കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ | |
---|---|
മുൻസിപ്പൽ പട്ടണം | |
Country | India |
State | കേരളം |
District | തൃശൂർ |
വിസ്തീർണ്ണം | |
• ആകെ | 29.24 ച.കി.മീ. (11.29 ച മൈ) |
ഉയരം | 9 മീ (30 അടി) |
ജനസംഖ്യ (2011) | |
• ആകെ | 70,868 |
• ജനസാന്ദ്രത | 2,424/ച.കി.മീ. (6,280/ച മൈ) |
Languages | |
സമയമേഖല | UTC+5:30 (IST) |
PIN | 680664 |
Telephone code | 0480 |
Vehicle registration | KL-8 / KL 47 |
തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായ പട്ടണമാണ് കൊടുങ്ങല്ലൂർ (ഇംഗ്ലീഷ്- Kodungallore അഥവാ Cranganore). നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്. ചേരമാൻ പെരുമാൾമാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ. ജൂത-ക്രൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ് സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ്, തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഭരണി, താലപ്പൊലി ഉത്സവം എന്നിവയാൽ കൊടുങ്ങല്ലൂർ പ്രശസ്തമാണ്. വഞ്ചി, മുസിരിസ്, മുചിരി, മുചരിപട്ടണം, ഷിംഗ്‍ലി, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. കോടിലിംഗപുരം എന്നും അപരനാമമുണ്ട്.
പേരിനു പിന്നിൽ
[തിരുത്തുക]കൊടുങ്ങല്ലൂരിന്റെ ഏറ്റവും പ്രാചീനമായ പേര് മുചിരി എന്നാണ്. അക്കാലത്ത് എറ്റവും വലിയ തുറമുഖം അഥവാ മുന്തിയ ചിറ അഥവാ മുന്തിയ തുറൈ, മുതുനീർ മുന്തുറൈ എന്നൊക്കെയാണ് പഴം തമിഴ് പാട്ടുകളിൽ വിവരിക്കപ്പെടുന്നത്. വിദേശീയർ ഇതിനെ മുസിരിസ് എന്നു വിളിച്ചു. മുസിരിസ് ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം (Premium Emporium Indiac) ആണെന്നു പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്.[1] വാല്മീകി രാമായണത്തിൽ സുഗ്രീവൻ മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.[2] സംഘകാല കൃതികളിൽ ഇതു മുചിരിപട്ടണമായും[1] കുലശേഖരൻമാരുടെ കാലത്ത് മഹോദയപുരം എന്നും തമിഴർ മകോതൈ, മഹൊതേവർ പട്ടിനം എന്നുമെല്ലാമായിരിക്കാം വിളിച്ചിരുന്നത് എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. മഹത്തായ കോട്ട നിലനിന്നിരുന്നതിനാൽ കോട്ടയുടെ പേരിൽ മാകോതൈ (കോട്ടൈ) എന്നും അതിന്റെ അധിപനെ കോതൈ, കോട്ടയ്യൻ എന്നും വിളിച്ചിരുന്നു എന്നും കരുതുന്നവരുണ്ട്. കോട്ട നിലവിൽ വരുന്നതിനു മുൻപ് വേലി ആയിരുന്നു ഇതെന്നും പറയപ്പെടുന്നു. ഇക്കാരണത്താലാണ് ആദികാല ചേരരാജാവിനെ മാവേലിക്കരയുടെ അധിപൻ എന്ന രീതിയിൽ മാവേലി എന്നും വിളിക്കുന്നത്. എന്നാൽ ഇന്നത്തെ പേരായ കൊടുങ്ങല്ലൂർ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് താഴെ കൊടുക്കുന്നു.
- കാവ്- നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് (ബലി) കല്ല് മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് കൊടും കല്ലൂർ എന്ന പേരാണ് ഇങ്ങനെയായത്.[3]
- കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര നിർമ്മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയർ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറി [2]
- കണ്ണകിയുടെ സാന്നിധ്യം മൂലം കൊടും നല്ലൂർ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയി.
- ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് സാമൂതിരിയും കൊച്ചീരാജാവും തമ്മിൽ) 'കൊടുംകൊലൈയൂർ' എന്ന തമിഴ് വാക്കിൽ നിന്നുമാണെന്ന് മറ്റൊരു വിശ്വാസം.[4]
- പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു. [5]
- എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കണ്ണകിയുടെ പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, ജൈനക്ഷേത്രങ്ങൾക്ക് പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം(കല്ല് എന്നാൽ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്. [6]
- നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നു. അത് ലോപിച്ചാണ് കൊടുങ്ങല്ലൂരായത്[അവലംബം ആവശ്യമാണ്]
- ചേര ചക്രവർത്തിയുടെ പേരിൽ കൊടുങ്കോനല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു. ചേരരാജാക്കന്മാരുടെ പേരിനു കൂടെ മഹാരാജാവ് എന്ന അർത്ഥത്തിൽ കൊടുങ്കോ എന്ന ചേർക്കാറുണ്ട്. കൊടുംകോൻ ഊർ കൊടുങ്ങല്ലുർ ആയതാവാനാണു സാധ്യത.
- ചങ്ങല പോലെ നിരവധി ചെറിയ തുരുത്തുകൾ ചേർന്ന് ബന്ധിപ്പിച്ച അഴി ( ചങ്ങലാഴി) എന്നർത്ഥത്തിൽ യവനർ ഷിംഗ്‌ലി എന്നു വിളിച്ചു.
ചരിത്രം
[തിരുത്തുക]പഴയകാലത്തെ തുറമുഖമായിരുന്ന മുസിരിസ് കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. 1945-ലും 1967-ലും നടന്ന ഗവേഷണങ്ങളിൽ നിന്നും 12 ആം നൂറ്റാണ്ടിലെ തെളിവുകൾ ലഭിച്ചു. [7] [2] തമിഴ് സംഘസാഹിത്യത്തിലെ മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂർ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാർ ഇന്ന് ഏകാഭിപ്രായത്തിൽ എത്തിയിരിക്കുന്നു. [8]
ആദിചേരന്മാരുടെ സാമ്രാജ്യം
[തിരുത്തുക]ആദി ചേരന്മാരുടെ ആസ്ഥാനമായിരുന്നു മുചിരി അഥവാ കൊടുങ്ങല്ലൂർ. സംഘകാല കാവ്യങ്ങളിൽ ഇതിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ കാണുവാൻ സാധിക്കും. ഇവരിൽ പ്രസിദ്ധനായിരുന്നു ചേരൻ ചെങ്കുട്ടുവൻ. മുചിരി ആസ്ഥാനമാക്കി കടൽ കൊള്ളക്കാരിൽ നിന്നും അക്കാലത്തെ കപ്പൽ വ്യാപാരങ്ങളെ സംരക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി യുദ്ധങ്ങൾ ജയിച്ച മഹാരാജാവായിരുന്നു അദ്ദേഹം. കപ്പൽ മാർഗ്ഗം ഹിമാലയത്തിൽ വരെ പോയി യുദ്ധം ചെയ്തിരുന്നു എന്നു കാവ്യ വർണ്ണനയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കടൽ അല്പം പിറകോട്ട് വലിഞ്ഞ് പുതിയ കടൽ വയ്പുകൾ ഉണ്ടായി. അതു കൊണ്ട് കടൽ പിറകോട്ടിയ ചെങ്കുട്ടുവൻ എന്നു പര്യായം സിദ്ധിച്ചു. ചെങ്കുട്ടുവന്റെ പൂർവികനായിരുന്ന പെരുഞ്ചോറ്റുതിയൻ ചേരലാതൻ മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പോരാളികൾക്ക് ദേഹണ്ഡം ചെയ്തു എന്നു ഐതിഹ്യം ഉണ്ട്. ഇമയവരമ്പൻ നെടുഞ്ചോരലാതൻ, ചേൽകെഴു കുട്ടുവൻ, നാർമുടിച്ചേരൽ, ആടു കോട് പാട്ടു ചേരലാതൻ, ചെല്‌വകടുംകോ, പെരുഞ്ചേരൽ ഇരുംപുറൈം ഇളഞ്ചേരൽ ഇരുമ്പുറൈ, പെരും കടുംകോ എന്നീ രാജാക്കന്മാരെ പറ്റി സംഘ സാഹിങ്ങളിൽ (പ്രധാനമായും പതിറ്റുപത്ത്) നിന്ന് വിവരം ലഭിക്കുന്നു. പഴന്തമിഴ് പാട്ടുകൾക്കു പുറമെ യവന നാവികരുടെ കുറിപ്പുകൾ ( പെരിപ്ലസ്) [3] പ്രകാരം അഴിമുഖത്തു നിന്ന് 20 സ്റ്റേഡിയ ഉള്ളിലേക്ക് നീങ്ങി ആറ്റുവക്കത്താണ് മുചിറി എന്നു വിശദീകരിച്ചിരിക്കുന്നു. [9] പശ്ചിമഘട്ടത്തിനപ്പുറം കൊങ്ങുനാട്ടിലെ കരൂരും ചെരന്മാർക്കു തലസ്ഥാനമുണ്ടായിരുന്നു. കൊടുങ്ങല്ലൂരും കരൂരും തമ്മിൽ നദി മാർഗ്ഗം അന്ന് നിലവിലുണ്ടായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ അതി സമ്പന്നമായ നാടായിരുന്നു എന്നു ചില കൃതികളിൽ സൂചനയുണ്ട്. പുറനാനൂറ് എന്ന ഗ്രന്ഥത്തിലെ രചയിതാവ് പരണർ വിശദീകരിക്കുന്നു.
“ | മീൻ കൊടുത്തുവാങ്ങിയ നെൽകൂമ്പാരം കൊണ്ടു വീടുകളും ഉയർന്ന തോണിയും തിരിച്ചറിയാതാവുന്നു |
” |
എന്ന പരണരുടെ പുകഴത്തലിൽ നിന്ന് തന്നെ കൊടുങ്ങല്ലൂരിന്റെ അക്കാലത്തെ സമ്പദ്ഘടനയെക്കുറിച്ച് ഊഹം ലഭിക്കുന്നു. ക്രിസ്തുമതവും ജൂതമതവും കേരളത്തിലെത്തുന്നത് ഇവരുടെ കാലത്താണ്.
കേരളവുമായി റോമാക്കാരും, ഈജിപ്ത്യരും, യവനരും കൊല്ലവർഷാരംഭത്തിനു 1000 വർഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും കുരുമുളകാണ് അവർ വാങ്ങിയിരുന്നത്. കുരുമുളകിന് യവനപ്രിയ എന്ന പേർ വന്നത് അതുകൊണ്ടാണ്. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. അറബിനാട്ടിൽ നിന്നും പ്രധാനമായും കുതിരകളെയാണ് ഇറക്കുമതി ചെയ്തിരുന്നത്. ചേരനാടായിരുന്നു മറ്റ് തമിഴ് രാജ്യങ്ങളെക്കാൾ കൂടുതൽ ഫലഭൂയിഷ്ഠവും സമാധാനപൂർണവും. [10] ആദ്യമായി മുസിരിസിനെ കുറിച്ച് പരാമർശം വരുന്നത് ക്രി.വ. 45 നോടടുത്ത് ഹിപ്പാലസ് വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ റോമാക്കാരുടെ പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക അഗസ്റ്റസിന്റെ ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ ഇവിടെ പണിഞ്ഞു എന്ന് ടോളമിയും സൂചിപ്പിക്കുന്നുണ്ട്. [11] [12] പാശ്ചാത്യർക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന് വാമിംഗ്‌ടൻ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. അടുത്തുള്ള കോയമ്പത്തൂരിൽ നിന്നും മറ്റും മുത്ത്, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. ക്രി.മു. 40 മുതൽ ക്രി.പി. 68 വരെ, അതായതു നീറോ ചക്രവർത്തിയുടെ കാലം വരെ വ്യാപാരങ്ങൾ സമൃദ്ധമായി നടന്നിരുന്നു. എന്നാൽ കറക്കുളയുടെ (കലിഗുള) കാലത്ത്, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങൾ തീരെ ഇല്ലാതാവുകയും പിന്നീട് ബൈസാന്റിയൻ കാലത്ത് വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ് ചേര രാജാവായിരുന്ന കേരബത്രാസിന്റെ ഭരണത്തിനു കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു. [13] മേൽ പറഞ്ഞവ കൂടാതെ ആനക്കൊമ്പ്, പട്ടുതുണികൾ, വെറ്റില, അടയ്ക്ക, ആമത്തോട് എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന് വന്നിരുന്നവയാണ്. [14]
കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വർത്തക ഗതാഗതച്ചാലുകൾ അക്കാലത്തു നിലവിൽ നിന്നിരുന്നു. മണിമേഖല എന്ന സംഘകാലം കൃതിയിൽ ചേരർ മധുരയിലേക്ക് നടത്തിയിരുന്ന യാത്രയെയും പറ്റി വിശദീകരിക്കുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു തിണ്ടിസ്. ഇവിടെ നിന്നും ചരക്കുകൾ കയറ്റി അയക്കപ്പെട്ടിരുന്നു. മുസിരിസ് തുറമുഖം 1341-42 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി.[15] അക്കാലത്തെ മറ്റു തുറമുഖങ്ങൾ നെൽക്കിണ്ട (നീണ്ടകര), ബറക്കേ (പുറക്കാട്), ബലൈത (വർക്കലയോ വിഴിഞ്ഞമോ), നൗറ(കണ്ണൂർ?), വാകൈ, പന്തർ എന്നിവയായിരുന്നു. [16] [13]
രണ്ടാം ചേരസാമ്രാജ്യകാലം
[തിരുത്തുക]രണ്ടാംചേര രാജാക്കന്മാർ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും തുടർന്നു വ്യാപാര ബന്ധങ്ങൾ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട് ചേര രാജാക്കന്മാരുടെ സാമന്തന്മാർ കുലശേഖരൻ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടർന്നിരിക്കാം എന്നും വിശ്വസിക്കുന്നു. കുലശേഖര ആഴ്‌വർ തൊട്ട് രാമവർമ്മ കുലശേഖരൻ വരെ പതിമൂന്നു കുലശേഖരന്മാരാണ് മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്.[17] (ക്രി.പി.800-1102) സുന്ദരമൂർത്തി നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) തൃക്കണാമതിലകം (ഇന്ന് മതിലകം)സ്ഥിതിചെയ്യുന്നത്. ചിലപ്പതികാരം എഴുതിയ ഇളങ്കോവടികൾ ജീവിച്ചിരുന്നതിവിടെയാണ്.
ചോളന്മാരുടെ ആക്രമണങ്ങളെ തുരത്താൻ ചാവേറ്റു പടയെ സൃഷ്ടിച്ചത് അവസാനത്തെ കുലശേഖരനായിരുന്ന രാമവർമ്മ കുലശേഖരനായിരുന്നു. ഇദ്ദേഹം പിന്നീട് കൊല്ലം ആസ്ഥാനമാക്കി പുതിയൊരു രാജ്യം ആരംഭിയ്ക്കുകയും പിൽക്കാലത്തു വേണാട് എന്നറിയപ്പെടുകയ്യും ചെയ്തു.
പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിനു മുൻപേ തന്നെ അറബികൾ കേരളത്തിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. ഒടുവിലത്തെ രാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്. പ്രവാചകനു ശേഷം കേരളത്തിലെത്തിയ മാലിക് അബ്നു ദിനാർ നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദ് അന്നത്തെ ചേര രാജാവിന്റെ കോവിൽ തന്നെയായിരുന്നു. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി. ഇത് കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരുന്നത്. അറേബ്യയിൽ നിന്നു വന്ന മാലിക് ഇബ്നു ദീനാർ എന്ന മുസ്ലീം സിദ്ധൻ പെരുമാളിന്റെ സഹായത്തോടെ നിർമ്മിച്ചതാണിത്. അദ്ദേഹം നിർമ്മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികൾ കൊല്ലം, കാസർഗോഡ്, ശ്രീകണ്ഠേശ്വരം, വളർപട്ടണം, മടായി, ധർമ്മടം, പന്തലായിനിക്കൊല്ലം, ചാലിയം എന്നിവിടങ്ങളിലാണ് [16]
വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും കുരുമുളക് പോലുള്ള സുഗന്ധദ്രവ്യങ്ങൾ വ്യാപരം ചെയ്യുന്നതിനുമായി 1498-ൽ കേരളത്തിലെത്തിയ പോർട്ടുഗീസുകാർ 1503-ൽ കൊച്ചിരാജാവിന്റെ സഹായത്തോടേ കോട്ടപ്പുറം, പള്ളിപ്പുറം എന്നിവിടങ്ങളിൽ കോട്ടകൾ പണിതു. മറ്റു രാജ്യക്കാരും കടൽ കൊള്ളക്കാരെയും പ്രതിരോധിക്കാനായിരുന്നു ഇത്. ഇതിന് നേതൃത്വം നൽകിയത് വാസ്കോ ഡ ഗാമ എന്ന പ്രസിദ്ധ വൈസ്രോയിയാണ്. ഇത് 17-ആം നൂറ്റാണ്ടിൽ ഡച്ചുകാരുടെ കയ്യിലായി. കൊച്ചിയെ സംരക്ഷിക്കുന്നതിനായി നിർമ്മിച്ച നെടുങ്കോട്ട ആരംഭിക്കുന്നത് കൊടുങ്ങല്ലൂരു നിന്നാണ്. പ്രശസ്ത ഡച്ചു കാപ്റ്റൻ ഡിലനോയ് ആണ് കൊടുങ്ങല്ലൂരു നിന്നും ആരംഭിച്ച് സഹ്യപർവ്വതം വരെ നീളുന്ന ബൃഹത്തായ ഈ കോട്ട രൂപകല്പന ചെയ്തത്. ഹലാക്കിന്റെ കോട്ട എന്നു ടിപ്പു സുൽത്താൻ പരാമർശിച്ചതായി രേഖകൾ ഉണ്ട്. പിന്നീട് 1790-ൽ ടിപ്പു സുൽത്താൻ വളരെയധികം ശ്രമപെട്ട് നെടുങ്കോട്ട പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ഏതാണ്ട് ഒരു പരിധിവരെ നശിപ്പിക്കുകയും ചെയ്തു. പിന്നീട് സാമൂതിരിയും ഈ കോട്ട നശിപ്പിച്ചവരുടെ കൂട്ടത്തിൽ പെടുന്നു. ഇന്ന് ജീർണ്ണിച്ച അവസ്ഥയിലായി കോട്ടയെ പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി കണക്കാക്കി സംരക്ഷിച്ചുവരുന്നു.
യഹൂദ കുടിയേറ്റം ഉണ്ടായതിനുശേഷം വളരെക്കാലം യഹൂദരുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിൻടുത്തുള്ള മാളയിൽ യഹൂദരുടെ കുടിയിരുപ്പ് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അവിടെയുള്ള യഹൂദശ്മശാനം മറ്റൊരു സംരക്ഷിതസ്മാരകമാണ് 1565 ൽ യഹൂദന്മാർ പോർച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കൊടുങ്ങല്ലൂർ വിട്ട് കൊച്ചിയിലേക്ക് പൊയി. ഈ കുടിമാറ്റത്തിനു ശേഷമാണു മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂത സിനഗോഗ് (1567)നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ക്രിസ്തീയ ചരിത്രത്തിൽ പ്രമുഖസ്ഥാനമുള്ള ഉദയംപേരൂർ സുന്നഹദോസ്(1559) നടന്നത് കൊടുങ്ങല്ലൂരിനു തെക്കാണ്. ഇക്കാലത്ത് ഒരു വിഭാഗം ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെ സ്വാധീനത്തിലായിരുന്നു, കേരളത്തിലെ മറ്റൊരു വിഭാഗം ക്രിസ്ത്യാനികളെ കത്തോലിക്ക സഭയിലേക്ക് ചേർക്കാൻ ഈ സുന്നഹദോസിന് സാധിച്ചു.
കൊടുങ്ങല്ലൂർ കോട്ട
[തിരുത്തുക][18]1523-ൽ പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് കൊടുങ്ങല്ലൂർ കോട്ട. കോട്ടപ്പുറം എന്ന സ്ഥലത്താണിത് കോട്ടപ്പുറം കോട്ട, ക്രാങ്കന്നൂർ കോട്ട എന്നും അറിയപ്പെടുന്നു. കൊച്ചിയിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ മുന്നു നെടും തൂണുകളിലൊന്നാണിത്. മറ്റു രണ്ടെണ്ണം 1503-ൽ നിർമിച്ച ഇമ്മാനുമൽ കോട്ടയും, 1507-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്.
കര-കടൽ മൂലമുള്ള ആക്രമണങ്ങളെ സമർത്ഥമായി ചെറുക്കാൻ സാധ്യമായ സ്ഥലത്താണ് ഇത് നിർമ്മിച്ചത്. നിർത്തലാക്കിയ കോട്ടപ്പുറം ജെട്ടിക്ക് അൽപം കിഴക്കായി കൃഷ്ണങ്കോട്ടയുടെ പടിഞ്ഞാറായി ഒരു കോണിലാണ് ഇതിന്റെ സ്ഥാനം. ഒരു ചെറിയ കുന്നിൻ പുറം ഉൾപ്പെടുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. അകത്ത് കൊത്തളങ്ങളും വെടിക്കോപ്പുശാലയും ഉണ്ട്.
മുനയ്ക്കൽ ബീച്ച്
[തിരുത്തുക]തൃശ്ശൂർ ജില്ലയിൽ ഭൂവിസ്തൃതി കൊണ്ട് ഏറ്റവും വലിയതായ കൊടുങ്ങല്ലൂരിന്റെ പടിഞ്ഞാറു ഭാഗത്തായി മുനക്കലിലാണു . പെരിയാറിന്റെ ശാഖയായ കാഞ്ഞിരപ്പുഴ അറബിക്കടലിൽ ചേരുന്ന അഴിമുഖത്തിന്റെ തെക്കേകര എറണാകുളം ജില്ലയിലെ മുനമ്പവും വടക്കേകര തൃശൂർ ജില്ലയിലുൾപ്പെടുന്ന അഴീക്കോട് മുനക്കലുമാണ്. അഴീക്കോട് ഒരു മൽസ്യ ബന്ധന തുറമുഖം കൂടിയാണു.
ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
[തിരുത്തുക]കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ഭഗവതി ക്ഷേത്രം അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ്. കേരളത്തിലെ മറ്റു 64 ഭഗവതി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനമായ ഈ മഹാക്ഷേത്രം ശ്രീ ഭദ്രകാളിയുടെ മൂല കേന്ദ്രവും തെക്കേ ഇന്ത്യയിലെ ശക്തി ഉപാസകരുടെയും ദേവി ഭക്തരുടെയും ഒരു പുണ്യ കേന്ദ്രവും കൂടിയാണ്. കേരളത്തിൽ ഇന്ന് കാണുന്ന പല ഭഗവതി ക്ഷേത്രങ്ങളും കൊടുങ്ങല്ലൂരമ്മയുടെ അംശമായി കണക്കാക്കപ്പെടുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് ലോകാംബികയായ കൊടുങ്ങല്ലൂരമ്മ എന്നു ഭക്തരുടെ വിശ്വാസം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിച്ചാൽ കടുത്ത ആപത്തുകളിലും ഭഗവതി തുണയാകും എന്നാണ് വിശ്വാസം. ഐശ്വര്യദായിനി, ദുഃഖനാശിനി, രോഗ നിവാരണ ദൈവം എന്ന പ്രസിദ്ധിയും കൊടുങ്ങല്ലൂർ ഭഗവതിയ്ക്ക് ഉണ്ട്. കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ കാളി ഭാവത്തിൽ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് കൊടുങ്ങല്ലൂർ. തുല്യപ്രാധാന്യത്തോടെ പരമശിവനും, സപ്തമാതാക്കളും ഇവിടെ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയും ആദിപരാശക്തിയുമായ മഹാകാളി രഹസ്യ അറയിൽ ശ്രീചക്ര സമേതയായി കുടികൊള്ളുന്നു. സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി പഞ്ചമി, കൗമാരി, ചാമുണ്ഡി എന്നിവരാണ് ഭഗവതിയോടൊപ്പം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് ശ്രീചക്രപ്രതിഷ്ഠകളുള്ള ക്ഷേത്രമാണിത്. സംഘകാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മിച്ചത് ചേരൻ ചെങ്കുട്ടുവനാണ്. [19] പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠ ചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളാണ്.
ഭക്തിയുടെ രൗദ്ര ഭാവം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണി ഉത്സവമാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി നേടിക്കൊടുത്തത്. എന്നിരുന്നാലും നവരാത്രി കാലത്തും, താലപ്പൊലി ഉത്സവത്തിനും, മണ്ഡല കാലത്തും ധാരാളം ഭക്തർ ഇവിടെ എത്തിച്ചേരുന്നു. കാളി ദാരിക യുദ്ധമാണ് ഭരണി ആഘോഷത്തിന്റെ അടിസ്ഥാനം. കുംഭത്തിലെ ഭരണിക്ക് കൊടി കയറുന്ന ഈ ഉത്സവം മീന ഭരണിയോട് കൂടി അവസാനിക്കുന്നു. കോഴിക്കല്ല് മൂടൽ, രേവതി വിളക്ക്, തൃചന്ദനചാർത്ത് പൂജ, അശ്വതി കാവ് തീണ്ടൽ (കാവ് പൂകൽ) എന്നിവ പ്രധാന ദിവസങ്ങളാണ്. ഹൈന്ദവ വിശ്വാസ പ്രകാരം ഭരണിപ്പാട്ടും നൃത്തവും ദാരികവീരനെ വധിച്ചു അങ്കക്കലി അടങ്ങാതെ കൈലാസത്തിലേക്ക് വരുന്ന ഭദ്രകാളിയുടെ കോപമടക്കാൻ ശിവഗണങ്ങൾ ദേവി സ്തുതികൾ പാടി നൃത്തം ചവിട്ടിയതിന്റെ ഓർമയ്ക്ക് ആണെന്നും, തന്റെ ഭർത്താവിനെ അന്യായമായി പാണ്ട്യരാജാവ് വധിച്ചതിൽ കലി തുള്ളി മധുരാനഗരം ദഹിപ്പിച്ചു വരുന്ന വീരനായിക കണ്ണകിയെ സാന്ത്വനിപ്പിക്കാൻ വേണ്ടി ആണെന്നും അഭിപ്രായമുണ്ട്. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകൾ പഴയ കാലത്ത് രതിയും ഊർവരതയും കാർഷിക വൃത്തിയും ആഘോഷമാക്കി ജീവിച്ച ആദിമജനതയുടെയോ മാതൃദൈവ ആരാധകരുടെയോ കൂടിച്ചേരൽ ആണെന്ന് കരുതുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടി, ഊർവരത, കാർഷിക സമൃദ്ധി, യുദ്ധ വിജയം, കുലത്തിന്റെ ഐശ്വര്യം എന്നിവ മാതൃ ദൈവത്തിന്റെ അല്ലെങ്കിൽ ഭഗവതിയുടെ അനുഗ്രഹം ആണെന്ന് ആയിരുന്നു വിശ്വാസം. ചിലർ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബൗദ്ധരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികൾ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു കരുതുന്നു. മറ്റ് ചിലർ ഇത് പണ്ട് കാലത്ത് ഗോത്ര ജനത തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾ രോഷത്തോടെ പാടി ഭഗവതിയെ ആരാധിച്ചിരിക്കാം എന്നു കരുതുന്നു. എന്നാലിത് ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമാണ് എന്നൊരു അഭിപ്രായവുമുണ്ട്.
ഈ ക്ഷേത്രം ആദ്യം ദ്രാവിഡരുടേതായിരുന്നു. പത്തിനിക്കടവുൾ ശ്രീ കുരുമ്പയായിരുന്നു പ്രതിഷ്ഠ. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് അവരുടെ ക്ഷേത്രമായി മാറി. [16]. ദ്രാവിഡ (മറവരുടെ) ദേവിയായ കൊറ്റവൈ (കാളി) എന്നിവർ ആര്യവൽക്കരിക്കപ്പെട്ടതുമാകാം. അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരുമാസം ക്ഷേത്രം സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് കൊടുങ്ങല്ലൂർ ഭരണി. സ്വന്തം കുടുംബ ക്ഷേത്രങ്ങളിലോ, ശാക്തേയ പീഠത്തിലൊ അല്ലെങ്കിൽ വീട്ടിലെ മച്ചകത്തൊ ഭഗവതിയെ ആരാധിച്ച ശേഷമാണ് അവർ കൊടുങ്ങല്ലൂരിലേക്ക് വരുന്നത്. ചെമ്പട്ടുടുത്ത്, ഭഗവതിയുടെ വാളും ചിലമ്പും ധരിച്ച, ഭഗവതിയെപ്പോലെ പൂമാലയും നാരങ്ങാമാലയും മറ്റും അണിഞ്ഞ ധാരാളം കോമരങ്ങളെയും ഈ ഉത്സവത്തിൽ കാണാം. അടികൾ എന്ന വിഭാഗം ആണ് ഇവിടുത്തെ പൂജാരിമാർ.
തിരുവഞ്ചിക്കുളം ശിവക്ഷേത്രം
[തിരുത്തുക]കൊടുങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുവഞ്ചികുളം ശിവക്ഷേത്രം . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ ശിവൻ സദാശിവഭാവത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. കൂടാതെ ഇരുപത്തഞ്ചിലധികം ഉപദേവന്മാരുടേയും ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. തൃക്കുലശേഖരപുരം ശിവക്ഷേത്രത്തിനു അല്പം കിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ശൈവരുടെ ഭക്തിസാഹിത്യത്തിൽ പരാമർശിതമായ ഏക കേരളീയ ക്ഷേത്രം ഇതാണ് [20] ഇന്ത്യാ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രമാണിത്. ചേരരാജാക്കന്മാരുടെ കുടുംബക്ഷേത്രം എന്ന പേരിൽ ഇതിനു പ്രാധാാന്യം കൈവരുന്നത്. രണ്ടാം ചേരസാംരാജ്യ കാലഘട്ടത്തിൽ , ചേരമാൻ പെരുമാളുടെ സമയത്താണ് പുതിയ ക്ഷേത്രനിർമ്മാണമുണ്ടായതെന്ന് കരുതുന്നു. അതിനു മുൻൽ ആദ്യചേരരുടെ കാലത്ത് ഇത് ഒരു ചെറിയ ക്ഷേത്രമായിരുന്നു. പെരുമാളും സുഹൃത്തായ സുന്ദരമൂർത്തി നായനാരും വലിയ ശിവഭക്തരായിരുന്നു. ശിവകീർത്തങ്ങൾ പാടി ദക്ഷിണേന്ത്യ മുഴുവൻ അവർ നടന്നുവെന്നും വയസ്സുകാലത്ത്, പെരുമാളും സുന്ദരമൂർത്തി നായനാരും ക്ഷേത്രത്തിൽ വച്ച് സ്വർഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവർ ഉറ്റ മിത്രങ്ങളായതിനാൽ രണ്ട് പേരുടെയും വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ കാണാം.
തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം
[തിരുത്തുക]തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ, മേത്തല പഞ്ചായത്തിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാന മൂർത്തി ശ്രീകൃഷ്ണൻ. കുലശേഖരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്‌വാർ നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാർ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ വൈഷ്ണവൻ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവർ ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ കുലദൈവയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.
ചേരമാൻ ജുമാ മസ്ജിദ്
[തിരുത്തുക]ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്[21][22]. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം തന്റെ ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ് നാട്ടിൽ നിനും വന്ന മാലിക് ഇബ്നു ദിനാർ (റ) ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 2016റിൽ നരേന്ദ്ര മോദി സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തിയപ്പോൾ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് ടി.വി. അനുപമ ജിന[23][24] നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃകയായിരുന്നു.[25][26] "ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് തൃശൂർ ജില്ലയിലെ ചേരമാൻ മസ്ജിദ് എന്നും പുരാതന കാലത്തെ ഇന്ത്യ-സൗദി ബന്ധത്തിന്റെ തെളിവാണ് മസ്ജിദെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്"[27][28][29][30]
- എണ്ണമിട്ട ലിസ്റ്റിലെ അംഗം
മാർത്തോമ പള്ളി, കൊടുങ്ങല്ലൂർ
[തിരുത്തുക]ക്രിസ്തുമതം പ്രചരിപ്പിക്കാൻ ക്രിസ്തുശിഷ്യനായ സെൻറ്.തോമസ് കേരളമണ്ണിൽ കാൽകുത്തിയ കൊടുങ്ങല്ലൂരിന് സമീപമുള്ള അഴീക്കോടാണ് കേരളത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ മാർത്തോമാ പൊന്തിഫിക്കൽ ദേവാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യത്തിന് പുറമെ മതപരമായി പ്രമുഖ സ്ഥാനമുള്ള ദേവാലയത്തിൽ കേരളത്തിൽ അങ്ങോടുമിങ്ങോളമുള്ള വിശ്വാസികൾ എത്താറുണ്ട്. ഇന്തോ-പേർഷ്യൻ ശൈലിയുടെ മികവുററ്റ നിർമാണ വൈഭവമാണ് ദേവാലയത്തിൻെറ പ്രത്യേകത.അൾത്താരയിൽ സൂക്ഷിച്ചിട്ടുള്ള സെൻറ്.തോമസിൻേറതെന്ന് കരുതുന്ന തിരുശേഷിപ്പുകൾ വിശേഷാവസരങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാറുണ്ട്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ വണങ്ങുന്ന സെൻറ്.തോമസിൻെറ കൂറ്റൻപ്രതിമയാണ് പള്ളിയിലത്തെുന്ന സന്ദർശകനെ വരവേൽക്കാറ്. സന്ദർശകർക്കായി സെൻറ്. തോമസിനെ കുറിച്ച് ഹൃസ്വചിത്രപ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെൻറ.തോമസ് കേരളത്തിൽ കപ്പലിറങ്ങുന്നതിൻെറ മനോഹരമായ ചായാചിത്രമാണ് പള്ളിയുടെ അകത്തെ ഏറ്റവും പ്രധാന ആകർഷണം. എല്ലാവർഷവും നവംബർ 21നാണ് പള്ളിയിലെ ഉൽസവം നടക്കാറ്.
വി. മൈക്കേൽസ് ദേവാലയം
[തിരുത്തുക]റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ കത്തോലിക്കാ സഭയുടെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കോട്ടപ്പുറം രൂപതയുടെ ആസ്ഥാന പള്ളിയാണ് കോട്ടപ്പുറം പള്ളി അഥവ സെന്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളി. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങലൂരിന്റെ തെക്കെയറ്റത്തുള്ള കോട്ടപ്പുറം പട്ടണത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
വാണിജ്യവ്യവസായങ്ങൾ
[തിരുത്തുക]ചരിത്രം രേഖപ്പെടുത്തുന്നതിനു മുൻപേ തന്നെ കൊടുങ്ങല്ലൂർ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ഇവിടെ വന്നിരുന്നു എന്ന് പ്ലീനിയും പെരിപ്ലസിന്റെ എഴുത്തുകാരനും മറ്റും രേഖപ്പെടുത്തിയിരിക്കുന്നു. കോട്ടപ്പുറം തൃശൂർ ജില്ലയുടെ തന്നെ പ്രധാന വാണിജ്യ കേന്ദ്രമാണ്. തിങ്കൾ, വ്യാഴം എന്നിവയാണ് ഇവിടത്തെ പ്രധാന വാണിഭദിനങ്ങൾ
ഗതാഗതമാർഗ്ഗങ്ങൾ
[തിരുത്തുക]ദേശീയപാത 66 കടന്ന് പോകുന്നത് കൊടുങ്ങല്ലൂർ പട്ടണത്തിൽ കൂടിയായതിനാൽ ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം ഭാഗത്തേക്ക് കൊടുങ്ങല്ലൂർ നിന്നും പ്രൈവറ്റ് ബസ്സുകളും, കെ.എസ്.ആർ.ട്ടി.സി ബസ്സുകളും ലഭ്യമാണു. അത് പൊലെ തന്നെ നോർത്ത് പറവൂർ, ആലുവ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തേക്കും ബസ്സുകൾ ലഭ്യമാണു. ജില്ലാ ആസ്ഥാനമായ തൃശൂർ, സമീപ പട്ടണങ്ങളായ ഇരിഞ്ഞാലകുട, ചാലക്കുടി, നെടുമ്പാശ്ശേരി വിമാനതാവളം, മാള, അങ്കമാലി എന്നിവിടങ്ങളേയും ബന്ധിപ്പിക്കുന്ന റോഡുകളും കൊടുങ്ങല്ലൂർ നിന്നുമുണ്ട്. കെ.എസ്.ആർ.ട്ടി.സി കൊടുങ്ങല്ലൂർ സബ്ബ് ഡിപ്പോയിൽ നിന്നും സമീപ പ്രദേശങ്ങളിലേക്കും, ദീർഘ ദൂരത്തേക്കും സർവ്വീസുകൾ ലഭ്യമാണു. 36 കിലൊ മീറ്റർ ദൂരെയാണു നെടുമ്പാശ്ശേരി വിമാന താവളം . 21 കിലോമീറ്റർ ദൂരേ എറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനായ ഇരിഞ്ഞാലക്കുടയും.
ദേശീയജലപാത 3 കൊല്ലം - കോട്ടപ്പുറം( കൊടുങ്ങല്ലൂർ)
[തിരുത്തുക]1993-ൽ ദേശീയ ജലമാർഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട ദേശീയജലപാത 3 (ഇന്ത്യ) കേരളത്തിലാണ്. വെസ്റ്റ്കോസ്റ്റ് കനാലിന്റെ കൊല്ലം - കോട്ടപ്പുറം( കൊടുങ്ങല്ലൂർ) പാതയും ചമ്പക്കര, ഉദ്യോഗമണ്ഡൽ(ആലുവ) കനാലുകളും ചേർന്നതാണ് ഇത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ യാത്രാബോട്ട്ജെട്ടിയായ വൈക്കം ഈ ജലപാതയുടെ ഭാഗമാണ്. 24-മണിക്കൂറും പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യത്തെ ജലപാതയും ദേശീയജലപാത 3 ആണ്.
വിദ്യാഭ്യാസകേന്ദ്രങ്ങൾ
[തിരുത്തുക]സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ഇവിടെ വിദ്യാഭ്യാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു.
- കെ.കെ.ടി.എം ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ ( ഗേൾസ്) ക്രാങ്കന്നൂർ എലമെന്ററി സ്കൂൾ എന്ന പേരിൽ 1896 ൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ 'സത്രം ഹാൾ ' എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ കൊച്ചി മഹാരാജാവ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ഹൈന്ദവ വിഭാഗത്തിലെ കുട്ടികൾക്കായി സ്ഥാപിച്ച വിദ്യാലയമാണിത്. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളാണ് സത്രം ഹാളിലെ ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഉയർന്ന ഫീസ് നൽകേണ്ടിയിരുന്നു. അതിനാൽ തന്നെ ആ വിഭാഗത്തിൽ സവർണ്ണ വിഭാഗത്തിലെ സമ്പന്ന വർഗ്ഗത്തിലെ കുട്ടികളാണ് പഠിച്ചിരുന്നത്. മലയാളം മീഡിയത്തിലെ കുട്ടികൾക്ക് ഫീസ് ഇളവ് അനുവദിച്ചിരുന്നു. പക്ഷേ കുട്ടികൾക്ക് മീഡിയം വ്യത്യാസമില്ലാതെ എല്ലാ വിഷയങ്ങളും പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, കണക്ക്, സംഗീതം, ചിത്രരചന, കരകൗശലം ഇങ്ങനെ വ്യത്യസ്ത മേഖലയിൽ കുട്ടികൾക്ക് പഠനം നടന്നിരുന്നു. അധ്യാപകർ പലരും ഹൈന്ദവ സമൂഹത്തിന് ഉന്നതകുല കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പിന്നീട് ഉണ്ടായ സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് സത്രം നാളിലെ ഈ വിദ്യാലയത്തിലേക്ക് പ്രവേശനം നൽകി. കൂടുതൽ കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശനം വന്നപ്പോൾ സത്രം ഹാളിലെ സ്ഥലം മതിയാകാതെ വന്നതിനെ തുടർന്ന് 1925ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂളിനെ മാറ്റി സ്ഥാപിച്ചു. ആ വർഷം തന്നെ എലമെന്ററി സ്കൂൾ എന്നത് ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1998-99 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്റ് വിഭാഗം കൂടി അനുവദിച്ചു.
- പി.ബി.എം.ജി.എച്ച്.എസ്.എസ് (ബോയ്സ്)
- ഭാരതീയ വിദ്യാഭവൻ (സി ബി എസ് ഇ)
- സെന്റ് ആനീസ് ഹൈസ്കൂൾ കോട്ടപ്പുറം
- അമൃത വിദ്യാലയം കൊടുങ്ങല്ലൂർ
- ഗവ. ടെക്നിക്കൽ ഹൈസ്കൂൾ
- ഓറാ എഡിഫൈ സ്കൂൾ പുല്ലൂറ്റ്
- വി.കെ രാജൻ മെമ്മോറിയൽ ഹൈസ്കൂൾ പുല്ലൂറ്റ്
- ഫീനിക്സ് പബ്ളിക്ക് സകൂൾ മേത്തല
- കെ.കെ.ട്ടി.എം ഗവ. കോളേജ് പുല്ലൂറ്റ്
- എം.ഇ.എസ് ആസ്മാബി കോളേജ് വെമ്പല്ലൂർ
പ്രധാന വ്യക്തിത്വങ്ങൾ
[തിരുത്തുക]- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- പി. ഭാസ്ക്കരൻ
- എം.എൻ. വിജയൻ
- ബഹദൂർ
- മുഹമ്മദ് അബ്ദുൾ റഹിമാൻ സാഹിബ്
- ഇ. ഗോപാലകൃഷ്ണമേനോൻ
- കെ.എം സീതി സാഹിബ്
- കെ.എം ഇബ്രാഹിം
- മണപ്പാടൻ
- വി.കെ രാജൻ
- അഡ്വ.കെ.ടി അച്ചുതൻ
- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി
- ഗുരു ഗോപാലകൃഷ്ണൻ
- കമൽ
ശ്രദ്ധേയമായ ഇടങ്ങൾ ചുരുക്കത്തിൽ
[തിരുത്തുക]- കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
- ചേരമാൻ ജുമാ മസ്ജിദ്
- തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം
- പി എൻ ആയുർവേദ ആശ്രമം
- കോട്ടപ്പുറം മുസിരിസ് പാർക്ക്
- അഴിക്കോട് മുനക്കൽ ബീച്ച്
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ
[തിരുത്തുക]*ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ- ഇരിങ്ങാലക്കുട - 17 കിലോമീറ്റർ അകലെ.
*ആലുവ-23 കിലോമീറ്റർ അകലെ.
*തൃശൂർ-35 കിലോമീറ്റർ അകലെ.
ചിത്രശാല
[തിരുത്തുക]-
പോർട്ടുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും 1909 ല് കൊച്ചി സർക്കാർ സ്ഥാപിച്ച സ്മാരകമായ സ്ഥൂപവും
-
താലുക്ക് ആശുപത്രി
-
കോ-ഓപ്പറേറ്റീവ് കോളേജ്
-
കോട്ടപ്പുറം പാലം നടുവിൽ വലിയ പണിക്കൻ തുരുത്തും കാണാം
-
ഉദഗമണ്ഡലം ശിവക്ഷേത്രം- തൃക്കുലശേഖരപുരം
കുറിപ്പുകൾ
[തിരുത്തുക]- ^ കേരള നരവംശ ശാസ്ത്രശാഖ മുസിരിസിനെ കണ്ടെത്താനായി 2007 ഫെബ്രുവരി മാസം തുടങ്ങിയ ഉദ്ഖനനങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ തെക്കു പറവൂരു നിന്നും റോമാക്കാരുടെ കാലത്തേതു പോലുള്ള ചുടുകട്ടകൾ കൊണ്ടുള്ള വീടുകളും, മറ്റൊരിടത്തു നിന്നും പുരാതന കാലത്തേത് എന്ന് സംശയിക്കപ്പെടുന്ന പടികൾ ഉള്ള കടവുകളും വഞ്ചിയും കണ്ടെത്തുകയുണ്ടായി. കൂടുതൽ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ദിനപത്രം. പേജ് 3 2007 മാർച്ച് 27 തൃശ്ശൂർ പതിപ്പ്.
- ^ “'വൊന്ന്ന്നൊടുവന്തു കറിയൊടുവെയരും വളങ്കെഴു മുചിരി'“ സംഘകൃതികളിൽ ഒന്നൊഴിയാതെ ഒന്നായി കപ്പലുകൾ വന്നടുക്കുന്ന സ്ഥലമായും കപ്പലുകളിൽ നിന്ന് സ്വർണ്ണം ഇറക്കി പകരം സുഗന്ധദ്രവ്യങ്ങൾ കയറ്റി പോകുന്നതായും വിവരിച്ചിരിക്കുന്നു.
- ^ To those who are bound for India, Ocelis (On the Red Sea) is the best place for embarkation. If the wind, called Hippalus (Southwest Monsoon), happens to be blowing it is possible to arrive in forty days at the nearest market in India, "Muziris" by name. This, however, is not a very desirable place for disembarkation, on account of the pirates which frequent its vicinity, where they occupy a place called Nitrias; nor, in fact, is it very rich in articles of merchandise. Besides, the road stead for shipping is a considerable distance from the shore, and the cargoes have to be conveyed in boats, either for loading or discharging.
- ^ "Then come Naura (Kannur) and Tyndis, the first markets of Damirica or Limyrike, and then Muziris and Nelcynda, which are now of leading importance. Tyndis is of the Kingdom of Cerobothra; it is a village in plain sight by the sea. Muziris, of the same kingdom, abounds in ships sent there with cargoes from Arabia, and by the Greeks; it is located on a river (River Periyar), distant from Tyndis by river and sea five hundred stadia, and up the river from the shore twenty stadia. Nelcynda is distant from Muziris by river and sea about five hundred stadia, and is of another Kingdom, the Pandian. This place also is situated on a river, about one hundred and twenty stadia from the sea...."
— The Periplus of the Erythraean Sea, 53-54
റഫറൻസുകൾ
[തിരുത്തുക]- ↑ പ്ലീനി ദി എൽഡർ- നാച്ചുറൽ ഹിസ്റ്ററി വാല്യം 2 താള് 419
- ↑ 2.0 2.1 കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ് കിളിമനൂർ.
{{cite book}}
: Check date values in:|year=
(help); Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|chapterurl=
,|origdate=
, and|coauthors=
(help); Unknown parameter|month=
ignored (help)CS1 maint: year (link) - ↑ മിത്തിക്ക് സൊസൈറ്റി, ക്വാർട്ടറ്ലി ജേർണൽ 19ത് വാല്യം, പ്രതിപാദിച്ചിരിക്കുന്നത്; വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ - തൃശ്ശൂർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
- ↑ വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എൻ.ബി.എസ്.
- ↑ പ്രൊഫ. എസ്. വെങ്കിടേശ്വരയ്യർ, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്)" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2004-03-28. Archived from the original on 2007-07-07. Retrieved 2007-04-04.
- ↑ എം. ആർ., രാഘവവാരിയർ (2013). കൊടുങ്ങല്ലൂർ- ചരിത്രക്കാഴ്ചകൾ. കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്location= തിരുവനന്തപുരം. ISBN 978-81-8494-332-0.
{{cite book}}
: Cite has empty unknown parameters:|1=
and|coauthors=
(help) - ↑ Casson, Lionel (1989). The Periplus Maris Erythraei: Text With Introduction, Translation, and Commentary. Princeton University Press. ISBN 0-691-04060-5.
{{cite book}}
: Invalid|ref=harv
(help) - ↑ പുറനാനൂറ്
- ↑ Ptolemy's Geography- Indian antiquity, Vol XII 1884, Page 328
- ↑ ആർ. എസ്. ശർമ്മ; പ്രാചീന ഇന്ത്യ; ഡി.സി. ബുക്സ്.
- ↑ 13.0 13.1 പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4.
{{cite book}}
: Check|isbn=
value: invalid character (help) - ↑ പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.
- ↑ ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്)-28, ഏപ്രിൽ 2012
- ↑ 16.0 16.1 16.2 കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ് കിളിമനൂർ.
{{cite book}}
: Check date values in:|year=
(help); Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|chapterurl=
,|origdate=
, and|coauthors=
(help); Unknown parameter|month=
ignored (help)CS1 maint: year (link) - ↑ http://hriday.org/history/kerala.html Archived 2007-03-16 at the Wayback Machine ഹൃദയ്.ഓർഗിൽ നിന്ന്
- ↑ ചന്തപ്പുരയിൽ നിന്നു 300 മീറ്റർ ഗുരുവായൂർ റോഡിൽ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം Ms. Robins എന്ന മദാമ്മയാൽ സ്ഥാപിക്കപ്പെട്ടതാണ്. ഈ പ്രദേശത്തുള്ളവർക്ക് ആദ്യമായി ഒരു നേഴ്സറി സ്കൂൾ സ്ഥാപിച്ചത് ഇവിടെയാണ്. CSI St. Thomas സഭയിൽ ഞായർ രാവിലെ 9.30ന് ആരാധന നടത്തപ്പെടുന്നു.
- ↑ എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 18-19, നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988
- ↑ നാരായണൻ. 1996:189
- ↑ "World's second oldest mosque is in India". Bahrain tribune. Retrieved 2006-08-09.
- ↑ "Cheraman Juma Masjid A Secular Heritage". Archived from the original on 2017-07-26. Retrieved 2017-02-27.
- ↑ "സൗദി രാജാവിനു നരേന്ദ്രമോദി നൽകിയത് ജിനന്റെ കരവിരുത്". Archived from the original on 2016-07-13.
- ↑ "ജിനൻെറ കരവിരുതിൽ ഇന്ത്യ-സൗദി ബന്ധം പുതിയ തലങ്ങളിലേക്ക്".
- ↑ "സൽമാൻ രാജാവിന് മോദിയുടെ സമ്മാനം ചേരമാൻ പള്ളിയുടെ സ്വർണ മാതൃക".
- ↑ "സൗദി രാജാവിന് മോദിയുടെ സമ്മാനം കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണ മാതൃക".
- ↑ "സൗദി രാജാവ് സൽമാൻ ബിൽ അബ്ദുൾ അസീസ് അൽ സൗദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഹാരമായി നൽകിയത് കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണത്തിൽ പണിത മാതൃക". Archived from the original on 2016-08-30.
- ↑ "Modi gifted a replica of Cheraman Juma Masjid to the Saudi King; here's why this mosque is so important for both countries".
- ↑ "PM Modi gifts Saudi King gold-plated replica of Cheraman Juma Masjid in Kerala".
- ↑ "Narendra Modi's Help Sought to Renovate Cheraman Juma Masjid". Archived from the original on 2016-04-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ജൂതന്മാരുടെ ചരിത്രം Archived 2012-06-01 at the Wayback Machine
- മലയാളം വാരിക, 2012 മെയ് 11 Archived 2016-03-06 at the Wayback Machine
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |