[തിരുത്തുക]

ആദായിലെ മാർ ശിമയോൻ (1701)

[തിരുത്തുക]

മാർ ഗബ്രിയേൽ (1705)

[തിരുത്തുക]

മാർ അബ്രഹാം പണ്ടാരിക്കൽ

[തിരുത്തുക]

മാർ തോമാ റോക്കോസ്

[തിരുത്തുക]

മാർ ഏലിയാ മേലൂസ്

[തിരുത്തുക]

മാർ ഔദീശോ തൊണ്ടനാട്ട്

[തിരുത്തുക]

മാർ അബിമലേക്ക് തിമോത്തിയോസ്

[തിരുത്തുക]

മാർ തോമാ ധർമ്മോ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Podipara, Placid J. (1979). The Rise and Decline of the Indian Church of the Thomas Christians (in ഇംഗ്ലീഷ്). Oriental Institute for Religious Studies, India. pp. 13, 17.
  2. "Discovery of Ancient Tomb Redefines History of Angamaly - The New Indian Express". Retrieved 2023-01-30.
  3. Sikka, Sonia; Puri, Bindu; Beaman, Lori G. (2015-08-11). Living with Religious Diversity (in ഇംഗ്ലീഷ്). Routledge. ISBN 978-1-317-37098-7.
  4. Mattam (Mar)), Abraham (2001). Forgotten East: Mission, Liturgy and Spirituality of the Eastern Churches (in ഇംഗ്ലീഷ്). Ephrem's Publications. ISBN 978-81-88065-00-4.
  5. Pallath, Paul (2003). The Catholic Church in India (in ഇംഗ്ലീഷ്). Mar Thoma Yogam. pp. 15–16.
  6. A. Sreedhara Menon (1967). CHAPTER VIII - THE KOLLAM ERA. A Survey Of Kerala History (2007 ed.). Kottayam: DC Books. pp. 104–110.
  7. T.K. Velu Pillai. "Chapter XIII". Travancore State Manual: 49–50.
  8. T. K. Joseph (1929). Malabar Christians and Their Ancient Documents. pp. 27–29.
  9. Silverberg, Robert (1972). The Realm of Prester John. Garden City, New York: Doubleday. Retrieved 2023-04-27 – via Internet Archive.
  10. Raulin, op. cit., pp. 435-436. Counto. Asia Lisbonne, 1788, Dec. XII, p. 288
  11. Halsall, Paul (1997). Otto of Freising: The Legend of Prester John. Internet Medieval Sourcebook.
  12. Meir Bar-Ilan. "Prester John: Fiction and History". History of European Ideas. 20(1) (January 1995 ed.): 291–298.
  13. Wilmshurst (2000), p. 343, 391.
  14. 14.0 14.1 Yeates, Thomas (1818). Indian Church history (in ഇംഗ്ലീഷ്). A. Maxwell. pp. 108–9.
  15. Mingana (1926), p. 435–514.
  16. Wilmshurst, David (2000). The ecclesiastical organisation of the Church of the East, 1318-1913. Peeters. pp. 20, 347, 398. ISBN 90-429-0876-9. OCLC 43195236.
  17. Mingana, Alphonse (1926). The Early Spread of Christianity in India. Bulletin of the John Rylands Library. Vol. 10 (2). pp. 435–514.
  18. Thomas, John (2020-12-02). THE MAR THOMA STORY: The Story of the Apostle: St. Thomas and The Syrian Christians (in ഇംഗ്ലീഷ്). Notion Press. ISBN 978-1-64760-817-0.
  19. Perczel (2018), p. 675-678.
  20. Mingana (1926), p. 469, 470.
  21. Congress, Indian History (2002). Proceedings (in ഇംഗ്ലീഷ്). Indian History Congress. p. 243.
  22. 22.0 22.1 Županov, Ines G. (2005). Missionary Tropics: The Catholic Frontier in India (16th-17th Centuries) (in ഇംഗ്ലീഷ്). University of Michigan Press. pp. 99–100. ISBN 978-0-472-11490-0.
  23. The Journal of Indo-judaic Studies (in ഇംഗ്ലീഷ്). 2002.
  24. Neill, Stephen (2004) [1984]. A history of Christianity in India: The beginnings to AD 1707. Cambridge: Cambridge Univ. Press. p. 149. ISBN 978-0-521-54885-4.
  25. 25.0 25.1 Koschorke, Klaus (1998). "Christen und Gewürze": Konfrontation und Interaktion Kolonialer und Indigener Christentumsvarianten (in ഇംഗ്ലീഷ്). Otto Harrassowitz Verlag. pp. 35–40. ISBN 978-3-525-55960-4.
  26. Gilman, Ian; Klimkeit, Hans-Joachim (2013-01-11). Christians in Asia before 1500 (in ഇംഗ്ലീഷ്). Routledge. pp. 195–196. ISBN 978-1-136-10970-6.
  27. Vishvanathan, Susan (2016-01-13). Wulf, Christoph (ed.). The Legends of St. Thomas and the Extensions of the Magic/miracle Dichotomy in the Stories About Kadamattath Kattanar. Exploring Alterity in a Globalized World (in ഇംഗ്ലീഷ്). Routledge. pp. 147–8, 162. ISBN 978-1-317-33113-1.
  28. Perczel (2018), p. 680–682.
  29. Perczel, István (2018). King, Daniel (ed.). Syriac Christianity in India. The Syriac World (in ഇംഗ്ലീഷ്). Gorgias Press. ISBN 9781138899018.
  30. Mundadan, Antony Mathias (1984). History of Christianity in India Vol 1: From the beginning up to the middle of the sixteenth century (up to 1542) (in ഇംഗ്ലീഷ്). pp. 287–347, 304–9.
  31. Perczel (2018), p. 682.
  32. "­'മഹാമാന്ത്രികന്റെ പള്ളിയിൽ'; കടമറ്റത്ത് കത്തനാരുടെ കബറിടത്തിലേക്ക്". 2023-04-19. Retrieved 2023-05-24. {{cite web}}: soft hyphen character in |title= at position 1 (help)
  33. "പുണ്യ ദേവാലയങ്ങളിലൂടെ – (4) കടമറ്റം പള്ളി | Malayali Manasu" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-08-04. Retrieved 2023-05-24.
  34. Wilmshurst (2000), p. 86, 87, 115, 349, 350.
  35. Wilmshurst (2000), p. 50, 56.
  36. Pallath, Paul (2005). The Provincial Councils of Goa and the Church of St Thomas Christians. Vadavathoor: Oriental Institute of Religious Studies India. p. 42–47.
  37. Eugène Tisserant (1957). Edward René Hambye (ed.). Eastern Christianity in India: A History of the Syro-Malabar Church from the Earliest Time to the Present Day. Orient Longmans. p. 41.
  38. Beltrami, Giuseppe (1933). La Chiesa Caldea nel secolo dell’ Unione. Rome: Pontificium Institutum Orientalium Studiorum. pp. 35–59.
  39. Thekkedath, Joseph (1988). History of Christianity in India: From the Middle of the Sixteenth to the End of the Seventeenth Century (1542-1700). Vol. 2. Bangalore: Church History Association of India. pp. 40–47.