രാജാ രവിവർമ്മ
രാജാ രവിവർമ്മ | |
---|---|
ജനനം | 1848 ഏപ്രിൽ 29 |
മരണം | 1906 ഒക്ടോബർ 2 |
തൊഴിൽ | ചിത്രകാരൻ |
രാജാ രവിവർമ്മ (ചിത്രമെഴുത്തു കോയി തമ്പുരാൻ ഏപ്രിൽ 29, 1848 - ഒക്ടോബർ 2, 1906): രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.
കുട്ടിക്കാലം
[തിരുത്തുക]എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. പൂരൂരുട്ടാതി നാളിൽ ജനിച്ച കുട്ടിക്ക് പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താൽപര്യം. കുട്ടിക്ക് രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു തുടങ്ങി.അദേഹത്തിന്റെ സഹോദരി മംഗളാ ഭായി തമ്പുരാട്ടിയും ചിത്രകാരി ആയിരുന്നു. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവർമ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഗുരുവും മാതുലനുമായിരുന്ന രാജരാജവർമ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം, ഗുരു, മനസ്സിൽ കണ്ടതുപോലെ തന്നെ രവിവർമ്മ പൂർത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സിൽ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തിൽ പകർത്തുകയും ചെയ്യുക കൊച്ചുരവിവർമ്മയ്ക്ക് സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാൻ തുടങ്ങി.
യൗവനം
[തിരുത്തുക]സ്വാതിതിരുനാളിനെ തുടർന്ന് തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യം തിരുനാളിന്റെ അടുത്ത് മാതുലൻ രാജരാജവർമ്മയുമൊത്ത് രവിവർമ്മ എത്തി. കേവലം പതിനാല് വയസ്സു മാത്രമുണ്ടായിരുന്ന രവിവർമ്മയുടെ ചിത്രങ്ങൾ കണ്ട് സന്തുഷ്ടനായ ആയില്യം തിരുനാൾ മഹാരാജാവ്, തിരുവനന്തപുരത്ത് താമസിക്കാനും ചിത്രമെഴുത്ത് കൂടുതൽ പരിശീലിക്കാനും എണ്ണച്ചായ-ചിത്രരചന പുതിയതായി പഠിക്കാനും രവിവർമ്മയോടു കൽപ്പിച്ചു. നിർദ്ദേശം ശിരസാവഹിച്ച രവിവർമ്മ തിരുവനന്തപുരത്ത് മൂടത്തുമഠത്തിൽ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത് തഞ്ചാവൂരിൽ നിന്നെത്തിയ ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താൽപ്പര്യത്തിൽ വിദേശത്തുനിന്നും തന്റെ സ്വദേശത്തുനിന്നും എത്തിയ അപൂർവ്വ ചിത്രരചനാ-പാഠപുസ്തകങ്ങളും രവിവർമ്മയ്ക്ക് സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തിൽ രവിവർമ്മയ്ക്കായി ചിത്രശാലയും ഒരുങ്ങി. അക്കാലത്ത് തിരുവിതാംകൂറിൽ എണ്ണച്ചായച്ചിത്രങ്ങൾ വരക്കുന്ന ഏക ചിത്രകാരൻ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കർ ആയിരുന്നു. അദ്ദേഹത്തിനടുത്ത് ശിഷ്യനാകാൻ താത്പര്യം പ്രകടിപ്പിച്ച രവിവർമ്മയ്ക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ നായ്ക്കർക്ക് സമ്മതമല്ലായിരുന്നു. രവിവർമ്മയിൽ നായ്ക്കർ ഒരു എതിരാളിയെ ദർശിച്ചതായിരുന്നു കാരണം. ഇതു രവിവർമ്മയിൽ മത്സരബുദ്ധിയും എണ്ണച്ചായച്ചിത്രങ്ങൾ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണർത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായച്ചിത്രങ്ങൾ നോക്കി സ്വയം പഠിക്കാൻ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകൾ നിർമ്മിക്കാനും അദ്ദേഹം ശീലിച്ചു. മറ്റൊരു ചിത്രകാരനായിരുന്ന അറുമുഖം പിള്ളയും രവിവർമ്മയ്ക്ക് പ്രോത്സാഹനമേകി. 1866-ൽ മാവേലിക്കര രാജകുടുംബത്തിൽ നിന്നും ഭരണി തിരുനാൾ റാണി ലക്ഷ്മി ബായ് തമ്പുരാട്ടിയുടെ സഹോദരി പൂരൂരുട്ടാതിതിരുനാൾ തമ്പുരാട്ടിയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മകന്റെ പേര് രാമ വർമ്മ രാജാ എന്നാണ്.1868-ൽ ആയില്യം തിരുന്നാളിനെ മുഖം കാണിക്കാനെത്തിയ തിയോഡർ ജാൻസൻ എന്ന എണ്ണച്ചായച്ചിത്രകാരനും തന്റെ ചിത്രങ്ങളുടെ സാങ്കേതികവശം രവിവർമ്മയ്ക്കു പറഞ്ഞു കൊടുക്കാൻ വിമുഖത കാണിച്ചു. എന്നാൽ ഏതാനും സമയം ചിത്രങ്ങളിൽ ശ്രദ്ധിച്ചിരുന്ന രവിവർമ്മയ്ക്ക് അത് വളരെ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു.
പ്രശസ്തിയിലേക്ക്
[തിരുത്തുക]രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ് ഗവൺമന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ രവിവർമ്മ പ്രശസ്തിയിലേക്ക് ഉയർന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവർമ്മ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരുന്നു. 'മൂടത്തു മഠത്തിൽ ചെന്നാൽ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങൾ പറയാൻ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ഠയിലും ബദ്ധശ്രദ്ധനായിരുന്നു. 1871-ൽ മഹാരാജാവിൽ നിന്ന് അദ്ദേഹത്തിന് വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപ്പെടുകയും ചെയ്തു. 1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ പല യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ 'മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്' ഒന്നാം സമ്മാനമായ സുവർണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നും പരക്കാൻ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയിൽ നടന്ന ലോകകലാ പ്രദർശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങൾ രവിവർമ്മയുടെ പ്രതിഭയെ പ്രകീർത്തിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 1874-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനർഹമായി, അതോടു കൂടി രവിവർമ്മയുടെ പ്രശസ്തി വീണ്ടും ഉയരങ്ങളിലേക്കെത്തി. 1876-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിലേക്ക് രവിവർമ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ് തന്റെ അഭിജ്ഞാനശാകുന്തളത്തിന്റെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ് തികയും മുമ്പെ ലോകപ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറിയിരുന്നു. ഏകാന്തമായ കലാസഞ്ചാരമൊന്നും ആ മഹാനായ കലാകാരന് പഥ്യമല്ലായിരുന്നു. ചിത്രമെഴുതുമ്പോൾ ആശ്രിതരും വിശിഷ്ട വ്യക്തികളും സാധാരണക്കാരും എല്ലാമായി അനേകം പേർ കാഴ്ചക്കാരായി ഉണ്ടാകും. അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു.
ഭാരതപര്യടനം
[തിരുത്തുക]1879 -മുതൽ ഗ്രന്ഥകാരനും ചിത്രകാരനുമൊക്കെ ആയിരുന്ന അനുജൻ സി.രാജരാജവർമ്മ ആയിരുന്നു രവിവർമ്മയുടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. കലയ്ക്കു വേണ്ടി ജീവിതം പഠിക്കാൻ അവർ ഇന്ത്യ മുഴുവൻ അലഞ്ഞു നടന്നു. ഒട്ടനവധി ഭാഷകൾ പഠിക്കുകയും ചെയ്തു. 1880-ൽ പൂനെയിൽ നടന്ന ചിത്രപ്രദർശനത്തിലും രവിവർമ്മയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ബറോഡ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ചിത്രകാരൻ എന്ന നിലയിൽ പ്രത്യേക അതിഥിയായി, ആർക്കും തന്നെ ലഭിച്ചിട്ടില്ലായിരുന്ന സ്ഥാനമായിരുന്നു അത്. പുതുക്കോട്ട, മൈസൂർ, ഭവനഗർ ജയ്‌പൂർ, ആൾവാർ, ഗ്വാളിയോർ, ഇൻഡോർ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച് അദ്ദേഹം ചിത്രങ്ങൾ വരച്ചു. ആക്കാലത്ത് രവിവർമ്മയ്ക്കു വരുന്ന കത്തുകൾ കൈകാര്യം ചെയ്യുന്നതിനായി കിളിമാനൂരിൽ ഒരു തപാൽ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ൽ രവിവർമ്മയുടെ 14 ചിത്രങ്ങൾ തിരുവന്തപുരത്ത് പ്രദർശനത്തിനു വെച്ചു. ചിത്രങ്ങൾ കാണാൻ പോവുക കേരളത്തിനു തന്നെ ഒരു പുതിയ കാര്യമായിരുന്നു. ആയില്യംതിരുനാൾ മഹാരാജാവിനെ തുടർന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലംതിരുനാളിന്റെ പ്രോത്സാഹനക്കുറവിനെ തുടർന്ന് രവിവർമ്മ മുംബയിലേക്ക് മാറി. ബറോഡ രാജാവ് തന്റെ സ്വന്തം ചെലവിൽ രവിവർമ്മയുടെ പ്രദർശനം അവിടെ നടത്തി. ആയിരങ്ങളാണ് അത് കാണാനെത്തിയത്, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത് രവിവർമ്മ, വ്യവസായി ആയിരുന്ന ഗോവർദ്ധനദാസ് മക്കൻജിയുമായി ചേർന്ന് മുംബൈയിൽ ചിത്രമുദ്രണ അച്ചുകൂടം (lithographic press) സ്ഥാപിച്ചു. 1893-ൽ ഷിക്കാഗോവിൽ നടന്ന ലോകമേളയിൽ മലബാർ മനോഹരി, അച്ഛൻ അതാ വരുന്നു, വധു തുടങ്ങി പത്ത് ചിത്രങ്ങൾ അയച്ചിരുന്നു, അവിടെയും രവിവർമ്മയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ഷിക്കാഗോവിൽ ഭാരതം നേടിയ രണ്ടു വിജയങ്ങളിൽ ഒന്നായിരുന്നു അത്. അതേ മേളയിൽ പ്രഭാഷണത്തിൽ അസാമാന്യ വിജയം നേടിയ സ്വാമി വിവേകാനന്ദൻ ആയിരുന്നു മറ്റേയാൾ. 1897-ൽ മുംബൈയിൽ പ്ലേഗ് പടർന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവർമ്മ, പങ്കുകാരന് നഷ്ടമുണ്ടാകാതിരുക്കാൻ മുദ്രണാലയം വിറ്റു. 1904-ൽ ബ്രിട്ടീഷ് ഭരണകൂടം "കൈസർ-എ-ഹിന്ദ്"(Kaisar-i-Hind)എന്ന മറ്റാർക്കും നൽകാത്ത ബഹുമതി രവിവർമ്മയ്ക്ക് നൽകി.
അവസാന കാലം
[തിരുത്തുക]1904 നവംബറിൽ അനുജൻ രാജരാജവർമ്മ മരിച്ചു, ഇത് രവിവർമ്മയെ അപ്രതീക്ഷിതമായി തളർത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയിൽ മുഴുകി. 1906- ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവർമ്മയുടെ നില മോശമായി. 1906 -സപ്തംബറിൽ, രവിവർമ്മ രോഗശയ്യയിൽ എന്ന്, ഇന്ത്യയിലേയും വിദേശങ്ങളിലെയും പത്രങ്ങളിലെല്ലാം വാർത്ത വന്നു. ലോകമെമ്പാടു നിന്നും ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്ടോബർ രണ്ടിന് അദ്ദേഹം ശാന്തനായി മരണത്തെ പുൽകി. അഴകും തന്മയത്വവും സമന്വയിപ്പിച്ച് അദ്ദേഹം വരച്ച ചിത്രങ്ങൾ ഭാരതീയസങ്കൽപ്പങ്ങൾക്ക് ചിത്രസാക്ഷാത്കാരം നൽകി, ഭാരതീയ പുരാണങ്ങൾക്കും കാവ്യങ്ങൾക്കും കാഴ്ചാനുഭൂതി നൽകി. രവിവർമ്മ എന്ന ചിത്രകാരന്റെ പ്രസക്തിയും ഇതായിരുന്നു.
സ്വാധീനങ്ങൾ
[തിരുത്തുക]മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരി ഇന്ത്യൻ വേഷം എന്ന നിലയിലേക്ക് വളർന്നത്, രവിവർമ്മയുടെ ചിത്രങ്ങളിലെ സ്ത്രീകൾ സാരിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു.
കലകളിൽ
[തിരുത്തുക]ആധുനിക ഇന്ത്യൻ ചിത്രകലാശൈലി രാജാ രവിവർമ്മയുടെ ചിത്രീകരണ ശൈലി പിന്തുടരുന്നു. 1950 -കളിൽ കഥകളിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ കലാമണ്ഡലം രാമൻകുട്ടി നായർ പരശുരാമനുള്ള വേഷം പുതുക്കി നിശ്ചയിച്ചത് രവിവർമ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കിയാണ്. 1960-കളിൽ മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണ കാലത്തും രവിവർമ്മയുടെ ചിത്രങ്ങളിലെ മലയാളി പെൺകുട്ടികളുടെ വസ്ത്രധാരണ ശൈലിയെ മോഹിനിയാട്ടത്തിലേക്ക് വ്യത്യസ്ത അളവിൽ പകർത്തിയിട്ടുണ്ട്. ഗുരു സത്യഭാമയെ പോലുള്ളവർ ഭരതനാട്യത്തിലും ഇത്തരമൊരു മാറ്റം തുടങ്ങി വെച്ചു.
ചിത്രശാല
[തിരുത്തുക]-
ഹംസത്തോട് നളനെപ്പറ്റി ചോദിക്കുന്ന ദമയന്തി
-
അർജ്ജുനനും സുഭദ്രയും
-
ദത്താത്രേയൻ
-
ശകുന്തള
-
പാൽക്കുടമേന്തിയ ഉത്തരേന്ത്യൻ വനിത
-
ശന്തനുവും സത്യവതിയും
-
ജടായുവധം
-
മാർത്ത് മറിയവും ഉണ്ണി ഈശോയും
കൂടുതൽ അറിവിന്
[തിരുത്തുക]പ്രധാനചിത്രങ്ങൾ
[തിരുത്തുക]- അച്ഛൻ അതാ വരുന്നു
- മുല്ലപ്പൂ ചൂടിയ നായർ വനിത
- ദർഭമുന കൊണ്ട ശകുന്തള
- ഹംസദമയന്തീ സംവാദം
- അമ്മകോയീതമ്പുരാൻ
- മലബാർ മനോഹരി
- കിണറ്റിൻ കരയിൽ
- മാർത്ത് മറിയവും ഉണ്ണി ഈശോയും
- പ്രതീക്ഷ
- നിരാശാജനകമായ വാർത്ത
- വധു
- വിവാഹ വേദിയിലേക്ക്
- കാദംബരി
- ഫലമേന്തിയ സത്രീ
- വീണയേന്തിയ സ്ത്രീ
- ദ്രൌപദി വിരാടസദസ്സിൽ
- ഹിസ്റ്റോറിക് മീറ്റിംഗ്
- തമിഴ് സ്ത്രീയുടെ ഗാനാലാപനം
- ശകുന്തളയുടെ പ്രേമലേഖനം
പുറം ഏടുകൾ
[തിരുത്തുക]- http://www.naturemagics.com/raja-ravi-varma.shtm Archived 2009-05-25 at the Wayback Machine
- http://www.cyberkerala.com/rajaravivarma/
- http://www.saigan.com/heritage/painting/ravivrma.html
പുസ്തകങ്ങൾ
[തിരുത്തുക]- രാജാ രവിവർമ്മ, "എൻ.ബാലകൃഷ്ണൻ നായർ, പ്രസിദ്ധീകരണം: കമലാലയ ബുക്ക് ഡിപ്പോ, തിരുവനന്തപുരം, 1953"
- Ravi Varma - The Indian Artist, "പ്രസിദ്ധീകരണം:The Indian Press, Allahabad, 1903
- രാജാ രവിവർമ്മയും ചിത്രകലയും, "കിളിമാനൂർ ചന്ദ്രൻ, പ്രസിദ്ധീകരണം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, തിരുവനന്തപുരം".
- Rupika Chawla (2010), Raja Ravi Varma: Painter of Colonial India, Mapin Publishing Pvt. Ltd., 2010; 360 pages and 436 colour illustrations 2010 മേയ് 10-ലെ ഹിന്ദു ദിനപത്രത്തിൽ വന്ന നിരൂപണം Archived 2010-05-13 at the Wayback Machine
ഡോക്യുമെന്ററി
[തിരുത്തുക]ബിഫോർ ദ ബ്രഷ് ഡ്രോപ്പ്ഡ്, സംവിധാനം: വിനോദ് മങ്കര, നിർമ്മാണം: എ.വി.അനൂപ്, 2007. ദൈർഘ്യം: 27 മിനുട്ട്, ഇംഗ്ലീഷ് കമന്ററി.