തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൊടുങ്ങല്ലൂരിനടുത്ത്, കൊടുങ്ങല്ലൂർ നഗരസഭയിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാനമൂർത്തി യൗവനയുക്തനും, വിവാഹിതനുമായ ശ്രീകൃഷ്ണനാണ്. പത്നീസമേതനായി ശ്രീലകത്ത് വാഴുന്ന ശ്രീകൃഷ്ണഭഗവാന് തുല്യപ്രാധാന്യത്തോടെ പരമശിവനും, ഉപദേവതകളായി ഗണപതി, മഹാലക്ഷ്മി, പാർത്ഥസാരഥി, ഗോവർദ്ധനൻ, മോഹിനി, അയ്യപ്പൻ, ഹനുമാൻ, വസുദേവർ, നന്ദഗോപർ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ക്ഷേത്രനിർമ്മിതികളിലെ ആദ്യകാല നിർമ്മിതികളിൽ പെട്ട ക്ഷേത്രമാണിത്. (800-1000 AD) [1] ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ വിഗ്രഹം. ചേരചക്രവർത്തിയും മഹാഭക്തനുമായിരുന്ന കുലശേഖര ആഴ്വാർ നടത്തിയ പ്രതിഷ്ഠയാണ് ഇവിടിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ശ്രീകൃഷ്ണപിതാക്കന്മാരായ വസുദേവരും നന്ദഗോപരും ഇവിടെ പ്രത്യേകം ക്ഷേത്രങ്ങളിൽ കുടികൊള്ളുന്നു എന്ന വലിയൊരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലാണ് നടത്താറുള്ളത്. മേടമാസത്തിലെ വിഷുദിവസം കൊടികയറി നടത്തുന്ന കൊടിയേറ്റുത്സവവും ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയുമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം കയ്യാളുന്നത്.
ചരിത്രം
[തിരുത്തുക]കുലശേഖരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്‌വാർ നിർമ്മിയ്ക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാർ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്വാർക്ക് ഒരിയ്ക്കൽ, പടിഞ്ഞാറുള്ള അറബിക്കടലിൽ നിന്ന് ലഭിച്ചതാണ് ഇവിടെയുള്ള വിഷ്ണുവിഗ്രഹം എന്നാണ് ഐതിഹ്യം. പിന്നീട് ഇവിടെ ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠിപ്പിയ്ക്കുകയായിരുന്നു. ഈ അവസരത്തിലാണ് അദ്ദേഹം തന്റെ പ്രസിദ്ധ കാവ്യമായ മുകുന്ദമാല രചിച്ച് ഭഗവാനെ സ്തുതിച്ചത് എന്നും ഐതിഹ്യമുണ്ട്. കുലശേഖര ആഴ്‌വാർ വൈഷ്ണവനായിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവരായതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. സമീപമുള്ള തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചത് ഈ കാലഘട്ടത്തിലാണ്.
കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ കുലദേവതയാണ് തൃക്കുലശേഖരപുരത്തപ്പൻ. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലാണ് ഇന്നും നടന്നുപോരുന്നത്. ഇവിടെ ഉപദേവനായി വാഴുന്ന ഹനുമാൻ സ്വാമിയുടെ നടയിൽ വച്ചാണ് അരിയിട്ടുവാഴ്ച നടത്തുക.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]ക്ഷേത്രപരിസരം
[തിരുത്തുക]തൃക്കുലശേഖപുരം ദേശത്തിന്റെ ഒത്ത മധ്യത്തിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. കന്യാകുമാരി മുതൽ പൻവേൽ വരെ നീണ്ടുകിടക്കുന്ന എൻ.എച്ച്. 66, ക്ഷേത്രത്തിന്റെ നേരെ കിഴക്കുമാറി കടന്നുപോകുന്നു. ദേശീയപാതയിൽ നിന്ന് തിരിയുന്ന സ്ഥലത്ത് അതിമനോഹരമായ ഒരു പൂന്തോട്ടം പണികഴിപ്പിച്ചിട്ടുണ്ട്. ഇത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വകയായി വന്നതാണ്. ഇവ കടന്ന് അല്പം ചെല്ലുമ്പോൾ ക്ഷേത്രത്തിന്റെ പേരെഴുതിയ ഗോപുരവും മുന്നിൽ പടർന്നുപന്തലിച്ചുനിൽക്കുന്ന അരയാൽ മരവും കാണാം. ഹൈന്ദവ വിശ്വാസപ്രകാരം പുണ്യവൃക്ഷമായി കണക്കാക്കുന്ന അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. അങ്ങനെ ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി കാണുന്ന അരയാലിനെ ദിവസവും രാവിലെ ഏഴുതവണ വലം വയ്ക്കുന്നത് ഉത്തമമായി ഭക്തർ കാണുന്നു. ഇതിന് സമീപം തന്നെയാണ് അതിവിശാലമായ ക്ഷേത്രക്കുളവും. തൃക്കുലശേഖരപുരം ദേശത്തെ പ്രധാന ജലസ്രോതസ്സായ ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ദർശനത്തിനെത്താറുള്ളത്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഈ കുളത്തിലാണ്. ഈ കുളത്തിന്റെ മറുകരയിലായി തമിഴ് ശൈലിയിൽ തീർത്ത മറ്റൊരു ക്ഷേത്രവും കാണാം. തൃക്കുലശേഖപുരം ശ്രീനിവാസപെരുമാൾ-കുലശേഖര ആഴ്വാർ ക്ഷേത്രം എന്നാണ് ഈ കൊച്ചു ക്ഷേത്രത്തിന്റെ പേര്. ലോകപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ വെങ്കടാചലപതി തന്നെയാണ് ഇവിടെയും പ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തോടെ കുലശേഖര ആഴ്വാരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഉപദേവതകളായി മഹാലക്ഷ്മി, ആണ്ടാൾ, ഗരുഡൻ, പെരിയാഴ്‌വാർ, നരസിംഹമൂർത്തി, സുദർശനമൂർത്തി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കേരളത്തിൽ വെങ്കടാചലപതിയെ പ്രതിഷ്ഠിച്ച അത്യപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. തമിഴ്നാട്ടിൽ നിന്ന് കൊടുങ്ങല്ലൂരിൽ ദർശനത്തിനെത്തുന്ന ഭക്തരിൽ ചിലർ ഇവിടെയും വരാറുണ്ട്. നിരവധി ശില്പകലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ വൈകുണ്ഠ ഏകാദശി, കുംഭമാസത്തിലെ പുണർതം തുടങ്ങിയവയാണ്. തിരുപ്പതിയിലെപ്പോലെ വൈഖാനസസമ്പ്രദായത്തിലുള്ള (തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള വൈഷ്ണവസമ്പ്രദായങ്ങളിലൊന്ന്) പൂജാവിധികളാണ് ഇവിടെയും നടത്തിവരുന്നത്. ഇതിന് സമീപം തന്നെയായി ചെറിയൊരു ശിവക്ഷേത്രവും കാണാം. ഉദയമംഗലം ക്ഷേത്രം എന്നാണ് ഇതിന്റെ പേര്. ചെറിയൊരു മതിൽക്കെട്ടും അതിന് നടുവിൽ ഉയർന്നുനിൽക്കുന്ന പടുകൂറ്റൻ ചതുരശ്രീകോവിലും മാത്രമേ ഇവിടെയുള്ളൂ. പ്രധാനമൂർത്തിയായ ശിവൻ, ആറടിയിലധികം ഉയരം വരുന്ന ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളില്ലാത്ത ഈ ക്ഷേത്രത്തിൽ പ്രധാന ആഘോഷം ശിവരാത്രി തന്നെയാണ്. ഈ ക്ഷേത്രങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് വകയാണ്.
മതിലകം
[തിരുത്തുക]കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടക്കുമ്പോൾ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. ഏകദേശം ഏഴ് ആനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമുണ്ടെങ്കിലും സ്ഥിരം കൊടിമരമില്ല എന്നൊരു പോരായ്മയുണ്ട്. ഉത്സവക്കാലത്ത് അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് അതിലാണ് കൊടിയേറ്റുന്നത്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കൊടിമരസ്ഥാനത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. ഏകദേശം പത്തടി ഉയരം വരുന്ന അതിഭീമാകാരമായ ബലിക്കല്ലാണ് ഇവിടെയുള്ളത്. തന്മൂലം പുറത്തുനിന്ന് നോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ശില്പകലാവൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇവിടെയുള്ള ബലിക്കല്ലും ബലിക്കൽപ്പുരയും.
ഏകദേശം നാലേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് തൃക്കുലശേഖരപുരം ക്ഷേത്രത്തിന്റേത്. ഇതിൽ പലയിടത്തായി മരങ്ങൾ വളർന്നുനിൽക്കുന്നുണ്ട്. തെക്കുകിഴക്കേമൂലയിൽ അത്തരത്തിൽ ഒരു മരത്തിന്റെ ചുവട്ടിൽ, മേൽക്കൂരയില്ലാതെ തീർത്ത ഒരു തറയിലാണ് ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. വാതിൽ കാപ്പവർ എന്നാണ് ഹനുമാൻ സ്വാമിയെ വിശേഷിപ്പിയ്ക്കുന്നത്. ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠയും നിലവിൽ ഇവിടത്തെ മുഖ്യസംരക്ഷണമൂർത്തിയും ഈ ഹനുമാനാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച നടക്കുന്നത് ഈ നടയിൽ വച്ചാണ്. വടമാല, വെറ്റിലമാല, അവിൽ നിവേദ്യം, കദളിപ്പഴം തുടങ്ങിയവയാണ് ഹനുമാന്റെ പ്രധാന വഴിപാടുകൾ. ധനുമാസത്തിലെ ഹനുമാൻ ജയന്തി, കർക്കടകത്തിലെ രാമായണമാസാചരണം എന്നിവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ.
ശ്രീകൃഷ്ണപിതാക്കന്മാരുടെ സാന്നിദ്ധ്യം
[തിരുത്തുക]കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത ഒരു പ്രത്യേകതയാണ് ക്ഷേത്രത്തിന്റെ തെക്കേ നടയിൽ കാണാൻ സാധിയ്ക്കുക. ശ്രീകൃഷ്ണഭഗവാന്റെ പിതാക്കന്മാരായ വസുദേവരുടെയും നന്ദഗോപരുടെയും പ്രതിഷ്ഠകളാണ് അവ. തെക്കുഭാഗത്ത് ചതുരാകൃതിയിൽ പണികഴിപ്പിച്ച രണ്ട് പ്രത്യേക ശ്രീകോവിലുകളിൽ, പരസ്പരാഭിമുഖമായാണ് ഇവരെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മപിതാവായ വസുദേവർ പടിഞ്ഞാറോട്ടും വളർത്തുപിതാവായ നന്ദഗോപർ കിഴക്കോട്ടുമാണ് ദർശനം നൽകുന്നത്. ശ്രീകൃഷ്ണപിതാക്കന്മാരുടെ പ്രതിഷ്ഠകൾ കാണാൻ ഇവിടെ നിരവധി ആളുകൾ വരാറുണ്ട്. ഇവരുടെ ശ്രീകോവിലുകളുടെ തെക്കുഭാഗത്തുള്ള ഉയരം കൂടിയ ശ്രീകോവിലിലാണ് ക്ഷേത്രത്തിലെ രണ്ടാമത്തെ മുഖ്യപ്രതിഷ്ഠയായ ശിവന്റെ പ്രതിഷ്ഠ. ആറടിയോളം ഉയരം വരുന്ന ശിവലിംഗമാണ് ഇവിടെയുള്ളത്. തറനിരപ്പിൽ നിന്ന് വളരെ ഉയരത്തിലാണ് ഈ ശ്രീകോവിൽ. തന്മൂലം ശിവലിംഗം കാണാൻ മുകളിലേയ്ക്ക് ചെല്ലുകതന്നെ വേണം. ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക് എന്നിവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ.
മോഹിനിയും ശാസ്താവും
[തിരുത്തുക]തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ മറ്റൊരു അപൂർവ്വപ്രതിഷ്ഠ കാണാം. മഹാവിഷ്ണുവിന്റെ ഏക സ്ത്രീ അവതാരമായ മോഹിനിയാണ് ഇവിടെ പ്രതിഷ്ഠ. ചതുർബാഹുവായ ഒരു സ്ത്രീയുടെ രൂപത്തിലാണ് ഇവിടെ വിഗ്രഹം. ഏകദേശം നാലടി ഉയരം വരും. ചതുർബാഹുവായ ദേവിയുടെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ അമൃതകലശവും മുന്നിലെ വലതുകയ്യിൽ കോരികയും കാണാം. മറ്റൊരു ക്ഷേത്രത്തിലും ഈ രൂപത്തിൽ പ്രതിഷ്ഠ കാണാറില്ല. മോഹിനീദേവിയ്ക്കൊപ്പം തന്നെ പുത്രനായ ശാസ്താവിന്റെ പ്രതിഷ്ഠയും കാണാം. വലതുകയ്യിൽ അമ്പും ഇടതുകയ്യിൽ വില്ലും ധരിച്ച ബാലശാസ്താവിന്റെ പ്രതിഷ്ഠയാണിവിടെ. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടാനും കെട്ടുനിറയ്ക്കാനുമൊക്കെ വരുന്നത് ഈ നടയിലാണ്. പട്ടും താലിയും ചാർത്തൽ, തുളസിമാല, നെയ്പ്പായസം തുടങ്ങിയവയാണ് മോഹിനീദേവിയുടെ പ്രധാന വഴിപാടുകൾ. നീരാജനമാണ് ശാസ്താവിന് പ്രധാനം.
പാർത്ഥസാരഥിയും ഗോവർദ്ധനനും
[തിരുത്തുക]ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ ഭഗവാന്റെ തന്നെ മറ്റൊരു രൂപമായ പാർത്ഥസാരഥിയുടെ പ്രതിഷ്ഠയുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന ഇവിടത്തെ വിഗ്രഹം, വലതുകയ്യിൽ ചാട്ടവാറും ഇടതുകയ്യിൽ ശംഖും പിടിച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റേതാണ്. തന്റെ ആത്മസുഹൃത്തും ഭക്തനുമായ അർജ്ജുനന്റെ സാരഥിയായിനിന്ന ഭഗവാനുമുന്നിൽ നിത്യേന ശ്രീമദ്ഭഗവദ്ഗീത പാരായണം ചെയ്യാറുണ്ട്. വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശി (ഗുരുവായൂർ ഏകാദശി) ഈ നടയിലെ പ്രധാന ആണ്ടുവിശേഷമായി ആചരിച്ചുവരുന്നു. ഇവിടെനിന്ന് അല്പം മാറി മറ്റൊരു ശ്രീകോവിലിൽ ഭഗവാന്റെ തന്നെ മറ്റൊരു രൂപമായ ഗോവർദ്ധനന്റെ പ്രതിഷ്ഠയുമുണ്ട്. ഗോവർദ്ധനപർവ്വതം ഉയർത്തുന്ന സങ്കല്പത്തിലുള്ള കൃഷ്ണന്റെ രൂപമാണ് ഗോവർദ്ധനൻ എന്നറിയപ്പെടുന്നത്. എന്നാൽ ഇവിടെ പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവിന്റേതുതന്നെയാണ്. തുലാമാസത്തിൽ ദീപാവലി കഴിഞ്ഞുവരുന്ന ഗോവർദ്ധനപൂജയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. രണ്ടും ശ്രീകൃഷ്ണരൂപങ്ങളായതിനാൽ വഴിപാടുകൾ ഒരേപോലെയാണ്. വടക്കുകിഴക്കേമൂലയിൽ നാലമ്പലത്തോടുചേർന്ന് പ്രത്യേകം ശ്രീകോവിലിൽ മഹാലക്ഷ്മിയുടെ പ്രതിഷ്ഠയുമുണ്ട്. രണ്ടുനിലകളോടുകൂടിയ ഈ ശ്രീകോവിലിന്, തന്മൂലം സവിശേഷപ്രാധാന്യം കല്പിച്ചുപോരുന്നു. കേരളത്തിലും തീരദേശ കർണാടകയിലുമുള്ള നിരവധി ദേവീക്ഷേത്രങ്ങളിൽ (ഉദാ: കൊല്ലൂർ മൂകാംബികാക്ഷേത്രം, ചോറ്റാനിക്കര ഭഗവതിക്ഷേത്രം, കുമാരനല്ലൂർ ഭഗവതീക്ഷേത്രം) പ്രധാനപ്രതിഷ്ഠയെ മഹാലക്ഷ്മിയായി സങ്കല്പിച്ച് ആരാധിയ്ക്കാറുണ്ടെങ്കിലും മഹാലക്ഷ്മിയ്ക്ക് പ്രത്യേകമായി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ കേരളത്തിൽ അത്യപൂർവ്വമാണ്. നാലുകൈകളിൽ ശംഖ്, ചക്രം, വരദാഭയമുദ്രകൾ എന്നിവ ധരിച്ച മഹാലക്ഷ്മിയുടെ രൂപമാണിവിടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഏകദേശം നാലടി ഉയരം വരും വിഗ്രഹത്തിന്. പട്ടും താലിയും ചാർത്തുന്നതും നെയ്പ്പായസവുമാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകൾ. നവരാത്രി നാളുകളാണ് പ്രധാന ആണ്ടുവിശേഷം.
ശ്രീകോവിൽ
[തിരുത്തുക]രണ്ടുനിലകളോടുകൂടി ഉയർന്നുനിൽക്കുന്ന, ഭീമാകാരമായ ഒരു ദീർഘചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം കാണാം. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നമസ്കാരമണ്ഡപത്തോടുകൂടിയ ശ്രീകോവിലാണ് ഇവിടെയുള്ളത്. തന്മൂലം ഇവിടെ പ്രതിഷ്ഠയെ കാണണമെങ്കിൽ ഇരുവശത്തുമുള്ള പടികളിൽ കൂടി കയറേണ്ടതുണ്ട്. കയറിക്കഴിഞ്ഞാൽ ഒരു പീഠം കാണാം. ഇവിടെ നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. ഇതുകഴിഞ്ഞാൽ സോപാനപ്പടികൾ തുടങ്ങുകയായി. നേരിട്ട് കയറാവുന്ന രീതിയിലുള്ള സോപാനപ്പടികളാണ് ഇവിടെയുള്ളത്. അവ കടന്ന് അകത്തേയ്ക്കുപോയാൽ മൂന്നുമുറികൾ കാണാം. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം ആറടി ഉയരം വരുന്ന ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി തൃക്കുലശേഖരപുരത്തപ്പൻ കുടികൊള്ളുന്നു. വിഗ്രഹം മഹാവിഷ്ണുവിന്റേതാണെങ്കിലും യൗവനയുക്തനും വിവാഹിതനുമായ ശ്രീകൃഷ്ണഭഗവാന്റെ സങ്കല്പത്തിലാണ് ആരാധന നടത്തിവരുന്നത്. പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദ, മുന്നിലെ വലതുകയ്യിൽ താമര എന്നിവ ധരിച്ച, ശാന്തസ്വരൂപനായ ഭഗവാന്റെ രൂപമാണ് ഇവിടെയുള്ളത്. ഭഗവാന് അഭിമുഖമായിത്തന്നെ ഇവിടെ ഗരുഡനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീകോവിലിൽ ഭക്തർ തൊഴുതുനിൽക്കുന്ന സ്ഥലത്തിന്റെ എതിർവശത്താണ് ഗരുഡപ്രതിഷ്ഠ. ചിറകുകളും കൊക്കുമുള്ള ഒരു മനുഷ്യന്റെ രൂപത്തിലാണ് ഇവിടെ ഗരുഡന്റെ പ്രതിഷ്ഠ. രണ്ടുകൈകളും കൊണ്ട് ഭഗവാനെ തൊഴുതുനിൽക്കുന്ന രൂപമാണ് മൂന്നടി ഉയരം വരുന്ന ഗരുഡവിഗ്രഹത്തിന്. അപൂർവ്വമാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകൾ എന്നത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീതൃക്കുലശേഖരപുരത്തപ്പൻ ശ്രീലകത്ത് വാഴുന്നു.
നിലവിൽ ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ കൊണ്ട് അലംകൃതമല്ല ഇവിടത്തെ ശ്രീകോവിൽ. എന്നാൽ, ശില്പകലാവൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമാണുതാനും. ദ്വാരപാലകരുടെയും നമസ്കരിച്ചുകിടക്കുന്ന ഭക്തരുടെയും മൃഗമാല, പക്ഷിമാല, ഭൂതമാല തുടങ്ങിയവയുടെയും രൂപങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്. കൂടാതെ ഓരോ ദിക്കിലും അതാത് ദിക്കിന്റെ അധിപന്മാരുടെ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഇതും ശ്രദ്ധേയമായ ഒരു നിർമ്മിതിയാണ്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് അഴിയിട്ട ഒരു കോണിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാന്റെ ഒരു പ്രതിഷ്ഠയുണ്ട്. രണ്ടടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിയ്ക്കുന്ന, ചതുർബാഹുവായ ഗണപതിയുടെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഗണപതിഹോമം, നാളികേരമുടയ്ക്കൽ എന്നിവയാണ് ഇവിടെ പ്രധാന വഴിപാടുകൾ. വടക്കുവശത്ത് പതിവുപോലെ ഓവ് പണിതിട്ടുണ്ട്.
റഫറൻസുകൾ
[തിരുത്തുക]