അടിമവ്യാപാരം
മനുഷ്യനെ ജംഗമവസ്തുവായിക്കരുതി വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്ന സമ്പ്രദായമാണ് അടിമവ്യാപാരം. [1]ചരിത്രാതീതകാലം മുതൽ അടുത്തകാലംവരെ അടിമകളെ വാങ്ങുന്നതിനും വില്ക്കുന്നതിനുമുള്ള വ്യാപാരസമ്പ്രദായങ്ങളും വിപണികളും ഉണ്ടായിരുന്നു. അടിമവ്യാപാരത്തിന് രജിസ്റ്റർ ചെയ്ത കമ്പനികൾ, മനുഷ്യച്ചരക്ക് നിറച്ച കപ്പലുകൾ, അടിമച്ചന്തകൾ, ചങ്ങലകൊണ്ടുബന്ധിച്ച അടിമവേലക്കാർ, ആൾപിടിത്തക്കാർ-ഇതെല്ലാം അടുത്തകാലംവരെ വസ്തുതകളായിരുന്നുവെന്ന് വിശ്വസിക്കാൻ ഇന്ന് പ്രയാസം തോന്നാം. അടിമച്ചന്തകൾ വിജയനഗരത്തിലുമുണ്ടായിരുന്നു. കൊച്ചി തുറമുഖത്തും കോഴിക്കോട്ടും പൊന്നാനിയിലും കൊല്ലത്തും ചെന്നൈയിലും നാഗപട്ടണത്തും വിദേശക്കപ്പലുകൾ വന്ന് ഇന്ത്യയിൽനിന്ന് നിർഭാഗ്യവാൻമാരായ മനുഷ്യരെ വാങ്ങി അടിമക്കമ്പോളങ്ങളിൽ വിറ്റിരുന്നു. വയനാട്ടിൽ മാനന്തവാടിക്കടുത്ത വള്ളൂർക്കാവിൽ ഉത്സവകാലത്ത് സമീപസ്ഥരായ കൃഷിക്കാർ പണിയരെ ഒരു സംവത്സരക്കാലം പണിക്കായി നില്പുപണം കൊടുത്ത് റിക്രൂട്ട് ചെയ്തിരുന്നു. നിരവധി പണിയർ അങ്ങിങ്ങായി കൂട്ടംകൂടി നില്ക്കുന്നതും കൃഷിക്കാർ അവരുമായി നില്പുപണസംഖ്യയെക്കുറിച്ച് സംസാരിക്കുന്നതും പണ്ടത്തെ അടിമച്ചന്തയുടെ ഒരു നിഴലാട്ടംപോലെ തോന്നും. അടിമസമ്പ്രദായം നിർത്തി നൂറിലധികം വർഷങ്ങൾ കഴിഞ്ഞെങ്കിലും അതിന്റെ നിഴൽ വയനാട്ടിൽനിന്ന് തീരെ തിരോധാനം ചെയ്തിട്ടില്ല. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി, അടിയന്റെ പുറം തമ്പുരാന്റെ കൈ എന്നിങ്ങനെയുള്ള ചൊല്ലുകൾ പഴയ അടിമത്തത്തിന്റെ മാറ്റൊലിയായി മലയാളത്തിൽ അവശേഷിക്കുന്നു.
അടിമവ്യാപാരം കേരളത്തിൽ
[തിരുത്തുക]കേരളത്തിൽ 16-ആം ശതകത്തിനുമുൻപുള്ള അടിമവ്യാപാരത്തെപ്പറ്റി വിശ്വസിക്കത്തക്ക വിവരങ്ങൾ അല്പം മാത്രമേ ലഭ്യമായിട്ടുള്ളൂ.[2] ഇന്ത്യയിൽ അന്യഭാഗങ്ങളിലെന്നപോലെ, അടിമജാതികൾ കേരളത്തിലും ഉണ്ടായിരുന്നതുകൊണ്ട് അടിമക്കച്ചവടത്തിന് വലിയ ആവശ്യമുണ്ടായിരുന്നില്ല.[3] എ.ഡി. 1902-ൽ കുറുമ്പ്രനാട്ട് രാജാവ് കോവിലകം അടിമപ്പണിയരിൽ 13 കുടുംബങ്ങളെ വയനാട്ട് മുപ്പതിനാടംശംദേശത്ത് കുണ്ടരഞ്ഞിരാമനും അനന്തരവൻ ചൂണ്ടനും വില്ക്കുന്ന ഒരു മുളക്കരണം താഴെ കൊടുക്കുന്നു. (ഈ വില്പനയിൽ ഭൂമി കൈമാറ്റമില്ലാത്തതുകൊണ്ട് ഈ പണിയർ ഭൂമിയോടു ചേർന്ന അടിമകളല്ലെന്ന് വ്യക്തം).
“ | കൊല്ലം 1077... മതമകരം വ്യായം കുഭം ഞായാറ്റിൽ എഴുതിയാ അട്ടിപ്പെറ്റൊല കരുണമാവിത കുറുമ്പ്രനാടു കൊളപ്പുറത്ത കോവിലത്ത് വീരരായിരവൻ വീരരായിര വൻ കുണ്ടരഞ്ഞിയിൽ രാമനും അനിന്തിരവൻ ചൂണ്ടനും കൂടി എഴുതികൊടുത്താ കരുണമാവിത. നമ്മുടെ പുതി ശ്ശേരി കോവിലത്തെ ജെൻമമായി വെള്ളിന്റെ മകൻ മാതൻ പണിയനെയും ചന്തനെയും മൂപ്പനെയും ചാത്തിനെയും അവരുടെ മക്കളെയും ചാത്തിന്റെ മകൻ വെരനെയും പൂയ നെയും ചെമ്പനെയും പുളിയനെയും പൂയന്റെ മകൻ കൊളമ്പനെയും വെളിയനെയും അവരെ മക്കളെയും വെള്ളിന്റെ മകൻ കൊഞ്ചനെയും അവന്റെ മക്കളെയും കറ പ്പന്റെ മകൻ കഴവനെയും കൊറവന്റെ മകൻ കുങ്കനെയും ഇവരെ ണ്ടെൾക്കളന്ന അട്ടിപ്പെരും നീരുമായി അന്നപെറും വില അർഥവും വാങ്ങി എഴുതിക്കൊടുത്താൻ കൊളപ്പു റത്ത കോവിലത്ത വീരരായിരവൻ വീരരായിരവൻ അന്ന ടുക്കും അനന്തരവരെയുംകൂടി അന്നപെറും വില അർഥ വും കൊടുത്ത എഴുതിച്ചുകൊണ്ടാൻ വയനാട താലൂക്ക മുപ്പതിനാടംശം ദേശത്ത കുണ്ടരെഞ്ഞിരാമനും അനന്തി രവൻ ചൂണ്ടനും കൂടി വെള്ളിന്റെ മകൻ മാതൻ' (ബാക്കി പേരുകളും ഇവിടെ രണ്ടാമതും എടുത്തുപറയുന്നു). അന്നുപെറും വില അർഥവും കൊടുത്ത അന്നടുക്കും അനന്തരവരെയും കൂട്ടി അട്ടിപ്പെറും നീരും കൊണ്ടാമെ യിക്കും അറിയും സാക്ഷി സഭവടമറിയെ കേട്ടുകേൾപ്പിച്ച കയ്യഴുതി(നെ)ൻ നാറങ്ങാളി ഇട്ടിരാരപ്പൻ നായരകയ്യഴുത്ത. |
” |
............ൽ
...........തു
ഇവിടെ സാക്ഷികളുടെ ഒപ്പ് രാമവർമരാജാവവൃകള്
ഷ്ട്രിൽ.
കേരളത്തിലെ മിക്ക തുറമുഖങ്ങളിലും അടിമക്കയറ്റുമതി 16-ആം ശതകം മുതൽ 18-ആം ശതകത്തിന്റെ അവസാനം വരെ ഉണ്ടായിരുന്നു. ഡച്ചുകാർ കൊച്ചിയിൽനിന്ന് ജാവയിലേക്ക് ധാരാളം അടിമകളെ വാങ്ങി അയച്ചിരുന്നു. അഞ്ചുതെങ്ങിലെ ഇംഗ്ളീഷ് വ്യാപാരികളും അടിമവ്യാപാരത്തിൽ ഏർ പ്പെട്ടു.[4]
ആഫ്രിക്കൻ അടിമകളെ മിക്ക മുസ്ലീം രാജധാനികളിലും കാവൽക്കാരായും കാണാമായിരുന്നു. ഒരു കൊച്ചിരാജാവിനും ആഫ്രിക്കൻ അടിമകളിൽ താത്പര്യമുണ്ടായിരുന്നുവെന്ന് 1793 ആഗസ്റ്റ് 3-ന് കൊച്ചിരാജാവിന് ഡച്ച് ഗവർണർ അയച്ച ഈ കത്തിൽനിന്ന് വ്യക്തമാണ്.
കൊടുത്തയച്ച തിട്ടൂരവും വായിച്ചുകണ്ട അവസ്ഥയും ധരിച്ചു. കാപ്പിരിവകയിൽ ഒരാങ്കിടാവിനെയും ഒരു പെങ്കിടാവിനെയും മെടിച്ചുകൊടുത്തയക്കമെന്നും തിട്ടൂരത്തിൽ എഴുതിവന്നുവല്ലോ. ഇവിടെ അന്വെഷിച്ചിട്ടു 36-38 വയസ്സുള്ളതിൽ ഒര ആങ്കിടാവും 34-35 വയസ്സുള്ള ഒര പെങ്കിടാവും നമ്മുടെ അടുക്കൽ കൊണ്ടുവന്നു. അതിന്റെ ഉടയക്കാര ഒരൊന്നിനു മൂന്നരിച്ചെ രൂപ ചോദിച്ചു. ആയത എത്രയും വില കടുപ്പം ആകകൊണ്ടു നാം അങ്ങയ്ക്കു കൊടുത്തയക്കാൻ ശംഖിച്ചു.
തമിഴ്നാട്ടിൽ
[തിരുത്തുക]ചോളകാലത്ത് തമിഴ്നാട്ടിലെ കൃഷിത്തൊഴിലാളികളിൽ ഭൂരിഭാഗവും അടിമകളോ അടിമകൾക്ക് തുല്യരോ ആയിരുന്നു എന്നാണ് കെ.എ. നീലകണ്ഠശാസ്ത്രിയുടെ നിഗമനം.[5] മനുഷ്യജീവികളെ സ്വകാര്യവസ്തുവായി ഗണിച്ച് അവരെ വില്ക്കുകയും വാങ്ങിക്കുകയും ചെയ്തിരുന്നുവെന്നതിന് അസന്ദിഗ്ധമായ തെളിവ് പല ശിലാശാസനങ്ങളിലും തമിഴ്നാട്ടിൽ കാണാം.[6] നിരവധി ശാസനങ്ങളിൽ കാണുന്നത് ക്ഷേത്രങ്ങളിലേക്കുള്ള അടിമവില്പനയാണ്. ചിലപ്പോൾ ഈ വില്പന സ്വന്തം ഇഷ്ടാനുസരണം മതപരമായ ആവശ്യത്തിനുവേണ്ടിയായിരുന്നു. ഒരു ശാസനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് 13 കാശിന് നൂറുപേരെ ഒരാൾ വില്ക്കുന്ന ഒരിടപാടാണ്; ഇതിൽ കാഞ്ചനേച്ഛയല്ലാതെ ഭക്തിയുടെ ലാഞ്ഛനയൊന്നുംതന്നെയില്ല. എ.ഡി. 948-ൽ നന്ദിവർമമംഗലം ഗ്രാമത്തിലെ മധ്യസ്ഥൻ തൃശ്ശിനാപ്പള്ളി നാട്ടിലെ വയലൂർ ക്ഷേത്രത്തിലേക്ക് തിരുപ്പതിയം പാടുവാനും ദേവവിഗ്രഹത്തിന് വെൺചാമരം വീശുവാനുമായി മൂന്നു ദാസികളെ ദാനംചെയ്യുന്നു; ആറുകൊല്ലം മുൻപ് ആ മധ്യസ്ഥൻ വാങ്ങിയവരാണ് ദാസിമാർ എന്നും ശാസനത്തിൽ പറയുന്നു. രാജരാജചോളന്റെ 17-ആം ഭരണവർഷത്തിൽ (എ.ഡി. 1002) തിരുവടന്തെ (ചിങ്കൽപ്പേട്ട ജില്ല) ശ്രീവരാഹസ്വാമിക്ഷേത്രത്തിലേക്ക് രണ്ടു നാട്ടുപ്രമാണിമാരുടെ (ഒരു നാടു കൺ-കാട് ചി, ഒരു നാടു-വകൈ) ആജ്ഞപ്രകാരം പന്ത്രണ്ടു പട്ടിണവ (മുക്കുവ) കുടുംബങ്ങളെ ക്ഷേത്രദാസൻമാരായി കൊടുക്കപ്പെടുന്നു. അവരുടെ തൊഴിലിൽനിന്ന് (നെയ്ത്ത്, മീൻപിടുത്തം) കിട്ടുന്ന വരുമാനത്തിൽനിന്ന് ഓരോ മുക്കുവകുടുംബവും ക്ഷേത്രത്തിലേക്ക് വർഷംതോറും 3/4 കഴഞ്ച് സ്വർണം കൊടുക്കണമെന്നും ചിങ്ങത്തിൽ ചതയം നാളോടുകൂടി അവസാനിക്കുന്ന ഉത്സവങ്ങൾക്കുവേണ്ട പണികൾ ചെയ്യണമെന്നും തിരുവടന്തെ ഗ്രാമത്തിലെ സഭയും ഊർകാരും മുക്കുവരെക്കൊണ്ട് ഈ പണി ശരിയായി ചെയ്യിക്കണമെന്നും ശാസനത്തിൽ നിർദ്ദേശമുണ്ട്. ഇത് കർശനമായ അടിമത്തമല്ലെങ്കിലും അവരുടെ സമ്മതത്തോടെയല്ല തിരുവടന്തെയിലെ മുക്കുവർ ക്ഷേത്രദാസൻമാരായത് എന്ന് വ്യക്തമാണ്.[7]
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്കാരുടെ സൂറത്ത് ഫാക്ടറിയുടെ 1641-ലെ കണക്കുകളിൽ ഇങ്ങനെയൊരു കുറിപ്പു കാണുന്നു. മൈക്കെൽ എന്ന കപ്പൽ 5-1-1641-ന് തുണിച്ചരക്കുകളോടും മലബാർതീരത്തുനിന്ന് വാങ്ങിയ 14 [അടിമ|അടിമകളോടുംകൂടി]] ബാന്റാമിൽ (ജാവാ) എത്തി. മലയാളി അടിമകൾ ജാവായിൽ എത്തിയതിനും എങ്ങനെയെത്തിയെന്നതിനും വേറെ തെളിവുകൾ ആവശ്യമില്ല. അടിമവ്യാപാരത്തിന് ചെന്നൈ പട്ടണത്തിൽ പല സൌകര്യങ്ങളുമുണ്ടായിരുന്നു. ഡച്ചുകമ്പനിക്കാരുടെ സങ്കേതമായ പുലിക്കാട്ടും ഈ കച്ചവടം നടന്നുവന്നു. അന്യദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ഓരോ അടിമയ്ക്കും കമ്പനിക്കാർ ഒരു പഗൊഡ ചുങ്കം ചുമത്തിയിരുന്നു. വില്ക്കാനുള്ള ഓരോ അടിമയെയും രജിസ്റ്റർ ചെയ്യണമെന്നും നിയമമുണ്ടായിരുന്നു. രജിസ്റ്റർ ഓഫീസിൽ കമ്പനിയുടെ ഓഹരി അരരൂപാ ആയിരുന്നു. 1646-ൽ തമിഴ്നാട്ടിൽ ഒരു ക്ഷാമബാധയുണ്ടായപ്പോൾ അനേകം പട്ടിണിപ്പാവങ്ങൾ നാഗപട്ടണത്തുവന്ന് തങ്ങളെത്തന്നെ ഒരു പറങ്കിക്കപ്പിത്താനു വിറ്റുവെന്നും അക്കാലത്തെ ചരിത്രരേഖകളിൽ കാണാം. ട്രാൻക്യൂബാറിലെ ഒരു ഇറ്റാലിയൻ പുരോഹിതൻ, മധുരക്കാരനായ ഒരു ക്രിസ്ത്യാനിയുടെ ഭാര്യയെയും നാലു മക്കളെയും 30 പഗൊഡക്ക് മനിലായിലേക്കുപോകുന്ന ഒരു കപ്പലിലെ കപ്പിത്താനു വിറ്റുവെന്ന് നിക്കോളായ് മനുച്ചി (1650-1708) തന്റെ യാത്രാഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫോർട്ട് സെയിന്റ് ജോർജിലെ വ്യാപാരികളുടെ പ്രധാന ദുബാഷുമാരായിരുന്ന വെങ്കടിയും കണ്ണപ്പനും ആൾപിടിത്തക്കാരും അടിമദല്ലാളുകളും ആയിരുന്നു. കമ്പനിയുടെ പ്രസിഡണ്ട് ബേക്കർ ഇവരുടെ ചങ്ങാതിയായിരുന്നു. കമ്പനിക്കാർക്കുതന്നെ 1687-ൽ അവരുടെ മസൂല തോണികളിൽ പങ്കെടുക്കുവാൻ 43 മുക്കുവ അടിമകളുണ്ടായിരുന്നു. അടിമകളാക്കി വില്ക്കപ്പെട്ടവരുടെ ജ്ഞാതികളിൽനിന്ന് നിരവധി പരാതികൾ കിട്ടിയപ്പോൾ മദിരാശിയിലെ കമ്പനിക്കാർ 1688-ൽ ചില കർശനനടപടികൾ സ്വീകരിച്ചു. ചൗൾട്രി (choultry ) ന്യായാധിപതിയുടെ സമ്മതത്തോടുകൂടി മാത്രമേ അടിമകളെ വിദേശങ്ങളിലേക്കു കയറ്റി അയയ്ക്കുവാൻ പാടുള്ളൂ എന്നാക്കി നിയമം; ഇത് ലംഘിക്കുന്നവർക്ക് 5 മുതൽ 16 വരെ പഗൊഡ പിഴ നല്കി; തുടർച്ചയായി നിയമം ലംഘിക്കുന്നവരെ തടങ്കലിലിട്ടു ചെവി അറുക്കുക എന്നതായി ശിക്ഷ. ഇതുകൊണ്ടും ആൾപിടിത്തം കുറഞ്ഞില്ല; മാത്രമല്ല, പരസ്യമായി തുടർന്നു. മുസൽമാൻകുടികളെയും ആൾപിടിത്തക്കാർ വിദേശങ്ങളിലേക്ക് വില്ക്കുന്ന കഥ ഡൽഹിയിൽ അറംഗസീബ് ചക്രവർത്തിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഈ ദുഷിച്ച വ്യാപാരത്തിനെതിരെ മസൂലിപട്ടണത്തിലെ ലന്തക്കാരോട് അദ്ദേഹം പ്രതിഷേധിച്ചു. ദുഷ് പേര് ഭയന്ന് ഇംഗ്ളീഷുകാരും മദിരാശിപട്ടണത്തിലെ അടിമവ്യാപാരം നിരോധിച്ചു (1688). ഇതുകൊണ്ടും ഫലമൊന്നുമുണ്ടായില്ല. ഒരു നൂറ്റാണ്ടുകാലംകൂടി, അതായത്, 1793 വരെ, മദിരാശി തുറമുഖത്ത് അടിമവ്യാപാരം നിർവിഘ്നം തുടർന്നു. ജാവ, സുമാട്ര എന്നീ പൂർവേഷ്യൻ ദ്വീപുകളിലെ തോട്ടക്കൃഷി വികസനത്തിനാണ് തമിഴ്നാട്ടിലെ അടിമകൾ നിയുക്തരായിരുന്നത്. നെൽക്കൃഷി അവിടെ പ്രചരിപ്പിച്ചതിന് കാരണക്കാർ ദക്ഷിണേന്ത്യൻ അടിമകളായിരുന്നു.
അടയാളംകുത്തൽ
[തിരുത്തുക]ദേവദാസികളുടെ ദേഹത്തിൽ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനായി അടയാളം കുത്തുന്ന സമ്പ്രദായം ഗ്രീസിലും റോമിലും യു.എസിലും എന്നപോലെ, തമിഴകത്തും ഉണ്ടായിരുന്നു. ചോളകാലത്ത് ചൂടുവയ്ക്കുകയോ വേറെ ഏതെങ്കിലും വിധത്തിൽ അടയാളം കുത്തുകയോ ചെയ്തിരുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടില്ല. ശിവക്ഷേത്രങ്ങളിലേക്ക് ദാനമായി കൊടുത്ത സ്ത്രീകളുടെ ശരീരത്തിൽ ത്രിശൂലചിഹ്നമാണ് കുത്തിയിരുന്നത്. പില്ക്കാലത്തെ വൈഷ്ണവൻമാർ തങ്ങളുടെ ശരീരത്തിൽ വൈഷ്ണവചിഹ്നങ്ങൾ ചൂടുവച്ചിരുന്നുവെന്നതിൽനിന്ന് അടിമകളെയും ദേവദാസികളെയും ചൂടുവയ്ക്കലിന് വിധേയമാക്കിയിരുന്നുവെന്ന് തെളിയുന്നു.
അടിമകളുടെ പ്രതിഷേധം
[തിരുത്തുക]പ്രതിഷേധം തമിഴ്നാട്ടിലെ അടിമകൾ ചില അപൂർവാവസരങ്ങളിൽ യജമാനൻമാർക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാതിരുന്നില്ല എന്നതിനും ചരിത്രപരമായ തെളിവുകളുണ്ട്. ഇതിനുള്ള ഒരുദാഹരണം തഞ്ചാവൂർ ജില്ലയിലെ തിരുവാലങ്ങാടു ക്ഷേത്രത്തിലെ ഒരു ശിലാലിഖിതത്തിൽ കാണാം. വയിരാദരായർ എന്നൊരാൾക്ക് കുറെ അടിമകളുണ്ടായിരുന്നു. ഇവരിൽ കുറെപേർ അയാൾക്ക് പിൻതുടർച്ചയായി കിട്ടിയവരും ബാക്കി അടിയാൾ അയാളുടെ ഭാര്യമാർക്ക് സ്ത്രീധനമായി കിട്ടിയവരും ആയിരുന്നു. ഭാര്യമാരുടെ സമ്മതത്തോടുകൂടി തന്റെ അടിമകളിൽ ചിലരെ സ്ഥലത്തെ ക്ഷേത്രാധികാരികൾക്കു വിറ്റു. മഠ-അടിമകളായി ഇവർ നിയോഗിക്കപ്പെട്ടു. ശൈവമഠമായിരുന്നതുകൊണ്ട് അടിമകളുടെ ദേഹത്തിൽ ത്രിശൂലമുദ്ര കുത്തി. ഈ അടിമകൾ ജോലി ശരിക്കു ചെയ്യാതെയും സ്ഥആനത്താരെ (ക്ഷേത്രാധികാരികളെ) അനുസരിക്കാതെയും കലമ്പൽ കൂട്ടിയതിനാൽ ഇവരെ ശിക്ഷിക്കാനായി ക്ഷേത്രത്തിന്റെയും മഠത്തിന്റെയും ഭരണസമിതിയോഗം കൂടേണ്ടിവന്നു. ശിലാലിഖിതത്തിന്റെ അവസാനഭാഗം തേഞ്ഞുമാഞ്ഞുപോയതുകൊണ്ട് എന്തുശിക്ഷയാണ് അടിയാർക്ക് കിട്ടിയതെന്നറിയുവാൻ നിവൃത്തിയില്ല.
മൈസൂറിൽ
[തിരുത്തുക]അടിമസമ്പ്രദായം 1830-ൽ മൈസൂർ രാജാവ് നിർത്തൽ ചെയ്തുവങ്കിലും ആ നിയമം ഏട്ടിലെ പശുവായി നിന്നു. അടിമകളെ കന്നഡഭാഷയിൽ ഇത്താളു എന്നും മണ്ണാളു എന്നും പറയുന്നു. പരമ്പരാഗതമായി ദാസ്യവൃത്തിയിൽ ഏർപ്പെട്ടിരുന്നവരാണ് ഇവർ. ഭൂസ്വത്തിന്റെ ഭാഗമായിക്കണക്കാക്കപ്പെട്ടിരുന്നവരും ഭൂമി കൈമാറ്റത്തിൽ ഉൾ പ്പെട്ടിരുന്നവരുമായ അടിമകളെ മണ്ണാളു എന്നു പറഞ്ഞുവരുന്നു. അടിമകളെ വില്ക്കുകയോ പണയം കൊടുക്കുകയോ ചെയ്യുകയായിരുന്നു പതിവ്. ഗ്രാമത്തിന്റെ പരിധിയിൽനിന്ന് പുറത്തുപോകാൻ അടിമകൾക്ക് പാടില്ലായിരുന്നു. ഹൊലെരു ജാതിയിൽപ്പെട്ടവരായിരുന്നു അടിമകൾ.
യജമാനൻമാരുടെ (ഹെഗ്ഡെമാരുടെ, ഡെയാറുടെ) സ്ഥിരം വല്ലിയാളാകുന്നതിന് തുടക്കമായി ഹൊലെരുജാതിയിൽപെട്ടവർ സാധാരണ വിവാഹച്ചെലവിന് പണം വാങ്ങുകയും യജമാനന്റെ പക്കൽനിന്ന് പാൽ വാങ്ങിക്കുടിക്കുന്ന ചടങ്ങിനുശേഷം ദാമ്പത്യവൃത്തി തുടങ്ങുകയും ചെയ്യുന്നു. എല്ലാ ദീപാവലിദിനത്തിലും ഈ കരാർ പുതുക്കുകയും വേണം. കാപ്പിത്തോട്ടങ്ങളിൽ ഹൊലെരുജാതിക്കാർക്ക് കൂലിപ്പണിക്ക് സൗകര്യം കിട്ടിയപ്പോൾ വല്ലിയാൾവൃത്തിക്ക് അവർ പോകാതായിത്തുടങ്ങി. ഭൂവുടമസ്ഥാവകാശം അവർക്കുണ്ടായിരുന്നില്ല. സ്വന്തം കൃഷി ചെയ്യാനും അവരെ അനുവദിച്ചിരുന്നില്ല. പണം അവർക്കു കൊടുത്തുകൂടാ എന്നതായിരുന്നു ചില പ്രദേശങ്ങളിലെ പതിവ്.
ഉത്തരേന്ത്യയിൽ
[തിരുത്തുക]ബീഹാറിൽ എ.ഡി. 18-ആം ശതകത്തിന്റെ ആദ്യദശകങ്ങളിൽ അടിമകളെ പ്രമാണംവഴി എങ്ങനെയായിരുന്നു കൈമാറ്റം ചെയ്തിരുന്നതെന്ന് ഉദാഹരിക്കുവാൻ ഡോ. ഡി.സി. സർക്കാർ പ്രസിദ്ധപ്പെടുത്തിയ സംസ്കൃതഭാഷയിലുള്ള കരണത്തിൽ ഇപ്രകാരം കാണുന്നു.
ഗൗരീ വരാടികാപത്രമിദം മാണ്ഡരസം ശ്രീ ഭവദേവ ശർമാ പാലീസം ശ്രീസാഹേബുശർമസുപത്രം അർപ്പയതി തദ് ഏതദ്സകാശാദ് രാജതമുദ്രാത്രയം ആദായ അമാതജാതീയാം - തുലായീപുത്രീം ശ്യാമവർണാം ഷഡ്വർഷവയസ്കാം വാ (ബാ)ദരീപുത്രായ പരിണേതുംദത്താ. അതഃപരം മമ സ്വത്ത്വം നാസ്തി. ശാകെ 1645 സന 1131 സാലമുലകീ ആഷാഡശുക്ളദ്വിതീയാം ഗുരൌെ സാച്ചി (ക്ഷി)ണൌെ ശ്രീ വാസുദേവഝാ ശ്രീ വിഘ്നേശഝാ ലിഖിതം ഉഭയാനുമത്യാ ശ്രീ ഘോഘെശർമണാ. ലിഖാപണ അനാതീനി (ഗൌരി-എട്ടു വയസ്സായ പെൺകുട്ടി വരാടിക) (കൌടി) പ്രമാണം. മണ്ഡരക്കാരൻ ഭവദേവശർമ പാലിക്കാരൻ സാഹേബശർമനു കൊടുക്കുന്ന പത്രം. മൂന്നു വെള്ളി കൈപ്പറ്റി, എന്റെ അമാതജാതിക്കാരി ദാസി തുലായിയുടെ കറുത്ത, ആറുവയസ്സായ മകളെ (സാഹേബശർമന്റെ ദാസി) ബാദരീപുത്രന് കല്യാണം ചെയ്യിക്കുവാൻ കൊടുത്തു. ഇനിമേൽ എനിക്ക് (അവളുടെമേൽ) യാതൊരവകാശവുമില്ല. ശക. 1645-ന് മുല്കി വർഷം 1131, ആഷാഡശുക്ളദ്വിതീയവ്യാഴാഴ്ച സാക്ഷികൾ ശ്രീ വാസുദേവ ഝാ., ശ്രീ വിഘ്നേശ ഝാ. രണ്ടുപേരുടെയും അനുമതിയോടുകൂടി ഘോഘെശർമ എഴുത്ത്. എഴുത്തുപണം മൂന്ന് അണ. (ഈ പത്രത്തിന്റെ ഇംഗ്ളീഷ് തീയതി 1724 ജൂൺ 11).
സായ്തോ എന്ന ഒരു അടിമസ്ത്രീയുടെയും അവരുടെ മകളുടെയും മേൽ രണ്ടു ബ്രാഹ്മണർക്കുണ്ടായിരുന്ന അവകാശത്തർക്കത്തിൽ സചലമിശ്രൻ എന്ന മൈഥിലീപണ്ഡിതന്റെ വിധിയും മറ്റു രേഖകളും ഡോ. കെ.പി. ജയസ്വാൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ തർക്കം നടന്നത് 1794-ലാണ്.
വിദേശങ്ങളിൽ
[തിരുത്തുക]കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിനുശേഷം അടിമവ്യാപാരം ആഗോളവ്യാപകമായി. ഈ വ്യാപാരത്തിലെ വിപണിതവസ്തുവിൽ സിംഹഭാഗവും ആഫ്രിക്കൻ ജനങ്ങളും ഇതിൽനിന്ന് ഏറ്റവും കുപ്രസിദ്ധിയും ലാഭവും നേടിയവർ ഇംഗ്ളീഷുകാരും അവർക്ക് മുൻപ് ലന്തക്കാരും ആയിരുന്നു. പടിഞ്ഞാറൻ യൂറോപ്യരുടെ അമേരിക്കൻ കുടിയേറ്റത്തിന്റെ നാനൂറുകൊല്ലത്തെ കഥയുടെ ഒരു ഭാഗമായി ഈ അടിമവ്യാപാരം ചരിത്രകാരൻമാർ വിവരിക്കാറുണ്ട്. ആ എഴുത്തുകാരെല്ലാം വെള്ളക്കാരാണ്. അടുത്തകാലത്താണ് കറുത്തവർഗ ചരിത്രകാരൻമാരും എഴുത്തുകാരും അവരുടെ ദാരുണമായ കഥ ചർച്ചചെയ്യാൻ തുടങ്ങിയത്.
അമേരിക്കയിൽ ആദ്യം എത്തിയ നീഗ്രോകൾ ആഫ്രിക്കയിൽ നിന്നല്ല, [[യൂറോപ്പ്|യൂറോപ്പിൽ] നിന്നായിരുന്നു. എ.ഡി. 14-ആം ശതകത്തിൽ സ്പെയിൻകാരും പോർത്തുഗീസുകാരും വടക്കു പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്ന് നീഗ്രോത്തൊഴിലാളികളെ കൊണ്ടുപോയി വീട്ടുവേലയ്ക്കും മറ്റു പണികൾക്കുമായി ഉപയോഗപ്പെടുത്തിയിരുന്നു. അധികം താമസിയാതെ യൂറോപ്പിൽ ആഫ്രിക്കയിൽ നിന്നുള്ള വേറെ ഇറക്കുമതികളോടുകൂടി നീഗ്രോഅടിമകളുടെയും വരവു തുടങ്ങി. ഈ വ്യാപാരത്തിൽ നല്ല ലാഭം ഉണ്ടെന്ന് സ്പെയിൻകാരും പറങ്കികളും മനസ്സിലാക്കി. പുതുതായി കണ്ടുപിടിച്ച പടിഞ്ഞാറൻ അർധഗോളത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാൻ നീഗ്രോത്തൊഴിൽ സഹായകമാകുമെന്നും അവർ കാണാതിരുന്നില്ല. സ്പെയിൻകാരും പറങ്കികളും അമേരിക്കൻ വൻകരകളിൽ 16-ആം ശതകത്തിന്റെ ആദ്യദശകങ്ങളിൽ നടത്തിയ ദിഗ് വിജയങ്ങളിലും സാഹസികയാത്രകളിലും നിരവധി നീഗ്രോദാസൻമാർ ഉണ്ടായിരുന്നു. കാനഡയിലും മിസ്സിസിപ്പിയിലും ഫ്രഞ്ചുകാർ പ്രവേശിച്ചപ്പോൾ നീഗ്രോദാസൻമാർ സഹായത്തിനെത്തി. അമേരിക്കയിലെ പുതിയ ഭൂമിയും വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതിന് അവിടത്തെ ഗോത്രവർഗക്കാരുടെ യത്നം മതിയാവുകയില്ലെന്നും ആഫ്രിക്കൻ കായികശക്തി അതിനാവശ്യമാണെന്നും കണ്ടു.
ഒരു സ്പാനിഷ് ബിഷപ്പാണ് അമേരിക്കൻ അടിമത്തൊഴിൽ വ്യവസ്ഥ നാന്ദി കുറിച്ചത്. അമേരിക്കൻ ഗോത്രവർഗക്കാരെ സ്പെയിൻ കോളനിക്കാർ നശിപ്പിക്കുന്നതുകണ്ട് സങ്കടം തോന്നി അവർക്കുപകരം യൂറോപ്പിൽനിന്ന് നിഗ്രോ അടിമകളെ ഹെയ്തിയിലേക്കയച്ചുകൊടുക്കാൻ രാജാവിന്റെ കല്പന ബിഷപ്പ് ബാർതൊലൊമെ ദെ ലാസ്കാസാസ് സമ്പാദിച്ചു. ഇതോടുകൂടി യൂറോപ്യൻ അടിമവ്യാപാരം പടിഞ്ഞാറൻ അർധഗോളത്തിൽ ഔദ്യോഗികമായി ആരംഭിച്ചു. അടിമവ്യാപാരത്തിന് വലിയ കമ്പനികൾ 1621 മുതൽ രജിസ്റ്റർ ചെയ്യാൻ തുടങ്ങി. ആദ്യത്തെ പ്രധാന കമ്പനി ഡച്ച് വെസ്റ്റ് ഇന്ത്യാക്കമ്പനിയായിരുന്നു. വെസ്റ്റിൻഡീസിലും അവിടെനിന്ന് വടക്കും തെക്കുമുള്ള എല്ലാ തുറമുഖങ്ങളിലും ആഫ്രിക്കയിൽനിന്നു കൊണ്ടുവന്ന അടിമകളുടെ വിപണനം ഈ കമ്പനിക്കാർ നടത്തി. ഒരു ഡച്ചുകപ്പലാണ് 1619-ൽ ഒന്നാമതായി യു.എസ്സിലെ വെർജീനിയായിൽ ജെയിംസ്ടൌൺ തുറമുഖത്ത് 20 നീഗ്രോ കൂലിക്കാരെ (അവർ അടിമകളായിരുന്നില്ല) കൊണ്ടുവന്നിറക്കിയത്. ആഫ്രിക്കയുടെ പടിഞ്ഞാറൻതീരത്ത് പറങ്കികൾക്കുണ്ടായിരുന്ന വ്യാപാരക്കുത്തക ഭേദിച്ച് (1562) അവിടത്തെ കച്ചവടത്തിലെ ഒരു നല്ലഭാഗം സ്വായത്തമാക്കാനും, അമേരിക്കൻ വ്യാപാരത്തിൽ സ്പെയിനിനുള്ള കുത്തക പൊളിക്കാനും ക്യാപ്റ്റൻ ജോൺ ഹോക്കിൻസ് എന്ന ഇംഗ്ളീഷുകാരന് കഴിഞ്ഞു. ഈസ്റ്റിന്ത്യാക്കമ്പനി, റോയൽ ആഫ്രിക്കൻ കമ്പനി മുതലായ ബ്രിട്ടിഷ് കമ്പനികൾ മറ്റുള്ള വ്യാപാരങ്ങളിലെന്നപോലെ അടിമവ്യാപാരത്തിലും ഇംഗ്ലണ്ടിനെ ഒന്നാം സ്ഥാനത്തേക്കുയർത്തി. 18-ആം ശതകത്തിന്റെ രണ്ടാം ദശകം മുതൽ അടിമവ്യാപാരത്തിന്റെ മാതൃകാസമ്പ്രദായം ബ്രിട്ടീഷുകാരുടേതായിരുന്നു.
യൂറോപ്യൻ തുറമുഖങ്ങളിൽനിന്നു പുറപ്പെടുന്ന കപ്പലുകൾ പരുത്തിത്തുണി, ലോഹങ്ങൾ, മണികൾ, വെടിമരുന്ന്, മദ്യങ്ങൾ മുതലായ ചരക്കുകളോടുകൂടി ആഫ്രിക്കൻ തീരപ്രദേശത്ത് അവരുടെ കച്ചവടസങ്കേതങ്ങളിൽ എത്തുന്നു; ആ സങ്കേതങ്ങളിലെ വർത്തകർ കപ്പലിൽ വന്ന ചരക്കുകൾ ആഫ്രിക്കക്കാർക്ക് വില്ക്കുന്നു; ഗോത്രപ്രമുഖൻമാരിൽനിന്ന് അവർ പിടിച്ചുവച്ചിട്ടുള്ള അടിമകളെ കപ്പലിൽ നിറയ്ക്കുന്നു - കപ്പൽ നിറയെ അടിമകളെ സംഭരിക്കുന്നതിന് ചിലപ്പോൾ മൂന്നോ നാലോ തുറമുഖങ്ങൾ സന്ദർശിക്കേണ്ടിവരും - പിന്നീട് പടിഞ്ഞാറോട്ടു യാത്ര തിരിക്കുന്നു. അടിമകൾക്ക് കപ്പൽ ജയിൽ തന്നെയായിരുന്നു. ഈരണ്ടടിമകളെ മണിബന്ധത്തിലും കണങ്കാലിലും ചങ്ങലകൊണ്ടു കൂട്ടിക്കെട്ടുകയായിരുന്നു പതിവ്. അറ്റ്ലാന്റിക്ക് സമുദ്രം തരണം ചെയ്യുന്ന സമയത്തിനുള്ളിൽ ഒരു നല്ല ശതമാനം അടിമകൾ മരിച്ചുപോകുമായിരുന്നു. അമേരിക്കൻ തുറമുഖങ്ങളിൽ അടിമക്കപ്പലുകളെ സ്വീകരിക്കുവാൻ ദല്ലാളൻമാർ സദാ സന്നദ്ധരായിരുന്നു. അമേരിക്കയിൽ ഇറക്കുമതി ചെയ്ത അടിമകളുടെ എണ്ണം 17, 18, 19 ശതകങ്ങളിൽ യഥാക്രമം 27,50,000; 70,00,000; 40,00,000 ആണെന്ന് കണക്കാക്കിയിട്ടുണ്ട്. വഴിക്കുവച്ചുമരണമടഞ്ഞവരുടെ എണ്ണത്തിനു കണക്കില്ല.
കരീബിയൻ ദ്വീപുകളിലെ വൻകിട തോട്ടങ്ങളിലാണ് പുതിയ ലോകത്തിലെ അടിമവ്യവസ്ഥ രൂപംകൊണ്ടത്. അവിടെ ആദ്യം പുകയിലത്തോട്ടങ്ങളും പിന്നീട് കരിമ്പു തോട്ടങ്ങളും ആണ് വൻകിടവ്യവസായങ്ങളായി വികസിച്ചത്. ഉടമസ്ഥൻമാർ യൂറോപ്പിലായിരിക്കും. അടിമകളെക്കൊണ്ടു പണിയെടുപ്പിച്ചിരുന്നത് തോട്ടം മാനേജർമാരും കങ്കാണികളുമായിരുന്നു. തൊഴിലാളികളുടെ ക്ഷേമം വിദൂരസ്ഥരായ ഈ ഉടമസ്ഥൻമാർക്ക് ഒരു പ്രശ്നമായിരുന്നില്ല. പണി എടുപ്പിക്കുക, ലാഭം പെരുപ്പിക്കുക എന്നിവ മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അടിമകളെ മൃഗങ്ങളെപ്പോലെ മർദിച്ചും ഭീഷണിപ്പെടുത്തിയും അത്യധ്വാനം ചെയ്യിച്ചു.
യു.എസ്സിൽ യൂറോപ്യൻമാർ കുടിയേറ്റക്കാരായതുകൊണ്ട് അവരുടെ കൃഷി വൻതോട്ടകൃഷി മാതൃകയിലായിരുന്നില്ല. ഏറ്റവും വലിയ കൃഷിക്കാരന് 100 അടിമകളിലധികം ഉണ്ടായിരുന്നില്ല. ഭൂരിഭാഗം കൃഷിക്കാർക്കും നാലോ അഞ്ചോ അടിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കൃഷിക്കാരുടെയും അടിമകളുടെയും എണ്ണം ഓരോ കോളനിയിലും വർധിക്കുവാൻ തുടങ്ങിയപ്പോൾ, കരീബിയൻ പ്രദേശത്തുണ്ടായിരുന്നതുപോലെ, കർശനമായ അടിമനിയമങ്ങൾ (Slave codes) കൊളോണിയൽ അധികാരികൾ അടിമകളുടെമേൽ അടിച്ചേല്പിക്കുവാൻ തുടങ്ങി (കരോലിനാ കോളനിയുടെ ഉടമസ്ഥൻമാർ നാലുപേർ റോയൽ ആഫ്രിക്കൻ കമ്പനി അംഗങ്ങളായിരുന്നു). അടിമയ്ക്ക് അക്ഷരാഭ്യാസം പാടില്ല എന്നുതൊട്ട് ശരിയായ വിവാഹവും പാടില്ല എന്നതരത്തിൽ പോലും നിഷ്ഠൂരമായിരുന്നു അടിമനിയമാവലി. വിദ്യാഭ്യാസംകൊണ്ടും സാംസ്കാരികജീവിതംകൊണ്ടും അടിമ നന്നായാൽ അടിമത്തം നിലനിർത്താൻ പ്രയാസമായിരിക്കും എന്നറിഞ്ഞ് അതിനു മുൻകരുതലായിട്ടാണ് അടിമനിയമങ്ങളുണ്ടാക്കിയത്.
1808-ൽ അടിമവ്യാപാരം ഔദ്യോഗികമായി തടയപ്പെട്ടുവെങ്കിലും കള്ളക്കച്ചവടം പണ്ടത്തെപ്പോലെതന്നെ നാട്ടിന് പുറത്തും അകത്തും അരനൂറ്റാണ്ടുകാലം നടന്നു. അടിമവ്യവസ്ഥയ്ക്കെതിരായുള്ള ചലനങ്ങൾ ഇംഗ്ളണ്ടിലും അമേരിക്കയിലും ക്രമേണ ശക്തിയേറിവന്നതും അതിന് എബ്രഹാം ലിങ്കൺ നേതൃത്വം നല്കിയതും 19-ആം ശതകത്തിന്റെ ചരിത്രത്തിലെ പ്രധാന ഏടുകളാണ്. ആഫ്രിക്കയിൽ അബിസീനിയയിലും അറബിരാജ്യങ്ങളിൽ പലതിലും (ഉദാ. സൗദി അറേബ്യ) 20-ആം ശതകത്തിൽ അടിമവ്യാപാരം അവശേഷിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ The politics of property: labour, freedom and belonging By Laura Brace
- ↑ "Agrestic Slavery in Kerala in the Nineteenth Century". Archived from the original on 2014-01-26. Retrieved 2011-03-27.
- ↑ Slavery In Kerala Book Description[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Conversion from Slavery to Plantation Labour
- ↑ "Major Conviction Secured for Forced Labor Slavery in Chennai ". Archived from the original on 2010-12-31. Retrieved 2011-03-27.
- ↑ COMMUNICATION RAFFLES AND THE SLAVE TRADE AT BATAVIA IN 1812
- ↑ The Madras Journal of Literature and Science, Volume 1
പുറകണ്ണികൾ
[തിരുത്തുക]- Black History of Slavery Encyclopedia Britanicca's Guide
- Forced Labour
- "Slavery in the 21st century"
- Slavery is not dead, just less recognizable.
- Experts Encourage Action Against Sex Trafficking
- Historical survey Slave-owning societies
- Slavery in Ancient Greece
- The Roman slave supply
- British Slaves on the Barbary Coast
- Muslim Slave System in Medieval India Archived 2008-05-12 at the Wayback Machine
- Christian slaves, Muslim masters: white slavery in the Mediterranean, the ...By Robert C. Davis
- Slavery In Kerala Archived 2016-03-05 at the Wayback Machine
- Home Kerala to Washington, via the slave trade Archived 2011-01-18 at the Wayback Machine
- Slavery in Kerala
- The Madras Journal of Literature and Science, Volume 1
- Slavery in America: with notices of the present state of slavery and the.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടിമവ്യാപാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |