അനന്തഭട്ടൻ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സംസ്കൃത കവിയായിരുന്നു അനന്തഭട്ടൻ. ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് ആധികാരികമായ അറിവ് ലഭിച്ചിട്ടില്ല. എ.ഡി. അപ്പയ്യദീക്ഷിതരുടെ സമകാലികനായി ചോളദേശത്ത് (ആന്ധ്രയിൽ) ജീവിച്ചിരുന്നുവെന്ന് ഐതിഹ്യമുണ്ട്. ഇത് ഏറെക്കുറെ വിശ്വസനീയമാണെന്നാണ് പണ്ഡിതമതം.
അനന്തഭട്ടന്റെ കൃതിയായി ഭാരതചമ്പു മാത്രമേ ലഭിച്ചിട്ടുള്ളു. ഇദ്ദേഹം ഈയൊരൊറ്റ കൃതികൊണ്ട് മഹാകവി പദത്തിന് അർഹനാവുകയും സംസ്കൃത ചമ്പൂകാരൻമാർക്കിടയിൽ പരമോന്നതമായ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഗ്രന്ഥനാമം സൂചിപ്പിക്കുന്നതുപോലെ ഭാരതകഥയാണ് ഇതിലെ പ്രതിപാദ്യം. പാണ്ഡുവിന്റെ രാജ്യഭാരം മുതലുള്ള ഭാരതകഥ മുഴുവൻ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ശബ്ദാർഥചമല്ക്കാരങ്ങൾ കൊണ്ട് സഹൃദയഹൃദയാഹ്ളാദനം ചെയ്യുന്ന ഒരു വിശിഷ്ട കാവ്യമാണ് ഭാരതചമ്പു. അചുംബിതങ്ങളും വ്യംഗ്യമനോഹരങ്ങളുമായ കല്പനകൾ ഇതിൽ സമൃദ്ധമായുണ്ട്. ഉല്ലേഖോജ്വലമാണ് ഇതിലെ ശൈലി.
ഭോജന്റെ രാമായണചമ്പുപോലെ അനന്തഭട്ടന്റെ ഭാരതചമ്പുവും പിൽക്കാലങ്ങളിൽ കവികളിൽ പലർക്കും പ്രചോദനം നല്കിയിട്ടുണ്ട്. മേല്പുത്തൂർ നാരായണ ഭട്ടതിരി അനന്തഭട്ടനെ ധാരാളമായി ഉപജീവിച്ചിട്ടുള്ളതിനു തെളിവാണ് സുഭദ്രാഹരണം മുതലായ പട്ടേരിപ്രബന്ധങ്ങൾ. കൃഷ്ണഗീതി കർത്താവായ മാനവേദരാജാവ് (17-ആം നൂറ്റാണ്ട്) തന്റെ ഗുരുവായ കൃഷ്ണപ്പിഷാരടിക്ക് ഉപഹാരമായി രചിച്ചു നല്കിയ പൂർവഭാരതചമ്പുവിൽ അനന്തഭട്ടനെ ഇങ്ങനെ സ്തുതിച്ചു കാണുന്നു:
“ | ഉൻമീലദംബുജകദംബകസൌരഭീണാ- മുന്നൃത്യദീശമകുടീതടിനീസഖീനാം ആചാന്തവൈരിയശസാമമൃതോർമിളാനാം വാചാമനന്തസുകവേർവസുധൈവ മൂല്യം. |
” |
അനന്തഭട്ടന്റെ വാക്കുകളുടെ മേൻമയെയാണ് ഇതിൽ വർണിച്ചിട്ടുള്ളത്. അവ വിടർന്ന താമരപ്പൂക്കളുടെ സൌരഭ്യത്തോടുകൂടിയവയാണ്. നൃത്തം ചെയ്യുന്ന ശിവന്റെ ജടാജൂടത്തിലെ ഗംഗയെപ്പോലെയാണ്. വൈരികളുടെ യശസ്സു മുഴുവൻ ആചമനം ചെയ്തിട്ടുള്ളവയാണ്. അമൃതത്തിന്റെ ലഹരികളാണ്. ഭൂമി മുഴുവൻ കൊടുത്താലേ അവയ്ക്കു വിലയാവുകയുള്ളു. ഇതാണ് ഈ ശ്ലോകത്തിന്റെ സാരം. അനന്തഭട്ടന്റെ അചുംബിതോല്ലേഖാദി ഗുണങ്ങളാൽ ആകൃഷ്ടനായിട്ടാണ് താൻ പൂർവഭാരതചമ്പു രചിച്ചതെന്നും മാനവേദൻ സൂചിപ്പിച്ചിട്ടുണ്ട്.
അനന്തഭട്ടന്റെ ഭാരതചമ്പുവിന് നൃസിംഹൻ, രാമചന്ദ്രൻ എന്നിങ്ങനെ രണ്ടുപേർ സംസ്കൃതത്തിൽ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ (1865-1936) പ്രസ്തുത ചമ്പു മലയാളത്തിലേക്കു തർജുമ ചെയ്തിട്ടുമുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനന്തഭട്ടൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |