Jump to content

ഐതിഹ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുട്ട്‌ലിഷ്‌വുർ എന്ന ഐതിഹ്യത്തിന്റെ ചിത്രീകരണം.

ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് ഐതിഹ്യം. "എന്നിങ്ങനെ" എന്നർഥം വരുന്ന "ഇതി" എന്ന പദവും "പോൽ" എന്നർഥമുള്ള "ഹ" എന്ന ശബ്ദവും തമ്മിൽചേരുമ്പോൾ കിട്ടുന്ന "ഇതിഹ" എന്ന വാക്കിൽനിന്നാണ് ഐതിഹ്യശബ്ദത്തിന്റെ നിഷ്പാദനം. 'പാരമ്പര്യോപദേശം' എന്ന് അമരകോശത്തിൽ ഇതിന് അർത്ഥം പറഞ്ഞുകാണുന്നു. കേട്ടുകേഴ്വി അടിസ്ഥാനമാക്കി കഥ പറയുമ്പോൾ അങ്ങനെയാണത്രേ എന്നു ചേർക്കാറുള്ളതിനെയാണ് പദനിഷ്പത്തി സൂചിപ്പിക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതീഹ്യമാല ധാരാളം ഐതീഹ്യങ്ങൾ കാണപ്പെടുന്ന ഒരു ഗ്രന്ഥമാണ്.

'പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടൻ(1600) മനമേയോദയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. പോരുന്ന ലോകരു പരമ്പരയാ പറഞ്ഞുപോരുന്ന വാക്കുകളെന്ന നിലയ്ക്ക് അതിശയോക്തികളും അർധസത്യങ്ങളും അതിൽ ഏറിയിരിക്കും; ചാരത്തിൽകനൽപോലെ കാതലായ ഒരു സത്യം അന്തർഭവിച്ചിരിക്കുകയും ചെയ്യും. അമാനുഷിക വ്യക്തികൾ, സ്ഥലകാലങ്ങൾ, സംഭവങ്ങൾ എന്നിവയെപ്പറ്റിയെല്ലാം ഐതിഹ്യമുണ്ട്. പുരാതന വിശ്വാസങ്ങൾ, സംസ്കാരങ്ങൾ, ആചാരമര്യാദകൾ, സാമൂഹികസ്ഥിതിഗതികൾ എന്നിവ ഐതിഹ്യങ്ങളിൽ കടന്നുകൂടുന്നു. പുരാണങ്ങൾക്കും ഇതിഹാസങ്ങൾക്കും മൂലകാരണമായി നിന്നിട്ടുള്ളതും ഐതിഹ്യമാണ്.

ധർമാർഥകാമമോക്ഷാണാ-
മുപദേശസമന്വിതം
പൂർവവൃത്തം കഥായുക്ത്-
മിതിഹാസം പ്രചക്ഷതേ
.

എന്ന ലക്ഷണവിധേയമായ ഇതിഹാസം ഐതിഹ്യത്തിനു കടപ്പെട്ടിരിക്കുന്നു. ദിവ്യന്മാർ, രക്തസാക്ഷികൾ തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ, അവരെ സംബന്ധിച്ച വികാരജനകങ്ങളായ കഥകൾ എന്നിവ ആദ്യകാലങ്ങളിൽ ഐതിഹ്യത്തെ ജനിപ്പിച്ചിരുന്നു. മധ്യകാലയൂറോപ്പിൽ ഇത്തരം കഥകളുടെ ഒരു സമാഹാരം (Leganda Sanotoruma Historica Lombardica) പ്രചരിച്ചിരുന്നു. അതുപോലെ ജനോവ ആർച്ചു ബിഷപ്പായിരുന്ന ജാകൊപോ ദെ വരാസ്സായുടെ (1230-98) സുവർണൈതിഹ (The Golden Legend) ത്തിന്റെ കാര്യവും പ്രസ്താവ്യമാണ്. മധ്യകാലം വരെ ഐതിഹ്യങ്ങളെ വിമർശനാതീതമായി മാനിച്ചിരുന്നു. അതിശയോക്തികളിൽ കോർക്കപ്പെട്ട കെട്ടുകഥകളെന്ന നിലയിൽകാലക്രമത്തിൽആ സ്ഥാനം ഇടിഞ്ഞു തുടങ്ങുകയും വാസ്തവ ചരിത്രത്തിൽനിന്ന് അതു വേർതിരിക്കപ്പെടുകയും ചെയ്തു. തലമുറകളായി പ്രചരിച്ചു പോരുന്ന കേവലകഥകളെന്ന പരിഗണന മാത്രമാണ് ഇന്ന് ഐതിഹ്യത്തിനുള്ളത്.

മനുഷ്യചരിത്രത്തിൽ നടന്നതാണെന്ന വിശ്വാസത്തോടെ വിവരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ഐതിഹ്യം എന്ന് പൊതുവായി പറയാം. വിശ്വസനീയത നൽകുന്ന ചില ഗുണങ്ങൾ ഐതിഹ്യങ്ങളിൽ പൊതുവായി കാണപ്പെടും. വിശ്വസിക്കുന്നവർ ഐതിഹ്യങ്ങളിലെ അസംഭവ്യമായ ഭാഗങ്ങൾ അത്ഭുതകരമായ സംഭവങ്ങളായി കണക്കാക്കുകയാണ് ചെ‌യ്യുന്നത്. ഐതിഹ്യങ്ങൾ വിശ്വസിക്കാനുള്ള സമ്മർദ്ദവും സമൂഹ‌ത്തിൽ നിന്നുണ്ടാകും. വിശ്വസനീയത നിലനിർത്താൻ കാലങ്ങൾ കൊണ്ട് ഐതിഹ്യങ്ങൾക്ക് കാര്യമായ മാറ്റം സംഭവിക്കാറുമുണ്ട്. ഭൂരിഭാഗം ഐതിഹ്യങ്ങളും ആൾക്കാർ പൂർണ്ണമായി വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാത്ത സ്ഥിതിയിലായിരിക്കും. [1]

ചരിത്രത്തിൽ ഊന്നി നിൽക്കുന്ന നാടൻ കഥകളാണ് ഐതിഹ്യങ്ങളെന്നാണ് ഗ്രിം സഹോദരന്മാരുടെ നിർവ്വചനം. [2] 1990 -ൽ തിമോത്തി ആർ. ടാങ്ഹെർലിനി ലെജന്റിന് ഇപ്രകാരം നിർവ്വചനം നൽകുകയുണ്ടായി:[3]

"പാരമ്പര്യമായി കൈമാറിവരുന്നതും ഒരു പ്രത്യേക കാലഘട്ടത്തിൽ നടന്നു എന്ന വിശ്വാസമുള്ളതും ചരിത്രവുമായി കൂട്ടിക്കുഴച്ചതുമാണ് മിക്ക ഐതിഹ്യങ്ങളും. നാടൻ വിശ്വാസങ്ങളുടെയും സമൂഹ‌ത്തിന്റെ കൂട്ടായ അനുഭവങ്ങളുടെയും ബിംബാത്മകമായ ഒരു പ്രതിപാദനമാണിത്. നിലവിലുള്ള സമൂഹത്തിന്റെ പൊതു മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന ധർമ്മവും ഐതിഹ്യങ്ങൾ നിറവേറ്റുന്നുണ്ട്."

ഇതിഹാസവും ഐതിഹ്യവും.

[തിരുത്തുക]
ഹോൾഗെർ ഡാൻസ്കെ എന്ന ഐതിഹ്യ കഥാപാത്രം

ഐതിഹ്യം കേട്ടുകേൾവി ആസ്പദമാക്കിയുള്ള കഥകൾ മാത്രം അടങ്ങുന്നതല്ല. ഇതിഹാസ (ഇതി = ഇപ്രകാരം, ഹ = പോൽ, അസ = ആയിരുന്നു) ത്തിന് പദനിഷ്പത്തികൊണ്ടും സ്വഭാവം കൊണ്ടും ഐതിഹ്യത്തോടു സാദൃശ്യം ഉണ്ട്. ഭാരതീയേതിഹാസങ്ങളായ രാമായണവും മഹാഭാരതവും പ്രധാനകഥകൾകൂടാതെ ഐതിഹ്യ സ്വഭാവമുള്ള പല ഉപാഖ്യാനങ്ങളും അടങ്ങിയവ കൂടിയാണ്. അവയിൽ ‍ചിലവയെ ലോകഗാഥ എന്ന് വിശേഷിപ്പിച്ചു കാണുന്നു. പുരാ അപി നവം (പഴയതെങ്കിലും നൂതനം) എന്ന പുരാണ പദനിഷ്പ്പത്തി പ്രകാരം ആർക്കും എന്നും എവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണ് പുരാണങ്ങളുടെ പ്രതിപാദ്യം. വേദങ്ങളിലെ അർത്ഥവാദകഥകൾക്കും ഐതിഹ്യങ്ങളുടെ സ്വഭാവമുണ്ട്. കെട്ടുകഥ, നാടോടിക്കഥ എന്നീ പദങ്ങളെ ഐതിഹ്യ പര്യായങ്ങളായി കരുതാം. നാടോടി ഗാനങ്ങളുടെ രൂപത്തിൽ പ്രചരിക്കുന്ന കഥകളും ഐതിഹ്യത്തിൽപ്പെടും. ഇംഗ്ലീഷിൽ മിഥ് (myth), ലെജൻഡ് (legend) എന്നീ പദങ്ങൾകൊണ്ടു വിവക്ഷിക്കുന്നതും ഐതിഹ്യങ്ങളെയാണ്.

അബോധപ്രേരണകളുടെ സൃഷ്ടി.

[തിരുത്തുക]

ഒരു ജനതയുടെ ആചാരം, അനുഷ്ഠാനം, വിശ്വാസം, അഭിലാഷം, സ്വപ്നം, ഭയം തുടങ്ങിയവയ്ക്ക് ഐതിഹ്യങ്ങള് മൂർത്തരൂപം നൽകുന്നു; ജനസാമാന്യത്തിന്റെ സംസ്കാരസാഫല്ല്യം ഐതിഹ്യത്തിൽ പ്രതിഫലിക്കും; മാത്രമല്ല അത് രൂപപ്പെടുത്താനും അതിനു രൂപപരിണാമം വരുത്താനും ഐതിഹ്യങ്ങൾക്കു കഴിയും. ജനസാമാന്യത്തിനിടയിലുള്ള അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ശാസ്ത്രത്തിന്റെ വളർച്ചയോടെ അവ നിലച്ചുപോകും എന്നു ചിലർ കരുതുന്നു. ഐതിഹ്യങ്ങൾക്ക് പ്രാകൃത സമുദായങ്ങൾക്കിടയിൽ ചില പ്രയോജനം നിർവഹിക്കാനുണ്ടായിരുന്നെന്നും അവ നിറവേറ്റിക്കഴിഞ്ഞതിനാൽ ഇനി നിലനില്പുണ്ടാകയില്ല എന്നും വേറെ ചിലർക്കഭിപ്രായമുണ്ട്. സാമൂഹികമായ അബോധമനസ്സ് (Collective Unconscious) എന്ന സങ്കല്പത്തിൽ എത്തിച്ചേരുവാൻ സ്വിസ്സ് മനശ്ശാസ്ത്രജ്ഞനായ കാൾഗുസ്താവ് യുങ്ങിനെ (1875-1961) സഹായിച്ചിരിക്കാവുന്ന ഒരു പ്രധാനഘടകമാണ് ഐതിഹ്യം. സമൂഹം വ്യക്തിയുടെ മേൽ അടിച്ചേല്പിക്കുന്ന അബോധപ്രേരണകളുടെ ആകെ തുകയാണ് മനസാക്ഷി എന്നൊരു പക്ഷമുണ്ട്. ഇതു ശരിയാണെങ്കിൽ മനസാക്ഷിയുടെ രൂപവത്കരണത്തിലും ഐതിഹ്യങ്ങൾക്ക് പങ്കുണ്ടെന്നു സമ്മതിക്കേണ്ടി വരും.

ഐതിഹ്യത്തിന് സത്യമായ ഒരടിസ്ഥാനം വേണമെന്നില്ല; എന്നാൽ പല ഐതിഹ്യങ്ങളിലും സത്യത്തിന്റെ ചെറിയൊരംശം കണ്ടേക്കും. അതു പെരുപ്പിച്ചും രൂപഭേദം വരുത്തിയും മനോരഞ്ചകമാക്കിയുമാണ് ഐതിഹ്യം അവതരിപ്പിക്കുന്നത്, തെറ്റായി സ്മരിക്കപ്പെട്ട ചരിത്രം എന്ന് ചിലര് ഐതിഹ്യത്തിനു നിർവചനം നൽകുന്നു. ചരിത്രസത്യത്തിലേക്കുള്ള ചൂണ്ടുപലകയായിത്തീരാറുണ്ട് ചില ഐതിഹ്യങ്ങൾ.

അടിസ്ഥാനവികാരങ്ങളുടെ പങ്ക്

[തിരുത്തുക]

ചരിത്രപുരുഷന്മാർ, ദേശീയ നേതാക്കന്മാർ, ദേവാലയങ്ങൾ, പക്ഷിമൃഗാദികൾ, വൃക്ഷലതാദികൾ, ഭൂമി, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, പ്രപഞ്ചസൃഷ്ടി, ജനനം, മരണം, ആചാരാനുഷ്ഠാനങ്ങൾ എന്നു തുടങ്ങി മനുഷ്യന്റെ ജ്ഞാനത്തിനും ചിന്തയ്ക്കും വിഷയമായിട്ടുള്ള എന്തിനെക്കുറിച്ചും ഐതിഹ്യങ്ങൾ നിലവിലുണ്ട്. മതം, കല, ദർശനം എന്നിവയുടെ ഉദ്ഭവംപോലും ഐതിഹ്യത്തിൽ തേടുന്നവരെ കാണാം. അത്ഭുതഭയശോകാദി വിഭിന്ന വികാരങ്ങൾ മനുഷ്യനിൽ ഉണർത്തിപ്പോന്നിട്ടുള്ള കാലത്തെയും അതിൽ പുരുഷത്വം ആരോപിച്ച കാലനേയും സംബന്ധിക്കുന്ന പല കഥകളും ഉണ്ട്. മരണത്തെ ജയിക്കണമെന്ന ഉത്ക്കടാഭിവാഞ്ചയാണ് കാലനെ തോല്പിക്കുന്ന കഥകളുടെ കാതൽ. സത്യവാന്റെ ജീവനെ വീണ്ടെടുത്ത സാവിത്രിയുടെയും നിത്യയൗവനം നേടിയ മാർക്കണ്ഡേയന്റെയും കഥകള് ഈ തരത്തിൽ ഉള്ളവയാണ്. ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയോട് അസംതൃപ്തി തോന്നുമ്പോൾ ഇതവസാനിക്കണമെന്ന വിചാരം ഉയരുന്നു. വ്യക്തിതലത്തിൽ മരണത്തിന്റെ ആവശ്യകതയും സമഷ്ടിതലത്തിൽ പ്രളയത്തിന്റെ അനിവാര്യതയും അംഗീകരിക്കുന്ന കഥകൾ ഇങ്ങനെ ആവിർഭവിക്കുന്നു.

ലോകം എങ്ങനെ, എന്ന്, ഉണ്ടായി? ഇതു നശിച്ചുപോകുമോ? നശിക്കാത്ത ഒന്നും ഇതിൽ അവശേഷിക്കയില്ലേ? ലോകത്തിൽ മനുഷ്യന്റെ സ്ഥിതിയെന്താണ്? ജനനത്തിനു മുമ്പും മരണത്തിനു ശേഷവും മനുഷ്യനു സത്തയുണ്ടോ? പൂപോലെ വിടർന്നു കൊഴിയുന്ന ക്ഷണികമായ പ്രതിഭാസമാണോ ജീവിതം? തത്ത്വചിന്തയിൽ ഉയർത്തപ്പെടാറുള്ള ഇത്തരം ചോദ്യങ്ങൾ ‍ഐതിഹ്യം തനതായ ശൈലിയി കൈകാര്യം ചെയ്യാറുണ്ട്.

ആദിബിംബ നിർമിതി.

[തിരുത്തുക]

ഓരോ വിശേഷ ദിവസത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും പലതരം ഐതിഹ്യങ്ങൾ നിലവിലുണ്ട്. ചിലപ്പോൾ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാണും കഥകൾ. ഹിന്ദുക്കളുടെ ഓണം, വിഷു, ശിവരാത്രി, നവരാത്രി, തിരുവാതിര, വിനായകചതുർത്ഥി മുതലായവ ഉദാഹരണം. അഹങ്കാരിയായ മഹാബലിയെ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ ജയിച്ചതിന്റെ സ്മാരകമാണത്രേ ഓണം. (ഓണത്തെപ്പറ്റി നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്) തിന്മയെ തോല്പിച്ച് ഉന്മൂലനം ചെയ്യാൻ നന്മയ്ക്ക് പല രൂപത്തിൽ ‍അവതരിക്കേണ്ടിവരും എന്ന സാമാന്യാശയം ഈ വിശേഷണത്തിൽ നിന്ന് രൂപം കൊള്ളുന്നു. സമൂഹത്തിലെ ഈ മാതിരി ചില വിശ്വാസങ്ങളിൽ നിന്നും ആദിബിംബങ്ങൾ രൂപം കൊള്ളുന്നു; ആദിബിംബനിർമിതിയെ ഐതിഹ്യം സഹായിക്കുന്നു.

മനുഷ്യൻ അനുഭവിച്ചുവരുന്ന അനുകൂല പരിതഃസ്ഥികൾ എങ്ങനെ ഉണ്ടായി എന്നു ചില ഐതിഹ്യങ്ങൾ വിവരിക്കുന്നു. മനുഷ്യനുണ്ടായിരുന്ന ഒരനുകൂല സന്ദർഭം എങ്ങനെ നഷ്ടപ്പെട്ടു എന്നായിരിക്കും വേറെ ചിലവയുടെ പ്രതിപാദ്യം. പറുദീസാനഷ്ടം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം.

അസാമാന്യമായ ഔഷധവീര്യമുള്ള ചില ചെടികളുടെ പ്രാധാന്യം ഊന്നിക്കാണിക്കാനായിരിക്കും ചില കഥകളുടെ ശ്രമം. തുളസിപുരാണം ഉദാഹരണമായി എടുക്കാം. ഒരു പ്രത്യേക പൂവ് ഒരു ദേവന് ഏറ്റവും ഇഷ്ടപ്പെട്ടതായതെങ്ങനെ? വേറൊരു പൂവ് പൂജക്കെടുക്കാതിരിക്കാൻ കാരണമെന്ത്? എന്നൊക്കെ കാണിക്കുന്ന ഐതിഹ്യങ്ങളും ഉണ്ട്.

സമാന പ്രമേയങ്ങൾ

[തിരുത്തുക]

ലോകത്തെവിടെയും ഉള്ള ഐതിഹ്യങ്ങളിൽ ചില സമാനപ്രമേയങ്ങൾ കണ്ടുവരുന്നുണ്ട്. മനുഷ്യന്റെ മൗലിക പ്രവണതകളിലെ ഏകരൂപത ഇതിനു നിദാനം. ഹിരണ്മയമായ ഒരു വലിയ മുട്ടവിരിഞ്ഞ് ലോകം ഉണ്ടായി എന്ന കഥയ്ക്ക് പല ജനവർഗ്ഗങ്ങൾക്കിടയിലും പ്രചാരമുണ്ട്. ഹിന്ദുക്കളുടെ ബ്രഹ്മാവ് ഹിരണ്യഗർഭനാണെങ്കിൽ ‍ഈജിപ്റ്റിലെ രാ (സൂര്യൻ) മുട്ടയിൽ നിന്നാണ് പിറന്നത് (ഭാരതത്തിൽ സൂര്യ സാരഥിയായ അരുണൻ ‍മുട്ടവിരിഞ്ഞുണ്ടായതായി കഥയുണ്ട്). ആകാശത്തിൽ പ്രകാശിക്കുന്ന ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള കഥകൾക്കും സമാനഭാവം കണ്ടുവരുന്നു. വൈദികാചാര്യന്മാരുടെയും പുരാതന ഈജിപ്തുകാരുടെയും സൂര്യാരാധനയുടെ ഫലമായി പല ഐതിഹ്യങ്ങൾ രൂപംകൊണ്ടിട്ടുണ്ട്. മഹാഭാരതത്തിലെ കർണൻ ജനിച്ചപ്പോൾ തന്നെ പെട്ടിയിലടക്കപ്പെട്ട് നദിയിൽ ഒഴുക്കപ്പെട്ടതായും സൂതകുലത്തിൽ പിറന്ന അതിരഥന്റെയും അയാളുടെ ഭാര്യ രാധയുടെയും മകനായി വളർന്നുവന്നതായും ഉള്ള കഥയോട് സമാനത്വം വഹിക്കുന്ന കഥകൾ ലോകത്തിൽ പല ദിക്കിലും പ്രചാരത്തിലിരിക്കുന്നു.

യുക്തിയുടെ സ്ഥാനം

[തിരുത്തുക]

മിക്ക ഐതിഹ്യങ്ങളും യുക്തിസഹമല്ലാത്ത അടിസ്ഥാനത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്; അമാനുഷ കഥാപാത്രങ്ങൾ അമാനുഷ ശക്തികളും സിദ്ധികളും പ്രകടിപ്പിക്കുന്നു. ചിലപ്പോൾ മനുഷ കഥാപാത്രങ്ങൾക്ക് മന്ത്രംകൊണ്ടോ മറ്റോ ദിവ്യശക്തി ലഭിക്കുന്നു. വേറേ ചിലപ്പോൾ അത്ഭുതകരമായ കാര്യങ്ങൾ നിർവഹിക്കാൻപോന്ന ഉപകരണങ്ങൾ ഒരു സധാരണക്കാരന് കിട്ടുന്നതായിരിക്കും പ്രതിപാദ്യം. ആകാശയാനത്തിനു കഴിവുള്ള മാന്ത്രികക്കുതിര, വിചാരിക്കുന്ന സ്ഥലത്തെത്തിക്കുന്ന മെതിയടി, മരുന്നു പുരട്ടി അന്തർധാനം ചെയ്യുന്ന വിദ്യ മുതലായവ ഉദാഹരണം. ദിവ്യമായ കഴിവുകൾ കിട്ടാൻ കൊതിക്കാത്ത മനുഷ്യനില്ല. ഈ ആഗ്രഹത്തിന്റെ ഫലമാണ് മുകളിൽ പറഞ്ഞ തരം കഥകൾ. കെട്ടുകഥയുണ്ടാക്കാൻ ബാലന്മാർക്കു സഹജമായ വാസനയുണ്ട്. വാസ്തവത്തിൽ അവർ കെട്ടുകഥയുണ്ടാക്കുകയല്ല, ഏതോ സഹജാവബോധത്താൽ അവർ അനുഭവിക്കുന്നതു പറയുകയാണ്. പ്രാകൃത മനുഷ്യന്റെയും കുട്ടിയുടെയും മനസ്സ് ഒരു പോലെയാണ്. മനുഷ്യനിലെ ബാലനാണ് കെട്ടുകഥകളുടെ ഉപജ്ഞാതാവ്. ആകാശയാനവും ഗോളാന്തര സഞ്ചാരവും ഭാവനാമാത്രമായിരുന്ന അവയെ അടിസ്ഥാനമാക്കി അനേകം കഥകൾ ഉണ്ടായിട്ടുണ്ട്.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത് എന്ന വാക്യമനുസരിച്ച് സ്വതേ നിഗൂഢാർഥകങ്ങളായ വേദങ്ങളുടെ വിശദീകരണവും അവയിൽ പറഞ്ഞ തത്ത്വങ്ങളുടെ ഉദാഹരണവും ആയിട്ടാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത്. അവയ്ക്ക് ആന്തരികമായ ഒരർഥംകൂടി കാണണമെന്നു കരുതാൻ ‍ഇതൊരു കാരണമാണ്. ചില കഥകൾ ‍യുക്തിക്കുനിരക്കാത്തതും അസംബന്ധവുമായി തോന്നിയതു കൊണ്ട് വ്യാഖ്യാനിക്കേണ്ടി വന്നിരിക്കുന്നു. അന്യാപദേശമായും (allegory) പ്രതീകാത്മകമായും (symbolic) ഇവയെ വ്യാഖ്യാനിച്ചുവരുന്നു. അതിമാനുഷികമായ കഴിവുകൾ പ്രകടിപ്പിച്ച രാജാക്കന്മാരെ അമാനുഷന്മാരാക്കിയതിന്റെ ഫലമായിട്ടാണ് ദൈവങ്ങളുടെ ഉത്ഭവമെന്നു ചിലർക്കു പക്ഷമുണ്ട്. ഈ ദൈവങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായതാണ് ഐതിഹ്യങ്ങൾ. ദേവേന്ദ്രന്റെ പല വിക്രമങ്ങളിലും ഒരു ഗോത്രനായകന്റെ ചെയ്തികളുടെ പ്രതിഫലനം കാണാം. പ്രകൃതിശക്തികൾക്ക് ദിവ്യത്വവും പുരുഷത്വവും ആരോപിച്ചതിന്റെ ഫലമാണ് ദൈവങ്ങൾ എന്ന് വേറൊരു സിദ്ധാന്തമുണ്ട്. ഇപ്രകാരം പ്രകൃതി പ്രതിഭാസങ്ങളുടെ രൂപാന്തരം മാത്രമാണ് ഐതിഹ്യങ്ങൾ. കലപ്പ (ഹലം) ചെല്ലാത്ത (അഹല്യ) ഭൂമിയിൽ മഴ പെയ്യിച്ച് ദേവേന്ദ്രൻ ‍അതു സസ്യഫലാഢ്യമാക്കുന്നു. ഫലപുഷ്ടിയുടെ അധിദേവതയായ ദേവേന്ദ്രനും അഹല്ല്യയും തമ്മിലുള്ള രഹസ്യസമാഗമ കഥയിലേക്കോ, ശ്രീരാമൻ ‍ചവിട്ടിയപ്പോൾ ‍അഹല്യ മനോഹരിയായ ഒരു സ്ത്രീയായി മാറി എന്ന കഥയിലേക്കോ ഇവിടെ നിന്ന് ഏറെ ദൂരമില്ല. മനഃശാസ്ത്ര തത്ത്വങ്ങളെ ആസ്പദമാക്കി ഐതിഹ്യങ്ങളെ വ്യാഖ്യാനിക്കാനും ശ്രമം നടന്നിട്ടുണ്ട്. ഈഡിപ്പസ് രാജാവിന്റെ കഥയിൽനിന്ന് ഈഡിപ്പസ് കോമ്പ്ലക്സ് (മാതൃപുത്ര ലൈംഗികാർഷണം) എന്ന ഒരു സിദ്ധാന്തം തന്നെ രൂപം പ്രാപിച്ചു.

പലതരം കഥകൾ

[തിരുത്തുക]

ഓരോ ദേശത്തും അവിടത്തെ വീരന്മാരുടെ അപദാനങ്ങൾ പാടുന്ന കഥകൾ കാണാം. കേരളത്തിൽ വടക്കൻപാട്ട്, മാപ്പിളപ്പാട്ട്, തെക്കൻപാട്ട് എന്നിങ്ങനെയുള്ള നാടൻ ‍കഥാഗാനങ്ങളും മറ്റ് പലതരം നാടോടിപാട്ടുകളും പ്രചരിച്ചിട്ടുണ്ട്. വീരന്മാരായ പുരുഷകേസരികളേയും ധീരകളായ തരുണീമണികളെയും കേന്ദ്രീകരിച്ചുള്ള കഥകൾക്ക് ഇവയിൽ ‍പ്രാമുഖ്യമുണ്ട്. ഇവയിൽ ‍പ്രധാനമായി പ്രതിപദിക്കാറുള്ള ശൃംഗാരവീര രസങ്ങൾ ‍ഇവയെ സർവാകർഷകമാക്കി മാറ്റിയിരിക്കുന്നു. ഗ്രീക്കുദൈവങ്ങളെ ആധാരമാക്കിയുള്ള പലകഥകളും ഹോമറിന്റെ ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസങ്ങളിൽ ‍കാണാം. ബൈബിളിന്റെ പഴയ നിയമത്തിലും പുതിയ നിയമത്തിലും അനേകം കഥകൾ ‍ഉണ്ട്. ജൂതന്മാരുടെ വിശുദ്ധഗ്രന്ഥമായ താൽമൂദിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഭാരതം കഥകളുടെ നാടാണെന്നു പറയാം. ഗുണാഢ്യന്റെ ബൃഹത്കഥയിൽ ‍അന്നു പ്രചരിച്ചിരുന്ന കഥകൾ ‍ആയിരിക്കണം സംഗ്രഹിക്കപ്പെട്ടിട്ടുള്ളത്. പൈശാചിയെന്ന പ്രാകൃതഭാഷയിൽ എഴുതപ്പെട്ട ഈ കൃതി മൂലരൂപത്തിൽ ‍നഷ്ടപ്പെട്ടുവെങ്കിലും ഇതിലെ കഥകൾ ക്ഷേമേന്ദ്രന്റെ ബൃഹത്കഥാമഞ്ജരി, സോമദേവന്റെ കഥാസരിത് സാഗരം എന്നീ ഗ്രന്ഥങ്ങളിലൂടെ പ്രചരിച്ചുവരുന്നു. ബൗദ്ധന്മാരുടെ ജാതകകഥകൾക്കും' ക്രിസ്തുവിന്റെ സാരോപദേശ കഥകൾക്കും (parables) സാദൃശ്യമുണ്ട്. വിക്രമാദിത്യനെപ്പറ്റിയുള്ള കഥകളാണ് വേതാള പഞ്ചവിംശതിയിൽ കാണുന്നത്. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഐതിഹ്യ കഥകളെ ആധാരമാക്കി രചിക്കപ്പെട്ട ശുകസപ്തതി, ഹിതോപദേശം, പഞ്ചതന്ത്രം എന്നിവക്ക് കഥാസാമ്രാജ്യത്തിൽ സമുന്നതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. പഞ്ചതന്ത്രവും ഹിതോപദേശവും അറ‍ബികഥകളെപ്പോലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഗവേഷകന്മാർ ‍അഭിപ്രായപ്പെടുന്നത്. [4]

അലങ്കാര സന്നിവേശം

[തിരുത്തുക]

കഥകൾക്കു രൂപം നൽകുന്നതിൽ അവയുടെ സംവാഹകമായ ഭാഷയ്ക്കു വലിയ പങ്കുണ്ട്. വിവക്ഷ സൂക്ഷ്മമായും കൃത്യമായും പ്രതിപാദിക്കേണ്ടി വരുമ്പോൾ ഭാഷ ലാക്ഷണികമായി മാറും. ലക്ഷണികവും ആലങ്കാരികവുമായി ഭാഷ ഉപയോഗിക്കുമ്പോൾ ഐതിഹ്യങ്ങളുടെ ബീജാധാനം നടക്കുന്നു. ഉപമ, രൂപകം, രൂപകാതിശയോക്തി, അപ്രസ്തുത പ്രശംസ, അതിന്റെ വകഭേദമായ അന്യാപദേശം എന്നീ ക്രമത്തിലാണ് ആലങ്കാരിക പ്രയോഗം ഐതിഹ്യത്തിൽ എത്തുന്നത്.

ഐതിഹ്യം സാഹിത്യത്തിൽ

[തിരുത്തുക]

ഐതിഹ്യം സാഹിത്യത്തെ ജനിപ്പിച്ചിട്ടുണ്ട്. 'ഇലിയട്ടിലും രാമായണത്തിലും അതിന്റെ പ്രേരകശക്തി പ്രവർത്തിക്കുന്നു. വിക്ടർഹ്യൂഗൊ പുരാണൈതിഹ്യങ്ങളിൽ ‍മെനഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമത്രേ നൂറ്റാണ്ടുകളുടെ ഐതിഹ്യം (The legend of the centuries). ആധുനിക കവികൾപോലും ഐതിഹ്യങ്ങളിൽ നിന്നും പ്രചോദനം നേടി കവിത രചിക്കുന്നതിനു തെളിവാണ് വള്ളത്തോളിന്റെ ആ മോതിരം. ഷേക്സ്പിയർ, സ്കോട്ട്, സ്പെൻസർ, ചോസർ ‍തുടങ്ങിയവരുടെ കൃതികളിൽ ‍ഐതിഹ്യസ്വാധീനത പ്രകടമായി കാണാം. [5]

വെണ്മണി അച്ഛൻ, വെണ്മണി മഹൻ, കുഞ്ഞിക്കുട്ടൻതമ്പുരാൻ ‍തുടങ്ങിയവർ ‍മലയാളസാഹിത്യത്തിൽ ‍പ്രകടിപ്പിച്ച പ്രതിഭാവൈഭവത്തിന്റെ രഹസ്യം ഒരു യക്ഷിയോടു കടപ്പെട്ടതാണെന്നു ചിലർ ‍വിശ്വസിച്ചു പോരുന്നു.[6] ഐതിഹ്യ പ്രധാനങ്ങളായ പല കവിതകളും കുഞ്ഞിക്കുട്ടൻതമ്പുരാൻ ‍രചിച്ചിട്ടുണ്ട്.

ക്ഷേമേന്ദ്രന്റെയും സോമദേവന്റെയും ബൃഹത് കഥാപാത്രങ്ങളിൽ ‍വിക്രമാദിത്യ പ്രശസ്തി വാഴ്ത്തപ്പെടുന്നു. ഈ കഥകൾക്ക് ഇംഗ്ലീഷിൽ ‍എഫ്. എസ്. ഗർട്ടിന്റെ വിവർത്തനമുണ്ടായി. 32 സാലഭഞ്ജികകൾ ‍ഓരോരുത്തരായി വിക്രമാതിത്യ പ്രശസ്തിയെ വർണിച്ചുകൊണ്ടു പറയുന്ന 32 കഥകളും സാഹിത്യ സുന്ദരമാണ്.

കാളിദാസൻ മുതൽ ‍രാമപുരത്തു വാരിയർ ‍വരെയുള്ള കവികളെപ്പറ്റി പ്രചരിപ്പിച്ചിട്ടുള്ള ഐതിഹ്യങ്ങൾ ‍നിരവധിയാണ്. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ ഉത്പത്തിയെ കുറിച്ചുള്ള ഐതിഹ്യം സുവിദിതമാണ്. മേല്പുത്തൂർ ‍നാരായണ ഭട്ടതിരി താൻ ‍രചിക്കാൻ ‍ഉദ്ദേശിക്കുന്ന നാരായണീയം സ്തോത്രം എവിടെ തുടങ്ങണമെന്ന് എഴുത്തച്ഛനോടു ചോദിച്ചപ്പോൾ മീൻ ‍തൊട്ടു കൂട്ടുക എന്നു മറുപടി നൽകിയതു കേട്ട് ബുദ്ധിമാനായ ഭട്ടതിരി മത്സ്യാവതാരം മുതൽ തന്റെ കൃതി ആരംഭിച്ചതായുള്ള ഐതിഹ്യം പ്രസിദ്ധമാണ്. തിരുഞ്ജാന സംബന്ധർക്ക് (ദക്ഷിണേന്ത്യയിലെ ശൈവകവി) ചെറുപ്പത്തിൽ ‍പാർവതീപരമേശ്വരന്മാർ ‍പ്രത്യക്ഷപ്പെട്ടു കനിഞ്ഞു നൽകിയ പാൽ കുടിച്ചതു കൊണ്ടാണ് പ്രശസ്തനാകാൻ ‍കഴിഞ്ഞതെന്ന ഐതിഹ്യത്തിന് തമിഴ് നാട്ടിൽ നല്ല പ്രചാരമുണ്ട്. ജഗന്നാഥപണ്ഡിതരുടെ സമാധിയെപ്പറ്റിയും ഭക്തകവി കബീർ മുസ്ലിം ആയിരുന്നു എന്നതിനെപ്പറ്റിയും പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങൾക്കു വളരെയധികം വ്യാപത്വം ലഭിച്ചിട്ടുണ്ട്.

ഐതിഹ്യം ചരിത്രത്തിൽ.

[തിരുത്തുക]

പ്രാചീന കേരളചരിത്രം അടുത്തകാലം വരെ ഐതിഹ്യത്തിന്റെ പിടിയിലമർന്നിരുന്നു. ശാസ്ത്രീയ ഗവേഷണം വളർന്നതോടുകൂടിയാണ് ഇതിനു മാറ്റം വന്നത്. എന്നാൽ ‍ഐതിഹ്യകൃതികൾ ‍ചരിത്ര ഗവേഷണത്തിന്റെ കരുക്കൾ ‍എന്നനിലയിൽ ‍ഇന്നും പ്രാധാന്യം അർഹിക്കുന്നു. കേരളോത്പത്തി യും കേരളമാഹാത്മ്യവും അവയിൽ ‍പ്രധാനപ്പെട്ടവയാണ്. ആദ്യത്തേതിനു ഗുണ്ടർട്ട് പതിപ്പ് (1843), മദിരാശി സർവകലാശാലാപതിപ്പ് (1953), തിരുവിതാംകൂർ ‍സർക്കാർ ‍വകയായി മഹാദേവശാസ്ത്രി പ്രസിദ്ധീകരിച്ച് കേരളചരിതം (1931) എന്നീ പാഠങ്ങളുണ്ട്. എല്ലാറ്റിലേയും നായകനായ പരശുരാമൻ 21 വട്ടം ക്ഷത്രിയനിഗ്രഹം നടത്തിയതായും വീരഹത്യാദോഷമോചനാർഥം കടലിൽ ‍മഴുവെറിഞ്ഞു ഗോകർണകുമാരീപര്യന്തം കേരളം എന്ന കര വീണ്ടെടുത്തു ബ്രാഹ്മണർക്കു ദാനം ചെയ്തതായും വർണിച്ചു കാണുന്നു. കേരളം ഭൂഗർഭസ്ഫോടന ഫലമായുണ്ടായതാണെന്നു ഈ ഐതിഹ്യത്തെ ചരിത്രകാരന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്.

വൻകാറ്റടിച്ചാഴിയഴിഞ്ഞകന്നോ,
ഹൂങ്കാരി ഭൂകമ്പമിയന്നുയർന്നോ,
മുൻകാലമിക്കേരളകൊങ്കണങ്ങൾ,
മൺകാഴ്ചയായെന്നു ചിലർക്കുപക്ഷം.

മക്കൻസി മാനുസ്ക്രിപ്റ്റിൽ കേരളമുൾപ്പെട്ട പണ്ടത്തെ തമിഴ്നാട്ടിന്റെ ഐതിഹ്യം കാണാം. 50 ചേരരാജാക്കന്മാരുടെയും 66 ചോളരാജാകന്മാരുടെയും വിവരങ്ങൾ ‍അതിൽ കാണുന്നു. 'മൂഷികവംശകാവ്യത്തില് ഒന്നാമത്തെ പെരുമാൾ ‍രാമഘടമൂഷികൻ ‍മുതൽ 50-ം മത്തെ ചേരൻരാജവർമൻ ‍അഥവാ ശ്രീകണ്ഠൻ ‍ഉൾപ്പെടെയുള്ള ചേരരുടെ ഐതിഹ്യം വിവരിച്ചിരിക്കുന്നു. ആദിയിൽ 36-ഉം പിന്നീട് 22-ഉം പെരുമാക്കന്മാർ ‍കേരളം വാണെന്നാണു നാടോടി ഐതിഹ്യം. ആദ്യം പറഞ്ഞവരെപ്പറ്റി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കേരളം പ്രസ്താവിക്കുന്നു; കേരളോത്പത്തി ഒടുവിലത്തെ വ്യക്തികളെപ്പറ്റിയും. തമിഴ് സംഘകാവ്യത്തില് ‍(പതിറ്റുപ്പത്ത്, പുറനാനൂറു മുതലായവ) വർണിക്കപ്പെടുന്ന ചേരന്മാർ, മൂഷികവംശം കാവ്യത്തിൽ കേരളോത്പത്തിയിൽ, മക്കൻസി മാനുസ്ക്രിപ്റ്റിൽ ‍പ്രസ്തുതരായ ചേരന്മാർ, ഇവരെക്കുറിച്ചെല്ലാമുള്ള വ്യത്യസ്ത ഐതിഹ്യങ്ങൾ ‍കേരളചരിത്രരചനയെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. മൂന്നു തമിഴ് സംഘങ്ങളും കൂടി 9,950 വർഷം നിലനിന്നുവെന്നും 8,598 കവികൾ ‍ആ കാലത്തിനു പ്രതിനിധീഭവിച്ചിരുന്നു എന്നും അവരിൽ ‍ചിലർ ‍ശിവൻ, സുബ്രഹ്മണ്യൻ ‍തുടങ്ങിയ ദേവന്മാരായിരുന്നു എന്നും ഐതിഹ്യങ്ങൾ ‍ഉദ്ഘോഷിക്കുന്നു.

മാല്യങ്കര യിൽ (കൊടുങ്ങല്ലൂർ) കപ്പലിറങ്ങിയ സെയിന്റ് തോമസ് ബ്രാഹ്മണരെ മതപരിവർത്തനം ചെയ്യിച്ചുവെന്ന ഐതിഹ്യം ഇന്നും നിലനിൽക്കുന്നുണ്ട്. മല്യങ്കര, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, ചായൽ ‍ഇവിടങ്ങളില് ‍7 പള്ളികൾ ‍സ്ഥാപിച്ചെന്നും മതം മാറിയ നമ്പൂതിരിമാരോടുള്ള പ്രതിഷേധ പ്രകടനമായി മറ്റു നമ്പൂതിരിമാർ ‍പാലയൂർ ‍ഗ്രാമത്തെ ശപിച്ചുകൊണ്ടു നാടുവിട്ടെന്നും ക്രമേണ അതു ശാപക്കാടായി (ചാവക്കാട്) അറിയപ്പെട്ടുവെന്നുമുള്ള ഐതിഹ്യത്തിനു വളരെ സാമൂഹിക പ്രാധാന്യമുണ്ട്.[7]

കേരളചരിത്ര ഗവേഷണ‍വിഷയത്തിൽ ‍2-ം ചേരസാമ്രാജ്യം (മഹോദയപുരം, കുലശേഖര സാമ്രാജ്യം) തെളിഞ്ഞുവന്നതോടെ മക്കത്തുപോയ ചേരമാൻപെരുമാളെ സംബന്ധിച്ച ഐതിഹ്യം കെട്ടുകഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.[8]

പേർഷ്യൻ ‍ഐതിഹ്യത്തിലെ സോറാബും റുസ്തവുമായുള്ള ദ്വന്ദ്വയുദ്ധം, ചൈനയിലെ ലി-ചിങ്ങും ഹോ-ചയുമായുണ്ടായതിനോടു സാദൃശ്യം വഹിക്കുന്നു. രണ്ടിടത്തും മത്സരം പുത്രനും പിതാവും തമ്മിലാണ്. ബൈബിളിലെ ഐതിഹ്യങ്ങൾക്ക് സദൃശങ്ങളായ സംഭവങ്ങള് ഈജിപ്ത്, ബാബിലോണിയ, ഗ്രീസ് ഇവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഋഗ്വേദത്തിലെ രോദസിക്കു ഗ്രീക്ക് ഐതിഹ്യത്തിലെ രുഹിദേസിനോടു സാമ്യം ഉള്ളതായി കാണാം. ഹെലിയോസ് (സൂര്യ) ദേവന്റെ പത്നി രോദോസ് ഏഴുപുത്രന്മാരെ രോദേസ് ദ്വീപിൽ വച്ചു പ്രസവിച്ചു. രവി (സൂര്യൻ) ലോകമെന്നു കേരളത്തിനു പേരുണ്ടായിരുന്നതായി മുകുന്ദമാലയിൽ പ്രസ്താവമുണ്ട്. അറബിദേശത്തിലെ നജ്ദിൽ ‍അനാവൃഷ്ടിമൂലം ബെതിഹെലാൻ ‍വർഗക്കാർ ‍സിറിയയിലേക്കും ഈജിപ്തിലേക്കും കുടിയേറ്റം നടത്തി. ഹിലാൻ (ചന്ദ്രൻ, സോമൻ) ആദിത്യന്മാരിലൊന്നായി ഗണിക്കപ്പെട്ടിരുന്നു. ആകയാൽ ‍ബെതിഹെലാൻ ‍വർഗക്കാർ ‍സൂര്യവംശക്കാരായി. ബെദുവിൻ, അറബി ഐതിഹ്യത്തിലെ അഅദ് (ആദ്) എന്ന ദിക്കിൽ ഉദ്ഭവിച്ചതിനാലും ആദിത്യന്മാരായി. ആദിത്യന്മാരുടെ കുലനാഥനായ ഋഗ്വേദസംഹിതയിലെ അദിതിക്കും അറബികളുടെ സൂര്യദേവിയായ അൽഇലാഹത് എന്ന ദേവിക്കും തമ്മിൽ വളരെ അടുത്ത സാമ്യമുണ്ട്. ഈജിപ്ത്കാരുടെ സൂര്യദേവനത്രേ ആതോൻ. പ്രാചീന തമിഴകത്തെ ചേരരാജാക്കന്മാർക്കു ആതൻ ‍എന്ന ബിരുദമുണ്ടായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിൽ ആതൻ എന്നതു രവിയായി മാറുന്നു. ഭാരതീയരുടെ മത്സ്യാവതാരകഥക്ക് ഗ്രീക്കുകാരുടെ ഒവാണ സാദൃശ്യം വഹിക്കുന്നു. ഈ ദേവൻ പകൽ മനുഷ്യർക്കു ദിവ്യോപദേശം ചെയ്തിട്ടു രാത്രി ഉറങ്ങാൻ കടലിലേക്കു പോകുന്നു. വിഷ്ണുവും ജലശായിയാണ്. പരശുരാമൻ ‍മാതാവിന്റെ ശിരച്ഛേദം ചെയ്തു; പ്രാചീന ഈജിപ്തുകാരുടെ ഐതിഹ്യത്തിലെ ഹോറസും തന്റെ മാതാവായ ഐസിസിനെ ശിരച്ഛേദം ചെയ്തിട്ടുണ്ട്. പ്രൊമൊഥിയൂസ് സ്വർഗത്തിൽനിന്നു മനുഷ്യരുടെ ഇടയ്ക്ക് ആദ്യമായി അഗ്നിയെ കൊണ്ടുവന്നുവെന്ന് ഭാരതീയൈതീഹ്യം (ത്വമഗ്നേ, പ്രഥമോമാതരീശ്വാന എന്നു തുടങ്ങുന്ന ഋഗ്വേദ മന്ത്രം). ലാബറിന്തിലെ മിനോട്ടോർ ‍എന്ന ഭീകരസത്വത്തിനു ആണ്ടുതോറും 7 ആണുങ്ങളെയും 7 പെണ്ണുങ്ങളെയും മീനോസ് രാജാവ് ഭക്ഷണമായി കൊടുക്കാറുണ്ടായിരുന്നു. ഏതൻസിലെ തെസിയൂസ് ഈ ആണുങ്ങളിൽ ഒരുത്തനായി ലാബറിന്തിലെത്തി മിനോട്ടോറിന്റെ കഥ കഴിച്ചു. ഭാരതീയരുടെ ഭീമന്റെ ബകവധം ഇതിനു സാമ്യം വഹിക്കുന്നു.[9]

മനുഷ്യോത്പത്തിയെ പറ്റി ഡാർവിന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്ന പ്രാചീനൈതിഹ്യങ്ങൾ ഉണ്ട്. കുരങ്ങുകൾ ‍ഒരുകാലത്തെ മനുഷ്യരായിരുന്നെന്ന് മധ്യഅമേരിക്കൻ ‍പുരാണങ്ങൾ ‍ഘോഷിക്കുന്നു. കുരങ്ങ് എന്നർഥമുള്ള വാക്കു കൊണ്ടാണ് തെക്കുകിഴക്കൻ ‍ആഫ്രിക്കക്കാർ ‍തങ്ങളുടെ പൂർവികരെ അറിഞ്ഞിരുന്നത്. ദക്ഷിണേഷ്യയിലെ മറവർ ‍രാമന്റെ സിൽബന്തികളായ വാനരന്മാരുടെ പിന്മുറയാണെന്നു അഭിമാനം കൊള്ളുന്നു; രജപുത്ര വർഗത്തില്പ്പെട്ട ജെയിറ്റുവാ വംശക്കാർക്കും ഇതേ വിശ്വാസമുണ്ട്.

മലയായിലെ ഗിരിവർഗക്കാർ തങ്ങൾ ‍ആദിവാനര ദമ്പതിമാരുടെ പിന്മുറക്കാരെന്നു അവകാശപ്പെടുന്നു. തിബറ്റിലെ ബുദ്ധമത ഐതിഹ്യം രണ്ടു ദിവ്യവാനരന്മാരുടെ സന്തതികളെപ്പറ്റി പറയുന്നുണ്ട്. കൃഷി ചെയ്യാൻ ‍ശീലിച്ചതു മുതൽ ‍വാൽ അപ്രത്യക്ഷമായി അവർ ‍തികച്ചും മനുഷ്യരായി; ഇലകൊണ്ടു നാണം മറച്ചു, പെറ്റുപെരുകുന്തോറും നാട് കൃഷി കൊണ്ട് ഐശ്വര്യവത്തായി. അപ്പോൾ ‍ഇന്ത്യയിൽനിന്നു രാജ്യഭ്രഷ്ടനാക്കപ്പെട്ട ഒരു ശാക്യരാജാവ് തിബറ്റിൽ ‍വന്ന് ആ നാടിനെ ഏകീകരിച്ചു സമ്പന്നമാക്കി എന്നാണ് ഐതിഹ്യം.

ഐതിഹ്യ പഠനം

[തിരുത്തുക]

പാശ്ചാത്യരുടെ ഇടയിൽ ഐതിഹ്യ പഠനത്തിനു വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടുണ്ട്; അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. നാടോടിക്കഥകളെയും കലകളെയും അവർ ശാസ്ത്രീയമായി പഠിച്ചു വിലയിരുത്താൻ ശ്രമിക്കുന്നു. 19-ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജർമൻ ഇന്തോളജിസ്റ്റായ മാക്സ്മുള്ളറാണ് ഇന്ത്യയിൽ ഐതിഹ്യപഠനത്തിന് അടിത്തറ പാകിയതെന്നു പറയാം. ഇതിനായി ചില സംഘടനകൾ ഇന്ന് പാശ്ചാത്യരുടെ ഇടയിൽ നിലവിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ നാടൻ കഥകൾ സമാഹരിച്ചുള്ള പ്രസിദ്ധീകരണങ്ങൾ ഇംഗ്ലീഷിൽ സുലഭമാണ്. പി. സി. റോയ് ചൗധരിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ നാടൻ കഥകൾ 20 പുസ്തകങ്ങളായി അച്ചടിച്ചിട്ടുണ്ട്. ഇതിൽ കാശ്മീർ‍, തമിഴ് നാട്, ആസാം, ഒറീസ, ഗുജറാത്ത്, ബീഹാർ‍, നീഫ, കേരളം, നാഗാലാൻഡ്, മണിപ്പൂർ‍, ത്രിപുര, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, മൈസൂർ‍, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും പ്രചരിക്കുന്ന കഥകളാണ് ശേഖരിച്ചിട്ടുള്ളത്.[10]

ഐതിഹ്യങ്ങളടക്കമുള്ള നാടൻ സാഹിത്യം പഠനാർഹമായിട്ടുതന്നെ മലയാളികളും കരുതുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചരിക്കുന്ന കഥകൾ മലയാളത്തിൽ പല കാലത്തായി അവതരിപ്പിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മലയാളഗ്രന്ഥസൂചി (1974 രണ്ടാം വാല്യം) യിൽ ഏകദേശം നൂറോളം പുസ്തകങ്ങളുടെ പേരുകൾ നിർദ്ദേശിച്ചുകാണുന്നു. ഇവയിൽ ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ളത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ എട്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള (1909-34) ഐതിഹ്യമാല യ്ക്കാണ്.

നാടോടിക്കഥകളിലെ ഐതിഹ്യങ്ങൾ

[തിരുത്തുക]
ലേഡി ഗോഡിവയുടെ ചിത്രം. യഥാർത്ഥ ചരിത്രകഥാപാത്രം ഐതിഹ്യത്തിൽ മുങ്ങിപ്പോയി എന്നു തന്നെ പറയാം.

ഐതിഹ്യങ്ങളെ ആസ്പദമാക്കി നാടോടിക്കഥകൾ സൃഷ്ടിക്കപ്പെടാറുണ്ട്. ഇത് സംസ്കാരത്തെപ്പറ്റിയും ജനങ്ങളുടെ കാഴ്ച്ചപ്പാടുകളെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും വിവരങ്ങളുൾപ്പെടുന്ന സ്രോതസ്സായി കണക്കാക്കാവുന്നതാണ്. "ബ്ലാക്ക് മാനെ" സംബന്ധിച്ചുള്ള കെട്ടുകഥ കേരളത്തിൽ അടുത്തകാലത്തായി പ്രചാരം ലഭിച്ച ഒന്നാണ്. ലിഫ്റ്റ് ചോദിച്ച ശേഷം അപ്രത്യക്ഷനാകുന്നയാളെപ്പറ്റി അമേരിക്കയിൽ ഇത്തരമൊരു കഥ പ്രചരിക്കുന്നുണ്ട്. [11] രാത്രിയിൽ കാറിൽ ലിഫ്റ്റ് ചോദിച്ച ശേഷം ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ കാറിൽ നിന്ന് അപ്രത്യക്ഷയാകുന്ന പെൺകുട്ടിയെപ്പറ്റിയാണ് ഈ കഥ. അമേരിക്കക്കാരുടെ സംസ്കാരത്തിൽ റോഡ് യാത്രയ്ക്കുള്ള പ്രാധാന്യവും യാത്രയിലുള്ള അപകടങ്ങളെപ്പറ്റിയുള്ള ഭയവും ഈ കഥ വെളിവാക്കുന്നുണ്ട്.

"അസത്യമാണെന്ന് വ്യക്തമായതും എന്നാൽ ജനപ്രിയവുമായ ഒരു കൽപ്പിത കഥ" എന്നാണ്Friedrich Ranke (de) in 1925[12] ഫ്രൈഡ്രീച്ച് റെൻകെ ഐതിഹ്യങ്ങളെ വിശദീകരിക്കുന്നത്. ഈ നിർവ്വചനം പിന്നീട് ഉപേക്ഷിക്കപ്പെടുകയുണ്ടായി. [13]

നാടൻ കഥകളുടെ ഘടന ഐതിഹ്യങ്ങളുടേതപേക്ഷിച്ച് കൂടുതൽ ഭദ്രമാണെന്ന് ഹെൽമുട്ട് ഡി ബൂർ 1928-ൽ നിരീക്ഷിക്കുകയുണ്ടായി.[14] ഐതിഹ്യം സത്യമാണെന്ന രീതിയിൽ പറയുമ്പോൾ നാടൻ കഥകൾ വിരോധാഭാസത്തിലാണ് ശ്രദ്ധയൂന്നുന്നത്. [15] ഐതിഹ്യങ്ങൾക്ക് നാടൻ കഥകളേക്കാൾ കൂടുതൽ ചരിത്രപരത അവകാശപ്പെടാനാവില്ല എന്നാണ് വിൽഹെ‌ൽമ് ഹൈസ്‌കെയുടെ[16] അഭിപ്രായം.

ഏൺസ്റ്റ് ബെർൺഹൈം അഭിപ്രായപ്പെട്ടത് ഒരു സംഭവത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങൾ കാലങ്ങൾ കഴിഞ്ഞും നിലനിൽക്കുമ്പോഴാണ് ഐതിഹ്യങ്ങൾ ഉണ്ടാകുന്നതെന്നാണ്. [17] ഗോൾഡൻ ആൾപോർട്ടും അഭിപ്രായപ്പെട്ടത് സാംസ്കാരികമായ മാനസികാവസ്ഥയാണ് ചില ഊഹാപോഹങ്ങളെ നിലനിർത്തുന്നത് എന്നാണ്. [18] "അർബൻ ലെജന്റുകൾ" ഒരു തരം ഊഹാപോഹങ്ങളാണ്.[19] ഊഹാപോഹങ്ങൾ ഹ്രസ്വകാല ഐതിഹ്യങ്ങളാണെന്നും നീണ്ടുനിൽക്കുന്നവയാണ് ദീർഘകാല ഐതിഹ്യങ്ങളെന്നുമാണ് വില്യം ജെൻസൺ അഭിപ്രായപ്പെട്ടത്. [20]


വിശ്രുതമായ ഐതിഹ്യങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Robert Georges and Michael Owens (1995). Folkloristics. United States of America: Indiana University Press. pp. p.7. ISBN 0-253-32934-5. {{cite book}}: |pages= has extra text (help); Cite has empty unknown parameter: |1= (help)
  2. Norbert Krapf, Beneath the Cherry Sapling: Legends from Franconia (New York: Fordham University Press) 1988, devotes his opening section to distinguishing the genre of legend from other narrative forms, such as fairy tale; he "reiterates the Grimms' definition of legend as a folktale historically grounded", according to Hans Sebald's review in German Studies Review 13.2 (May 1990), p 312.
  3. Tangherlini, "'It Happened Not Too Far from Here...': A Survey of Legend Theory and Characterization" Western Folklore 49.4 (October 1990:371-390) p. 85.
  4. Edward B. Tylor, Primitive Culture (1924).
  5. James G. Frazer, The Golden Bough, 13 Vols., 3rd Edition (1954).
  6. name="tgb"
  7. Joseph Campbell, The Masks of Gold (1959).
  8. name="mep"
  9. Thomas Bulfinch, The Age of Fable (1959).
  10. Gertrude Joves, Dictionary of Mythology, Folklore and Symbols, 2 Vols. (1961).
  11. Georges, Jones, Robert, Michael (1995). Folkloristics. Indiana University Press.{{cite book}}: CS1 maint: multiple names: authors list (link)
  12. Ranke, "Grundfragen der Volkssagenforschung", Niederdeutsche Zeitschrift fur Volkskunde 3 (1925, reprinted 1969)
  13. Charles L. Perdue Jt., reviewing Linda Dégh and Andrew Vászony's essay "The crack on the red goblet or truth and the modern legend" in Richard M. Dorson, ed. Folklore in the Modern World, (The Hague: Mouton)1978, in The Journal of American Folklore 93 No. 369 (July–September 1980:367), remarked on Ranke's definition, criticised in the essay, as a "dead issue". A more recent examination of the balance between oral performance and literal truth at work in legends forms Gillian Bennett's chaprer "Legend: Performance and Truth" in Gillian Bennett and Paul Smith, eds. Contemporary Legend (Garland) 1996:17-40.
  14. de Boor, "Märchenforschung", Zeitschrift für Deutschkunde 42 1928:563-81.
  15. Lutz Röhrich, Märchen und Wirklichkeit: Eine volkskundliche Untersuchung (Wiesbaden: Steiner Verlag) 1956:9-26.
  16. Heiske, "Das Märchen ist poetischer, die Sage, historischer: Versuch einer Kritik", Deutschunterricht14 1962:69-75..
  17. Bernheim, Einleitung in der Geschichtswissenschaft(Berlin: de Gruyter) 1928.
  18. Allport, The Psychology of Rumor (New York: Holt, Rinehart) 1947:164.
  19. Bengt af Klintberg, "Folksägner i dag" Fataburen 1976:269-96.
  20. Jansen, "Legend: oral tradition in the modern experience", Folklore Today, A Festschrift for William Dorson (Bloomington: Indiana University Press) 1972:265-72, noted in Tangherlini 1990:375.
"https://ml.wikipedia.org/w/index.php?title=ഐതിഹ്യം&oldid=4138965" എന്ന താളിൽനിന്ന് ശേഖരിച്ചത്