Jump to content

കേരളോല്പത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരളോത്പത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളോല്പത്തി
1868-ലെ കേരളോല്പത്തിയുടെ പുറംചട്ട
യഥാർത്ഥ പേര്KERALOLPATTI
(THE ORIGIN OF MALABAR)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഐതിഹ്യം, കഥ, ചരിത്രം
പ്രസാധകർPFLEIDERER & RIEHM
പാഠംകേരളോല്പത്തി at Wikisource

കേരളത്തിന്റെ ഉല്പത്തി മുതൽ സാമൂതിരിയുടെ കാലം വരെയുള്ള ചരിത്രം എന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒരു പ്രാചീന ഗ്രന്ഥമാണ് കേരളോല്പത്തി. കേരളോല്പത്തിയുടെ ഒന്നിലധികം പാഠഭേദങ്ങൾ ലഭ്യമാണ്. എല്ലാത്തിലും പ്രധാനമായി മൂന്നു ഭാഗങ്ങളായാണ് ഈ ഗ്രന്ഥത്തെ ക്രോഡീകരിച്ചിട്ടുള്ളത്.[1] ഹെർമ്മൻ ഗുണ്ടർട്ടാണ് ഈ കൃതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ഈ പ്രസിദ്ധത്തിന്റെ അവസാന വരിയായി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ് കൃതി ആദ്യമായി പറഞ്ഞതെന്നു പ്രസ്താവിച്ചിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക]
വരുണനിൽ നിന്നും കേരളം വീണ്ടെടുക്കുന്ന പരശുരാമൻ

ഗുണ്ടർട്ടിന്റെ കേരളോല്പത്തി പ്രസിദ്ധം പ്രകാരം ഗ്രന്ഥത്തിന്റെ മൂന്നു ഭാഗങ്ങൾ ഇവയാണ്

  1. പരശുരാമന്റെ കാലം
  2. പെരുമാക്കന്മാരുടെ കാലം
  3. തമ്പുരാക്കന്മാരുടെ കാലം

ലഭ്യമായ കേരളോല്പത്തി പാഠങ്ങളിൽ ആദ്യ രണ്ടുഭാഗങ്ങളുടേയും ഉള്ളടക്കവും കാലഗണനയും ഏതാണ്ട് ഒരേപോലെയാണ്. മൂന്നാമത്തെ ഭാഗമായ തമ്പുരാക്കന്മാരുടെ കാലം എന്നതിലാണ് ഈ പാഠങ്ങൾ തമ്മിലുള്ള പ്രധാനമായ വത്യാസം. പെരുമാക്കന്മാരുടെ കാലഘട്ടത്തിനു ശേഷം ഉള്ള ഭരണാധികാരികൾ തങ്ങളുടെ അനിഷേധ്യത നിലനിർത്താനായി മുൻപേ നിലനിന്നിരുന്ന ഐതിഹ്യ രൂപങ്ങളോടു കൂടി താന്താങ്ങളുടെ ചരിത്രത്തെയും കഥകളേയും കൂട്ടിച്ചേർത്തതാണ് അവസാന പാഠത്തിന്റെ വത്യസ്ഥതയ്ക്കു കാരണമായി പറയപ്പെടുന്നത്.(കെ.എസ് രതീഷിന്റെ കഥയായ കേരളോൽപ്പത്തി ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്) [1]

ഗുണ്ടർട്ടിന്റെ പ്രസിദ്ധത്തിൽ തയ്യാറായ ഗ്രന്ഥത്തിന്റെ പാഠ സൂചിക താഴെകൊടുത്തിരിക്കുന്ന പ്രകാരമാണ്.

  1. പരശുരാമന്റെ കാലം
  2. പെരുമാക്കന്മാരുടെ കാലം
    1. ആദ്യ പെരുമാക്കന്മാർ
    2. ബൗദ്ധനായ പെരുമാൾ
    3. കുലശേഖരനോളം വാണ പെരുമാക്കന്മാർ
    4. രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം
    5. കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ
    6. ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം
    7. ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു
  3. തമ്പുരാക്കന്മാരുടെ കാലം
    1. താമൂതിരി പൊലനാടടക്കിയതു
    2. കോഴിക്കോട്ട് നഗരം കെട്ടിയതു
    3. വള്ളുവകോനോതിരിയെ ജയിച്ചതു
    4. കോഴിക്കോട്ടു മഹത്ത്വം
    5. പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു
    6. മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ
    7. ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു

പരശുരാമൻ മഴു എറിഞ്ഞ് കടലിൽ നിന്നും കേരളത്തെ ഉദ്ധരിച്ച കഥയോടെയാണ് കേരളോല്പത്തി ആരംഭിക്കുന്നത്. ഈ കഥ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ പടിഞ്ഞാറേ അതിർത്തിയിലെ ഗുജറാത്ത് തീരങ്ങളിൽ തുടങ്ങി കേരളം വരെ പല സ്ഥലങ്ങളിലും ഐതിഹ്യരൂപേണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ ഐതിഹ്യം കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം മുൻപു കടലായിരുന്നെന്നും അത് ഒരു ഭൗമപ്രവർത്തനം മൂലം ഉയർന്നു വന്നതാണെന്നും ഉള്ള ചരിത്ര വസ്തുതയുടെ പരാമർശമായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് പരശുരാമൻ വീണ്ട ഭൂമിയെ അറുപത്തിനാലു ഗ്രാമങ്ങളാക്കി എന്നും അതിൽ മുപ്പത്തി രണ്ടെണ്ണം മലനാട്ടിലും ബാക്കി മുപ്പത്തിരണ്ടെണ്ണം തുളുനാട്ടിലുമായിട്ടായിരുന്നു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു. ഈ ഗ്രാമങ്ങളെ രാമൻ ബ്രാഹ്മണർക്കു ദാനം ചെയ്തതായും പിന്നീട് അവർക്കു കീഴടങ്ങി രാജ്യപരിപാലനത്തിനായി വെളിനാട്ടിൽ നിന്നും ക്ഷത്രിയനെ കൊണ്ടുവന്നു. ഈ ക്ഷത്രിയരുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ തുടർന്നു വിവരിക്കുന്നത്.

ഈ കൃതിയിൽ മലനാടിനെ 4 ഘണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നതായി പറയുന്നു.

  1. തുളുരാജ്യം - ഗോകർണ്ണം മുതൽ തുളുനാട്ടിലെ പെരുമ്പുഴവരേക്കും
  2. കൂവരാജ്യം - പെരുമ്പുഴ മുതൽ പുതുപട്ടണം വരെ
  3. കേരളരാജ്യം - പുതുപട്ടണത്തിൽ നിന്നും കന്നേറ്റി വരെ
  4. മൂഷികരാജ്യം - കന്നേറ്റി മുതൽ കന്യാകുമാരി വരെ

ഇങ്ങനെയാണ് 4 വിഭാഗങ്ങൾ.

പെരുമാക്കന്മാർ

[തിരുത്തുക]
ചേരമാൻ പെരുമാളിന്റെ രേഖാചിത്രം.

പരശുരാമൻ കേരളത്തിനെ ബ്രാഹ്മണന്മാർക്കു വിഭജിച്ചു കൊടുത്തതിനു ശേഷം ഭരണം അവർ തന്നെ നടത്തിവരുകയും, പിന്നീട് കാല ക്രമേണ ദുഷിച്ച ഭരണത്തിനെ നന്നാക്കാനായി പരദേശത്തു നിന്നും ഒരു ക്ഷത്രിയനെയും ഒരു ക്ഷത്രിയസ്ത്രീയേയും കൊണ്ടുവന്നു എന്നു കേരളോല്പത്തി പ്രസ്ഥാവിക്കുന്നു. അങ്ങനെ കൊണ്ടുവന്ന ക്ഷത്രിയനായ രാജാക്കന്മാരെ പരാമർശിക്കാനുപയോഗിക്കുന്ന പേരാണ് പെരുമാൾ എന്നത്.[2]

കേരളോല്പത്തിയിൽ പരാമർശിക്കുന്ന പെരുമാക്കന്മാർ ഇവരാണ്

ക്രമം പേര് ഭരണകാലം ആസ്ഥാനം
1. കേയപ്പെരുമാൾ
(ചേരമാൻ-കേരളൻ പെരുമാൾ)
8 വർഷം 4 മാസം തളിപ്പറമ്പിന് വടക്ക് തലയൂർ
2. ചോളപ്പെരുമാൾ 10 വർഷം 2 മാസം ചോഴക്കര
3. പാണ്ടിപ്പെരുമാൾ 9 വർഷം പാണ്ടിവമ്പന
4. ബാണപ്പെരുമാൾ - -
5. തുളഭൻപ്പെരുമാൾ 6 വർഷം കൊടീശ്വരം
6. ഇന്ദ്രപ്പെരുമാൾ 12 വർഷം അല്ലൂർ പെരിങ്കോവിലകം
7. ആര്യപ്പെരുമാൾ 5 വർഷം -
8. കുന്ദൻപെരുമാൾ 4 വർഷം കന്നേറ്റിയുടെ അടുത്ത് വന്ദിവാകക്കൊവിലകം
9. കൊട്ടിപ്പെരുമാൾ 1 വർഷം കൊട്ടിക്കൊല്ലം
10. മാടപ്പെരുമാൾ 11 വർഷം -
11. എഴിപ്പെരുമാൾ 12 വർഷം -
12. കൊമ്പൻപെരുമാൾ - -
13. വിജയൻപെരുമാൾ - -
14. വളഭൻപെരുമാൾ - -
15. ഹരിശ്ചന്ദ്രൻപെരുമാൾ - -
16. മല്ലൻപ്പെരുമാൾ - -
17. കുലശേഖരപ്പെരുമാൾ - -
18. ആദി രാജാ പെരുമാൾ - -
19. ചേരമാൻ പെരുമാൾ - -

ബൗദ്ധന്മാർ

[തിരുത്തുക]
പ്രധാന ലേഖനം: പള്ളിവാണ പെരുമാൾ

ബാണപ്പെരുമാളിന്റെ കഥയിൽ കേരളത്തിലെ ബൗദ്ധന്മാരുടെ കാലഘട്ടത്തെ കുറിച്ചു സൂചനകളുണ്ട്. ബൗദ്ധന്മാരുടെ പ്രബോധനങ്ങളിൽ ആകൃഷ്ടനായ ബാണപ്പെരുമാൾ ബൗദ്ധമാരുടെ മാർഗ്ഗം സ്വീകരിച്ചതായും ഇതിൽ പരിഭ്രാന്തരായ സ്വദേശീയരായ ബ്രാഹ്മണർ സംഘടിച്ച് ബൗദ്ധന്മാരെ തർക്കത്തിൽ തോല്പിക്കുകയും നാട്ടിൽനിന്നും തുരത്തുകയും ചെയ്തു. ബൗദ്ധമാർഗ്ഗം സ്വീകരിച്ചിരുന്ന പെരുമാൾ രാജാധികാരം ഉപേക്ഷിച്ച് തീർത്ഥയാത്രക്കായി മക്കത്തിന്നു തന്നെ പോകുകയും ചെയ്തു എന്നും ഗ്രന്ഥം പ്രസ്താവിക്കുന്നു.[3]

ശങ്കരാചാര്യർ

[തിരുത്തുക]
ശങ്കരാചാര്യർ, രവിവർമ്മ വരച്ച ചിത്രം.

ഈ ഗ്രന്ഥ പ്രകാരം ശങ്കരാചാര്യർ കേരളത്തിലെ പ്രത്യേക ജാതി വ്യവസ്ഥയും അനാചാരങ്ങളും ഉണ്ടാക്കി എന്നു പറയപ്പെടുന്നു.[4] കേരളത്തിൽ മാത്രം ഉള്ളം ഓണം, കൊല്ല വർഷം, ശുദ്ധാശുദ്ധ ക്രമങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ തന്നെ വിധികളായി പറയുന്നതാണ്. ഇതെല്ലാം ശങ്കരന്റെ മേൽ കെട്ടി ഏല്പിച്ചതാണെന്നാണ് പിൽക്കാല ചരിത്രകാരന്മാരുടെ അഭിപ്രായം.[1]

തമ്പുരാക്കന്മാർ

[തിരുത്തുക]
സാമൂതിരി, വാസ്കോ ഡ ഗാമ മുഖം കാണിക്കുന്നതിന്റെ ചിത്രീകരണം.

പെരുമാക്കന്മാരുടെ കാലം എന്ന ഖണ്ഡം ഭരണത്തിലും സ്വാധീനത്തിലും ഉള്ള ബ്രാഹ്മണന്മാരുടെ സ്വാധീനം വിവരിക്കാനായി ഉപയോഗിക്കുന്നതായാണ് കാണുന്നതെങ്കിലും, തമ്പുരാക്കന്മാരുടെ കാലം എന്ന ഖണ്ഡത്തിൽ അവരുടെ സ്വാധീനം വളരെ കുറഞ്ഞു വരുന്നതായി കാണാം. ഈ ഭാഗം - രാജാധികാരം കൂടുതൽ കർക്കശമാകുന്നതിന്റേയും മതാതീതമാകുന്നതിന്റേയും സ്വഭാവം കാണിക്കുന്നു. കോഴിക്കോടിന്റേയും നെടിയിരിപ്പു സ്വരൂപത്തിന്റേയും രാഷ്ട്രീയമായ ശാക്തീകരണത്തെ പറ്റിയും ഈ ഖണ്ഡത്തിൽ പ്രതിപാദിക്കുന്നു.[1]

ചരിത്രപരത

[തിരുത്തുക]

ഈ ഗ്രന്ഥത്തിന്റെ ചരിത്രപരമായ സാധുതയെ പറ്റി വളരെ വത്യസ്തമായ അഭിപ്രായങ്ങളാണ് ചരിത്ര പണ്ഡിതന്മാരുടെ ഇടയിൽ നിലനിൽക്കുന്നത്.

അതിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം, കേരളത്തിന്റെ പ്രാചീനചരിത്രമെന്നോണം ധാരാളം ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്തു് വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥമാണിത്. സംസ്കൃതത്തിൽ രചിക്കപ്പെട്ട കേരളമാഹാത്മ്യം മുതലായ ഐതിഹ്യഗ്രന്ഥങ്ങളെ പിന്തുടർന്നു കൊണ്ട് കേരളചരിത്രത്തിനെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ കൃത്യമായ ദേശകാലക്രമമില്ലാതെ അലക്ഷ്യമായി കുത്തിക്കെട്ടിയ ഒരു സംഗ്രഹമാണു് ഈ കൃതി. അർഥശൂന്യമായ കെട്ടുകഥകളുടെ ഒരു കൂമ്പാരമാണിതെന്നും അവർ അഭിപ്രായപ്പെടുന്നു.

ദക്ഷിണേന്ത്യയിലെ മറ്റിടങ്ങളിൽ ചരിത്രാലേഖനാ രൂപമായി പ്രശസ്തികളെ ഉപയോഗിച്ചിരുന്നപ്പോഴും കേരളത്തിൽ അത് നിലവിലില്ലായിരുന്നു. പ്രശസ്തി, രാജക്കന്മാരുടെ വംശപാരമ്പര്യവും മഹിമയും വിളിച്ചോതിയിരുന്നപ്പോൾ കേരളത്തിൽ നിലനിന്നിരുന്ന പ്രത്യേകമായ ബ്രാഹ്മണ മേൽക്കോയ്മയെ ഊട്ടിയുറപ്പിക്കാൻ ആ രൂപത്തിലെ ചരിത്രാലേഖനം ഉചിതമല്ലെന്നത്, കേരളോല്പത്തികൾ പോലെയുള്ള ഐതിഹ്യരൂപത്തിലുള്ള രചനകളെ പ്രോൽസാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു. കേരളത്തിലെ രാജക്കന്മാരിൽ നിലനിന്നിരുന്ന ബൃഹത്തായ ബ്രാഹ്മണ സ്വാധീനം, കേരളോല്പത്തികളിലെ പ്രക്ഷിപ്തതയ്ക്കും ദുർവ്യാഖ്യാനത്തിനും രാജാവിനും രാജവംശത്തിനും ബ്രാഹ്മണരോടുള്ള കടപ്പാട് രേഖപ്പെടുത്തുന്ന രേഖയായുള്ള മാറ്റത്തിനും കാരണമായി.[1]

വില്ല്യം ലോഗൻ തന്റെ പുസ്തകമായ മലബാർ മാനുവലിൽ ഈ ഗ്രന്ഥത്തെ കെട്ടുകഥകളുടെ കൂമ്പാരമായി തള്ളിക്കളയുന്നുണ്ടെങ്കിലും, ചരിത്രരചനാ സാമഗ്രിയായി ചിലയിടങ്ങളിൽ ഇതിനെ ഉപയോഗിക്കുന്നുണ്ടെന്നും അഭിപ്രായമുണ്ട്.[1]

മറ്റൊരെ വിഭാഗം പ്രാചീനമായി കേരളത്തിൽ നിലനിന്നിരുന്നതും പാശ്ചാത്യ ചരിത്ര രചനാ രീതിയിൽ തുലോം വത്യസ്തവുമായ ഒരു ചരിത്രരേഖയായോ ചരിത്രരചനാ സങ്കേതമായോ കണക്കാക്കുന്നു. ഇതുപയോഗിച്ച് മറ്റു രീതിയിൽ ലഭ്യമായ പല ചരിത്രപരമായ നിഗമനങ്ങൾക്കും സമർഥനം നൽകാനും ഉപയോഗിക്കാമെന്നും കരുതുന്നു.[1] ഡോ. എം.ജി.എസ് നാരായണനെ പോലെയുള്ള ചരിത്രകാരന്മാർ; കേരളോല്പത്തിയിൽ പരാമർശിക്കപ്പെടുന്ന പെരുമാക്കന്മാരുടെ ചരിത്രത്തെ കെട്ടുകഥകൾ എന്നു തള്ളിക്കളയാവതല്ലെന്ന് മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്.[5]

കാലഗണന

[തിരുത്തുക]

കേരളോല്പത്തിയിലെ എല്ലാ പാഠങ്ങൾക്കും ഒരേ തരത്തിലുള്ള കാലഗണനയാണ് ഉള്ളത്. എന്നാൽ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളെ ആധുനികമായ കാലഗണനാ സമ്പ്രദായങ്ങളുടെ രീതിയിൽ ബന്ധപ്പെടുത്താനുതകാത്ത രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. ഇതിലെ കാലഗണന വളരെ അബദ്ധങ്ങൾ നിറഞ്ഞതാണെന്ന് കരുതപ്പെടുന്നു. ഈ ഗ്രന്ഥമനുസരിച്ച് നോക്കിയാൽ വത്യസ്ഥ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നതെന്നു തെളിയിക്കപ്പെട്ട മുഹമ്മദ് നബിയും ചേരമാൻ പെരുമാളും കൃഷ്ണദേവരായരും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായി കണക്കാക്കേണ്ടി വരും. ഈ വൈരുദ്ധ്യങ്ങളെ ഗ്രന്ഥത്തിന് ചരിത്രപരമായ മാനങ്ങളില്ല എന്ന അനുമാനത്തിലേക്കു നയിക്കുന്നു.[1][6]

ഈ കൃതിയിൽ പറങ്കികളെ പോലെയുള്ള വിദേശീയരെ കുറിച്ചു പരാമർശിക്കുന്നത് ഈ കൃതിയുടെ രചനാകാലത്തിനെ 17-ആം നൂറ്റാണ്ടിനും 18-ആം നൂറ്റാണ്ടിനും ഇടയിലാക്കി കണക്കാക്കാൻ ഇടവരുത്തുന്നു. എന്നാൽ ഈ പരാമർശങ്ങൾ കൃതിയുടെ അവസാന ഭാഗത്തുള്ളതായതിനാലും ആ ഭാഗം പല പാഠങ്ങൾക്കും പലതായിട്ടുള്ളതു കൊണ്ടും ആ ഭാഗങ്ങൾ പ്രക്ഷിപ്തമായുണ്ടായതായി ഗ്രന്ഥത്തിന്റെ ചരിത്രപ്രാധാന്യത്തെ അംഗീകരിക്കുന്ന ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.

കുറിപ്പുകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 കേശവൻ വെളുത്താട്ട്‌. "കേരളോൽപ്പത്തി". സാഹിത്യവും ചരിത്രവും: ധാരണയുടെ സാധ്യതകൾ (1 ed.). മാതൃഭൂമി. p. 1. ISBN 978-81-8265-602-4. Archived from the original (ചരിത്രപഠനം) on 2014-03-28 06:37:05. Retrieved 27 മാർച്ച് 2014. {{cite book}}: Check date values in: |archivedate= (help)
  2. പെരുമാക്കന്മാരുടെ കാലം -> ആദ്യ പെരുമാക്കന്മാർ
  3. പെരുമാക്കന്മാരുടെ കാലം -> ബൗദ്ധനായ പെരുമാൾ
  4. പെരുമാക്കന്മാരുടെ കാലം -> ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം
  5. ആർ. മാധവൻ നായർ (ഏപ്രിൽ 24, 2011). "Focus on a PhD thesis that threw new light on Perumals". ദി ഹിന്ദു (in ഇംഗ്ലീഷ്). കോഴിക്കോട്. Archived from the original (പത്രലേഖനം) on 2014-04-04 14:35:09. Retrieved 4 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  6. മുരളി പാറപ്പുറം (28 ഒക്ടോബർ 2014). "ചേരമാൻ പെരുമാളിന്റെ മതംമാറ്റക്കഥ സിനിമയാക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2014-10-28. Retrieved 28 ഒക്ടോബർ 2014.

ഇതും കാണുക

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളോല്പത്തി എന്ന താളിലുണ്ട്.

സ്രോതസ്സുകൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കേരളോല്പത്തി&oldid=4110204" എന്ന താളിൽനിന്ന് ശേഖരിച്ചത്