അധികാരം, കേന്ദ്രീകരണവും വികേന്ദ്രീകരണവും
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi=}} |
പ്രവർത്തിക്കാനുള്ള കഴിവിലും അവകാശത്തിലും അധിഷ്ഠിതമാണ് അധികാരം. സ്വാധീനത, അധികാരിത, പ്രേരകശക്തി, ബലം പ്രയോഗിക്കൽ, നിയന്ത്രണാധികാരം, ശക്തി, നിർബന്ധം ചെലുത്തൽ ആദിയായവയും അധികാരമെന്ന വാക്കിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നു. അധികാരം വ്യക്തിയിലോ സംഘടനയിലോ നിക്ഷിപ്തമാവാം; പക്ഷേ, അത് സമൂഹത്തിൽനിന്ന് ലഭിച്ചതായിരിക്കും. അധികാരം പല വിധത്തിലുണ്ടെങ്കിലും രാഷ്ട്രീയാധികാരമാണ് സാധാരണയായി ഈ പദംകൊണ്ടു അർഥമാക്കുന്നത്.
ഓരോ രാജ്യത്തിലും ആഭ്യന്തരകലഹം, വിദേശീയാക്രമണം മുതലായ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാനോ, തരണം ചെയ്യുവാനോ വേണ്ടി വിശാലവും നിഷ്കൃഷ്ടവുമായ ചില പൊതുധാരണകൾ ഉണ്ടാക്കുവാൻ അവിടത്തെ ജനങ്ങൾ നിർബദ്ധിതരായിത്തീരുന്നു. അത്തരം അവസ്ഥാവിശേഷത്തിൽ നിന്നും സംജാതമാവുന്നതാണ് രാഷ്ട്രീയാധികാരം. ഭരണകൂടവും നിയമവ്യവസ്ഥകളും രാഷ്ട്രീയാധികാരത്തിന് ഒരു സ്ഥിരത കല്പിക്കുകയും അതിനെ വേണ്ടത്ര ഫലപ്രദമാക്കിത്തീർക്കുകയും ചെയ്യുന്നു. രാഷ്ട്രീയാധികാരത്തിന്റെ കാതലായ ലക്ഷ്യം തന്നെ നിയമനിർമ്മാണവും നിയന്ത്രണവുമാണ്. അധികാരം കൈകാര്യം ചെയ്യുന്നത് കേന്ദ്രീകൃതമായോ വികേന്ദ്രീകൃതമായോ ആകാം.
കേന്ദ്രീകരണം. ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരം മുഴുവൻ, കേന്ദ്ര ഗവ.-ന്റെ കൈയിലമരുകയും കീഴ്ഘടകങ്ങൾക്ക് കാര്യമായ പ്രവർത്തനസ്വാതന്ത്യ്രം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ ആ രാഷ്ട്രത്തിൽ അധികാരകേന്ദ്രീകരണം ഉണ്ടാകുന്നു.
അധികാരകേന്ദ്രീകരണം
[തിരുത്തുക]എക്കാലവും (ഫ്യൂഡലിസത്തിന്റെ കാലം ഒഴികെ) നിലവിലിരുന്നു. എന്നാൽ വികേന്ദ്രീകൃത സ്വഭാവിയായ ഫ്യൂഡൽ വ്യവസ്ഥിതി സൃഷ്ടിച്ച സംഘർഷാവസ്ഥയിലും കുഴപ്പത്തിലും നിന്നുടലെടുത്ത ദേശരാഷ്ട്രങ്ങളുടെ (National States) കൂടപ്പിറവി ആയിട്ടാണ്, അധികാരകേന്ദ്രീകരണം ആധുനികയുഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. മാർപാപ്പാ, ചക്രവർത്തി, പ്രഭുക്കൻമാർ തുടങ്ങിയവരിൽ വിഭജിക്കപ്പെട്ടു കിടന്നിരുന്ന രാഷ്ട്രീയാധികാരം അതതു രാജ്യങ്ങളിൽ അവിടത്തെ രാജാവിൽ ചെന്നുചേരുകയും, തദ്വാരാ ഒരു കേന്ദ്രീകൃത സംവിധാനം ദേശരാഷ്ട്രങ്ങളിൽ ഉടലെടുക്കുകയും ചെയ്തു. ഇതു പ്രായേണ ഫ്യൂഡലിസത്തിന്റെ തളർച്ചയ്ക്കും ദേശരാഷ്ട്രങ്ങളുടെയും ഭരണകേന്ദ്രീകരണത്തിന്റെയും വളർച്ചയ്ക്കും കാരണമായി. എങ്കിലും വ്യാവസായിക വിപ്ലവത്തിനുശേഷമാണ് കേന്ദ്രീകരണം പ്രബലമായത്.
വ്യാവസായിക വിപ്ലവത്തിന്റെ പുരോഗതിയെത്തുടർന്ന്, ആധുനിക വാർത്താവിനിമയസൌകര്യങ്ങൾ വർധിച്ചു. തന്മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി സമ്പർക്കം പുലർത്തുവാനും പ്രാദേശിക ഘടകങ്ങളുടെമേൽ കൂടുതൽ നിയന്ത്രണം ചെലുത്തുവാനും കേന്ദ്രഭരണാധികാരികൾക്കു സാധിച്ചു. ഭക്ഷ്യകാര്യങ്ങളിലും മറ്റും പ്രാദേശിക ഗവണ്മെന്റുകൾക്കുണ്ടായിരുന്ന സ്വയംപര്യാപ്തതയ്ക്ക് കോട്ടം തട്ടുകയും പല കീഴ്ഘടകങ്ങളും കേന്ദ്രത്തെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങുകയും ചെയ്തതാണ് വ്യാവസായിക വിപ്ളവത്തിന്റെ മറ്റൊരു ഫലം. ശാസ്ത്രസാങ്കേതിക വിഷയങ്ങളുടെ പുരോഗതി, കേന്ദ്രീകരണത്തിന് ഗണ്യമായി സഹായിച്ചിട്ടുണ്ട്.
രണ്ടു ലോകയുദ്ധങ്ങൾക്കിടയിൽ അനുഭവപ്പെട്ട സാമ്പത്തികത്തകർച്ച, വർധിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധസന്നാഹങ്ങൾ, ദേശീയ ആസൂത്രണപരിപാടികൾ, കാര്യനിർവഹണ പ്രശ്നങ്ങളിലെ വളർന്നുവരുന്ന സങ്കീർണത ഏകീകൃത കമ്പോളത്തിൽ അധിഷ്ഠിതമായ ആഗോളവൽക്കരണം മുതലായവ അധികാരകേന്ദ്രീകരണത്തിന് വഴിതെളിച്ചു.
പ്രയോജനങ്ങൾ
[തിരുത്തുക]ഫലപ്രദമായ മേൽനോട്ടത്തിലൂടെയും നിയന്ത്രണത്തിലൂടെയും കീഴ്ഘടകങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, പാഴ്ച്ചെലവുകൾ ഒഴിവാക്കുക, നിയമ-കാര്യനിർവഹണ പരിപാടികൾക്ക് ഒരു എകീകൃത സ്വഭാവം കൈവരുത്തുക, അമിതമായ പ്രാദേശികത്വത്തിൽ നിന്നും ഉളവാകുന്ന കുഴപ്പങ്ങൾ ദൂരീകരിക്കുക, ദേശീയമായ ഐക്യവും ദാർഢ്യവും വളർത്തുക, പ്രാദേശിക നിയമനങ്ങൾ, ക്രയവിക്രയം തുടങ്ങിയ കാര്യങ്ങളിലലെ അഴിമതികൾ കഴിവതും തുടച്ചു മാറ്റുക, ഭരണനിർവഹണകാര്യത്തിൽ ചുമതലാബോധം വളർത്തിയെടുത്ത്, കാര്യക്ഷമതയിൽ ഉന്നത നിലവാരം പുലർത്തുക തുടങ്ങി നിരവധി ഗുണങ്ങൾ കേന്ദ്രീകരണ സംവിധാനത്തിൽ തെളിഞ്ഞു കാണാം.
ന്യൂനതകൾ
[തിരുത്തുക]അമിതമായ അധികാര കേന്ദ്രീകരണം വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യതത്ത്വത്തിനും വിരുദ്ധമാണ്. പ്രാദേശികമായ ഉണർവിനേയും രചനാത്മക ശക്തിയേയും നിരുത്സാഹപ്പെടുത്തുക, തീരുമാനങ്ങൾ എടുക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും കാലവിളംബം വരുത്തുക, പ്രാദേശിക വൈവിധ്യങ്ങൾ വേണ്ടവിധം മനസ്സിലാക്കാതെ അമിതമായ ഏകീകരണ നടപടികൾ സ്വീകരിക്കുക, പ്രാദേശിക താത്പര്യങ്ങൾ പലതും നിറവേറ്റാതെപോവുക, പൌരബോധം വളർത്തിയെടുക്കുവാനോ പൌരധർമം ഫലപ്രദമാക്കുവാനോ സൌകര്യമില്ലാതാക്കുക, പ്രാദേശികഘടകങ്ങളിലെ ഉദ്യോഗസ്ഥവൃന്ദത്തിൽ ഒരുതരം അപകർഷതാബോധം - അവരുടെ നില കേന്ദ്രഭരണോദ്യോഗസ്ഥന്മാരുടേതായി തുലനം ചെയ്യുമ്പോൾ - സൃഷ്ടിക്കുക, ആവശ്യത്തിലേറെ പരിശോധനയും നിയന്ത്രണവും നടപ്പാക്കുക എന്നിവയാണ് കേന്ദ്രീകൃതസമ്പ്രദായത്തിലെ പ്രധാന ന്യൂനതകൾ.
വികേന്ദ്രീകരണം
[തിരുത്തുക]മുകൾത്തട്ടിലുള്ള ഭരണഘടകങ്ങളിൽ നിന്നും കീഴ്ത്തട്ടുകളിലേക്ക് അധികാരം കൂടുതലായി പകർന്നുകൊടുക്കുന്ന വ്യവസ്ഥിതിയാണ് വികേന്ദ്രീകരണം. മധ്യകാലഘട്ടങ്ങളിൽ, വാർത്താവിനിമയ രംഗത്തുള്ള വൈഷമ്യങ്ങളും ഭരണനിർവഹണത്തിന്റെ ലാളിത്യവും മറ്റും കേന്ദ്രീകരണത്തെക്കാൾ വികേന്ദ്രീകരണത്തിനാണ് വഴി തെളിച്ചത്. മിക്കവാറും എല്ലാ രാജ്യങ്ങളിലും, അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പകർന്നുകൊടുക്കാനുള്ള പ്രവണത അന്നു ദൃശ്യമായിരുന്നു. വ്യാവസായിക വിപ്ലവത്തിനുശേഷം കേന്ദ്രീകരണ പ്രവണത ശക്തിപ്പെട്ടുവന്നുവെങ്കിലും ഏറെത്താമസിയാതെതന്നെ ജനപ്പെരുപ്പം, രാജ്യാതിർത്തിവിപുലീകരണം, ഭരണച്ചുമതലാവികസനം, ജനാധിപത്യതത്ത്വത്തിലുള്ള വിശ്വാസം മുതലായവ കൊണ്ട് അധികാരം വികേന്ദ്രീകരിക്കേണ്ടതായി വന്നു. ഇന്ന് കേന്ദ്രീകരണ പ്രവണതയോടൊപ്പംതന്നെ വികേന്ദ്രീകരണവും നടന്നുകൊണ്ടിരിക്കുകയാണ്. സ്വിറ്റ്സർലണ്ട്, ഇംഗ്ലണ്ട് മുതലായ രാഷ്ട്രങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാനമായ സ്ഥാനമാണുള്ളത്.
ഇന്ത്യയിൽ
[തിരുത്തുക]ഇന്ത്യയിൽ ഗ്രാമപ്രദേശങ്ങളിൽ പഞ്ചായത്തുകൾ എന്ന ഭരണഘടകങ്ങൾ പുരാതനകാലം മുതൽക്കേ നിലവിൽ ഉണ്ടായിരുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടി 1957 ജനുവരിയിൽ ബൽവന്ത്റായ്മേത്ത കമ്മിറ്റി നിയമിതമായി. അധികാരം വികേന്ദ്രീകരിച്ച് ജനപ്രതിനിധികളെ ഏൽപ്പിച്ചെങ്കിൽ മാത്രമേ വികസന പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കാനാവു എന്ന നിഗമനത്തിലാണ് മേത്താ കമ്മിറ്റി എത്തിച്ചേർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന ഗവൺമെന്റിനു താഴെ, ആസൂത്രണവും വികസനവും ഉൾപ്പെടെ, വ്യാപകമായ അധികാരങ്ങളുള്ള ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം സ്ഥാപിക്കണമെന്ന് ശിപാർശയും ചെയ്തു. താഴെ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്തും അതിനുമുകളിൽ (ബ്ലോക്ക് തലത്തിൽ) പഞ്ചായത്ത് സമിതിയും ഏറ്റവും മുകളിൽ ജില്ലാപരിഷത്തുമാണ് കമ്മിറ്റി വിഭാവന ചെയ്തത്.
ഇതനുസരിച്ച്, 1957-ൽ മദ്രാസ് ഗവൺമെന്റ് സംസ്ഥാനത്തെ ഒരു ബ്ലോക്കിലും, തുടർന്ന് ആന്ധ്രാപ്രദേശ് സർക്കാർ ഇരുപത് ബ്ലോക്കിലും പരീക്ഷണാർഥം ഇത് നടപ്പിലാക്കി. എന്നാൽ സംസ്ഥാനത്തുടനീളം ആദ്യമായി വികേന്ദ്രീകരണം പ്രാവർത്തികമാക്കിയത് രാജസ്ഥാൻ|രാജസ്ഥാനിലാണ്]]. 1959, ഒക്ടോബർ 2-ന്. ഇതിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കിയെങ്കിലും അറുപതുകളുടെ അന്ത്യത്തോടെ പഞ്ചായത്ത് സംവിധാനം തകർന്നടിഞ്ഞു.
എഴുപതുകളുടെ അന്ത്യത്തിലും എൺപതുകളിലും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ നാശത്തിൽനിന്ന് കരകയറ്റാൻ ഗൌരവമായ പല നീക്കങ്ങളും ദേശീയ-സംസ്ഥാന തലങ്ങളിൽ അരങ്ങേറുകയുണ്ടായി. ഈ കാലയളവിൽ അനേകം പഠന സംഘങ്ങളെ നിയമിക്കുകയും, പ്രധാനപ്പെട്ട ചില നിയമ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തു. അശോക് മേത്താ കമ്മിറ്റി (1977), ജി.വി.കെ. റാവു കമ്മിറ്റി (1985), എൻ.എം. സിങ്ക്വി കമ്മിറ്റി (1986) തുടങ്ങിയ പഠന സംഘങ്ങളുടെ ശിപാർശകളും, കർണാടകം, ആന്ധ്രാ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ പാസ്സാക്കിയ വികേന്ദ്രീകരണ നിയമങ്ങളും ഇതിലെ ശ്രദ്ധേയമായ ചുവടുവയ്പുകളാണ്. എന്നാൽ അധികാര വികേന്ദ്രീകരണം സാർഥകമാക്കാൻ ഏറെ സഹായിച്ച രണ്ട് സുപ്രധാന നിയമനിർമ്മാണങ്ങളാണ് 1992-ൽ പാസ്സാക്കിയ 73-74 ഭരണഘടനാ ഭേദഗതികൾ. ഇവ യഥാക്രമം ഗ്രാമപഞ്ചായത്ത് നഗരപാലികാ സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. കൃത്യമായ തിരഞ്ഞെടുപ്പ്, പട്ടികജാതി, പട്ടിക വർഗങ്ങൾക്കും സ്ത്രീകൾക്കും സംവരണം, പ്രാദേശിക ഭരണത്തെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടി ഗ്രാമസഭാ/ വാർഡ്സഭാ സംവിധാനങ്ങൾ, ഗ്രാമീണ മേഖലയിൽ ത്രിതല (ഗ്രാമം, ബ്ലോക്ക്, ജില്ല) ഭരണ സംവിധാനം, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനുവേണ്ടി സംസ്ഥാനതല ധനകാര്യകമ്മീഷൻ - ഇവയാണ് 73, 74 ഭരണഘടനാ ഭേദഗതികളുടെ സവിശേഷതകൾ.
കേരളത്തിൽ
[തിരുത്തുക]അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഇതര സംസ്ഥാനങ്ങളെപ്പോലെ കേരളത്തിനും ചില പഴമകളൊക്കെ അവകാശപ്പെടാനുണ്ട്. വളരെ മുൻപ് തന്നെ, ഭരണ സൌകര്യത്തിനായി, രാജ്യത്തെ തറ, കഴകം, ഗ്രാമം, ദേശം, നാട് തുടങ്ങിയ ഘടകങ്ങളായി വേർതിരിച്ച് അവയുടെ ഭരണം പ്രാദേശിക ശക്തികളെ ഏൽപ്പിക്കുന്ന സമ്പ്രദായം ഇവിടെ പ്രചരിച്ചിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനു പുറമേ സൈനികാവശ്യങ്ങൾക്കായും ചില പ്രാദേശിക ഘടകങ്ങൾ പ്രവർത്തിച്ചിരുന്നു. നൂറ്റുവർ, അഞ്ഞൂറ്റുവർ]], അറുനൂറ്റുവർ തുടങ്ങിയവയെ ഈ ഗണത്തിൽപ്പെടുത്താം. 20- ശതകത്തിന്റെ തുടക്കത്തിൽ മറ്റു ചില നീക്കങ്ങളും ഈ ദിശയിൽ നടക്കുകയുണ്ടായി. 1914-ൽ കൊച്ചിയിൽ നിലവിൽ വന്ന കൊച്ചി പഞ്ചായത്ത് ആക്ട്, 1925-ലെ തിരുവിതാംകൂർ വില്ലേജ് പഞ്ചായത്ത് ആക്ട്, 1884-ലെ മദ്രാസ് ലോക്കൽ ബോഡീസ് ആക്ട് പ്രകാരം മലബാറിൽ നിലവിൽവന്ന പഞ്ചായത്ത് യൂണിയനുകൾ, 1920-ലെ മദ്രാസ് വില്ലേജ് ആക്ട് പ്രകാരം നിലവിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡുകൾ, 1950-ലെ തിരു-കൊച്ചി പഞ്ചായത്ത് ആക്ട് തുടങ്ങിയവ ഇത്തരുണത്തിൽ പരാമർശമർഹിക്കുന്നു.
കേരളപിറവിക്കുശേഷം അധികാരം വികേന്ദ്രീകരിച്ച് ജില്ലാതലത്തിലും അതിനു താഴെയുള്ള ജനായത്ത ഘടകങ്ങൾക്കും നൽകാൻ പലവുരു ശ്രമിക്കുകയുണ്ടായി. 1957 ആഗസ്റ്റ് 15-ന് നിയമിക്കപ്പെട്ട ഭരണപരിഷ്കാരകമ്മിറ്റിയും അതിന്റെ ശിപാർശകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട കേരളാ പഞ്ചായത്ത് ബില്ലും (1958, ഡിസംബർ 9) കേരള ജില്ലാ സമിതിബില്ലും (1959 ഏപ്രിൽ 16); 1960-ലെ കേരള പഞ്ചായത്ത് ആക്ടും, കേരളാ മുനിസിപ്പാലിറ്റീസ് ആക്ടും, 1961-ലെ കേരള മുനിസിപ്പൽ കോർപ്പറേഷൻസ് ആക്ടും, 1964-ലെ കേരള പഞ്ചായത്ത് യൂണിയൻ കൌൺസിൽ ജില്ലാ പരിഷത്ത് ബില്ലും; 1967-ലെ കേരള പഞ്ചായത്ത് രാജ് ബില്ലും; 1980-ലെ ജില്ലാഭരണ നിയമവും 1988-ലെ വി. രാമചന്ദ്രൻ കമ്മിറ്റിയും 1990-ൽ നിലവിൽവന്ന ജില്ലാ കൌൺസിലുകളും ഈ ദിശയിലെ സുപ്രധാന നീക്കങ്ങളാണ്. പക്ഷേ, ഇതര സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങൾക്ക് ശക്തിപകർന്നത് 73-74 ഭരണഘടനാ ഭേദഗതികളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 1994-ൽ കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുനിസിപ്പാലിറ്റീസ് ആക്ടും പാസ്സാക്കുകയും ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വരുകയും ചെയ്തു. നഗരപ്രദേശങ്ങളിൽ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും സജീവമായി.
എന്നാൽ അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ കേരളം നൽകിയ ഏറ്റവും വലിയ സംഭാവന വികേന്ദ്രീകൃതാസൂത്രണം അഥവാ ജനകീയാസൂത്രണമായിരുന്നു (1999). ഒരു പക്ഷേ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗണനീയമായൊരു ജനാധിപത്യവികസന പരീക്ഷണമായിരുന്നു ഇതിലൂടെ ഉരുത്തിരിഞ്ഞുവന്നത്. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി തുകയുടെ 30-40 ശതമാനം പ്രാദേശിക ഭരണസ്ഥാപനങ്ങൾക്ക് വീതിച്ച് നൽകുകയും അത് വിനിയോഗിക്കുന്നതിന് വിശദമായ മാർഗരേഖകൾ തയ്യാറാക്കുകയും ജനങ്ങളെ പ്രാദേശിക ഭരണത്തിലെന്നതുപോലെ നാടിന്റെ വികസനത്തിലും പങ്കാളികളാക്കുകയും ചെയ്ത ഒന്നായിരുന്നു ജനകീയാസൂത്രണം. സ്വാഭാവികമായും അതിന് പല പോരായ്മകളുടെയും നടുവിലും സംസ്ഥാനത്തിന്റെ വികസനത്തിലും വികേന്ദ്രീകരണത്തിലും അർഥവത്തായ സംഭാവനകൾ നൽകാനായി.
പ്രയോജനങ്ങൾ
[തിരുത്തുക]കേന്ദ്രഭരണത്തിന്റെ വർധിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്തഭാരം കുറയ്ക്കുവാൻ വികേന്ദ്രീകരണം സഹായകമാണ്. കേന്ദ്രതലത്തിൽ കെട്ടിക്കിടക്കേണ്ടിവരുന്ന ഫയലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും തീരുമാനങ്ങൾ എടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനും വികേന്ദ്രീകരണത്തിലൂടെ സാധിക്കുന്നു. ജനങ്ങളെ ഭരണകാര്യങ്ങളിൽ സഹകരിപ്പിക്കുകയും അവർക്ക് പങ്കാളിത്തം നല്കുകയും ചെയ്യുന്നതിലൂടെ ജനതാത്പര്യം മുൻനിർത്തി പല നല്ല കാര്യങ്ങളും നടപ്പിലാക്കുന്നതിന് കഴിയുന്നു. വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് ജനഹിതാനുസരണം ഭരണം നടത്തുവാനും വികേന്ദ്രീകരണം ആവശ്യമാണ്. ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ പരിശീലനം നേടുവാനും പങ്കെടുക്കുവാനും വികേന്ദ്രീകരണം മൂലം അവസരം ലഭിക്കുന്നു. സാങ്കേതികവും ശാസ്ത്രീയവുമായ അറിവ് പ്രത്യേകിച്ച് ഭരണനിർവഹണപരമായ വിവിധ തുറകളിലേക്കു വ്യാപിപ്പിക്കുവാനും വികേന്ദ്രീകരണം സഹായിക്കുന്നുണ്ട്. ഭരണത്തിൽ വേണ്ടത്ര അയവു (Flexibility) വരുത്തുവാനും ഇതുപകരിക്കുന്നു.
ന്യൂനതകൾ
[തിരുത്തുക]അമിതമായ വികേന്ദ്രീകരണം ദേശീയൈക്യത്തെയും ഭദ്രതയെയും തുരങ്കം വയ്ക്കുകയും പ്രാദേശിക വൈരുദ്ധ്യങ്ങൾക്കും മത്സരങ്ങൾക്കും വഴി തെളിയിക്കുകയും ചെയ്യുന്നു. ഭരണനിർവഹണത്തിലുള്ള കാര്യക്ഷമതയ്ക്കും അധികാരവികേന്ദ്രീകരണംകൊണ്ട് ചിലപ്പോൾ കോട്ടംവരാറുണ്ട്. പൊതുവേ പറഞ്ഞാൽ കേന്ദ്രീകരണത്തിന്റെ മേന്മകൾ എല്ലാംതന്നെ വികേന്ദ്രീകരണത്തിന്റെ വൈകല്യങ്ങളാകാം. ലോകത്തിൽ ഒരൊറ്റ ഭരണസംവിധാനത്തിലെങ്കിലും പരിപൂർണമായ കേന്ദ്രീകരണമോ വികേന്ദ്രീകരണമോ കാണുക സാധ്യമല്ല. ചില രാജ്യങ്ങളിൽ കേന്ദ്രീകരണ പ്രവണത കൂടുതലായി അനുഭവപ്പെടുമ്പോൾ മറ്റു പല രാജ്യങ്ങളിലും സ്ഥിതി നേരെ മറിച്ചാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്, ഒരു രാജ്യത്ത് അധികാരം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും മറ്റൊരിടത്ത് അത് വികേന്ദ്രീകരിച്ചിരിക്കുന്നുവെന്നും ഉള്ള നിഗമനത്തിൽ എത്തിച്ചേരുന്നത്.
പുറംകണ്ണികൾ
[തിരുത്തുക]- അധികാരകേന്ദ്രീകരണം
- അധികാരകേന്ദ്രീകരണം
- അധികാരവികേന്ദ്രീകരണം
- അധികാരവികേന്ദ്രീകരണം Archived 2008-10-06 at the Wayback Machine.
- അധികാരവികേന്ദ്രീകരണം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധികാരം, കേന്ദ്രീകരണവും വികേന്ദ്രീകരണവും എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |