Jump to content

അധ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഗ്നിഷ്ടോമം മുതലായ ശ്രൌതകർമങ്ങളുടെ സാമാന്യമായ പേരാണ് അധ്വരം. ധ്വരതി ഹിംസാർഥമാകയാൽ ഹിംസാരഹിതമായ വൈദിക കർമം എന്നാണ് അധ്വരശബ്ദത്തിന്റെ അർഥം. അധ്വാനം രാതി, സ്വർഗമാർഗ്ഗത്തെ തരുന്നത് എന്നും അർഥം പറഞ്ഞു കാണുന്നു. യാഗം, ഇഷ്ടി, യജ്ഞം എന്നിവ ഇതിന്റെ പര്യായങ്ങളാകുന്നു.

അഗ്നിഷ്ടോമം എന്ന അധ്വരത്തെയാണ് സാധാരണയായി യാഗം എന്ന പേരിൽ കേരളത്തിൽ പറഞ്ഞുവരുന്നത്. ശ്രൌതസൂത്രവിധിപ്രകാരം അഗ്ന്യാധാനം ചെയ്തതിനുശേഷമാണ് ഈ യജ്ഞം അനുഷ്ഠിക്കേണ്ടത്. യാഗം നടത്തിക്കുന്ന ആൾ യജമാനൻ എന്നറിയപ്പെടുന്നു. ഈ അനുഷ്ഠാനത്തിൽ യജമാനപത്നിമാരെ കൂടാതെ അധ്വര്യു മുതലായ പതിനാറ് ഋത്വിക്കുകളും പരികർമികളും ആവശ്യമാകുന്നു.

അധ്വരത്തിന്റെ സംവിധായകനായ ഋത്വിക്ക് ആണ് അധ്വര്യു. യജുർവേദത്തിനു കർമപരമായി കൂടുതൽ പ്രാധാന്യമുള്ളതിനാൽ ആ വേദത്തെ പ്രതിനിധാനം ചെയ്യുന്ന അധ്വര്യുവിന് മറ്റു ഋത്വിക്കുകളെ അപേക്ഷിച്ച് ഉന്നതമായ ഒരു സ്ഥാനമുണ്ട്. ഋഗ്വേദത്തിൽ ഋചാംത്വഃ പോഷമാസ്തേ എന്നു തുടങ്ങുന്ന ഋക്കിൽ (X. 17-12) യജ്ഞസ്യമാത്രം വിമിമീത ഉത്വഃ - യജ്ഞത്തിന്റെ പരിധിയെ നിർണയിക്കുന്നത് അധ്വര്യുവാണ് എന്നു പ്രസ്താവിച്ചിട്ടുണ്ട്. യാഗസ്ഥലം അളക്കുക, യാഗശാല കെട്ടിക്കുക, വേദിയുണ്ടാക്കുക, ദർഭയും സമിത്തും കൊണ്ടുവരിക, യാഗപാത്രങ്ങൾ തയ്യാറാക്കുക, അരണികടഞ്ഞു തീയുണ്ടാക്കുക, പശുവിനെ കറന്നു ഹോമാവശ്യങ്ങൾക്കും യജമാനനും വേണ്ട പാലും തൈരും സജ്ജീകരിക്കുക, യാഗപശുവിനെ കെട്ടുവാനുള്ള യൂപം (കുറ്റി) ഉണ്ടാക്കുക, സോമം കൊണ്ടുവരിക, ഹവിസ്സ്, പുരോഡാശം മുതലായവ ഹോമിക്കുക തുടങ്ങിയ ക്രിയകൾ യജുർവേദപ്രോക്തങ്ങളായ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടു ചെയ്യേണ്ടത് അധ്വര്യുവാകുന്നു.

ഏഴു ദിവസം രാവും പകലും ചെയ്തുതീർക്കാനുള്ള ക്രിയകളാണ് ഈ യാഗത്തിലുൾപ്പെടുന്നത്. ആറു മാസത്തിനു മുമ്പുതന്നെ ഇതിന് ആവശ്യമായ കാര്യങ്ങൾ ഒരുക്കിത്തുടങ്ങണം. സോമം എന്ന വള്ളിയും [[കൃഷ്ണമൃഗം|കൃഷ്ണമൃഗത്തിന്റെ പുതിയ തോലും ഇതിന് ആവശ്യമാണ്. ഇത്തരം യജ്ഞങ്ങൾ ചെയ്യുന്നതു ഗൃഹങ്ങളിൽ വച്ചല്ല; വിശാലമായ സ്ഥലത്തു കെട്ടിയുണ്ടാക്കുന്ന യാഗശാലകളിൽവച്ചാണ്. യാഗശാലയെ പത്നീശാല, അഗ്നിശാല, സദസ്സ്, ഹവിർധാനം, ഉത്തരവേദി, അഗ്നീധ്രിയം മാർജാലീയം തുടങ്ങിയ പല ശാലകളായി തിരിക്കുന്നു. മഹാവീരം, ദ്രോണകലശം മുതലായ വലുതും ചെറുതുമായ പല തരത്തിലുള്ള മൺപാത്രങ്ങൾ, കരിങ്ങാലി, പ്ലാവ് മുതലായ മരങ്ങൾകൊണ്ടുണ്ടാക്കിയ സ്രുക്കുകൾ, സ്രുവങ്ങൾ, സ്ഥാലികൾ, ചമസങ്ങൾ എന്നീ മരപ്പാത്രങ്ങൾ തുടങ്ങിയവ യാഗാവസരത്തിൽ ഉപയോഗിക്കുന്നു. നെയ്യ്, സോമരസം, പുരോഡാശം, യജ്ഞപശുവിന്റെ വസ എന്നിവയാണ് മുഖ്യഹോമദ്രവ്യങ്ങൾ. പാലും പഴങ്ങളും ധാന്യങ്ങളും ഹോമത്തിന് ഉപയോഗിക്കുന്നുണ്ട്. ഹോമത്തിന്റെ ആവശ്യത്തിലേക്ക് വേണ്ട പാൽ, യാഗശാലയിൽതന്നെ കെട്ടിയ പശുവിൽനിന്ന് കറന്നെടുക്കണമെന്നാണ് നിയമം. യാഗം നീണ്ടുനില്ക്കുന്ന കാലം (ഏഴു ദിവസം) മുഴുവനും യജമാനൻ പാലു മാത്രമേ ആഹാരമായി കഴിക്കുവാൻ പാടുള്ളു. അദ്ദേഹം മൌനിയായി വ്രതത്തോടെ ഇരിക്കണം. ശ്രദ്ധാഹ്വാനം, ഫലസങ്കല്പം, ഋത്വിഗ്വരണം തുടങ്ങി സോമാഹുതി വരെയുള്ള വിവിധ കർമങ്ങൾ യഥാവിധി നടത്തിയശേഷം അവഭൃഥസ്നാനത്തോടെ അധ്വരം അവസാനിപ്പിക്കുന്നു. യാഗാവസാനത്തിൽ യാഗശാല കത്തിച്ചു കളയുകയാണ് പതിവ്. വസന്തകാലത്ത് (ചൈത്രം, വൈശാഖം എന്നീ മാസങ്ങളിൽ) പൂർവപക്ഷ(വെളുത്തപക്ഷം)ത്തിലാണ് യാഗകർമം അനുഷ്ഠിക്കേണ്ടത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധ്വരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധ്വരം&oldid=2279961" എന്ന താളിൽനിന്ന് ശേഖരിച്ചത്