Jump to content

ജൈനമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം

ജൈനമതം അഥവാ ജൈനധർമ്മം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌.

നിരുക്തം

[തിരുത്തുക]

ജേതാവ് എന്നർത്ഥമുള്ള ജിനൻ എന്ന പദത്തിൽ നിന്നാണ്‌ ജൈനൻ എന്ന നാമം ഉരുത്തിരിഞ്ഞത്[1]. മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനൻ.

തീർഥങ്കരന്മാർ

[തിരുത്തുക]
പ്രധാന ലേഖനം: തീർത്ഥങ്കരൻ

ആദിതീർഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി. കാള വാഹനമായുള്ള ഈ ദേവൻ ഹിന്ദുമതത്തിലെ ശിവൻ തന്നെയാണെന്നും ചിലർ കരുതുന്നു. പുണ്യസ്നാനഘട്ടമാണ് തീർഥം. കടവ് എന്നും തീർഥത്തിനർഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നൽകുന്നവൻ എന്ന അർത്ഥത്തിലാണ് തീർഥങ്കരൻ എന്ന് ഉപയോഗിക്കുന്നത്. ആദിതീർഥങ്കരൻ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീർഥങ്കരൻ വർദ്ധമാന മഹാവീരനും ആയിരുന്നു. പിന്നീട് തീർഥങ്കരന്മാർ ഉണ്ടായിട്ടില്ല.

മഹാവീരൻ

[തിരുത്തുക]

ജൈനദർശനപ്രകാരം മതപരിഷ്കർത്താവുമാത്രമാണ് മഹാവീരൻ. എന്നാൽ മഹാവീരനെ ഈശ്വരതുല്യനായി ജൈനർ ആരാധിക്കുന്നു. .വൈശാലിക്കു സമീപമുള്ള(ബീഹാർ ഇപ്പോൾ) ബി.സി. 540-ൽ ആണ് മഹാവീരൻ ജനിച്ചത്. മുപ്പതാം വയസിൽ സന്യാസം സ്വീകരിച്ചു.

ജീവിതചര്യ

[തിരുത്തുക]

തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന്‌ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നഗ്നരായ സന്യാസികൾ ധാരാളം കാണപ്പെടുന്ന ഒരു വിഭാഗമാണ് ജൈനമതം.[1]‌.

ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്[2]‌.

ജൈനമതത്തിന്റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമായിരുന്നു. എങ്കിലും ആയിരക്കണക്കിനുപേർ സ്വന്തം വീടുപേക്ഷിച്ച് ജീവനത്തിന്റെ ഈ പുതിയ രീതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുന്നോട്ടുവന്നു. ഇതിലധികം പേർ ജൈന സന്യാസി-സന്യാസിനികൾക്ക് ഭക്ഷണവും മറ്റും നൽകി ഈ ആശയത്തെ പ്രോൽസാഹിപ്പിച്ചു. പ്രധാനമായും വണിക്കുകളും, കർഷകരുമായിരുന്നു ജൈനമതത്തിന്‌ കൂടുതൽ പ്രോൽസാഹനം നൽകിയിരുന്നത്. സ്വന്തം കാർഷികവിഭവങ്ങളെ കീടങ്ങളിൽ നിന്നും മറ്റും സം‌രക്ഷിക്കേണ്ടിയിരുന്നതുകൊണ്ട് മതനിയമങ്ങൾ അനുസരിക്കുന്നതിന്‌ ഇവർ കൂടുതൽ പ്രയാസം നേരിട്ടു[1].


ജൈനർ, കണിശക്കാരായ പണമിടപാടുകാർ എന്ന പേരിൽ പേരുകേട്ടവരാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ വാണിജ്യനഗരങ്ങളിലും ഇവരുടെ സാന്നിധ്യം കാണാം. എന്നിരുന്നാലും മഹാരാഷ്ട്ര, ഗുജറാത്തിലെ കത്തിയവാർ പ്രദേശം, രാജസ്ഥാൻ എന്നിവയാണ്‌ ജൈനരുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. ഇവരുടെ പണത്തിന്റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും മോടിപിടിപ്പിക്കുന്നതിനും സന്യാസിമാർക്കും പുരോഹിതർക്കുമായും ചെലവഴിക്കുന്നുണ്ട്[2].

ത്രിരത്നങ്ങൾ

[തിരുത്തുക]

സമ്യക്ദർശനം, സമ്യക്ജ്ഞാനം, സമ്യക് ചാരിത്ര്യം ഇവയെ ജൈനമതക്കാർ ത്രിരത്നങ്ങൾ എന്ന് വിളിക്കുന്നു. രത്നം പോലെ വിലപ്പെട്ടതാണ് ഇവ. ത്രിരത്നങ്ങൾ പിന്തുടർന്നാൽ സന്തോഷവും സമാധാനവും നിറഞ്ഞ സിദ്ധശല എന്ന അവസ്ഥ കൈവരിക്കാനാകും.

പഞ്ചമഹാവ്രതങ്ങൾ

[തിരുത്തുക]
  • സത്യം
  • അഹിംസ
  • ബ്രഹ്മചര്യം
  • ആസ്തേയം
  • അപരിഗ്രഹം

ശ്വേതംബരരും ദിഗംബരരും

[തിരുത്തുക]

ജൈനമതത്തിൽ രണ്ടു വിഭാഗക്കാരുണ്ട്[2].

  • ശ്വേതംബരർ - പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരർ വെള്ളവസ്ത്രം ധരിക്കുന്നു.
  • ദിഗംബരർ - വസ്ത്രങ്ങളേ ധരിക്കാത്ത ജൈനവിഭാഗം - ദിക്കുകളെ വസ്ത്രമാക്കുന്നവർ എന്നർത്ഥമുള്ള ദിഗംബരർ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്നരായി ജീവിക്കുകയും ചെയ്യുന്നു.

ചരിത്രം

[തിരുത്തുക]

മഹാവീരന്റെ കാലത്തിനു ശേഷം നൂറുകണക്കിനു വർഷങ്ങൾ കൊണ്ട് ജൈനമതം ഉത്തരേന്ത്യയുടെ മിക്കഭാഗങ്ങളിലേക്കും ഇന്നത്തെ ഗുജറാത്ത്, തമിഴ്‌നാട്, കർണാടക പ്രദേശങ്ങളിലും പ്രചരിപ്പിക്കപ്പെട്ടു.

മഹാവീരന്റേയും അനുചരരുടേയും ഭാഷണങ്ങൾ നൂറ്റാണ്ടുകളോളം വായ്‌മൊഴിയായാണ്‌ കൈമാറ്റം ചെയ്യപ്പെട്ടുപോന്നത്. ഇന്ന് ലഭ്യമായ രീതിയിൽ അവ എഴുതപ്പെട്ടത് അഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിലെ വല്ലഭി എന്ന സ്ഥലത്തുവച്ചാണ്‌[1]

ഭാരതത്തിലെ അപചയം

[തിരുത്തുക]

കാലക്രമത്തിൽ ജൈനമതക്കാർ ഭാരതത്തിൽ ഒരു ചെറിയ വിഭാഗമായിത്തീർന്നു.

തീർത്ഥാടനകേന്ദ്രങ്ങൾ

[തിരുത്തുക]
മൗണ്ട് അബുവിലുള്ള ദിൽവാഡാ ക്ഷേത്രം

ജൈനരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ആരവല്ലി മലനിരകളിലെ മൗണ്ട് അബു. മനോഹരമായ അലങ്കാരപ്പണികളോടുകൂടിയുള്ള വെണ്ണക്കൽക്ഷേത്രങ്ങളാണ്‌ ഇവിടെയുള്ളത്. കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള ശത്രുഞ്ജയ കുന്ന് മറ്റൊരു പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമാണ്[2].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 69–70. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 2.3 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 114–115. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ജൈനമതം&oldid=3699181" എന്ന താളിൽനിന്ന് ശേഖരിച്ചത്